ഇന്നലെ മാർച്ച് 11 ,2016 അവിസ്മരണീയമായ ഒരു ദിവസമായിരുന്നു .ഞാൻ എസ ഡി കോളേജിൽ പോയി അവിടത്തെ മലയാളം എം എ വിദ്യാർഥികൾക്ക് 'ആധുനികത മലയാള കവിതയിൽ' എന്ന വിഷയത്തെ കുറിച്ച് ക്ലാസ്സെടുത്തു .ഞാൻ എമെസ്സിക്ക് പഠിച്ചത് എസ് ഡി കോളേജിലാണ് ..മലയാളം എം എ വിദ്യാർഥികളെ പഠി പ്പിക്കാൻ അവിടേക്കു ക്ഷണിക്കപ്പെടുക വലിയ ഒരു ബഹുമതിയായി ഞാൻ കണക്കാക്കുന്നു .
എന്റെ കൗമാര യൗവനങ്ങൾക്ക് സമകാലികമാണ് അറുപതുകളുടെ തുടക്കത്തിൽ ആരംഭിച്ച് രണ്ടു ദശകത്തോളം നിലനിന്ന മലയാള സാഹിത്യത്തിലെ ആധുനികതാ പ്രസ്ഥാനം . കുരുക്ഷേത്രം പ്രസിദ്ധപ്പെടുത്തിയ കാലത്ത് തന്നെ ഞാൻ അതു വായിച്ചിരുന്നു .മുഖ്യധാരാ കവിതയുടെ പ്രത്യേകിച്ച് വൈലോപ്പിള്ളി കവിതയുടെ ആരാധകനായിരുന്ന എനിക്ക് പക്ഷേ കുരുക്ഷേത്രം ഭാവാപേക്ഷയില്ലാത്ത രൂപ പരീക്ഷണം മാത്രമായി തോന്നിയില്ല .മാത്രമല്ല അതിന്റെ മാതൃക എന്നു കരുതപ്പെടുന്ന എലിയറ്റ് കാവ്യം' ദ വേസ്റ്റ് ലാൻഡ്'ഇംഗ്ലീഷ് എം എ വിദ്യാർഥികളായ സുഹൃത്തുക്കളുടെ സഹായത്തോടെ വായിച്ചു മനസ്സിലാക്കാൻ ഒരു ശ്രമം നടത്തുക കൂടി ചെയ്തു ഞാൻ .ആയിടെ തന്നെ വന്ന കക്കാടിന്റെ 1963 ,നഗരത്തിലെ കണ്വൻ ,പാലൂരിന്റെ കൃക്ഷ്ണഗാഥ,മാധവൻ അയ്യപ്പത്തിന്റെ ജീവ ചരിത്രകുറിപ്പുകൾ ഇവയൊക്കെ മുൻ വിധികളൊന്നും ഇല്ലാതെ വായിക്കാൻ കഴിഞ്ഞിരുന്നു എനിക്ക് .സംസ്കൃത ഉദ്ധരണികൾ ,പരിഹാസം, വൃ ത്ത നിരാസം ഇവയൊക്കെ എന്നെ അലോസര പ്പെടുത്തിയിരുന്നെങ്കിലും .
എഴുപതുകളിലെ യുവത്വത്തിന്റെ ആന്തര സംഘർഷം അനുഭവിച്ചറിഞ്ഞിട്ടുള്ള എനിക്ക് ആ സംഘര്ഷത്ത്തിന്റെ വാങ്ങ്മായ രൂപങ്ങൾ ,എന്റെ പ്രായക്കാരായ യുവാക്കൾ എഴുതിയത് സ്വാഭാവികമായും ആകർഷകങ്ങളായി തോന്നി .
ഇക്കാര്യങ്ങളൊക്കെ ഞാൻ എന്റെ മുമ്പിലിരുന്ന കുട്ടികളോടു പറഞ്ഞു ..കുരുക്ഷേത്രം തൊട്ടുള്ള പ്രധാന ആധുനിക കവിതകളെ ക്കുറിച്ചുള്ള ലഘു വിവരണത്തോടൊപ്പം .ആമുഖമായി 'തരിശു ഭൂമി'യെ ക്കുറിച്ച് ഞാൻ മനസ്സിലാക്കിയ കാര്യങ്ങളും ഉപസംഹാരമായി ഉത്തരാധുനികതയെ പറ്റിയുള്ള എന്റെ ധാരണകളും .
അദ്ധ്യാപകനാകാനുള്ള ഉൾപ്രേരണയോ കഴിവോ എനിക്കില്ല എന്ന് ബോദ്ധ്യമുള്ളതു കൊണ്ടാണു ഞാൻ ഏറെ ആഗ്രഹമുണ്ടായിരുന്നിട്ടും സാഹിത്യം ഐശ്ചി കമായി എടുക്കാതിരുന്നത് .എന്റെ ആ അയോഗ്യത ഇന്നും നിലനില്ക്കുന്നു .ആലപ്പുഴയിലെ കുട്ടികൾ പക്ഷേ ഒരക്ഷമ യും പ്രകടിപ്പിക്കാതെ രണ്ടര മണിക്കൂർ ഞാൻ പറഞ്ഞതൊക്കെ കേട്ടിരുന്നു .ചിലരൊക്കെ ചിലതൊക്കെ കുറി ച്ചെടുക്കുന്നുമുണ്ടായിരുന്നു .കോട്ടുവായും ഞെളി പിരിക്കൊള്ളലുമൊന്നും ഒരാളുടെ ഭാഗത്തുനിന്നും ഉണ്ടായില്ല .ക്ലാസ് വളരെ മോശമായില്ല എന്നർഥം .ഒരുവിധം മോശം എന്ന് വേണമെങ്കിൽ പറയാം .
അതെങ്ങിനെയായാലും എനിക്ക് അനല്പ്പമായ അഭിമാനവും ആഹ്ലാദവും അനുഭവപ്പെട്ടു .ഉപനിഷത്തിലെപ്രസിദ്ധമായ ആ ശാന്തി മന്ത്ര പാദം "തേജസ്വീനാവധീതമസ്തു " എന്റെ മുമ്പിലിരുന്ന ഒരോ വിദ്യാർഥിയേയും മനസ്സില് കണ്ട് ഞാൻ ഉരുവിടുന്നു :'ഞാനും നീയും ചേർന്നു നേടിയ ഈ വിദ്യ മേളക്ക് മേല തേജസ്സാർജിക്കട്ടെ '
എനിക്ക് ഈ അവസരം നല്കുന്നതിന് മുൻ കയ്യെടുത്ത ഡോ സജിത്കുമാറിനോടു ഞാൻ നന്ദി പറയേണ്ടതില്ല .