2018, ഡിസംബർ 20, വ്യാഴാഴ്‌ച

പുരുഷ ഗൃഹത്തിന്റെ മതിൽ
---------------------------------------------------
 ചരിത്രാതീത കാലത്ത് മെലനേഷ്യയിൽ നിലനിന്നിരുന്ന 'പുരുഷഗൃ ഹങ്ങളെ'ക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് രണ്ടാം തരംഗ ഫെമിനിസത്തിന്റെ നായികയും താത്വികാചാര്യയുമായിരുന്ന കേറ്റ് മില്ലെറ്റ് പറയുന്നു ഇപ്പോഴും ,അവരുടെ പ്രശസ്ത ഗ്രന്ഥം sexual politics രചിക്കപ്പെട്ട  തൊള്ളായിരത്തി അറുപതുകളിലും പുരുഷഗൃഹങ്ങൾ സർവ്വസാധാരണമാണെന്ന് :മന്ത്രിസഭകൾ ,സെനറ്റുകൾ ,പ്രതിനിധിസഭകൾ അങ്ങിനെ അങ്ങിനെ അധികാരപ്രയോഗത്തിനു പ്രാപ്തിയുള്ള എല്ലാ സമിതികളും അന്നും ഇന്നും പുരുഷഗൃഹങ്ങളാണ് .അറുപതുകളിലെ അമേരിക്കയിൽ മാത്രമല്ല ഇന്നത്തെ ഇന്ത്യയിലും ഈ പുരുഷഗൃഹ സംസ്കാരം നിലനിൽക്കുന്നു .കേന്ദ്ര കമ്മറ്റികൾ ,പോളിറ്റ് ബ്യുറോകൾ ,മന്ത്രിസഭകൾ ,സമുദായനേതൃ സമിതികൾ …….എല്ലാം  പുരുഷഗൃഹങ്ങൾ തന്നെ .മാന്യമായ ഒരപവാദമുള്ളത് ,ഒരു മതേതര പുരോഗമന വാദി പറഞ്ഞു കൂടാത്തതാണെങ്കിലും ,കേന്ദ്ര മന്ത്രി സഭയാണ് .
      വനിതാമതിൽ എന്ന തീരുമാനമെടുത്ത സമിതി ഒരു സമ്പൂർണ്ണ പുരുഷഗൃ ഹമായിരുന്നു .ആർത്തവാശുദ്ധി എന്ന ആശയം സ്ത്രീവർഗ്ഗത്തെ അടിമത്തത്തിൽ നിലനിർത്താൻ പാട്രിയാർക്കൽ സമൂഹം ഉപയുക്തമാക്കിയ പ്രധാന ഉപകരണങ്ങളിലൊന്നാണ് .അതു കൊണ്ടു തന്നെ സ്ത്രീവർഗ്ഗം മാത്രമല്ല സമൂഹം ഒന്നാകെ ഈ ആശയത്തിൽ നിന്ന് മോചനം നേടേണ്ടതുണ്ട് .അതിനു വേണ്ടി കേരളത്തിലെ സ്ത്രീകൾ സംസ്ഥാനത്തിന്റെ ഒരറ്റം മുതൽ മേറ്റ് അറ്റം വരെ അണിചേരുന്നത് ആവേശകരമായ ഒരു കാര്യം തന്നെയാണ് .പക്ഷെ അത്തരം ഒരു മഹാകാര്യം തീരുമാനിക്കപ്പെട്ടത് ഒരു സ്ത്രീയുടെ പോലും സാന്നിദ്ധ്യമില്ലാതെയാണെന്നത് നിർഭാഗ്യകരമാണ് .
    ആദ്യം പുരുഷഗൃഹ സംസ്കാരത്തിൽ നിന്ന് മോചനം നേടുകയാണ് വേണ്ടത്.അതിനു വേണ്ടി കക്ഷി രാഷ്ട്രീയ ,ജാതിമത,ഭേദമില്ലാതെ സ്ത്രീകൾ അണി നിരക്കട്ടെ .അഥവാ വനിതാമതിലിന്റെ മുഖ്യ സന്ദേശം അതാവട്ടെ 

2018, ഡിസംബർ 17, തിങ്കളാഴ്‌ച

16-12-2018
ഞാൻ ഒടിയൻ കാണാൻ തീരുമാനിച്ചു .തിരക്കൊഴിയാൻ കാത്തു നിൽക്കുന്നില്ല .ദുരുദ്ദേശപ്രേരിതമായ ,ദുരുപദിഷ്ടമായ ,എല്ലാ വിഭാഗീയ മാനങ്ങളുമുള്ള ഒരു പ്രചാരണം ആ സിനിമയ്‌ക്കെതിരെ നടക്കുന്നു എന്നതു കൊണ്ട്  പണം കൊടുത്തു ടിക്കറ്റെടുത്തു തന്നെ ആ സിനിമ കാണേണ്ടതുണ്ട് .
   റിലീസ് ചെയ്ത ദിവസം രാവിലെ മുതൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി .വിശ്വസനീയതയുള്ള ,എന്നു ഞാൻ വിശ്വസിച്ചിരുന്ന ഒരു സുഹൃത്തിന്റെയായിരുന്നു അതിലൊന്ന് .താൻ ഒടിയൻ കണ്ടുവെന്നും ഒന്നാം പകുതിയും രണ്ടാം പകുതിയും മോശമാണെങ്കിലും ഇന്റർവെല്ലിനു കഴിച്ച പോപ്കോൺ നന്നായിരുന്നുവത്രേ .അദ്ദേഹത്തിന്റെ നർമ്മ ബോധത്തെക്കുറിച്ച് എനിക്കു മതിപ്പു തോന്നി .പക്ഷേ കൂടുതൽ പോസ്റ്റുകൾ വായിച്ചപ്പോൾ എനിക്കു മനസ്സിലായി ഇതൊരു വിപരീതാഖ്യാനത്തിന്റെ ഭാഗമാണെന്ന് .ഇന്റെർവെല്ലിനു കഴിച്ച പോപ്കോൺ ,പഫ്സ് ,കല്ലുമ്മേക്കായ്  ,കാവാബ്‌ ,മാങ്ങാത്തൊലി ഒലക്കേടെ മൂഡ് എല്ലാം നന്നായിരുന്നു ,പടം മോശവും .മിക്കവരും പടം കണ്ടവരല്ല .അതു തുറന്നു പറയാനുള്ള ഉളുപ്പില്ലാത്ത സത്യസന്ധത ചിലരെങ്കിലും കാണിക്കുകയും ചെയ്തു .ഈ ക്യാംപയിനിന്റെ പിന്നിലുള്ള ചേതോവികാരം എന്തുമാകട്ടെ അതിനെ നേരിടാൻ ഒരു കലാസ്നേഹിക്ക് ബാദ്ധ്യതയുണ്ട് .അതിനുള്ള മാർഗം പടം കണ്ട സത്യസന്ധമായി അഭിപ്രായം രേഖപ്പെടുത്തുക എന്നതാണ് .
   സത്യസന്ധതയും ആത്മാർത്ഥതയും ഉള്ളവരെന്നു കരുതിയിരുന്നവരിൽ ചിലരെങ്കിലും അതിനനുസരിച്ച് പെരുമാറുന്നില്ല എന്നു മനസ്സിലാവുമ്പോൾ തോന്നുന്ന അസ്വാരസ്യം ബാക്കിയാവുന്നു .

2018, നവംബർ 21, ബുധനാഴ്‌ച

അയ്യപ്പൻറെ ഹിതം അറിയാൻ പ്രശനം വെക്കേണ്ട .ഒരു രജസ്വലയുടെ വിളികേട്ടാണല്ലോ വസ്ത്രങ്ങളുമായി ഭഗവാൻകൃഷ്ണൻ  ഓടിയെത്തിയത് .പാർവതിയും വേദവതിയും ഒക്കെ സുദീർഘ തപസ്സുകൾ നടത്തിയത് ഇടവേളകൾ വെച്ചിട്ടല്ലല്ലോ .ദ്യുത പർവ്വതത്തിന്റെ  അവസാനത്തിൽ ഹസ്തിനപുരത്തെ രാജസഭയിൽ ഒരു ശുദ്ധികലശവുമുണ്ടായില്ല .
   ഇതു സത്യം .പക്ഷെ ഇതേ പോലെ സത്യമാണ് ക്ഷേത്രദർശനത്തെ സംബന്ധിക്കുന്ന ആചാരങ്ങളും ,ഒരു പക്ഷേ എല്ലാ ആചാരങ്ങളും .പുരാവൃത്ത സംബന്ധിയായ പഠനം നടത്തിയിട്ടുള്ള പണ്ഡിതന്മാരെല്ലാം ഏകസ്വരത്തിൽ പറയുന്നുണ്ട് ആചാരങ്ങളില്ലാതെ സമൂഹങ്ങൾ നിലനിൽക്കുകയില്ല എന്ന് .പരിഷ്കൃത സംഘടിത സമൂഹങ്ങൾക്കും ആചാരങ്ങളുണ്ട് ,എന്നല്ല ചില ആചാരങ്ങൾ കൂടിയെകഴിയു അവയുടെ നിലനിൽപിന് എന്ന് ജോസഫ് കാംപ്ബെൽ പറയുന്നു .കൂവളത്തിലയും തുളസിമാലയുമായിരുന്നു പണ്ടെങ്കിൽ ഇപ്പോൾ അത് പുഷ്പങ്ങളും രക്തഹാരവുമായി എന്നു മാത്രം .
   അപ്പോൾ ആചാരങ്ങൾക്ക് പരിവർത്തനം വന്നാൽ മതിയോ ?ചിലതെങ്കിലും മാറേണ്ടതല്ലേ ? തീർച്ചയായും .അവ മാറുകയും ചെയ്യും .ഉൽപ്പാദന ബന്ധങ്ങളിലും ഉൽപ്പാദന രീതികളിലുമുണ്ടാവുന്ന മാറ്റത്തിനനുസരിച്ച് .അതിനു ബോധപൂർവമായ യത്നം ആവശ്യമില്ലേ  ?ഉണ്ട് .അതാണ് മദ്ധ്യവർഗ ധിക്ഷണാ ശാലിയുടെ ധർമ്മം .മാറ്റങ്ങൾക്ക് വഴിമരുന്നിടുക .ആചാരങ്ങളുടെ കാര്യത്തിൽ മനുഷ്യ മനസ്സുകളിൽ ആണ് എല്ലാ മാറ്റവും ആദ്യം ഉണ്ടാകേണ്ടത് .അതിനുള്ള ശ്രമമുണ്ടാകണം .നിയമം ഇടക്കെവിടെയെങ്കിലും വെച്ച് മാറും .അത് സ്വീകരിക്കാൻ സമൂഹത്തെ ,ബന്ധപ്പെട്ട ജനസഞ്ചയത്തെ മാനസികമായി പ്രാപ്തരാക്കുകയാണ് സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരുടെ പ്രഥമ ദൗത്യം .അവിടെയാണ് ബുദ്ധിജീവി വർഗ്ഗം പ്രത്യേകിച്ച് ഫെമിനിസ്റ്റുകൾ പരാജയപ്പെട്ടത് .ചരിത്ര പ്രാധാന്യമുള്ള ,സ്ത്രീകളെ സംബന്ധിച്ച് വിമോചകം എന്നു പറയാവുന്ന ഒരു വിധി സ്വീകരിക്കാൻ ഒരു സ്ത്രീ പോലും തയാറാകാത്തത് ഒരു പരാജയം തന്നെയാണ് .ആത്മാർത്ഥമായ ,സത്വരമായ ,കക്ഷിരാഷ്ട്രീയ മുക്തമായ ആശയ പ്രചാരണമാണ് സലിംകുമാറിന്റെ പോലെ എനിക്കാണോ  എല്ലാവർക്കുമാണോ ഭ്രാന്ത് എന്ന് അദ്‌ഭുതം കൂറുകയല്ല പരിഹാരമാർഗം
      ആളുകളെ സ്ത്രീകളെയും പുരുഷന്മാരെയും ബോധവൽക്കരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്
അല്പം ക്ഷമയും സാവകാശവും വേണം അതിന് .വിട്ടു വീഴ്ചകൾക്ക് തയാറായാൽ പിടിവാശിയും ധാർഷ്ട്യവും ഒഴിവാക്കാൻ ബന്ധപ്പെട്ട എല്ലാവരും,എടുത്തു പറയട്ടെ എല്ലാവരും  തീരുമാനിച്ചാൽ മനസ്സുമടുപ്പിക്കുന്ന, കേരളം സംസ്കാരത്തിനു പേരുദോഷമുണ്ടാക്കുന്ന സംഭവങ്ങൾ ഒഴിവാക്കാൻ കഴിയും;ഇന്നല്ലെങ്കിൽ നാളെ പിതൃമേധാവിത്വത്തിന്റെ പ്രധാന ഉപകരണമായിരുന്ന  ഒരാനാചാരം അപ്രത്യക്ഷമാവുകയും ചെയ്യും  .ശരണാഗത വത്സലന്റെ സന്നിധാനം പങ്കിലമാകാതിരിക്കട്ടെ .സംക്രമ സന്ധ്യ ഗിരികന്യകയുടെ നെയ്ത്തിരിയാൽ പ്രശോഭിതവും പാവനവുമാവട്ടെ .
 
.










2018, നവംബർ 15, വ്യാഴാഴ്‌ച

"കാലംകളിൽ അവൾ വസന്തം ……"
-------------------------------------------------
പഴയ തമിഴ് സിനിമ എനിക്ക് അനുഭവ വേദ്യമായത് പാട്ടുകളിലൂടെയാണ് .ചന്ദ്രലേഖ ,ദേവദാസ് മുതൽ ഭിംസിംഗ് ചിത്രങ്ങളും തിരുവിളയാടലും കർണ്ണനും വരെ അവയുടെ രണ്ടാം റിലീസിൽ ഞാൻ കാണുകയും ചെയ്തു .അവയ്ക്കു ശേഷമുള്ളത് മിക്കവാറും അതാതു കാലത്തു തന്നെ കാണാൻ കഴിഞ്ഞിട്ടുണ്ട് .ഈ നൂറ്റാണ്ടിന്റെ തുടക്കം വരെ .
  തമിഴ് സിനിമയുടെ നടികയർ തിലകം ,മഹാനടി, സാവിത്രിയാണെന്നതിൽ ആർക്കെങ്കിലും തർക്കമുണ്ടെന്നു തോന്നുന്നില്ല .സുവിദിതമാണ് അത് .അത്രതന്നെ അറിയപ്പെടുന്നതാണ് അവരുടെ സ്വകാര്യ ജീവിതത്തിലെ പ്രശ്നങ്ങളും .സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുതെലുങ്കു  ചിത്രം നിർമ്മിക്കപ്പെട്ടിരിക്കുന്നു .മഹാനടി .അതിന്റെ മലയാളം ഡബ്ബിങ് ഞാൻ കണ്ടു .പടം എനിക്കിഷ്ടപ്പെട്ടു ;വളരെ ഇഷ്ടപ്പെട്ടു .
   വിജയവാഡയിൽ വല്യച്ഛന്റെ ഗ്രാമത്തിൽ കഴിഞ്ഞു കൂടിയ കുസൃതിക്കാരിയായ കൗമാരക്കാരി പതിനാലാം വയസ്സിൽ സിനിമയിലെത്തി ,അന്നത്തെ  ഒരു പക്ഷെ എന്നത്തേയും മികച്ച ദക്ഷിണേന്ത്യൻ നടനായ നാഗേശ്വര റാവുവുമൊത്ത് ദേവദാസിൽ അദ്‌ഭുതകരമായ അഭിനയം കാഴ്ചവെക്കുന്നു .തുടർന്നുണ്ടായത് ചരിത്രമാണ് .സ്വകാര്യ ജീവിതത്തിൽ ജെമിനി ഗണേശനുമായുള്ള പ്രണയം വിവാഹം കുടുംബജീവിതം ,ഈഗോ ക്‌ളാഷുകൾ അന്തച്ഛിദ്രങ്ങൾ ,മദ്യത്തിൽ അഭയം തേടൽ ...ഇവയൊക്കെ ഈ സിനിമ കലാ സൗകുമാര്യം നഷ്ടപ്പെടുത്താതെ സത്യസന്ധമായി തന്നെ ആവിഷ്കരിച്ചിട്ടുണ്ട് .ഒപ്പം സാവിത്രിയുടെ അധികം അറിയപ്പെട്ടിട്ടില്ലാത്ത ജീവകാരുണ്യ പ്രവർത്തനങ്ങളും .
    ഈ ചിത്രത്തിന്റെ വിജയത്തിന് ഏറ്റവും വലിയ സംഭാവന നൽകിയത് സാവിത്രിയുടെ ഭാഗം അഭിനയിച്ച കീർത്തി സുരേഷാണ് .കുസൃതി നിറഞ്ഞ കൗമാരം .അഭിനയ ചക്രവര്ത്ഥിനിയായുള്ള രാജ്യ ഭാരം ഒടുവിൽ കിരീടം നഷ്ടപ്പെട്ട് തന്റെ പഴയ രാജധാനിയിലൂടെ നഗ്നപാദയായുള്ള തിരിച്ചു നടപ്പ് ,മദ്യത്തിൽ തേടിയ അഭയ സ്ഥാനം -,കീർത്തി സാവിത്രിയായി അസാമാന്യമായ പാടവത്തോടെ പകർണ്ണാടിയിരിക്കുന്നു .
  ദുൽകർ സൽമാൻ  ജെമിനി ഗണേശന്റെ വേഷത്തിൽ സാമാന്യം നന്നായിട്ടുണ്ട്  .ദുൽക്കറിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കുന്നതു കൊണ്ടാവാം സാമാന്യം എന്ന വിശേഷണം വന്നു പോയത് .
   സാവിത്രിയുടെ ജീവചരിത്രാന്വേഷികളായ പത്രപ്രവർത്തക മിഥുനങ്ങളെ അവതരിപ്പിച്ച ചെറുപ്പക്കാരിയും ചെറുപ്പക്കാരനും നല്ല അഭിനയം കാഴ്ചവെച്ചു .
ഞാനിത് വീണ്ടും കാണും .വിശദമായി എഴുതുകയും ചെയ്യും .

  




2018, നവംബർ 12, തിങ്കളാഴ്‌ച

ഇരുളിൽ ഒരു ദീപാവലി
--------------------------------------
ദീപാവലി എന്നാൽ പലഹാരമെന്നായിരുന്നു ചെറുപ്പത്തിലെ ധാരണ ;മധുരപലഹാരമെന്നില്ല എന്തെങ്കിലും പലഹാരം .എല്ലാവീട്ടിലും എന്തെങ്കിലും പലഹാരം ദീപാവലി നാളിൽ ഉണ്ടാക്കുമായിരുന്നു .  അതൊരു സന്തോഷകരമായ കാര്യമായിരുന്നു ഞങ്ങൾ കുട്ടികൾക്ക്.സന്ധ്യക്ക് മിക്കവീടുകളിലും ദീപങ്ങൾ തെളിക്കുകയും ചെയ്തിരുന്നു ;പടക്കവും കമ്പിത്തിരിയുമൊന്നും പക്ഷെ പതിവുണ്ടായിരുന്നില്ല .
    വെളിച്ചത്തിന്റെയും ശബ്ദങ്ങളുടെയും ആഘോഷമാണ് ദീപാവലി എന്നു മനസ്സിലാലായത് കോളേജ് പഠനത്തിന് തിരുവനന്തപുരത്തെത്തിയപ്പോഴാണ് .കടുത്ത ശബ്ദങ്ങൾ അലോസരമുണ്ടാക്കിയിരുന്നെങ്കിലും പൂത്തിരികൾ വെളിച്ചം പരത്തുന്ന രാത്രികൾ ആഹ്ളാദകരങ്ങളായിരുന്നു .പക്ഷേ ഹോസ്റ്റലിൽ ചില വിരുതന്മാർ നടത്തിയിരുന്ന കുളിമുറിയിലെ പടക്കം പൊട്ടിക്കൽ പോലുള്ള പരിപാടികൾ ആ അനുഭവത്തിന്റെ ശോഭ കെടുത്തിയിരുന്നതായും ഓർക്കുന്നു .
        ഒരു ഉത്തരേന്ത്യൻ ദീപാവലി അനുഭവം മനസ്സിൽ മായാതെയുണ്ട് .രണ്ടു കൊല്ലം മദ്ധ്യ പ്രദേശിലെ ഒരു കേന്ദ്രീയ വിദ്യാലയത്തിൽ ജോലിചെയ്തിരുന്നു എന്റെ ഭാര്യ ,താപ്തിനദി യുടെ ഉത്ഭവ സ്ഥാനത്തിനടുത്തുള്ള മലഞ്ചെരുവിലെ ചെറിയ പട്ടണത്തിൽ .അവിടെ നിന്ന് കൊച്ചി റിഫൈനറിസ്‌കൂളിലെ ജോലി ഏറ്റെടുക്കാൻ യാത്രപുറപ്പെട്ടത് ഒരുദീപാവലി രാത്രിയിലാണ്  വെളുപ്പിനെത്തുന്ന ജയന്തിജനത കാത്ത് ഞങ്ങൾ രാത്രിമുഴുവൻ റെയിൽവേ സ്റ്റേഷനിലിരുന്നു .നഗരവും ചുറ്റുമുള്ള ഗ്രാമങ്ങളും പൂത്തിരികൾ കത്തിച്ച് ദീപാവലി ആഘോഷിക്കുകയായിരുന്നു .കാത്തിരിപ്പിനൊടുവിൽ അറിയിപ്പ് 'കൊച്ചിൻ  ഹാർബർ ടെര്മിനസിലേക്കും  മംഗലാപുരത്തേക്കും പോകുന്ന ജയന്തി ജനത എക്സ്പ്രസ്സ് യാത്ര പുറപ്പെടുകയായി '.നേരിയ മഞ്ഞിന്റെ മേൽമുണ്ടണിഞ്ഞ്  ഭൂമിയിലും ആകാശത്തും ദീപക്കാഴ്ചകളൊരുക്കി  സാത്പുരയുടെ താഴ്വര ഞങ്ങൾക്ക് യാത്രാ മംഗളം നേർന്നു 'ശുഭയാത്ര '
               ജീവിക്കാൻ വേണ്ടിയുള്ള ഓട്ടപ്പാച്ചിലായിരുന്നു പിന്നീട് ;ആഘോഷങ്ങൾക്കൊന്നും സമയമുണ്ടായിരുന്നില്ല .ഓണം പോലും ചടങ്ങായി മാറിയിരുന്നു .പക്ഷെ ഞാൻ പങ്കെടുക്കാതിരുന്ന ഒരു ദീപാവലി ആഹ്‌ളാദം പകർന്നുകൊണ്ട് ഇപ്പോഴും മനസ്സിൽ നിൽക്കുന്നു .
പത്തിരുപതു കൊല്ലം മുമ്പാണ് ഒരു നവംബറിൽ  പൂണിത്തുറ പ്രദേശത്തുള്ള ഒരു റോഡിലെ റെസിഡെന്റ്സ്  അസോസ്സി യേഷൻ ഉദ്ഘാടനം ചെയ്യാൻ .പോയി ..ഉദ്ഘാടനം ചെയ്യപ്പെടുന്ന സംഘം പ്രവർത്തിച്ചു തുടങ്ങി എന്ന് അവരുടെ പ്രസിഡന്റ്‌ പാസ്ടർ തോമസ് പറഞ്ഞു .തീവ്ര വിശ്വാസികളായ ഒരു പെന്ത ക്കോസ്തു വിഭാഗത്തിലെ മുഖ്യ ഉപദേ ശിയാണു പാസ്റ്റർ .അദ്ദേഹത്തിന്റെ വീടിന്റെ മുകൾനിലയിലുള്ള പ്രാർഥനാ ഹാളിൽ വെച്ചായിരുന്നു മീറ്റിംഗ് .അസോസിയേഷൻ പ്രവർത്തനം തുടങ്ങിയത് ഏതാനും ദിവസം മുമ്പ് ദീപാവലി നാൾ എല്ലാ വീടിന്റെ മുമ്പിലും ചെരാതുകൾ കത്തിച്ചു കൊണ്ടായിരുന്നുവെന്നും  പാസ്ടർ പറഞ്ഞു .ഒരു തരത്തിലുള്ള പ്രതീകാത്മക ആരാധനകളിലും വിശ്വസിക്കാത്ത ,മെഴുകുതിരി പോലും കൊളുത്താത്ത ഒരു മത വിഭാഗത്തിന്റെ മുഖ്യ പ്രചാരകനാണ് അതിനു മുൻകയ്യെടുത്തതെന്നു കേട്ടപ്പോൾ എനിക്ക് അമ്പരപ്പ് തോന്നി ഒപ്പം ആഹ്‌ളാദവും  .
എനിക്ക് കാര്യമായൊന്നും അന്ന് സംസാരിക്കാൻ കഴിഞ്ഞില്ല .'നിങ്ങൾ ഒരു തിരി തെളിച്ചപ്പോൾ ഒരായിരം  മനസ്സിലെ ഇരുട്ടാണ്‌ അകലുന്നത് .ഒരു പാടു തിരികൾ മനസ്സുകളിലെ ഇരുട്ടകറ്റി കൊണ്ട് തെളിഞ്ഞു കത്തട്ടെ 'എന്നൊ ക്കെയാണ് ഞാൻ പറഞ്ഞത് .അതവർക്ക് ഇഷ്ടപ്പെടുകയും ചെയ്തു . 'മണ്‍ ചിരാതുകൾ തോറും വിണ്ണിനെ ചൂണ്ടി കത്തുമാശ്രമ വിളക്കുകൾ'കൊളുത്തിയ ഋഷി വര്യന്മാരെ ഓർമ്മിപ്പിക്കുന്നു പാസ്റ്ററും സംഘവും മനസ്സുകളിൽ ഇരുൾ നിറയുന്ന ഈ കാലത്തും .
       കമ്പിത്തിരി കത്തിച്ച് ദീപാവലി ആഘോഷിച്ചു ഞങ്ങൾ ഇക്കുറി അമേരിക്കയിൽ വെച്ച് .ആ സമയത്തു തന്നെയായിരുന്നു ടി വിയിൽ ശബരിമല ലൈവ് കാണിച്ചു കൊണ്ടിരുന്നതും.ശരണം വിളികൾ കൊണ്ടു  മുഖരിതമായിരുന്നു എന്റെ  വൃശ്ചിക പുലരികൾ ബാല്യ കൗമാരങ്ങളിൽ .മലയിട്ടയാൾ അയ്യപ്പനും മറ്റുള്ളവ ,മനുഷ്യർ, ജീവജാലങ്ങൾ, അചേതന വസ്തുക്കൾ എല്ലാം സ്വാമിമാരുമാവുമായിരുന്നു അന്ന് .മറ്റു ഭക്തന്മാരിൽ നിന്ന് ശബരിമല അയ്യപ്പന്മാർക്കുള്ള വ്യത്യാസവും അതായിരുന്നു .പക്ഷെ ഇക്കഴിഞ്ഞ ദിവസം ശബരിമലയിൽ കണ്ടത് ആ സങ്കല്പവുമായി പൊരുത്തപ്പെടുന്നതായിരുന്നില്ലല്ലോ .വെളിച്ചത്തിന്റെ ഉത്സവം ആഘോഷിക്കുമ്പോഴും മനസ്സിൽ മൂടലുണ്ടായിരുന്നു .
       അല്പം ആശ്വാസം തോന്നിയത് ഹരിവരാസനം കേട്ടപ്പോളാണ് .സന്നിധാനത്ത് അവശേഷിച്ചിരുന്നവർ പോലീസ് അയ്യപ്പന്മാരുൾപ്പെടെ നിശ്ശബ്ദരായി ശ്രദ്ധാലുക്കളായി നിശ്ചലരായി നിന്നു .അന്തരീക്ഷത്തിൽ ലോകത്തിലെ ഏറ്റവും മനോഹരമായ പുരുഷ ശബ്ദത്തിൽ അയ്യപ്പൻറെ ഉറക്കു പാട്ട് .വിളക്കുകൾ ഓരോന്നായി അണഞ്ഞു .കലിയുഗ വരദന്റെ യോഗനിദ്ര 
     ഒരു സുപ്രഭാതത്തിലേക്കാവട്ടെ അയ്യപ്പൻ പള്ളിയുണരുക 











        

           





















     


2018, നവംബർ 8, വ്യാഴാഴ്‌ച

8-11-2018നോട്ടു നിരോധനത്തിന്റെ രണ്ടാം വാർഷികം .അത് അവശ്യംവേണ്ട ഒരു നടപടിയായിരുന്നുവെന്നു  രണ്ടു കൊല്ലം മുമ്പ് ഏതാണ്ടിതേസമയത്ത് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കേട്ടപ്പോൾ തോന്നി .ഇപ്പോഴും അത് തന്നെ തോന്നുന്നു .ഇന്ദിരാജിയുടെ ബാങ്ക് ദേശസാൽക്കരണത്തിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും വിപ്ലവകരമായ സാമ്പത്തിക നടപടിയാണ് അത് .ഇതു രണ്ടും ദീർഘകാലാടിസ്ഥാനത്തിൽ നമ്മുടെ സമ്പദ്‌വ്യവസ്ഥയെ സ്വാധീനിച്ചു കൊണ്ടിരിക്കും .എല്ലാ പണമിടപാടും കണക്കിൽ പെടുമെന്ന് തീർച്ചയുള്ള ഒരു സാമ്പത്തിക സമ്പ്രദായം ഉണ്ടാകുമ്പോഴേ നമ്മൾ പരിഷ്കൃതരാണെന്നഭിമാനിക്കാൻ കഴിയു .കള്ളപ്പണത്തിന്റെ സമൃദ്ധി വിഷമയമാണ് .അത് തുടച്ചു നിൽക്കുന്നതിന് ഒരു വിലയും അധികമല്ല .
      വോട്ടും സീറ്റും നോക്കാതെ  ശരിയാണെന്നു ബോദ്ധ്യമുള്ള കാര്യങ്ങൾ നടപ്പാക്കുകയാണ് സ്വധർമ്മമെന്നു കരുതുന്ന ഭരണാധികാരിയോട് അതു മുഖ്യമന്ത്രിയായാലും പ്രധാന മന്ത്രിയായാലും എനിക്ക് ബഹുമാനമാണ് ;കോടിയുടെ നിറം അവിടെ പ്രസക്തമേയല്ല


2018, നവംബർ 3, ശനിയാഴ്‌ച

നിഷേധിയെ ഓർമ്മിക്കുമ്പോൾ
---------------------------------------------------
പതിനഞ്ചു വര്ഷം മുമ്പ് കൃത്യമായി പറഞ്ഞാൽ 2003 നവംബർ 3 പൂർവാഹ്നത്തിൽ ഈപ്പച്ചൻ(Eapen Ninan )ഫോണിൽ  വിളിച്ചു ചോദിച്ചു ,പ്രസാദ് സാർ മരിച്ച വിവരം സാർ അറിഞ്ഞോ എന്ന് .വാർത്ത തീരെ അപ്രതീക്ഷിതമായിരുന്നില്ല .നരേന്ദ്രപ്രസാദ് ഗൗരവമുള്ള രോഗം ബാധിച്ച് ആശുപത്രിയിലായിരുന്നുവെന്നെനിക്കറിയാമായിരുന്നു .
             1961 ജൂൺ മാസത്തിൽ പന്തളം എൻ എസ് എസ് കോളേജിന്റെ പോർട്ടിക്കോയിൽ വെച്ചാണ് ഞാൻ നരേന്ദ്ര പ്രസാദിനെ ആദ്യം കാണുന്നത് .അവിടെ പ്രീ യൂണിവേഴ്സിറ്റി ക്ക് ചേർന്നതായിരുന്നു ഞങ്ങൾ .അതിനു മുമ്പ് തന്നെ ഞങ്ങൾക്ക് പരസ്പരം കേട്ടറിവുണ്ടായിരുന്നു .എന്തായാലും അക്കാലത്തു ഞങ്ങൾ വളരെയൊന്നും അടുത്തിടപഴകിയിരുന്നില്ല .പ്രീ കഴിഞ്ഞ് രണ്ടു കോളേജുകളിലായി ,വളരെ വിരളമായേ വിദ്യാഭ്യാസ കാലത്തു ഞങ്ങൾ തമ്മിൽ കണ്ടിരുന്നുള്ളൂ .എന്നാൽ പിന്നീട് ജോലി കിട്ടി തിരുവനന്തപുരത്തെത്തിയ ഞങ്ങൾ ഇടയ്ക്കിടെ കാണുകയും സംസാരിക്കുകയും പതിവായി .വാസുവണ്ണന്റെ (അന്തരിച്ച ശ്രീ കളർകോട് വാസുദേവൻ നായർ )വീട്ടിൽ വെച്ചും കോഫീ ഹൌസിൽ വെച്ചും  മറ്റും .മിക്കവാറും സാഹിത്യം മാത്രമായിരുന്നു ഞങ്ങളുടെ ചർച്ചാ വിഷയം .രാഷ്ട്രീയ ചർച്ചകളിൽ വിമുഖനായിരുന്നു പ്രസാദ് .വീട്ടു കാര്യങ്ങൾ തീരെ ഒഴിവാക്കിയിരുന്നു .
   എഴുതാൻ തുടങ്ങിയിരുന്നു പ്രസാദ് അക്കാലത്തു തന്നെ .വലിയ രചനകൾ പ്രോമിസ് ചെയ്യുന്നുണ്ട് പ്രസാദ് എന്ന് അന്ന് വാസുവണ്ണൻ പറയാറുണ്ടായിരുന്നു .
       താമസിയാതെ ഞങ്ങൾ രണ്ടു വഴിക്ക് പിരിഞ്ഞു .ഞാൻ എറണാകുളത്തിന് പോയി .പ്രസാദ് സാഹിത്യ വിമര്ശകനായി ,നാടക കൃത്തും നാടക സംവിധായകനുമായി ,സ്കൂൾ ഓഫ് ലെറ്റേഴ്സിന്റെ മേധാവിയായി ,പരിചയക്കാരെ ഒക്കെ അമ്പരപ്പിച്ചു കൊണ്ട് സിനിമാ നടനായി .ഇടയ്ക്ക് വല്ലപ്പോഴും കാണുമ്പോഴൊക്കെ തുറന്ന ചിരിയോടെ കുശലം പറയാൻ മടിച്ചിരുന്നില്ല പ്രസാദ് .ഏറ്റവും ഒടുവിൽ കണ്ടത് എറണാകുളം പബ്ലിക് ലൈബ്രറി ഹാളിൽ വെച്ചായിരുന്നു ഫെമിനിസ്റ്റുകളുടെ ഒരു മീറ്റിംഗിലെ ക്ഷണിക്കപ്പെട്ട ഒരു സദസ്യനായിരുന്നു ഞാൻ .ചടങ്ങിലെ മുഖ്യാതിഥി അപ്പോഴേക്കും സിനിമാ നടനായിക്കഴിഞ്ഞിരുന്ന നരേന്ദ്ര പ്രസാദായിരുന്നു .നേരില്കാണാനോ സംസാരിക്കാനോ ശ്രമിച്ചില്ല എന്ന് കുറ്റബോധത്തോടെ ഞാൻ ഓർക്കുന്നു .പിന്നീട് വെള്ളിത്തിരയിലേ പ്രസാദിനെ ഞാൻ കണ്ടിട്ടുള്ളു .
          മലയാള ആധുനികതയുടെ നിരൂപകരിൽ പ്രഥമ ഗണനീയൻ നരേന്ദ്രപ്രസാദ് ആണെന്നാണ് എന്റെ അഭിപ്രായം .അപ്പൻ ,രാജകൃഷ്ണൻ ,രാജീവൻ ഇവരോടൊക്കെ യാതൊരനാദരവുമില്ലാതെയാണിതു പറയുന്നത് .കാരണമുണ്ട് .സാഹിത്യ സാമൂഹ്യ രംഗങ്ങളിലെ ഗതാനുഗതികത്വത്തെ നിഷേധിച്ചു കൊണ്ടും നിശിതമായി വിമര്ശിച്ചുകൊണ്ടുമാണ് പ്രസാദ് രംഗത്തെത്തിയത് .താൻ കൂടി വളർത്തിയെടുത്ത ആധുനികതാ പ്രസ്ഥാനം സ്വയം ഒരു യാഥാസ്ഥിതികത്വം ആയി മാറുന്നുവെന്നു തോന്നിയപ്പോൾ അതിനെയും നിർദ്ദയമായി വിമർശിക്കാൻ അദ്ദേഹം മടിച്ചില്ല .ആധുനികതയുടെ ചുവന്ന വാൽ  തുടങ്ങിയ ലേഖനങ്ങൾ നോക്കുക .നാടകത്തിലെയും ആധുനികതയുടെ കപടമുഖങ്ങളെ നിശിതമായി വിമർശിക്കാനും തുറന്നു കാട്ടാനും നരേന്ദ്രപ്രസാദ് മടിച്ചില്ല .സാമൂഹ്യ വിമര്ശനത്തിലാവട്ടെ ,'ജാതി പറഞ്ഞാലെന്ത് ?എന്നുറക്കെ ചോദിക്കുവാൻ നരേന്ദ്രപ്രസാദ് ധൈര്യം കാണിച്ചു  .
     നരേന്ദ്രപ്രസാദ് സ്വയം നിഷേധി എന്നു വിളിച്ചു .നിഷേധികളെ മനസ്സിലാക്കുക എന്നു കല്പിച്ചു .സിനിമയിൽ മാത്രം പ്രസാദ് അദ്ദേഹം തന്നെ ഇടയ്ക്കിടെ പറയാറുണ്ടായിരുന്നതു പോലെ വേതനം പറ്റുന്ന ഒരു തൊഴിലാളി മാത്രമായിരുന്നു .ഒരു പുതിയ സിനിമക്ക് വേണ്ടി അദ്ദേഹം ശ്രമിച്ചില്ല.
       സാഹിത്യം സാമൂഹ്യ ശാസ്ത്രം  നാടക രചന സംവിധാനം ,സിനിമ ഈ ഭൂമികകളിലൂടെ ഈ നിഷേധി നടത്തിയ തേരോട്ടങ്ങളെ സമഗ്രമായി പഠനവിധേയമാക്കണമെന്നും രേഖപ്പെടുത്തണമെന്നും ഒരാഗ്രഹം ഞാൻ കുറേനാളായി വെച്ചുപുലർത്തുന്നു ..ഒരു പഴയ പരിചയക്കാരന്റെ സ്മരണാഞ്ജലിയായി .ആഗ്രഹങ്ങൾ കുതിരകളായിരുന്നുവെങ്കിൽ ……

 























.

2018, ഒക്‌ടോബർ 30, ചൊവ്വാഴ്ച

ക്രിട്ടിക് ഓഫ് പൊളിറ്റിക്കൽ എക്കണോമി എന്ന കൃതിയുടെ ആമുഖത്തിൽ മാർക്സ് പറയുന്നുണ്ട് 'നിയമങ്ങളും ആചാരങ്ങളും സാമൂഹ്യമായ ഉപോല്പന്നങ്ങളാണെന്ന് (cults and laws are social by-products ) .സാമൂഹ്യപുരോഗതിയുടെ ഓരോ ഘട്ടത്തിലും അപ്പോഴത്തെ വ്യവസ്ഥിതിയുടെ നിലനില്പിനാവശ്യമായ നിയമങ്ങളെപ്പോലെ തന്നെ ആചാരങ്ങളും നിലവിൽ വന്നിട്ടുണ്ടാകും .അവയിലേതെങ്കിലും സാമൂഹ്യ പ്രക്രിയക്ക് തടസ്സമാവുന്നു എന്ന് വരുമ്പോൾ അവ മാറ്റപ്പെടും സാമൂഹ്യ പ്രക്രിയയിലൂടെ തന്നെ .ചുരുക്കത്തിൽ സാമൂഹ്യമായി നിർണയിക്കപ്പെടുന്നത് സാമൂഹ്യമായിത്തന്നെ സാമൂഹ്യപ്രക്രിയയിലൂടെയേ മാറ്റാൻ കഴിയൂ .ഭരണകൂടത്തിന്റെയും കോടതിയുടെയും മറ്റും പ്രവർത്തനങ്ങൾ ആ പ്രക്രിയയുടെ  ഒരു ഭാഗം മാത്രമാണ് .സമൂഹത്തിനെ മാറ്റങ്ങൾക്ക് പ്രാപ്തമാക്കുന്ന പ്രക്രിയയെ നമ്മൾ നവോത്ഥാനം എന്ന് വിളിക്കുന്നു .അതിനു നേതൃത്വം കൊടുക്കുന്നവരെ നവോത്ഥാന നായകർ എന്നും .ഭരണകർത്താക്കളും ന്യായാധിപന്മാരും ഇവർക്ക് പിന്നാലെയാണ് രംഗത്തു വരേണ്ടത് . റാം മോഹൻ റോയിക്ക് പിന്നാലെ ബെന്റിക് പ്രഭുവും അയ്യൻകാളിക്ക് പിന്നാലെ തിരുവിതാംകൂർ ഭരണ കൂടവും വന്നത് പോലെ

2018, ഒക്‌ടോബർ 16, ചൊവ്വാഴ്ച

ദേവാസുരം
അമ്മയുടെ പ്രസിഡന്റ് നടിമാർ എന്നാണു ഞങ്ങളെ വിശേഷിപ്പിച്ചത് മൂന്നു പേരുകൾ പറയാൻ അയാൾക്ക് ...അങ്ങേർക്ക് കഴിയാത്തതെന്താണ് ---w cc യുടെ നേതാവ്  ചോദിക്കുന്നു ,വികാരഭരിതയായി  കുപിതയായി ഹ ർട്   ആയി (അവരുടെ തന്നെ വാക്കുകൾ ) താങ്കളും പേര് പറഞ്ഞില്ലല്ലോ .എന്ന് മാത്രമല്ല പൊതുവേദിയിലെ  മര്യാദ അനുസരിച്ച് അദ്ദേഹമെന്ന് പോലും പറഞ്ഞില്ല .ആ നിലക്ക് പ്രസിഡന്റിനെ കുറ്റം പറയുന്നതിൽ എന്തർത്ഥം ?(മുൻ ഫീൽഡ് മാർഷൽ സ്വയം പട്ടാളക്കാരൻ(soldier)  എന്നാണു വിശേഷിപ്പിച്ചിരുന്നത് )
   തൊഴിലെടുത്തു ജീവിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട് .കുറ്റാരോപണം അതിനു തടസ്സമല്ല ആരോപിതനായ നടനെ വെച്ച് സിനിമ ചെയ്യുന്നത് പാപമാണെന്നു പറയുന്നവർ സ്വന്തം വാദ ഗതികളെ തന്നെ നിരാകരിക്കുകയാണ് .
      ഒരു സംഘടനയിൽ നിന്ന് തെറ്റിപ്പിരിഞ്ഞു പോകുന്നവർക്കു മാത്രമല്ല അഭിപ്രായ സ്വാതന്ത്ര്യം ഭരണ ഘടന വാഗ്ദാനം ചെയ്തിരിക്കുന്നത് .സംഘടനയിൽ തന്നെ നിൽക്കുന്നവർക്കും അഭിപ്രായം പറയാം .അവരെല്ലാം ആരുടെയെങ്കിലും താളത്തിനൊത്തു തുള്ളുന്നവരും ഞങ്ങൾ മാത്രം അഭിപ്രായ ധീരരാരും എന്ന് പറയാൻ നിങ്ങള്ക്ക് സ്വാതന്ത്ര്യമുണ്ട് .അതു ബാലിശമാണെന്നു പറയാൻ ഞങ്ങൾക്കും

2018, ഒക്‌ടോബർ 11, വ്യാഴാഴ്‌ച

ഇറങ്ങിയ കാലത്ത് മിസ് ചെയ്ത നല്ല സിനിമകളിലൊന്നാണ് 'ഓർമക്കായി '.കഴിഞ്ഞ ദിവസം വിജയൻറെ എഫ് ബി കുറിപ്പിൽ ആ സിനിമയെ കുറിച്ചു പറഞ്ഞിരുന്നല്ലോ .യു ട്യൂബിൽ ഇന്ന് അതു കണ്ടു .നല്ല സിനിമ .ഗോപിയുടെയും മാധവിയുടെയും വേണുവിന്റെയും മികച്ച അഭിനയം .പക്ഷെ ഈ കുറിപ്പ് ആ സിനിമയെ കുറിച്ചല്ല  .എൺപതുകളിലെ സിനിമകൾ വീണ്ടും കാണുമ്പോൾ മനസ്സിൽ തോന്നുന്ന മറ്റൊരു കാര്യം പറയട്ടെ
     മലയാള സിനിമാ രചയിതാക്കളുടെ കാര്യം പറയുമ്പോൾ എം ടി ,പത്മ രാജൻ എന്നീ പേരുകൾ കഴിഞ്ഞാൽ നമ്മൾ നേരെ ലോഹിതദാസിലേക്കു പോവുകയാണ് പതിവ് .യാത്ര ,മിഴിനീർപ്പൂക്കൾ ,രചന തുടങ്ങിയ നിരവധി മികച്ച ചിത്രങ്ങളുടെ രചയിതാവായ ജോൺ പോളിനെ എന്തുകൊണ്ടോ നമ്മൾ ഓർക്കാറില്ല .സോഷ്യൽ സിനിമകൾ കൂടാതെ അതിരാത്രം എന്ന അതീവ ജനപ്രീതി നേടിയ ഒരു ആക്ഷൻ ചിത്രവും അദ്ദേഹത്തിന്റെ പേരിലുണ്ട് .ഓർമക്കായി എഴുതിയതും ജോൺ പോളാണ് ..നമ്മുടെ മുൻ നിര തിരക്കഥാകൃത്തുക്കളുടെ കൂട്ടത്തിലാണ് ജോൺ പോളിന്റെയും സ്ഥാനം


2018, ഒക്‌ടോബർ 4, വ്യാഴാഴ്‌ച

രാജാവിന്റെ മകനും മറ്റും
--------------------------------------------

ഞാൻ കണ്ടിട്ടുള്ളതിൽ  വെച്ച്  ഏറ്റവും നല്ല സിനിമകളിൽ ഒന്നാണ് തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ,മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച രാജാവിന്റെ മകൻ .കഴിഞ്ഞ ഏഴെട്ടു കൊല്ലങ്ങളിൽ ലോകത്തിലെ പേരുകേട്ട ഒട്ടനവധി സിനിമകൾ കാണാൻ എനിക്കവസരമുണ്ടായി .ഇപ്പോഴും ഞാൻ പറയുന്നു ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് രാജാവിന്റെ മകൻ .അതൊരു മികച്ച സിനിമയാവുന്നത് എന്തുകൊണ്ടെന്നും വിശദീകരിക്കാം .
    ഒരു അധോലോകനായകൻ എന്നതല്ല അതിലെ മുഖ്യ കഥാപാത്രത്തിന്റെ സവിശേഷത .കൊല്ലും കൊലയും കൊണ്ട് സമ്പത്തും അധികാരവും നേടിയിട്ടും ആഗ്രഹിച്ചത്-സമാധാനപൂർണമായ ഒരു ജീവിതം -കിട്ടാതെ പോയ ഒരു യുവാവിന്റെ ആത്മ സംഘർഷങ്ങളുടെ കഥയാണ് ഈ സിനിമയിൽ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നത് .കുട്ടിയെ തട്ടിക്കൊണ്ടുപോയവരുമായുള്ള സംഘട്ടനം മുതൽ രാഷ്ട്രീയ നേതൃത്വവുമായുള്ള മത്സരം വരെയുള്ളതെല്ലാം ഈ മുഖ്യ ഭാവത്തിന്റെ ഉദ്ദീപന വിഭാവങ്ങളാണ് ,നായികയുടെ പൂർവകഥ ഉൾപ്പെടെ .അർത്ഥവത്തായ ദൃശ്യങ്ങളിലൂന്നിയുള്ള ചടുലമായ ആഖ്യാനം ചിത്രത്തെ അത്യന്തം ഹൃദയകാരിയാക്കിയിരിക്കുന്നു .രാജാവിന്റെ മകന് നല്ലചിത്രത്തിനും അതിന്റെ സംവിധായകൻ തമ്പി കണ്ണന്താനത്തിനു നല്ല സംവിധാനത്തിനും ഉള്ള അവാർഡുകൾ കിട്ടാത്തതിനു കാരണം നമ്മുടെ സിനിമാ  പണ്ഡിതന്മാരുടെ അന്ധവിശ്വാസമാണ് ;റേ ചിത്രങ്ങളെയോ പടിഞ്ഞാറൻ ന്യൂ വേവ് സിനിമകളെയോ അനുകരിച്ച് നിർമ്മിക്കപ്പെടുന്ന സിനിമകൾ മാത്രമേ അവാർഡ് അർഹിക്കുന്നുള്ളു എന്ന അന്ധവിശ്വാസം .
    തമ്പി കണ്ണന്താനം വിടപറഞ്ഞ വാർത്ത കേട്ടപ്പോൾ മനസ്സിൽ തോന്നിയ കാര്യങ്ങൾ എഴുതിപ്പോയതാണ് .നന്ദി സുഹൃത്തേ എട്ടു പത്തു പ്രാവശ്യം കണ്ടിട്ടും വീണ്ടും കാണണമെന്ന തോന്നലുണ്ടാക്കുന്ന ആ മനോഹര സിനിമയ്ക്ക് ,ഭേദപ്പെട്ട മറ്റു കുറെ ചിത്രങ്ങൾക്കും .

2018, ഒക്‌ടോബർ 2, ചൊവ്വാഴ്ച

ഒക്ടോബർ 2 ,2018

ഇന്നും തുടരുന്ന ഇന്ത്യൻ പ്രവാസത്തിന്റെ ശ്രുങ് ഖലയിലെ ഒരു കണ്ണിയായിരുന്നു മോഹൻദാസ് കരംചന്ദ് ഗാന്ധിയും .കൂടുതൽ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾക്കും വേതനത്തിനും വേണ്ടിയാണ് ബാരിസ്റ്റർ ഗാന്ധി 1893 ൽ തന്റെ 24 ആമത്തെ വയസ്സിൽ ദക്ഷിണാഫ്രിക്കയിലേക്ക് പോയത് .ആദ്യമായി കോടതിയിലെ ത്തിയ ഇന്ത്യൻഅഭിഭാഷകനോട് തലപ്പാവ് മാറ്റാൻ ജഡ്ജി ആവശ്യപ്പെട്ടു .ഗാന്ധി അതു നിഷേധിച്ചു .മഹാസാമ്രാജ്യത്തെ മുട്ടുകുത്തിച്ചു നിയമ നിഷേധത്തിന്റെ തുടക്കം അതായിരുന്നു .അധികം താമസിയാതെ പ്രസിദ്ധമായ റെയിൽവേ സ്റ്റേഷൻ സംഭവം .അഭിഭാഷകൻ എനന്നതിനുപരി ഒരു പൗരാവകാശനേതാവായി ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാർ ഗാന്ധിയെ തിരിച്ചറിയാൻ തുടങ്ങി .അവരുടെ പ്രസ്ഥാനത്തിന്റെ നേതാവായിരിക്കണമെന്ന് അവർ ഏകകണ്ഠമായി അദ്ദേഹത്തോടാവശ്യപ്പെട്ടു .മടക്കയാത്ര വേണ്ടെന്നു വെച്ച് 21 കൊല്ലം ,1914 വരെ അദ്ദേഹം ദക്ഷിണാഫ്രിക്കയിൽ തുടർന്നു .തന്റെ സമരസിദ്ധാന്തങ്ങളെ റസ്കിന്റെയും തോറോയുടെയും സിവിൽ നിയമലംഘന തത്വങ്ങളുമായി സമന്വയിപ്പിച്ച് സത്യാഗ്രഹം എന്ന സമര രീതി വികസിപ്പിച്ചെടുത്തു ഫലപ്രദമായി പരീക്ഷിച്ചു വിജയിപ്പിച്ചു .തന്റെ നാടിനു സ്വാതന്ത്ര്യം നേടിക്കൊടുത്തു .ദക്ഷിണാഫ്രിക്കയിലെ ജനങ്ങൾ സ്വാതന്ത്ര്യം നേടുന്നതിനും അമേരിക്കയിലെ കറുത്ത വർഗ്ഗക്കാർ അടിമത്തത്തിന്റെ അവശിഷ്ടങ്ങൾ തുടച്ചുമാറ്റുന്നതിനും ഉപയുക്തമാക്കിയ ഈ സമരരീതി മാത്രമാണ് ഇന്ന് ലോകത്തിലെ അവശത അനുഭവിക്കുന്ന ഏതു ജനതയുടെയും മുമ്പിലുള്ളത് .
       ഗാന്ധിജിയുടെ 150 ആം ജന്മദിനമാണ് പുലരുന്നത് .ഈ അവസാനത്തെ ആളിനും നീതി ലഭിക്കുന്ന ഒരു അവസ്ഥ ലോകത്ത് എന്നെങ്കിലുമൊരിക്കൽ സംജാതമാവുമെന്നു പ്രതീക്ഷിക്കുക ;അതാവട്ടെ ഈ ഗാന്ധിജയന്തിയിലെ  ആശംസ








2018, സെപ്റ്റംബർ 25, ചൊവ്വാഴ്ച

24-9-2018
                   ഭാവി കാര്യങ്ങൾ
                  -----------------------------
2016 ൽ പുറത്തിറങ്ങിയ ഫ്രഞ്ച് ആർട് ഹൌസ് സിനിമയാണ്Things to come തിങ്ങ്സ് ടു കം (ഫ്രഞ്ച് ലവനിർ ,ഭാവി ).ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും നല്ല സംവിധാനത്തിനുള്ള സിൽവർ  ബെയറിന് മിയ ഹാൻസൺ ലോവിനെ അർഹയാക്കിയ ചിത്രം .പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഇസബെല്ല ഹൂപ്പർട്ടിന് നിരവധി അവാർഡുകളും ലോകത്തെ ഏറ്റവും മികച്ച അഭിനേത്രികളിൽ ഒരാളെന്ന നിരൂപക പ്രശംസയും ഈ ചിത്രം നേടിക്കൊടുത്തു  .
    മദ്ധ്യവയസ്സുകാരിയായ ഫിലോസഫി പ്രൊഫസർ നതാലി ചാഷെയുടെ ജീവിതം സാധാരണവും സന്തുഷ്ടവുമായിരുന്നു .ഫിലോസഫി പ്രൊഫസ്സർ തന്നെയായ ഭർത്താവ് ഹൈൻസ്, മുതിർന്നഒരു മകനും മകളും ,മറ്റൊരു വീട്ടിൽ താമസിക്കുന്ന  നിർബന്ധ ബുദ്ധിയുടെ ആശാട്ടിയായ അമ്മ ,അവരുടെ തടിച്ചി പൂച്ച  പണ്ടോറ ,ഇടക്കൊക്കെ കാണാൻ വരുന്ന  പ്രിയങ്കരനായ മുൻവിദ്യാർത്ഥി അരാജകവാദിയെന്നവകാശപ്പെടുന്ന ഫാബിയൻ ,ഇടപെടാൻ പ്രയാസമുള്ള പുസ്തക പ്രസാധകർ ,സമരം ചെയ്യുന്ന വിദ്യാർത്ഥികൾ ,നിരന്തരമായി തത്വ ശാസ്ത്രം ചർച്ച ചെയ്യുന്നവർ അങ്ങിനെ അങ്ങിനെ --അപ്പോഴാണ് ഓർക്കാപ്പുറത്ത് ഭർത്താവു പറയുന്നത് താൻ തന്റെ കാമുകിക്കൊപ്പം വേറെ താമസിക്കാൻ പോവുകയാണെന്ന് .
         ഭർത്താവു പോയി ,അമ്മ മരിച്ചു ,മക്കൾ അവരുടെ കാര്യം നോക്കി പോയി ,ശിഷ്യൻ അരാജക വാദികളായ മറ്റു ചിലർക്കൊപ്പംമലനിരകളിലുള്ള   ഒരു കമ്മ്യുണിൽ താമസമാക്കി.ഈ ശിഷ്യനും അധ്യാപികയും തമ്മിലുള്ള ബന്ധത്തിന് ഒരു റൊമാൻസിന്റെ  ഛായയുണ്ട്, തത്വ ശാസ്ത്രക്കാർ പറയുന്ന  യാഥാർഥ്യമാവാത്ത ഒരാശയം പോലെ .,അയാൾ കൂട്ടത്തിൽ ഒരുവളെ വിവാഹം കഴിച്ചു .പ്രൊഫസർക്ക് അനുയോജ്യനായ ഒരാൾ കൂട്ട് വരുമെന്ന അയാളുടെ ആശംസ പക്ഷേ സഫലമായില്ല .
         എല്ലാബന്ധങ്ങളും അവസാനിച്ചു കഴിഞ്ഞപ്പോൾ ,പൂച്ചയെപ്പോലും  ഉപേക്ഷിച്ചു കഴിഞ്ഞപ്പോൾ താനെന്തെന്നില്ലാത്ത സ്വാതന്ത്ര്യം അനുഭവിക്കുകയാണെന്നു റൂസ്സോയുടെ ആരാധികയായ    പ്രൊഫസർ പറയുന്നു .എല്ലാ ബന്ധങ്ങളും നിലനിന്നപ്പോഴും അവരൊരു ഏകാന്തപഥിക  യായിരുന്നു എന്നതാണ് സത്യം .ആൾ ബഹളങ്ങൾക്കിടയിലും ഏകാകിനിയായി അവർ നടത്തുന്ന യാത്രയുടെ ഹൃദ്യമായ ആവിഷ്കാരത്തിനു രണ്ടു സ്ത്രീകളോടു നന്ദി പറയേണ്ടതുണ്ട് ;നടി ഇസബെല്ലാ ഹ്യൂപെർട്ടിനോടും സംവിധായിക മിയ ഹാൻസെൻ ലോവിനോടും .
     തനിച്ചായിരിക്കുവാൻ കാലം ആരെയും അനുവദിക്കുകയില്ല .ആയിടെ പിറന്ന ,മകളുടെ കുട്ടിയെ കയ്യില്ലെടുത്ത് പാട്ടു പാടി ഓമനിക്കുന്ന പ്രൊഫസ്സർക്കു ചുറ്റും ക്രിസ്തുമസ്സ് വിളക്കുകൾ തെളിയുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്




















 

2018, സെപ്റ്റംബർ 21, വെള്ളിയാഴ്‌ച

തോറ്റ ചരിത്രം കേട്ടിട്ടില്ല
----------------------------------------
1969 ജൂലൈ 18 നു ജോലിയിൽ പ്രവേശിക്കാൻ വേണ്ടി എ ജി സ് ഓഫീസിന്റെ പ്രധാന ഗേറ്റു കടക്കുമ്പോൾ അവിടെ മുദ്രാവാക്യമുഖരിതമായ ഒരു സ്വീകരണം നടക്കുന്നുണ്ടായിരുന്നു .1968 സെപ്റ്റംബർ 19 നു നടന്ന അഖിലേന്ത്യാ സൂചനാ പണിമുടക്കിനെ തുടർന്ന് പുറത്താക്കപ്പെട്ട എല്ലാവരെയും തിരിച്ചെടുത്തു ബാച്ചുകളായി .വീരോചിതമായ സ്വീകരണം നൽകിയാണ് സഹപ്രവർത്തകർ അവരെ വരവേറ്റത് .അതിൽ ഒരു സംഘം അന്ന് തിരികെ വരികയാണ് .അവർക്കു നൽകിയ വരവേൽപ്പായിരുന്നു ഞങ്ങൾ  ഗേറ്റിൽ കണ്ടത് .
   68 സെപ്റ്റംബറിലെ സൂചനാ പണിമുടക്കിനെക്കുറിച്ച് അന്ന് തൊഴിലന്വേഷകനായിരുന്ന ഞാൻ കേട്ടിരുന്നു പോസ്റ്റൽ വകുപ്പിൽ ജോലിയുണ്ടായിരുന്ന സുഹൃത്തുക്കളിൽ നിന്ന് .ആവശ്യാധിഷ്ഠിത മിനിമം വേതനം എന്നതായിരുന്നു സമരത്തിലെ മുഖ്യ ഡിമാൻഡ് .എന്നുവെച്ചാൽ ഏറ്റവും കുറഞ്ഞ ശമ്പളം അഞ്ചംഗങ്ങളുള്ള ഒരു കുടുംബത്തിന് ജീവിക്കാൻ മതിയാവുന്നതാവണം .ഈ ആവശ്യം ആദ്യമായി ഉന്നയിക്കപ്പെട്ടത് 1960 ഇലാണ് .അതായിരുന്നു60 ജൂലൈ 11 -12 അർദ്ധരാത്രിക്കാരംഭിച്ച കേന്ദ്രഗവൺമെന്റ് ജീവനക്കാരുടെ സമരത്തിലെ മുഖ്യ ഡിമാൻഡ്  .അതിനേതാനും വർഷം  മുമ്പ് അ ഖിലേന്ത്യ ലേബർ കോൺഫറൻസ് ആവശ്യാധിഷ്ഠിത മിനിമം വേതനം 125 രൂപാ എന്നു നിജപ്പെടുത്തിയിരുന്നു .ഗവണ്മെന്റ് നിയമിച്ച രണ്ടാം ശമ്പളക്കമ്മീഷൻ പക്ഷേ ആ നിർദ്ദേശം സ്വീകരിച്ചില്ല .80 രൂപയാണ് ഏറ്റവും കുറഞ്ഞ പ്രതിമാസ വേതനമായി അവർ ശുപാർശ ചെയ്തത് .ഗവണ്മെന്റ് ആ ശുപാർശ അംഗീകരിച്ചു .ആ തീരുമാനത്തിനെതിരെ കേന്ദ്ര ജീവനക്കാർ അനിശ്ചിത കാല പണിമുടക്കാരംഭിച്ചു 60 ജൂലൈ 12 മുതൽ .
          ഫാസിസ്റ്റുകളെ നാണിപ്പിക്കുന്ന അടിച്ചമർത്തൽ മുറകളാണ് കേന്ദ്ര ഗവണ്മെന്റ് ജീവനക്കാർക്കെതിരെ പ്രയോഗിച്ചത് .പൂർണപങ്കാളിത്തമുണ്ടായിട്ടും ജീവനക്കാർക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല ,ഒന്നും നേടാനാവാതെ അഞ്ചാം ദിവസം സമരം പിൻവലിക്കേണ്ടി വന്നു .ആയുഷ്‌ക്കാല ഇൻക്രിമെന്റ് ബാർ തുടങ്ങിയ കഠിന ശിക്ഷകളാണ് മടങ്ങിയെത്തിയ ജീവനക്കാരെ കാത്തിരുന്നത് .ഇരിപ്പടങ്ങളിലേക്കു പോകും മുമ്പ് ഓഫീസ് മേധാവിയുടെ അദ്ധ്യക്ഷതയിൽ മുതിർന്ന ഉദ്യോഗസ്ഥന്മാരടങ്ങുന്ന ഒരു സംഘത്തിന്റെ അവമാനകരമായ വിചാരണ നേരിടേണ്ടതുമുണ്ടായിരുന്നു .
     പലരെയും തിരികെ പ്രവേശിപ്പിച്ചില്ല .
 പൊടുന്നനെ ജീവിത മാർഗ്ഗം നഷ്ടപ്പെട്ട അവരെ സഹായിക്കാൻ പൂർണമായും തകർന്നു കഴിഞ്ഞിരുന്ന സംഘടനക്ക് കഴിഞ്ഞതുമില്ല  .എന്തെങ്കിലും തരത്തിലുള്ള സഹായനിധി രൂപീകരണം കുറ്റകരമാക്കി ഉത്തരവിറക്കിയിരുന്നു .അത് ലംഘിക്കാൻ ആർക്കും ധൈര്യം ഉണ്ടായില്ല .കക്ക നീറ്റിയും പട്ടിക്കുഞ്ഞുങ്ങളെ വിറ്റും നിത്യ ചെലവു കഴിക്കേണ്ടി വന്ന നാളുകളെക്കുറിച്ച് ദീർഘ കാലത്തിനു ശേഷം ഓഫീസിൽ തിരികെ എത്തിയ അവരിൽ ചിലർ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട് .തിരികെ വരാൻ വേണ്ടി ചില വിട്ടു വീഴ്ചകൾക്ക് അവർ തയാറായിട്ടുണ്ടാവാം .പുനരുജ്ജീവിക്കപ്പെട്ട സംഘടനയും ഇവരും തമ്മിലുള്ള അകൽച്ചക്കു കാരണം ഒരു പക്ഷേ ഇതായിരിക്കുമെന്നു ഞാൻ ഊഹിക്കുന്നു .
            അറുപതിനു ശേഷം ഓഫീസിലെത്തിയ ഊർജിതാശയരായ ചിലരാണ് മ്യുസിയം പാർക്കിലും മറ്റും ഒന്നിച്ചു കൂടി ചർച്ച ചെയ്‌ത് സംഘടനയുടെ പുനരുത്ഥാനത്തിനു കളമൊരുക്കിയത് .ഇത് എന്റെ ഓഫീസിലെ കാര്യം .മറ്റു കേന്ദ്ര ഓഫീസുകളിലും സമാനമായ പ്രവർത്തനങ്ങളുണ്ടായി .നീറിപ്പുകയുന്ന അസംതൃപ്തി പുതിയ പ്രസ്ഥാനത്തിന് ഇന്ധനമായി അഖിലേന്ത്യാ തലത്തിൽ യൂണിയനുകൾ പുനസ്സംഘടിപ്പിക്കപ്പെട്ടു ..68 ലെ സൂചനാ പണിമുടക്കിന്റെ പശ്ചാത്തലമിതാണ് .
         ആവശ്യാധിഷ്ഠിത മിനിമം വേതനം നേടിയെടുത്തില്ല എന്ന കാരണത്താൽ 68 ലെ സമരം പരാജയമായിരുന്നു എന്നു വേണമെങ്കിൽ പറയാം .പക്ഷേ 60 ഇൽ  നിന്നു വ്യത്യസ്തമായി സമരത്തിനു ശേഷവും സംഘടനാ പ്രവർത്തകർ തല ഉയർത്തി പിടിച്ചു തന്നെ നിന്നു .പുറത്താക്ക പെട്ടവർക്ക് സാമ്പത്തിക സഹായം നൽകി .അവരിലെല്ലാവരും തന്നെ ഒരു കൊല്ലത്തിനകം തിരിച്ചെടുക്കപ്പെട്ടു .മടങ്ങി വന്നവർക്ക് ആവേശോജ്വലമായ സ്വീകരണം നൽകി .
   60 ലേയും 68 ലേയും സമരങ്ങളുടേത് തോറ്റ ചരിത്രമാണോ ?1960 ലെ മിനിമം 80 എന്നത് 2016 ഇൽ 18000 ആയിരിക്കുന്നു .വില സൂചിക 100 എന്നുള്ളത് 7000 ത്തിൽ എത്തിയിട്ടില്ല .എന്നുവെച്ചാൽ ഗണ്യമായ യഥാർത്ഥ വർദ്ധന ശമ്പളത്തിലുണ്ടായിരിക്കുന്നു ,കേന്ദ്ര ജീവനക്കാർക്കു മാത്രമല്ല ,വേതന തുല്യത എന്ന തത്വം അംഗീകരിക്കപ്പെട്ടതോടെ എല്ലാ സർക്കാർ ജീവനക്കാർക്കും .കേശവദേവിന്റെ കഥയിലെ മരച്ചീനി മോഷ്ടിക്കുന്ന സർക്കാർ ഗുമസ്തൻ ഇന്നില്ല .മാന്യമായ ശമ്പളം വാങ്ങുന്ന ഉപരിമദ്ധ്യ വർഗ്ഗ ജീവിതരീതി പിന്തുടരുന്ന ഉദ്യോഗസ്ഥൻ /ഉദ്യോഗസ്ഥ ആണുള്ളത് .തോറ്റതെന്നു കരുതപ്പെടുന്ന 60 ,68 സമരങ്ങളുടെ പരിണിത ഫലമാണ് ഈ അവസ്ഥ .ഇവിടെ തോറ്റ ചരിത്രം കേട്ടിട്ടില്ല എന്ന മുദ്രാവാക്യം സത്യവും സാർത്ഥകവും ആകുന്നു .ആ സമരങ്ങളിൽ പങ്കെടുത്ത് ജീവിതം തന്നെ നഷ്ടപ്പെടുത്തിയ ജ്യേഷ്ഠ സഹോദരീസഹോദരന്മാരെ ആദരവോടെ സ്മരിക്കാൻ സൂചനാ പണിമുടക്കിന്റെ ഈ സുവർണ്ണ ജൂബിലി വേള നമുക്ക് ഉപയോഗപ്പെടുത്താം ;പ്രത്യേകിച്ചും അറുപതിലെ സമരത്തിൽ പങ്കെടുത്തത്തിന്റെയും അതിനു നേതൃത്വം കൊടുത്തതിന്റെയും പേരിൽ അവഗണനക്കും അവഹേളനത്തിനും പാത്രമായവരെ .അവരിൽ ഒട്ടു മിക്കവരും ഇന്നില്ല .അവർക്ക് വിനീതമായ കൃതജ്ഞത ,വേണ്ടപോലെ മനസ്സിലാക്കാതിരുന്നതിൽ ക്ഷമാപണവും .












































2018, സെപ്റ്റംബർ 19, ബുധനാഴ്‌ച

18-9-2018
ക്യാപ്റ്റൻ രാജു
-------------------------
അതിരാത്രം എന്ന സിനിമയിലാണ് ക്യാപ്റ്റൻ രാജുവിനെ ഞാനാദ്യം കാണുന്നത് ,ആ പേര് മുമ്പ് കേട്ടിട്ടുണ്ടായിരുന്നുവെങ്കിലും .മമ്മൂട്ടി ,മോഹൻലാൽ ,ശങ്കർ എന്നീ പുതിയ നായകനടന്മാർക്കൊപ്പം തുല്യ പ്രാധാന്യമുള്ള ഒരു വേഷമായിരുന്നു രാജുവിന് ആ ചിത്രത്തിൽ .നിയന്ത്രിതവും ഭംഗിയുള്ളതുമായ അഭിനയം കാഴ്ചവെക്കുകയും ചെയ്തു രാജു
പിന്നീടു വന്നത് രാജുവിന്റെ പ്രതിനായക വേഷങ്ങളായിരുന്നു .മലയാള സിനിമയിലെ വില്ലന് വേറിട്ടൊരു മുഖഛായ നൽകിക്കൊണ്ട് രാജു ആ രംഗത്ത് മായാത്ത വ്യക്തിമുദ്ര പതിപ്പിച്ചു .ആഗസ്ത് ഒന്നിലെ വില്ലൻ ലോകസിനിമയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു കഥാപാത്രത്തിന്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ടതാണ് ;ലോകനിലവാരമുള്ള അഭിനയം തന്നെ രാജു മലയാള പ്രേക്ഷകർക്ക് സമ്മാനിക്കുകയും ചെയ്തു .ആവനാഴിയിലെ വില്ലന് കുപ്രസിദ്ധനായ ഒരു ലോക തസ്കരന്റെ രൂപഭാവങ്ങൾ നൽകിയിട്ടുണ്ട് രചയിതാവും സംവിധായകനും .അതിനനനുസരിച്ചു തന്നെ രാജു ആ റോൾ കൈകാര്യമ് ചെയ്യുകയും ചെയ്തു .ആ വില്ലനാണത്രെ അന്യഭാഷാ നിർമാതാക്കളിൽ ഏറ്റവും ഇമ്പ്രെഷൻ ഉണ്ടാക്കിയത് .നമ്മുടെ നാടോടിപ്പാട്ടുകൾ വേണ്ടത്ര നീതി പുലർത്താതെ പോയ ഒരു പുരാവൃത്ത പുരുഷനാണ് അരിങ്ങോടർ .അരിങ്ങോടരുടെ വേറിട്ട ചിത്രം വരച്ചുകാണിക്കുന്നതിൽ എം ടി ക്കും ഹരിഹരനും ഒപ്പം രാജുവിനും പങ്കുണ്ട് ,ഒരു പക്ഷേ ഏറ്റവും പ്രധാന പങ്ക് .ഇവരോടൊപ്പം സിബിഐ ഡയറി കുറിപ്പിലെ പോലീസ് സൂപ്രണ്ട് വർമ്മയെ ചേർത്തു വെച്ചു നോക്കുക അഭിനയത്തിലെ വെർസാറ്റലൈറ്റി എന്താണെന്നു മനസ്സിലാവും .
     മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളെന്ന നിലയിൽ മാത്രമല്ല ക്യാപ്റ്റൻ രാജു ഓർമ്മിക്ക പെടുക .കേരളത്തിൽ ജനിച്ചുവളർന്ന ഏറ്റവും നല്ല മനുഷ്യരിൽ ഒരാളെന്നു  കൂടിയായിരിക്കും .ഓമല്ലൂരിലുള്ള
ഞങ്ങളുടെ ബന്ധുഗൃഹത്തിലെ ചേട്ടന്മാർക്കും ചേച്ചിമാർക്കും അവരുടെ അയൽക്കാരനായ രാജുവിനെക്കുറിച്ച് പറയാൻ നൂറു നാവാണ് .അടുത്തകാലത്ത് ചില ടി വി അഭിമുഖങ്ങളിൽ അടുത്ത തലമുറയിൽപ്പെട്ട അഭിനേതാക്കളെക്കുറിച്ച് -കുഞ്ഞുങ്ങൾ എന്നാണു രാജു അവരെ വിളിക്കുക ;അത് നൂറു ശതമാനം ആത്മാർത്ഥതയോടു കൂടിയാണൂ താനും -രാജു നടത്തിയ അഭിപ്രായ പ്രകടനങ്ങൾ രാജുവിന്റെ നന്മയുടെ വിളംബരങ്ങളാണ് .
     വലിയ നടന് നന്മ നിറഞ്ഞ മനുഷ്യന് യാത്രാമൊഴി .















.

2018, സെപ്റ്റംബർ 14, വെള്ളിയാഴ്‌ച

13-9-2018
---------------                                                                                                                                (ബിഷപ് കേസിൽ എനിക്കൊരു ഉത്കണ്ഠയുമില്ല ;സ പിണറായിയുടെ നീതിബോധത്തിൽ എനിക്കു വിശ്വാസമുള്ളതു കൊണ്ട് ;ഇത് ഒരു ടി വി ഇന്റർവ്യൂ വിനെക്കുറിച്ചുള്ള കുറിപ്പാണ് )
ഇന്നലെ point blank (ഏഷ്യാനെറ്റ് ന്യൂസ് )ഇൽ സിസ്റ്റർ അനുപമയുമായുള്ള അഭിമുഖം കണ്ടു .സത്യം പറയുന്നവരെ ആ പംക്തിയിൽ ഞാൻ മുമ്പും കണ്ടിട്ടുണ്ട് ;അവരൊക്കെ പക്ഷേ തന്ത്രജ്ഞരുമായിരുന്നു .ഇവിടെ തന്ത്രങ്ങളും അടവുകളുമൊന്നും ഉണ്ടായിരുന്നില്ല .മനസ്സിൽ നിന്നൊഴുകിവരുന്ന വാക്കുകൾ മാത്രം .തന്റെ സഭയിൽ തന്റെ സമൂഹത്തിൽ തന്റെ അമ്മയുടെ സ്ഥാനത്തു നിൽക്കുന്ന ഒരുവൾക്ക് നേരിടേണ്ടിവന്ന ദുരനുഭവങ്ങളെ കുറിച്ചാണ് അവർക്കു പറയാനുണ്ടായിരുന്നത് .അതവർ പറഞ്ഞു .തന്റെ ദൈവം തന്റെ കൂടെയുണ്ട് ആദൈവം മനസ്സിലിരുന്നു പറയുന്നതനുസരിച്ചാണ് താൻ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് ;പ്രശ്‍നം പലപാട് ബന്ധപ്പെട്ട സഭാ നേതൃത്വത്തിനു മുമ്പിൽ അവതരിപ്പിച്ചിരുന്നു ;പരിഹാരം പോയിട്ട് ഒരു ഭംഗി വാക്കു പോലും സഭാ നേതൃത്വത്തിന്റെ ഭാഗത്തു നിന്നുണ്ടായില്ല .അതുകൊണ്ടാണ് പൊതുജനങ്ങളുടെ ഇടയിലേക്കിറങ്ങാൻ തീരുമാനിച്ചത് .
    സമ്പത്തും സ്വാധീനവുമുള്ള ഒരു പാട്രിയാർക് ആണ് മറുവശത്തുനിൽക്കുന്നത് ഭയമില്ലേ എന്ന ചോദ്യത്തിന് "എന്റെ കർത്താവ് എന്റെ കൂടെ ഉള്ളപ്പോൾ ഞാനെന്നാത്തിനാ ഭയപ്പെടുന്നത് "എന്നായിരുന്നു അവരുടെ മറുപടി .
  ശരിയാണ് ദ്വൈതത്വം ആണ് ഭയം ;താനും ഈശ്വരനും രണ്ടെന്ന അവസ്ഥ .കർമ്മങ്ങളെല്ലാം ഈശ്വരനിൽ സമർപ്പിച്ച് പരാർത്ഥമായി ജീവിക്കുന്ന സന്യാസിനിക്ക് ഭയം എവിടെ ?അവനു കഴിയാത്തതൊന്നുമില്ല .ഏതു മരുഭൂമിയിലും നീർച്ചാൽ കീറി എതിരുളിലും കൈത്തിരികൊളുത്തി അവനെ കാവൽ നിൽക്കുന്നു .അവന്റെ നാമം വാഴ്ത്തപ്പെടട്ടെ

2018, സെപ്റ്റംബർ 8, ശനിയാഴ്‌ച

എന്താണ് രൂപക്ക് സംഭവിക്കുന്നത് ?                                                                                                                                                                         വിദേശനാണ്യ കമ്പോളത്തിൽ അനുദിനം വിലകുറയുന്നു .ഡോളറുമായുള്ള വിനിമയ നിരക്ക് താഴ്ന്നു കൊണ്ടേയിരിക്കുന്നു .ഒന്നു രണ്ടാഴ്ചയായി ഈ പ്രക്രിയ കൂടുതൽ വേഗത്തിലായിട്ടുണ്ട് .ഡോളർ ശക്തിയാർജ്ജിക്കുന്നതു കൊണ്ടാണെന്നു പറയുന്നു ഒരു കൂട്ടർ .എന്തായാലും അതൊരു കാരണമാണ് .പലകാരണങ്ങളിലൊന്ന് .ഡോളർ വിലയുടെ സൂചകമായ ഡോളർ ഇൻഡക്സ് ഇപ്പോൾ 95 -96 ഒക്കെയാണ് .ഡോളർ രൂപ വിനിമയ മൂല്യം 72 ലധികം .ഡോളർ ഇൻഡക്സ് 102 ഇത് എത്തിയ ഒരു ദിവസമുണ്ടായിരുന്നു .അന്ന് പക്ഷെ ഡോളറിന് 67 രൂപ മാത്രമായിരുന്നു വില .അതായത് രൂപയുടെ വിലയിടിവിന് കാരണങ്ങൾ മറ്റിടങ്ങളിൽ തിരയേണമെന്നർത്ഥം .
    വിലപിടിപ്പുള്ള മറ്റെന്തിനേയും പോലെ കറൻസിയും ഡിമാൻഡ് സപ്ലൈ നിയമത്തെ അനുസരിക്കുന്നു .ഇന്ത്യൻ രൂപ കൈവശമുള്ള ചിലർക്ക് ഡോളർ ആവശ്യമുണ്ട് ;ഡോളറിന്റെ ലഭ്യത കുറവും .
        ഈ ദൗർലഭ്യതക്ക് പ്രധാനമായും മൂന്നു കാരണങ്ങളാണുള്ളത് .ക്രൂഡ് ഓയിൽ ഇറക്കുമതി ,അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുന്ന വിദേശ വ്യാപാരക്കമ്മി ,വിദേശ മൂലധനത്തിന്റെ പലായനം .
   ഏറ്റവും അധികം ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ .ഈ വ്യാപാരത്തിന് സമ്പദ്‌വ്യവസ്ഥയിലുള്ള പ്രാധാന്യം ഇങ്ങിനെ വിശദമാക്കാം :ഒരു ബാരൽ ക്രൂഡിന് ഒരു ഡോളർ വർദ്ധിച്ചാൽ ഇന്ത്യയുടെ ധനകാര്യകമ്മി .01 %വർദ്ധിക്കും .
    വിദേശ വ്യാപാരക്കമ്മി -ഇറക്കുമതിക്ക് വേണ്ടിവരുന്ന തുകയും കയറ്റുമതിയിൽ നിന്ന്   ലഭിക്കുന്ന തുകയും തമ്മിലുള്ള വ്യത്യാസം -യുടെ ഇപ്പോഴത്തെ സ്ഥിതി ഇങ്ങിനെയാണ്‌ :ഇറക്കുമതിയുടെ വളർച്ചാനിരക്കിന്റെ പകുതിമാത്രമാണ് കയറ്റുമതിയുടേത് . .ഡോളറിന്റെ ഡിമാൻഡ് കയറ്റുമതിലൂടെയുള്ള ലഭ്യതയേക്കാൾ വളരെ അധികമാണെന്നർത്ഥം .
      മൂലധനത്തിന്റെ പ്രയാണത്തെക്കുറിച്ച് :ഓഹരിവിപണികളിൽ ഡോളർ നിക്ഷേപിക്കുന്ന വിദേശികൾക്ക് അത് എപ്പോൾവേണമെങ്കിലും പിൻവലിക്കാം.2018 -2019 ധനകാര്യവർഷത്തിന്റെ ആദ്യ ത്രൈമാസത്തിൽ ഇവരുടെ  നിക്ഷേപം കഴിഞ്ഞ കൊല്ലം ഈ കാലയളവിലുണ്ടായിരുന്നതിന്റെ അഞ്ചിലൊന്നു മാത്രമാണ് .ഡോളർ ധാരാളമായി പുറത്തേക്ക് പോയിക്കഴിഞ്ഞിരിക്കുന്നു .
     രൂപയുടെ വില ക്രമാതീതമായി കുറഞ്ഞാൽ പെട്രോളിനു മാത്രമല്ല എല്ലാറ്റിനും വില വർദ്ധനവുണ്ടാകും .ധനകാര്യ കമ്മിയും വ്യാപാരക്കമ്മിയും വർദ്ധിക്കും.അത് സമ്പദ്‌വ്യവസ്ഥയെ താറുമാറാക്കും .നിലവിലുള്ള വിദേശകടത്തിന്റെ  പേരിൽ കൊടുക്കേണ്ട തുക വർദ്ധിച്ചുകൊണ്ടിരിക്കും .ഇതിനു എന്താണൊരു പരിഹാരം ?
    ഇന്ത്യക്ക് വലിയൊരു വിദേശനാണ്യ ശേഖരമുണ്ട് .529 ശതകോടിഡോളർ .അതുപയോഗിച്ചു കമ്പോളത്തിൽ ഇടപെടൽ നടത്താം .പക്ഷെ അത് താൽക്കാലിക പരിഹാരമേ ആകുന്നുള്ളു .കൂടുതൽ മൗലികമായ നടപടികളുണ്ടാവണം .
      ഏറ്റവും പ്രധാനം നമ്മുടെ ഉത്പാദന വ്യവസ്ഥ സുസ്ഥിരമാക്കി ഇറക്കുമതി പരമാവധി കുറക്കാനുള്ള സംവിധാനമുണ്ടാക്കുകയാണ് .ഇപ്പോൾ നമ്മുടെ ജി ഡി പി യുടെ മൂന്നിൽ ഒന്നിൽ താഴെ മാത്രമാണ് വ്യവസായ രംഗത്തിന്റെ സംഭാവന .അത് കാര്യമായ തോതിൽ വർദ്ധിപ്പിക്കാൻ കഴിയണം .മോഡി സർക്കാരിന്റെ ഈവഴിക്കുള്ള നല്ലൊരു ചുവടു വെപ്പാണ് മേക് ഇൻ ഇന്ത്യ പദ്ധതി .പക്ഷേ നിലവിൽ വന്നു നാലുകൊല്ലം കഴിയുമ്പോഴും തൊട്ടറിയാവുന്ന ഫലങ്ങളൊന്നും അതുണ്ടാക്കിയിട്ടില്ല .ആ പദ്ധതി ഫലപ്രദമായി നടപ്പാക്കുവാൻ ശ്രമിക്കുകയാണ് ഗവണ്മെന്റ് -ഈ ഗവണ്മെന്റും തുടർന്നു വരുന്ന ഗവണ്മെന്റുകളും -ചെയ്യേണ്ടത് .മന്ത്രിസഭയുടെ രാഷ്ട്രീയ നിറം ഇത്തരം പദ്ധതികൾക്ക് തടസ്സമായിക്കൂടാ .പദ്ധതികളാവിഷ്കരിക്കുകയും അവയ്ക്ക് വിദേശങ്ങളിൽ പ്രചാരം നൽകുകയും ചെയ്‌തത്‌ കൊണ്ടായില്ല .രാഷ്ട്രത്തിലെ മുഴുവൻ ജനങ്ങളെയും അതിന്റെ നിർവഹണത്തിൽ ഒപ്പം കൂട്ടേണ്ടത് ഭരണാധികാരികളുടെ കടമയാണ് .എന്തായാലും അടിസ്ഥാന വികസനത്തിലൂടെയേ രാജ്യം സാമ്പത്തിക ശക്തിയായി വളരുകയുള്ളു .കറൻസി അപ്പോൾ ശക്തി പ്രാപിച്ചു കൊള്ളും
























2018, സെപ്റ്റംബർ 6, വ്യാഴാഴ്‌ച

പ്രണയവും രാഷ്ട്ര തന്ത്രവും
------------------------------------------------
ശ്രീരാമന് സീതയെ ഉപേക്ഷിക്കേണ്ടി വന്നു തന്റെ സിംഹാസനം നിലനിർത്താൻ ;എട്ടാം എഡ്‌വേർഡിനു സിംഹാസനം ത്യജിക്കേണ്ടി വന്നു തനിക്കിഷ്ടപ്പെട്ട സ്ത്രീയെ വിവാഹം കഴിക്കാൻ .പക്ഷേ തെക്കനാഫ്രിക്കയിലെ ബെച്ചുവാനാ ലാൻഡിലെ -പിന്നീട് ബോസ്നിയ -കിരീടാവകാശിയും ലണ്ടനിൽ വിദ്യാർത്ഥിയുമായിരുന്ന സേർസ്റ്റെ ഖാമയെ പ്രാചീനമായ ഈ ചിന്താക്കുഴപ്പം ബാധിച്ചതേയില്ല .അദ്ദേഹം താൻ സ്നേഹിച്ച റൂത് വില്യംസ് എന്ന ബ്രിട്ടീഷ് വെള്ളക്കാരിയെ വിവാഹം കഴിച്ചു .തന്റെ ജനതയോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നതിൽ നിന്ന് പിന്തിരിയാൻ തയാറായതുമില്ല ,കൊളോണിയൽ അധികാരം എല്ലാ ശക്തിയും ഉപയോഗിച്ച് അതിനു ശ്രമിച്ചുവെങ്കിലും .ആ പ്രണയത്തിന്റെയും വിവാഹത്തിന്റെയും അതുണ്ടാക്കിയ രാഷ്ട്രീയ സംഘർഷങ്ങളുടെയും ഹൃദ്യമായ ആവിഷ്കരണമാണ് എ യുണൈറ്റഡ് കിങ്ഡം എന്ന 2016 ചലച്ചിത്രം .വിശദമായി പിന്നീടെഴുതുന്നുണ്ട്.ഇവിടെ ഒന്ന് രണ്ടു കാര്യങ്ങൾ മാത്രം സൂചിപ്പിക്കട്ടെ .അപരാജിതമായ ഒരു പ്രണയത്തോടൊപ്പം അതുണ്ടാക്കിയ അന്താരാഷ്‌ട്ര സംഘർഷങ്ങളും ഇതിൽ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നു .മാത്രമല്ല രാഷ്ട്ര തലവന്മാരിൽ പലരുടെയും പൊയ്മുഖങ്ങളഴിഞ്ഞു വീഴുന്നത് വിശ്വസനീയമായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്അമ്മ അസ്സന്റെ എന്ന ബ്രിട്ടീഷ് കാരിസംവിധാനം ചെയ്ത ഈ സിനിമയിൽ   .യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ ചിത്രം നിർമ്മിക്കപ്പെട്ടിരിക്കുന്നത് .രാജകുമാരൻ സിംഹാസനം നിലനിർത്തുകയാണ് ചെയ്തത് .തസ്വാതന്ത്ര്യം നേടിയ തന്റെ രാജ്യത്ത് അദ്ദേഹം ജനാധിപത്യം നടപ്പിലാക്കിസ്വതന്ത്ര  ബോസ്നിയയിലെ ആദ്യ പ്രെസിഡന്റായി .റൂത് എല്ലാറ്റിനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു .  

2018, ഓഗസ്റ്റ് 26, ഞായറാഴ്‌ച



അമേരിക്കയുടെ പസിഫിക് തീരം .തെളിച്ചമുള്ളൊരു പൂർവാഹ്നം .പ്രളയത്തിൽ മുങ്ങിയ, ,ചരിത്രത്തിലെ ഏറ്റവും സന്തപ്തമായ ഓണത്തിനു ശേഷം കേരളം ഉറക്കമായിരിക്കണം .ഇവിടെയുള്ളവരും ഓണാഘോഷ പരിപാടികൾ വേണ്ടെന്നു വെച്ചിരിക്കുന്നു .അതിനു വേണ്ടി വരുന്ന തുക കേരളത്തിലെ ദുരിതാശ്വാസത്തിനെത്തിച്ചു കൊടുക്കുകയാണ് .നാമ മാത്രമായ ഒരു കൂടിച്ചേരലുണ്ട് ഇവിടെ അടുത്ത് .അതു നാളെയാണ് .ഇന്ന് ഞങ്ങൾ ആഡംബരങ്ങളില്ലാത്ത ഒരോണത്തിനൊരുങ്ങുമ്പോൾ ഞാനെന്റെ എഴുപതിൽ പരം ഓണങ്ങളെ കുറിച്ചോർത്തു പോകുന്നു .ഒപ്പം 'ശ്രാവണ പുഷ്പങ്ങൾ കാതോർത്തു നിൽക്കുന്ന ' ആ പഴയ ഓണക്കവിതയും :
"അക്കൊച്ചു ശാരിക ഭൂമികന്യക്കെഴും
ദുഃഖങ്ങൾ പാടിയ തയ്യൽ
ചുണ്ടിൽ പകർന്ന നറുംതേൻ നുകർന്നെന്റെ
കൊച്ചു ദുഖങ്ങളുറങ്ങു
നിങ്ങൾ തൻ കണ്ണീർ 
ഇന്നെങ്കിലുമെന്റെ പാട്ടിൽ "(ഓ എൻ വി )
25 -8 -2018/  11 .37 am (U  S pacific time)

2018, ഓഗസ്റ്റ് 25, ശനിയാഴ്‌ച

24 -8 -2018
ഉത്സവം എന്ന വാക്കിന്റെ ധാത്വർത്ഥം അഴുക്കുകൾ നീക്കം ചെയ്യൽ എന്നാണത്രെ .ഇന്ന് മലയാളികളുടെ സ്വന്തമായ ഈ ഉത്സവത്തിന്റെ വേളയിൽ ഒരുപാട് അഴുക്ക് നമുക്ക് നീക്കം ചെയ്യാനുണ്ട് ;വീടുകളിൽ നിന്നും പരിസരങ്ങളിൽ നിന്നും മാത്രമല്ല മനസ്സുകളിൽ നിന്നും അങ്ങിനെ ദുരിതത്തിന്റെ ആദ്യകാലത്തു പ്രകടമായ മനസ്സുകളുടെ ഐക്യം ശാശ്വതമാക്കാൻ നമുക്ക് കഴിയട്ടെ ;ഒരു പുതിയ കാലം വരട്ടെ .മഹാകവി ആഹ്വാനം ചെയ്തതു പോലെ "ആ വരവിങ്കലുണർന്നു ചിരിപ്പു പൂവുകൾ, ഞങ്ങടെ സാക്ഷികളത്രേ പൂവുകൾ ,
                                    പോവുക ,നമ്മളൊരുക്കുക, നാമെതിരേൽക്കുക നാളെയൊരോണം "

2018, ഓഗസ്റ്റ് 23, വ്യാഴാഴ്‌ച

21-8-2018
ചെമ്മനം
---------------
രണ്ടു പ്രധാന വാർത്തകൾ പ്രളയത്തിൽ മുങ്ങിപ്പോയി ;എ ബി വാജ്‌പേയി ,ചെമ്മനം ചാക്കോ എന്നിവരുടെ ചരമവാർത്തകൾ .ഇന്ന് പക്ഷേ  ഏഷ്യാനെറ്റിൽ ചെമ്മനത്തെക്കുറിച്ച് ഒരു പ്രത്യേക പരിപാടിയുണ്ടായിരുന്നു ;ആളൊഴിഞ്ഞ കസേര .
       ആളില്ലാകസേരകൾ എന്ന ചെമ്മനം കവിതയെ ഓർമ്മിപ്പിക്കുന്നു ആ ശീർഷകം .ഞാൻ ജോലി ചെയ്തിരുന്ന ഓഫീസിനെ കുറിച്ചായിരുന്നു ആ കവിത .എന്നിട്ടും ആ കവിതഎന്നെയും എ ജി സ് ഓഫിസിലെ സഹപ്രവത്തകരെയും ചിരിപ്പിച്ചു . ഉത്തമഹാസ്യത്തിന്റെ മേന്മ അതാണല്ലോ ;പരിഹാസത്തിനു പാത്രമാകുന്നവരെക്കൂടി ചിരിപ്പിക്കുക.തന്നെത്തന്നെ പരിഹസിച്ചു കൊണ്ട് കവിത എഴുതുവാൻ കഴിയുമായിരുന്നു ചാക്കോ സാറിന് .എഴുത്തശ്ചനെ അഭിസംബോധന ചെയ്തുകൊണ്ടെഴുതിയ ഒരു കവിതയിൽ സാഹിത്യ അക്കാദമിയെക്കുറിച്ച് അദ്ദേഹം പറയുന്നത് നോക്കു :
                      " അങ്ങ തൻ രാമായണം മാറ്റി വെച്ചീവരേകും
                       ചെമ്മനം ചാക്കോവിന്റെ ദുഷ്കൃതിക്കവാർഡുകൾ "
ഒന്നോ രണ്ടോ കൊല്ലത്തിനകം കവിതക്കുള്ള അവാർഡ് ചെമ്മനം ചാക്കയുടെ കൃതിക്കു നൽകിക്കൊണ്ട് അക്കാഡമി പകരം വീട്ടി ,അഥവാ തങ്ങളും നർമ്മ ബോധത്തിൽ പിന്നിലല്ല എന്നു തെളിയിച്ചു .
       മലയാളത്തിൽ കുഞ്ചൻനമ്പിയാർക്കു ശേഷമുണ്ടായ ഒരേ ഒരു ഹാസ്യകവി ചെമ്മനമാണെന്നു പറഞ്ഞാൽ അതു ശരിയായിരിക്കുകയില്ല .'കുചേലൻ കുഞ്ഞൻ നായർ ' 'ഒരു ദൈവം കൂടി '(വയലാർ )' കള്ളൻ' കടുക്ക '
(അയ്യപ്പ പണിക്കർ ) 'ചാക്കാല "(കടമ്മനിട്ട ) തുടങ്ങി പേരെടുത്ത ഹാസ്യകവിതകൾ ധാരാളമുണ്ട് മലയാളത്തിൽ .പക്ഷെ ഹാസ്യകവിതകൾ മാത്രമെഴുതിയ , ഹാസ്യരചനകളിലൂടെ നിശിതമായ സാമൂഹ്യ വിമർശനം നടത്തുക എന്നത് സ്വധർമ്മമായി സ്വീകരിച്ച ഒരു കവിയേ ഉണ്ടായിരുന്നുള്ളു ആധുനിക മലയാളത്തിൽ ,ചെമ്മനം ചാക്കോ .
      മൂന്നു നാലു കൊല്ലം മുമ്പു മാത്രമാണ് ചാക്കോ സാറിനെ പരിചയപ്പെടാൻ എനിക്ക് സാധിച്ചത് .ഒരു മീറ്റിംഗ് സ്ഥലത്തുവെച്ച് ഞാൻ അടുത്തു ചെന്ന് സ്വയം പരിചയപ്പെടുത്തിയപ്പോൾ അറിയാമെന്നു പറഞ്ഞു അദ്ദേഹം .ആയിടെ പുറത്തിറങ്ങിയ ഒരു ചെമ്മനം കാവ്യസമാഹാരം സമകാലികമലയാളത്തിൽ റിവ്യൂ ചെയ്തത് ഞാനായിരുന്നു .റിവ്യൂ .അതദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടിരുന്നിരിക്കാം .പിന്നീട് പല തവണ അദ്ദേഹത്തെ കണ്ടിരുന്നു പല മീറ്റിംഗ് ഹാളുകളിലും വെച്ച് .എല്ലായ്‌പോഴും എന്തെങ്കിലും ലോഹ്യം പറഞ്ഞിരുന്നു ചാക്കോ സാർ .
       വലിയ ഒരു കവിയേയും നിർഭയനായ ഒരു സാമൂഹ്യ വിമർശകനെയുമാണ് കാലം കവർന്നെടുത്തത് .അപ്രതിരോധ്യമാണല്ലോ കാലം .എന്നാലും "വയ്യെനിക്കേജിസോഫീസ്‌ കേറുവാൻ ഭഗവാനേ "എന്നു നിലവിളിക്കുന്ന ഒരു പെൻഷൻകാരൻ മുൻപിൽ നിൽക്കുന്നു ,ചിരിപ്പിച്ചും കരയിപ്പിച്ചും കൊണ്ട്

















2018, ഓഗസ്റ്റ് 12, ഞായറാഴ്‌ച

ഫ്രാൻറ്റ്സ്
-------------------
2016 ഇൽ ഇറങ്ങിയ ജർമ്മൻ സിനിമയാണ് ഫ്രാൻറ്റ്സ് .ഒന്നാം ലോകയുദ്ധാനന്തരം 1919 ഇൽ ജർമനിയിലും ഫ്രാൻസിലുമായാണ് ഇതിൽ വിവരിച്ചിരിക്കുന്ന സംഭവങ്ങൾ അരങ്ങേറുന്നത് .
      യുദ്ധത്തിൽ കൊല്ലപ്പെട്ടജർമ്മൻ സൈനികൻ  ഫ്രാൻറ്റ്സിന്റെ കുഴിമാടത്തിൽപതിവുപോലെ  പൂക്കൾ വെയ്ക്കാനെത്തിയ തായിരുന്നു അയാളുടെ കാമുകിയും പ്രതിശ്രുത വധുവുമായിരുന്ന അന്ന .അന്ന് പക്ഷെ ആരോ ഒരാൾ നേരത്തെ അവിടെ പൂക്കൾ വെച്ചിരിക്കുന്നതായി അണ്ണാ കണ്ടു .ഫ്രഞ്ച് സൈനികനായിരുന്ന ആൻഡ്രിയായിരുന്നു ആ ആൾ .ഫ്രാൻറ്റ്സിന്റെ ഒരു സ്നേഹിതനായിരുന്നുവത്രെ അയാൾ .സത്യം അതായിരുന്നില്ല ;അയാളുടെ കൈകൊണ്ടാണ് ഫ്രാൻറ്റ്സ് മരിച്ചത് .ഫ്രൻറ്റ്സിന്റെ കുപ്പായക്കീശയിൽ നിന്ന് കിട്ടിയ ഒരു കത്തിൽ നിന്നാണ് അയാൾ അന്നയെക്കുറിച്ചറിയുന്നത് ;അന്നയോടും ഫ്രാൻറ്സിന്റെ മാതാപിതാക്കളോടും മാപ്പു ചോദിക്കാൻ വേണ്ടിയാണ് ആൻഡ്രി വന്നിരിക്കുന്നത് .ഇതൊക്കെ കുറേക്കഴിഞ്ഞേ അന്നയെ പോലെ പ്രേക്ഷകരും മനസ്സിലാക്കുന്നുള്ളു .
         വിശദശാംശങ്ങളിലേക്ക് കടക്കുന്നില്ല .ഒന്നുരണ്ടു കാര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നതൊഴികെ .ശത്രുസൈന്യത്തിന്റെ കാഷ്‌വാലിറ്റികളെ ആഘോഷിക്കുന്നവർ മറന്നു പോകുന്നു കൊല്ലപ്പെട്ട ശത്രു സൈനികനും വീടും കുടുംബവുമുണ്ടെന്ന്‌ ,ഒപ്പം യുദ്ധം തീർന്നാലും അവസാനിക്കാത്ത ദേശീയതകളുടെ യുദ്ധം .1919 ഇലും ,അതായത് യുദ്ധം കഴിഞ്ഞ് ഒരു കൊല്ലത്തിനു ശേഷവും ഒരു ഫ്രഞ്ച് കാരനെ കണ്ടാൽ ജര്മന്കാര് കാർക്കിച്ചു തുപ്പുമായിരുന്നു ,അയാൾ ഒരു ഫ്രഞ്ച് പട്ടാളക്കാരനാണെങ്കിൽ പറയുകയും വേണ്ട .ഫ്രഞ്ചുകാർക്ക് ജർമൻകാരോടുള്ള മനോഭാവവും വ്യത്യസ്തമായിരുന്നില്ല .സന്ധികൾക്കും സമാധാന ഉടമ്പടികൾക്കും അവസാനിപ്പിക്കാൻ കഴിയാത്ത ഈ ശത്രുതയാവണം ഇരുപതു കൊല്ലത്തിനുള്ളിൽ വീണ്ടും ഒരു ലോക മഹാ യുദ്ധം ഉണ്ടാവാൻ കാരണം .'ഫ്രാൻറ്റ്സ് ' ഇത്തരം കാര്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു എന്നു മാത്രം പറഞ്ഞാൽ പോരാ .യുദ്ധം അനിവാര്യമാക്കുന്ന,യുദ്ധം കഴിഞ്ഞ് വളരെനാളേക്ക് തുടരുന്ന  മനുഷ്യ ദുരന്തങ്ങളെ ,അതീവ ഹൃദ്യമായി ആവിഷ്കരിക്കുന്നു ഈ സിനിമ .

2018, ഓഗസ്റ്റ് 5, ഞായറാഴ്‌ച

4-8-2018 മിന്നാമിനുങ്ങ്
                -----------------------
'ജീവിതമെനിക്കൊരു ചൂളയായിരുന്നപ്പോൾ
ഭൂവിനാ വെളിച്ചത്തിൽ വെണ്മ ഞാണുളവാക്കി '(ജി )
അങ്ങിനെ എരിഞ്ഞു തീരുന്ന ഒരുപാടു മനുഷ്യജന്മങ്ങളുണ്ട് നമുക്കു ചുറ്റും .അങ്ങിനെയൊരു ജന്മത്തിന്റെ സാമാന്യം തൃപ്തികരമായ ചലച്ചിത്രാവിഷ്കാരമാണ് മിന്നാമിനുങ്ങ് .
    കഴിഞ്ഞ ഏഴെട്ടു കൊല്ലമായി സുരഭിയുടെ അഭിനയ ജീവിതത്തെ പിന്തുടരുന്ന ഒരാളെന്നനിലയിൽ അവർക്ക് ഇന്ത്യയിലെ മികച്ച നടിക്കുള്ള അവാർഡ് നേടിക്കൊടുത്ത സിനിമ എനിക്ക് കാണണമെന്നുണ്ടായിരുന്നു .അതിനിന്നലെയാണ് തരപ്പെട്ടത് .തനിക്ക് കാത്തിരുന്നു കിട്ടിയ അവസരം സുരഭി ഫലപ്രദമായി, വിജയകരമായി ഉപയോഗപ്പെടുത്തിയിരിക്കുന്നു ..മലയാളത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച അഭിനയ പ്രകടനങ്ങളിൽ ഒന്നാണ് ,ഒരു കൈവിരലിൽ എണ്ണാവുന്നവയിൽ ഒന്നാണ് മിന്നാമിനുങ്ങിലെ സുരഭിയുടേത് .തന്റെ സ്വപ്നവും ലക്ഷ്യവും പ്രത്യാശയുമായിരുന്ന മകൾ തന്നെ ഉപേക്ഷിച്ചു പോവുകയാണെന്ന സത്യം അറിഞ്ഞിട്ടും അതു പുറത്തു കാണിക്കാതെ കിടപ്പാടം വിറ്റു പോലും അവൾക്കു യാത്രയ്ക്കുള്ള സൗകര്യം ചെയ്തു കൊടുക്കുന്ന ,ഒടുവിൽ ആ സത്യം  തനിക്കു വിശ്വാസമുള്ള ഒരാളോട് തുറന്നുപറഞ്ഞ് സ്വന്തം ആത്മവിശ്വാസം ഊട്ടിയുറപ്പിക്കുന്ന ആ നിസ്വയായ അമ്മയെ അവതരിപ്പിച്ച സുരഭി അഭിനേതാവെന്ന നിലയിൽ മോഹൻലാലിന്റേയോ തിലകന്റേയോ ശാരദയുടേയോ പിന്നിലല്ല .
    ഒരു സിനിമയെന്ന നിലയിൽ ശ്രദ്ധിക്കപ്പെടേണ്ടത്‌ തന്നെയാണ് മിന്നാമിനുങ്ങ് .സാധാരണ ഹാസ്യ കഥാപാത്രമായി മാത്രം നമ്മുടെ സിനിമയിൽ പ്രത്യക്ഷപ്പെടാറുള്ള വീട്ടുവേലക്കാരികളിൽ ഒരാളെ  മുഖ്യ കഥാപാത്രമാക്കി അവരുടെ ചെറിയ മോഹവും വലിയ മോഹഭംഗവും ഹൃദ്യമായി ആവിഷ്കരിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ശിൽപികൾ ,പ്രത്യേകിച്ചും രചയിതാവ് മനോജ് രാംസിംഗും സംവിധായകൻ അനിൽ തോമസും അഭിനന്ദനം അർഹിക്കുന്നു .
   പ്രേം പ്രകാശ് ഒഴികെയുള്ള സഹനടീനടന്മാരെല്ലാം പുതിയ ആളുകളാണ് .പക്ഷെ എല്ലാവരും തങ്ങളുടെ ഭാഗങ്ങൾ ഭംഗിയാക്കിയിട്ടുണ്ട് .സഹായിയായ .പ്രഭുവിന്റെ ഭാഗം അഭിനയിച്ച ചെറുപ്പക്കാരൻ പ്രത്യേക പരാമർശം അർഹിക്കുന്നു ..പ്രേം പ്രകാശ് കൂടുതൽ വലിയ ക്യാരക്ടർ വേഷങ്ങളിലേക്കു വരേണ്ടിയിരിക്കുന്നു നിർമാതാവ് എന്ന നിലക്കുള്ള തിരക്കുകൾ അനുവദിക്കുമെങ്കിൽ .
    പുരാണങ്ങളല്ല അവ വായിച്ചിട്ടു മനസ്സിലാകാത്ത വിവേക ശൂന്യരാണ് സ്ത്രീശരീരം പുരുഷന്റെ ഉപഭോഗ വസ്തുവാണെന്ന് വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതെന്ന നായികാ കഥാപാത്രത്തിന്റെ അഭിപ്രായത്തോട് ഞാൻ പൂർണമായും യോജിക്കുന്നു ..
    മിന്നാമിനുങ്ങ് കേരളത്തിലെ പ്രേക്ഷകർ സ്വീകരിക്കാതിരുന്ന ഒരു ചിത്രമാണ് .ആസ്വാദകർ എന്ന നിലയിൽ നമ്മുടെ മറ്റൊരു പരാജയം .
      

2018, ഓഗസ്റ്റ് 4, ശനിയാഴ്‌ച

പാടുക സൈഗാൾ
-----------------------------
ഞാൻ ആദ്യം കേട്ട ഗസൽ ഗാനം ഇതാണ് .രചന ഓ എൻ വി സംഗീതവും ആലാപനവും ഉമ്പായി ..അതിനു മുമ്പു തന്നെ ഗസൽ എന്ന കലാ രൂപത്തെക്കുറിച്ചു കേട്ടിട്ടുണ്ടായിരുന്നു .പക്ഷേ ജീവിക്കാൻ വേണ്ടിയുള്ള ഓട്ടത്തിനിടയിൽ ഗസൽ കേൾക്കാനുള്ള സമയമൊന്നും എനിക്കു കിട്ടിയിരുന്നില്ല ,ഗസൽ പരിപാടികൾക്കു ടിക്കറ്റ് വാങ്ങാനോ കാസറ്റുകൾ വാങ്ങാനോ ഉള്ള വിഭവശേഷി തീരെ ഉണ്ടായിരുന്നതുമില്ല  .വല്ലപ്പോഴും ഒരു സിനിമ, റേഡിയോയിൽ കേൾക്കുന്ന ചലച്ചിത്ര നാടക ഗാനങ്ങൾ ഇവയിലൊതുങ്ങി കലാസ്വാദനം .
      ആയിടക്കൊരിക്കൽ മലയാളം പത്രാധിപർ ജയചന്ദ്രൻ നായരു സാർ നിരൂപണം എഴുതാൻ വേണ്ടി ഒരു ചെറിയ പുസ്തകം എന്നെ ഏൽപ്പിച്ചു .ഓ എൻ വി യുടെ ഗസലുകളുടെ സമാഹാരം .നിരൂപണം എഴുതുന്നതിന്റെ ഭാഗമായി ഗസൽഎന്ന  കാവ്യരൂപത്തിന്റെ പ്രത്യേകതകൾ മനസ്സിലാക്കാൻ ഞാൻ ശ്രമിച്ചു .കവിതകൾ എന്ന നിലയിൽ അവയെ വിലയിരുത്തിക്കൊണ്ടുള്ള ഒരു ലേഖനം എഴുതിക്കൊടുക്കുകയും ചെയ്തു ,ഒരു തളിരില കൊണ്ടു നാണം മറച്ചു നിൽക്കുന്ന ആദിമാതാവ് ,വിദേശത്തു പണിക്കു പോയി നിസ്വനായി തിരിച്ചു വരുന്ന മലയാളി യുവാവ് ഇങ്ങിനെയുള്ള ചില ബിംബങ്ങൾ അവിസ്മരണീയമായ കാവ്യാനുഭവമായി ഇപ്പോഴും മനസ്സിലുണ്ട് .
           ഈ പാട്ടുകൾ പ്രശസ്തനായ ഒരു ഗസൽ ഗായകൻ പാടിയിട്ടുണ്ട് എന്നറിഞ്ഞപ്പോൾ ഞാൻ തേടിപ്പിടിച്ചു കേൾക്കുക തന്നെ ചെയ്തു .അങ്ങിനെയാണ് ഉമ്പായിയും അദ്ദേഹത്തിന്റെ സംഗീതവും എനിക്ക് പരിചിതമാവുന്നത് .
    മനോഹരമായ ആലാപനം ,അതീവ ഹൃദ്യമായ മന്ദസ്മിതം .മനസ്സിൽ തേന്മഴ പൊഴിയിച്ച ഗായക പോയ്  വരൂ



2018, ജൂലൈ 30, തിങ്കളാഴ്‌ച

29 -7 -2018 ധ്യായതേ

ചായം പൂശിയ വീട്  ഇന്ത്യയിൽ പ്രദർശനാനുമതി കിട്ടാതെ പോയ ഒരു മലയാള ചിത്രമാണ് .സതീഷ് ,സന്തോഷ് ബാബുസേനൻമാർ എഴുതി സംവിധാനം ചെയ്ത ചിത്രം ഞാൻ നെറ്ഫ്ലിക്സിൽ കണ്ടു .ഇതിനു അമേരിക്കയിൽ വിലക്കില്ലെന്നു തോന്നുന്നു .
   ഏകാകിയും വൃദ്ധനുമാ യ എഴുത്തുകാരൻ ഗൗതം തന്റെ വീടിന്റെ നടുത്തളത്തിൽ കുഴഞ്ഞു വീഴുന്നു .കാളിങ് ബെൽ ;ഗൗതം ഒന്നും സംഭവിക്കാത്തതു പോലെ വാതിൽ തുറക്കുന്നു .രണ്ടോ മൂന്നോ ദിവസത്തേക്ക് താമസിക്കൻ അനുവാദം ആവശ്യപ്പെട്ട് സുന്ദരിയായ ഒരു യുവതി കടന്നു വരുന്നു .സംസാരത്തിനിടയിൽ ഗൗതം അവളുടെ പേരു പറയുന്നുണ്ട് :വിഷയ .അപ്പോൾ പ്രേക്ഷകനു കാര്യങ്ങൾ മനസ്സിലാവുന്നു ,ഇത് ഗൗതമിന്റെ ഉള്ളിൽ നടക്കുന്ന കഥയാണ് .ഏറെക്കാലമായി ഗൗതമൻ അടക്കി നിർത്തിയിരിക്കുന്ന വിഷയാസക്തിയാണ് വിഷയ എന്ന പേരിൽ എത്തിയിരിക്കുന്നത് ."ധ്യായതേ വിഷയാൻ പുംസ ...." ഗീതയിലെ ആ പ്രസക്ത ശ്ലോകങ്ങൾ പ്രേക്ഷകനോർമ്മ വരും :വിഷയങ്ങളെ ധ്യാനിച്ചിരിക്കുന്ന പുരുഷന് ആസക്തിയുണ്ടാവുന്നു ,ആസക്തിയിൽ നിന്ന് കാമം ,കാമത്തിൽ നിന്ന് ക്രോധം ,ക്രോധത്തിൽ നിന്ന് മോഹം .മോഹത്തിൽ നിന്ന് സ്മൃതി നാശം ,അതിൽ നിന്ന് ബുദ്ധി നാശം ,"ബുദ്ധി നാശാത് പ്രണശ്യതി ".
   വിഷയാസക്തിയേയും കാമത്തേയും പ്രതിനിധാനം ചെയ്യുന്ന അവളുടെ പ്രലോഭനങ്ങൾക്കിടയിൽ ,യാദൃശ്ചികമെന്നോണം തന്റെ നഗ്‌ന മേനി ഗൗതമിന്റെ ശ്രദ്ധയിൽ പെടുത്തുന്നുമുണ്ട് അവൾ ,എത്തിച്ചേരുന്ന രാഹുൽ എന്ന ചെറുപ്പക്കാരൻ ഗൗതമനെ  തന്റെ വീട്ടിലേക്ക് പിടിച്ചുകെട്ടിക്കൊണ്ടു പോകുന്നു .അവിടെ അയാളെ രാഹുൽ പലവിധ പീഡനങ്ങൾക്കും വിധേയനാക്കുന്നു വിഷയ അയാളെ ഉപദ്രവിക്കുന്നില്ല പക്ഷെ അവൾ രാഹുലിന്റെ പങ്കാളിയാണ് കിടപ്പറയിലും കൂടിയെന്ന് ഗൗതം മനസ്സിലാക്കുന്നു ..പീഡനങ്ങൾക്കിടയിലെ പ്രലോഭനങ്ങളുടെ ഭാഗമായി വീണ്ടും നഗ്നതാ പ്രദർശനങ്ങളുണ്ടാവുന്നു .അവയൊന്നും അശ്ലീലമായി അനുഭവപ്പെടുകയില്ല ;കഥാഗതിക്ക് ആവശ്യമെന്നല്ല അനിവാര്യമാണ് ആ രംഗങ്ങൾ എന്നാണു പ്രേക്ഷകനു തോന്നുക .
     എന്തായാലും പീഡനങ്ങൾ സഹിക്കാതെ രാഹുലിനെ ,അയാൾ ഉറങ്ങിക്കിടക്കുമ്പോൾ ഇരുമ്പു വടികൊണ്ട് അടിച്ചുകൊല്ലാനൊരുങ്ങുന്ന ഗൗതമനെ  വിഷയ പേർ വിളിച്ചു തടയുന്നു .ആ നിമിഷം രാഹുലും അയാൾ കിടന്ന കട്ടിലും വിഷയയും അപ്രത്യക്ഷമാവുന്നു .മുമ്പിലുള്ള കണ്ണാടിയിൽ വടിയോങ്ങി നിൽക്കുന്ന തന്നെത്തന്നെ ഗൗതമിനു കാണാം .തന്റെ മിത്രവും ശത്രുവും താൻ തന്നെ ! തന്റെ നോവലിലെ നായകനായ നചികേതസ്സിനെ പ്പോലെ ഗൗതം കടപ്പുറത്ത് തനിച്ചിരിക്കാറുണ്ടായിരുന്ന കസേര ഒഴിഞ്ഞിരിക്കുന്നതായി കാണിച്ചു കൊണ്ട് ചിത്രം അവസാനിക്കുന്നു.
      സംസാരിയുടെ ,ക്ഷര പുരുഷന്റെ ക്ലേശങ്ങൾ ആഖ്യാനം ചെയ്യുന്ന ഈ ചിത്രത്തിൽ മൂന്നേ മൂന്നു കഥാപാത്രങ്ങളേയുള്ളു :ഗൗതമൻ (കലാധരൻ )വിഷയ (നേഹ മഹാജൻ )  രാഹുൽ (അക്രം മുഹമ്മദ്).നേഹ നന്നായി അഭിനയിച്ചു .മറ്റു രണ്ടു പേരും മോശമായിട്ടില്ല .
       ഒരു ആശയത്തിന്റെ ആവിഷ്കാരമെന്ന നിലയിൽ ഈ ചിത്രം പരാജയപ്പെട്ടിട്ടില്ല .പക്ഷെ ദൃഷ്ടാന്തകഥകൾക്ക് അവയിലൂടെ സൂചിതമാവുന്ന ആശയങ്ങൾക്കപ്പുറം സ്വതന്ത്രമായ നിലനിൽപ്പുണ്ടാവണം .നള ദമയന്തി കഥ പോലെ .ചായം പൂശിയ വീട് ഒരു കാഫ്കയിറ്റ് ദുസ്വപ്നമായി ആഖ്യാനം ചെയ്യാൻ   സംവിധായകർ ശ്രമിച്ചിട്ടുണ്ട് .അത് പക്ഷേ പൂർണമായി ഫലവത്തായിട്ടില്ല എന്നു  പറയേണ്ടിയിരിക്കുന്നു .അതെന്തായാലും മലയാളികൾ കാണേണ്ടഒരു ചിത്രം തന്നെയാണിത് .അതിനുള്ള അവസരം നിഷേധിക്കപ്പെട്ടത് ഖേദകരമാണ് .











2018, ജൂലൈ 28, ശനിയാഴ്‌ച

ആഷാഢ പൗർണമി .
ഗുരു എന്നാൽ ഭാരം കൂടിയത് എന്ന് അർത്ഥം ;ഇരുട്ടകറ്റുന്ന ആൾ എന്നും .അങ്ങനെയുള്ളവർ ഇപ്പോൾ കുറവാണെന്നു പറയുന്നതിൽ കാര്യമില്ല .പണ്ടും അങ്ങിനെയായിരുന്നു '.അർത്ഥകാമാൻ ഗുരൂൻ "എന്ന് ഗീതയിൽ പറയുന്നുണ്ടല്ലോ .താങ്ങാനാവാത്ത ദക്ഷിണ ചോദിച്ചു ശിഷ്യന്മാരെ നാടുനീളെ നടത്തിയവരുടെ കഥ വേറെ .ഗുരു പൂർണിമ ദിനത്തിൽ ഇങ്ങിനെയൊക്കെ ആലോചിച്ചു പോയി ക്ഷമിക്കുക .
  എല്ലാവരിൽ നിന്നും എല്ലാറ്റിൽ നിന്നും എന്തെങ്കിലുമൊക്കെ പഠിക്കാനുണ്ട് ;പഠിച്ചിട്ടുമുണ്ടാവണം .അറിവു പകർന്നു തന്ന എല്ലാവർക്കും വിനീതമായ പ്രണാമം

2018, ജൂലൈ 24, ചൊവ്വാഴ്ച

24 -7 -2018   ഒഴിവു ദിവസത്തെ കളി ഇന്നാണ് കാണാൻ കഴിഞ്ഞത് ;നെറ്ഫ്ലിക്സിൽ .കാണാതിരുന്നെങ്കിൽഅത്  വലിയ നഷ്ടമാകുമായിരുന്നു .
        ഉപതെരഞ്ഞെടുപ്പിന്റെ പേരിൽ കിട്ടിയ ഒരു അവധി. അഞ്ചു സുഹൃത്തുക്കൾ ഒത്തു കൂടുന്നു മദ്യക്കുപ്പികളുമായി ഒരു കാട്ടാറിന്റെ തീരത്തുള്ള ഒറ്റപ്പെട്ട ഒരു കെട്ടിടത്തിൽ .കാവൽക്കാരൻ കൂടിയായ ഒരു ജോലിക്കാരനും ഭക്ഷണം വെക്കാനും മറ്റും വന്ന ഒരു വേലക്കാരിയും മാത്രമേ സംഘത്തിലുള്ളവരെ കൂടാതെ അവിടെയുള്ളു .പരിസരത്തൊന്നും മറ്റു മനുഷ്യരില്ല.സുഹൃത്തുക്കളിൽ ഒരാൾ ബ്രാഹ്മണനാണ് ;ഒരാൾ കറുത്ത നിറമുള്ളയാളും .അതൊന്നും അവരുടെ സൗഹൃദത്തിനു തടസ്സമല്ല.പക്ഷേ പാർട്ടി പുരോഗമിക്കുംതോറും ഓരോരുത്തരുടെയും ഉള്ളിലിരുപ്പ് കുറേശ്ശേയായി പുറത്തു വന്നു തുടങ്ങുന്നു ,യുങ് ഷാഡോ എന്നു പേർ നൽകിയ യഥാർത്ഥ വ്യക്തിത്വം .വാദ പ്രതിവാദങ്ങൾ തർക്കങ്ങളായി കയ്യാങ്കളിയോളം എത്തുന്നു .അതൊക്കെ പറഞ്ഞൊതുക്കി വീണ്ടും പഴയപടിയായി. അവർ നേരം പോക്കാൻ കള്ളനും പോലീസും കളിക്കാൻ തീരുമാനിക്കുന്നു .അതിന്നിടയിൽ അവരിൽ രണ്ടു പേർ വേറെ വേറെയായി ജോലിക്കാരി ഗീതയോട് ചില സമീപനങ്ങൾ നടത്തിയിരുന്നു .അതിൽ ഒരാൾ അവളുടെ വിസ്സമ്മതം മനസ്സിലാക്കി പിന്തിരിയുന്നു .മറ്റേയാളാകട്ടെ -അയാളാണ് പരിപാടിക്ക് പണം മുടക്കുന്നത് ,അതയാൾ പറയുന്നുമുണ്ട് -അവളുടെ എതിർപ്പവഗണിച്ച് ചില ചുവടുവെപ്പുകൾ നടത്തുകയും അവളുടെ കയ്യുടെ ചൂടറിയുകയും ചെയ്തു .അവളുടെ വെട്ടു കത്തിക്കു മുന്നിൽ അയാൾ പത്തി മടക്കി തിരിച്ചോടി .സുഹൃത്തുക്കൾ ഇതൊക്കെ മനസ്സിലാക്കുന്നുണ്ട് ,നേരിട്ട് പറയുന്നില്ലെങ്കിലും .
     കള്ളനും പോലീസും കളിക്കാൻ നാലുപേർ മതിയല്ലോ .അതുകൊണ്ട് അഞ്ചാമൻ ,നമ്മുടെ തിരുമേനി, ജഡ്ജി ആവുന്നു .പോലീസുകാരന്റെ നറുക്കു കിട്ടിയ ആൾ ആദ്യം രാജാവിനെയും പിന്നെ മന്ത്രിയെയും കള്ളനെന്നു കരുതി പിടിച്ചു . അതിനുള്ള ശിക്ഷ കൈക്കൂലി നൽകി ഒഴിവാക്കി .കള്ളന്റെ നറുക്കു വീണത് കറുത്തയാൾക്കാണ് .ന്യായാധിപനും രാജാവും മന്ത്രിയും പോലീസുകാരനും കാരനും കൂടി അയാളെ അയാളുടെ തന്നെ ഉടുമുണ്ടഴിച് അതുകൊണ്ടു തൂക്കിക്കൊല്ലുന്നു .പശ്ചാത്തലത്തിൽ ഉടനീളം ഉപതെരഞ്ഞെടുപ്പിന്റെ തത്സമയ വാർത്തകൾ.
    യഥാർത്ഥ രാഷ്ട്രീയം ഓരങ്ങളിലാണ് മാർജിനിലാണ് സംഭവിക്കുന്നത് .കാമറ അവിടേക്ക് ഫോക്കസ് ചെയ്യുമ്പോൾ മുഖ്യധാരയിലെ  രാഷ്ട്രീയ നാടകം പശ്ചാത്തലത്തിലെ അപ്രസക്ത പ്രലപനങ്ങൾ മാത്രമാവുന്നു .കറുത്തവനെ ഉടുമുണ്ടഴിച് വധിക്കുന്ന യഥാർത്ഥ സംഭവം നടക്കുന്നതിനു രണ്ടു മൂന്നു കൊല്ലം മുൻപാണ് ഈ സിനിമ ഇറങ്ങുന്നത് .കല പ്രവചനം കൂടിയാണ് .
     പീഡന ശ്രമങ്ങളെ സ്ത്രീ പ്രതിരോധിക്കുന്നു ,കറുത്തവൻ ബലിയർപ്പിക്കപ്പെടുന്നു .ഭരണകൂട രാഷ്ട്രീയം പശ്ചാത്തലത്തിൽ സ്വന്തം നാടകങ്ങൾ അരങ്ങേറുന്നു .നിർദോഷമായ ഒരൊഴിവ് ദിന വിനോദമായി തുടങ്ങുന്ന കളി കാര്യമാവുന്നത് ഒരു പക്ഷെ നമ്മുടെ കാലത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാവുന്നത് അന്യാദൃശമായ ധ്വനിഭംഗിയോടെ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നു ഈ ചിത്രത്തിൽ .
       
 

2018, ജൂലൈ 17, ചൊവ്വാഴ്ച

16-7-2017

'മലവെള്ളം സ്വപ്നം കണ്ടുണങ്ങിയ പുഴ .എന്റെ പുഴ ,പിന്നിൽ ചോര വാർന്നു പോയ ശരീരം പോലെ ചലനമറ്റു കിടന്നു '
     ഭാരതപ്പുഴയുടെ ഇതിഹാസത്തിന്റെ ,'കാല'ത്തിന്റെ അവസാനവാക്യം ഓർമ്മയിൽ നിന്നെഴുതുന്നതാണ് .എനിക്ക് ഇതൊരിക്കൽ നേരിട്ട് അനുഭവപ്പെടുകയുണ്ടായി .ഔദ്യോഗിക യാത്രകളുടെ ഭാഗമായി ഷൊർണൂർ താമസിച്ചിരുന്നപ്പോൾ ഒരു ദിവസം ഞാൻ ഭാരതപ്പുഴയിൽ കുളിക്കാൻ പോയി .മണൽപ്പരപ്പിലൂടെ ഏറെ ദൂരം നടന്നിട്ടും ഒരു നീർച്ചാൽ കണ്ടെത്താതിരുന്നതു കൊണ്ട് തിരികെ പോരേണ്ടി വന്നു അന്ന് .
       എല്ലാ പുഴകളും വരണ്ടിരുന്നു .ഉണങ്ങി മരുപ്പറമ്പുപോലെ കിടക്കുന്ന കാവേരിയെ നോക്കി കരയുന്ന തമിഴ് കർഷകരെ ടി വി യിൽ കണ്ടു .എന്തിനു ഏതു കടുത്ത വേനലിലും ഉണങ്ങുകയില്ല എന്ന് ഞങ്ങൾ അഹങ്കരിച്ചിരുന്നഞങ്ങളുടെ  അച്ചൻകോവിൽ ആറുംഒഴുക്കു നിലച്ച മട്ടിലായി .
  ഒടുവിൽ മഴയെത്തി .പുതിയ തലമുറയ്ക്ക് ഒരു പക്ഷേ കേട്ടുകേൾവി മാത്രമായ, അവർ ഖസാക്ക് വായിച്ചു മാത്രമറിഞ്ഞിട്ടുള്ള, നിന്നു പെയ്യുന്ന കാലവർഷം .പുഴകൾ നിറഞ്ഞൊഴുകുന്നു .കാവേരിയിലെ അണക്കെട്ട് കുബിക്കടിയുടെ തർക്കങ്ങളില്ലാതെ തുറന്നിരിക്കുന്നു .ഞങ്ങളുടെ പേട്ടയിൽ സീപോർട് എയർപോർട്ട് റോഡിൽ വള്ളം കളി നടത്താമത്രേ വേണമെങ്കിൽ .
     വരണ്ട ഭൂമിയെ ഉർവരയാക്കി കാലവർഷം  പെയ്തൊഴിയും .പാട്ടിൽ പറയുന്നതു പോലെ 'തുമ്പ കിളിർക്കാത്ത തുമ്പികൾ പറക്കാത്ത തരിശു ഭൂമികൾ ഹരിതാംബരമണിയും '.
    നല്ലത് .മുടിയഴിച്ചിട്ടലറുന്ന ഒരു കാലവർഷം നഷ്ടപ്പെട്ടതോർത്ത് ,കടക്കാട് വട്ടക്കുന്നിൻ ചരുവിൽ നിന്ന് പന്തളം കോളേജ് വരെ വള്ളത്തിൽ പോയ കാലം അയവിറക്കി ഭൂമിയുടെ മറ്റേ  പകുതിയിൽ ഇരിക്കുമ്പോൾ ഒരു സംശയം ബാക്കിയാവുന്നു .ആദിവാസിയെയും അന്യസംസ്ഥാനക്കാരനെയും തല്ലിക്കൊല്ലാനും അയൽക്കാരനെയും സഹപാഠിയേയും കുത്തിക്കൊല്ലാനും പ്രേരിപ്പിക്കുന്ന നമ്മുടെ മനസ്സിലെ അഴുക്കുകൾ ഈ കാലവർഷം കഴുകിക്കളയുമോ ?
      

2018, ജൂലൈ 16, തിങ്കളാഴ്‌ച

14-7-2018
കേശഭാരം കബരിയിലണിയും .........
-----------------------------------------------------------

'നല്ല പാട്ട് ' എന്നാണ്‌തോന്നിയത്, നാലര പതിറ്റാണ്ടു മുമ്പ് ആദ്യം കേട്ടപ്പോൾ തന്നെ  .പാടിയിരിക്കുന്നത് യേശുദാസോ ജയചന്ദ്രനോ അല്ല .ബ്രഹ്മാനന്ദനുമല്ല .ആൻറ്റോ ,ശ്രീകാന്ത് ഇവരാരുമല്ല .പി കെ മനോഹരൻ എന്നൊരു ഗായകനാണ് .
     മലയാളത്തിന് ഒരു പുതിയ ഗായകൻ കൂടി എന്ന് ഞങ്ങൾ, അന്നത്തെ സിനിമാപ്രേമികൾ മനസ്സിൽ ഉറപ്പിച്ചു .ഒന്നുമുണ്ടായില്ല.ചില യുഗ്മഗാനങ്ങളിലൊക്കെ ആ ശബ്ദം പിന്നീട് കേട്ടു ;അതും ക്രമേണ ഇല്ലാതായി .യു ട്യൂബിൽ ക്ലിക്ക് ചെയ്യുമ്പോൾ ഉടനടി പ്രത്യക്ഷപ്പെടാത്ത ചില ഇഷ്ടഗാനങ്ങൾ ഈയിടെ തേടിപ്പിടിച്ചതിൽ ഈ പാട്ടിനൊപ്പം ഗായകനെക്കുറിച്ചുള്ള ഒരു വീഡിയോയും കിട്ടി ഏഷ്യാനെറ്ന്യൂസിനു നന്ദി .
     മനോഹരന് അവസരങ്ങൾ കുറഞ്ഞു ;തീരെ ഇല്ലാതായി.ജീവിക്കാൻ വേണ്ടി പല തൊഴിലും നോക്കി .ഇപ്പോൾ ഒരു സെക്യൂരിറ്റി ജീവനക്കാരനായി കഴിയുന്നു .കുട്ടികളുടെ പഠിത്തം വിവാഹം ഇവയ്ക്കൊക്കെ വേണ്ടി  കടം വാങ്ങേണ്ടി വന്നിട്ടുണ്ട് ;വീട് ജപ്തി ഭീഷണിയിലാണ് .കേശഭാരം വീണ്ടും കേൾക്കുമ്പോഴുള്ള അസ്വസ്ഥത വേറെ .നേടിയതിനെക്കുറിച്ചും നഷ്ടപ്പെട്ടതിനെ കുറിച്ചും അനുശോചിക്കരുതെന്നു വേദാന്തികൾ പറയും .തൂവിപ്പോയ ജീവിതം പക്ഷെ സാധാരണ മനുഷ്യനെ ഹോണ്ട് ചെയ്തു കൊണ്ടിരിക്കും ,വാർദ്ധക്യത്തിൽ വിശേഷിച്ചും ."സ്വരയൗവ്വനങ്ങളിൽ കാമകല ഉണർത്തി "കൊണ്ടു മാത്രമല്ല കാലം തിരനോട്ടം നടത്തുന്നത് ,പലപ്പോഴും വലിയ അലർച്ചകളോടു കൂടിയാണ്.
     മനോഹരനെ സിനിമാ രംഗത്തെ  സഹപ്രവർത്തകർ സഹായിച്ചില്ലേ ? ഇല്ല എന്നു വേണം അനുമാനിക്കാൻ .ഇവിടെ ഇതോടൊപ്പം കണ്ട മറ്റൊരു വീഡിയോയെ കുറിച്ചു കൂടി പറയേണ്ടിയിരിക്കുന്നു .എഴുപതുകളിൽ ഉപനായികയായി നിരവധി സിനിമകളിൽ അഭിനയിച്ചിരുന്ന ഒരു നടിയുടെ ദുഃഖ കഥ പറയുന്ന ഒരു വീഡിയോ .സിനിമ വിട്ട ശേഷം അവർ ചെന്നൈയിൽ നിന്ന് അകലെയുള്ള ഒരു ഗ്രാമത്തിൽ ഒരു ഒറ്റ മുറി വീട്ടിൽ കഴിയുകയായിരുന്നു ഡ്രൈവർ ആയ ഭർത്താവുമൊത്ത് .ജീവിതം ദുരിത പൂർണമായിരുന്നു .
    അവരുടെ പിൽക്കാലത്തെക്കുറിച്ച് ചില റിപ്പോർട്ടുകൾ കണ്ടു യു ട്യൂബിൽ തന്നെ .അവരെ കാണാതാവുകയായിരുന്നു.അവർക്കു പക്ഷേ എല്ലാമാസവും കൃത്യമായി 5000 രൂപ ബാങ്കിൽ എത്തുമായിരുന്നുവത്രേ .അവരെ കാണാതായതിനു ശേഷം ആറുമാസം കൂടി ആ പണം എത്തിയിരുന്നു .ആ അൺ ക്ലെയിംഡ് അമൗണ്ടിനെ കുറിച്ചുള്ള അന്വേഷണത്തിലാണ് തങ്ങളുടെ അയല്പക്കത്തു താമസിച്ചിരുന്ന ദരിദ്രയായ വൃദ്ധ ഒരു കാലത്തു മലയാളത്തിലെ പ്രശസ്തയായ നടിയായിരുന്നുവെന്നു നാട്ടുകാർ മനസ്സിലാക്കിയത് .കാരണം ആ പണം അയച്ചു കൊണ്ടിരുന്നത് മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യായിരുന്നു.
       'അമ്മ പതിവു തെറ്റിക്കാതെ അവരുടെ അനാഥ വാർദ്ധക്യങ്ങളെ സഹായിക്കുന്നുണ്ട് ;സഹായം ഇരട്ടിയാക്കാൻ ഉദ്ദേശിക്കുന്നു ,വീടില്ലാത്തവർക്കു വീടു വെച്ചു കൊടുക്കാനും ;അവരുടെ പ്രസിഡന്റ് മോഹൻലാൽ പത്രസമ്മേളനത്തിൽ പറയുന്നത് ടി വി യിൽ കേട്ടതാണ് .വാർദ്ധക്യത്തിൽ ഉപേക്ഷിക്കപ്പെടുക ഹ്രുദയഭേദകമാണെന്നിരിക്കെ '
അമ്മ'യുടെ ഈ ദൃശ പ്രവവൃത്തികൾ  ശ്ളാഘനീയമാണെന്നു സമ്മതിച്ചല്ലേ മതിയാവു .ഏതു സംഘടനയിലും ഉള്ളതു പോലെ അഭിപ്രായ വ്യത്യാസങ്ങൾ  'അമ്മ'യിലും ഉണ്ടാവും .അതൊക്കെ അവർക്കു തന്നെ പറഞ്ഞു തീർക്കാൻ കഴിയുമെന്നാണ് എനിക്കു തോന്നുന്നത് .അവരുടെ പ്രസിഡന്റിന്റെ പത്രസമ്മേളനത്തിലും എതിർഭാഗത്തുനിൽക്കുന്നവരുടെ പ്രതിനിധിയായ യുവനടിയുടെ ടി വി അഭിമുഖത്തിലുംഒരേ പോലെ കണ്ട ഉത്തരവാദിത്തബോധവും വിദ്വേഷമില്ലായ്മയും അനുരഞ്ജനാത്മകതയും  അതിലേക്ക് വിരൽ  ചൂണ്ടുന്നു .
     എനിക്കിതിലൊക്കെ എന്തു കാര്യം എന്ന ചോദ്യമുണ്ടാവാം .ജീവിതനൗക തൊട്ടിങ്ങോട്ട് മലയാളത്തിലിറങ്ങിയ ഒട്ടുമിക്ക ചിത്രങ്ങളും ,പലതും പലപ്രാവശ്യം, കണ്ടിട്ടുള്ള എനിക്ക് ഇവരൊക്കെ എന്റെ സ്വന്തം ആളുകളാണെന്നാണ് തോന്നാറുള്ളത് .'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി'യുടെ സെറ്റിൽ വെച്ച് കഷകത്തൊഴിലാളി വൃദ്ധ പ്രേംനസീറിനെ കുറിച്ച് അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിൽ പറഞ്ഞതോർമ്മയില്ലേ 'ഞങ്ങൾ തമ്മിൽ നല്ല പരിചയമാ ,ഞാൻ കൊട്ടകയിലും ഇദ്യം സ്‌ക്രീനിലുമായി നമ്മൾ എത്രയോ വട്ടം കണ്ടിരിക്കുന്നു '.അതു തന്നെയാണ് എനിക്കും പറയാനുള്ളത് .               അപ്പോഴും മനോഹരനെപ്പോലെയുള്ളവരുടെ പ്രശനം അവശേഷിക്കുന്നു .'അമ്മ'യുടെ .മാതൃക സിനിമാ രംഗത്തുള്ള മറ്റു  സംഘടനകൾക്കും പിന്തുടരാവുന്നതല്ലേ ?


     
             

2018, ജൂലൈ 8, ഞായറാഴ്‌ച

7-7-2018
  കഴിഞ്ഞ ചില വർഷങ്ങളിൽ  വിട്ടുപോയ    ചില മലയാള ചിത്രങ്ങൾ ഈയിടെ കാണാൻ ഇടയായി .അവയിൽ ചിലത് നല്ലനിലവാരം പുലർത്തുന്നു .അക്കൂട്ടത്തിൽ ഒന്നാണ് ബിനു ഉലഹന്നാന്റെ ''മെല്ലെ '.
      ഒരു പ്രണയകഥയുടെ ഋജുവായ ,മന്ദ്ര സ്ഥായിയിലുള്ള ആഖ്യാനം ;ഒപ്പം ഒരു വലിയ സാമൂഹ്യ വിപത്ത് ആയ ഒരു പ്രശ്‍നം പോർവിളികളും പ്രഭാഷണങ്ങളും ഒഴിവാക്കിക്കൊണ്ട് എന്നാൽ ഫലപ്രദമായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു .പശ്ചാത്തലമായി കൊൽക്കൊത്ത നഗരവും കേരളത്തിലെ ഒരു ഉൾനാടൻ ഗ്രാമവും .പ്രധാന വേഷങ്ങൾ ചെയ്തവർ ,അമലും തനുജയും പുതുമുഖങ്ങളാണെന്നു തോന്നുന്നു .രണ്ടു പേ
 രും നന്നായി .അതിലും അല്പം കൂടി നന്നായിട്ടുണ്ട് ഉപകാരിയായ നാട്ടിൻപുറത്തുകാരൻ അച്ചായനെ അവതരിപ്പിച്ച ജോജു .
   എല്ലാ ഘടകങ്ങളും ചേരുംപടി ചേർത്ത് നല്ലൊരു ദൃശ്യാനുഭവം ആസ്വാദകർക്ക് സമ്മാനിക്കുന്നതിൽ സംവിധായകൻ ഏറെക്കുറെ വിജയിച്ചിരിക്കുന്നു

      

2018, ജൂലൈ 3, ചൊവ്വാഴ്ച

2-7-2018

എനിക്കിതു സഹിക്കാൻ കഴിയുന്നില്ല .
ലോകത്തിന്റെ മറ്റേ അറ്റത്ത് മലയാളവാർത്തകൾ തമാശയോടെ കേട്ടിരിക്കുമ്പോഴാണ് പൊടുന്നനെ ഈ വാർത്ത ദൃഷ്ടിയിൽ പെട്ടത് .തുടർന്ന് അവർ പറയുകയും ചെയ്തു ഒരു ജീവൻ പൊലിഞ്ഞിരിക്കുന്നു ,ഒരു പത്തൊമ്പതുകാരൻ വിദ്യാർത്ഥി  പൈശാചികമായി കൊല ചെയ്യപ്പെട്ടിരിക്കുന്നു .നാലു പതിറ്റാണ്ടിനു ശേഷം  മഹാരാജാസിലെ മണ്ണിൽ ചോര വീണിരിക്കുന്നു .
   കരച്ചിലടക്കാൻ പാടു പെടുന്ന ആ അച്ഛനേയുംനൊന്തു പെറ്റ മകനെ വിളിച്ചു കരയുന്ന ആ അമ്മയേയും മനസ്സിലെങ്കിലും എന്തു പറഞ്ഞാണ് സമാധാനിപ്പിക്കുക ?
  കലാലയ അതിക്രമത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായ ബ്രിട്ടോയേയും ഞാൻ ടി വി യിൽ കണ്ടു .ബ്രിട്ടോ കുടുംബത്തിന്റെ സുഹൃത്തായിരുന്നു കൊല്ലപ്പെട്ട അഭിമന്യു .ചക്ര വ്യൂഹത്തിനുള്ളിൽ കടക്കാനല്ലാതെ പുറത്തിറങ്ങാൻ പുരാണത്തിലെ അഭിമന്യു പഠിച്ചിരുന്നില്ല എന്ന് ബ്രിട്ടോ കളിയായി പറയാറുണ്ടായിരുന്നു അഭിമന്യുവിനോട് .ചക്രവ്യൂഹം ചമയ്ക്കുന്നവർ ധർമ്മയുദ്ധമുറകളൊന്നും പാലിക്കാറില്ല പണ്ടും എന്ന് ബ്രിട്ടോയ്ക്കറിയുമായിരിക്കും ;അഭിമന്യു അത്രയ്ക്കൊന്നും അനുഭവ സമ്പത്തുള്ള ആളല്ലല്ലോ .
    ഭീകരവാദത്തിന് കേരളത്തിൽ വേരോട്ടമുണ്ടായിക്കഴിഞ്ഞിരിക്കുന്നു എന്ന് വേണം വിചാരിക്കാൻ .അതിനിയും വളരാൻ അനുവദിച്ചുകൂടാ .എന്നല്ല അതിനെ വേരോടെ നശിപ്പിക്കുക തന്നെ വേണം .ഭരണ കൂട ശക്തി ഉപയോഗിച്ചു തന്നെ ഭീകരവാദത്തെ ഉന്മൂലനം ചെയ്യണം .
    അതാണ് പോംവഴി ;അതു മാത്രമാണ് പോംവഴി .കണ്ണിനു പകരം കണ്ണ് എന്ന നിയമം ഒരു കാരണവശാലും നടപ്പാക്കപ്പെട്ടുകൂടാ .

2018, ഏപ്രിൽ 16, തിങ്കളാഴ്‌ച

ബുദ്ധ മതവും ഇന്ത്യൻ ജാതി വ്യവസ്ഥയും
    പി കെ ബാലകൃഷ്ണൻ
ബുദ്ധ മതം പ്രവൃദ്ധമായിരുന്ന കാലത്തും ജാതി സമൂഹം ജാതി സമൂഹമായി തന്നെ നിലനിന്നു .*
*ഇന്ത്യയിൽ ബുദ്ധ മതം പ്രവൃദ്ധമായിരുന്ന കാലത്ത് ബുദ്ധ ഭിക്ഷുക്കളല്ലാത്ത ബുദ്ധ മതാനുയായികൾ ഇതര സാമാന്യ ജനങ്ങളിൽ നിന്നും ക്രിസ്തുമതാനുയായികളെ പോലെയും ഇസ്ലാം മതാനുയായികൾ പോലെയും വേർതിരിഞ്ഞു വർത്തിച്ച ഒരു ഒരു പ്രത്യേക ജന വിഭാഗമായിരുന്നില്ല എന്നാണു നാനാ സാഹചര്യങ്ങൾ കൊണ്ടും മനസ്സിലാക്കേണ്ടി വരുന്നത് .പ്രത്യേകമായ അനുഷ്ഠാനങ്ങളും ആചാരക്രമങ്ങളും അവർക്കില്ലായിരുന്നുവെന്നും അവനവന്റെ ആത്മജാതി വൃത്തത്തിൽ ജാത്യാചാരമനുസരിച്ചു ജീവിക്കുകഎന്നതു തന്നെയായിരുന്നു അവർക്കു കരണീയമായ നടപടി എന്നും സാഹചര്യങ്ങൾ ആകെ കണക്കിലെടുത്താൽ കാണാം .ഇക്കാര്യത്തിൽ ഏറെ വെളിച്ചം വീശുന്ന ഒന്നാണ് -The social organization in northeast India in Budhist  Time -എന്ന Richard Tick ന്റെ ഗ്രന്ഥം .ജാതി സമൂഹത്തിന്റെ ലംഘനമില്ലാത്ത നിലനിൽപിലേക്കു തന്നെയാണ് ആർ  എസ ശർമ്മയുടെ Aspects of Political Ideas and Institutions   in Ancient India എന്ന ഗ്രന്ഥത്തിലെ ജാതിയെ സ്പർശിക്കുന്ന അദ്ധ്യായങ്ങൾ .സാമാന്യ ജനതയുടെ സമുദായ ബദ്ധമായ നിത്യ ജീവിത ക്രമത്തിൽ ജാതിവ്യവസ്ഥക്കെതിരായി ബുദ്ധമതം നില സ്വീകരിച്ചതായി കാണുന്നില്ല എന്ന അഭിപ്രായം തന്നെയാണ് Ancient Indian Social History എന്ന ഗ്രന്ഥത്തിൽ ശ്രീമതി റൊമീളാ ഥാപ്പറും പ്രകടിപ്പിച്ചു കാണുന്നത് .(ജാതി വ്യവസ്ഥിതിയും കേരളചരിത്രവും )

2018, മാർച്ച് 14, ബുധനാഴ്‌ച

യൂപി  ബീഹാർ  ഉപ തെരഞ്ഞെടുപ്പുകൾ
        ഈ ഉപതെരഞ്ഞെടുപ്പുകളിൽ എനിക്ക് ഏറ്റവും സന്തോഷമുണ്ടാക്കിയ ഘടകം അവിടങ്ങളിലെ കോൺഗ്രസ്സിന്റെ ദയനീയമായ പരാജയമാണ് .ഇന്ത്യയുടെ ഹൃദയ ഭാഗത്തു കോൺഗ്രസ്സ് അപ്രസക്തമായിരിക്കുന്നു .ബി ജെ പി ഇതര കോൺഗ്രസിതര മുന്നണി സാദ്ധ്യമാണെന്നു തെളിയിക്കപ്പെട്ടിരിക്കുന്നു .അതിനപ്പുറം ഈ തെരഞ്ഞെടുപ്പിൽ അട്ടിമറിയും നോക്കുകൂലിയുമൊന്നുമില്ല .ഉദാഹരണത്തിന് എസ്  പി യും ബി എസ്  പി യും സംയുക്തമായി ബി ജെ പി യെക്കാൾ കൂടുതൽ വോട്ട് നേടിയിരുന്നു 2014 ലും 2017 ലും .ബിഹാറിലേത് ആർ ജെ ഡി യുടെ സിറ്റിംഗ് സീറ്റായിരുന്നു.
   മഹനീയമായ ജനാധിപത്യ തത്വങ്ങളും ഇവിടെ അന്തര്ഭവിച്ചിട്ടില്ല ;മതരാഷ്ട്രീയം ജാതി രാഷ്ട്രീയത്തിന് വഴി മാറിയെന്നു മാത്രം