2020, സെപ്റ്റംബർ 17, വ്യാഴാഴ്‌ച

"ഇന്ത്യൻ നൃത്തത്തിന്റെ ,അതേതു നൃത്തരൂപമായാലും ,അടിസ്ഥാനം മനോഹരമായ നിലകളാണ് .സ്ഥലത്തെ ചലനങ്ങളിലൂടെ കീഴടക്കുന്ന പാശ്ചാത്യ നൃത്തകലയുടെ രീതിയല്ല നമ്മുടേത് .സ്ഥലപരിമിതിയിൽ കാലത്തെ ബന്ധിച്ചു നിർത്തുകയാണ് ഇന്ത്യൻ നർത്തകർ ചെയ്യുക ....ക്ലുപ്ത സ്ഥലത്തിൽ ബന്ധിതമായ കാലത്തിലെ ഒരു നിമിഷം (a moment of arrested time in limited space ) ആണ് കുറ്റമറ്റ ഒരു നൃത്തനില .ഇത്തരം നിശ്ചല ദൃശ്യങ്ങളുടെ അനുസ്യുതമായ പ്രവാഹമാണ് നൃത്തം " കപില വാത്സ്യായൻറെ ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് എന്ന വിശ്രുത ഗ്രന്ഥത്തിൽ നൃത്തത്തെ നിർവചിക്കുന്ന ഭാഗം സംഗ്രഹിച്ചെഴുതിയതാണ് ആ പുസ്തകത്തെ കുറിച്ച് ഞാനെഴുതിയ 'ഭാവം താളം ലയം 'എന്ന ലേഖനത്തിൽ (സമകാലിക മലയാളം ഒക്ടോബർ 19 ,2001 ).
    ഇന്ത്യൻ നൃത്ത കലയെക്കുറിച്ച് പൊതുവെയും ഭരതനാട്യം ,കഥകളി ഒഡീസി ,മണിപ്പൂരി  കഥക്ക്  എന്നിവയെക്കുറിച്ച് പ്രത്യേകമായും വിശദീകരിക്കുന്ന ഈ പുസ്തകം ആ ജനുസ്സിൽ പെട്ട പുസ്തകങ്ങളിൽ ഏറ്റവും പ്രമുഖ മായഒന്നാണ് .നൃത്തകലാ സംബന്ധിയായ ആധികാരിക ഗ്രന്ഥങ്ങൾ വേറെയുമുണ്ട് അവരുടേതായി .
        നർത്തകി ,നൃത്തകലാ വിമർശക ,കലശാസ്ത്ര വിദുഷി ,കലാസ്ഥാപനങ്ങളുടെയും തത്സംബന്ധിയായ സർക്കാർ വകുപ്പുകളുടേയും ഭരണ സാരഥി എന്നീ നിലകളിലെല്ലാം നിസ്തുലമായ സേവനം നിര്വഹിച്ചിട്ടുള്ള അവരെ പദ്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട് രാജ്യം .കഥകളിക്കും കൂടിയാട്ടത്തിനും അന്താരാഷ്ട്ര പ്രശസ്തി ലഭിക്കുന്നതിൽ അവർ വലിയൊരു പങ്കു വഹിച്ചിട്ടുണ്ട് .
     കപില ഇന്നലെ  സെപ്റ്റംബർ 16 നു നിര്യാതയായി ,92ആം വയസ്സിൽ .വിനീതനായ ഒരു വായനക്കാരന്റെ ,നൃത്തകലാസ്വാദകന്റെ സ്മരണാഞ്ജലി