2019, ഏപ്രിൽ 23, ചൊവ്വാഴ്ച

രാജാവിന്റെ മകൻ .
-----' --------------------------
      പക്വതയെത്തിയതിനു ശേഷം ഞാൻ ദീർഘ നേരം ക്യു നിന്ന് കണ്ട ആദ്യ സിനിമ 'രാജാവിന്റെമകൻ 'ആയിരുന്നു .ഒന്നിലേറെ തവണ .രണ്ടാമത്തെ പ്രാവശ്യം അന്ന് സ്‌കൂൾ വിദ്യാർത്ഥിയായിരുന്ന  മകനോടൊപ്പം .അന്നേ മനസ്സിൽ തോന്നിയതാണ് മഹാ നക്ഷത്ര പദവിയിലേക്ക് കുതിക്കുന്ന ചെറുപ്പക്കാരൻ ഈ ക്യു നിൽക്കുന്ന പൊതുജനത്തിന്റെബുദ്ധിമുട്ടുകൾ അറിയുന്നോ എന്ന ചിന്ത .ഇന്നിപ്പോൾ മോഹൻലാൽ മണിക്കൂറുകൾ വോട്ടിനു വേണ്ടി ക്യു നിൽക്കുന്നതു കണ്ടപ്പോൾ എനിക്ക് ബോദ്ധ്യമായി ഇന്ത്യൻ ജനത ജനാധിപത്യത്തിന്റെ കാവൽക്കാരാണെന്ന് .അവർ ജനാധിപത്യ ധ്വംസനങ്ങൾ അനുവദിക്കുകയില്ല .ഏകാധിപത്യമോ കുടുംബവാഴ്ചയോ ഇന്ത്യയിൽ സാധ്യമാവുകയില്ല .കാരണം രാജകുടുംബത്തോടുള്ള ഭക്തി ബഹുമാനങ്ങൾ മാത്രമല്ല താരാരാധനയും ജനാധിപത്യ പർവത്തിനു പുറത്തുമാത്രമേ നിലനിൽക്കൂ .പാപനാശിനിയായ വനകല്ലോലിനി ആർക്കും തർപ്പണത്തിനു നീരുനൽകും .അഭിഷേക ജെലമായി കുംഭങ്ങളിൽ പ്രവേശിക്കുകയില്ല .
    ഇന്ത്യൻ ജനാധിപത്യം നീണാൾ വാഴട്ടെ 






23-4-2019
പാർലമെന്റ് തെരഞ്ഞെടുപ്പായിരുന്നു ഇന്ന് .ഞങ്ങൾക്ക് ,എനിക്കും സുജാതക്കും വോട്ട് ചെയ്യാൻ കഴിഞ്ഞില്ല .ലിസ്റ്റിൽ ഞങ്ങളുടെ പേരുണ്ടായിരുന്നില്ല .തികച്ചും അപ്രതീക്ഷിതം .തുടർച്ചയായി സ്ഥലത്തില്ലാതിരുന്നത് കൊണ്ട് സംഭവിച്ചതാകാം.ഞങ്ങൾ അമേരിക്കയിലേക്ക് താമസം മാറ്റിയെന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്നവരുണ്ട് അയല്പക്കത്ത് .അതെന്തുമാകട്ടെ തിരുത്താൻ വീണ്ടും പേര് ചേർക്കാൻ അവസരങ്ങളുണ്ടായിരുന്നു .ഇങ്ങിനെയൊരു സംശയമേ ഇല്ലാതിരുന്നതു കൊണ്ട് ഞങ്ങളതിനു ശ്രമിച്ചതേയില്ല .
  പോകട്ടെ .ജനാധിപത്യത്തിന്റെ മനസ്സിലാണ് വേണ്ടത് .അതുണ്ട് .എന്ന് വെച്ച ഇതെങ്ങിനെ തുടരാൻ സമ്മതിക്കുകയില്ല .അടുത്ത അവസരത്തിൽ തന്നെ പേര് ചേർക്കും .

2019, ഏപ്രിൽ 7, ഞായറാഴ്‌ച

7-4-2019
ഒരു  ഏറനാടൻ കൃഷിത്തോട്ടം
--------------------------------------------------
രാവിലെ ഒരു ന്യൂസ് ചാനലിൽ , ഏഷ്യാനെറ്ന്യൂസ് ആണെന്നാണ് ഓർമ്മ ,കണ്ടതാണ് :കൈലിയും ടി ഷർട്ടും ധരിച്ച് ചുറുചുറുക്കോടെ നടന്നുവരുന്ന ,കൂടുതൽ ചെറുപ്പം തോന്നിക്കുന്ന പി കെ കുഞ്ഞാലിക്കുട്ടി ,മൈക്കും പിടിച്ച് നടന്നൊപ്പമെത്താൻ ക്ലേശിക്കുന്ന റിപ്പോർട്ടർ .വിശാലമായ കൃഷിത്തോട്ടം ,കുന്നുകളും താഴ്വരകളും ഒക്കെയായി  മദ്ധ്യകേരളത്തിലെ മനോഹരമായ പ്രകൃതി പശ്ചാത്തലത്തിൽ .
   തെരഞ്ഞെടുപ്പിന്റെ തിരക്കിലും രാവില്ലത്തെ  നടപ്പും കൃഷിപ്പണിയും ഒഴിവാക്കാറില്ലത്രേ അദ്ദേഹം .തോട്ടത്തിൽ രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കുകയില്ല .പക്ഷെ നല്ല വിളവുണ്ട് ;ധാരാളം കായ്കറികൾ; വിൽക്കുകയില്ല;വീട്ടിലെ ഉപയോഗത്തിനെടുക്കും ,അയല്പക്കക്കാർക്കും കൊടുക്കും .
     കൂടുതൽ കണ്ടത് വെള്ളരിയാണ് ."വിഷുവല്ലേ വരുന്നത് "തികച്ചും സ്വാഭാവികമായി കുഞ്ഞാലിക്കുട്ടി  ലേഖകനോട് പറഞ്ഞു . വെള്ളരിയുടെ സമൃദ്ധിയിൽ പകച്ചു നിൽക്കുകയായിരുന്നു ആ ചെറുപ്പക്കാരൻ .
     വിഷുവിനു കണി വെക്കുന്ന  പതിവ് കുഞ്ഞാലിക്കുട്ടി സാഹിബിന്റെ വീട്ടിൽ ഉണ്ടായിരിക്കുകയില്ല .പക്ഷേ ഈ വിഷുവിന് കുറെയധികം ഏറനാടൻ ഭവനങ്ങളിൽ വിഷുക്കണി ഒരുക്കുന്നത് പി കെ കുഞ്ഞാലിക്കുട്ടി കൃഷി ചെയ്തുണ്ടാക്കിയ കണി വെള്ളരി ഉപയോഗിച്ചായിരിക്കും .
       ഞാൻ മനസ്സിൽ ആ പഴയ വിഷുക്കവിത ഓർത്തെടുക്കാൻ ശ്രമിച്ചു .
.."….മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിൻ  വെളിച്ചവും മണവും മമതയും ഇത്തിരി കൊന്നപ്പൂവും "







2019, ഏപ്രിൽ 5, വെള്ളിയാഴ്‌ച

4-4 -2019
                കെ .സരസ്വതി അമ്മയുടെ ജന്മ ശതാബ്ദിയാണിന്ന് .ആരും കാര്യമായി ശ്രദ്ധിക്കാതെ ആ ദിവസം കടന്നു പോകുന്നു .അവരുടെ ജീവിതവും മരണവും മരണാനന്തര കാലഘട്ടവും എന്ന പോലെ .ആണുങ്ങൾ മാത്രം ചേർന്ന് വനിതാ മതിൽ സംഘടിപ്പിക്കുന്ന നമ്മുടെ നാട്ടിൽ അങ്ങിനെയായില്ലെങ്കിലല്ലേ അദ്‌ഭുതമുള്ളു ;.ഒരു സ്ത്രീക്ക് ജീവിച്ചുപോകാൻ പുരുഷൻ അനിവാര്യനല്ല എന്നുറക്കെ പ്രഖ്യാപിച്ച ഒരേയൊരു സാഹിത്യ രചയിതാവ് അവരായിരുന്നുവല്ലോ .
  ആരായിരുന്നു കെ സരസ്വതി 'അമ്മ .വിശദമായി എഴുതണമെന്നുണ്ട് .ശാരീരിക സ്ഥിതി മെച്ചപ്പെടാൻ കാത്തിരിക്കുകയാണ് .എങ്കിലും ഒറ്റ വാക്യത്തിൽ പറയാം :സാറാജോസെഫിനും ഗ്രേസിക്കും ചന്ദ്രമതിക്കും കെ ആർ മീരക്കും ഇന്ദുമേനോനും മറ്റും നക്ഷത്രങ്ങൾ വിരിയിക്കാൻ ആകാശങ്ങൾ സൃഷ്ടിച്ച മഹാവിസ്ഫോടനമായിരുന്നു സരസ്വതി 'അമ്മ .ആ വസ്തുത അംഗീകരിക്കപ്പെടുന്ന കാലം വിദൂരമല്ല എന്നു നമുക്കു പ്രതീക്ഷിക്കാം