ചെറുതിന്റെ സൗന്ദര്യം
----------------------------------------
ആർ .എസ് .കുറുപ് .
ആനുകാലികങ്ങളുടെ വരവോടെയാണ് ചെറുകഥയും രംഗത്തെത്തിയത് .പ്രസിദ്ധീകരിക്കുന്ന മാസികയുടെ സൗകര്യത്തിനനുസരിച്ച് കഥയുടെ വലിപ്പവും നിശ്ചയിക്കേണ്ടി വന്നു എഴുത്തുകാരന് .ഫലമോ ?ബെർണാഡ് ബെർഗോൻസി പറയുന്നു :'ആധുനിക ചെറുകഥാ കൃത്തിന് ലോകത്തെ ഒരു പ്രത്യേക രീതിയിൽ കാണേണ്ടിയിരിക്കുന്നു .കാരണം അയാളുപയോഗപ്പെടുത്തുന്ന സാഹിത്യ രൂപം ഉപദ്രവകരമാം വിധം ന്യുനീകരിക്കപ്പെട്ടതാണ് .അത് അനുഭവങ്ങളെ അരിച്ചെടുത്ത് പരാജയം അന്യവൽക്കരണം എന്നീ മൂലകങ്ങളെ മാത്രം അവശേഷിപ്പിക്കുന്നു " ബെർഗോൻസിയുടെ നിഗമനങ്ങളുമായി യോജിച്ചാലുമില്ലെങ്കിലും അദ്ദേഹം ചൂണ്ടിക്കാണിച്ച വസ്തുതകളെ നിഷേധിക്കാൻ കഴിയുകയില്ല .ആനുകാലികങ്ങളിൽ ലഭ്യമാവുന്ന സ്ഥലം പരിമിതമാണ് .ഈ പരിമിതി ആഖ്യാനത്തിന്റെ ന്യുനീകരണത്തിനു വഴിവെക്കുകയും ചെയ്യും .ഫേസ്‌ബുക്ക് കഥകളുടെ കാര്യത്തിൽ ഇത് കൂടുതൽ പ്രസക്തമാണ് .കാരണം അവിടെ ഒരു രചന വായിക്കപ്പെടണമെങ്കിൽ അത് ചെറിയതായിരിക്കണം .
ഇത് ഏതാനും ഫേസ്‌ബുക്ക് ചെറുകഥകളുടെ സമാഹാരമാണ് ..നേരത്തെ പറഞ്ഞ പരിമിതി സ്വാഭാവികമായും ഇതിലെ കഥകൾക്കും ബാധകവുമാണ് .പക്ഷെ ഒന്നുണ്ട് .വലിപ്പം പ്രസക്തിയുടേയോമഹത്വത്തിന്റേയോ മാനദണ്ഡമല്ല .മോശപ്പെട്ട വലിയ നോവലുകളും ലോകോത്തരങ്ങളായ ചെറുകഥകളും നമ്മൾ മലയാളത്തിൽ തന്നെ വായിച്ചിട്ടുണ്ടല്ലോ .ഇയാൻ റീഡ് പറഞ്ഞതു ശരിയാണ് :നോവലിനൊരിക്കലും നിലനിർത്താൻ കഴിയാത്ത തീക്ഷ്ണതയോടെ വായനക്കാരെ വികാരഭരിതരാക്കാൻ നല്ല ചെറുകഥകൾക്ക് കഴിയും .ആ അളവുകോൽ വെച്ച് വിലയിരുത്തിയാൽ ഈ സമാഹാരത്തിലെ ഒട്ടു മിക്ക കഥകളും നല്ല ചെറുകഥകളാണ് .
ചുവന്നപൊട്ട് അഥവാ സിന്ദൂരം എന്ന ആദ്യകഥ നോക്കു .രാവിലെ നേരത്തെ ദൂരെയുള്ള ജോലിസ്ഥലത്തേക്കു പോയി രാത്രി വൈകിയെത്തുന്ന ഒരുദ്യോഗസ്ഥനാണ് കഥാപുരുഷൻ .ഭാര്യയും രണ്ടു കുഞ്ഞുങ്ങളുമായി സാമാന്യം സംതൃപ്തമായ കുടുംബജീവിതം നയിക്കുന്ന ഒരാൾ .വൈകിവന്ന ഒരു രാത്രിയിൽ സുന്ദരിയും യുവതിയുമായ അയൽക്കാരി അയാളെ ആലിംഗനം ചെയ്യുന്നു .പൊടുന്നനെയുള്ള ഒരാലിംഗനം കൊണ്ട് തന്റെ ഭർത്താവിനെ അദ്‌ഭുതപ്പെടുത്താൻ കാത്തു നിന്ന യുവതിക്കു പറ്റിയ അബദ്ധമാണ് .വളരെക്കാലത്തിനു ശേഷം തന്റെ പഴയ താമസസ്ഥലം വെറുതെ ഒന്നു കാണാൻ വരുന്ന അയാളുടെ വിചാരധാരയിൽ നിന്ന് വായനക്കാരന് ഒരു കഥ സൃഷ്ടിക്കാൻ കഴിയുന്നു .അയാൾക്ക് ആ യുവതിയോട് തോന്നിയ അഭിനിവേശത്തെക്കുറിച്ചല്ലാതെ മറ്റൊരു കാര്യവും കഥാകൃത്ത് പറയുന്നില്ല
അയാളുടെ ഭാര്യ ഈ സംഭവം അറിഞ്ഞതായി അവരുടെ ഒരു വാക്കോ പ്രവൃത്തിയോ സൂചിപ്പിക്കുന്നുമില്ല .ഒരിക്കൽ പക്ഷെ അവർ തന്റെ സിന്ദൂരപ്പൊട്ട് അയാളുടെ നെറ്റിയോട് ചേർക്കുന്നുണ്ട് .പിന്നീട് അവർ മുന്കയ്യെടുത്ത് അയാളുടെ ജോലിസ്ഥലത്തേക്ക് മാറ്റം വാങ്ങി കുടുംബം അങ്ങോട്ട് താമസം മാറ്റുന്നു .പഴയ താമസസ്ഥലം കാണാൻ വളരെക്കാലത്തിനു ശേഷം എത്തുന്ന അയാൾ പണ്ട് കുറെ ദിവസം തന്റെ ഉറക്കം കെടുത്തിയ ആ യുവതിയെ ഓർമ്മിക്കുന്നതു കൂടിയില്ല .
ഈ കഥ വളരെക്കുറച്ചു കാര്യങ്ങളേ വായനക്കാരോടു പറയുന്നുള്ളു .ധ്വനിപ്പിക്കുന്നതിലാണ് വാചാലതയിലല്ല കലയിലെ സൗന്ദര്യം സ്ഥിതി ചെയ്യുന്നത് .ധ്വനനത്തിന്റെ സൗന്ദര്യം ഈ കഥക്കുണ്ട് .
ഈ സമാഹാരത്തിലെ കഥകൾക്ക് പൊതുവായുള്ള സവിശേഷതകളിൽ ചിലത് ഈ കഥയിൽ കാണാം .ഉദാഹരണത്തിന് ബിംബങ്ങളുടെ ഫലപ്രദമായ ഉപയോഗം .ബിംബങ്ങൾ വിഗ്രഹവൽക്കരിക്കപ്പെടാതെ ഭിന്നാർ ഥ ദ്യോതകങ്ങളായ പ്രതീകങ്ങളാവുമ്പോഴാണ് ഒരു കലാസൃഷ്ടി മികച്ചതാവുക .അങ്ങിനെയുള്ള പ്രതീകങ്ങളാണ് ഈ കഥയിലെ വീട് ,ചുവന്നപൊട്ട് എന്നീ ബിംബങ്ങൾ .ചുവന്നപൊട്ട് ദാമ്പത്യത്തിന്റെ മുദ്ര മാത്രമല്ല ഇവിടെ .പ്രത്യുത ഭർത്താവ് മനുഷ്യനാണെന്നും മനുഷ്യ സഹജമായ ദൗർബല്യങ്ങൾ അയാൾക്കുണ്ടാകാമെന്നും അവ കലഹങ്ങളിലൂടെ ദാമ്പത്യദുരിതങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാവരുതെന്നും വിശ്വസിക്കുന്ന ഒരു കുടുംബിനിയുടെ ജീവിതാവബോധത്തെ ആ പൊട്ട് പ്രതീകവൽക്കരിക്കുന്നു .
ധ്വനി ഭംഗിയുള്ള മറ്റൊരു പ്രതീകമാണ് വീട് .പല കഥകളിലും ആവർത്തിച്ചുവരുന്ന ഒരു ബിംബമാണ് വീടുപോലെ ബസ്സും 'പ്രളയത്തിനു തൊട്ടു മുമ്പ് 'എന്ന കഥയിൽ ഈ രണ്ടു ബിംബങ്ങളും ഫലപ്രദമായി ഉപയുക്തമാക്കപ്പെട്ടിരിക്കുന്നു .ഞാൻ തനിച്ചു യാത്ര ചെയ്യുന്ന ബസ് ,ആ ബസ്സിലേക്ക് ഒരു മഴയത്തു കയറിവരുന്ന നീ ,വർഷങ്ങൾക്കു ശേഷം ഒരു പ്രളയ കാലത്തു ആ ബസ്സിൽ തനിച്ചു യാത്ര ചെയ്യുമ്പോൾ കുന്നിൻപുറത്തു കണ്ടെത്തുന്ന നിന്റെ വീട് ,ആ വീടുമായുള്ള സംവേദനം ,ഇവയിലൂടെ ഒരു ഭഗ്നപ്രണയത്തിന്റെ ദുരന്ത കഥ ഹൃദയസ്പർശിയായി ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നു ."ഞാനില്ലാത്ത ബസ് എന്നെയും കൊണ്ട് കുന്നിറങ്ങുമ്പോൾ ഞാനാ വഴിയോരത്തിരുന്ന് എന്തിനെന്നറിയാതെ വാവിട്ടു കരയുകയായിരുന്നു "എന്ന മനോഹരമായ വാങ്മയ ചിത്രമാണ് കഥാന്ത്യം .
മറ്റൊരു ഏകാന്തപ്രണയത്തിന്റെ ദുരന്തം വർണ്ണിക്കുന്ന 'പ്രണയത്തിന്റെ അന്ത്യം 'എന്ന കഥയിലും ബസ് ധ്വനി സാന്ദ്രമായ ഒരു കാവ്യബിംബമായി പ്രത്യക്ഷപ്പെടുന്നു .പ്രണയം എന്നാൽ ഒരാൾ മറ്റൊരാളിലേക്ക് പ്രഹർഷേണ നയിക്കപ്പെടലാണ് .ആ മറ്റൊരാളിന്റെ സമ്മതം പോലും അവിടെ ആവശ്യമില്ല .ഒന്നിനെയും ,മരണത്തെപ്പോലും കൂസാത്ത പ്രണയയാത്രയുടെ പ്രതീകമാണോ ബസ് ?കൃത്യമായ ഒരുത്തരം കിട്ടാതിരിക്കുന്നതിലാണ് ബിംബ സൃഷ്ടിയുടെ കലാപരമായ മേന്മ സ്ഥിതി ചെയ്യുന്നത് .
ഇനി ഈ കഥകളുടെ പൊതുവായ മറ്റൊരു സവിശേഷതയിലേക്ക് .ഏകാകിയുടെ ,തീർത്തും ഏകാകിയായ ഒരുവന്റെ /ഒരുവളുടെ മനോരഥങ്ങളുടെ ആഖ്യാനമെന്നു ചെറുകഥ നിര്വചിക്കപ്പെട്ടിട്ടുണ്ട് .ഈ നിർവചനത്തെ സാധൂകരിക്കുന്ന ധാരാളം കഥകൾ മലയാളത്തിൽ എഴുതപ്പെട്ടിട്ടുമുണ്ട് .അവയിൽ ഒട്ടുമിക്കതും ഗൃഹാതുരസ്മരണകൾ വിഷയമാക്കിയുള്ളവയാണ് .അവയിൽ നിന്നു വ്യത്യസ്തമായി മനസ്സിന്റെ പരിധികൾ ലംഘിച്ചുള്ള യാത്രകളുടെ ആഖ്യാനങ്ങളാണ് ഈ സമാഹാരത്തിലെ ചില കഥകൾ .ശരി തെറ്റുകളെ കുറിച്ചോ പാപപുണ്യങ്ങളെ കുറിച്ചോ ചിന്തിക്കാത്ത ,കുറ്റബോധമോ ധർമ ചിന്തയോ തടസ്സപ്പെടുത്താത്ത മനോരഥങ്ങളുടെസുധീരമായ ആഖ്യാനങ്ങൾ . ഉദാഹരണം 'തീർത്ഥ യാത്ര '.ഇവിടെയും ബസ്സുണ്ട് .യാത്രിക അമ്പലത്തിൽ പോകുമ്പോൾ ബസിൽ വെച്ച് ഒരു പരിചയക്കാരനെ കാണുന്നു .പണ്ടൊരിക്കൽ തന്റെ ഹൃദയമിടിപ്പ് കൂട്ടിയിരുന്ന ഒരാൾ .അയാൾ പരിചയം പുതുക്കി തന്റെ വഴിക്കു പോയി .അവരുടെ മനസ്സ് "ബസ്സിനെ തോൽപിച്ചു കൊണ്ട് അതിവേഗം യാത്ര തുടർന്നു കൊണ്ടേ ഇരുന്നു '.കൗമാരത്തിലെയോ യൗവ്വനാരംഭത്തിലെയോ ഒരു കൗതുകം പറയാതെ പറയപ്പെട്ടിരിക്കുന്നു ഇവിടെ ,മുതിർന്ന യുവതിയുടെ മനസ്സിൽ അതുണർത്തിയ വികാര വിക്ഷോഭവും .
മനസ്സിന്റെ സ്വൈര സഞ്ചാരത്തിന് സ്ത്രീ പുരുഷ ഭേദമൊന്നുമില്ല .സുന്ദരിയും യുവതിയുമായ ഒരു കസ്റ്റമർ യുവാവും വിവാഹിതനുമായ ഒരു ഹോട്ടലുടമയുടെ മനസ്സിൽ കയറിക്കൂടുന്നതിന്റെ കഥയാണ് മീഠാ പാൻ .അയാളുടെ മനോരാജ്യത്തിൽ അവർ അയാളുടെ മുറിയിലെത്തി കിടക്ക പങ്കിടുക കൂടി ചെയ്തു .അവർ ഉപയോഗിക്കുന്ന മീഠാ പാൻ തന്റെ ഭാര്യയ്ക്ക് വാങ്ങിക്കൊടുക്കാൻ തുടങ്ങി അയാൾ .."ഊണുകഴിഞ്ഞ് ഉറക്കറയിലേക്ക് ഭാര്യ പാനും ചവച്ചുകൊണ്ട് കടന്നു വരുമ്പോൾ അവളുടെ കണ്ണുകളിൽ ഒരു കുഞ്ഞു മൂക്കുത്തിക്കല്ലിലെ വെളിച്ചം തിളങ്ങും അയാളുടെ ഉള്ളം നിറയും "നമ്മുടെ കസ്ടമർക്ക് മൂക്കുത്തിയുള്ള കാര്യം കഥയിൽ നേരത്തെ പറഞ്ഞിട്ടുണ്ട് .ആ മൂക്കുത്തിയുടെ പ്രതീക ഭംഗിയാണ് വായനക്കാരന്റെ ഉള്ളം നിറക്കുന്നത് .
ഈ ജനുസിൽപ്പെട്ട കഥകളിൽ ഏറ്റവും ശ്രദ്ധേയമായത് 'മിസ്സ്ഡ് കാൾ 'ആണ് .രാവിലെ അഞ്ചുമണിക്ക് ആരംഭിക്കുന്നു ഒരു മദ്ധ്യവർഗ്ഗ വീട്ടമ്മയുടെ മരണപ്പാച്ചിൽ .നേരെ ചൊവ്വേ ടോയിലെറ്റിൽ പോകാൻ പോലും അവർക്ക് സമയം കിട്ടാറില്ല ."എന്റെ വീട്ടിൽ എന്റെ മക്കൾക്കുവേണ്ടി എന്റെ ഭർത്താവിനു വേണ്ടി ഞാൻ പണിയെടുക്കുന്നു .ഇതിലെന്താണ് ഇത്ര പറയാനുള്ളത് എന്ന നിലപാടാണ് അവർക്കുള്ളത് "എന്നു കഥാകാരി പറയുന്നു .ഈ തിരക്കിനിടയിൽ അവർക്ക് മൊബൈലിൽ ഒരു മെസ്സേജ് കിട്ടുന്നു "ഹായ് സുഖമല്ലേ "എന്ന് .ഇതു വരെ ഒരാളും അവരോടങ്ങിനെ ചോദിച്ചിട്ടില്ല എന്ന് കഥാകാരി പറഞ്ഞില്ലെങ്കിലും വായനക്കാർക്കറിയാം ."ഹായ് സുഖമല്ലേ എന്നൊരു വാക്ക് അവളിലൊരു വസന്തം വിരിയിച്ചു"എന്ന് കഥാകാരി പറയുമ്പോൾ വായനക്കാർക്ക് അത് പൂർണ ബോദ്ധ്യമാവുന്നു .കുറെ ദിവസം വന്നിട്ട് പെട്ടെന്ന് ആ മെസേജ് വരാതായപ്പോൾ ,രണ്ടു ദിവസം കൃത്യമായി പറഞ്ഞാൽ 172800 സെക്കന്റ് കഴിഞ്ഞപ്പോൾ "വിറയ്ക്കുന്ന കൈകളോടെ മിടിക്കുന്ന ഹൃദയത്തോടെ അവർ ആ നമ്പറിലേക്ക് ഒരു മിസ്സ്ഡ് കാൾ ഇട്ടത് 'എന്തുകൊണ്ടാണെന്നും. ഈ കഥ അനുക്തമായ ഒരു പാട് ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു .ചില സജീവ സമകാലിക പ്രശ്നങ്ങളിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു .അതിന്റെ ധ്വനി സാന്ദ്രമായ ആഖ്യാന രീതിയിലൂടെ . വാസ്തവത്തിൽ ഈ സമാഹാരത്തിലെ കഥകളെ അത്യന്തം ആസ്വാദ്യകരമാക്കുന്ന ചില സവിശേഷതകൾ ചൂണ്ടിക്കാട്ടുക മാത്രമാണ് ഇവിടെ ചെയ്തിട്ടുള്ളത് .സൂചകങ്ങളുടെ ഫലപ്രദമായ വിനിയോഗത്തിലൂടെ നേടിയെടുക്കുന്ന കാവ്യ സാന്ദ്രതയിൽ ,ബിംബങ്ങളുടെ പ്രതീക ഭംഗിയിൽ,ആഖ്യാനത്തിൽ വിലക്കുകളെ മറികടക്കുന്ന ധീരതയിൽ ഒക്കെ ഈ കഥകൾ അസൂയാവഹമായ വിധത്തിൽ ഉയർന്ന നിലവാരം പുലർത്തുന്നു .സാധാരണ ഫേസ് ബുക്ക് കഥകളിൽ നിന്ന് എത്രയോ ഉയർന്ന നിലവാരം .ഞാൻ അക്കാര്യത്തിൽ കഥാകാരിയെ അഭിനന്ദിക്കുന്നു .ഒപ്പം മാദ്ധ്യമത്തിന്റെ പരിമിതികളെ മറികടന്ന് ,കഥാ സന്ദർഭങ്ങളെയും പരിസരത്തെയും കൂടി വിശദമാക്കുന്ന കുറേക്കൂടി വലിയ ചെറുകഥകൾ എഴുതാൻ അവർ ശ്രമിക്കുമെന്നും നമ്മുടെ ആനുകാലികങ്ങൾ അവർക്കതിനു അവസരങ്ങൾ നൽകുമെന്നും പ്രതീക്ഷിക്കുകയും ചെയ്യുന്നു .
പൂണിത്തുറ ,എറണാകുളം
2 -9 -2019