2017, മേയ് 17, ബുധനാഴ്‌ച

കൈവഴികൾ പിരിയുമ്പോൾ
 മലയാള മുഖ്യധാരാസിനിമയിലെ രണ്ടാമത്തെ വലിയ ചുവടുവെപ്പാണ് 1965 അവസാനം പുറത്തിറങ്ങിയ എം ടി തിരക്കഥാകൃത്തായി അരങ്ങേറിയ,എ വിൻസെന്റ് സംവിധാനം ചെയ്ത  മുറപ്പെണ്ണ് .ഒന്നാമത്തേത് 1962 ലെ സേതുമാധവൻ ചിത്രം കണ്ണും കരളും .അതിലൂടെയാണ് സിനിമയിൽ ദൃശ്യങ്ങൾക്കുള്ള പ്രാധാന്യം മലയാളി മനസ്സിലാക്കിയത് .മുറപ്പെണ്ണ് ഈ പരിവർത്തനത്തെ ത്വരിതപ്പെടുത്തുക മാത്രമല്ല ചലച്ചിത്രം എങ്ങിനെ കാവ്യാത്മകമാക്കാമെന്നു കാണിച്ചു തരുകയും ചെയ്തു .ഇതിലൂടെ കടന്നു വന്ന വള്ളുവനാടൻ ഭാഷ മലയാള സിനിമയിൽ  പ്രതിഷ്ഠ നേടി .താനൊരു താരം മാത്രമല്ല മികച്ച അഭിനേതാവ് കൂടിയാണെന്ന് പ്രേംനസീറിന്  തെളിയിക്കാൻ അവസരം നൽകിയത് ഈ ചിത്രമാണ് .ഉയർന്ന നിലവാരം പുലർത്തിയ എം ടി   വിൻസെന്റ്  പ്രേംനസീർ .ചിത്രങ്ങളിൽ ഒന്നാമത്തേതായിരുന്നു മുറപ്പെണ്ണ് .
    കൊതിച്ചതെല്ലാം കൈവിട്ടു പോകുന്നതിന്റെ വേദന  ഉള്ളിലൊതുക്കിയ ചെറുപ്പക്കാരന്റെ സന്തപ്തവും സൗമ്യവും സുന്ദരവുമായ മുഖം സാവധാനം മുന്നിലേക്കു വന്ന് വെള്ളിത്തിരയാകെ നിറയുന്നത് തിരുവനന്തപുരം സെൻട്രൽ തീയറ്ററിലിരുന്നു കണ്ടത് ഇന്നെന്ന പോലെ ഞാനോർക്കുന്നു ;അയാളുടെ മുഖത്തുകൂടി ഒഴുകിവരുന്ന പുഴയുടെ മനോഹരമായ ആ ദുഃഖഗാനവും .
   ഈ ചിത്രം യു റ്യുബ്യിൽ ഇന്നലെ വീണ്ടും കണ്ടപ്പോൾ ഞാനാലോചിച്ചു പോയി  ,മുറപ്പെണ്ണിന്റെ കനക ജൂബിലി ആഘോഷിക്കാൻ നമ്മൾ മറന്നു പോയത് എന്തുകൊണ്ടാണ് ?

2017, മേയ് 14, ഞായറാഴ്‌ച

ഏഷ്യാനെറ്റ് ന്യൂസിലെ 'വാക്കും പൂക്കും കാലം ' ഇന്നത്തെ(മേയ്14 ,2017 )  എപ്പിസോഡ് എനിക്ക് വളരെ ശ്രദ്ധേയമായി തോന്നി രണ്ടു കാരണങ്ങൾ കൊണ്ട് .ഒന്ന് വളരെ വര്ഷങ്ങൾക്കു ശേഷം ജി കുമാരപിള്ള സാറിനെ കാണാനും അദ്ദേഹത്തിന്റെ ശബ്ദം കേൾക്കാനും സാധിച്ചു മിനി വെള്ളിത്തിരയിലാണെങ്കിലും ..രണ്ടാമത്തേത് എൻ എൻ  ക ക്കാടിന്റെ കവിതയെക്കുറിച്ച് കവി ദേശമംഗലം രാമകൃഷ്ണൻ പ്രകടിപ്പിച്ച അഭിപ്രായമാണ് ."കാലമിനിയുമുരുളും വിഷുവരും" എന്നൊക്കെയുള്ള സഫലീമീ യാത്ര എന്നൊരൊറ്റ കവിത മാത്രമാണ് കക്കാടിന്റേതായി മലയാള ഭാവുകത്വം സ്വീകരിച്ചത് .കവിയുടെ രക്ത സാക്ഷിത്വമാണ് ഇത് എന്നദ്ദേഹം പറഞ്ഞു .ഞാൻ യോജിക്കുന്നു .സഫലമീ യാത്ര ഒരു നല്ല കവിതയാണ് .ഓ എൻ വി യുടെ ദാമ്പത്യ കവിതകളെ അനുസ്മരിപ്പിക്കുന്ന ശയ്യാഗുണമുള്ള ഒരു നല്ല കവിത .പക്ഷെ കക്കാടിന്റെ ഏറ്റവും നല്ല കവിതകളുടെ കൂട്ടത്തിൽ അതുൾപ്പെടുന്നില്ല .
       അയ്യപ്പപ്പണിക്കർക്കൊപ്പം  ആധുനികത മലയാളകവിതയിൽ നിലനിർത്തുകയും പരിപോഷിപ്പിക്കുകയും ചെയ്തകവിയാണ് കക്കാട്.ഉണ്ടാവാൻ പോകുന്ന നഗരവൽക്കരണത്തെക്കുറിച്ചുള്ള ഒരു ഗ്രാമീണന്റെ ഉൽക്കണ്ഠകൾ തികഞ്ഞ കാവ്യ സൗന്ദര്യത്തോടെ ആവിഷ്കരിക്ക പെട്ടിട്ടുള്ള 'നഗരത്തിലെ കണ്വൻ "(പുസ്തകത്തിൽ കണ്വൻ ),1963  തുടങ്ങിയവ മലയാള കവിതയുടെ എക്കാലത്തെയും മികച്ച ഉപലബ്‌ധികളിൽപ്പെടുന്നു .നിർഭാഗ്യവശാൽ ആ കവിതകളൊന്നും ഇപ്പോൾ ആരും ശ്രദ്ധിക്കുന്നതായി തോന്നുന്നില്ല
   മലയാളം ഭാവുകത്വം ഈ കവിതകളെ ഒരിക്കൽ തിരിച്ചറിയുമെന്നും അങ്ങിനെ എൻ എൻ കക്കാടിനു കവിതാ ചരിത്രത്തിൽ അർഹിക്കുന്ന സ്ഥാനം തന്നെ നൽകുമെന്നും നമുക്ക് പ്രതീക്ഷിക്കാം

2017, മേയ് 13, ശനിയാഴ്‌ച

10 May 2017
ഇന്ന് ബുദ്ധ പൂർണ്ണിമ.
26 നൂറ്റാണ്ടു മുമ്പ് ഇതു പോലൊരു വൈശാഖ പൗർണ്ണമി നാളാണത്രെ സിദ്ധാർത്ഥൻ ബോധോദയത്തിലൂടെ തഥാഗതനായത് .താൻ അറിഞ്ഞത് എന്താണെന്ന് ബുദ്ധൻ അപ്പോൾ തന്നെ തന്റെ അഞ്ചു സഹചാരികളോട് അരുളിച്ചെയ്യുകയും ചെയ്തു :
   ദുഃഖം എന്നത് സത്യമാണ് .ഒന്നാമത്തെ സത്യം .ജനനവും ജരാമരണങ്ങളും എല്ലാം ദുഃഖകരങ്ങളാണ്
    ദുഃഖം അകാരണമല്ല അതിനൊരു കാരണമുണ്ട് എന്നത് രണ്ടാമത്തെ സത്യം -സമുദയം.ദുഃഖ കാരണം തൃഷ്ണയാണ് .പക്‌ഷേ  പന്ത്രണ്ടു ഘടകങ്ങളുള്ള സംസാര ചക്രത്തിലെ ഒരു കണ്ണി മാത്രമാണ് തൃഷ്ണ .ബുദ്ധൻ അതിങ്ങനെ വിശദീകരിച്ചിരിക്കുന്നു .:അ വിദ്യ മൂലം ഒരു ജന്മത്തിലെ കർമ്മങ്ങൾ മരണാന്തരവും അവശേഷിക്കുന്നു .ഇതാണ് തത്വ ചിന്തയുടെ ഭാഷയിൽ സംസ്കാരം ..സംസ്കാരം അടുത്ത ജന്മത്തിനു വേണ്ടിയുള്ള അവബോധത്തിനു -വിഞ്ജാനം -കാരണമാവുന്നു ..വിഞ്ജാനത്തിൽ നിന്ന് വ്യക്തിത്വം -നാമരൂപം -ഉണ്ടാവുന്നു .നാമരൂപത്തിൽ നിന്ന് സദായതനം -പഞ്ചേന്ദ്രിയങ്ങൾ മനസ്സ് ബുദ്ധി മുതലായ അന്തക്കരണങ്ങൾ ;സദായതനം നിമിത്തം ബാഹ്യവിഷയങ്ങളുമായുള്ള സമ്പർക്കം ,സ്പർശം .ഇത് വിഷയങ്ങളിലുള്ള  താല്പര്യത്തിനു-,വേദനം - വഴിയൊരുക്കുന്നു   .വേദനത്തിൽ നിന്ന് തൃഷ്ണ വിഷയങ്ങളിലുള്ള ആഗ്രഹം ..തൃഷ്ണ വിഷയങ്ങളിലുള്ള മുറുക്കിപ്പിടിത്തത്തിനു -ഉപാദാനം -കാരണമാവുന്നു
     ഉപാദാനത്തിൽ നിന്ന് ഭാവന ,അതായത് അടുത്ത ജന്മത്തിനു രൂപം നൽകുന്ന പ്രക്രിയ .തുടർന്ന് ജാതി -ജനനം ;വാർദ്ധക്യവും മരണവും -ജരാ മരണം .വീണ്ടും അവിദ്യയിൽ നിന്നാരംഭിക്കുന്ന സംസാര ചക്രം .
  സംസാര ചക്രത്തിലെ  ദ്വാദശ നിദാനങ്ങൾ എന്നറിയപ്പെടുന്ന ഈ   ഘടകങ്ങളിൽ ഏറ്റവും പ്രധാനം  തൃഷ്ണയാണ് .തൃഷ്ണയെ ജയിച്ചാൽ ഉപാദാനം ,ഭാവന ജാതി ജരാമരണം ഒന്നും ഉണ്ടാവുകയില്ല . തൃഷ്ണയില്ലെങ്കിൽ ബാഹ്യവിഷയങ്ങളിലുള്ള താല്പര്യം -വേദനം -വരെയുള്ള ഘടകങ്ങൾ അവിദ്യക്ക് കാരണമാവുകയുമില്ല .ഇടയ്ക്കു പറയട്ടെ ഈ അപഗ്രഥന രീതിക്ക് പ്രതീത്യസമുത്പാദം എന്നാണു പേര് പറഞ്ഞു വരുന്നത് .
     അപ്പോൾ തൃഷ്ണയെ നിരോധിക്കുന്നതിലൂടെ അവിദ്യാ ജന്യമായ ദുഃഖത്തെ നിരോധിക്കാം .അതാണ് മൂന്നാമത്തെ സത്യം നിരോധം .നിരോധത്തിനുള്ള മാർഗം ആണ് നാലാമത്തെ സത്യം .മാർഗം .ആര്യ അഷ്ടാങ്ങ  മാർഗം .സുവർണ്ണ മദ്ധ്യ മാർഗമെന്നും ഇതറിയപ്പെടുന്നു ഭിക്ഷുക്കൾക്ക് മാത്രമല്ല ഏതൊരു മനുഷ്യനും പിന്തുടരാവുന്ന അങ്ങിനെ പിന്തുടർന്ന് നിർവാണം പ്രാപിക്കാനുതകുന്ന ഈ മാർഗം ഇങ്ങിനെ സംഗ്രഹിക്കാം :
  സാമ്യക്വാക് (അന്യർക്ക് അഹിതമായതോ അസത്യമായതോ ആയ വാക്ക് പറയാതിരിക്കുക )സമ്യക് കർമ്മം (സത്കർമ്മങ്ങൾ മാത്രം ചെയ്യുക }സമ്യക് ജീവിക (ഹാനികരമല്ലാത്ത വ്യവഹാരങ്ങളിൽ മാത്രം ഏർപ്പെടുക )എന്നീ മൂന്നു ശീലങ്ങൾ അഥവാ ബാഹ്യ നിയന്ത്രണങ്ങൾ ;
        സമ്യക് പ്രയാസം (എല്ലാവരുടെയും ഉത്കര്ഷത്തിനു വേണ്ടി പ്രവർത്തിക്കാനുള്ള മനസ്സുണ്ടാവുക ),സമ്യക് സ്മൃതി (നല്ല ആശയങ്ങളുണ്ടാവുക )സമ്യക് സമാധി (നല്ല യോഗാവസ്ഥ ) എന്നിങ്ങനെ മൂന്നു ചിത്ത വൃത്തികൾ ;
          സമ്യക് ദൃഷ്ടി (നല്ല കാഴ്ചപ്പാട് ,നാല് ആര്യ സത്യങ്ങളിൽ വിശ്വസിക്കുക )സമ്യക് സങ്കൽപം (നൈതികമായ മനോനില കൈവരിക്കണമെന്ന പ്രതിഞ്ജ )എന്നിങ്ങനെ  ബൗദ്ധികമായ -(പ്രഞ്ജാ എന്ന് സാങ്കേതിക പദം ) -
രണ്ടുകാര്യങ്ങൾ .
    അനാത്മവാദിയാണ് ബുദ്ധൻ .ആത്മാവിന്റെ അസ്തിത്വത്തെ അദ്ദേഹം അംഗീകരിച്ചിട്ടില്ല .അപ്പോൾ പിന്നെ പുനർജ്ജനിക്കുന്നതെന്താണ് .ആ ചോദ്യത്തിനും തത്വചിന്താപരമായ അത് പോലെയുള്ള മറുചോദ്യങ്ങൾക്കും 'അവ്യക്തമെന്നാണ് അദ്ദേഹം മറുപടിയായി അരുളിച്ചെയ്തത് .
         അവ്യക്തങ്ങളെ കുറിച്ചുള്ള പിൽക്കാല വാദപ്രതിവാദങ്ങളാണ്  ബുദ്ധ മതത്തിലെ വിഭാഗീയതകൾക്ക് വഴി തെളിച്ചത് .
     അനാത്മാ വാദം മാറ്റി നിർത്തിയാൽ
     അവിദ്യയിലൂടെ മൃത്യു വിനെ തരണം ചെയ്ത്  വിദ്യയിലൂടെ അമരത്വം അനുഭവിക്കുക "    " എന്ന ഉപനിഷദ് സൂക്തത്തിൽ  നിന്ന് ഭിന്നമല്ലല്ലോ ബുദ്ധൻ ആവിഷ്കരിച്ച സിദ്ധാന്തം എന്ന് തോന്നാം .
  അതെന്തുമാകട്ടെ പ്രാചീന
ഭാരതീയ ചിന്തയെന്നാൽ വേദാന്തമോ മാറ്റ് അഞ്ച് ആസ്തിക ദര്ശനങ്ങളോ മാത്രമല്ല ബുദ്ധ ജൈന സിദ്ധാന്തങ്ങളും ചാര്വാക മതവും മറ്റും കൂടിയുൾപ്പെടുന്നതാണ് .


2017, മേയ് 8, തിങ്കളാഴ്‌ച

സുഹൃത്തേ
ചിരസ്ഥായിയായ സൗഹൃദം എന്നത് ഒരു മിഥ്യയാണ് .അയാഥാർത്ഥമെന്നറിഞ്ഞുകൊണ്ട് നമ്മൾ വിശ്വസിക്കുന്നതായി ഭാവിക്കുന്ന ഒരു വലിയ കള്ളം .ആലോചിച്ചു നോക്കു ഇരുപതു വര്ഷം മുമ്പ് ഒരിക്കലും പിരിയുകയില്ലെന്നു നാം കരുതിയിരുന്ന കൂട്ടുകാരെക്ക റിച്ച് .അവരിൽ എത്ര പേർ ഇപ്പോൾ കൂടെയുണ്ട് ?പോട്ടെ എത്ര പേരുടെ മേല്വിലാസമോ ഫോൺ നമ്പറോ കയ്യിലുണ്ട് ?
      ,അറുപതുകളുടെ അവസാനം , പിജി കാലത്ത് എനിക്ക് രണ്ട് ആത്മസുഹൃത്തുക്കളുണ്ടായിരുന്നു .ഒന്ന് ആലപ്പുഴ ബീച്ചിനടുത്തു താമസിച്ചിരുന്ന ബാബു ;ഏഴു പെൺകുട്ടികളുടെ മൂത്ത സഹോദരൻ ഒരു പെങ്ങളുടെ കല്യാണം കഴിഞ്ഞു .പാസ്സായി ജോലി നേടിയിട്ട് മറ്റു പെങ്ങന്മാരെ കല്യാണം കഴിച്ചയക്കണം ;നല്ല വീട് വെക്കണം.അതായിരുന്നു അയാളുടെ ജീവിത ലക്‌ഷ്യം . അഭ്യസ്ഥ വിദ്യരുടെ തൊഴിലില്ലായ്മ ഏറ്റവും  രൂക്ഷമായിരുന്ന കാലം .എനിക്കും എന്റേതായ പ്രശ്നങ്ങളും പ്രത്യാശകളുമൊക്കെയുണ്ടായിരുന്നു .ഏതാണ്ട് എല്ലാ ദിവസവും വൈകുന്നേരം ആലപ്പുഴ കടപ്പുറത്തിരുന്ന് ഞങ്ങൾ ഞങ്ങളുടെ ഉത്കണ്ഠകളും സ്വപ്നങ്ങളും പങ്കുവെച്ചു .നുരകളുടെ വെളുപ്പുകലർന്ന മുന്നിരുട്ട്  ചക്രവാളത്തോളം വ്യാപിച്ചു കിടക്കുന്നത് ഭയജനകവും അതേസമയം സുന്ദരവുമായ കാഴ്ചയായിരുന്നു .കൂടെ അസ്വസ്ഥത ജനിപ്പിക്കുന്ന കടലിരമ്പം..ആ അന്തരീക്ഷം ഞാൻ ഇപ്പോഴും ഓർക്കുന്നു  ;പക്ഷെ കൂട്ടുകാരനെ മറന്നു .രണ്ടു മൂന്നു വര്ഷം മുമ്പ് ഏറ്റവും നല്ല നടിക്കുള്ള ദേശീയ അവാർഡ് ഒരു തമിഴ് നടിക്കാണെന്നും  അവർ ഒരു മലയാള സിനിമാ സംവിധായകന്റെ മകളാണെന്നും വാർത്ത കേട്ടപ്പോഴാണ് എനിക്ക് ബാബുവിനെ ഓർമ്മ വന്നത്  ;ബാബുവിന്റെ സഹോദരിയെ കല്യാണം കഴിച്ചിരിക്കുന്നത് ആ ഡയറക്ടർ ആണെന്നെനിക്കറിയാമായിരുന്നു .എന്റെ സഹപാഠിയുടെ അന ന്തരവൾക്കാണ് ഉർവശി അവാർഡെന്ന് ഞാൻ പ്രഖ്യാപനം നടത്തി .പക്ഷേ അപ്പോഴും ബാബുവിന്റെ വിവരങ്ങളൊന്നും ഞാൻ അന്വേഷിച്ചില്ല .അയാൾ എവിടെയാണെന്ന് ഇപ്പോഴും എനിക്കറിഞ്ഞു കൂടാ.
          ഒരു പെൺകുട്ടിയായിരുന്നു മറ്റേ ആത്മ സുഹൃത്ത് .ഞങ്ങൾ സ്വർണ്ണം എന്നു വിളിച്ചിരുന്ന സുവർണ്ണകുമാരി .താഴ്ന്ന ഇടത്തരക്കാരായ നായർ കുട്ടികൾ എന്നതായിരുന്നു ഞങ്ങളുടെ സമാനത .ഇടവേളകളിൽ ഞങ്ങളുടെ ബുദ്ധി മുട്ടുകളെ ക്കുറിച്ച് ഞങ്ങൾ സംസാരിച്ചു .അങ്ങിനെയാണ് ഞങ്ങളുടെ സൗഹൃദം ഉടലെടുത്തതും വളർന്നതും .പൈക്കിടാ കോളേജ് പ്രണയങ്ങളുടെ ദ്രവസ്രവങ്ങളില്ലാത്ത ഊഷ്മളമായ സ്നേഹ ബന്ധമായിരുന്നു ഞങ്ങളുടേത് .സഹപാഠികളും സുഹൃത്തുക്കളും അത് ആ നിലയിൽ തന്നെ കാണുകയും ചെയ്തു .
   സ്വർണ്ണത്തിന് ഒരു ലോക്കൽ ബാങ്കിൽ അകൗണ്ടൻറ് ആയി ജോലി കിട്ടി .ലോക്കൽ ബാങ്ക് ഒരു വലിയ ബാങ്കിൽ ലയിച്ചു .ആ ബാങ്ക് ദേശവത്കരിക്കപ്പെട്ടു .എന്തായാലും അഞ്ചാറു മാസത്തിനുള്ളിൽ സ്വർണ്ണം ഒരു മുൻ നിര ബാങ്കിലെ ഓഫീസർ പദവിയിലെത്തി .ഒരെഞ്ചിനീയറെ കല്യാണം കഴിച്ചു .അദ്ദേഹം ജോലി രാജിവെച്ചു സ്വന്തം ബിസിനസ് തുടങ്ങി .അവർ വളരെ വേഗം സമ്പന്നരായി .മഹാലക്ഷ്മി വീട്ടിൽ വന്നു കയറുക എന്നൊക്കെ കേട്ടിട്ടില്ലേ .അതു പോലെ .
       കാലം ;അപ്രതിഹതവും അപ്രതിരോദ്ധ്യവുമായ കാലം .ഒരു നൂറ്റാണ്ട് അല്ല ഒരു സഹസ്രാബ്ദം തന്നെ കടന്നു പോയി .യുഗസംക്രമത്തിന്റെ ഒരു വൃശ്ചിക പുലരിയിൽ ഞങ്ങൾ ,ഞാനും ഭാര്യയും ചോറ്റാനിക്കര അമ്പലത്തിലെത്തി .അപ്പോഴേക്കും വളരെ നീണ്ടു കഴിഞ്ഞിരുന്ന ക്യൂ വിന്റെ പിന്നറ്റത്തു പോയി നിന്നു ഭാര്യ .ഞാൻ നിത്യാനന്ദകരിയും നിതാന്തഭയകരിയുമായ അമ്മയെ അന്നപൂർണ്ണേശ്വരിയെ ധ്യാനിച്ച് നടപ്പന്തലിന്റെ കോണിലും .ഒരു കുഞ്ഞിന്റെ തുലാഭാരം നടക്കുന്നു .'അമ്മ അനുഗ്രഹിക്കട്ടെ .എല്ലാവര്ക്കും നല്ലതുവരട്ടെ .
    ആരോ പിന്നിൽ നിന്ന് പേര് വിളിച്ചു .നോക്കിയപ്പോൾ സുവർണ്ണകുമാരി,നമ്മുടെ സ്വർണ്ണം തന്നെ. കാലം അവരുടെ മധുരിക്കുന്ന ചിരിയിലോ മണിയൊച്ച പോലുള്ള ശബ്ദത്തിലോ ഒരു മാറ്റവും വരുത്തിയിട്ടില്ല .ഒട്ടും പുറം പകിട്ടില്ലാത്ത പക്ഷെ വില കൂടിയ കൈത്തറി വസ്ത്രങ്ങൾ ,കറാൾക്കടയിലോ കുത്താമ്പുള്ളിയിലോ പറഞ്ഞു ചെയ്യിച്ചതാവണം .മുല്ലപ്പൂവിന്റെ സുഗന്ധം .കൂടെ പന്ത്രണ്ടോ പതിമൂന്നോ വയസ്സായ മകൾ .അന്തസ്സുറ്റ പട്ടു പാവാടയും ജാക്കറ്റും .കസവുമുണ്ടുടുത്ത് കസവു നേര്യതു പുതച് ഭർത്താവ് അല്പം മാറിനിന്ന് ആരോടോ സംസാരിക്കുന്നു .
  എന്നെങ്കിലും ഒരു ധനികനായാൽ ഇങ്ങിനെയൊക്കെ വേണമെന്ന് ഞാൻ അപ്പോൾ തന്നെ തീരുമാനിച്ചു .അല്ലാതെ കടും നിറമുള്ള വസ്ത്രങ്ങൾ പരുഷ ഗന്ധമുള്ള പെർഫ്യൂം കൂളിംഗ് ഗ്ലാസ്   ഹും അവന്റെ ഒരു വേഷം എന്ന് ആളുകളെക്കൊണ്ട് പറയിക്കുകയില്ല .
        പോയ പൂക്കാലങ്ങൾ അയവിറക്കി നിന്ന ഞങ്ങളുടെ സമീപത്തേക്കു വന്ന സ്വർണ്ണത്തിന്റെ ഭർത്താവ് സംസാരത്തിൽ ഇടപെട്ടില്ല ;കൗതകത്തോടെ പുഞ്ചിരിച്ചു കൊണ്ട് നോക്കി നിന്നതേയുള്ളൂ .ഇടക്കൊരു വാചകം മാത്രം പറഞ്ഞു .There is not a thing in this world as beautiful as an old friendship .ഹെവി വെഹിക്കിൾസിന്റെ മൊത്ത കച്ചവട ക്കാരന് കവിതയുണ്ട് !
       പണവും സ്വാധീനവുമുള്ളവർക്ക് കേരളത്തിൽ ഒരമ്പലത്തിലും ക്യൂ നിൽക്കേണ്ടതില്ല .ഒരു ദേവസ്വം ഉദ്യോഗസ്ഥൻ വന്ന് അവരെക്കൂട്ടി കൊണ്ടു പോയി .പുതിയ കാറിന്റെ താക്കോൽ പൂജിച്ചു വാങ്ങാനാണ് . കാത്തു നിൽക്കണമെന്ന് ആംഗ്യം കാട്ടിയിട്ടാണ് സ്വർണ്ണം പോയത് .
     കുഞ്ഞിന്റെ തുലാഭാരം കഴിഞ്ഞിരിക്കുന്നു .തൊഴുതു മടങ്ങി വന്ന ഭാര്യ പ്രസാദം നീട്ടി .ഞാൻ കുങ്കുമം തൊട്ട് നടയിലേക്ക് കൈകൂപ്പി"ഭിക്ഷാംദേഹി ....' "
     കാത്തു നിൽക്കണോ ? അവർ ജങ്ഷൻ വരെ അല്ല വീട് വരെ കൊണ്ടു വിടുമായിരിക്കും .പക്ഷെ അടുത്ത പ്രാവശ്യമോ ?ഇന്ത്യൻ ഭരണഘടന പോലെ സുദീർഘവും സുദൃഡവും തുല്യ പൗരാവകാശ സന്ദായകവുമായ കമ്പിയിൽ -ബസ്സിന്റെ മോളത്തെ കമ്പിയിൽ -തൂങ്ങി നിന്നു വേണമല്ലോ അപ്പോൾ യാത്ര .അതിപ്പോഴും ആവാം പഴയ കൂട്ടുകാരിയുമായുള്ള പുനസ്സമാഗമം അകലങ്ങളിൽ പൂവിട്ട വസന്തം പോലെ ഓർമ്മയിൽ നിൽക്കട്ടെ .
     വാഹന വ്യാപാരി പറഞ്ഞത് ശരിയാണ് .ഒരു പഴയ സ്നേഹബന്ധത്തെ പോലെ മനോഹരമായി ഈ ലോകത് യാതൊന്നും തന്നെയില്ല .പക്ഷേ പഴയ സൗഹൃദം പഴയ സൗഹൃദം മാത്രമാണ് .പ്രപഞ്ചത്തിലെ ഓരോ വസ്തുവും അനുനിമിഷം നശിക്കുകയും പുനരുൽപ്പാദിപ്പിക്കപ്പെടുകയും ചെയ്യുകയാണെന്ന ബുദ്ധമത തത്വം ,പ്രതീത്യസമുത്പാദം ,വ്യക്തികൾക്കും വ്യക്തിബന്ധങ്ങൾക്കും ബാധകമാണ് .ഈ കുറിപ്പ് ,എന്തിന് ഈ വാക്യം എഴുതിതുടങ്ങിയ ഞാനല്ല എഴുതി അവസാനിപ്പിക്കുന്നത് ;തീർത്തും വ്യത്യസ്തനായ മറ്റൊരാളാണ് .ഇയാൾക്ക് അയാളോടുള്ള കൂട്ടുകെട്ടിന്റെ കാര്യവും അങ്ങിനെ തന്നെ .ഇയാൾ മറ്റൊരാളാണിപ്പോൾ ;അയാളും .നിങ്ങളുടെ സുഹൃദ്ബന്ധം ഒരു പൂർവ്വജന്മ സ്മരണ മാത്രമാണ് .
   ചിരസ്ഥായിയായ സൗഹൃദം മിഥ്യയാണെന്നു പറഞ്ഞത് ഞാൻ തിരുതാം  ഏതു സൗഹൃദവും ഓർമ്മയിൽ മാത്രമേ നിലനിൽക്കൂ എന്ന് സമ്മതിക്കുമെങ്കിൽ
സ്നേഹപൂർവ്വം