2016 മാർച്ച് 26, ശനിയാഴ്‌ച

March25,2016 Riverside,California

ഞാൻ ഇന്ന് അങ്കിൾ ടോംസ് കാബിൻ വായിച്ചു തീർത്തു .പുസ്തകത്തിന്റെ  പുറംതാളിൽ പറയുന്നതു പോലെ  ഒരു പുന സന്ദർശനമല്ല ആദ്യ വായന തന്നെ .അസ്തിത്വവാദവും ആധുനികതയും ആവേശിച്ച യൗവനാരംഭത്തിൽ പല ക്ലാസ്സിക്കുകളും വായിക്കാതെ പോയി .ഒ ന്നിതായിരുന്നു .
    ഹെമിന്ഗ്വേയുടെയോ  സ്റ്റീൻബെക്കിന്റെയോ കൃതിക ളുടെ  ശി ല്പഭദ്രത ഹാരിയറ്റ് ബീച്ചർ സ്റൊവിന്റെ ഈ കൃതിക്ക് ഇല്ലായിരിക്കാം.പക്ഷ 1852 ഇൽ  ഇറങ്ങിയ ഈ നോവൽ നിർവഹിച്ച ദൗത്യം അനന്യ മാണ് .അമേരിക്കൻ അടിമ കളുടെ  വിമോചനം .    വലിയ ഒരു യുദ്ധത്തിനു വഴിയൊരുക്കിയ ചെറിയ വനിത എന്നു ഏബ്രഹാംലിമ്കൻ സ്റ്റോവിനെ വിശേഷിപ്പിച്ചിരുന്നു .
       ദീർഘമായി എഴുതാനുണ്ട് .അതുപിന്നീട് 

2016 മാർച്ച് 13, ഞായറാഴ്‌ച

ഇന്നലെ മാർച്ച്  11 ,2016  അവിസ്മരണീയമായ ഒരു ദിവസമായിരുന്നു .ഞാൻ എസ ഡി കോളേജിൽ  പോയി അവിടത്തെ മലയാളം എം എ വിദ്യാർഥികൾക്ക് 'ആധുനികത മലയാള കവിതയിൽ'  എന്ന വിഷയത്തെ കുറിച്ച് ക്ലാസ്സെടുത്തു .ഞാൻ എമെസ്സിക്ക് പഠിച്ചത് എസ്  ഡി കോളേജിലാണ് ..മലയാളം എം എ വിദ്യാർഥികളെ പഠി പ്പിക്കാൻ അവിടേക്കു ക്ഷണിക്കപ്പെടുക വലിയ ഒരു ബഹുമതിയായി ഞാൻ കണക്കാക്കുന്നു .
        എന്റെ കൗമാര യൗവനങ്ങൾക്ക് സമകാലികമാണ്  അറുപതുകളുടെ തുടക്കത്തിൽ ആരംഭിച്ച് രണ്ടു ദശകത്തോളം  നിലനിന്ന മലയാള സാഹിത്യത്തിലെ ആധുനികതാ പ്രസ്ഥാനം . കുരുക്ഷേത്രം പ്രസിദ്ധപ്പെടുത്തിയ കാലത്ത് തന്നെ ഞാൻ അതു വായിച്ചിരുന്നു .മുഖ്യധാരാ കവിതയുടെ പ്രത്യേകിച്ച് വൈലോപ്പിള്ളി കവിതയുടെ ആരാധകനായിരുന്ന എനിക്ക് പക്ഷേ കുരുക്ഷേത്രം ഭാവാപേക്ഷയില്ലാത്ത  രൂപ പരീക്ഷണം മാത്രമായി തോന്നിയില്ല .മാത്രമല്ല അതിന്റെ മാതൃക എന്നു കരുതപ്പെടുന്ന എലിയറ്റ് കാവ്യം' ദ വേസ്റ്റ് ലാൻഡ്'ഇംഗ്ലീഷ് എം എ വിദ്യാർഥികളായ സുഹൃത്തുക്കളുടെ സഹായത്തോടെ വായിച്ചു മനസ്സിലാക്കാൻ ഒരു ശ്രമം നടത്തുക കൂടി ചെയ്തു ഞാൻ .ആയിടെ തന്നെ വന്ന കക്കാടിന്റെ 1963 ,നഗരത്തിലെ കണ്വൻ ,പാലൂരിന്റെ കൃക്ഷ്ണഗാഥ,മാധവൻ അയ്യപ്പത്തിന്റെ ജീവ ചരിത്രകുറിപ്പുകൾ ഇവയൊക്കെ മുൻ വിധികളൊന്നും ഇല്ലാതെ വായിക്കാൻ കഴിഞ്ഞിരുന്നു എനിക്ക് .സംസ്കൃത  ഉദ്ധരണികൾ ,പരിഹാസം, വൃ ത്ത നിരാസം  ഇവയൊക്കെ എന്നെ അലോസര പ്പെടുത്തിയിരുന്നെങ്കിലും .
   എഴുപതുകളിലെ യുവത്വത്തിന്റെ ആന്തര സംഘർഷം അനുഭവിച്ചറിഞ്ഞിട്ടുള്ള എനിക്ക് ആ സംഘര്ഷത്ത്തിന്റെ വാങ്ങ്മായ രൂപങ്ങൾ ,എന്റെ പ്രായക്കാരായ യുവാക്കൾ എഴുതിയത്  സ്വാഭാവികമായും ആകർഷകങ്ങളായി തോന്നി .
    ഇക്കാര്യങ്ങളൊക്കെ ഞാൻ എന്റെ മുമ്പിലിരുന്ന കുട്ടികളോടു  പറഞ്ഞു ..കുരുക്ഷേത്രം തൊട്ടുള്ള പ്രധാന ആധുനിക കവിതകളെ ക്കുറിച്ചുള്ള ലഘു വിവരണത്തോടൊപ്പം .ആമുഖമായി 'തരിശു ഭൂമി'യെ ക്കുറിച്ച് ഞാൻ മനസ്സിലാക്കിയ കാര്യങ്ങളും ഉപസംഹാരമായി ഉത്തരാധുനികതയെ പറ്റിയുള്ള എന്റെ ധാരണകളും .
     അദ്ധ്യാപകനാകാനുള്ള ഉൾപ്രേരണയോ കഴിവോ എനിക്കില്ല എന്ന് ബോദ്ധ്യമുള്ളതു കൊണ്ടാണു ഞാൻ ഏറെ ആഗ്രഹമുണ്ടായിരുന്നിട്ടും സാഹിത്യം ഐശ്ചി കമായി എടുക്കാതിരുന്നത് .എന്റെ ആ അയോഗ്യത ഇന്നും നിലനില്ക്കുന്നു .ആലപ്പുഴയിലെ കുട്ടികൾ പക്ഷേ  ഒരക്ഷമ യും പ്രകടിപ്പിക്കാതെ രണ്ടര മണിക്കൂർ ഞാൻ പറഞ്ഞതൊക്കെ കേട്ടിരുന്നു .ചിലരൊക്കെ ചിലതൊക്കെ കുറി ച്ചെടുക്കുന്നുമുണ്ടായിരുന്നു  .കോട്ടുവായും ഞെളി പിരിക്കൊള്ളലുമൊന്നും ഒരാളുടെ ഭാഗത്തുനിന്നും ഉണ്ടായില്ല .ക്ലാസ് വളരെ മോശമായില്ല എന്നർഥം .ഒരുവിധം മോശം എന്ന് വേണമെങ്കിൽ  പറയാം .
   അതെങ്ങിനെയായാലും എനിക്ക് അനല്പ്പമായ അഭിമാനവും ആഹ്ലാദവും അനുഭവപ്പെട്ടു .ഉപനിഷത്തിലെപ്രസിദ്ധമായ ആ ശാന്തി മന്ത്ര പാദം "തേജസ്വീനാവധീതമസ്തു " എന്റെ മുമ്പിലിരുന്ന ഒരോ വിദ്യാർഥിയേയും മനസ്സില് കണ്ട് ഞാൻ ഉരുവിടുന്നു :'ഞാനും നീയും ചേർന്നു നേടിയ ഈ വിദ്യ മേളക്ക് മേല തേജസ്സാർജിക്കട്ടെ '
   എനിക്ക് ഈ അവസരം നല്കുന്നതിന് മുൻ കയ്യെടുത്ത ഡോ സജിത്കുമാറിനോടു ഞാൻ നന്ദി പറയേണ്ടതില്ല .




2016 മാർച്ച് 9, ബുധനാഴ്‌ച

കല്ലിൽ കൊത്തി വെച്ചതു പോലെ മനസ്സിൽ പതിഞ്ഞു പോയ ചില കഥാ പാത്രങ്ങളുണ്ട് .അവയിൽ ചിലത് കലാഭവൻ മണി യുടേതാണ് .ഉദ്യാന പാലകനിലെ മദ്യപനായ ലൈൻമാൻ ജോസ് ,സല്ലാപത്തിലെ ഗായകനായ ചെത്തുകാരൻ ,വല്യേട്ടനിലേയും രാക്ഷസ രാജാവിലേയും വില്ലന്മാർ .മോഹൻ ലാലും  മഞ്ജു വാരിയരും നരേന്ദ്രപ്രസാദും തിര നിറഞ്ഞാടിയ ആറാം തമ്പുരാനിൽ മണി അവർക്കൊപ്പം  പ്രേക്ഷക ശ്രദ്ധയിലേക്കു കയറ്റിവിട്ട പിരിലൂസുള്ള നമ്പൂതിരിക്കുട്ടി .
   അവാർഡ് അർഹിക്കുന്ന  പ്രകടനം തന്നെയായിരുന്നു വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിൽ മണി കാഴ്ച വെച്ചത് .പക്ഷെ പിന്നീടു വന്ന നായക വേഷങ്ങൾ മിക്കതും  ഒന്നുകിൽ ശാരീരിക വൈകല്യമുള്ളവർ അല്ലെങ്കിൽ ബുദ്ധി വികാസം പ്രാപിക്കാത്തവർ .ടൈപ്പു ചെയ്യുക വഴി വലിയൊരനീതിയാണു മലയാള സിനിമ പ്രതിഭാശാലിയായ ഈ കലാകാരനോടു കാണിച്ചത് .
   മണി തന്നോടു തന്നെ നീതി കാട്ടിയോ എന്ന ചോദ്യം പ്രസക്തമല്ല . .സാമ്പത്തിക സുരക്ഷിതത്വം നേടിയെടുക്കുന്നതിൽ മാത്രമല്ല അത് അർഹതയുള്ളവർക്ക് സഹായം നൽകുന്നതിനു വിനിയോഗിക്കുന്നതിൽ ക്കൂടി അതീവ ശ്രദ്ധാലുവായിരുന്നു മണി .പക്ഷെ ആരോഗ്യത്തിന്റെ കാര്യത്തിൽ ---? .ഓരോരുത്തർക്കും  അവരവരുടെ  .ജീവിതം സ്വന്തം ഇഷ്ടം പോലെ ജീവിച്ചു തീർക്കാനവകാശമുണ്ട്  .
   താനല്പ്പം മെന്റൽ ആണെന്നു സമ്മതിക്കുന്ന നമ്പൂതിരിക്കുട്ടിയായി വന്നു മണി എന്നോടു പറയുന്നു "അതു തനിക്കു വിവരമില്ലാത്തത് കൊണ്ടാ ..."

2016 മാർച്ച് 6, ഞായറാഴ്‌ച

രാജ്യ സ്നേഹം കുറ്റ കരമോ?
 അടുത്തിടെയായി  ഇന്ത്യയിൽ ഹിന്ദു വർഗ്ഗീയ വാദികളൊഴികെ മറ്റെല്ലാവരും വിശ്വ പൗരന്മാരായി മാറിക്കഴിഞ്ഞിരിക്കുന്നു .ഇത് രണ്ടുമല്ലാതെ ഒരു സാധാരണ ഇന്ത്യൻ പൌരനായി നിലനില്ക്കാൻ വല്ല മാർഗ്ഗവുമുണ്ടോ ,അതിനു വല്ല ന്യായീകരണവുമുണ്ടോ എന്നൊക്കെ ഞാനാലോചിച്ചു പോയി .ആ ആലോചന എന്താണു രാജ്യം ,എന്താണു ദേശീയത എന്നൊക്കെ ഉള്ള ചോദ്യങ്ങളിലേക്കു ചെന്നെത്തി .ഉത്തരം ഞാൻ നേരത്തെ കണ്ടെത്തിയിട്ടുള്ളതാണ്.അതിങ്ങനെ :
    പതിനാല് കൊല്ലം  കൊല്ലം മുമ്പാണ് ഞാൻ ബെനഡിക്റ്റ് ആൻഡേർസന്റെ Imagined  Communities -Reflections On The Origin and Spread Of Nationalism എന്ന വിശ്രുത കൃതി വായിക്കുന്നത് .ദേശീ യതയെയുംദേശ രാഷ്ട്ര നിര്മ്മിതിയെയും മറ്റും പറ്റിയുള്ള ആധികാരിക ഗ്രന്ഥ മാണല്ലോ  അത്. .Imagined  Community -സംകല്പ്പിത സമൂഹം - ഒരു ജന സഞ്ചയത്തിലെ  രണ്ടാളുകൾ തമ്മിൽ ,അവർ പരസ്പരം പരിചിതരല്ലെങ്കിൽ കൂടി സാഹോദര്യം തോന്നുന്നുവെങ്കിൽ ആ ജനസഞ്ചയം ഒരു സങ്കല്പ്പിത സമുഹമാണ്.നമ്മളെല്ലാം അനുഭവിച്ചറി ഞ്ഞിട്ടുള്ള സാധാരണ കാര്യം .കേരളത്തിനു പുറത്തുവെച്ച് ഒരു മലയാളിയെ കണ്ടെത്തിയാൽ അയാള് പരിചിതനല്ലെങ്കിൽ കൂടി മറ്റൊരു മലയാളിക്കു സന്തോഷം തോന്നുമല്ലോ .ഈ സങ്കല്പ്പിത സമൂഹങ്ങളാണ് ചരിത്രത്തിന്റെയുംഭൂമി ശാസ്ത്രത്തിന്റേയും വ്യവസ്ഥ കൾക്കു വിധേയമായി ദേശ രാഷ്ട്രങ്ങളായി രൂപാന്തരപ്പെടുന്നത് .ഒന്നും രണ്ടും ലോക യുദ്ധങ്ങൾക്ക്  ശേഷമാണ് യുറോപ്പിൽ ഈ പ്രക്രിയ പൂർത്തിയാകുന്നത് ..
     ഇന്ത്യൻ ദേശ രാഷ്ട്രം നിലവിൽ വന്നത് 1947 ലാണ് .പക്ഷേ ഇന്ത്യ എന്ന സങ്കല്പ്പിത സമൂഹം ആയിരത്താണ്ടുകളായി നിലനിൽക്കുന്നുണ്ടായിരുന്നു .എന്ന് വെച്ചാൽ കന്യാ കുമാരിയിലെ ഒരു ഗ്രാമീണനു ഹിമാലയത്തിന്റെ താഴ്‌വരയിലെ ഒരുവനുമായി സാഹോദര്യം തോന്നുന്ന ഒരു സ്ഥിതി വിശേഷം നിലവിലുണ്ടായിരുന്നു .ഇതിഹാസ പുരാണങ്ങൾ ഇതിനു പ്രേരകമായിട്ടുണ്ടാവാം .പക്ഷേ ഏതെങ്കിലും മതവിശ്വാസവുമായി ബന്ധപ്പെട്ടല്ല ഈ സങ്കല്പ്പിത സമൂഹം നിലവിൽ  വന്നത് .സത്യത്തിൽ അങ്ങിനെ ഒരു മതം നിലവിലുണ്ടായിരുന്നില്ല .വിധി വിശ്വാസം പോലെ ,സുനിർവചിതമാല്ലത്ത അദ്വൈത ബോധം പോലെ ചില വിശ്വാസങ്ങൾ എല്ലാ ഇന്ത്യാ ക്കാർക്കുമുണ്ടായിരുന്നു .പക്ഷേ ദൈവങ്ങളും ആരാധനാ രീതികളും ദേശം പ്രതി ഭിന്നമായിരുന്നു .സങ്കൽപ്പത്തിൽ ഒരു ഇന്ത്യ ഉണ്ടാവുന്നതിന്  വിശ്വാസങ്ങൾ ഒരിക്കലും തടസ്സമായിരുന്നില്ല .
      ഭൂപടങ്ങളിൽ ഒരിന്ത്യ നിവരുന്നത് പക്ഷേ 47 ലാണ് .സംകൽപ്പത്തിലെ ഇന്ത്യ തന്നെയായിരുന്നു അത് ;ഏറെക്കുറെ .ഈ ഉപാധി രണ്ടാം യുദ്ധത്തിനു  ശേഷം യുറോപ്പിൽ നിലവിൽ വന്ന ദേശരാഷ്റ്റ്രങ്ങൾക്കും ബാധകമായിരുന്നു .അങ്ങിനെ നിലവിൽ വന്ന ഇന്ത്യയിലെ ഒരു പൌരനാണ് ഞാൻ .ഞാൻ കൂടി ചേർന്നാണ് നമ്മുടെ ഭരണ ഘടന നമുക്ക് തന്നെ സമർപ്പിച്ചത് .എനിക്കാ ഭരണ ഘടനയുടെ ആനുകൂല്യങ്ങൾ വേണം .അപ്പോൾ ആ ഭരണ ഘടന വഴി നിലവിൽ  വന്ന രാജ്യത്തോടും കൂറുണ്ടാവണമല്ലോ .മാത്രമല്ല ആ രാജ്യം എന്റെ പ്രതിമാഹന്മാരുടെ സങ്കൽപ്പത്തിൽ സഹസ്രാബ്ദങ്ങളായി നിലനിന്നു വന്നതായത് കൊണ്ട് എനിക്കതിനോട് സ്നേഹവും ഭക്തിയുമുണ്ട് .
ആ  രാജ്യത്തിന്റെ ചിഹ്നം ,അശോകസ്തംഭം സമ്മാനിക്കുന്ന മാന്യത അതു പുറം ചട്ടയിലുള്ള ഒരു കാർഡു ദീര്ഘലാലം കൊണ്ടു നടന്ന എനിക്കറിയാം .മദ്ധ്യ പൌരസ്ത്യ ദേശ ത്തെ യുദ്ധ രംഗത്തുനിന്നു രക്ഷപെട്ടു വന്ന സഹോദരിമാർക്ക് ഈ അശോക സ്തംഭത്തിന്റെ വില എനിക്കറിയാവുന്നതിൽ കൂടുതൽ നന്നായറി യാമായിരിക്കും.അത് കൊണ്ട് എനിക്ക് തല്ക്കാലം വിശ്വ പൗരനാവേണ്ട .ഇന്ത്യൻ പൌരനായാൽ മതി .
      ഇതിനർഥം  ഞാൻ മാറി മാറി  വരുന്ന സര്ക്കാരുകളുടെ  അടിമയാണെ ന്നല്ല .എനിക്കിഷ്ടമല്ലാത്ത ഭരണ കൂടത്തോട് ,അത് ചരിത്രത്തിലെ ഏറ്റവും ദുഷിച്ച ഏകാധിപത്യത്തിങ്ങളിലൊ ന്നായിരുന്നു ,ഞാൻ എന്റേതായ രീതിയിൽ കലഹിച്ചിട്ടുണ്ട് .ശിക്ഷിക്ക പ്പെട്ടിട്ടുണ്ട് ആ വസ്തുത എന്റെ സർവീസ്  ബുക്കിൽ മാത്രമല്ല പെൻഷൻ ബുക്കിലും രേഖപ്പെടുത്തപ്പെട്ടിട്ടുമുണ്ട് .ഇനിയും അങ്ങിനെയൊരവസരം വന്നാൽ ഞാൻ കലഹിച്ച്ചുവെന്നു വരാം .പക്ഷേ അപ്പോഴും ഇന്ത്യാക്കാരനെന്നതിൽ ഞാൻ അഭിമാനിക്കുക തന്നെ ചെയ്യും .

2016 ഫെബ്രുവരി 19, വെള്ളിയാഴ്‌ച

സമകാലിക മലയാളത്തിന്റെ ഓ എൻ  വി അനുസ്മരണ പതിപ്പിൽ എന്റെ ഒരു ലേഖനമുണ്ട് .അദ്ദേഹത്തിന്റെ ഗസലുകൾ പൂക്കുന്ന രാത്രി എന്ന ഗസൽ സമാഹരത്തെക്കുറി ച്ചെഴുതിയ നിരൂപണം.കുറെ നാൾ മുമ്പ് മലയാളത്തിനു വേണ്ടി തന്നെ എഴുതിയതാണീ ലേഖനം  .അന്നെന്തോ അതു പ്രസിദ്ധീകരിക്കപ്പെട്ടില്ല  .ഈ പതിപ്പിൽ അത് കൂടി ഉൾ പ്പെടുത്താനുള്ള  സന്മനസ്സുകാട്ടിയ പത്രാധിപര് സജിജയിംസിനു  ഞാൻ നന്ദി  പറയുന്നു .
    നേരത്തെ ഒരു കുറിപ്പിൽ ഞാൻ പറഞ്ഞിരുന്നല്ലോ ഞാനാദ്യം ഒരു നിരൂപണം  എഴുതിയത് ഓ എൻ വി സാർ പറഞ്ഞിട്ടാണെന്ന് .അത് പാഠ്യ പദ്ധതിയുടെ ഭാഗമായിരുന്നു എങ്കിലും ആ രചന അദ്ദേഹത്തിഷ്ടമായി എന്നതും ഞാൻ സൂചിപ്പിച്ചിട്ടുണ്ട് .ആ ഇഷ്ടം അദ്ദേഹം പറയുകയല്ല ഉണ്ടായത് .അദ്ദേഹത്തിന്റെ ഹൃദ്യമായ ആ മന്ദഹാസത്തിലൂടെ പ്രകടിപ്പിക്കുകയായിരുന്നു .മലയാളം വാരിക എന്റെ ലേഖനത്തിനു മുഖ പടമായി കൊടുത്തിരിക്കുന്ന ഈ ചിത്രം കാണുമ്പോൾ അദ്ദേഹം അതീവ ഹൃദ്യമായ മന്ദഹാസത്തിളൂടെ നന്നായിട്ടുണ്ട് എന്ന് പറഞ്ഞ് എന്നെ അഭിനന്ദിക്കുന്നതായി എനിക്ക് തോന്നുന്നു .നന്ദി സജി& ടീം  ആ പടം തന്നെ തെരഞ്ഞെടുത്തതിന് .
   എല്ലാ സുഹൃത്തുക്കളും ലേഖനം വായിക്കുമെന്നും അഭിപ്രായം രേഖപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു
 

2016 ഫെബ്രുവരി 15, തിങ്കളാഴ്‌ച

Saturday, June 6, 2015
1962-64  കാലത്ത്  .ഓ എൻ വി യുടെ വിദ്യാർഥിയായിരുന്നുഞാൻ . അദ്ദേഹത്തിനു അക്കാലത്ത് ഏറ്റവും ഇഷ്ടപ്പെട്ട വിദ്യാർഥികളിൽ ഒരാൾ .കാരണം ആ ബാച്ചിലെ  രണ്ടാം ഭാഷ മലയാളക്കാരിൽ ടെർമിനൽ പരീക്ഷകളിൽ  വളരെ നല്ല മാർക്ക് കിട്ടിയിരുന്നവരിൽ ഞാനും ഉൾപ്പെട്ടിരുന്നു . .
     എന്റെ സ്കൂൾ കാലത്ത്  ഞങ്ങളുടെ നാട്ടിൽ സന്ധ്യാ നാമങ്ങളേക്കാൾ പ്രചാരമുണ്ടായിരുന്നു കെ പി എ  സി  നാടക ഗാനങ്ങൾക്ക് .ആ ഗാനങ്ങൾ എഴുതിയത് ഓ എൻ  വി കുറുപ്പ്  എന്നൊരു യുവാവാണെന്നും അദ്ദേഹം പ്രശസ്തനായി ക്കൊണ്ടിരിക്കുന്ന ഒരു കവിയാണെന്നും റെക്കോഡ്  മാർക്കോടെ മലയാളം എം എ പാസ്സായി കോളേജ് അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞുവെന്നും മറ്റും സഖാക്കളായ ചേട്ടന്മാർ പറഞ്ഞ് ഞങ്ങൾ കേട്ടിരുന്നു .അക്കാലത്ത് വായിച്ച അനിയത്തി എന്ന ഓ എൻ  വി കവിത ഒരു കണ്ണുനീർത്തുള്ളിയായി ഇന്നും എന്റെ മനസ്സിലുണ്ട് .എങ്കിലും 'മോഹിച്ച കണ്ണിനു പൊൽക്കണി പൂക്കളും \ദാഹിച്ച ചുണ്ടിനു നൽത്തേൻ കനികളും ---'എന്നാരംഭിക്കുന്ന ചോറുണ് 'എന്ന കവിതയിലൂടെയാണു ഓ എൻ വി എന്ന കവി എന്റെ മനസ്സിൽ കയറിക്കൂടിയത് .ഞാൻ യുനിവേഴ്സിറ്റി  കോളേജിൽ എത്തുന്നതിന് തൊട്ടു മുമ്പായിരുന്നു  ചോറുണ് മാതൃഭുമിയിൽ വന്നത് .
    ക്ലാസ്സിൽ ആദ്യമായി വന്ന ദിവസം ഓ എൻ  വി സാർ ഞങ്ങളെ കൊണ്ട് ഒരുപന്യാസം എഴുതിപ്പിച്ചു 'എനിക്കേറ്റവും ഇഷ്ടപ്പെട്ട പുസ്തകം ' എന്നതായിരുന്നു വിഷയം .ഞാൻ നാലുകെട്ടിനെ കുറിച്ചായിരുന്നു എഴുതിയത് .പുസ്തകം ഇഷ്ടപ്പെടാനുണ്ടായ കാരണങ്ങൾ മാത്രമല്ല ആയിടെ വാരികകളിൽ വന്ന നാലുകെട്ടു നിരൂപണങ്ങളിലെ ചില നിരീക്ഷണങ്ങളെക്കുറിച്ചുള്ള എന്റെ  ചില എതിരഭിപ്രായങ്ങൾ  കുടി ഞാൻ  ഉപന്യാസത്തിൽ ഉൾപ്പെടുത്തിയിരുന്നു  .എല്ലാ ഉപന്യാസങ്ങളും വായിച്ച ശേഷം സാർ നടത്തിയ അഭിപ്രായ പ്രകടനങ്ങളിൽ നിന്ന് അദ്ദേഹത്തിനറ്റ വും ഇഷ്ടപ്പെട്ടത് എന്റെ രചനയാണെന്ന്  മനസ്സിലായി .തുടർന്നു വന്ന ടെസ്റ്റുകളിലും ടെർമിനൽ പരീക്ഷകളിലും അദ്ദേഹം പഠിപ്പിച്ചിരുന്ന ജനറൽ പേപ്പർ നു ഞങ്ങളുടെ ബാച്ചിൽ എനിക്കായിരുന്നു കൂടുതൽ  മാർക്ക് .അദ്ദേഹം പക്ഷേ അതൊന്നും ശ്രദ്ധിക്കുന്നതായി തോന്നിയിരുന്നില്ല .എന്ന് മാത്രമല്ല ക്ലാസ്സ് ശ്രദ്ധിക്കാതെ പുറത്തേക്കു നോക്കിയിരുന്നതിന് ഒരു ദിവസം അദ്ദേഹം എന്നെ കഠിനമായി ശകാരിക്കുകയും ചെയ്തു .ഞാൻ മാത്രമല്ല ആരുമതു പ്രതീക്ഷിച്ചില്ല .ഓ എൻ വി വിദ്യാർഥി കളോട് അതിരു  കവിഞ്ഞ സ്നേഹമോ വിരോധമോ പ്രകടിപ്പിക്കാറില്ല .എന്റെ കാര്യത്തിൽ അപ്രതീക്ഷിതമായ മറ്റൊരു പെരുമാറ്റം കൂടി അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായി .യൂ ണിവേഴ്സിറ്റി  കോളേജ്  ചുറ്റി  ജെനറൽ ഹോസ്പിറ്റൽ ജങ്ക്ഷനിലേക്കു പോകുന്ന  റോഡിലൂടെ എവിടെയോ പോവുകയായിരുന്നു ഞാൻ ഒരു അവധി ദിവസം .റോഡിന്റെ മറു  സൈഡിലൂടെ എതിരെ വന്ന ഓ എൻ  വി സാർ എന്നെക്കണ്ടു നിന്നു .എവിടെയാണ് സ്വന്തം വീടെന്നും താമസിക്കുന്നത് എവിടെയാണെന്നും ഒക്കെ ചോദിച്ചു .അത്തരം കുശല പ്രശ്നങ്ങളും ഓ എൻ  വി ക്ക് പതിവില്ലാത്തതാണ് . വാത്സല്യം തുളുമ്പുന്ന  ആ ചിരിയും സംസാരവുമെല്ലാം ഇന്നും എന്റെ മനസ്സിലൂണ്ട് .ശിഷ്യവാത്സല്യത്തിന്റെ മറ്റൊരു മുഖമാണ് മുമ്പത്തെ ആ ശകാരത്തിന്റെ പിന്നിലുമെന്നു അന്ന്  എനിക്ക് മനസ്സിലായി .വലിയ ഗുരുക്കന്മാരൊക്കെ എന്നും അങ്ങിനെ ആയിരുന്നുവല്ലോ .
   ഡിഗ്രി അവസാന വർഷമാണ്  എനിക്ക് ഒഎൻവി യുടെ കയ്യിൽ നിന്നും ഒരു സമ്മാനം ലഭിക്കാൻ ഭാഗ്യമുണ്ടായത് .മലയാള സമാജത്തിന്റെ അക്കൊല്ലത്തെ വാർഷിക  ഉപന്യാസ രചനാ മത്സരത്തിൽ രണ്ടാം സമ്മാനം എനിക്കായിരുന്നു .ഓ എൻ  വി സാറാണ് സമ്മാനദാനം നിർ വഹിച്ചത് .
     ഞാൻ സാറുമായി ഏറ്റവും ഒടുവിൽ സംസാരിക്കുന്നതും അക്കൊല്ലം ഒടുവിൽ തന്നെയാണ്    പാറ്റൂർ ജംഗ്ഷനടുത്തുള്ള   അദ്ദേഹത്തിന്റെ വാടക വീട്ടിൽ വെച്ച്  .അന്ന് ഒന്നാം വര്ഷ എം എ വിദ്യാർഥിയായിരുന്ന വേണു ,ഇന്ന് റിട്ടയാർഡ് പ്രിൻസിപ്പാൾ,   പ്രശസ്ത കഥാകൃത്ത്  എസ്  വി വേണു ഗോപൻ നായർ  ,എന്തോ കാര്യത്തിനു സാറിനെ കാണാൻ പോയപ്പോൾ എന്നെ കൂടെ കൂട്ടി .സാറി നെന്നെ ഓർമ്മയുണ്ടായിരുന്നു .കുറുപ്പ് എമ്മെസ്സിക്ക് ചേർന്നുവല്ലേ എന്ന് സാർ  എന്നോടു ചോദിച്ചു .ഡിഗ്രി അവസാന വർഷം  ആയിട്ടേ ഉള്ളു എന്ന് ഞാൻ മറുപടിപറഞ്ഞു .കുറെ അധിക സമയം ഞങ്ങൾ അന്നവിടെ സംസാരിച്ചിരുന്നു .
     ഞാൻ പിന്നീടും സാറിനെ തിരുവനന്ത പുരത്ത് വെച്ചു കണ്ടിട്ടുണ്ട് ;ചുറുചുറുക്കോടെ നഗര വീഥികളി ലൂടെ നടന്ന പോകുന്നതായി .നടപ്പിലെ ഈ ചുറു ചുറു ക്ക് ക്ലാസിലേക്ക് വരുമ്പോഴും ഉണ്ടായിരുന്നു .പക്ഷേ ഞങ്ങൾ മുഖാമുഖം പിന്നീട് കണ്ടിട്ടേയില്ല .പരിചയങ്ങൾ നിലനിര്ത്തി കൊണ്ടു പോകാനുള്ള എന്റെ വൈമുഖ്യം ആവാം കാരണം .കൊച്ചിയിലെ ചില സാംസ്കാരിക സംഗമങ്ങളിൽ വിശിഷ്ട്ടാതിഥി യായി അദ്ദേഹവും സാധാരണ ക്ഷണിതാവായി ഞാനും ഒരുമിച്ചു പങ്കെടുത്ത അവസരങ്ങളുണ്ടായിട്ടുണ്ട് .അന്നും പക്ഷേ നേരിട്ടൊന്നും സംസാരിച്ചിട്ടില്ല
   വര്ഷം  കൃത്യമായി ഓർമ്മയില്ല ;അഞ്ചാറു കൊല്ലമായിട്ടുണ്ടാവും കലാമണ്ഡലം അദ്ധ്യക്ഷ പദവി സർക്കാർ   വളരെ നിര്ബന്ധിച്ചിട്ടും  ഓ എൻ  വി നിരസിച്ചു. അതിൽ പ്രത്യേകമായി ഒന്നുമില്ല .പക്ഷേ അതിനദ്ദേഹം പറഞ്ഞ കാരണം എന്റെ ഉള്ളിൽ  തട്ടി .മഹാകവിയുടെ പ്രതിമയുടെ മുമ്പിലിരുന്ന് മലയാളിയുടെ കലാപൈതൃകം കാത്തു സൂക്ഷിക്കുന്ന സ്ഥാപനത്തിന്റെ കാര്യങ്ങൾ നോക്കാൻ ആഗ്രഹമില്ലാഞ്ഞല്ല .ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ രണ്ടു മേൽപ്പാലങ്ങൾ താണ്ടി കലാമാണ്ഡലക്കാർ അയക്കുന്ന കാറിനടുത്തെത്താനുള്ള ബുദ്ധി മുട്ടു കൊണ്ടാണ് സർക്കാർ  നിർദ്ദേശം നിരസിക്കേണ്ടി വന്നതെന്നദ്ദേഹം പറഞ്ഞു കേട്ടപ്പോൾ എനിക്ക് ദുഃഖം തോന്നി .ചുറു ചുറു ക്കോടെയുള്ള ആ നടപ്പ് എന്റെ ഓർമ്മയിലെത്തി .അങ്ങിനെയല്ലാതെ ഞാൻ അദ്ദേഹത്തെ കണ്ടിട്ടില്ലല്ലോ .സാഹിത്യ പരിഷത്തിന്റെ മലയാള ദിനാചരണം ഉദ്ഘാടനം ചെയ്യാൻ അദ്ദേഹം വരുന്നു എന്ന് കേട്ടപ്പോൾ ഞാൻ പോകാൻ തീരുമാനിച്ചു .കണ്ടു സംസാരിക്കനൊന്നുമല്ല .കാണാൻ. വെറുതെ, വെറുതെ ഒന്ന് കാണാൻ .കണ്ടു പ്രസംഗം കേട്ടു തിരിച്ചു പോരുകയും ചെയ്തു .
    ഓ എൻ  വി ശതാഭിഷിക്തനായിരിക്കുന്നു .വലിയ വലിയ ആളുകൾ പങ്കെടുത്ത ആശംസാ സമ്മേളങ്ങളിലൊന്നും അദ്ദേഹം സന്നിഹിതനായിരുന്നില്ലത്രേ .ശാരീരിക അസ്വസ്ഥതകൾ  അത്രക്കുണ്ടെന്നാണല്ലോ അതിനർഥം .എനിക്ക് ഒന്ന് കാണണമെന്നു തോന്നുന്നു .ഒന്നിനും വേണ്ടിയല്ല  വെറുതെ വെറുതെ ഒന്ന് കാണാൻ
    പക്ഷേ ആരായിട്ടാണു ഞാൻ പോവുക .പോയാൽ തന്നെ കാണാൻ അനുവാദം കിട്ടുകയില്ല എന്ന് തീർച്ച.അത് കൊണ്ടു വേണ്ടാ .ചുറു ചുറു ക്കോടെ നടന്നു വരുന്ന ,അരലക്ഷം വരുന്ന സദസ്സിനെ നോക്കി തിരുവനത പുരം  പരിഷത്തിൽ  ഇന്ത്യയുടെ ശബ്ദം എന്ന സ്വന്തം കവിത ചൊല്ലുന്ന  ഓ എൻ  വി സാർ എന്റെ മനസ്സിലുണ്ട് .അത് മതി
  ഉപനിഷത്തിലെ വിദ്യാർഥിയുടെ പ്രാർഥന ഞാൻ ആവർ ത്തിക്കട്ടെ  :
 " അവതു മാം അവതു വക്താരം"
Monday 15-2-2016
  മിനിഞ്ഞാന്ന് ഫെബ്രുവരി 13 വൈകിട്ട് നാലരമണിക്ക് നിരവധി കവിതകളും ലളിത ഗാനങ്ങളും വലിയ ഒരു ശിഷ്യ സഞ്ചയവും പത്നിയും മക്കളും കൊച്ചുമക്കളുമടങ്ങുന്ന കുടുംബവും തന്റേതായി  ബാക്കിവെച്ച് ഓ എൻ വി യാത്രയായി .അദ്ദേഹം ഉപേക്ഷിച്ച ജീർണ്ണ വസ്ത്രം ഇന്ന് ഫെബ്രുവരി 15 രാവിലെ മതാചാരപ്രകാരം അഗ്നിക്കു സമർപ്പിക്കപ്പെട്ടു സമ്പൂർണ്ണ  സംസ്ഥാന ബഹുമതികളോടെ .വി വി ഐ പി കളും പോലീസ് ഉദ്യോഗസ്ഥരും വിചാരിപ്പുകാരും പാട്ടുകാരും വലിയ ഒരു ജനക്കൂട്ടവും സാക്ഷിനിൽക്കേ .അതിനിടയിൽ വിഷാദമൂകയായി വിങ്ങിപ്പൊട്ടിയിരിക്കുന്ന ഗുരുപത്നിയെ ഞാൻ കണ്ടു .തിരുവനന്തപുരത്തെ  കാൽ  നട യാത്രകളിൽ മിക്കവാറും എല്ലായ്പ്പോഴും  അദ്ദേഹത്തോടൊപ്പം അവരുണ്ടായിരുന്നു എന്ന് ഞാനോർക്കുന്നു ."എത്രയോ ദുരം എന്നോടൊപ്പം നടന്ന പദ പത്മങ്ങൾ 'എന്ന് ഓ എൻ വി വാഴ്ത്തിയ ആ കാലടികളിൽ മനസ്സു കൊണ്ട് എന്റെ ഒരു പൂവ് .
"വായുരനിലമമൃതമതേഥം
ഭസ്മാന്തം ശരീരം
 ഓം ക്രതോസ്മര കൃതം സ്മര
ക്രതോസ്മര കൃതം സ്മര "
ജീവ വായു പ്രപഞ്ച ത്തിന്റെ പ്രാണ  വായുവിൽ ലയിച്ചു ചേരുന്നു ;ശരീരം അഗ്നിയിൽ ഉൾച്ചേർന്നു ഭസ്മമായിത്തീരുന്നു ..ജീവിച്ചിരിക്കുന്നവരേ  പോയ വ്യക്തി ചെയ്ത നല്ല കാര്യങ്ങളെ ക്കുറിച്ചോർമ്മിക്കുക  .ഋഷി ആവർത്തിക്കുന്നു: പോയ വ്യക്തി ചെയ്ത നല്ല കാര്യങ്ങളെക്കുറി ച്ചോർമ്മിക്കുക .

2016 ഫെബ്രുവരി 12, വെള്ളിയാഴ്‌ച

നമ്മുട പരമ്പരാഗത യുക്തി വാദിയുടെ വലിയൊരു പോരായ്മ അയാൾക്ക് യുക്തി ബോധം തീരെ ഇല്ല എന്നതാണ് .ആചാരാനുഷ്ഠാനങ്ങൾ  ഏതു സമൂഹത്തിന്റേയും അടിത്തറയുടെ അവിഭാജ്യ ഘടകമായിരിക്കും. മനുഷ്യനും പ്രപഞ്ചവുമായൗള്ള ബന്ധത്തിന്റെ പ്രതീകാത്മകമായ ആവിഷ്കാരങ്ങളാണവ .അവയിൽ കേവല യുക്തി അന്വേഷിക്കേണ്ട കാര്യമില്ല .ഒഴിവാക്കപ്പെട്ടാൽ ബന്ധപ്പെട്ട വ്യക്തികൾ  മാത്രമല്ല സമൂഹമാകെത്തന്നെ അസ്വസ്ഥമായിരിക്കും എന്നതാണ് അവയുടെ പ്രത്യേകത ..
  സമൂഹത്തിന്റെ ഭൌതിക സാഹചര്യങ്ങളിൽ ഉണ്ടാവുന്ന മാറ്റം  ഈ ആചാരങ്ങളിലും പ്രതിഫലിക്കും .പുതിയൊരു സമുഹം മനുഷ്യനും പ്രപഞ്ചവുമായൗള്ള ബന്ധത്തിനു പുതിയ നിർവ്വചനങ്ങൾ നല്കുകയും അതിനെ പ്രതിഫലിപ്പിക്കാൻ പുതിയ ആചാരങ്ങൾ കണ്ടെത്തുകയും ചെയ്യും
  പക്ഷേ യുക്തി പൂർവമായി പ്രതികരിക്കാൻ കഴിയുന്ന വ്യക്തികളും സംഘടനകളും  എന്നത്തേക്കാളും ആവശ്യമാണ് ഇന്ന് കേരള സമൂഹത്തിൽ .കാരണം നിർദ്ദോഷമായ ആചാരാനുഷ്ഠാനങ്ങൾ സ്വാഭാവികവും ശാസ്ത്രീയവുമായ പരിവർത്തനങ്ങൾക്കു വിധേയമാകുന്നതിനു പകരം മൂഢ വിശ്വാസങ്ങളുടെ പ്രകടിത രൂപങ്ങളായി പരിണമിച്ചു കൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കാണുന്നത് .ലളിതവും ഉദാത്തവുമായിരുന്ന പലചടങ്ങുകളും പണക്കൊഴുപ്പിന്റെ പ്രകടനങ്ങളായി മാറി  ക്കഴിഞ്ഞു .ആചാരങ്ങൾ പലതും അന്ധ വിശ്വാസങ്ങളായി .അര  നൂറ്റാണ്ടു മുമ്പ് വരെ വെറും ചടങ്ങായിരുന്ന പൊരുത്തം നോക്കലും മറ്റും ഇന്ന് പാർ ട്ട്  ടൈം ജ്യോൽസൻമ്മാരുടെ ഇടപെടലിന്റെ ഫലമായി യഥർഥത്തിൽ  പൊരുത്തമുള്ള വിവാഹങ്ങൾക്ക് തടസ്സമായി  മാറിക്കൊണ്ടിരിക്കുന്നു .എന്തിനേറെ പറയുന്നു രണ്ടു നൂറ്റാ ണ്ടു മുമ്പ് അപ്രത്യക്ഷമായി എന്ന് നമ്മൾ വിശ്വസിച്ചിരുന്ന വശീകരണ യന്ത്രങ്ങളും മറ്റും ടി വി പരസ്യങ്ങളിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു
 നവോത്ഥാ നത്തേയും ഞ്ജാനോദയത്തേയും നിരാകരിക്കുന്ന ഈ പ്രവണതകൾക്കെതിരേ യുദ്ധം നടത്തുക തന്നെ വേണം .കേരളീയതയുടെ ഭാഗമായ ആചാരങ്ങളും മര്യാദകളും നിലനിർത്തിക്കൊണ്ടു തന്നെ ഈ യുദ്ധം നടത്താൻ ധൈക്ഷണിക കേരളം ഇനി വൈകിച്ചു കൂടാ