2020 ഡിസംബർ 14, തിങ്കളാഴ്‌ച
2020 ഒക്ടോബർ 20, ചൊവ്വാഴ്ച
19 -10 -2020
ഒരാൾ കൂടി ഓർമ്മയായി .വല്ലാത്ത കാലം .വയ്യ എന്നറിഞ്ഞിട്ട് ഒന്നുപോയി കാണാൻ കൂടി സാധിക്കാത്ത അവസ്ഥ ..ഒരു സഹപ്രവർത്തക എന്നു പറഞ്ഞാൽ ഒന്നും ആവുന്നില്ല .സ്നേഹിത ,പ്രിയസഹപ്രവർത്തക എന്നൊക്കെയായാലോ ?വാക്കുകൾക്ക് മനസ്സിലുള്ളതിനെ വെളിപ്പെടുത്തുന്നതിനുള്ള ശേഷിയില്ല .ഉപയോഗം കൊണ്ട് തലയും പുലിയും തേഞ്ഞു മാഞ്ഞുപോയ വിലയില്ലാത്ത ലോഹക്കഷണങ്ങൾ മാത്രമാണ് വാക്കുകൾ എന്ന് നീഷേ പറഞ്ഞത് എത്ര വാസ്തവം !
വാല്സല്യനിധിയായ ജ്യേഷ്ടസഹോദരി എന്നു പറഞ്ഞാൽ ഏറെക്കുറെ ശരിയായിരിക്കും .അങ്ങിനെ എന്തൊക്കെയോ ആയിരുന്നു എനിക്ക് ശാന്ത .അമ്പത്തൊന്നു കൊല്ലം മുമ്പ് ഏ ജിസോഫീസിൽ ജോലിക്കു ചേർന്ന ഞാൻ അവിടെ ആദ്യം പരിചയപ്പെട്ട സഹപ്രവർത്തക .പോസ്റ്റിങ്ങ് ഓർഡറുമായി പുന്നൻ റോഡിലെ വാടക കെട്ടിടത്തിലെ അനെക്സിലേക്ക് കടന്നു ചെന്നത് ഇന്നെന്നപോലെ ഞാൻ ഓർക്കുന്നു .സൂപ്രണ്ട് അമ്മാൾ സാറ് ഓർഡർ ഇനിഷ്യൽ ചെയ്തു തന്നിട്ട് തന്റെ വലതു വശത്തേക്ക് വിരൽ ചൂണ്ടി .അവിടെയുള്ള സീറ്റിലാണ് കടലാസ് രജിസ്റ്ററിൽ ചേർക്കുന്നതും ഹാജർബുക്കിൽ പേരെഴുതുന്നതും .വിടർന്ന ചിരിയാണ് ആദ്യം ശ്രദ്ധയിൽ പെട്ടത് .എല്ലാ ചിരിയിലും കാണാത്ത ഒന്ന് അവരുടെ ചിരിയിലുണ്ടായിരുന്നു ;ആർദ്രത ."ആദ്യം ഉള്ളിൽ വന്നൊറ്റി ക്കൊടുത്താൾ ആർദ്രത ഞങ്ങളായുധം വെച്ചു ..'ആർദ്രവാത്സല്യത്തിന്റെ പ്രകാശം പരത്തുന്ന ആ ചിരി മാഞ്ഞു .ഇന്നലെ വൈകുന്നേരം .ഇളയ സഹപ്രവർത്തക അമലയുടെ വാട്സ്ആപ് മെസ്സേജ് :'ശാന്തസാറ് 6 .45 pm നു മെഡിക്കൽ കോളേജിൽ വെച്ചു മരിച്ചു' .
അഞ്ചാറുമാസം മുമ്പ് ലോക്കഡൗണിന്റെ തുടക്കത്തിൽ അമലയുടെ ഒരു മെസ്സേജ് കിട്ടി .ശാന്തസാറിനെ ഒന്നു വിളിക്ക് ;ഇതാണ് നമ്പർ ....നമ്പർ എന്റെ കയ്യിൽ ഉണ്ടായിരുന്നു ഞാൻ ഇടയ്ക്കു വിളിക്കാറുമുണ്ടായിരുന്നു .പിന്നീട് വിളികളുടെ ഇടവേള ദീർഘിച്ചു പോയതാണ് .ഞാൻ വിളിച്ചു .വാത്സല്യത്തിന്റെ ചിരി ,തെക്കൻ തിരുവിതാംകൂറിലെ ഗ്രാമീണ മലയാളം ,തമിഴിന്റെ ചുവ തീരെയില്ലാതെ ,പണ്ട് ഇടക്ക് നാട്ടിൽ പോയി വരുമ്പോൾ കൊണ്ടുവരാറുള്ള തൊടുവട്ടി കരുപ്പട്ടിയുടെ മധുരം കിനിയുന്ന സംസാരം .ഞാൻ പിന്നീട് ഇടയ്ക്കിടെ വിളിക്കുമായിരുന്നു .ഒടുവിൽ വിളിച്ചത് പത്തിരുപതു ദിവസം മുമ്പാണ് .വീണു കയ്യൊടിഞ്ഞതും ബാൻഡേജിട്ടതും തലമൊട്ടയടിച്ചതും ഒക്കെ പറഞ്ഞിട്ട് അവർ ചിരിച്ചുകൊണ്ട് കൂട്ടിച്ചേർത്തു 'കാണാൻ നല്ല രസമാണ് "എന്നിട്ട് ലേശം പരിഭവത്തോടെ 'പക്ഷേ കുറുപ് വരൂല്ലല്ലോ ".ഞാൻ നെടുങ്കാട്ടുള്ള അവരുടെ വീട്ടിൽ പോയിട്ടേയില്ല ,അവരും ഭാസ്കരൻ സാറും പലപ്പോഴും നിര്ബന്ധിച്ചിട്ടുണ്ടെങ്കിലും ..
ഇനിയിപ്പോൾ പോയിട്ടെന്തിനാ ?ശാന്ത വീടൊഴിഞ്ഞു പോയി .ഭാസ്കരൻ സാർ നേരത്തെ പോയിക്കഴിഞ്ഞിരുന്നു .'ഗാതാസൂനഗതാസുംശ്ച '....'പാന്ഥർ പെരുവഴിയമ്പലം തന്നിലേ ' 'വികൃതിർ ജ്ജീവിതമുച്യതേ '....തത്വങ്ങളൊരുപാട് പറയാനുണ്ട് .പറയാൻ എന്തെളുപ്പം .പക്ഷേ സ്വന്ത ദുഃഖങ്ങൾ പോലും നേരമ്പോക്കാക്കുന്ന ആ ചിരി ഇനിയില്ലല്ലോ .
2020 സെപ്റ്റംബർ 17, വ്യാഴാഴ്‌ച
ഇന്ത്യൻ നൃത്ത കലയെക്കുറിച്ച് പൊതുവെയും ഭരതനാട്യം ,കഥകളി ഒഡീസി ,മണിപ്പൂരി കഥക്ക് എന്നിവയെക്കുറിച്ച് പ്രത്യേകമായും വിശദീകരിക്കുന്ന ഈ പുസ്തകം ആ ജനുസ്സിൽ പെട്ട പുസ്തകങ്ങളിൽ ഏറ്റവും പ്രമുഖ മായഒന്നാണ് .നൃത്തകലാ സംബന്ധിയായ ആധികാരിക ഗ്രന്ഥങ്ങൾ വേറെയുമുണ്ട് അവരുടേതായി .
നർത്തകി ,നൃത്തകലാ വിമർശക ,കലശാസ്ത്ര വിദുഷി ,കലാസ്ഥാപനങ്ങളുടെയും തത്സംബന്ധിയായ സർക്കാർ വകുപ്പുകളുടേയും ഭരണ സാരഥി എന്നീ നിലകളിലെല്ലാം നിസ്തുലമായ സേവനം നിര്വഹിച്ചിട്ടുള്ള അവരെ പദ്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട് രാജ്യം .കഥകളിക്കും കൂടിയാട്ടത്തിനും അന്താരാഷ്ട്ര പ്രശസ്തി ലഭിക്കുന്നതിൽ അവർ വലിയൊരു പങ്കു വഹിച്ചിട്ടുണ്ട് .
കപില ഇന്നലെ സെപ്റ്റംബർ 16 നു നിര്യാതയായി ,92ആം വയസ്സിൽ .വിനീതനായ ഒരു വായനക്കാരന്റെ ,നൃത്തകലാസ്വാദകന്റെ സ്മരണാഞ്ജലി
2020 ഓഗസ്റ്റ് 15, ശനിയാഴ്‌ച
പ്രിയം ചനാനൃതം ബ്രൂയാത് ഏഷ :ധർമ്മ ;സനാതന :ഇങ്ങിനെയൊരു ശ്ലോകം ഞാൻ കേട്ടിട്ടുണ്ട് .അതിന് ഇങ്ങിനെയൊരു വ്യഖ്യാനവും :സത്യം പറയുക ,അത് പ്രിയമായ രീതിയിൽ പറയുക .സത്യം അപ്രിയമായ രീതിയിൽ പറയരുത് .കേൾക്കുന്ന ആളിന് പ്രിയമുള്ളതാണെന്നു വെച്ച് അസത്യം പറയരുത് .ഇതാണ് സനാതനമായ ധർമ്മം .'കാണുകയോ കേൾക്കുകയോ ചെയ്ത കാര്യം തനിക്കനുഭവപ്പെട്ടതെങ്ങിനെയോ അതിൽ നിന്നൊരു മാറ്റവും കൂടാതെ സംവേദനം ചെയ്യുന്നതാണ് സത്യം എന്ന് ശങ്കരാചാര്യർ ഗീതാഭാഷ്യത്തിൽ .ഈ നിർവചനം ഏറ്റവും കൂടുതൽ യോജിക്കുക ഗാന്ധിജിക്കായിരിക്കുമല്ലോ .
2020 ജൂലൈ 26, ഞായറാഴ്‌ച
----------------------------
ഈശാവാസ്യമിദം സർവം
യത്കിഞ്ചജഗത്യാം ജഗത്
തേന ത്യക്തേന ഭൂഞ്ജിഥാ
മാ ഗൃധഃ കസ്യസിത് ധനം.
ഈശാവാസ്യമിദം സർവം---ഈ സർവവും ഈശ്വരനാൽ അധിവസിക്കപ്പെടുന്നതാണ് .ഈശ്വരനെന്നാൽ ജഗദാധാരമായ ,സർവ്വാന്തര്യാമിയായ ചൈതന്യം തന്നെ .ആത്മാവ് .മായാസംയുക്തനായ ആത്മാവാണ് ഈശ്വരൻ എന്ന പിൽക്കാല നിർവചനം ഇവിടെ പ്രസക്തമല്ല .ഋഷി നിർദ്ദേശിക്കുന്ന ഈശൻ ഉപാധിരഹിതമായ പരംപൊരുൾ തന്നെ .ആ പൊരുൾ ,പ്രപഞ്ച ചൈതന്യം എല്ലാറ്റിനേയും അധിവസിക്കുന്നു .എല്ലാം ,സർവം എന്നതും മന്ത്രം കൃത്യമായി നിർവചിക്കുന്നുണ്ട് :യത്കിഞ്ചജഗത്യാം ജഗത്-ഈ ജഗത്തിൽ എന്തെല്ലാമുണ്ടോ അവയെല്ലാം .മനുഷ്യനും മറ്റു ജീവജാലങ്ങളും മാത്രമല്ലഅചേതന വസ്തുക്കളും ഈശന്റെ ആവാസ ഭൂമികകളാണ് ..തേന ..അതുകൊണ്ട് രണ്ടുകാര്യങ്ങളാണ് ഋഷി ആവശ്യപ്പെടുന്നത് എല്ലാ മനുഷ്യരോടുമായി .ത്യക്തേന ഭൂഞ്ജിഥാ -ത്യജിക്കുന്നതിലൂടെ ഭുജിക്കുക .തന്റെ വിശപ്പുമാറാൻ ആവശ്യമുള്ളതെടുത്തിട്ട് ബാക്കിവരുന്ന ഭക്ഷണം വിശക്കുന്ന ഒരാൾക്ക് നൽകുന്നത് ചെറിയകാര്യമല്ല .എന്നാൽ ഒരാൾക്കുള്ള ഭക്ഷണം മാത്രം ഉണ്ടായിരിക്കുകയും അത് തന്നെപ്പോലെ വിശപ്പുള്ള മറ്റൊരാൾക്കു നൽകുകയും അയാളുടെ വിശപ്പ് മാറുന്നതിലൂടെ തന്റെ വിശപ്പു മാറിയതായി അനുഭവപ്പെടാൻ കഴിയുകയും ചെയ്താലോ .അതാണ് ഋഷി ആവശ്യപ്പെടുന്ന 'ത്യക്തേന ഭൂഞ്ജിഥാ '.മറ്റൊന്നു കൂടി ഋഷി നിർദ്ദേശിക്കുന്നുണ്ടല്ലോ 'മാ ഗൃധഃ കസ്യസിത് ധനം.'മറ്റൊരാളുടെ സ്വത്ത് അപഹരിക്കരുത് .ഒരുവൻ സ്വന്തം അദ്ധ്വാനത്തിലൂടെ നേടുന്ന ഭൗതിക പദാർത്ഥത്തിൽ സ്വന്തം ഉപയോഗം കഴിഞ്ഞു മിച്ചം വരുന്നതാണ് അയാളുടെ ധനം.ഭൗതിക സമ്പത്ത് അപഹരിക്കപ്പെടാനും ചിലരിൽ കുന്നുകൂടാനും തുടങ്ങിയപ്പോഴാണല്ലോ ഭൂമിയിൽ അസമത്വം നിലവിൽ വന്നത് .എല്ലാറ്റിലും ഈശ്വരൻ വസിക്കുന്നുവെന്നതു കൊണ്ടു തന്നെ നിരുപാധികമായ സമത്വം നിലനിൽക്കേണ്ടതുണ്ടെന്നാണ് ഋഷി നിരീക്ഷിക്കുന്നത് .ആരെങ്കിലും അന്യന്റെ സ്വത്തപഹരിച്ചാൽ ഈ തുല്യത നഷ്ടമാകുമെന്ന് മന്ത്രം മുന്നറിയിപ്പു നൽകുന്നു .
അന്യന്റെ അപഹരിക്കപ്പെട്ട സമ്പത്ത് ..മിച്ചമൂല്യം -മൂലധനമായി പരിവർത്തിക്കപ്പെട്ട അങ്ങിനെ സമൂഹം അസമവും സ്രേണീബദ്ധവും ആയിക്കഴിഞ്ഞ ആധുനിക യുഗത്തിൽ ഈ മന്ത്രത്തിന് അത് കണ്ടെത്തപ്പെട്ട പുരാതന കാലത്തുണ്ടായിരുന്നതിനേക്കാൾ സാംഗത്യമുണ്ട് .
അപ്പോൾ ഭൗതികമായ ഒരർത്ഥമാണോ ഈ പ്രസിദ്ധ ഉപനിഷത് മന്ത്രത്തിനുള്ളത് .ഭൗതികതയും ആത്മീയതയും വിഭിന്നങ്ങളായിരുന്നില്ല മന്വന്തരഭാവശില്പികളായിരുന്ന ഋഷിമാർക്ക് .അവർക്ക് ജഗത്തിലുള്ളതെല്ലാം ,മനുഷ്യരും മൃഗങ്ങളും സസ്യങ്ങളും അചേതനങ്ങളും ,അവയുടെ വാക്കും പ്രവർത്തിയും ധർമ്മവും എല്ലാം ഇശാവാസ്യമായിരുന്നു .ധർമ്മാനുസാരിയും കർമ്മനിരതവുമായ ജീവിതം ത്യജിക്കപ്പെടേണ്ടതല്ല .അത് അനുഗ്രഹമായി അവർ കണക്കാക്കി .അടുത്ത മന്ത്രം ഈ വസ്തുത ഊന്നി പറയുന്നുണ്ട്
-


