2023, ഡിസംബർ 30, ശനിയാഴ്‌ച

സ്വാതന്ത്ര്യം എന്ന ആഘാതം

സ്വതന്ത്രം എന്ന ആഘാതം (സ്വാതന്ത്ര്യാനന്തര കേരളസമൂഹം എംടിയുടെ കാലം എന്ന നോവലിൽ - ഒരു പോസ്റ്റ് കൊളോണിയൽ വായന ) ആർ .എസ് .കുറുപ്പ് 'സ്വതന്ത്രം ന്നൊക്കെ കേട്ടപ്പോൾ ഇത്രത്തോളം നിരീച്ചില്യേ....'.... 'കാല'ത്തിൽ നിന്നുള്ള ഒരു സംഭാഷണശകലമാണ്. സ്വാതന്ത്ര്യലബ്ധി ദൗർഭാഗ്യകരമായ ഒരു അനുഭവമായി തോന്നിയ ഒരാളുടെ പ്രലപനമാണ് എന്നു വ്യക്തം. സംസാരശൈലിയിൽ നിന്ന് മനസ്സിലാവും ആൾ മലബാർ ഭാഗത്തുള്ള ഒരു നമ്പൂതിരി ആണെന്ന്. അതെ കാലം എന്ന വിശ്രുത നോവലിലെ ഉണ്ണി നമ്പൂതിരി എന്ന കഥാപാത്രം കാലത്തിലെ കഥാപുരുഷനും തൻറെ ബാല്യകാല സുഹൃത്തുമായ സേതുവിനോട് പറയുന്നതാണിത് . ആദ്യമേ പറയട്ടെ കാലം മറ്റെല്ലാ എം ടി കൃതികളെയും പോലെ ഒരു വ്യക്തിയുടെ ആത്മസംഘർഷങ്ങളുടെ കവിതാമയമായ ആഖ്യാനമാണ്. എംടിയുടെ ഏതാണ്ട് എല്ലാ കഥകളിലും നോവലുകളിലും കഥാ പുരുഷൻ ഒരു വള്ളുവനാടൻ ഗ്രാമത്തിൽ ജനിച്ചുവളർന്ന ഒരു യുവാവ് ആയിരിക്കുമല്ലോ. തൻറെ ചുറ്റുപാടുകൾക്ക് പുറത്തുള്ള ,തന്റെ ജീവിതത്തെ നേരിട്ട് ബാധിക്കാത്ത വലിയകാര്യങ്ങളൊന്നും അയാളുടെ ചിന്തകളെ സ്വാധീനിക്കാറില്ല.. 99ലെ വെള്ളപ്പൊക്കമായാലും രണ്ടാം ലോകമഹായുദ്ധമായാലും അത് തന്റെ ജീവിതവുമായി ബന്ധപ്പെടുന്നിടത്തോളമേ അയാളിൽ വേവലാതികൾ ഉണ്ടാക്കുന്നുള്ളൂ. . നാലുകെട്ട് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും അസുരവിത്ത് രണ്ടാം ലോകമഹായുദ്ധകാലത്തും വള്ളുവനാട്ടിൽ നടക്കുന്ന സംഭവങ്ങളുടെ ആഖ്യാനങ്ങളാണ്. കാലത്തിലാവട്ടെ സ്വാതന്ത്ര്യസമരത്തിൻറെ അവസാന ദശകവും സ്വാതന്ത്ര്യാനന്തരമുള്ള ഒന്നര പതിറ്റാണ്ടും ചേർന്ന കാൽ നൂറ്റാണ്ടുകാലമാണ് ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നത്. നോവലിൽ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചോ സ്വാതന്ത്ര്യലബ്ധിയെക്കുറിച്ചോ യാതൊരു സൂചനയും ഇല്ലെന്നിരിക്കെ ഇതെങ്ങനെ മനസ്സിലായി എന്ന ചോദ്യം ഉണ്ടാവാം. നോവലിന്റെ ആദ്യ അധ്യായങ്ങളിലൊന്നിൽ നേതാജിക്കൊപ്പം സമരം ചെയ്തിരുന്ന കേണൽ ലക്ഷ്മി അടുത്ത് ഒരിടത്ത് വരുന്നതായി ഒരു പരാമർശം ഉണ്ട്. സ്വാതന്ത്ര്യസമരം അവസാനിക്കാറായ കാലം. സേതു അപ്പോൾ സ്കൂൾ വിദ്യാർത്ഥിയാണ്. . കോളേജിൽ സേതുവോ സഹപാഠികളോ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചോ സ്വാതന്ത്ര്യ പ്രാപ്തിയെ കുറിച്ചോ ഒന്നും സംസാരിക്കുന്നില്ല ഒരിക്കൽ പോലും. പക്ഷേ അവർ കോളജ് വിദ്യാർത്ഥികൾ ആയതുകൊണ്ട് തന്നെ സിനിമയെക്കുറിച്ച് സംസാരിക്കുന്നുണ്ട്, 'ബഡിബഹൻ' 'വാഴ്കൈ'..'സുഹാനി രാത് 'എന്ന പാട്ട്... എല്ലാം 48 --52 കാലത്ത് പുറത്തിറങ്ങിയവയാണ്. അതായത് സ്വാതന്ത്ര്യത്തിന്റെ ആദ്യ ദശകത്തിന്റെ ആദ്യ പകുതിയിലാണ് സേതു കോളേജിൽ പഠിച്ചിരുന്നത്. . ഇടയ്ക്ക് പറയട്ടെ ഒരു സാഹിത്യകൃതിയുടെ സ്ഥലവും കാലവും അതിൻറെ കർത്താവിൻറെ സൃഷ്ടിയാണ്. ഒരുദാഹരണം മാർത്താണ്ഡവർമ്മയിലെ അമ്മച്ചി പ്ലാവ് കന്യാകുമാരിക്ക് അടുത്തുള്ള ചാരോടാണ്. യഥാർത്ഥത്തിലുള്ള അമ്മച്ചി പ്ലാവ് നിൽക്കുന്നത് അതിന് 100 കിലോമീറ്റർ വടക്കുള്ള നെയ്യാറ്റിൻകരയിലും . ഏതു സാഹിത്യകൃതിയിലെ സ്ഥലവർണ്ണനകളിലും കാണാം ഭൂപടങ്ങളിൽ നിന്നുള്ള ഈ വ്യതിയാനം . കാലത്തിൻറെ കാര്യത്തിലും ഇതുതന്നെ പറയാം. ഭൂപടങ്ങളുമായും കലണ്ടറുകളുമായും കലാസൃഷ്ടിയിലെ സ്ഥലകാലങ്ങൾപൂർണമായി ഒത്തുപോകുന്നില്ല ഒരിക്കലും . പക്ഷേ തൻറെ തന്റെ കൃതിയിലെ സലകാലങ്ങൾ സൃഷ്ടിക്കാൻ ഭൂപടങ്ങളും കലണ്ടറും ഇല്ലാതെ സാഹിത്യകാരന് കഴിയുകയില്ല. സൃഷ്ടിയെ സാർത്ഥകമായി വായിച്ചെടുക്കാൻ അവ വായനക്കാരനെ സഹായിക്കുകായും ചെയ്യും .. . തകഴിയുടെയും ദേവിന്റെയും മറ്റു നവോത്ഥാന സാഹിത്യകാരന്മാരുടെയും കൃതികളിൽ കാണുന്നത് പോലെ തൊഴിലാളി സമരങ്ങളുടെയോ സാമൂഹ്യ സംഘർഷങ്ങളുടെയോ വിവരണമൊന്നും ഒന്നും എം ടി കൃതികളിൽ പ്രത്യക്ഷത്തിൽ കാണാൻ കഴിയില്ല . 'നോവലിസ്റ്റ് ചരിത്രകാരൻ അല്ല' മിലാൻ കുന്ദര പറയുന്നു' 'നോവലിസ്റ്റ് ചരിത്രകാരന്റെ പരിചാരകനല്ല- പക്ഷേ ചരിത്രം അയാളെ ആകർഷിച്ചേക്കാം. അത് മനുഷ്യാസ്തിത്വത്തിന് മുകളിൽ അതിലേക്കും അതിൻറെ അപ്രതീക്ഷിതമായ സാധ്യതകളിലേക്കും വെളിച്ചം വീശിക്കൊണ്ട് ചുറ്റിക്കറങ്ങുന്ന ഒരു സെർച്ച് ലൈറ്റ് ആയതുകൊണ്ട്' എം ടി കൃതികളിലും കാലത്തിൽ വിശേഷിച്ചും ചരിത്രത്തിൻറെ സെർച്ച് ലൈറ്റ് കഥാപാത്രങ്ങളുടെയും സംഭവങ്ങളുടെയും മേൽ പതിക്കുന്നുണ്ട്. . സ്വാതന്ത്ര്യം ഭീതിദമായ ഒന്നാണെന്ന് ഉണ്ണി നമ്പൂതിരിക്ക് തോന്നാൻ എന്താണ് കാരണം? ആരാണീ ഉണ്ണി നമ്പൂതിരി? സ്ഥലത്തെ ധാരാളംഭൂസ്വത്തുള്ള മനയിലെ ഏക സന്തതി. മനക്കലെ കാര്യങ്ങൾ നോക്കാതെ ആനപ്പുറത്ത് കയറാൻ വേണ്ടി ഉത്സവപ്പറമ്പുകൾ തോറും നടക്കുന്ന മന്ദബുദ്ധി എന്നു പ്രത്യക്ഷത്തിൽ തോന്നുന്ന ഒരു നമ്പൂതിരി കുട്ടി. പഠിപ്പ് പൂർത്തിയാക്കിയിട്ടില്ല. ഏതോ ക്ലാസ്സിൽ അയാൾ സേതുവിന് ഒപ്പം ഉണ്ടായിരുന്നു. ഇല്ലത്തെ കാര്യസ്ഥൻ മാധവൻ നായർ, സേതുവിൻറെ മാധവമ്മാമ ,ഹിഡുംബൻ എന്നാണ് ഉണ്ണി നമ്പൂതിരിയെ വിളിക്കുന്നത്, പക്ഷേ മണ്ടത്തരം എല്ലാ കാര്യങ്ങളിലും ഉണ്ണി നമ്പൂതിരി പ്രകടിപ്പിക്കാറില്ല എന്ന് സേതുവിന് അറിയാം. 'ഉണ്ണ്യമ്പൂരി ഇള്ളക്കുട്ടിയൊന്നുമല്ല' എന്ന് സുമിത്ര പറയുന്നതിലും കാര്യമുണ്ട്. . തന്റെ കാൽക്കീഴിലെ മണ്ണൊലിച്ചു പോകുന്നത് ഉണ്ണി നമ്പൂതിരി അറിഞ്ഞില്ല അഥവാ ശ്രദ്ധിച്ചില്ല. ഇല്ലത്തെ പാട്ടക്കാരൻ ഗോവിന്ദൻ പാട്ടം കൊടുക്കുന്നതിൽ അമാന്തം കാണിച്ചു തുടങ്ങി,ഒടുവിൽ ഒട്ടും കൊടുക്കാതായി. കോളേജ് വിദ്യാർത്ഥിയായ സേതുവിനോട് ഉണ്ണി നമ്പൂതിരി കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാൻ ശ്രമിച്ചു. സേതുവിന് സാഹിത്യത്തിൽ മാത്രമായിരുന്നു താൽപര്യം. അയാൾക്ക് പാട്ടക്കുടിയായ്മനിയമത്തെ കുറിച്ചൊന്നും അറിയുമായിരുന്നില്ല. പക്ഷേ ഉണ്ണി നമ്പൂതിരിക്ക് അറിഞ്ഞല്ലേ പറ്റൂ അയാൾ വക്കീലുമായി സംസാരിച്ചിരുന്നു. 'കുന്നംപള്ളിയോട ചോദിച്ചു' ഉണ്ണി നമ്പൂതിരി നിസ്സഹായതന്റെശബ്ദത്തിൽ സേതുവിനോട് പറഞ്ഞു. 'കോടതീ പോയാലും കാര്യല്ല. ഗോവിന്ദൻറെ ഭാഗാവും ഗെർമെണ്ട് ച്ചാൽ എന്താ. ചെയ്യാ? സ്വതന്ത്രംന്നൊക്കെ കേട്ടപ്പോൾ ഇത്രത്തോളം നിരീച്ചില്യേ' . ആരാണ് ഗവൺമെന്റിന് ഇത്രത്തോളം പ്രിയപ്പെട്ട ഈ ഗോവിന്ദൻ? കൃഷിക്കാരൻ, പാടത്തിറങ്ങാത്ത കൃഷിക്കാരൻ എന്ന പാട്ടക്കുടിയാൻ. സമ്പന്നൻ. കൃഷിഭൂമി കൃഷിക്കാരന് എന്ന മുദ്രാവാക്യത്തിന്റെ മുഴുവൻ പ്രയോജനവും ലഭിച്ചത് ഈ ഗോവിന്ദന്മാർക്കാണ്. കൃഷിഭൂമി കൃഷിക്കാരന്,land to the tiller എന്നു പറഞ്ഞാൽ ഭൂമി അത് ഉഴുന്നവന്, ഭൂമിയിൽ പണിയെടുക്കുന്നവന് എന്നാണ് അർത്ഥം. ഇവിടെ സംഭവിച്ചത് അതല്ല. ഭൂമി കിട്ടിയത് ഇടനിലക്കാരനായ കുടിയാനാണ് ,ഗോവിന്ദനാണ്. ഭൂമിയിൽ പണിയെടുത്തിരുന്നവർക്ക് എന്ത് സംഭവിച്ചു എന്നതിൻറെ സൂചനകളും കാലത്തിലുണ്ട് . ആദ്യം കോളേജിലേക്ക് പോകുമ്പോൾ സേതുവിൻറെ പെട്ടി ചുമന്നത് ഒരു 'ചെറുമ ചെക്കൻ' ആയിരുന്നു. വർഷങ്ങൾക്കുശേഷം സേതു സേതു മുതലാളിയായി വീട്ടിലേക്ക് വരുമ്പോഴും ഒരു ചെറുമ ചെക്കനുണ്ട് തറവാട്ടിലെ പണിക്കാരനായി,താമി പഴയ ചെറുമചെക്കന്റെ മകൻ. പഴയ ആളിപ്പോൾ ചെറുമരുടെ കോമരമാണ്. കഥാന്ത്യത്തിൽ ഗ്രാമത്തിൽ ഏറ്റവും ദരിദ്രരായി രണ്ടു പേരെ നാം കണ്ടെത്തുന്നു. പത്തായമടക്കം പൊളിച്ചു വിൽക്കേണ്ടി വരുന്ന, "എവിടെ വേണമെങ്കിലും വരാം വെക്കുകേ വിളമ്പുകേ എന്തുവേണമെങ്കിലും ചെയ്യാം" എന്ന് സേതുവിനോട് പറയുന്ന പരമദരിദ്രനായ ഉണ്ണി നമ്പൂതിരി. ഗോവിന്ദൻ ഒരു മണി നെല്ല് പോലും അയാൾക്ക് കൊടുക്കാറില്ല. മറ്റൊന്ന് താമി, നമ്മുടെ ചെറുമചെക്കൻ. സേതുവിൻറെ അമ്മാവൻ, ഇല്ലത്തെ പഴയ കാര്യസ്ഥൻ, മാധവൻ നായർ അടക്കം പലരും ഏറിയും കുറഞ്ഞും സമ്പന്നരായി ക്കഴിഞ്ഞിരുന്നു. സ്വാതന്ത്ര്യം കിട്ടി 10- 15 കൊല്ലം കഴിഞ്ഞിട്ടും ഗ്രാമ ജീവിതത്തിന്റെ ഘടനയിൽ കാര്യമായ മാറ്റങ്ങൾ പ്രത്യക്ഷത്തിൽ ഉണ്ടായിരുന്നില്ല. പക്ഷേ മാറ്റങ്ങൾ ഉണ്ടായിരുന്നു ബീജരൂപത്തിൽ. ഇവ ശ്രദ്ധാലുവായ ഒരു വായനക്കാരന് നോവലിൽ നിന്ന് തന്നെ കണ്ടെത്താൻ കഴിയും. ഉദാഹരണത്തിന് ഈ പരാമർശം നോക്കുക:' അടുത്ത കാലത്താണ് ഗ്രാമത്തിനടുത്ത് ഹൈസ്കൂൾ വന്നത്. അഞ്ചാം ക്ലാസ് കഴിഞ്ഞ് പഠിപ്പ് നിർത്തി കച്ചവടത്തിനും കൃഷിയ്ക്കും ഇറങ്ങുകയായിരുന്നു പഴയ പതിവ്. ഇപ്പോൾ എല്ലാവരെയും ഹൈസ്കൂളിൽ അയക്കാൻ തുടങ്ങിയിരിക്കുന്നു..... ഗ്രാമത്തിലെ വെട്ടുവഴിയിലെ രാജകുമാരന്മാർ സർട്ടിഫിക്കറ്റുകളും ആയി തെരുവിലിറങ്ങുന്ന രംഗം മനസ്സിൽ കണ്ടു'... വെള്ള കോളർ ഉദ്യോഗം നേടുക എന്നത് മാത്രമായി വിദ്യാഭ്യാസത്തിന്റെ ലക്‌ഷ്യം. മെക്കാളെ സമ്പ്രദായത്തെ പോലെ തന്നെ സ്വതന്ത്ര ഇന്ത്യയിലെ പുതിയ വിദ്യാഭ്യാസ സമ്പ്രദായവും വിദ്യാർത്ഥികളെ ഏതെങ്കിലും തൊഴിലിൽ വൈദഗ്ധ്യം ഉള്ളവരാക്കിയില്ല. എന്നുമാത്രമല്ല അത്തരം തൊഴിലുകളോട് പുച്ഛവും ആയിരുന്നു പുതിയ വിദ്യാസമ്പന്നർക്ക്. നമ്മുടെ രാഷ്ട്രപിതാവ് ഇത് നേരത്തെ കണ്ടിരുന്നു. തൊഴിലധിഷ്ഠിതമായ ഒരു വിദ്യാഭ്യാസ സമ്പ്രദായത്തെ കുറിച്ചും' ഈ അവസാനത്തെ ആളിനെ 'വരെ ഉൾക്കൊള്ളുന്ന, കൃഷിക്കും കൈതൊഴിലിനും പ്രാധാന്യം നൽകുന്ന ഒരു വികസന സമ്പ്രദായത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു. പക്ഷേ അദ്ദേഹത്തിൻറെ അടുത്ത അനുയായികൾ രൂപം കൊടുത്ത ഭാരത സർക്കാർ മെക്കാളെ വിദ്യാഭ്യാസ സമ്പ്രദായവും സോവിയറ്റ് വികസന മാതൃകയും പിന്തുടരാൻ ആണ് തീരുമാനിച്ചത്. ഗാന്ധിയൻ മാതൃകയിലുള്ള ചില ഗ്രാമവികസനപദ്ധതികൾ നടപ്പാക്കാതിരുന്നില്ലപുതിയ സർക്കാർ. നാഷണൽ എക്സ്റ്റൻഷൻ സ്കീം എന്നായിരുന്നു അതിൻറെ പേര്. . ആ പദ്ധതിയുടെ ഭാഗമായി നിലവിൽ വന്ന എൻഇഎസ് ബ്ലോക്കുകളിലെ ഗ്രാമസേവകരായി തിരഞ്ഞെടുക്കപ്പെട്ടവരുടെ കൂട്ടത്തിൽ സേതുവുമുണ്ടായിരുന്നു. നാഷണൽ എക്സ്റ്റൻഷൻ സ്കീമിന്റെ കണ്ണൂർ ട്രെയിനിങ് സെന്ററിലേക്കുള്ള സേതുവിൻറെയും സംഘത്തിന്റെയും യാത്ര വിവരിക്കപ്പെടുന്ന അധ്യായം ശ്രദ്ധാപൂർവ്വമായ വായന ആവശ്യപ്പെടുന്നു. സേതു പിൽക്കാലത്ത് സൂചിപ്പിച്ച വെട്ടുവഴിയിലെ രാജകുമാരൻമാരുടെ അവസ്ഥയിലായിരുന്നു അയാളും സഹയാത്രികരും. അവരെല്ലാവരും ഡിഗ്രി പരീക്ഷ ഉയർന്ന നിലയിൽ പാസായവരാണ്, പാഠ്യേതര വിഷയങ്ങളിൽ മികവുപുലർത്തിയവരും. പക്ഷേ ബേസിക് എഡ്യൂക്കേഷനെക്കുറിച്ചും ഗ്രാമ വികസനത്തെക്കുറിച്ചും എന്തിന് പഞ്ചവത്സരപദ്ധതികളെ കുറിച്ചുപോലും അവർക്ക് കാര്യമായ അറിവൊന്നും ഉണ്ടായിരുന്നില്ല. നടപ്പാക്കാൻ പോകുന്ന ഗാന്ധിയൻ ഗ്രാമ വികസന സമ്പ്രദായത്തോട് മാത്രമല്ല അഭിനവ ഗാന്ധിയന്മാരോടും ഈ ചെറുപ്പക്കാർക്ക് ലേശവും ബഹുമാനവും ഉണ്ടായിരുന്നില്ല പുച്ഛം ഉണ്ടായിരുന്നു താനും അവർ പ്രതീക്ഷിച്ച വലിയ ഉദ്യോഗങ്ങളൊന്നും അവർക്ക് കിട്ടിയില്ല. അതിൻറെ കാരണം വിദ്യാഭ്യാസ സമ്പ്രദായത്തിന്റെയും വികസന മാതൃകയുടെയും പോരായ്മകളിലാണ് അന്വേഷിക്കേണ്ടത് എന്ന് അവർക്ക് മനസ്സിലായില്ല. അവർക്ക് ശത്രുത തോന്നിയത് റിസർവേഷന്റെ ആനുകൂല്യങ്ങൾ നേടുന്നവരോട് ആയിരുന്നു.' അല്ലെങ്കില് വല്ല പെലെനോ പറേനോ ആയി ജനിക്കേണ്ടീരുന്നു. കഷ്ടകാലത്തിന് അതും ആയില്ല...' അവരിൽ ഒരാൾ പറയുന്നു. ഈ പറയുന്ന'പെലേനും പറേനും' ഇപ്പോഴും അവർ അർഹിക്കുന്ന പ്രാതിനിധ്യം സർക്കാർ സർവീസിൽ എന്നല്ല ഒരിടത്തും കിട്ടിയിട്ടില്ല എന്നാലോചിക്കുമ്പോൾ ആണ് ഈ പ്രസ്താവനയുടെ പ്രാധാന്യം മനസ്സിലാവുക. അഭ്യസ്തവിദ്യർ എന്തെങ്കിലും തൊഴിൽ ചെയ്യാനുള്ള പരിശീലനം കിട്ടിയവരായിരുന്നില്ല, അവർക്ക് ചെയ്യാൻ കഴിയുന്ന തൊഴിലുകൾ വേണ്ടത്ര ഇല്ലായിരുന്നു താനും . ഈ യാഥാർത്ഥ്യത്തെക്കുറിച്ച് അവർ പക്ഷേ ആലോചിച്ചില്ല.കുറ്റം കൂടുതൽ നിസ്സഹായരായ സഹജീവികളിൽ ആരോപിക്കാൻ അവർ ശ്രമിച്ചു . ഇവിടെ നാം മഹാത്മാവിനെ കുറിച്ച് ആലോചിച്ചു പോകുന്നു. ബ്രിട്ടീഷുകാർ നൂൽ നൂൽപ്പും നെയ്ത്തും മറ്റ് കൈത്തൊഴിലുകളും നശിപ്പിച്ചു. അവയെ വീണ്ടെടുക്കുക എന്ന പ്രക്രിയ സ്വാതന്ത്ര്യലബ്ധിക്കു ശേഷവും തുടരേണ്ടതാണ്. ടുണീഷ്യൻ വിപ്ലവകാരിയായ ആൽബർട്ട് മേമി അഭിപ്രായപ്പെട്ടത് പോലെ' സ്വാതന്ത്ര്യം കിട്ടുന്ന ദിവസം പുതിയ മനുഷ്യൻ ഉദയം ചെയ്യുകയില്ല.അതിന് ദീർഘകാലം വീണ്ടും സമരം ചെയ്യേണ്ടതുണ്ട്.' അങ്ങനെയേ പൂർണ്ണ സ്വാതന്ത്ര്യം നേടാനാവു. എല്ലാവർക്കും വിദ്യാഭ്യാസവും തൊഴിലും ജീവിത സൗകര്യങ്ങളും കിട്ടുക എന്നതാണ് യഥാർത്ഥ സ്വാതന്ത്ര്യം. അത് ലക്ഷ്യം വെച്ചാണ് ഗാന്ധി തന്റെ കർമ്മ പദ്ധതികൾ ആവിഷ്കരിച്ചത്. അത് പക്ഷേ അദ്ദേഹത്തിൻറെ രാഷ്ട്രീയ അനുയായികൾക്ക് അപരിഷ്കൃതമായി തോന്നി. പുതിയ ഗാന്ധിയന്മാർക്ക് അതിൻറെ പൊരുൾ തിരിഞ്ഞു കിട്ടിയതുമില്ല. . രാഷ്ട്രീയ പ്രസ്താവനകൾ ഇല്ല , സാമ്പത്തിക വിശകലനങ്ങൾ ഇല്ല, മുദ്രാവാക്യങ്ങൾ ഇല്ല. പക്ഷേ സ്വാതന്ത്ര്യാനന്തര കാലത്തിൻറെ ദുരന്തപൂർണ്ണമായ അന്തരീക്ഷം അതിൻറെ അടിത്തറയായ സാമൂഹ്യ രാഷ്ട്രീയ സാമ്പത്തിക പ്രക്രിയയുടെ വൈകല്യങ്ങളോടൊപ്പം നമ്മെ അനുഭവിപ്പിക്കാൻ എംടി ക്ക് കഴിയുന്നു ഹൃദയഹാരിയായ ഒരു യാത്രാവർണ്ണനയിലൂടെ. രാഷ്ട്രീയ,സാമൂഹ്യബോധം വേണ്ടത്ര പ്രകടിപ്പിക്കാത്ത രചയിതാവാണ് എംടി എന്ന പൊതുബോധം സൃഷ്ടിച്ച നിരൂപകശ്രേഷ്ഠർക്ക്'ഹാ കഷ്ടം' എന്നല്ലാതെ എന്തു പറയാൻ. . ഒരു ജനതയെന്ന നിലയിൽ നമ്മെ തീരെ അപരിഷ്കൃതരാക്കുന്ന ഒരു സവിശേഷതയെ കുറിച്ച് കൂടി സ്വതസിദ്ധമായ ശൈലിയിൽ ഉള്ളിൽതട്ടുംപടി വർണ്ണിക്കുന്നുണ്ട് എം ടി. ഗ്രാമസേവക ട്രെയിനികൾ കണ്ണൂരിൽ ട്രെയിൻ ഇറങ്ങി ബസ് കയറുന്ന സന്ദർഭം. ഒരുമിച്ച് ഒരിടത്തുനിന്ന് വന്നവർ, ഒരിടത്തേക്ക് പോകുന്നവർ, ആയുഷ്കാലം സഹപ്രവർത്തകരായി കഴിയേണ്ടവർ ബസ് വന്നു നിന്നപ്പോൾ ഉന്തുന്നു ,തള്ളുന്നു ,ബഹളം ഉണ്ടാക്കുന്നു. എം ടി തന്നെ പറയട്ടെ: ' ഫുട്ബോഡിൽ വിരലുന്നാനുള്ള സ്ഥലത്തിന് വേണ്ടി എല്ലാം മറന്ന് നാം യുദ്ധം ചെയ്യുന്നു വേദനിപ്പിക്കുന്നു,ചവിട്ടി മെതിക്കുന്നു, അവശേഷിച്ചവരുടെ കൂട്ടത്തിൽ അംഗമാകാതിരിക്കാൻ വേണ്ടി' ആദ്യം വരുന്നയാളെന്റെ പിന്നിൽ നിൽക്കണം പിന്നീട് വരുന്ന ആൾ എന്ന, ഏത് പരിഷ്കൃത സമൂഹവും പിന്തുടരുന്ന സാമാന്യമര്യാദ നാം സായിപന്മാരിൽ നിന്നും പഠിച്ചില്ല ഗാന്ധിജിയിൽ നിന്നും പഠിച്ചില്ല. . ഈ കഴുത്തറപ്പൻ മത്സരം നിലനിൽപ്പിന് അടിസ്ഥാനമായ, അപവാദമല്ല പൊതുനിയമം തന്നെയായ ഒരു രംഗത്താണ് സേതു പിന്നീട് എത്തിച്ചേരുന്നത്. സ്വാതന്ത്ര്യം സൃഷ്ടിച്ച പുതിയ സമ്പന്ന വർഗ്ഗത്തിൻറെ, മുതലാളിമാരുടെ വിഹാരഭൂമിയിൽ, അവരിൽ ഒരാളിന്റെ സേവകനായി. സേതു ശ്രീനിവാസൻ മുതലാളിയുടെ റൈറ്റർ ആവുന്നത് ഒരു കുമാർഗ്ഗത്തിലൂടെയാണ്. മുതലാളിക്ക് വേണ്ടി ഒരു നിരപരാധി ക്കെതിരെ കള്ള സാക്ഷി പറഞ്ഞതിന്റെ പ്രതിഫലം ആയിരുന്നു ആ ജോലി. തൻറെ തൊഴിലിൽ ഒരു വിദഗ്ധൻ ആയി മാറുന്നുണ്ട് സേതു, പ്രത്യേകിച്ചും കണക്കിൽ കൊള്ളിക്കേണ്ടതും കൊള്ളിക്കേണ്ടാത്തതുമായ പണം അക്കൗണ്ട് ചെയ്യുന്ന കാര്യത്തിൽ. എല്ലാ അഴിമതിയുടെയും സദാചാരവിരുദ്ധതയുടെയും വിളനിലം ആയിരുന്നല്ലോ സ്വാതന്ത്ര്യാനന്തര മുതലാളിത്തലോകം. ആ മുതലാളിമാരെ കുറിച്ചാണ് 'സ്വാതന്ത്ര്യം എന്ന കൊള്ളയിൽ നിന്ന് കഴുക്കോൽ ഊരിയവർ 'എന്ന് വി കെ എൻ പറഞ്ഞത്. ബോംബെയിലും കൽക്കട്ടയിലും മറ്റും അമിതപ്രതാപശാലികളായി ഭരണകൂടങ്ങളെ വരെ നിയന്ത്രിച്ചിരുന്ന വലിയ മുതലാളിമാരുടെ കോഴിക്കോട്ടെ ചെറിയപതിപ്പ് ആയിരുന്നു ശ്രീനിവാസൻ മുതലാളി. . റൈറ്റർ സേതു വളരെ വേഗം മുതലാളിയുടെ വിശ്വസ്തനായി മാറുന്നു. കൂപ്പുലേലത്തിന് പോകുന്നതു പോലും അയാളാണ്. അതിനിടയിൽ പ്രീതിപ്പെടുത്തേണ്ടത് ആരെയൊക്കെയാണെന്ന് മുതലാളി അയാൾക്ക് കൃത്യമായി മനസ്സിലാക്കി കൊടുക്കുന്നു. ഇൻകം ടാക്സ്,ഓഫീസർ ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ അങ്ങനെ അങ്ങനെ.... . അഴിമതിയും വഞ്ചനയും കുതികാൽ വെട്ടും നിറഞ്ഞ ബിസിനസ് ലോകത്തിന്റെ ചിത്രം സത്യസന്ധമായി, വിശ്വാസയോഗ്യമായി അതേസമയം തനിക്ക്‌ മാത്രം കഴിയുന്ന തരത്തിൽ കാവ്യാത്മകമായി എംടി വരച്ചു കാണിച്ചിട്ടുണ്ട്. സേതു മുതലാളിയുടെ വിശ്വസ്തനായി, മുതലാളിയുടെ ഭാര്യ ലളിതാ ശ്രീനിവാസന്റെ കാമുകനായി ,ഒടുവിൽ ലളിതയോടൊപ്പംമുതലാളിയുടെ ബിസിനസിന്റെ നല്ലൊരു പങ്കും സ്വന്തമാക്കി സേതുമുതലാളിയായി മാറുന്നതിന്റെ വിവരണം സ്വാതന്ത്ര്യത്തിനു തൊട്ടു പിന്നിലത്തെ കാലത്തെ കേരളത്തിലെ മുതലാളിത്തത്തിന്റെ നേരെഴുത്തു തന്നെയാണ്. . വിദ്യാസമ്പന്നനും നല്ല വായനക്കാരനും സഹൃദയനും ഒക്കെ ആയ സേതു ഇങ്ങനെ ആദർശങ്ങളെ മുഴുവൻ കാറ്റിൽ പറത്തി സേതു മുതലാളി ആവുന്നത് അയാളുടെ ഉൾക്കർഷേഛയും ആരോടെന്നില്ലാത്ത പകയും മറ്റും കൊണ്ടാവാം. എന്നാൽ ജീവിക്കാൻ മറ്റൊരു മാർഗ്ഗമില്ലാത്തതുകൊണ്ട് മാത്രമാണ് അയാൾ ഇവിടെ വന്നു പെട്ടത്. അങ്ങനെ ജീവിക്കാൻ വേവേണ്ടി ഈ ദൂഷിതവലയത്തിൽ അകപ്പെട്ടു പോകുന്ന മറ്റു ചിലർ കൂടി ഉണ്ട് സേതുവിനോളം ഭാഗ്യശാലികൾ അല്ലാത്തവർ . ഹൃദയോന്മാഥിയായ ഒരു ഉദാഹരണം നമ്മുടെ സരോജിനി,തന്നെ , സേതു തൻറെ താമസ സ്ഥലത്ത് വെച്ച് അപ്രതീക്ഷിതമായി കണ്ടുമുട്ടുന്ന ബാലവേശ്യ. മുതലാളി സേതുവിന് താമസിക്കാൻ ഒരു വീടു വിട്ടുകൊടുത്തത് ഇങ്ങനെ ചില സൗകര്യങ്ങൾക്ക് വേണ്ടി കൂടി ആയിരുന്നു. 15 വയസ്സ് തികഞ്ഞിട്ടില്ലാത്ത ആ പെൺകുട്ടി തൻറെ അച്ഛനൊപ്പം അവിടെ എത്തുന്നത് കടുത്ത ദാരിദ്ര്യം കൊണ്ടാണെന്ന് തീർച്ച. അവൾ ഒരു വഴി തിരഞ്ഞെടുത്തു കഴിഞ്ഞു. അവൾ അത് ആസ്വദിക്കുക പോലും ചെയ്യുന്നുണ്ടെന്ന് തോന്നും പിറ്റേദിവസം കുളികഴിഞ്ഞ് ഒരുങ്ങാൻ വേണ്ടി പൗഡർ ചോദിക്കുന്നത് കേൾക്കുമ്പോൾ. രക്ഷപ്പെടണമെന്ന് അവൾക്ക് എങ്ങനെ തോന്നും?. അകലെ ഗ്രാമത്തിൽ അവളുടെ അമ്മയും ഇളയ കുട്ടികളും ആണല്ലോ പട്ടിണിയില്ലാത്ത ഏതാനും നാളുകളെ കുറിച്ച് ആലോചിച് ആശ്വസിച്ചിരിക്കുന്നത്. തലേരാത്രിയിൽ എല്ലാവരും ഉറങ്ങിക്കഴിഞ്ഞ് ആരോ കഴിച്ചു വച്ചതിന്റെ ബാക്കി ബിരിയാണി അവൾ പുറത്ത് കിടക്കുന്ന തൻറെ അച്ഛനുകൊണ്ടു കൊടുക്കുന്ന ഭാഗം വായിച്ച് കണ്ണുനിറഞ്ഞു വെങ്കിൽ അത് നിങ്ങൾ ഒരു മോശപ്പെട്ട, അതിഭാവുകമതിയായ ഒരു വായനക്കാരൻ /വായനക്കാരി ആയതുകൊണ്ടല്ല. എംടിയുടെ ആഖ്യാനപാടവം ഒരു കാരണമാണ്. അതിലും പ്രധാനപ്പെട്ട ഒരു കാരണം അത് സ്വാതന്ത്യോദയത്തിലെ ചില നഗ്നസത്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു എന്നതാണ്. . വ്യവസ്ഥയുടെ മറ്റൊരു ഇരയാണ് ലളിതാ ശ്രീനിവാസൻ, മുതലാളിയുടെ ഭാര്യ. അവർ തന്നെക്കുറിച്ച് തന്നെ പറയുന്നത് കേൾക്കൂ:' നോട്ട് ദാറ്റ് ഐ ആം ബാഡ്, അയാം വറീഡ്'. താൻ ചീത്തയല്ല പക്ഷേ ദുഃഖിതയാണ്. കോൺവെന്റിലും ക്യൂൻമേരീസ് കോളേജിലും പഠിച്ച, കവിതകൾ വായിക്കുന്ന പാശ്ചാത്യസംഗീതം ആസ്വദിക്കുന്ന അവർക്ക് പക്ഷേ ശ്രീനിവാസൻ മുതലാളിയുടെ ഭാര്യ എന്ന പദവി ഒരു മുൾക്കിരീടം ആയിരുന്നു. ജീവിതം ആഡംബര പൂർണമായിരുന്നു. എന്നാൽ സ്വന്തം സുഖം, ലാഭം എന്നതിനപ്പുറം ഒന്നുമില്ലാത്ത ,സിനിമാ കാണാത്ത പത്രം പോലും വായിക്കാത്ത, ഭാര്യയുടെ കൺമുമ്പിൽ വച്ച് പോലും മറ്റു സ്ത്രീകളെ പ്രാപിക്കാൻ മടിയില്ലാത്ത ഒരു ഭർത്താവിനൊപ്പം ആയിരുന്നല്ലോ അവർക്ക് ജീവിക്കേണ്ടി വന്നത്. വിദ്യാസമ്പന്നനും സഹൃദയനും കാവ്യാസ്വാദകനും ഒക്കെയായ സേതുവുമായി അവർ പെട്ടെന്ന് അടുത്തു. അതിനിടയിൽ രോഗിയായി മാറിയ മുതലാളിയുമായി കേസു പറഞ്ഞു ജയിച്ച് മുതലാളിയുടെ സ്വത്തിന്റെ വലിയൊരു പങ്ക് നേടിയെടുത്ത് സേതു സേതുമുതലാളിയായി മാറിക്കഴിഞ്ഞിരുന്നു. ലളിതാ ശ്രീനിവാസൻ സേതുവിനൊപ്പം താമസമായി. പക്ഷേ അപ്പോഴേക്കും' കരിങ്കൽ പടവുകളിൽ കാലടി ഒച്ചകൾ കേൾക്കുമ്പോൾ അനുഭവിച്ച കോരിത്തരിപ്പ്...' സേതുവിന് നഷ്ടപ്പെട്ടിരുന്നു. ലളിതാ ശ്രീനിവാസൻ പിന്നീട് ഒരു സന്ദർഭത്തിൽ ഒരു പാർട്ടിയിൽ വെച്ച് ഒരു ചെറുപ്പക്കാരന്റെ കഴുത്തിൽ തൂങ്ങിനിന്നുവെങ്കിൽ അവരെ കുറ്റപ്പെടുത്താൻ കഴിയുമോ? . അങ്ങനെ നോക്കിയാൽ എംടിയുടെ സ്ത്രീകഥാപാത്രങ്ങളിൽ ഏറിയ പങ്കും മറ്റാരോ ചൂണ്ടിക്കാണിക്കുന്ന വഴിയിലൂടെ നടക്കുന്നവരാണ്, കർത്തൃത്വത്തിന്റെ(Agency ) പൂർണ്ണമായ അഭാവമാണ് അവരുടെ മുഖമുദ്ര, എന്ന് പറയാം . ഇത് വിമോചന വാദിനികൾക്ക് അഭിലഷണീയമായി തോന്നാൻ ഇടയില്ല. പക്ഷേ അങ്ങനെയുള്ളവർ ഒരു കാര്യം വിസ്മരിക്കരുത്. എന്തുകൊണ്ട് സരോജിനിയും ലളിതാ ശ്രീനിവാസനും ഒക്കെ ഇങ്ങനെയായി? അവരെ ഇങ്ങനെ ആക്കി തീർക്കുന്ന സാമൂഹ്യ വ്യവസ്ഥ വിശ്വാസയോഗ്യമായി വർണ്ണിക്കപ്പെട്ടിട്ടുണ്ട് കാലത്തിൽ. ഒരു വ്യവസ്ഥയുടെ ദൂഷ്യങ്ങളെ ഒരു കൃതിയിൽ സത്യസന്ധമായി വർണിച്ചിട്ടുണ്ടെങ്കിൽ അതെഴുതിയആൾ ആ വ്യവസ്ഥയിൽ വിശ്വസിക്കുന്ന ആളാണെങ്കിൽ പോലും ആ കൃതി പുരോഗമന സാഹിത്യമായി കണക്കാക്കപ്പെടേണ്ടതുണ്ടെന്ന് പറഞ്ഞത് ഏമ്ഗൽസാണ്. കാലത്തിൽ സ്ത്രീവിരുദ്ധത ആരോപിക്കുന്നവർ ആചാര്യന്റെ ഈ അഭിപ്രായം ഓർമ്മിക്കുന്നതു നന്ന്.(ബൽസാക്കിന്റെ 'ഹ്യൂമൻ കോമഡി 'എന്ന നോവലിനെക്കുറിച്ച് ഏംഗൽസ് മാർഗററ്റെ ഹാർക്സിനെഴുതിയ കത്ത് ...അവലംബം 'ഭാഷയുടെയും സാഹിത്യത്തിന്റെയും ഉല്പത്തി ശാസ്ത്രം -സി .ഉണ്ണിരാജ ) അപ്പോൾ സ്വന്തം ഇച്ഛാശക്തിയിൽ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കുന്ന ഒരു സ്ത്രീ കഥാപാത്രം പോലും ഇല്ലെന്നോ കാലത്തിൽ. ഒരാളെങ്കിലും പെട്ടെന്ന് ഓർമ്മയിൽ എത്തുന്നു, പുത്തൻ കളത്തിൽ ലക്ഷ്മി അമ്മ സേതുവിൻറെ അമ്മ. വ്യവസ്ഥ നിർണയിച്ച പരിധികൾക്കുള്ളിൽ നിന്നുകൊണ്ട് സ്വന്തമായി തീരുമാനങ്ങൾ എടുത്ത് നടപ്പാക്കാൻ അവർക്ക് കഴിയുന്നുണ്ട്. അതുപോലെ വലിയ കുഞ്ഞാത്തോൽ ഉണ്ണി നമ്പൂതിരിയുടെ അമ്മ. സാധാരണ അന്തർജ്ജനങ്ങളിൽ നിന്ന് വ്യത്യസ്തമായി അവർ സേതുവിനോടും മാധവൻ നായരോടും സ്വാതന്ത്ര്യത്തോടെ പെരുമാറി. ഇല്ലത്തെ കാര്യങ്ങൾ അവർ തീരുമാനിക്കുകയും നടപ്പാക്കുകയും ചെയ്തു. ചെയ്യാൻ ഒരു പാടു കാര്യങ്ങളൊന്നും ഇല്ലത്ത് അവശേഷിച്ചിരുന്നില്ലെങ്കിലും. അപ്പോൾ സുമിത്രയോ? സ്വന്തം ആഗ്രഹസാഫല്യത്തിനു വേണ്ടി സ്വന്തം തീരുമാനങ്ങൾക്കനുസരിച്ച് പ്രവർത്തിച്ച് പരാജയപ്പെട്ട് ആത്മീയതയിൽ അഭയം തേടേണ്ടി വന്ന സുമിത്ര ദീർഘകാല പ്രസക്തിയുള്ള ഒരു സൂചകം കൂടിയാണെന്ന് തോന്നുന്നു. ഇവരുടെയൊന്നും പരിമിതികളില്ലാതെ, ഉരുത്തിരിഞ്ഞു വരുന്ന സാമൂഹിക വ്യവസ്ഥയെ വെല്ലുവിളിച്ച് സ്വതന്ത്രയായി ജീവിച്ച ഒരു അമ്മ കൂടിയുണ്ട് കാലത്തിൽ, പാപ്പാമ്മാൾ. നാട് കോയമ്പത്തൂർ ഇപ്പോൾ സ്ഥിരംവിലാസം ദൽഹി ഹോട്ടൽ. 'എന്നുവെച്ചാൽ ദൽഹി ഹോട്ടലിന്റെ പുറത്തെ കോണിയുടെ താഴത്തെ അൽപസ്ഥലത്ത് പാപ്പമ്മാൾ ഉടുപ്പുകൾ കണ്ണാടി ചീപ്പ് പൗഡർ എന്നിവ അടങ്ങിയ ഭാണ്ഡം സൂക്ഷിക്കുന്നു. ആ വിലാസത്തിൽ കത്തെഴുതിയാൽ കിട്ടും' ഇനി വരുന്ന വാക്യമാണ് പ്രധാനം.' '15 കൊല്ലമായി നഗരത്തിൽ, കോയമ്പത്തൂരിൽ പഠിക്കുന്ന മാരിമുത്തു എന്ന മകന് സ്ഥിരമായി മണിയോർഡർ അയക്കുന്നു.' . കാലത്തിലെ സ്ത്രീകഥാപാത്രങ്ങൾ, പൊതുവേ എംടിയുടെ സ്ത്രീകഥാപാത്രങ്ങൾ' കൂടുതൽ നിഷ്കൃഷ്ടമായ പഠനം ആവശ്യപ്പെടുന്നു. . വിദേശാധിപത്യത്തിൽ നിന്നുള്ള മോചനം ഇന്ത്യാചരിത്രത്തിലെ ഏറ്റവും പ്രധാന സംഭവമാണ് സംശയമില്ല പക്ഷേ സമൂഹത്തിന്റെ സ്വഭാവത്തെ അടിമുടി മാറ്റാനൊന്നും സ്വാതന്ത്ര്യോ ദയത്തിന് കഴിഞ്ഞില്ല. ഒരു മാറ്റവും ഉണ്ടായില്ല എന്ന് പറയുന്നത് ശരിയായിരിക്കുകയില്ല. മാറ്റങ്ങൾ സേതുവിൻറെ ശ്രദ്ധയിൽപ്പെട്ടത് ശ്രദ്ധാലുവായ ഒരു വായനക്കാരന് തിരിച്ചറിയാവുന്ന വിധത്തിൽ വാഗ്രൂപം നൽകപ്പെട്ടിട്ടുണ്ട് കാലത്തിൽ. അത് ഒരു സമ്മിശ്രമായ വ്യവസ്ഥ ആയിരുന്നു. ഏതുവഴിയിലൂടെയും ലാഭം ഉണ്ടാക്കാൻ ശ്രമിക്കുന്ന മുതലാളിമാർ ,അവർക്ക് കൂട്ടുനിൽക്കുന്ന അധികാരികൾ ,അടിമുടി അഴിമതിക്കാരായ ഉദ്യോഗസ്ഥർ, മുതലാളിമാർ ഏൽപ്പിക്കുന്ന പണി ഏതായാലും യാതൊരു മനസ്സാക്ഷിക്കുത്തും കൂടാതെ ചെയ്യുന്ന പുതിയ അഭ്യസ്തവിദ്യർ, ഗ്രാമങ്ങളിൽ ദരിദ്രരായി തീർന്ന പഴയ ജന്മിമാർ, ഭൂവുടമകളായിത്തീർന്ന പഴയ കുടിയാന്മാർ ,ഒരു വിപ്ലവവും സഹായത്തിന് എത്താത്ത താമിമാർ-- സേതു 9 കൊല്ലത്തിനു ശേഷമാണ് നാട്ടിലെത്തുന്നത് എന്നാണ് ചെറിയമ്മ പറയുന്നത്. എന്നുവച്ചാൽ സ്വാതന്ത്ര്യം കിട്ടി ഒന്നര പതിറ്റാണ്ടെങ്കിലും ആയിട്ടുണ്ടാവും. ഇല്ലത്തെ ചെറിയ കുഞ്ഞാത്തോലിന്റെ അവസ്ഥ 'ചെർമികളുടേതു പോലെ' എന്നാണ് ചെറിയമ്മ വിശേഷിപ്പിക്കുന്നത്. അതായത് ചെറുമികളുടെ ദുരവസ്ഥ തികച്ചും സ്വാഭാവികമായിട്ടുള്ളതാണെന്നും ആ നിലയിലേക്ക് കുഞ്ഞാത്തോൽ നിപതിക്കുന്നത് ദുഃഖകരമാണെന്നും ഉള്ള പൊതുബോധം അന്നും സമൂഹത്തിൽ രൂഢമൂലം ആയിരുന്നു! . വൻ വ്യവസായങ്ങളെക്കുറിച്ചോ രാജ്യത്തിന്റെ പൊതുവായ വ്യാവസായിക വളർച്ചയെക്കുറിച്ചോ എന്തെങ്കിലും സൂചനകൾ കാലത്തിലില്ല. അത് സേതുവിൻറെ വ്യവഹാര പരിധിയിൽ ഉൾപ്പെടാത്തതുകൊണ്ട്. പക്ഷേ പോംവഴി മറ്റൊരു വിധം ആയിരുന്നെങ്കിൽ എന്ന ഒരുഅനുക്ത നിർദ്ദേശം ഉള്ളതിനെക്കുറിച്ച് നേരത്തെ സൂചിപ്പിച്ചിട്ടുണ്ടല്ലോ. . നിരൂപകർ പൂർണ്ണമായും അവഗണിച്ച ഒരു സുപ്രധാന വസ്തുത ചൂണ്ടിക്കാണിക്കാനുണ്ട്. ഇടിഞ്ഞുപൊളിഞ്ഞ, മിക്കവാറും നാമവശേഷം ആയ ഒരു അമ്പലമുണ്ടല്ലോ കാലത്തിൽ. ഇടിഞ്ഞു പൊളിഞ്ഞ അമ്പലങ്ങൾ ഒരു സാധാരണ കാഴ്ചയായിരുന്നു ആ കാലത്ത് ;വള്ളുവനാട്ടിൽ മാത്രമല്ല കൊച്ചിയിലും തിരുവിതാംകൂറിലും ഒക്കെ. മധ്യതിരുതാംകൂർ കൃസ്ത്യാനികളുടെ കഥ പറയുന്ന കൃസ്ത്യാനിയല്ലാത്ത ഒരു കഥാപാത്രം പോലുമില്ലാത്ത' ഇണപ്രാവുകളിലും' ഇടിഞ്ഞുപോളിഞ്ഞ ഒരു ക്ഷേത്രം ഉണ്ട്. ഇണപ്രാവുകളിലെ കഥ നടക്കുന്നതും സ്വാതന്ത്ര്യത്തിന്റെ ആദ്യ വർഷങ്ങളിലാണ്. സേതുവിൻറെ കാവ്യഭാവനയെ ഉദ്ദീപിപ്പിക്കുക എന്നൊരു ധർമ്മം മാത്രമേ കാലത്തിലെ ആ അമ്പലത്തിനുള്ളു എന്ന് തോന്നാം. കൂടുതൽ ആലോചിക്കുമ്പോൾ അതൊരു പ്രതീകമാണ് എന്ന് മനസ്സിലാവും. എന്തിൻറെ പ്രതീകം? കേരളത്തിലെ മിക്ക ക്ഷേത്രങ്ങളുടെയും ഊരാളന്മാർ നമ്പൂതിരിജന്മിമാരായിരുന്നു. നമ്പൂതിരിമാരുടെ പ്രതാപം നശിക്കാൻ തുടങ്ങിയതോടെ അമ്പലങ്ങളും ക്ഷയിക്കാൻ തുടങ്ങി. പ്രധാനപ്പെട്ട ചിലക്ഷേത്രങ്ങൾ നിലനിന്നു മറ്റു പലതും നശിച്ചു. ഈ ക്ഷേത്രങ്ങൾ വലിയൊരു ധർമ്മം നിർവഹിച്ചിരുന്നു. ഉത്സവങ്ങളിലൂടെയും മറ്റും ഹിന്ദുമതത്തിലെ വിവിധ ജനവിഭാഗങ്ങളെ ഒന്നിപ്പിക്കാൻ അവയ്ക്ക് കഴിഞ്ഞിരുന്നു. വേലയും കാളകെട്ടും ഒക്കെ നിർവഹിച്ചിരുന്നത് സാധാരണ തീണ്ടാപ്പാടകലെ നിൽക്കേണ്ടിയിരുന്ന ജനസമൂഹങ്ങൾ ആയിരുന്നു. ചുരുക്കിപ്പറഞ്ഞാൽ ക്ഷേത്രങ്ങൾ മുസ്ലിമോ ക്രിസ്ത്യാനിയോ അല്ലാത്ത എല്ലാവരുടെയും ആയിരുന്നു. ഇപ്പോഴത്തെ ശൈലിയിൽ പറഞ്ഞാൽ ഹിന്ദു ഐഡന്റിറ്റിയുടെ പ്രകടിത രൂപമായിരുന്നു ക്ഷേത്രം. ആ ഐഡന്റിറ്റിയുടെ അപചയമാണ് ഇടിഞ്ഞു പൊളിഞ്ഞ അമ്പലങ്ങൾ സൂചിപ്പിക്കുന്നത്. കേരളീയ നവോത്ഥാനത്തിന് നേതൃത്വം കൊടുത്തത് ജാതി സംഘടനകളാണ്. അവർ ഒരു ഹിന്ദു ഐഡന്റിറ്റിക്ക് രൂപം നൽകാൻ ശ്രമിച്ചില്ല. പക്ഷേ അക്കാലത്തു തന്നെ അതിന്റെ ബീജാവാപം നടന്നു എന്നതിൻറെ സൂചന കാലത്തിലുണ്ട്. നാട്ടുകാർ വരിയിട്ട് ഉത്സവം നടത്തുന്നതിനെ കുറിച്ചുള്ള പ്രസ്താവം നോക്കുക. ഇന്ന് ഉപേക്ഷിക്കപ്പെട്ട ഒരു ക്ഷേത്രം പോലും കേരളത്തിലില്ല. ഇടിഞ്ഞു പൊളിഞ്ഞ അമ്പലങ്ങൾ എല്ലാം പുനരുദ്ധരിക്കപ്പെട്ടു. അത് വേറൊരു വിഷയം. . പരിവർത്തനത്തിന്റെയും പരാവർത്ത നത്തിന്റെയും ആയ ഏതൊരു കാലത്തെയും പോലെ അധിനിവേശാനന്തരകാലവും ചിന്താ കുഴപ്പം നിറഞ്ഞ സാമൂഹ്യ സാംസ്കാരിക മാതൃകകളാൽ അടയാളപ്പെടുത്തപ്പെട്ടിരിക്കും ( ലീലാ ഗാന്ധി-പോസ്റ്റ് കൊളോണിയൽ തിയറി ) കുഴഞ്ഞു മറിഞ്ഞ ആ സമൂഹത്തിൻറെ യഥാർത്ഥ ചിത്രം വായനക്കാരിൽ എത്തിക്കുക എന്നതാണ് അധിനിവേശാനന്തര സാഹിത്യരചയിതാവിന്റെ ധർമ്മം. പോസ്റ്റുകളോണിയലിസം എന്ന വാക്ക് രൂപപ്പെടുന്നതിന് മുപ്പതു കൊല്ലം മുമ്പ് ആ ധർമ്മം പ്രാഗല്ഭ്യത്തോടെ നിർവഹിച്ചു കാലത്തിൻറെ രചയിതാവ്. എം ടി മലയാളത്തിന്റെ കാവ്യാത്മകതയിൽ വ്യാമുഗ്ധരായ മലയാളി വായനക്കാർ അതു പക്ഷേ വേണ്ടത്ര ശ്രദ്ധിച്ചില്ല ------------------------------------------------------------------------------------------------------------------------------------------------------------------------------ R.S.Kurup Souparnika 139 ,Thamarasery Road Poonithura Ernakulam--- PIN 682038 Mobile -9847294497 .

2022, ജൂൺ 21, ചൊവ്വാഴ്ച

ആസ്റ്റിനടുത്തുള്ള ജോർജ് ടൗണിലെ കുട്ടികളുടെ കളിക്കുളത്തിൽ കൊച്ചുമകനേയും കൊണ്ട് പോയി,കഴിഞ്ഞ ദിവസം .കുട്ടികൾക്ക് വെള്ളത്തിൽ കളിക്കാനും നീന്തൽ പഠിക്കാനുമൊക്കെയുള്ള ഒരിടം .കുഞ്ഞുങ്ങൾക്കൊപ്പം രക്ഷകര്താക്കൾക്കും വെള്ളത്തിലിറങ്ങാം നീന്തൽ വേഷം ധരിക്കണമെന്നു മാത്രം .ഞാനിറങ്ങിയില്ല .ഒരു ദിവസം മുതിർന്നവർക്കുള്ള പൂളിൽ പോകാമെന്നു കരുതി .വെള്ളം പൊങ്ങിക്കിടക്കുന്ന അച്ചൻകോവിലാറിൽ അക്കരെയിക്കരെ നീന്തിയിട്ടുണ്ടെന്ന് പറഞ്ഞിട്ട് പിള്ളേർ വിശ്വസിക്കുന്നില്ല .എനിക്ക് നീന്തലറിയാമെന്നെങ്കിലും അവരെ ബോദ്ധ്യപ്പെടുത്തണമല്ലോ . നല്ല വെയിലും ചൂടുമാണ് ;തെക്കൻ പ്രദേശത്തെ സമ്മർ ,ഇന്ത്യൻ സൺ എന്നാണു സായിപ്പ് പറയുക .ഭീഷ്മ ഗ്രീഷ്മം എന്ന് വൈലോപ്പിള്ളി പറഞ്ഞത് അനുഭവമായി തോന്നി .നല്ല തിരക്ക് .വലിയ കുടകൾകൊണ്ട് തണലൊരുക്കിയ ഇടങ്ങളെല്ലാം ആളുകളായിക്കഴിഞ്ഞു .ഞാൻ ഒരു തണലിന്റെ ഓരം പറ്റി നിന്നു .അവിടെ നേരത്തെ സ്ഥലം പിടിച്ചിരുന്ന കുടുംബത്തിലെ ചെറിയ കുട്ടി അവളുടെ ഇരിപ്പടം എനിക്ക് ഒഴിഞ്ഞു തന്നു .സായിപ്പ് വളരെ ചെറിയ പ്രായത്തിൽ തന്നെ സുജനമര്യാദകളും പഠിക്കുന്നു . കുട്ടിയുടെ മുത്തശ്ശൻ realtor ആണ് .ഇന്ത്യക്കാരായ ഒരു പാട് കസ്റ്റമേഴ്സ് ഉണ്ട് അദ്ദേഹത്തിന് .എന്നുവെച്ചാൽ ഒരുപാട് ഇന്ത്യൻ യുവതീയുവാക്കളെ വീട് വാങ്ങുന്നതിൽ സഹായിച്ചിട്ടുണ്ട് അദ്ദേഹം .തനിക്ക് വളരെ കൗതുകകരമായി തോന്നിയ ഒരു കാര്യം റീൽറ്റർ പറഞ്ഞു :താൻ വീട് വാങ്ങിക്കൊടുത്തിട്ടുള്ള ഇന്ത്യക്കാരെല്ലാം ഒരു കാര്യം ആവശ്യപ്പെടുമായിരുന്നുവത്രെ ;വർഷത്തിൽ നാലോ അഞ്ചോ മാസം കൂടെ വന്നു താമസിക്കുന്ന അച്ഛനുമമ്മക്കും സ്വകാര്യത നഷ്ടപ്പെടാതെ പെരുമാറാനുള്ള ഇടം .ഒരു കിടപ്പുമുറി ,ബാത്ത്റൂം ,ടി വി കാണാനും പാട്ടുകേൾക്കാനുമൊക്കെയുള്ള ഒരു ലിവിങ് ഏരിയ ഇത്രയൊക്കെ .അതിൽ തെറ്റൊന്നുമുണ്ടെന്ന് തോന്നിയിട്ടല്ല ,പക്ഷേ മാതാപിതാക്കളോട് ഇത്രയും കരുതലുള്ള ഇന്ത്യൻ ചെറുപ്പക്കാർ എന്തുകൊണ്ടാണ് കൂട്ടത്തോടെ നാടു വിട്ടു പോരുന്നത് ,പ്രത്യേകിച്ച് ഇന്ത്യ ത്വരിത സാമ്പത്തിക വളർച്ച നേടിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ . ഞാനെന്ത് മറുപടി പറയാനാണ് ? അമേരിക്ക ഇന്ത്യയെക്കാളൊക്കെ യഥാർത്ഥത്തിൽ മോശപ്പെട്ട അവസ്ഥയിലായിരുന്ന കാലത്തും -നൂറ്റാണ്ടിന്റെ തുടക്കത്തിൽ -നമ്മുടെ ചെറുപ്പക്കാർ ഇങ്ങോട്ടു പോന്നിട്ടുണ്ട് കൂട്ടത്തോടെ .ഇവിടെ വന്ന് വളരെ കഷ്ടപ്പാടുകൾ സഹിച്ചാണ് അവർ പഠിച്ചതും ജോലി സമ്പാദിച്ചതും മറ്റും .ആ യാത്രകളുടെ പ്രേരണയെന്തായിരുന്നു ?ഒരു പ്രവാസ ത്വരയാണോ ? ഇതിനൊക്കെ മറുപടി പറയണമെങ്കിൽ ആലോചന നമ്മുടെ മറിയാമ്മ സിസ്റ്ററിന്റെ 'നിശബ്ദസഞ്ചാര'ത്തിൽ (ബെന്യാമിൻ )നിന്നാരംഭിക്കണം .അതൊക്കെ ബുദ്ധിമുട്ടായി തോന്നിയതു കൊണ്ട് ഞാൻ മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങൾ എന്നൊരു കാരണം പറഞ്ഞൊഴിഞ്ഞു .സംഭാഷണം ടെക്സസ്സിൽ കൂടുതൽ പേര് താമസത്തിനെത്തുന്നതിനെക്കുറിച്ചൊക്കെയായി .. ഉച്ചയായി ;യാത്രപറയുമ്പോൾ ഞാനാചെറിയകുട്ടിക്ക് പ്രത്യേകം നന്ദി പറഞ്ഞു .അവളെനിക്കൊരു ചോക്ലേറ്റു തന്നു .നിശിത മദ്ധ്യാഹ്നത്തിന് മധുരം !
അറ്റലാന്റിക്കിലെ -------ഭാഗം 3 ) ഹോട്ടൽലോബിയിലൂടെ മുറി യിലേക്ക് നടക്കുമ്പോൾ തീരെ ചെറുപ്പം തോന്നിക്കുന്ന ഒരു ഹോട്ടൽജീവനക്കാരി കൂട്ടത്തിലെ സ്ത്രീകൾക്കെല്ലാം റോസാപ്പൂക്കൾ സമ്മാനിച്ചു ,ഹൃദ്യമായ പുഞ്ചിരിക്കൊപ്പം . പിന്നാലെ വന്ന ഞാൻപ്രതീക്ഷയോടെ കൈനീട്ടി .അവരുടെ ചിരിമാഞ്ഞു മുഖം തിരിച്ചുകൊണ്ട് പറഞ്ഞു :For Moms Only .ഒരു നിമിഷം കഴിഞ്ഞ് വീണ്ടുവിചാരമെന്നോണം കൂട്ടിച്ചേർത്തു :Mother's Day .അപ്പോഴേക്കും അവർ ചിരി വീണ്ടെടുത്തിരുന്നു .അമ്മമാർക്കാണ് പൂക്കൾ .!നല്ലതു തന്നെ..അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ ... ഒരച്ഛൻ എന്റെ ഓർമ്മയിലെത്തി ..പത്തിഞ്ചു നീളമുള്ള ,നാലുറാത്തൽഭാരമുള്ള കൂന്താലികൊണ്ട് ,വെള്ള കീറുമ്പോൾ മുതൽ സന്ധ്യയാവുന്നതുവരെ ഒറ്റത്തോർത്തുടുത്തു നിന്ന് പറമ്പ് കിളക്കുന്ന അച്ഛൻ . അങ്ങേർക്ക് എന്തിനാണ് പൂവ് ?പിള്ളേർക്ക് ഫീസ് കൊടുക്കാൻ കാശിനോടി നടക്കുന്ന അച്ഛൻ ,പെണ്ണിന്റെ കല്യാണം നടത്താൻ പൈസക്ക് വേണ്ടി കുടുംബ പാരമ്പര്യത്തിന്റെ അന്തസൊക്കെ മാറ്റിവെച്ച് പുത്തൻ പണക്കാരന്റെ മുൻപിൽ മുഖം കുനിച്ചു നിൽക്കുന്ന അച്ഛൻ ,അമേരിക്കയിൽ നിന്നെത്തുന്ന മകളെ പ്രതീക്ഷിച്ച് റെയിൽവേ സ്റ്റേഷനിൽ രാവിലെ മുതൽ കാത്തുനിൽക്കുന്ന ,'അച്ചായനിത് എന്നാത്തിന്റെ കേടാ ,അമേരിക്കായീന്ന് ഇംഗ്ലണ്ടിലോട്ടും അവിടുന്ന് ബോംബെലോട്ടും ബോംബേന്ന് കൊച്ചീലൊട്ടും അവിടെ വിമാനത്താവളത്തീന്ന് ആട്ടോ പിടിച്ച് തീവണ്ടിയാപ്പീസിലോട്ടും പോവാവെങ്കി അവളീ മൂന്നു നാഴികയും ഒറ്റക്കു വന്നോളത്തില്യോ 'എന്ന അയല്കാരിയുടെ ചോദ്യം കേട്ടില്ലെന്നു നടിക്കുന്ന അച്ഛൻ ..ഒരച്ഛൻ ,നിരവധി അച്ഛൻമാർ ....അവർക്കെന്തിനാണ് പൂവ് ! എന്നെങ്കിലും ഒരു സാംസ്കാരിക നായകനായാൽ ,മലയാറ്റൂരിന്റെ 'വേരുകളി'ലെ ആഭാഗം ..കാലം കുറേക്കഴിയുമ്പോൾ ഒരച്ഛന്റെ ത്യാഗവും ബുദ്ധിമുട്ടുകളുമൊക്കെ എനിക്ക് കൂടുതൽ മനസ്സിലാവുമായിരിക്കും എന്നൊക്കെ തുടങ്ങുന്ന ,കഥാനായകൻ രഘുവിന്റെ ആത്മഗതം ഹൈസ്‌കൂൾ ക്‌ളാസ്സുകളിലെ സിലബസ്സിൽ ഉൾപ്പെടുത്തണമെന്ന് ഞാൻ പ്രസ്താവനയിറക്കും .............തിരിഞ്ഞു നോക്കിയപ്പോൾ പൂക്കൾ കൊടുക്കുന്ന പെൺകുട്ടി എന്നെത്തന്നെ നോക്കി നിൽക്കുന്നു .എന്റെ ഭാവമാറ്റം കണ്ടപ്പോൾ അവർ സ്വന്തം അച്ഛനെ ഓർത്തിരിക്കാം .അവർ ഹോട്ടൽ മാനേജ്‌മെന്റ് ഏൽപ്പിച്ച ജോലി ചെയ്യുകയായിരുന്നു .ഒരു നോട്ടം കൊണ്ടെങ്കിലും വേദനിപ്പിച്ചെങ്കിൽ 'പോട്ടെ മോളെ ക്ഷമിക്ക് 'എന്ന് മനസ്സിൽ പറയുകയല്ലാതെ എന്തു ചെയ്യാനാണ് ;അതും ഒരച്ഛന്റെ കടമയിൽ പെടുന്നതാണല്ലോ . ആസ്റ്റിനിലേക്കുള്ള മടക്കയാത്രയിൽ വായിക്കാൻ ഞാൻ മകളുടെ കയ്യിലിരുന്ന അഗതാ ക്രിസ്റ്റിയുടെ പുസ്തകം ചോദിച്ചു .അവൾ അത് വായിച്ചു തീരാറായി .അവൾ മനസ്സിൽ കണ്ട ആളാണോ കുറ്റവാളി എന്നറിയാനുള്ള ആകാംക്ഷ എനിക്കു മനസ്സിലാവും .അവൾക്ക് എന്തെങ്കിലും വായിക്കാൻ പറ്റുന്നത് ഇത്തരം യാത്രകൾക്കിടയിലാണ് ...അവൾ മറ്റൊരു പുസ്തകം തന്നു .Island of the Blue whale .വടക്കൻ പാസിഫിക്കിലെ ഒരു ചെറിയ ദ്വീപിൽ ഒറ്റപ്പെട്ട് ,ഒരു മനുഷ്യജീവി പോലും കൂട്ടില്ലാതെ കഴിയേണ്ടി വന്ന ഒരു അമേരിക്കൻ ഇന്ത്യൻ യുവതിയുടെ കഥ .യഥാർത്ഥത്തിൽ നടന്നതിന്റെ നോവൽ രൂപത്തിലുള്ള ആവിഷ്കാരം .നല്ല പുസ്തകം .ഞാൻ ഇടയ്ക്കു വെച്ച് തൽക്കാലം വായന നിർത്തി .കിളിവാതിലിലൂടെ അറ്റ്ലാന്റിക്കിലെ ദ്വീപ സമൂഹങ്ങളുടെ വിദൂര ദൃശ്യങ്ങൾ കാണാം .കടലിൽ മുങ്ങി കിടക്കുന്നതു പോലെ ;കൊളംബസ് ആദ്യമായി കപ്പലിറങ്ങിയ സാൻ സാൽവദോർ ഉൾപ്പെടുന്ന ബഹാമസ് ,ഡൊമിനിക്കൻ റിപ്ബ്ലിൿ ,പുരോഗാമികളുടെ ഹൃദയത്തിൻ രോമാഞ്ചമായ മധുര മനോഹര മനോജ്ഞ ക്യൂബ ..... ഒർലാണ്ടോയിൽ വിമാനം മാറിക്കയറണം .അവിടെ ഉച്ചഭക്ഷണം .സംഘത്തിൽ ഞാനൊഴികെ മറ്റെല്ലാവരും സസ്യഭുക്കുകളാണല്ലോ .എനിക്ക് ഇൻഡോ തായ് റെസ്റ്ററന്റിലെ മധുരിക്കുന്ന ചിക്കൻ .അത് നല്ലൊരനുഭവമായിരുന്നു . ഒർലാന്റോയിൽനിന്ന് ആസ്റ്റിനിലേക്കുള്ള യാത്രയിൽ ഞാൻ പുസ്തകം നിവർത്തിയില്ല .ക്യൂബ ,സ.ഫിഡൽ ,ചെ ..ഇങ്ങിനെ പലതും മനസ്സിൽ മിന്നിമറഞ്ഞുകൊണ്ടിരുന്നു .ഞാൻ പാർട്ടി ക്‌ളാസ്സുകളുമായി ബന്ധപ്പെടാറുണ്ടായിരുന്ന എഴുപതുകളുടെ ആദ്യ പകുതിയിൽ പാർട്ടി ചെ ഗുവേരയെ അംഗീകരിച്ചിരുന്നില്ല എന്നാണോർമ്മ .ഒരു ക്‌ളാസ്സിലും മീറ്റിംഗിലും ആ പേര് കേട്ടിട്ടില്ല .ചെയുടെ പേര് ആദ്യം കേൾക്കുന്നത് മാതൃഭൂമിയിലെ ചെറിയ മനുഷ്യരും വലിയ ലോകവും എന്ന അരവിന്ദൻ കാർട്ടൂണിലാണ് .ചെ ഇന്ത്യയിൽ വന്നിരുന്നുവെന്ന വിവരം ഞാൻ അടുത്ത കാലത്താണ് അറിഞ്ഞത് .ചെ ഗുവേരയെപ്പോലെ ഒരു നേതാവ് ഇന്ത്യയിൽ ഉണ്ടാവാതെ പോയതിൽ കുണ്ഠിതപ്പെട്ട ഒരു സഖാവിനോട് ചെ പറഞ്ഞുവത്രേ ,നിങ്ങൾ ഇന്ത്യക്കാർക്ക് ആധുനിക യുഗത്തിലെ ഏറ്റവും മഹാനായ നേതാവ് ഉണ്ടായിരുന്നുവല്ലോ എന്ന് ;മഹാത്മാഗാന്ധി.സമാനമായ ഒരഭിപ്രായം ഹോ ചിമിൻ തന്നെ സന്ദർശിച്ച അവിഭക്ത ഇന്ത്യൻ കമ്യൂണിസ്റ്റുപാർട്ടിയുടെ ഒരു ഡെലിഗേഷനോട് പറഞ്ഞതായി ആ സംഘത്തിലെ ഒരംഗമായിരുന്ന കെ ദാമോദരൻ രേഖപ്പെടുത്തിയിട്ടുണ്ട് .കാഞ്ചന സീത നാടകത്തിൽ ഭരതൻ രാമനോട് പറയുന്ന ആ സംഭാഷണ ശകലം നമുക്ക് ഇന്ത്യക്കാർക്ക് നമ്മളോടു തന്നെ ചോദിക്കാവുന്നതാണ് "സൂര്യന് മറ കെട്ടിയിട്ട് എന്തിനാണ് മിന്നാമിനുങ്ങുകളെ ചൊല്ലി വിലപിക്കുന്നത് " വൈകിട്ട് എട്ടു മണിയോടെ ഞങ്ങൾ ആസ്റ്റിനിലെ വീട്ടിലെത്തി ആർ എസ് കുറുപ്പ്
അറ്ലാന്റിക്കിലെ --------(ഭാഗം 2 ) ------------------------------------------------------ വെയിലിലും കടലിലും കുളിക്കാന്‍ വന്നവരുടെ തിരക്ക് തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. തീരത്ത് കുത്തിനിര്‍ത്തിയിരിക്കുന്ന കുടകള്‍, അവയ്ക്കടിയില്‍ ചാരുബഞ്ചുകള്‍.ബീച്ചിലേക്ക് നടന്നിറങ്ങാനുളള ദൂരമേയുളളൂ. ഞാന്‍ അറ്റ്‌ലാന്റിക്കിന്റെ കരയില്‍ ഓളങ്ങള്‍ പാദങ്ങളില്‍ മുട്ടുന്നിടത്തുനിന്നു. പതുക്കെ കടലിലേക്കിറങ്ങി. ഏതാനും ചുവടുകള്‍.അവിടെ വെള്ളത്തില്‍ കിടന്നു തിരമാലകള്‍ എന്നെ തഴുകി കടന്നു പൊയ്ക്കൊണ്ടിരുന്നു . ജോണ്‍ ഡോണിന്റെ കവിത ഓർത്തുപോയി . No man is an island ...ഒരു മനുഷ്യനും ഒരു ദ്വീപല്ല പൂർണതയുടെ അവിഭാജ്യ ഘടകമാണ് . അറ്ലാന്റിക്കിന്റെ തിരമാലകളിൽ മണ്‍കട്ടകള്‍ ഒഴുകിപോകുന്നു . മേഘങ്ങളില്ലാത്ത ആകാശം. വെയിലിനും ചൂടേറി . 'ആ കാണുന്ന ആകാശം എണ്ണമറ്റ നൂറ്റാണ്ടുകളായി ഞങ്ങളുടെ പിതാക്കളുടെ മേല്‍ കാരുണ്യത്തിന്റെ കണ്ണീര്‍ കണങ്ങൾ ചൊരിഞ്ഞിരുന്നു .നിതാന്തമായ ആ ആകാശവും മാറിയേക്കാം. ഇന്നത് തെളിഞ്ഞിരിക്കുന്നു. നാളെമേഘാവൃതമായി എന്നുവരാം....' ഞാന്‍ സിയാറ്റിൽ ഗോത്രത്തലവന്റെ പ്രസംഗത്തിന്റെ തുടക്കം ഓര്‍ത്തെടുത്തു. അവരുടെ ആകാശം , അവരുടെ ഭൂമി, അവരുടെ കടല്‍.... എല്ലാം അവര്‍ക്ക് നഷ്ടപ്പെട്ടു. ഒരിക്കലും തിരിച്ചുകിട്ടുകയില്ല. ആദിവാസികള്‍ എവിടെയും എന്നും ഒരു പോലെതന്നെ.അതറിയാവുന്നതുകൊണ്ട് പിറ്റേ ദിവസം ചരിത്ര സ്മാരകങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ കൂട്ടു വന്ന ഗൈഡിനോട് ഞാന്‍ അമേരിക്കന്‍ ഇന്ത്യന്‍ കാര്യങ്ങളൊന്നും ചോദിച്ചില്ല. സാധാരണ ഗൈഡുമാരെ അപേക്ഷിച്ച് കൃത്യമായ ചരിത്രബോധമുളള ആളായിരുന്നു കുറേക്കാലം ഇന്ത്യയിൽ താമസിച്ചിട്ടുള്ള ഈ ഗൈഡ്. ലാറ്റിനമേരിക്കയോടു ചേര്‍ന്നു കിടക്കുന്ന , ഇംഗ്ലീഷുകാരേക്കാള്‍ അധികം ഹിസ്പാനിക്കുകളുള്ള ഈ ദ്വീപുമാത്രംഎങ്ങിനെ യു.എസ്. അധീനത്തിലായി എന്നത് അദ്ദേഹം വിശദമായി പറഞ്ഞുതന്നു. സ്‌പെയിനിന്റെയും ബ്രിട്ടന്റെയും യു.എസ്.എ.യുടെയും അധീനത്തില്‍ മാറിമാറി നിലനിന്നിരുന്ന ഈ പ്രദേശം ഒടുവില്‍ യു.എസ്.ടെറിട്ടറിയായി മാറുകയായിരുന്നു. ടെറിട്ടറിയെന്നു പറഞ്ഞാല്‍ സംസ്ഥാനപദവിയില്ലാത്ത ഒരു പ്രദേശം. പക്ഷേ, അങ്ങിനെയുള്ള വാഷിംഗ്ടണ്‍ ഡിസിപോലുള്ള പ്രദേശങ്ങളെപ്പോലെ പ്യൂട്ടോറിക്കയ്ക്ക് പ്രസിഡന്റ്, കോണ്‍ഗ്രസ് തിരഞ്ഞെടുപ്പുകളില്‍ വോട്ടവകാശമില്ല.സ്വന്തം കോൺഗ്രസിനെയും ഗവർണ്ണരെയും തെരഞ്ഞെടുക്കാം ;യൂ എസ് കോൺഗ്രസിലേക്ക് വോട്ടവകാശമില്ലാത്ത ഒരു കമ്മീഷണറേയും. പ്യൂട്ടോറിക്കകാര്‍ക്ക് അവര്‍ യു.എസ്സിലെ മറ്റേതെങ്കിലും സംസ്ഥാനത്തേക്ക് മാറി താമസിച്ചാൽ പൂര്‍ണ്ണമായ വോട്ടവകാശങ്ങള്‍ സ്വാഭാവികമായും ലഭിക്കും. ടാക്‌സ് നിരക്കുകള്‍ വളരെ കുറവായതുകാരണം സമ്പന്നരായ പലരും പ്യൂട്ടോറിക്കയിലേക്കു താമസം മാറാറുണ്ടത്രേ. ബക്കാഡി റം ഫാക്ടറി ഗൈഡ് കാണിച്ചു തന്നു. വേറെയും വ്യവസായങ്ങളുണ്ട്. ടൂറിസമാണ് മുഖ്യ വ്യവസായം. ജീവിത നിലവാരം പൊതുവേ ഉയര്‍ന്നതാണ് എന്ന് കണക്കുകൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ആഹാരം ഒരു പ്രശ്നമായിട്ടുള്ള കുറച്ചു പേരെങ്കിലുമുണ്ട് എന്ന് ഗൈഡ് പറഞ്ഞു .'എല്ലാം ബട്ടൺ ആണല്ലോ ,യുദ്ധത്തിനു പോലും ഇപ്പോൾ കാലാളുകൾ വേണ്ട ,പറയുമ്പോൾ ഗൈഡ് ചിരിച്ചു .ഇതാണോ 'നിരാനന്ദത്തിന്റെ ചിരി '?--- സ്പാനിഷ് സംസാരിക്കുന്നവരും, ഇംഗ്ലീഷ് സംസാരിക്കുന്നവരുമായ വെള്ളക്കാരും കറുത്ത വര്‍ഗ്ഗക്കാരുംആണ് ജനസംഖ്യയിൽ മഹാഭൂരിപക്ഷം ; ആദിമ അമേരിക്കകാര്‍ പത്തുശതമാനമേയുള്ളൂ. ദ്വീപിന്റെ ഒരു മൂലക്ക് അധീശശക്തികള്‍ മാറി മാറി ഉപയോഗിച്ചിരുന്ന ഒരു കോട്ടയുടെ ഭാഗങ്ങളൊക്കെ കാണിച്ചുതന്നു ഗൈഡ്. എവിടെ നിന്നുമുണ്ടാവുന്ന ആക്രമണത്തെയും പ്രതിരോധിക്കാൻ കഴിയുന്ന കോട്ട. കൊളംബസ് വന്നിറങ്ങിയ സ്ഥലത്തെക്കുറിച്ചും ഞാന്‍ ചോദിച്ചു. അത് ദ്വീപിന്റെ മറ്റേ തലക്കലാണ്, എഴുപത്തിയഞ്ച് കിലോമീറ്ററെങ്കിലും പോകണം.ഈ ടൂറിൽ അതുൾപ്പെടുത്തിയിട്ടില്ല . സാരമില്ല, 2010ല്‍ അമേരിക്കയില്‍ ആദ്യമായി വന്ന അവസരത്തില്‍ തന്നെ സൗത്ത് ഡക്കോട്ടയിലെ അമേരിക്കന്‍ ഇന്ത്യന്‍ സാംസ്കാരിക കേന്ദ്രത്തിൽ ഞാന്‍ പോയിരുന്നു. അവരുടെ യുദ്ധവീരനായിരുന്ന ക്രേസി ഹോഴ്സ്റ്റിന്റെ പണിതുകൊണ്ടിരിക്കുന്ന പ്രതിമ കണ്ടു. അവരുടെ ചില ആധികാരിക ഗ്രന്ഥങ്ങള്‍വാങ്ങി. അവരില്‍ നേതൃത്വപരമായ പങ്കു വഹിക്കുന്ന ചിലരുമായി സംസാരിച്ചു. മടങ്ങുന്ന വഴി മിസിസിപ്പിയുടെ ഉത്ഭവസ്ഥാനത്തുപോയി. ആറടി വീതിയുംനാലടി ആഴവുമുള്ള കൈത്തോടിനെ ആദിമ ഇന്ത്യന്‍ മൂപ്പൻ മിജിജിപ്പി-മഹാനദി - എന്നു വിളിച്ചുവത്രേ. പാവപ്പെട്ട കൃഷിക്കാരന്‍ കുഞ്ഞുമകള്‍ക്ക് മഹാലക്ഷ്മി എന്നു പേരിടുന്നതുപോലെ .അവൾ വളര്‍ന്ന് മിസിസിപ്പിയായി. ലോകത്തിലെ മഹാനദികളിലൊന്നായി.പുതുതായി വന്നവർ പടുത്തുയർത്തിയ വ്യവസായ സംസ്കൃതിക്ക് വെള്ളവും വളവും ഊർജ്ജവും നൽകി കടലിലേക്കൊഴുകി.അവളുടെ കൂടെപ്പിറപ്പുകൾ അവരുടെ റിസര്‍വേഷനിലേക്ക് പിൻവാങ്ങി .ആയാത്ര ഓർമ്മയിൽ പച്ച പിടിച്ചു നിന്നിരുന്നത് കൊണ്ട് കൊളംബസ്സിന്റെ കാല്‍പാടുകള്‍ പതിഞ്ഞ സ്ഥലം കാണാന്‍കഴിയാത്തതില്‍ ദുഃഖം തോന്നിയില്ല. ഗവര്‍ണ്ണരുടെ കൊട്ടാരവും ക്യാപിറ്റോളും(നിയമസഭാ മന്ദിരം) മറ്റും ചുറ്റി നടന്നു കണ്ടു.കത്തീഡ്രല്‍ ഒഴിവാക്കി മറ്റെവിടെയോ പോകാമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ സമ്മതിച്ചില്ല. ഒടുവില്‍ പാര്‍ട്ടി രണ്ടായിപിരിഞ്ഞു. ഞാന്‍ ഉള്‍പ്പെടുന്ന സംഘം ഭദ്രാസനപ്പള്ളിയിലേക്കു പോയി. കൊളംബസ്സോ അക്കാലത്തുതന്നെ വന്ന ആദ്യയൂറോപ്യന്‍ കുടിയേറ്റക്കാരോ സ്ഥാപിച്ച ആ പള്ളി പല തവണപുതുക്കി പണിതിട്ടുണ്ട്. പൊതുവേ പഴമയുടെ ഒരു ലുക്ക് ആണ്. അകത്തു കടക്കാന്‍ ചെരിപ്പൂരേണ്ട.പക്ഷേ, തൊപ്പികള്‍ പാടില്ല. കടുത്ത വെയിലുള്ള പ്രദേശമായതുകൊണ്ട് സഞ്ചാരികള്‍ തൊപ്പി ധരിക്കും. അതു പള്ളിക്കകത്തുപാടില്ല. മൂന്നു നാലു അള്‍ത്താരകള്‍- കുര്‍ബാന നടക്കുന്ന സ്ഥലങ്ങള്‍ ഉണ്ട്. പ്രധാന സ്ഥലത്ത് ഭിത്തിയില്‍ യേശുവിന്റെ ഒരു വലിയ രൂപം. അതിനു മുമ്പില്‍ ബഞ്ചുകള്‍ ഇട്ടിട്ടുണ്ട്. ചിലര്‍ അവിടെ ഇരിക്കുന്നുമുണ്ടായിരുന്നു. ഭിത്തിയില്‍ ധാരാളം ചിത്രങ്ങളുമുണ്ട്. എനിക്ക് ആകര്‍ഷകമായി,ഹൃദയാവർജ്ജകമായി തോന്നിയത് കുരിശിന്റെ വഴിയെ സൂചിപ്പിക്കുന്ന പത്തുപന്ത്രണ്ടു പെയിന്റിംഗുകളാണ്. ചിലതൊക്കെ ഞാന്‍ കുട്ടികള്‍ക്ക് വിവരിച്ചുകൊടുത്തു. കൈലേസുകൊണ്ട് യുവതി യേശുവിന്റെ മുഖം തുടക്കുന്നത്, നിങ്ങള്‍ക്കും നിങ്ങളുടെ അനന്തരതലമുറകള്‍ക്കുംവേണ്ടി കരയുവിന്‍ എന്ന് ക്രിസ്തു യെരൂശലേം പുത്രിമാരോട് പറയുന്നത്അ,ങ്ങിനെ ചിലതൊക്കെ .സത്യം പറയണമല്ലോ കുറേ അധികം നാളായി ബൈബിള്‍ വായിച്ചിട്ട്. ചുറ്റിനടന്ന് ഒടുവിലത്തെ അള്‍ത്താരയ്ക്ക് മുമ്പിലെത്തി. ഒരു ചെറിയമുറിയാണ് . അവിടെ കന്യാമാതാവിനും ഒരു വിശുദ്ധനും ( സ്‌നാപകൻ ?) നടുവിലായി ചതുരത്തിലുള്ള ഒരു രൂപം; ആലേഖനം ചെയ്തിരിക്കുന്നത് എന്താണെന്ന് എനിക്ക് മനസ്സിലായില്ല; ത്രിത്വത്തെ സൂചിപ്പിക്കുന്നു എന്ന് ഞാന്‍മനസ്സില്‍ പറഞ്ഞു. മൂന്നായ്പ്പിരിഞ്ഞ പൊരുള്‍. ആദിമ ശൂന്യതയില്‍ ,സത്തും അസത്തും ഇല്ലാതിരുന്നപ്പോൾ നിത്യമായി നിന്ന പൊരുള്‍. വചനത്തിന്റെ രൂപത്തില്‍സൃഷ്ടി. തേനും പാലുമൊഴുകുന്ന പൂങ്കാവനംപോലെ മനുഷ്യന്റെ ലോകം അവിടെ ഞാനെന്ന ഭാവവും സ്വാർത്ഥതയു മുണ്ടായപ്പോള്‍ അസമത്വവും അടിമത്വവും.... ഒന്നിനു പുറകേ ഒന്നായി രക്ഷകര്‍. പരാജിതരായി പീഡിതരായി അവരുടെ മടക്കം . ഞാന്‍ അറിയാതെ കൈകൂപ്പി..... തിരികെ പുറത്തേക്ക് . 'നമസ്തേ ' ഞാൻ ലേശം അമ്പരന്നു .സന്ദർശകരെ നിയന്ത്രിച്ചുകൊണ്ട് വാതിൽക്കൽ നിന്നിരുന്ന ചെറുപ്പക്കാരൻ സായിപ്പ് തൊഴുകൈകളോടെ എന്നെ നോക്കി നിൽക്കുന്നു .'ഈശ്വര ' ഇങ്ങേർ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു !'നമസ്തേ 'ഞാനും കൈകൂപ്പി .ഞങ്ങൾ പുറത്തേക്ക് നടന്നു .നൂറ്റാണ്ടുകൾ അതിജീവിച്ച ദേവാലയം പിന്നിൽ ..."ഞാൻ എല്ലായ്പ്പോഴും നിന്നോടൊപ്പമുണ്ടാവും ,കാലത്തിന്റെ അവസാനം വരെ " ടൂർ അവസാനിപ്പിച്ച് സംഘം ഹോട്ടലിലേക്ക്
റൌണ്ട് റോക്ക്സ് ആസ്റ്റിൻ ... 27 5 2022 . അറ്റ്ലാന്റിക്കിലെ ഉദയാസ്തമയങ്ങള്‍ ആര്‍.എസ്.കുറുപ്പ് 'ഒരു മണ്‍കട്ട അറ്റ്ലാന്റിക്കിന്റെ തിരമാലകളില്‍ ഒഴുകിപോകുമ്പോള്‍ യൂറോപ്പ് അത്രകണ്ട് ചെറുതാവുന്നു. ഏതൊരു മനുഷ്യന്റെ മരണവും എന്നെയും ചെറുതാക്കുന്നു. ഞാന്‍ മനുഷ്യവംശത്തില്‍ ഉള്‍പ്പെടുന്നതുകൊണ്ട് ... അതുകൊണ്ട് മണി മുഴങ്ങുന്നത് ആര്‍ക്കുവേണ്ടിയാണ്എന്നന്വേഷിക്കാതിരിക്കുക- അത് നിനക്കുവേണ്ടിതന്നെയാണ്'. അറ്റ്ലാന്റിക്ക് എന്നു കേള്‍ക്കുമ്പോള്‍ എനിക്കാദ്യം ഓര്‍മ്മവരുന്നത് 'ഫോർ ഹൂം ദ ബെൽ ടോൾസ്' എന്ന നോവലിനാമുഖമായി ഹെമിംഗ് വേ ഉദ്ധരിച്ചിട്ടുള്ള ഈ വരികളാണ്. കോളേജ് കാലത്ത് വായിച്ച ആ നോവലിന്റെ ഉള്ളടക്കം എന്റെ ഓര്‍മ്മയില്‍ കാര്യമായി ഇല്ല. പക്ഷേ, ആമുഖക്കുറിപ്പായ ആ കാവ്യശകലം ഇന്നുംമനസ്സിലുണ്ട് താനും . പിന്നീടെപ്പോഴോ No man is an island എന്നു തുടങ്ങുന്ന ജോണ്‍ ഡോണിന്റെ ആ കവിത ഞാന്‍ മുഴുവനായി വായിച്ചിരുന്നു. എന്നാൽ ഇപ്പോഴും മനസ്സിലുള്ളത് ആ ഉദ്ധരണിയാണ് . ഉത്തര അറ്റ്ലാന്റിക്കിലെ യു.എസ്.ഭരണപ്രദേശമായ പ്യുട്ടോറിക്കോ ദ്വീപിലെ ഹോട്ടല്‍ ബാല്‍ക്കണിയിൽ അറ്റ്ലാന്റിക്കിലെ മനോഹരമായ സൂര്യോദയം നോക്കിനില്‍ക്കുമ്പോള്‍ പക്ഷേ ഞാനീ കവിതാശകലത്തെകുറിച്ചല്ല ആലോചിച്ചിരുന്നത്. പ്യൂട്ടോ റിക്കോയിലെ നാലഞ്ചു ദിവസത്തെ ഒഴിവുകാലം കുട്ടികള്‍ നേരത്തെ തീരുമാനിച്ചതായിരുന്നു. കുട്ടികള്‍ എന്നു പറഞ്ഞാല്‍ എന്റെ പെണ്‍മക്കള്‍, ഇരട്ടകുട്ടികള്‍. അവരുടെ കുടുംബാംഗങ്ങളോടൊപ്പം. ഈ അവധി ആഘോഷങ്ങള്‍ പാശ്ചാത്യ ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഒരു ഭാഗമാണെന്നു തോന്നുന്നു. ജോലി ചെയ്തു കിട്ടുന്ന പണം ആഘോഷമായി കൊണ്ടാടാനുള്ളതാണെന്ന് അവര്‍ വിശ്വസിക്കുന്നു. കൂലിയായും മറ്റും കൊടുക്കുന്ന പണം തിരികെ മാര്‍ക്കറ്റിലെത്തേണ്ടത് മുതലാളിത്ത ത്തിന്റെ നില നില്‍പ്പിനു തന്നെ ആവശ്യമാണെത്രേ . താത്വികമായ അവലോകനം നില്‍ക്കട്ടെ, ദിവസം പത്തും പന്ത്രണ്ടും മണിക്കൂര്‍ ജോലിചെയ്യുന്നവരാണ്. അവര്‍ക്കും വിശ്രമമവും വിനോദവുമൊക്കെ ആവശ്യമാണെന്നു തോന്നുന്നതിൽ കുറ്റം പറഞ്ഞുകൂടല്ലോ. കൊളംബസ് ആദ്യം വന്നിറങ്ങിയ ദ്വീപസമൂഹങ്ങളില്‍ പെട്ട ഒന്നാണ് പ്യൂട്ടോ റിക്കോ എന്നതായിരുന്നു എനിക്കു താല്‍പര്യമുണ്ടാക്കിയ കാര്യം . 1492ല്‍ ഒക്ടോബര്‍ 12നു കൊളംബസ് കപ്പലോടിച്ചെത്തിയത് ഈ ദ്വീപ സമൂഹങ്ങളില്‍പ്പെട്ട സാന്‍ സാൽവദോർ എന്ന് ഇന്നറിയപ്പെടുന്ന ദ്വീപിലാണ്. പിറ്റേ വര്‍ഷത്തെ രണ്ടാം വരവില്‍ കൊളംബസ് കപ്പലടുപ്പിച്ചത് ബോറിക്കന്‍ എന്നവിടുത്തുകാര്‍ വിളിച്ചിരുന്ന ദ്വീപിലാണ്. കൊളംബസ് ദ്വീപിന് സ്നാപകന്റെ പേരുകൊടുത്തു ;സാന്‍ഹുവാന്‍ ബാപ്ടിസ്റ്റോ ........ സെയിന്റ് ജോണ്‍ ദ ബാപ്ടിസ്റ് .... സാൻഹുവാൻ പിന്നീട് Rich Port എന്നര്‍ത്ഥമുള്ള പ്യൂട്ടോറികോ ആയി മാറി. തലസ്ഥാന നഗരം സാന്‍ഹുവാൻ ആയിതുടര്‍ന്നു. ആസ്റ്റിനില്‍ നിന്ന് ഒര്‍ലാന്‍ഡോവഴി സാന്‍ഹുവാനിലെത്തിയപ്പോള്‍ അര്‍ദ്ധരാത്രി കഴിഞ്ഞിരുന്നു. ഹോട്ടലില്‍ മുറികളെല്ലാം സീ ഫേസിങ് ആണ്.5.50നാണ് സൂര്യോദയം. കടലിന് പച്ചനിറമായിരുന്നു. കിഴക്ക് മേഘങ്ങളില്‍ ചുവപ്പു വ്യാപിക്കുന്നു. കനത്ത മേഘങ്ങളില്ല.കറുപ്പുമേഘങ്ങള്‍ക്കിടയിലൂടെ കനൽക്കട്ടപോലെ സൂര്യന്‍ ഉയര്‍ന്നു വരുമ്പോള്‍ ഞാന്‍ പ്രൈമറി ക്ലാസില്‍ പഠിച്ച, കിഴക്കുള്ള ഇന്ത്യയില്‍ വരാന്‍ വേണ്ടി പടിഞ്ഞാറോട്ടു കപ്പലോടിച്ച ആ നാവികന്റെ കഥ ഓര്‍മ്മിക്കുകയായിരുന്നു.അയാള്‍ കുറേ ദിവസം കടലിലൂടെ കപ്പലോടിച്ച് ഒരു കര കണ്ടതും കപ്പലടുപ്പിച്ചതും അതും ഇന്ത്യയാണെന്നു വിചാരിച്ചതും അവിടെകണ്ടെത്തിയ, സ്വര്‍ണ്ണാഭരണങ്ങളണിഞ്ഞ എന്നാല്‍ തീരെ അപരിഷ്‌കൃതരായ മനുഷ്യരെ ഇന്ത്യക്കാരെന്നു വിളിച്ചതും അവര്‍ക്ക് വില കുറഞ്ഞ വളകളു മാലകളും മറ്റും നല്‍കി അവരുടെ വിലകൂടിയ രത്‌നങ്ങളും സ്വര്‍ണ്ണാഭരണങ്ങളുമെല്ലാം പകരം വാങ്ങി അവരുടെമേല്‍ ആധിപത്യവും സ്ഥാപിച്ചതും അങ്ങനെ ഇന്ത്യ അന്വേഷിച്ചു പുറപ്പെട്ട കൊളംബസ് അമേരിക്ക എന്ന ഭൂഖണ്ഡം കണ്ടുപിടിച്ചതും -------. . ഈ കണ്ടു പിടിത്ത സിദ്ധാന്തം ഇന്നും തുടരുന്നു എന്നതാണ് അതിശയം. ഇപ്പോഴും യു.എസ്.,കാനഡ, കോടതികള്‍ ചിലപ്പോള്‍ Discovery Theory ചില വിധി ന്യായങ്ങളില്‍ ഉദ്ധരിക്കാറുണ്ടത്രേ. എന്തായാലും കൊളംബസ് എത്തുന്ന കാലത്ത് അമേരിക്കന്‍ വന്‍കരകളിലും അടുത്തുള്ള ദ്വീപുകളിലുമായി പത്തുകോടി മനുഷ്യര്‍ ജീവിക്കുന്നുണ്ടായിരുന്നു. അന്നത്തെ ലോകജനസംഖ്യ നൂറുകോടി ;അപ്പോള്‍ ലോകത്തെ മനുഷ്യരില്‍ പത്തുശതമാനം താമസിച്ചിരുന്ന മേഖലയാണോ കൊളംബസ് കണ്ടുപിടിച്ചത്?. "കൊടുങ്കാറ്റില്‍ പ്രക്ഷുബ്ധമായ സമുദ്രത്തിലെ തിരമാലകള്‍ അതിന്റെ അടിത്തട്ടിനെ ആകെ മൂടുന്നതുപോലെ, ഞങ്ങളുടെ ആളുകള്‍ ഈ വന്‍കരയാകെ വ്യാപിച്ചിരുന്നപ്പോൾ "എന്നു തുടങ്ങുന്ന അവരുടെ ഗോത്രത്തലവന്റെ വിലാപം നമ്മൾ ഈ അടുത്തകാലത്താണ് കേട്ടത് .അപ്പോൾ തന്നെ മറക്കുകയും ചെയ്തു .കണ്ടുപിടിത്ത സിദ്ധാന്തം തന്നെയാണ് നമ്മൾ എന്നും വായിച്ചതുംമനസ്സിലാക്കിയതുമൊക്കെ. കൂട്ടത്തില്‍ അവിടത്തെ അടിമസമ്പ്രദായത്തെക്കുറിച്ചും അതുനിര്‍ത്തലാക്കിയതിനെക്കുറിച്ചും ഒക്കെ പലതും പഠിച്ചു. പക്ഷേ അവിടത്തെആദിമനിവാസികള്‍ക്കെന്തുപറ്റി എന്ന് ചിന്തിച്ചതേയില്ല. 1999ലാണെന്നുതോന്നുന്നു ഞാന്‍ അനിയാ ലൂംബയുടെ 'കൊളോണിയലിസം -പോസ്റ്റ് കൊളോണിയലിസം 'വായിക്കുന്നത്. തുടര്‍ന്ന് ആവിഷയത്തെക്കുറിച്ചുള്ള കുറേ പുസ്തകങ്ങള്‍ - ഒരു കാര്യം മനസ്സിലായി. കൊളംബസ് കണ്ടത് കാട്ടു മനുഷ്യരെയയായിരുന്നില്ല. പതിനായിരത്തിലധികം വര്‍ഷങ്ങളായി അമേരിക്കയെ അധിവസിച്ചിരുന്ന കൃഷിയും കൈത്തൊഴിലും മറ്റു ചെയ്തുജീവിച്ചിരുന്ന,സ്വന്തമായി ഒരു പാടു കഥകളും ദൈവങ്ങളും ഉണ്ടായിരുന്ന ഒരു ജനതയെയാണ്.തീര്‍ച്ചയായും അവിടെകാടുകളുണ്ടായിരുന്നു. കാടുകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ അവര്‍ കൃഷിസ്ഥലങ്ങളൊരുക്കി. വീടുകളും ക്ഷേത്രങ്ങളുമുണ്ടാക്കി. ഒരു സംസ്‌കാരം - ഒരുപാടുസംസ്‌കാരകേന്ദ്രങ്ങളുണ്ടായി. പക്ഷേ, കപ്പലേറി വന്നവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ആയുധങ്ങളുണ്ടായിരുന്നു. അവരുടെ ദൈവത്തിന്റെപ്രതിപുരുഷന്‍, പാപ്പാ, ലോകത്തെ രണ്ടായി വിഭജിച്ചു. പശ്ചിമരേഖാംശം 46.3 ഡിഗ്രിക്ക് പടിഞ്ഞാറുള്ളതെല്ലാം സ്‌പെയിനും അതിനു കിഴക്കുള്ളതെല്ലാം പോര്‍ച്ചുഗലിനുമായി വീതിച്ചുകൊടുത്തുകൊണ്ട് വിളംബരം പുറപ്പെടുവിച്ചു. വടക്കേ വന്‍കരയില്‍ കുടിയേറിയ ബ്രിട്ടീഷുകാര്‍ ആ വിളംബരം അനുസരിച്ചില്ല. അവര്‍ സ്വന്തം അധികാരം ഉറപ്പിച്ചു .സ്വന്ത രാജ്യങ്ങൾ സ്ഥാപിച്ചു. ആദിമനിവാസികള്‍ചെറുത്തു. നൂറ്റാണ്ടുകൾ നീണ്ടുനിന്ന യുദ്ധം. ഇന്ത്യന്‍ റിമൂവല്‍ ആക്ട് - 'മാനിഫെസ്റ്റ് ഡെസ്ടിനി ' ഇന്ത്യന്‍ റിസര്‍വേഷനുകൾ ; എന്നുവെച്ചാല്‍ ഭൂമി പിടിച്ചടക്കി ഭരിക്കാനുളള ഭാഗധേയം വെള്ളക്കാരനില്‍ 'പ്രകടിത'മായിരിക്കുന്നു ഭൂമി നിര്‍ബന്ധമായും വെള്ളക്കാരെ ഏല്പിക്കുക എന്ന വിധി ആദിമ നിവാസികളിലും . അവിടെ ഒരുഭാഗത്ത് ആ ദിവാസികള്‍ക്കായി കുറച്ചു സ്ഥലം സംവരണം ചെയ്യുപ്പെട്ടിരിക്കും . 'ഇന്ത്യന്‍ റിസര്‍വേഷന്‍'. പഴയ ലോകജനതയുടെപത്തു ശതമാനം ഇന്ന് യു.എസ്. എ.യുടെ ജനസംഖ്യയുടെ0.8% .അവരുടെ ഇക്കാലഘട്ടത്തിലെ പ്രശസ്ത കവയത്രി നടാലിയാ ഡയസ് ഒരു കവിതയില്‍ പറയുന്നതുപോലെ 'നൂറാളു കൂടുന്നിടത്ത് ഞാനൊരു പൂര്‍ണ്ണമനുഷ്യനല്ല;ദശാംശം എട്ടു മാത്രമാണ്.....'അമേരിക്കന്‍ ഇന്ത്യക്കാരുടെസാഹിത്യവും കലയുമൊക്കെ നിലനിര്‍ത്താനും പരിപോഷി പ്പിക്കാനുമുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അവരുടെ പ്രധാനനോവല്‍ 'സെറിമണി'യെക്കുറിച്ച് (ലെസ്ലി മാര്‍മന്‍ സിന്‍ക്കോ) ഞാന്‍ സമകാലിക മലയാളത്തില്‍ എഴുതിയിരുന്നു ആറേഴു വർഷം മുമ്പ് . 'അച്ഛനെന്തെടുക്കുകയാണ് ബാല്‍ക്കണിയില്‍ 'എന്ന ചോദ്യമുയരുന്നു. 'ഞാന്‍ ചരിത്രത്തിലേക്ക് - മായ്ക്കപ്പെട്ട ചരിത്രത്തിലേക്ക് നോക്കിനില്‍ക്കുകയായിരുന്നു 'എന്നു പറഞ്ഞിട്ട് കാര്യമില്ലല്ലോ . സൂര്യൻ ഉദിച്ചുയർന്നു കഴിഞ്ഞു .വെയിലിലും കടലിലും കുളിക്കാന്‍ വന്നവരുടെ തിരക്ക് തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. തീരത്ത് കുത്തിനിര്‍ത്തിയിരിക്കുന്ന കുടകള്‍, അവയ്ക്കടിയില്‍ ചാരുബഞ്ചുകള്‍.ബീച്ചിലേക്ക് നടന്നിറങ്ങാനുളള ദൂരമേയുളളൂ.(തുടരും ) ആർ എസ് കുറുപ്പ്

2022, മേയ് 19, വ്യാഴാഴ്‌ച

വീണ്ടും ഒരു യാത്ര (9 4 2022 ) ------------------------------------------------ യാത്ര ദുരിതമാണ്. അതിപ്പോള്‍ പണ്ടത്തെ റിസര്‍വേഷനില്ലാത്ത രണ്ടാംക്ലാസ് യാത്രകളായാലും അടുത്തകാലത്തെ ഉയര്‍ന്ന ക്ലാസ് ട്രെയിന്‍, വിമാനയാത്രകളായാലും . എന്നുവെച്ച് യാത്രകള്‍ നടത്താതിരുന്നിട്ടില്ല. ഒരുപാടു യാത്രകള്‍ വേണ്ടിവന്നിട്ടുണ്ട്. കോവിഡ് കാലം സഞ്ചാസ്വാതന്ത്ര്യം നിഷേധിക്കുന്നതുവരെ ഇക്കുറി കൂടുതല്‍ സൗകര്യങ്ങളൊക്കെ ഏര്‍പ്പാടു ചെയ്തിട്ടുണ്ടെന്നാണ് കുട്ടികള്‍ പറഞ്ഞത്. എന്തായാലും 32 കിലോവീതം ഭാരമുള്ള നാലുപെട്ടികള്‍ ട്രോളിയില്‍ കയറ്റിവെയ്ക്കാന്‍ ഞങ്ങളെ സഹായിച്ചു രമേശന്‍,ടാക്സി ഡ്രൈവര്‍, ഞങ്ങള്‍ക്ക് മകനെപ്പോലെയാണ്. എന്തായാലും ചെക്ക് ഇന്‍ കൗണ്ടറില്‍ അതു തനിയെ ചെയ്യേണ്ടി വരുമല്ലോ. പക്ഷേ, വേണ്ടി വന്നില്ല. ചെക്ക് ഇന്‍ കൗണ്ടറില്‍ ഒരു സഹായി ഉണ്ടായിരുന്നു. അവിടന്നങ്ങോട്ട് വീല്‍ ചെയറും. വീല്‍ചെയര്‍ ഒന്നു മതി എന്നു ഞാന്‍ പറഞ്ഞു. എനിക്ക് നടക്കുന്നതാണിഷ്ടം. വഴി കാണിക്കുന്നതിനും ഇടയ്ക്കുള്ള കടമ്പകള്‍ കടക്കുന്നതിനും ഒരു വീല്‍ ചെയര്‍ തന്നെ ധാരാളം. തീരെ പ്രതീക്ഷിക്കാത്ത ഒരിടത്തായിരുന്നു തടസ്സം. കസ്്റ്റംസില്‍. ഞാന്‍ കൊച്ചി കസ്റ്റംസിന്റെ ആഡിറ്റിന്റെ ചുമതലക്കാരനായിരുന്നല്ലോ. എയര്‍ കസ്റ്റംസില്‍ പലപ്പോഴും വന്നിട്ടുണ്ട്. അപ്പോഴൊക്കെ എയര്‍ കസ്റ്റംസിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കമ്മീഷണര്‍ക്കൊപ്പം എന്നെ അവര്‍ കണ്ടിട്ടുണ്ട്.അതിന്റെയൊക്കെ പ്രതിഫലനങ്ങള്‍ മുമ്പത്തെ യാത്രയിലൊക്കെ കാണാനുമുണ്ടായിരുന്നു. കാലം മായ്ക്കാത്തതൊന്നുമില്ല അമ്മാവന്‍മാരില്‍ നിന്ന് കിട്ടിയത് മാത്രമല്ല അവനവനാർജ്ജിച്ച തഴമ്പുകളും കാലം മായ്ച്ചുകളയും. പ്രശ്‍നം സ്വര്‍ണ്ണമായിരുന്നു.എന്റെ പെണ്‍കുട്ടികള്‍ക്ക്് കാര്‍ഷിക സര്‍വ്വകലാശാല നല്‍കിയസ്വര്‍ണ്ണമെഡലുകള്‍ അവര്‍ വീട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. അതു അവർക്ക് കൊണ്ടു ക്കൊടുക്കാമെന്നുകരുതി.കൂടാതെ അവര്‍ കല്ല്യാണത്തിനിട്ടിരുന്ന ആഭരണങ്ങളിൽ ചിലതും . എല്ലാം കൂട്ടിയാലും രണ്ടുപേര്‍ക്ക് കൊണ്ടുപോകാമെന്ന് നിയമം അനുശാസിക്കുന്നതില്‍ കുറവായിരിക്കും. എന്തായാലും എന്റെ ഭാര്യ കുറേക്കാലത്തിനുശേഷം ഒരു ക്ലാസെടുത്തു. അനുസരണയുള്ള വിദ്യാര്‍ത്ഥികളെപ്പോലെ കേട്ടുനിന്ന കസ്റ്റംസ് ഓഫീസര്‍മാര്‍ സാധനങ്ങള്‍ കൊണ്ടുപോകാന്‍ അനുവദിക്കുകയും ചെയ്തു. വിമാനത്തില്‍ എനിക്ക് ഇന്ത്യന്‍ ഹിന്ദു ഭക്ഷണവും, ഭാര്യയ്ക്ക് ഏഷ്യന്‍ വെജിറ്റേറിയനുമാണെന്ന് എയര്‍ ഹോസ്റ്റസ് വന്നു പറഞ്ഞു. രണ്ടും തമ്മിലുള്ള വ്യത്യാസം ഏഷ്യന്‍ വെജിറ്റേറിയന്‍ സമ്പൂര്‍ണ്ണ സസ്യാഹാരമാണ്. ഇന്ത്യൻ ഹിന്ദു എന്നു പറഞ്ഞാൽ കോഴിയിറച്ചി നിര്‍ബന്ധമായും ഉള്‍പ്പെടുത്തിയിരിക്കും .നന്നായി എന്നെനിക്കു തോന്നി. ഇന്ത്യന്‍ സമയംഏതാണ്ടു നാലുമണിയായിരിക്കണം. ബ്രാഹ്മമുഹൂർത്തം . ഒരു പ്രസാദം പോലെ കഴിക്കാന്‍ പറ്റിയമറ്റൊരാഹാരം ഇന്ത്യൻ ഹിന്ദുവിന് എന്താണുള്ളത്, കോഴിയിറച്ചിയും മസാല ചേര്‍ത്തുവേവിച്ച ചോറുമല്ലാതെ.കാണുന്നതൊക്കെ ഭഗവാന്റെ രൂപം .കിട്ടുന്നതൊക്കെ ഭഗവാന്റെ പ്രസാദവും . ദോഹയില്‍ പക്ഷേ അനുഭവം പ്രതീക്ഷിച്ചതുപോലെയായിരുന്നില്ല. വീല്‍ ചെയറുകാരെ കണ്ടില്ല. വിമാനക്കമ്പനിക്കാരില്‍ നിന്ന് വേണ്ടത്ര ഗൈഡന്‍സ് കിട്ടിയതുമില്ല. എന്നല്ല ഭൂമി തരം മാറ്റത്തിനു ചെന്ന നാട്ടിന്‍പുറത്തുകാരനു വില്ലേജ് ഓഫീസില്‍ നിന്നു കിട്ടുന്നതിനേക്കാള്‍ മെച്ചമല്ലാത്ത പെരുമാറ്റം. അതും ഒരു പ്രശസ്ത വിമാനക്കമ്പനിയുടെ ജീവനക്കാരില്‍ നിന്നും .അതു സമ്മതിക്കാന്‍ വയ്യല്ലോ . ഞങ്ങള്‍ സംസാരിക്കാന്‍ തീരുമാനിച്ചു. പറഞ്ഞാല്‍ മനസ്സിലാവുമെന്ന് തോന്നിയ ഒരു ഉദ്യോഗസ്ഥനോടു ഞങ്ങള്‍ കാര്യങ്ങള്‍ പറഞ്ഞു. ഞങ്ങള്‍ ടിക്കറ്റെടുത്തു യാത്ര ചെയ്യുന്നവരാണ് നേരത്തെ തന്നെ പറഞ്ഞ് ഉറപ്പിച്ചിട്ടുള്ള സൗകര്യങ്ങള്‍ ഞങ്ങള്‍ക്ക് കിട്ടിയേ മതിയാവുവെന്ന്, അതേറ്റു. ക്ഷമാപണപൂര്‍വ്വമായിരുന്നു മറുപടി. വീല്‍ചെയറിനു കാത്തു നില്‍ക്കേണ്ട സ്ഥലത്തു നില്‍ക്കാതെ ഞങ്ങള്‍ നേരെ നടന്നു പോന്നതു കൊണ്ടുണ്ടായ അബദ്ധമാണ് .പീന്നീടൊക്കെ എളുപ്പമായിരുന്നു . ക്യൂ നില്‍ക്കാതെ സെക്യൂരിറ്റി പരിശോധന കഴിഞ്ഞ് അവര്‍ ഞങ്ങളെ മുകളിലത്തെ നിലയിലെ വിശ്രമ മുറിയില്‍ എത്തിച്ചു.സമയമാവുമ്പോള്‍ ആളുകള്‍ വന്നു കൂട്ടിക്കൊണ്ടുപോയി വിമാനത്തിലെത്തിക്കാമെന്നു പറഞ്ഞു. ഇടയ്ക്ക് വേണമെങ്കില്‍ ഭക്ഷണം കഴിക്കാം. അടുത്ത് അവരുടെ തന്നെ റെസ്റ്റോറുണ്ട്. അവിടെ പക്ഷേ കുറച്ചു വെയിറ്റു ചെയ്യേണ്ടി വരും. തൊട്ടടുത്ത ബാറിലാണെങ്കില്‍ ബുഫേയാണ്. ബാറെന്നു കേട്ടപ്പോള്‍ എനിക്ക് പൂർവ്വജന്മ സ്മരണയുണ്ടായെങ്കിലും ഞാനതു നിയന്ത്രിച്ചു. ഒരു വിദേശ വിമാനത്താവളത്തിലിരുന്നു കലഹിക്കേണ്ടല്ലോ എന്നു കരുതി. ഹൂസ്റ്റണിലേക്കുള്ള ഫ്‌ളൈറ്റില്‍ വെജിറ്റേറിയന്‍ ഭക്ഷണത്തിന് വേര്‍തിരിവുണ്ടായിരുന്നില്ല. . രണ്ടുമൂന്നു ഇനങ്ങള്‍ മെനു കാര്‍ഡില്‍ അവര്‍ ചൂണ്ടികാണിച്ചു. As You Please എന്ന മറുപടി അവരെ തൃപ്തിപെടുത്തിയില്ല. Your Choice എന്ന് അവർ നിർബന്ധിച്ചു ഞാന്‍ ഏതോ ഒരെണ്ണം തൊട്ടുകാണിച്ചു. എന്തായാലും ചോറും പുളിശ്ശേരിയും ഉപ്പിലിട്ടതുമൊന്നും പ്രതീക്ഷിക്കേണ്ടല്ലോ .പിന്നെ എന്തായാലെന്താ ! 'കുടിക്കാൻ 'ഞാൻ ആപ്പിൾ ജ്യുസെന്നു പറഞ്ഞു .'മറ്റെന്തെങ്കിലും ?'എന്ന അവരുടെ ചോദ്യത്തിനു മറുപടിയായി ഞാൻ ഭാര്യയെ നോക്കുന്നതു കണ്ടിട്ടാവണം എയർ ഹോസ്റ്റസ് പരിശീലിപ്പിക്കപ്പെട്ട പ്രൊഫഷണൽ മര്യാദകൾ മറന്നു സാധാരണ മനുഷ്യരെപ്പോലെ ചിരിച്ചു പോയി ;ഒരയൽക്കാരിയുടെ സഹഭാവപൂര്ണമായ ചിരി .പെട്ടെന്ന് ,അർദ്ധമന്ദഹാസം വരച്ചു ചേർത്ത തന്റെ പ്രൊഫഷണൽ മുഖം മൂടിയെടുത്തു ധരിച്ചു കൊണ്ട് പറഞ്ഞു 'ഓ കെ '. ഞാൻ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ 'നഷ്ടജാതകം 'വായിക്കാനെടുത്തു .നേരത്തെ വായിച്ചിട്ടുണ്ടായിരുന്നില്ല .ഇടയ്ക്ക് ഉറങ്ങിയെന്നുതോന്നുന്നു .വെള്ളവുമായി വന്ന എയർ ഹോസ്റ്റസ് പറഞ്ഞു എല്ലാ ഇന്ത്യൻ ഭാഷകളിലുമുള്ള സിനിമയുണ്ട് വേണമെങ്കിൽ കാണാമെന്ന് .അവർ തന്നെ ടി വി സ്വിച് ഓൺ ചെയ്തു തരികയും ചെയ്തു .മലയാള സിനിമകൾ അതിലുണ്ടായിരുന്നതെല്ലാം നേരത്തെ കണ്ടതായിരുന്നു .തമിഴ് സിനിമാ നോക്കി .ഒരു അജിത് സിനിമ കണ്ണിൽപ്പെട്ടു .സ്ത്രീ വിമോചനത്തെ കുറിച്ചുള്ളതാണ് .ബച്ചന്റെ ഹിന്ദി സിനിമ പിങ്കിന്റെ ആശയാനുവാദമാണെന്നു തോന്നുന്നു .ഭേദപ്പെട്ട പടം സിനിമ കണ്ട് ,നഷ്ട ജാതകം ബാക്കി വായിക്കാനൊരുങ്ങുമ്പോഴേക്കും വിമാനം ഹ്യുസ്റ്റണിലേക്കെത്തിക്കൊണ്ടിരിക്കുകയാണെന്ന അനൗൺസ്‌മെന്റ് വന്നു .മഞ്ഞയും നീലയും പൂക്കൾ വിടർന്നു നിൽക്കുന്ന ടെക്സസ്സിലെ പുല്മേടുകളുടെ ആകാശ ദൃശ്യം . വലിയ തിരക്കുള്ള ഒരു വിമാനത്താവളമാണ് ഹ്യുസ്റ്റൺ ഇന്റർനാഷണൽ എയർപോർട്ട് .എമിഗ്രേഷനിലെ തിരക്കുകണ്ട് സംശയിച്ചു നിന്ന ഞങ്ങളുടെ അടുത്തേക്ക് കയ്യിൽ എന്തോ ഫയലുകളൊക്കെയുള്ള ഒരു മനുഷ്യൻ വന്ന് എന്താണ് വേണ്ടതെന്നു ചോദിച്ചു .ഞങ്ങൾ ടിക്കറ്റ് കാണിച്ചു .അദ്ദേഹം അതിർത്തി തിരിച്ചിരുന്നു ടേപ്പുകളിലൊന്നു മാറ്റി ആളുകൾ തീരെ കുറവുള്ള ഒരു കൗണ്ടറിൽ ഞങ്ങളെ കൊണ്ടു നിർത്തി .കൂട്ടത്തിൽ ചോദിച്ചു 'ഇന്ത്യയിൽ നിന്നാണ് ,അല്ലേ 'ഇന്ത്യയെക്കുറിച്ച് ലേശം മതിപ്പോടു കൂടിയാണ് വിദേശികൾ സംസാരിക്കുന്നത് .ഇമിഗ്രേഷൻ ചെക്കിംഗ് വേഗം കഴിഞ്ഞു .ഇന്ത്യയിൽ നിന്നാണ് അല്ലെ എന്ന് ഇമിഗ്രേഷൻഓഫീസറും ചോദിച്ചും മതിപ്പോടു കൂടിത്തന്നെ .അദ്ദേഹം പാസ്‌പോർട് നോക്കിയതാണല്ലോ . വിമാനയാത്രയിലെ ഏറ്റവും ബുദ്ധിമുട്ടുളള ഭാഗം കണ്‍വേയര്‍ ബെൽറ്റിൽ നിന്നും ചാടിപ്പിടിച്ചു ഭാരമുള്ള പെട്ടികള്‍ എടുക്കലാണ്. പക്ഷേ, അവിടെയും നല്ല ചില മനുഷ്യരുണ്ടാവും. അതുപോലെ ട്രോളികള്‍ ഒരിക്കലും നേരെ ഉരുളുകയില്ല. ഒരുവിധം സാധനങ്ങളൊക്കെയെടുത്ത് ഗേറ്റിനടുത്ത് എത്താറായപ്പോഴാണ് ആരോ കൈകൊട്ടിയത്. കസ്റ്റംസാണ്,നിവൃത്തിയില്ലല്ലോ.പെട്ടികളൊക്കെ അവരുടെ സ്‌കാനറിലേക്കുള്ള ബെൽറ്റിൽ ഇറക്കിവെച്ചു. മറുവശം കടന്നപ്പോള്‍ തുറന്നുകാണണമെന്നായി. ഇവിടെ സ്വര്‍ണ്ണമൊന്നുമല്ല പ്രശ്‌നം. ഭക്ഷണപദാര്‍ത്ഥങ്ങളുടെ കൂട്ടത്തില്‍ മുളയ്ക്കാൻ സാധ്യതയുള്ള വല്ലതുമുണ്ടോ എന്നാണറിയേണ്ടത്. ഒരു പുരുഷനും രണ്ടു സ്ത്രീകളും അടങ്ങുന്നതാണ് സംഘം. പെട്ടി തുറന്നു വിശദ പരിശോധന നടത്തിയ കസ്റ്റംസ് ഓഫീസര്‍ ചിരിക്കാന്‍ തുടങ്ങി. പൊട്ടി പൊട്ടിയുള്ള ചിരി. ഞങ്ങള്‍ക്കെന്ന പോലെ അദ്ദേഹത്തിന്റെ കൂടെയുള്ള ലേഡീ ഓഫീസര്‍മാര്‍ക്കും കാരണം മനസ്സിലായില്ല. ഓഫീസര്‍തുറന്നു വെച്ച ഒരുപെട്ടിയുടെ പകുതി ഭാഗത്തേക്കു ചൂണ്ടി. That's Medicine,,ദിസ് ഈസ് ദി പ്രീസ്‌ക്രിപ്ഷൻ ആൻഡ് ഹിയർ ആർ ദി ബിൽസ് '..സഹപ്രവർത്തക 'അതൊക്കെ ശരി.' ഓഫീസര്‍ മറുഭാഗം ചൂണ്ടിക്കാട്ടി.'ഹി ഈസ് എ ഡയബറ്റിക് ആൻഡ് ഹി ഈറ്സ് ഓൾ ദീസ് കുക്കീസ് ' അതാണ് ഓഫീസർക്ക് ഫലിതമായി തോന്നിയത് .മുറുക്കാണ് കുക്കി എന്ന് ഓഫീസര്‍ തെറ്റിദ്ധരിച്ചത്.മുറുക്കിനു മധുരമില്ല അല്ലെങ്കിൽ തന്നെ അത് കുട്ടികൾക്കുള്ളതാണ് എന്ന് പറഞ്ഞു മനസ്സിലാക്കി .ഞങ്ങളോട് പൊയ്‌ക്കൊള്ളാന്‍ പറഞ്ഞു. തെരച്ചിലിൽ അലങ്കോലമായ പെട്ടി അടുക്കിവെക്കാന്‍ ലേഡി ഓഫീസര്‍ സഹായിച്ചു എന്ന് നന്ദിപൂര്‍വ്വം പറയാതിരിക്കാന്‍ വയ്യ. അത് പതിവില്ലാത്തതാണല്ലോ. പുറത്തെത്തിയപ്പോള്‍ കുട്ടികളെ കണ്ടില്ല. അവര്‍ എത്താതിരിക്കില്ലല്ലോ. പരിഭ്രമിച്ചു നില്‍ക്കുന്ന ഞങ്ങളുടെ അടുത്തേക്ക് മുമ്പ് ഇമിഗ്രേഷനു മുമ്പില്‍ കണ്ട ഓഫീസര്‍ വന്നു കാര്യംതിരക്കി. ഹൂസ്റ്റണ്‍ എയര്‍പോട്ടില്‍ അഞ്ചോ ആറോ എക്‌സിറ്റ്‌പോയിന്റുകളുണ്ട്. ഇത് F ആണ്. 'അവര്‍ മറ്റേതെങ്കിലും പോയിന്റിലാവാം ഒന്നു വിളിച്ചുനോക്കൂ.ഫോണ്‍ നമ്പര്‍ അറിയാമോ'. 'ഞങ്ങളുടെ ഫോണില്‍ വിളിക്കാന്‍ കഴിയില്ലല്ലോ' എന്നു പറഞ്ഞപ്പോള്‍, നമ്പര്‍ തരൂ ഞാന്‍ വിളിക്കാം എന്നു പറഞ്ഞു ഓഫീസര്‍ വിളിച്ചു. അവര്‍ നേരത്തെ എത്തിയിട്ടുണ്ടെന്നും B gate ആണ് കമ്പ്യൂട്ടറില്‍ കാണിച്ചത്. എഫ് ഗേറ്റിലേക്കുള്ള വഴി പറഞ്ഞുകൊടുത്തു ഓഫീസര്‍. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ മകളും മരുമകനും കൊച്ചുമോനും എത്തി. ഞങ്ങള്‍ അന്ന് ഹൂസ്റ്റണില്‍ തങ്ങി. പിറ്റേദിവസം കാലത്ത് ഹൂസ്റ്റണിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പോയി. അവിടെ അപ്പോള്‍ ഒരു വിവാഹം നടക്കുകയായിരുന്നു. കേരളീയ മട്ടിലുള്ള വിവാഹവസ്ത്രമണിഞ്ഞ് മുല്ലമാല ചാര്‍ത്തിയ വെളളക്കാരി വധു.വരന്‍ ഒരു മേനോനാണത്രേ . അമ്പലക്കമ്മറ്റിക്കാര്‍ പറയുന്നതുകേട്ടു. അപ്പോള്‍ നായര്‍ കല്ല്യാണമാണ്. മാലയിടല്‍,താലികെട്ട്, പുടവകൊട, കൈ പിടിച്ചുകൊടുക്കല്‍ പ്രദക്ഷിണം.... 'ഒരു പെണ്‍കുട്ടികൂടിസുമംഗലിയാവുന്നു'.ഭാര്യ അപൂർവ മന്ദഹാസത്തോടെ പറഞ്ഞു ഒരു യുവതി കുടുംബിനിയാവുകയാണ്. കല്ലും മുള്ളും ചവിട്ടി മുമ്പേ നടക്കാന്‍. പിന്തുടരാൻ ഭർത്താവ് ,കുട്ടികൾ ,ബന്ധുക്കൾ എല്ലാം .'ശിവശ്ച പന്ഥാ '..നിന്റെ പാത മംഗളകരമാവട്ടെ ,ദീർഘസുമംഗലിയായിരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ .മറ്റെന്താണ് ഒരു നവവധുവിനു വേണ്ടി പ്രാർത്ഥിക്കുക . സാന്ദ്രാനന്ദാവബോധാത്മകനായ ഉണ്ണിയെ തൊഴുത് ഞങ്ങൾ ആസ്റ്റിനിലെ വീട്ടിലേക്ക് .

2022, ഏപ്രിൽ 2, ശനിയാഴ്‌ച

നിന്റെ മന്ദസ്മിതം പോലുമൊരു വസന്തം -------------------------------------------------------- [ മോഹനമന്ദിരത്തിലേക്ക് ,ആദ്യയാത്ര ] തൊള്ളായിരത്തി എഴുപത്തിയഞ്ചിന്റെ തുടക്കത്തിലാണ്, അതായത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുതിന് നാലഞ്ചുമാസം മുന്‍പ്, ഞാന്‍ മോഹനമന്ദിരത്തില്‍ ആദ്യം പോയത്. സഹോദരതുല്യനും പ്രിയങ്കരനുമായ ഗോപാലകൃഷ്ണനുമൊന്നിച്ച്. തറവാട്ടുവീട്ടിലെ അയല്‍ക്കാരനായ നാരായണപിള്ള ചേട്ടനുമുണ്ടായിരുന്നു കൂടെ. ഉദ്ദേശം: പെണ്ണുകാണാന്‍. ആ ആഴ്്ച വീട്ടിലെത്തിയപ്പോള്‍ അമ്മ പറഞ്ഞു ബുദ്ധ ജംഗ്ഷന് അടുത്തുള്ള വീടാണ്. 'അമ്മ അവിടെ പോയിരുന്നു. നല്ല കുട്ടി. നീ ഒന്നു പോയിക്കാണ് എന്ന് . ഞാന്‍ ആദ്യം മടിച്ചു .പെണ്ണു കാണൽ ബോറാണ് .എങ്കിലും പോയി . ജോലി കിട്ടി അഞ്ചു കൊല്ലം കഴിഞ്ഞുഇനി വീട്ടില്‍ നിർബന്ധിച്ചാൽ കല്ല്യാണം കഴിക്കാം എന്നുതോന്നിത്തുടങ്ങിയിരുന്നു . ഏറ്റവും നല്ല ആശ്രമം ഗൃഹാസ്ഥാശ്രമമാണെന്ന് മഹാഭാരതത്തില്‍ പറയുന്നുണ്ടെന്ന്് ഞാനെവിടെയോ വായിച്ചിരുന്നു . സമരങ്ങളെല്ലാം കഴിഞ്ഞു താരതമ്യേന ശാന്തമായ അന്തരീക്ഷമായിരുന്നു ഓഫീസില്‍. സുഹൃത്തുക്കളിൽ ചിലരൊക്കെ പിരിച്ചു വിടപ്പെട്ടു . എനിക്കുകിട്ടിയ ശിക്ഷ പ്രമോഷന്‍പരീക്ഷയുടെ രണ്ടാം ഭാഗം എഴുതുന്നതില്‍ നിന്നുള്ള ഒരു കൊല്ലത്തെ വിലക്കായിരുന്നു. രണ്ടാം ഭാഗം താരതമ്യേന എളുപ്പമാണ്.എഴുതി എടുക്കാവുന്നതേയുള്ളു .അതു കൊണ്ട് കല്യാണം നടക്കട്ടെ, പക്ഷേ അതിന് പെണ്ണുകാണൽ എന്ന ദുര്‍ഘടത്തിലൂടെ കടന്നുപോകേണ്ടതുണ്ട്. ഒരു കാണല്‍കൊണ്ടു കല്ല്യാണം നടക്കുന്നതൊക്കെ അപൂർവമായിരുന്നു. എനിക്കും രണ്ടുമൂന്നിടത്തൊക്കെ പോകേണ്ടി വന്നു. അവിടൊക്കെ ഗോപാലകൃഷ്ണനുമുണ്ടായിരുന്നു. ആ പ്രത്യേക പരിപാടിയുടെ ഹംസവും. വിവിധ വിഭാഗത്തില്‍പ്പെട്ട മാട്രിമോണികളും മൊബൈല്‍ വീഡിയോകാള്‍ സൗകര്യവുമൊക്കെയുള്ള ഇന്നത്തെതലമുറയ്ക്ക് അന്നത്തെപെണ്ണുകാണല്‍ യജ്ഞത്തിന്റെ അസഹനീയതകളെക്കുറിച്ചു പറഞ്ഞാല്‍ മനസ്സിലാവുമോ എന്നറിഞ്ഞുകൂടാ. ചെറുക്കന്‍ സുഹൃത്തുക്കള്‍ - ഒരാളെങ്കിലും നിര്‍ബന്ധമായും ഉണ്ടാവും -ഹംസം ഇവരൊക്കെ വിവാഹാര്‍ത്ഥിനിയായ യുവതിയുടെ വീട്ടിലെത്തുന്നു. മിക്കവാറും ഉച്ചതിരിഞ്ഞിട്ടായിരിക്കും .ചിരി ,സന്തോഷം സ്വാഗതം. ലഘുഭക്ഷണപാനീയവുമായി യുവതിയുടെ രംഗപ്രവേശം . ചെറുക്കനും പെണ്ണുമായി രണ്ടുവാക്കു സംസാരിക്കല്‍. വീണ്ടും ചിരി സന്തോഷം യാത്രയയ്ക്കല്‍. ചോദ്യോത്തരപംക്തി ഏതാണ്ടെഴുതി തയ്യാറാക്കിയതുപോലെയാണ്. സ്ഥിരം ചോദ്യങ്ങളും ഉത്തരങ്ങളും.കല്യാണം നടക്കുന്നത് അപൂർവമാണ് . വേണ്ടാ എന്നാരും പറയുകയില്ല. ജാതകം ചേരുന്നില്ല എന്നതാണ് സ്ഥിരം പല്ലവി. സംഗതി ബോറാണെങ്കിലും ഈ പെണ്ണുകാണലില്‍ ആസ്വാദ്യമായി ഒന്നുണ്ടായിരുന്നു. ഞങ്ങള്‍ വരേണിക്കൽക്കാർക്ക് .അക്കാലത്ത് തീരെ പരിചിതമല്ലാതിരുന്ന ബേക്കറി പലഹാരങ്ങളും പുതിയതരത്തിലുള്ള പാനീയങ്ങളും. പിന്നെ അതായി പ്രധാനം. ഞങ്ങള്‍ ആസ്വദിച്ചു എന്നതാണ് സത്യം. കരുവാറ്റയിലേക്കാള്‍ നന്നായിരുന്നു പാലമേലേത് എന്നു ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ കരുവാറ്റക്കാരുടെ ഓറഞ്ച് ജ്യൂസിനേക്കാള്‍ രുചികരമായിരുന്നു പാലമേല്‍ക്കാരുടെ ബ്രൂകോഫി എന്നു മാത്രമായിരിക്കും അര്‍ത്ഥം. അതും ബോറടിച്ചുതുടങ്ങി. ആരുടെ ജാതകവുമായി യോജിക്കാത്ത ഒന്നാണോ എന്റെ ജാതകം? അത്രമോശമൊന്നുമല്ലെന്നാണ് സ്ഥലത്തെ വരാഹമിഹിരൻമാരുടെ അഭിപ്രായം. എല്ലായിടത്തും തിരസ്‌കരിക്കപ്പെടാന്‍ എന്ത് അയോഗ്യതയാണ് എനിക്ക്. തരക്കേടില്ലാത്ത ജോലിയുണ്ട്. ജോലിയില്‍ ഉയര്‍ച്ചക്കുള്ള സാദ്ധ്യതയുണ്ട്. വീട്ടില്‍ മോശമല്ലാത്ത ചുറ്റുപാടുണ്ട്. ഞാന്‍ പോയിക്കണ്ട പെണ്‍കുട്ടികളാരും ഡോക്ടറെയും എന്‍ജിനീയറേയുമൊന്നും നോക്കിയിയിരിക്കുന്നവരായിരുന്നില്ല. പിന്നെ എന്റെ രൂപഭംഗി? പക്ഷേ ഞാന്‍ കണ്ട യുവതികളാരും 'രൂപമിച്ഛന്തി കന്യക 'മാരായി തോന്നിയില്ല . സംസാരിച്ചു പിരിയുമ്പോള്‍ അവരുടെ പെരുമാറ്റത്തില്‍ തിരസ്‌കാരത്തിന്റെ മുദ്രകളൊന്നും കണ്ടിരുന്നതുമില്ല പിന്നെ? കാരണമുണ്ട്. ഞാന്‍ മാര്‍കിസ്റ്റ് ആയിരുന്നു അത്രേ. ഇപ്പോള്‍ അതു പറഞ്ഞാല്‍ മനസ്സിലാവുമോ എന്നറിഞ്ഞുകൂടാ. അന്ന് മാര്‍കിസ്റ്റ്് എന്നത്് ഇടത്തരക്കാരുടെ ഇടയില്‍ വലിയ ഒരു ശകാരപദമായിരുന്നു. എന്തിനേയും ഏതിനെയും മുട്ടുകുത്തിക്കാന്‍ മാർക്സിസ്റ് എന്ന പദം ഉപയുക്തമാക്കപ്പെട്ടിരുന്നു . അന്നത്തെ കേരളത്തിന്റെ രാഷ്ട്രീയ ഭൂപടം ഓര്‍ക്കുന്നുണ്ടാവുമല്ലോ. മാര്‍കിസ്റ്റു പാര്‍ട്ടി ഏതാണ്ട് തനിച്ച് പ്രതിപക്ഷത്ത് സി പി ഐ ,ആർ എസ് പി ,പി എസ പി ,മുസ്ലിം ലീഗ് ,കേരള കോൺഗ്രസ് എന്നിവരെല്ലാം ചേർന്ന കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന ഭരണ മുന്നണി മറുവശത്തും . ഏതെങ്കിലും ഒരു സമരത്തിന് മാര്‍കിസ്റ്റ് മുദ്ര ചാര്‍ത്തിക്കൊടുത്താല്‍ മതി ആ സമരം പൊതുദൃഷ്ടിയിൽ അക്രമ സമരം ആയിക്കൊള്ളും .പിന്നെ അടിച്ചമർത്താൻ എളുപ്പമാണ് . തീരെ സഹികെട്ടപ്പോള്‍ ഞങ്ങൾ മാർക്സിസ്റ് സഹയാത്രികർ വിളിച്ചു പോയ മുദ്രാവാക്യമാണ് . 'ഉപ്പും മുളകും മാര്‍കിസ്റ്റാണോ കപ്പയുമരിയും മാര്‍കിസ്റ്റാണോ..........' എന്നുള്ളത്. രണ്ടാം ഇ. എം.എസ്സ്്. മന്ത്രിസഭയുടെ കാലത്ത്് കാര്‍ഷികരംഗത്തുണ്ടായ പരിവര്‍ത്തനങ്ങളാണ്, കൂലിവര്‍ദ്ധനവും മറ്റും , നെല്‍കൃഷിക്കാരോ കരക്കൃഷിക്കാരോ ഒക്കെയായ ഇടത്തരക്കാരില്‍ മാര്‍കിസ്റ്റ് ഫോബിയ സൃഷ്ടിച്ചത്. ഞാന്‍ പാര്‍ട്ടി മെമ്പര്‍ ഒന്നുമായിരുന്നില്ല. അനുഭാവിായിരുന്നു. 1970 ലെ തെരഞ്ഞെടുപ്പില്‍ നാട്ടില്‍ വന്ന് മാര്‍കിസ്റ്റ് പാര്‍ട്ടി പിന്തുണക്കുന്ന സ്ഥാനാര്‍ത്ഥിക്കുവേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓഫീസില്‍ നടന്നസമരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. 1974ല്‍ റയില്‍വേ പണിമുടക്കിനെ പിന്തുണച്ചുകൊണ്ടുള്ള സമരത്തിലുള്‍പ്പെടെ.അത് പോലെ 72 ഇൽ .ഡിസ്മിസലിനെതിരെ എന്റെ ഓഫീസിൽ നടന്ന സമരത്തിലും ഞാൻ സജീവമായി പങ്കെടുത്തിരുന്നു .ജനാധിപത്യത്തിന്റെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ നിഷേധത്തിനെതിരെയുള്ള വളരെ ദുര്‍ബലമായ ചെറുത്തുനില്‍പ്പിന്റെ ഭാഗമാവുക ഒരു പൗരനെന്നനിലയില്‍ എന്റെ കടമയാണെന്ന് എനിക്കുതോന്നി. അതിന്റെ പേരിൽ പെണ്ണുകിട്ടിയില്ലെങ്കില്‍വേണ്ട. സമത്വസുന്ദരമായ ഒരു സാമൂഹ്യവ്യവസ്ഥ താമസിയാതെനിലവില്‍ വരുമെന്നും അന്ന് ഇഷ്ടപ്പെടുന്നവരെ വിവാഹം കഴിക്കാന്‍ യുവതീയുവാക്കള്‍ക്ക് കഴിയുമെന്നും ഞാന്‍ ആശ്വാസം കൊണ്ടു. 'യുവജനഹൃദയം സ്വതന്ത്രമാണവരുടെ കാമ്യപരിഗ്രഹേച്ഛയിൽ ..'എന്ന കവിവാക്യം സത്യമാകുന്നു കാലം ആസന്നമാണെന്ന് ഞാൻ എന്നെത്തന്നെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു . ആയിടയ്ക്ക് ഒരു ദിവസം പുത്തന്‍മഠത്തിലെ കൊച്ചമ്മവീട്ടില്‍വന്നു. തറവാട്ടിലെ ബന്ധുവായ ഒരു അമ്മൂമ്മ.പണ്ഡിത. സംസ്‌കൃതവിദ്യാഭ്യാസം നേടിയിട്ടുണ്ട്. പുരാണങ്ങളും കാവ്യനാടകങ്ങളും മാത്രമല്ല. ജ്യോതിഷവും പഠിച്ചിട്ടുണ്ട്. പക്ഷേ പ്രാക്ടീസ് ചെയ്യാറില്ല. അടുപ്പമുളളവരുടെ കാര്യത്തില്‍ നോക്കിപ്പറയും. എന്റെ ജാതകവും കൊച്ചമ്മ നോക്കി. ശ്ലോകമുദ്ധരിച്ചുകൊണ്ട്്പറഞ്ഞതിങ്ങനെയാണ്. താമസിയാതെ നിന്റെ വിവാഹം നടക്കും. പെണ്‍കുട്ടി സുന്ദരിയായിരിക്കുമെന്നു മാത്രമല്ല ഉന്നതബിരുദധാരിണിയുമാ യിരിക്കും. പക്ഷേ, ഒരു പ്രത്യേകത, അത് കൊച്ചമ്മയുടെ അഭ്യസ്തമായ നിഗമനമാണ് ഗ്രന്ഥങ്ങളിലുള്ളതല്ല. വ്യാഴത്തിന്റെയും ശുക്രന്റേയും സ്ഥാനങ്ങളും അവയ്ക്കു കളത്രസ്ഥാനവുമായുള്ള ബന്ധവും. വെച്ചു നോക്കുമ്പോള്‍ സ്വരചേര്‍ച്ചയില്ലായ്മയ്ക്ക് സാദ്ധ്യതകാണുന്നു. ശുക്രനും വ്യാഴവും പരിണിത പ്രജ്ഞരായ ഗുരുക്കന്മാരാണല്ലോ. അതുകൊണ്ട്‌ പുറത്തറിയത്തക്കവണ്ണമുള്ള കലഹമുണ്ടാവുകയില്ല. ഇടയ്‌ക്കൊക്കെ യുള്ള സ്വരചേര്‍ച്ചയില്ലായ്മ;അത് ഏതു വീട്ടിലാണ് ഇ്ല്ലാത്തത്.. കൊച്ചമ്മ ആശ്വാസ വാക്കു പറഞ്ഞു. ഞാന്‍ തിരുവനന്തപുരത്തിനു പോയി. അടുത്ത് ഒരു വാരാന്ത്യത്തില്‍ വന്നപ്പോഴാണ് 'അമ്മ മാവേലിക്കരയിലെ കാര്യം പറഞ്ഞത്. ഞാന്‍ മടിച്ചു.അമ്മ മാത്രമല്ല അച്ഛനും നിർബന്ധിച്ചു ; ഗോപാലകൃഷ്ണന്‍ സ്വതസിദ്ധമായ നര്‍മ്മബോധത്തോടെപ്രോത്സാഹിപ്പിച്ചു: "പുതിയ തീറ്റ സാധനങ്ങളെന്തെങ്കിലും കാണും ". അങ്ങിനെ നേരത്തെ ഹാജരായിരുന്ന നാരായണപിള്ള ചേട്ടനുമൊത്ത്് ഞാന്‍ ഗോപാലകൃഷ്ണനുമായി മാവേലിക്കരയ്ക്ക്. പതിവു ചടങ്ങുകള്‍, എഴുതി തയ്യാറാക്കിയ തിരക്കഥ അനുസരിച്ച്. ബേക്കറി പലഹാരങ്ങള്‍ക്കുപകരം ചക്കച്ചുള വറുത്തതായിരുന്നു. കടുപ്പം കൂടുതലുള്ള ചായയും. ഗോപാലകൃഷ്ണൻ നേരത്തെ ചക്കയുണ്ടായതിനെക്കുറിച്ചുള്ള സംഭാഷണം സമകാലിക രാഷ്ട്രീയത്തിലെത്തിച്ചു . അയാള്‍ വലിയ ഒരു ഇന്ദിരാ പക്ഷപാതിയാണ് അവിടത്തെ അച്ഛനാവട്ടെ ബീഹാറിൽ ടാറ്റാകമ്പനിയിൽ ജോലി ചെയ്തിരുന്ന കാലത്ത് ഗാന്ധിജി , സുഭാഷ് ചന്ദ്ര ബോസ് തുടങ്ങിയ സ്വതന്ത്ര്യ സമരനേതാക്കളെ നേരിട്ടുകണ്ടിട്ടുള്ള , ഇന്ദിരാഗാന്ധിയുടെ സമീപകാല പ്രവൃത്തികളില്‍ അഭിപ്രായവ്യത്യാസമുള്ള ആളും .അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതിന് തൊട്ടു മുമ്പുള്ള കാലമായിരുന്നല്ലോ രണ്ടുപേരും താന്താങ്ങളുടെ ഭാഗം വീറോടെ വാദിച്ചു കൊണ്ടിരുന്നു . അതിനിടയില്‍ പെണ്‍കുട്ടി വന്നു,പോയി. ഞാന്‍ ഒന്നു രണ്ടു ചോദ്യങ്ങള്‍ ചോദിച്ചു. ഡിഗ്രിക്ക് സബ്‌സിഡറി എന്തായിരുന്നു എന്നൊക്കെയുള്ള പതിവുചോദ്യങ്ങള്‍. സത്യം പറയണമല്ലോ ഞാന്‍ നേരത്തെ പോയി കണ്ടവരേക്കാൾ മുഖശ്രീ യുണ്ടായിരുന്നു ഇവർക്ക് . ഗൗരവക്കാരിയാണ്. പക്ഷേ പല ഗൗരവക്കാരുടെയും മുഖത്തു കാണുന്ന കയ്പ്പ് .ഇവിടെയുണ്ടായിരുന്നില്ല. എന്നല്ല അവ്യക്തമായ ഒരു പ്രസന്നത കാണാമായിരുന്നു. ദൂരെയെവിടെയോ ഒരു പൂവിരിയുന്നതു പോലെ ,ഉദയത്തിനു മുമ്പുള്ള ആകാശം പോലെ. ..........ഞാൻ ചർച്ചയിലേക്കു മടങ്ങി . പക്ഷേ നാരായണപിള്ള ചേട്ടന് തൃപ്തിയായില്ല. അദ്ദേഹം എന്നെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ അമ്മയുമുണ്ടായിരുന്നു. വലിയഗൗരവക്കാരി. .... വിദ്യാസമ്പന്നരായ രണ്ടുപേര്‍ ഒരു യുവാവും ഒരു യുവതിയും ബന്ധുവീട്ടില്‍ വെച്ചോ മറ്റോ പരിചയപ്പെട്ടാല്‍ പരസ്പരം സംസാരിക്കാറില്ലേ. ആ ശൈലിയില്‍ ഞങ്ങള്‍ സംസാരിച്ചു തുടങ്ങി.ബിഷപ് മൂർ .കോളേജില്‍ ജോലി ചെയ്തിരുന്ന എന്റെ ചില സുഹൃത്തുക്കള്‍ അവരുടെ അദ്ധ്യാപകരായിരുന്നു. എം. എസ്. സി. ക്കു പഠിച്ച യൂണിവേഴ്‌സിറ്റി കോളേജിലെ സുവോളജി പ്രൊഫസര്‍ ഞാന്‍ അവിടെപഠിക്കുമ്പോള്‍ഞങ്ങളുടെ ഹോസ്റ്റല്‍ വാര്‍ഡനായിരുന്നു. ഇതിനൊപ്പം താല്‍ക്കാലികമായി ഒന്നു രണ്ടു കോളേജുകളില്‍ പഠിപ്പിച്ചത്. ബി. എഡി.നു പഠിച്ചത് ഒക്കെ സംസാരവിഷയമായി.ഒരു പാടു സംസാരിക്കുന്ന എനിക്കറിയാം പൊതുവേ മിതഭാഷികളായവരും മനസ്സു തുറക്കാന്‍ തുടങ്ങിയാല്‍ ധാരാളം സംസാരിക്കുമെന്ന്. അങ്ങിനെ മുന്നോട്ടു പോയ സംഭാഷണത്തിന്റെ ഒരു ഘട്ടത്തിലാണ് അത് സംഭവിച്ചത് അവര്‍ ചിരിച്ചു. ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മനോഹരമായ ചിരി!. 'ഒരിക്കല്‍ നീ ചിരിച്ചാൽ വിടരും പൗര്‍ണ്ണമികള്‍','നിന്റെ മന്ദസ്മിതം പോലുമൊരു വസന്തം ' എന്റെയുള്ളില്‍ ഗാനഗന്ധര്‍വ്വനും ഭാവഗായകനും മത്സരിച്ചുപാടി. 'ഇതുമതി' ഞാന്‍ എന്നോടുതന്നെ പറഞ്ഞു 'ഇതുമതി'. മടങ്ങിപ്പോരുമ്പോള്‍ ഗേപാലകൃഷ്ണനും പറഞ്ഞു: 'ഇതുമതി. ഇനിയെങ്ങും പോവണ്ട". 'അതിനവര്‍ക്കും കൂടി ഇഷ്ടമാവണ്ടേടാ '... ഞാന്‍ ചോദിച്ചു.'കൊച്ചാട്ടനെ ആര്‍ക്കാണ് ഇഷ്ടമാവാത്തത്' എന്നായിരുന്നു അവന്റെ മറുചോദ്യം അവനെന്നെ അത്രക്കിഷ്ടമായിരുന്നു. 'അവര്‍ക്കിഷ്ടമാവും മുഖം കണ്ടാലറിഞ്ഞുകൂടെ'. അവനെപ്പോഴാണ് നിരീക്ഷണം നടത്തിയതെന്നറിഞ്ഞുകൂടാ. വീട്ടില്‍ വന്ന് ഞാനമ്മയോടു പറഞ്ഞു ഇതു തന്നെ നടത്തിയാല്‍ മതിയെന്ന്. ഇത് ജനുവരിയിലോ ഫെബ്രുവരി ആദ്യമോആണ്.ഞാന്‍ പിന്നീട് അവരെ കാണുന്നത് മേയ് 20ന് രാവിലെ മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ആനക്കൊട്ടിലെ കല്ല്യാണപന്തലില്‍ വെച്ചാണ്.താലികെട്ടാനും മാലയിടാനും. അതിനെക്കുറിച്ച് പിന്നീട് ..........