2019 ഓഗസ്റ്റ് 18, ഞായറാഴ്‌ച

17 -8 -2019
----------------
മാനത്തെ കായലിൻ മണപ്പുറത്തിന്നൊരു .......
-----------------------------------------------------------------                                                                                         
   1969.... കള്ളിച്ചെല്ലമ്മ,ജി വിവേകാനന്ദന്റെ വിഖ്യാതനോവൽ   സിനിമയായിരിക്കുന്നു ഷീലയുടെ ചെല്ലമ്മ നസീറിന്റെ കുഞ്ഞച്ചൻ മധുവിന്റെ ഉസ്മാൻ മുതലാളി.പി ഭാസ്കരന്റെ ഗാനങ്ങൾ കെ രാഘവന്റെ ഈണങ്ങൾ  ..ആദ്യ പ്രദര്ശനം .അജന്ത തിയേറ്റർ .....
തെക്കൻ കേരളം ,മൂക്കുന്നി മലയുടെ താഴ്വരയിലെ  നാട്ടിൻപുറം .നിലാവുള്ള രാത്രി .കായലും പുഞ്ചപ്പാടങ്ങളും ചന്ദ്രികയിൽ  കുളിച്ചു നിൽക്കുന്നു .ഏകാകിയായ നായകൻറെ ഗാനം .'മാനത്തെക്കായലിന്റെ മണപ്പുറത്ത് താമരക്കളിത്തോണി വന്നടുത്തിരിക്കുന്നു .നിനക്കൊരു താമരമാലയുമായി ഓമനേ  സംക്രമപ്പൂനിലാവ് നിന്റെ കിളിവാതിലിൽ മറഞ്ഞു നിൽക്കുന്നു മെരുക്കിയാൽ മെരുങ്ങാത്ത മാൻകിടാവേ.നീയിപ്പോഴും മയങ്ങുന്നതെന്താണ്' .മനോഹാരിണിയായ നായിക കോരിത്തരിക്കുന്നു  .ഗാനം തുടരുന്നു ....
      സാമാന്യത്തിലധികം പൗരുഷമുള്ള മനോഹരമായ ശബ്ദം .യേശുദാസല്ല ,ജയചന്ദ്രനല്ല ,കാമുകറയും രാജയുമല്ല .പുതിയ ഒരു ഗായകൻ .മലയാള സിനിമയിൽ പാട്ടുകളുടെ പൂക്കാലം ആരംഭിച്ചു കഴിഞ്ഞിരുന്നു .ഒരു ഗായകന് കൂടി അവിടെ ഇടമുണ്ട് .പുതിയ ഗായകൻ ബ്രഹ്മാനന്ദൻ കഴിവുള്ള ആളാണ് ;സ്ഥിരമായി രംഗത്തുണ്ടാവുമെന്നു ഞങ്ങൾ സിനിമാ പ്രേമികൾ തീർച്ചപ്പെടുത്തി .തുടർന്നങ്ങോട്ട് നല്ല കുറച്ചു പാട്ടുകൾ നീല നിശീഥിനി യും താരകരൂപിണി യും താമരപ്പൂവ് നാണിച്ചുവും മറ്റുമായി ..അടുത്ത നാലഞ്ചു വർഷത്തിനകം നൂറോളം പാട്ടുകൾ പുതിയ ഗായകൻ ചുവടുറപ്പിക്കുകയായിരുന്നു .
    പക്ഷേ മലയാള സിനിമയല്ലേ ,അവിടെ കഴിവ് മാത്രം പോരല്ലോ .നന്നായി പാടിക്കൊണ്ടിരുന്ന ബ്രഹ്മാനന്ദന് അവസരങ്ങൾ കുറഞ്ഞു .ക്രമേണ അദ്ദേഹം പിൻവാങ്ങി .
    ഇന്ന് മാതൃഭൂമി ചാനലിൽ രാകേഷ് ബ്രഹ്മാനന്ദൻ അവതരിപ്പിച്ച ചക്കരപ്പന്തൽ കണ്ടപ്പോൾ തോന്നിയതാണിതൊക്കെ .ബ്രഹ്മാനന്ദൻ ലോകം വിട്ടിട്ട് 15 വർഷം കഴിഞ്ഞിരിക്കുന്നു (ഓഗസ്റ്റ് 10 )അദ്ദേഹത്തിന്റെ പാട്ടുകൾ ഇന്നും നിലനിൽക്കുന്നു പുതുമ മാറാതെ .കൂടുതൽ പാട്ടുകൾ പാടിയിട്ടുള്ളത് യേശുദാസാണെങ്കിലും പാടിയ പാട്ടുകളിൽ കൂടുതലെണ്ണം ഹിറ്റാക്കാൻ കഴിഞ്ഞത് ജയചന്ദ്രനാണെന്ന് പറഞ്ഞത് സക്കറിയാ ആണെന്നു തോന്നുന്നു .അതോ രവിമേനോനോ ?അതെന്തായാലും പാടിയ പാട്ടുകൾ ഏതാണ്ടെല്ലാം തന്നെ ഹിറ്റായതിന്റെ ബഹുമതി  ബ്രഹ്മാനന്ദനു മാത്രം അവകാശപ്പെട്ടതാണ് .








   
     

2019 ഓഗസ്റ്റ് 9, വെള്ളിയാഴ്‌ച

9-8-2019

 ചെറുകഥ -നിർവചനത്തിനു ശ്രമിക്കുമ്പോൾ
ആർ എസ്  കുറുപ്
------------------------------------------------------------------------------
ലോകത്തിൽ എല്ലാ സമൂഹങ്ങളിലും അനാദികാലം മുതൽ തന്നെ കഥകൾ നിലനിൽക്കുന്നുണ്ടായിരുന്നു  .അവയിൽ ചിലതെങ്കിലും കാലത്തെ അതിജീവിച്ചു നിലനിൽക്കുന്നു .ഉദാഹരണങ്ങൾ അനാവശ്യമാണ് .പക്ഷേ എല്ലാ ചെറിയ കഥകളും ചെറുകഥ എന്ന സാഹിത്യ രൂപത്തിൽ ഉൾപ്പെടുന്നില്ല ,അവ പ്രാചീനമായാലും ആധുനികമായാലും .അപ്പോൾ ഒരു കഥ ചെറുകഥ ആണോ എന്നറിയണമെങ്കിൽ എന്താണ് ചെറുകഥ എന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു ചെറുകഥയ്ക് ഒരു നിർവചനം കണ്ടെത്തേണ്ടിയിരിക്കുന്നു
    ചെറുകഥ -ഷോർട് സ്‌റ്റോറി -എന്ന വാക്ക് ആദ്യമായി ഒരു ഇംഗ്ലീഷ് നിഘണ്ടുവിൽ(Oxford English Dictionary ) പ്രത്യക്ഷപ്പെടുന്നത് 1933 ലാണ് .A fictional prose tale of no specified length, but too short to be published as a volume on its own, as novellas sometimes and novels usually are. A short story will normally concentrate on a single event with only one or two characters, more economically than a novel's sustained exploration of social background.എന്നാണ്  ആ നിർവചനം .അതുനിൽക്കട്ടെ .അതിലേക്കു പിന്നീട് വരാം .ഈ നിർവചനം വരുന്നതിനു ഒരു നൂറ്റാണ്ടെങ്കിലും മുമ്പ് ആ പ്രസ്ഥാനത്തിന്റെ പ്രതിഷ്ഠാപകരിലൊരാളായ എഡ്ഗാർ അലൻ പോ തന്റെ ചില ലേഖനങ്ങളിൽ ആ സാഹിത്യ രൂപത്തെക്കുറിച്ച് ചർച്ച ചെയ്തിട്ടുണ്ട് .പക്ഷെ നിരൂപകർ പൊതുവെ ചെറുകഥയെ അവഗണിക്കുകയാണ് ചെയ്തത് .ചെറുകഥയ്ക്ക് ഒരു നിർവചനം കണ്ടെത്താൻ ശ്രമിക്കുമ്പോൾ ഈ അവഗണനയ്ക്ക് കാരണമായി പറയപ്പെടുന്നെ ചില സവിശേഷതകൾ നമുക്ക് കണക്കിലെടുക്കേണ്ടതുണ്ട് 
       ആനുകാലികങ്ങളുടെ വരവോടെയാണ് ചെറുകഥയും രംഗത്തെത്തിയത് .പ്രസിദ്ധീകരിക്കുന്ന മാസികയുടെ സൗകര്യത്തിനനുസരിച്ച് കഥയുടെ വലിപ്പവും നിശ്ചയിക്കേണ്ടി വന്നു എഴുത്തുകാരന് .ഫലമോ ?ബെർണാഡ് ബെർഗോൻസി പറയുന്നു :'ആധുനിക ചെറുകഥാ കൃത്തിന് ലോകത്തെ ഒരു പ്രത്യേക രീതിയിൽ കാണേണ്ടിയിരിക്കുന്നു .കാരണം അയാളുപയോഗപ്പെടു  ത്തുന്ന സാഹിത്യ രൂപം ഉപദ്രവകരമാം വിധം ന്യുനീകരിക്കപ്പെട്ടതാണ് .അത് അനുഭവങ്ങളെ അരിച്ചെടുത്ത് പരാജയം അന്യവൽക്കരണം എന്നീ മൂലകങ്ങളെ മാത്രം അവശേഷിപ്പിക്കുന്നു "
     ചില മാഗസിൻ കഥകളുടെ കാര്യത്തിലെങ്കിലും ബെർഗോൻസി പറഞ്ഞത് സത്യമായിരിക്കാം ;വളരെ നല്ല ഒരു ചെറുകഥയ്ക്കു പോലും ഒരു ശരാശരി നോവലിനു കഴിയുന്നത്ര സമഗ്രമായി ജീവിതത്തെ ആവിഷ്കരിക്കാൻ കഴിയുകയുമില്ല .എന്നാൽ  സങ്കീർണ്ണതയും വലിപ്പവുമാണ് മനുഷ്യ ജീവിതത്തിന്റെ രസകരവും പ്രധാനവുമായ ഘടകങ്ങളെന്നു  കരുതുന്നത് മൗഢ്യമാണ് ഇയാൻ റീഡ് പറയുന്നതു സത്യമാണ് .റീഡ് തുടരുന്നു "തീരെ ബുദ്ധി കുറഞ്ഞ ഒരാൾ മാത്രമേ പ്രസക്തതയും വലിപ്പവും ഒന്നാണെന്നു ധരിക്കുകയുള്ളു .ഉദാഹരണത്തിന് ഭാവഗീതം ആഖ്യാന കവിതയെക്കാൾ രസനീയമായിരിക്കുമല്ലോ പലപ്പോഴും .അതു പോലെ നോവലിന് ഒരിക്കലും കഴിയാത്തത്ര സാന്ദ്രതയോടെ നമ്മെ വികാരഭരിതരാക്കാൻ ചെറുകഥയ്ക്കു കഴിയും" .(ഇയാൻ റീഡ് -ദി ഷോർട്സ്റ്റോറി ).
    ഇതു കൊണ്ടായില്ലല്ലോ .ചെറുകഥ എന്താണെന്ന ചോദ്യം അവശേഷിക്കുന്നു .ഓരോരുത്തരും കഥ പറയുന്ന രീതി വ്യത്യസ്തമാണ് .അതു കൊണ്ട് തന്നെ അതിവ്യാപ്തിയോ അവ്യാപ്തിയോ ഇല്ലാത്ത ഒരു നിർവചനം കണ്ടെത്തുക എളുപ്പമല്ല .മാത്രമല്ല കാലഗതിയിൽ പരിണമിക്കുന്നവയാണ് സാഹിത്യരൂപങ്ങൾ .ഉദാഹരണത്തിന് ചെറുകഥയിൽ സുഘടിതമായ ഒരിതിവൃത്തമുണ്ടാവണമെന്നു നിര്ബന്ധമുള്ളവരായിരുന്നു 19 ആം നൂറ്റാണ്ടിലെ ചെറുകഥാകൃത്തുക്കളും നിരൂപകരും .പക്ഷേ ആധുനികരായ എഴുത്തുകാർ ഈ സിദ്ധാന്തത്തെ പലപ്പോഴും അവഗണിക്കുന്നു .നോവലുകൾക്ക് അനുയോജ്യമായ ആഖ്യാന രീതി കൈവെടിഞ്ഞ് കവിതയുടെയും നാടകത്തിന്റെയും സങ്കേതങ്ങൾ സ്വീകരിക്കാൻ അവർ തയ്യാറാവുന്നു കൂടുതൽ ആലങ്കാരികവും താളാത്മകവുമായ ഭാഷാപ്രയോഗത്തിലൂടെ .
    അതു പോലെ ചെറുകഥയിലെ കഥയുടെ കാര്യം :"അതെ അതെ ,നോവൽ ഒരു കഥ പറയുകയാണ് ചെയ്യുന്നത് "എന്ന് ഇ എം ഫോസ്റ്റർ നോവലിന്റെ കാര്യത്തിൽ പറഞ്ഞത് ചെറുകഥയ്ക്കും ബാധകമാകേണ്ടതല്ലേ ?ചെറുകഥയുടെ സൈദ്ധാന്തികനായ ഹെർബെർട് ഗോൾഡ് പറയുന്നത് കേൾക്കുക "The Storyteller must have a story to tell ,not some sweet prose ".കഥപറച്ചിലുകാരന് പറയാൻ ഒരു കഥയുണ്ടാവണം മധുരമായ ഗദ്യം പോരാ .അപ്പോൾ ഒരു ചോദ്യമുണ്ടാവാം 'കഥയെന്നാൽ എന്ത്?'യുക്തിസഹമായ ,കാലാനുസാരിയായ  ,സംഭവവിവരണം  തന്നെ .അരിസ്റ്റോട്ടിൽ പ്ലോട്ടിനെക്കുറിച്ച് പറഞ്ഞതു പോലെ ആദിമദ്ധ്യാന്തങ്ങളുള്ളത് .പക്ഷേ ഈ നിയമം പാലിക്കാത്ത ,സംഭവങ്ങളും പാത്രങ്ങളും ഒരു ക്രമവും അനുസരിക്കാതെ പ്രത്യക്ഷപ്പെടുന്ന നല്ല ചെറുകഥകളില്ലേ ?ഉണ്ട് .എന്നുവെച്ചാൽ നമുക്ക് നിര്വചനത്തിന്റെ പരിധി വിപുലീകരിക്കേണ്ടിയിരിക്കുന്നു .തൽക്കാലം ഒരു ഗദ്യരചന സു  ഘടിതമായ ഇതിവൃത്തത്തോടു കൂടിയ ചെറുകഥകളുമായി രൂപ സാദൃശ്യം പുലർത്തുന്നുണ്ടെങ്കിൽ അതൊരു ചെറുകഥയാണെന്നു നമുക്കു തീരുമാനിക്കാം .
   പക്ഷേ അവിടേയും പ്രശ്നങ്ങൾ അവസാനിക്കുന്നില്ല .കാരണം ചില  ചെറുകഥകളുണ്ട് സംഭാവ്യതകളും അസംഭാവ്യതകളും കൂടിക്കലർന്ന് പരസ്പരപൂരകങ്ങളല്ലാത്തഇതിവൃത്തവഴികളിലൂടെ,കാര്യകാരണ ബന്ധങ്ങളെ നിരാകരിച്ചു കൊണ്ട് വികസിച്ചുവരുന്നവ ,പ്രതികഥകൾ എന്നു വിളിക്കപ്പെടാവുന്നവ . ലോക പ്രശസ്തമായ ചില ചെറുകഥകളെങ്കിലും ഈ ഗണത്തിൽ പെടുത്താവുന്നവയാണ് .അവയും ചെറുകഥകൾ തന്നെയാണ് .കാരണം അവയിൽ സന്നിഹിതങ്ങളായ സാധ്യതകളിൽ നിന്ന് വായനക്കാരന് ഒരു കഥ നിർമ്മിച്ചെടുക്കാൻ കഴിയുന്നു ,ആഖ്യാന വൈചിത്ര്യത്തിൽ നിന്ന് ,ഭ്രമ കല്പനകളിൽ നിന്ന് .ചുരുക്കത്തിൽ ഒരു ഗദ്യ രചന ചെറുകഥയാണെന്നു നിർണ്ണയിക്കപ്പെടണമെങ്കിൽ പാത്രധർമ്മങ്ങൾ ക്രിയകളിലൂടെ സാക്ഷാത്കരിക്കപ്പെടുന്നതായി വായനക്കാരന് അനുഭവവേദ്യമാകുന്ന തരത്തിൽ ഒരു രൂപശില്പം ആ രചനക്കുണ്ടാവണം ,ആ രൂപം എത്രതന്നെ ശിഥിലമായാലും .മറിച്ചു പറഞ്ഞാൽ വായിക്കുന്ന സ്ളധബദ്ധമായ രചനയിൽ നിന്ന് കൃത്യമായ രൂപശില്പമുള്ള ഒരു ചെറുകഥ മനസ്സിൽ നിർമ്മിക്കാൻ ആസ്വാദകനു കഴിയണം .The short story is nothing if there is no story to tell എന്ന് ബ്രാൻഡർ മാത്യൂസ് പറയുന്നത് ഈ അർത്ഥത്തിലാണ് നാം മനസ്സിലാക്കേണ്ടത് .
    ഇതെല്ലാമുണ്ടെങ്കിലും ഒരു കഥ ചെറുകഥയാവണമെങ്കിൽ അത് മനുഷ്യന്റെ, മനുഷ്യ ബന്ധങ്ങളുടെ കഥ പറയുന്നതായിരിക്കണം .സാരോപദേശ കഥകളും ഗുണപാഠകഥകളും മറ്റും ചെറുകഥയുടെ പരിധിയിൽ വരാത്തതിനു കാരണം ഇതാണ് .കൂടാതെ ചെറുകഥ ചെറിയകഥയായിരിക്കണം .എത്രത്തോളം ചെറുത് എത്രത്തോളം വലുത് എന്നൊക്കെയുള്ളത് കൃത്യമായി നിര്വചിക്കപ്പെട്ടിട്ടില്ല  .എന്തായാലും ചെറിയ നോവൽ ചെറുകഥയാവുകയില്ല .കുറച്ചു വലിയ ഒരു ചെറുകഥ ചെറിയ നോവലാവുകയുമില്ല .ഒരു സംഭവഗതിയുടെ   -എപ്പിസോഡ് -ആഖ്യാനം ചെറുകഥ ;പരസ്പരം ബന്ധപ്പെട്ട സംഭവഗതികളുടെ പരമ്പരയുടെ ആഖ്യാനം നോവൽ എന്നത് ഉപയോഗപ്രദമായ ഒരു മാനദണ്ഡമാണ് ഇക്കാര്യത്തിൽ .
   ഇപ്പോഴും നാം ചെറുകഥയുടെ ഒരു നിർവചനത്തിൽ എത്തിയിട്ടില്ല .അങ്ങിനെ ഒരു നിർവചനം അസാദ്ധ്യമാണ് .നല്ല ധാരാളം ചെറുകഥകൾ വായിച്ച് നമ്മുടെ മനസ്സിൽ എന്താണ് ചെറുകഥ എന്നതിനെക്കുറിച്ച് ഒരു ധാരണ ഉണ്ടായിട്ടുണ്ടല്ലോ അതാണ് ചെറുകഥയെക്കുറിച്ച് സാദ്ധ്യമായ ഒരേ ഒരു നിർവചനം .

























































    







.















2019 ജൂലൈ 25, വ്യാഴാഴ്‌ച

25-7-2019
Creativity
-------------
'Apoorva vasthunirmmanakshamaa prajna Prathiba"so says the Acharya the Great Anandavardhana .Translated literally "The Intellect that is capable of making something so far non existent is Genius ".The statement was made in relation to literary creation but it holds good for all human activity ,literary, scientific,histrionic ,painting ,sculpture ,singing ,dancing ,cooking and so on .Here one is being creative as God was in the beginning where he created Heaven and the Earth in one day out of nothingness .                                                                                                                                                                       What is given above is an Indian definition and the example quoted  is from the very beginning   of the Old Testament .Both are several centuries old .So let us look into what the modern west has to say in the matter “Creativity is the process of bringing something new into being. Creativity requires passion and commitment. It brings to our awareness what was previously hidden and points to new life. The experience is one of heightened consciousness: ecstasy.” – Rollo May, The Courage to Create.Is it not the as the Anandavardhana dictum except that the modern westerner is descriptive and analytical about details ?Yes .No doubt..so it is creation of something new.For those who are intersted to pursue more on the subject one more defenition of creativity is added here ,It adds some analytical detail to the prevously quoted statement though it does not alter thetone and  tenor of the note 
   “Creativity is a combinatorial force: it’s our ability to tap into our ‘inner’ pool of resources – knowledge, insight, information, inspiration and all the fragments populating our minds – that we’ve accumulated over the years just by being present and alive and awake to the world and to combine them in extraordinary new ways.” — Maria Popova, Brainpickings.
 so it is creation of some thing new .The definitions all agree .
          The real danger about definitions is that they scare people .They describe qualities as though they are confined to a select few .This is unjust .Every human being is a creator in his or her own way.whatever you say ,write draw act or  sing you do it in your own way and it is inimitable like your finger print .So if you write something it is creative writing .Rather whatever you do is your creative contribution to the world at large .But you may not get a jnanpeeth,grammy,or oscar though .that means everybody may not be good at everything .But it is certain that every person is good at some thing .No human being comes into this world without the ability to do some things  on its own .Everybody is a creator .
    So here is a column for everybody associated with R C T,.your contributions That is writings , drawings photographs should reach the Editorial Board not later than 15th of every month .That is each month  there is about a month to finalize your work .This is a lot of time as we already know The Universe was created in less than one fourth of the time .Creativity at Work Value Creation


















      

2019 ജൂലൈ 22, തിങ്കളാഴ്‌ച

22-7-2019/ ൧൧൯൪ കർക്കിടകം ൬
-----------------------------------------------------------
രാമായണ മാസം ൧൧൯൪ -1
--------------------------------------------
"സ്വാദ്ധ്യായതപോദാനയജ്ഞാദികർമ്മങ്ങളാൽ
സാദ്ധ്യമല്ലൊരുവനും കൈവല്യമൊരുനാളും .
മുക്തിയെ സിദ്ധിക്കേണമെങ്കിലോ ഭവൽപ്പാദ
ഭക്തികൊണ്ടൊഴിഞ്ഞു മറ്റൊന്നിനാലാവതില്ല "
(അദ്ധ്യാത്മ രാമായണം ..ബാലകാണ്ഡം )
തപസ്സ്വാധ്യായാദികളാണ് മോക്ഷമാർഗ്ഗമെന്നത് സവസമ്മതവും ചിരപുരാതനവുമായ വിശ്വാസമാണ് .തപസ്സ് എന്നാൽ ആത്‌മാവിൽ ആത്മാവിനെ ദർശിച്ചു കൊണ്ടുള്ള നിരന്തരധ്യാനം ;സ്വാദ്ധ്യായം അറിവിലൂടെ ആത്മാവിനെ സാക്ഷാത്കരിക്കാനുള്ള  യത്നം ,ജ്ഞാനയോഗം .ദാനം തന്റെ ആവശ്യങ്ങൾ പരിഗണിക്കാതെ അന്യനു നൽകൽ ,അത് പാത്രം അറിഞ്ഞാവണം .യജ്ഞം വേദങ്ങളിലെ കർമ്മകാണ്ഡങ്ങളുടെ അനുഷ്ഠാനം .ഇവയൊക്കെ അനാദികാലം മുതൽക്കേ മോക്ഷമാർഗ്ഗങ്ങളായി പരിഗണിക്കപ്പെട്ടു പോരുന്നു .പക്ഷേ ഇവയെ ഒക്കെ ഒഴിവാക്കി ഭക്തിയെ ഏക മോക്ഷ സമാധാനമായി നിർദ്ദേശിക്കുകയാണ് പന്ത്രണ്ടാം നൂറ്റാണ്ടിലാരംഭിച്ച ഭക്തിപ്രസ്ഥാനം ചെയ്തത് .ഭക്തി എന്നാൽ നിരന്തരപ്രേമം എന്നാണ് ശങ്കരാചാര്യരുടെ  നിർവചനം .ഈശ്വരങ്കലുള്ള സമ്പൂർണ്ണ സ്വയം സമർപ്പണം .രണ്ട് അപകടങ്ങളെ ആയിരുന്നല്ലോ അന്ന് ഹിന്ദു ധർമ്മം നേരിട്ടിരുന്നത് .ഒന്ന് വൈദേശികമായ ആശയങ്ങളും അവയുടെ സായുധമായ ആക്രമണവും ;മറ്റൊന്ന് വേദോപനിഷത്തുകളുടെ ദുർ വ്യഖ്യാതാക്കളായ  വരേണ്യവർഗ്ഗം അടിച്ചേൽപ്പിക്കുന്ന ദുരാചാരങ്ങളുംഅടിമത്തവും .ഇവയ്‌ക്കെതിരെയുള്ള ചെറുത്തു നിൽപ്പിന്റെ ഭാഗമായി എഴുതപ്പെട്ട ഒന്നാണ് അദ്ധ്യാത്മരാമായണം .രാമനെ അവതാരപുരുഷനായും അപഹൃതയായ സീതയെ  മായാ സീതയായും മറ്റും കൽപ്പിച്ചു കൊണ്ടുള്ള ഈ കാവ്യം ഉത്തമ സാഹിത്യ കൃതികളുടെ ഗണത്തിൽ പെടുന്നില്ല .കൃതിയുടെ ഗുണമേന്മ രചയിതാവിനോ പ്രസ്ഥാനത്തിനോ പ്രശ്നമായിരുന്നില്ല .അകത്തും പുറത്തുമുള്ള ശത്രുക്കളെ നേരിടാൻ ഏക ആയുധമായ ഭക്തിയെ ഉദ്ദീപിപ്പിക്കുക എന്നതായിരുന്നു അവരുടെ ആവശ്യം .അദ്ധ്യാത്മ രാമായണം അതിനേറ്റവും ഉതകുന്നതായിരുന്നു .
      എഴുത്തച്ഛൻ പരിഭാഷക്കു തെരഞ്ഞെടുത്തത് അദ്ധ്യാത്മ രാമായണമായിരുന്നു ആദികാവ്യമല്ല .ആദികാവ്യത്തിന്റെ പരിഭാഷയിലൂടെ തന്റെ പ്രതിഭാ വിലാസം പ്രകടിപ്പിക്കാൻ സാദ്ധ്യമല്ല എന്നദ്ദേഹത്തിനു തോന്നിയത്രേ .വ്യാസ മഹാഭാരതം  മഹത്തായ ഒരു മലയാള കവിതയായി ഒരു  ഗുളികചെപ്പിലൊതുക്കിയ കവികുല ഗുരുവിന് അങ്ങിനെ ഒരാശങ്കയോ ? അപ്പോൾ കാരണം അതല്ല .ഭക്തി പ്രസ്ഥാനത്തിന് ഇവിടേയും പ്രസക്തിയുണ്ടായിരുന്നു അക്കാലത്ത് .വിദേശികൾ ഒരു വശത്ത് അനാചാരമണ്ഡലാച്ഛത്രരായ വരേണ്യ വർഗ്ഗം മറുവശത്ത് .ഇതിനിടയിൽപ്പെട്ട സാധാരണക്കാരന്റെ ആത്മീയ ത്വരയെ തൃപ്തിപ്പെടുത്താൻ അദ്ധ്യാത്മരാമായണമാണാവശ്യം എന്നദ്ദേഹം തീരുമാനിച്ചു .മലയാള ഭാഷയിലെ എക്കാലത്തെയും മികച്ച കാവ്യം അങ്ങിനെ ജന്മമെടുത്തു .
      ഭക്തി ജനത്തെ കർമ്മവിമുഖമാക്കുകയില്ലേ ,വിദേശികളെയോ ദുരാചാരികളായ വരേണ്യ വർഗ്ഗത്തെയോ ചെറുത്തുനിൽക്കാൻ അപ്പോൾ അവർക്കാവുമോ ?ഈ ചോദ്യങ്ങൾക്കുത്തരം കണ്ടെത്താൻ 'ഭക്തി ' 'ഈശ്വരൻ' എന്നീ സങ്കല്പനങ്ങളുടെ അർത്ഥവ്യാപ്തിയെക്കുറിച്ചു കൂടുതൽ മനസ്സിലാക്കേണ്ടിയിരിക്കുന്നു .അതിനുള്ള യത്നം അടുത്ത ലക്കത്തിൽ .
           'വന്ദേ വാല്മീകി കോകിലം '





   

























18-7-2019 ഇന്ന് ജൂലൈ 18 ;അമ്പതു വര്ഷം മുമ്പ് 1969 ജൂലൈ 18 നാണ് ഞാൻ തിരുവനതപുരം ഏ ജീ സോഫീസിൽ ജോലിയിൽ പ്രവേശിച്ചത് ;ഇന്ത്യൻ ഭരണഘടനയും അനുബന്ധനിയമാവലികളും അനുസരിച്ച് ജോലിചെയ്തുകൊള്ളാമെന്നു ദൃഢ പ്രതിജ്ഞ ചെയ്തുകൊണ്ട് .പിന്നീടുള്ള മുപ്പത്തേഴു വർഷവും ഞാനാ പ്രതിജ്ഞ അക്ഷരം പ്രതി പാലിച്ചു ,കൃത്യമായും സത്യസന്ധമായും എന്റെ ജോലിചെയ്തു ;ഓഫീസിലും എന്റെ സേവനം കടം വാങ്ങിയ മൂന്നു പൊതുമേഖലാ സ്ഥാപനങ്ങളിലും .
പക്ഷെ ഞാൻ ഭരണഘടനയുടെ വകുപ്പകൾക്കെതിരെയുള്ളവ ഉൾപ്പെടെയുള്ള സമരങ്ങളിലും പങ്കെടുത്തു .ലോക ചരിത്രത്തിലെ ഏറ്റവും ക്രൂരവും ഹീനവുമായ ഏകാധിപത്യങ്ങളിലൊന്നിന്റെ ഡ്രസ്സ് റിഹേഴ്സൽ നടന്നത് കേരള ഏ ജീസിലാണ് അവിടത്തെ സംഘടനയുടെ ജനറൽ സെക്രട്ടറിയെ ഇന്ത്യൻ പ്രസിഡന്റ് നേരിട്ട് പിരിച്ചു വിട്ടുകൊണ്ട് .അതിനെതിരായ ചെറുത്തുനില്പിന്റെ ഭാഗമായതാണ് എന്റെ ജീവിതത്തിലെ ഏറ്റവും സാർത്ഥകമായ സംഭവം എന്ന് ഞാൻ കരുതുന്നു .വിക്രമൻ തിരിച്ചു വന്നില്ല .പക്ഷെ 1960 ഇൽ 80 രൂപ കുറഞ്ഞ വേതനം നിശ്ചയിക്കപ്പെട്ടിരുന്നുവെങ്കിൽ ഇന്നത് ൨൦൦൦൦ ത്തിൽ അധികമായിരിക്കുന്നു . .വിലസൂചിക അന്നത്തെ കണക്കുവെച്ച് 100 ആയിരുന്നത് ഇന്ന് 8000 ത്തിൽ എത്തിയിട്ടില്ല .യാഥാർത്ഥവേതനം പല മടങ്ങു വർദ്ധിച്ചുവെന്നർത്ഥം .തോറ്റ ചരിത്രം കേട്ടിട്ടില്ല എന്ന മുദ്രാവാക്യം അന്വർത്ഥമാണ് അതിനെ പരിഹസിക്കുന്നത് ശരിയല്ല എന്നൊക്കെ മനസ്സിലായല്ലോ .ജീവനും ജോലിയും ഇൻക്രെമെന്റും ഒക്കെ നഷ്ടപ്പെടുത്തിയഒരുപാട് മനുഷ്യരുടെ ,ലോക ദൃഷ്ടിയിൽ തോറ്റ മനുഷ്യരുടെ ചോരയും കണ്ണീരും വിയർപ്പുമാണ് ഈ സുസ്ഥിതി സാദ്ധ്യമാക്കിയത് .തോറ്റ മനുഷ്യരാണ് ചരിത്രം സൃഷ്ടിക്കുന്നത് .അക്കൂട്ടത്തിൽ ഏറ്റവും പിൻനിരയിലാണെങ്കിലും ഒരു സ്ഥാനം അവകാശപ്പെടാനുണ്ടെന്നതിൽ ഞാൻ അഭിമാനിക്കുന്നു .
ഇപ്പോൾ മഹാത്മാക്കളല്ലാത്തവർക്കും ആത്മകഥയെഴുതാമല്ലോ .ഞാനും എഴുതുന്നുണ്ട് എന്റെ എഫ് ബി വായനക്കാർക്കു വേണ്ടി .അപ്പോൾ എല്ലാം വിശദമായി പറയാം .
ഇപ്പോൾ ആ കടലാസ്സു കുന്നുകൾക്കിടയിൽ ഇണങ്ങിയും പിണങ്ങിയും പ്രണയിച്ചും കലഹിച്ചും ഫലിതം പറഞ്ഞും ശകാരിച്ചും എനിക്കൊപ്പം ജീവിച്ചവരെ ഓർമ്മിക്കുക മാത്രം ചെയ്യട്ടെ




2019 ജൂലൈ 7, ഞായറാഴ്‌ച

May7,2019
സമുദ്ര ശില
---------------------
ഒറ്റയിരിപ്പിനു വായിച്ചു തീർത്ത പുസ്തകങ്ങളിലൊന്നാണിത് .ഉറക്കം വായനയെ തടസ്സപ്പെടുത്തിയെങ്കിലോ എന്നു കരുതി രാത്രിയിലെ ഗുളികകൾ  ഏതാനും മണിക്കൂർ മാറ്റിവെച്ചു .പൈങ്കിളിക്കഥകളും ഡിറ്റക്റ്റീവ് നോവലുകളും മറ്റുമല്ലേ അങ്ങിനെ വായിക്കുന്നത് എന്നു ചോദിക്കുന്നവരോട് 'അല്ല ഞാൻ പല ക്ലാസിക്കുകളും ഒറ്റയരിപ്പിനു വായിച്ചു തീർത്തിട്ടുണ്ട് എന്നാണു പറയാനുള്ളത് ;അന്നാ കരിനീന,മാർത്താണ്ഡവർമ്മ ,ഭ്രാന്താലയം ,ചെമ്മീൻ ,സുന്ദരികളും സുന്ദരന്മാരും , നാലുകെട്ട് ,പ്ലേഗ് ,ട്രയൽ .....അങ്ങിനെ പലതും .ധർമ്മരാജായും,കയറും ,തെരുവിന്റെകഥയും ,അരനാഴിക നേരവും താളവും  കുറ്റവും ശിക്ഷയുമെല്ലാം സമയമെടുത്താണ് വായിച്ചത് .അതിന്റെ പേരിൽ ഇതിൽ ഒരു വിഭാഗത്തിൽ പെട്ട കൃതികൾ മറ്റുവിഭാഗത്തിൽ പെട്ട കൃതികളെക്കാൾ മഹത്തരങ്ങളെന്നു പറയാൻ കഴിയുകയില്ലല്ലോ ..സമുദ്രശിലയെക്കുറിച് ഗൗരവപൂർവ്വമായ ഒരു രണ്ടാം വായനയ്ക്കു ശേഷം അഭിപ്രായം പറയുന്നതായിരിക്കും ഉചിതമെന്നു ഞാൻ വിചാരിക്കുന്നു, യഥാർത്ഥ വ്യക്തികളും സാങ്കല്പിക കഥാപാത്രങ്ങളും വാസ്തവത്തിൽ സംഭവിച്ചവയും ഭാവനാസൃഷ്ടമായവയും  ഭ്രമകല്പനകളും എല്ലാം കൂടിക്കലർന്നു സങ്കീർണമായിത്തീർന്ന രൂപശില്പം വിശദമായ പഠനം ആവശ്യപ്പെടുന്നതു കൊണ്ട്
      ഒരുകാര്യം മാത്രം ഇപ്പോൾ പറയട്ടെ :സ്വന്തം മകന്റെ ഭാര്യയായിത്തീരേണ്ടിവന്ന ഈഡിപ്പസ്സിലെ ജാക്കോസ്റ്റയുടെ ഭാവം കൈക്കൊള്ളുന്നുണ്ട് സമുദ്രശിലയിലെ മുഖ്യകഥാപാത്രം .ഈഡിപ്പസ് നാടകം ശ്രദ്ധിച്ചു വായിച്ചാലറിയാം ജാക്കോസ്റ്റ സത്യം ഈഡിപ്പസ് അറിയുന്നതിന് മുമ്പ് തന്നെ മനസ്സിലാക്കുന്നുണ്ട് ;പക്ഷെ ആ സത്യം ഈഡിപ്പസ് അറിയരുതെന്ന് അവരാഗ്രഹിക്കുന്നു ,അന്വേഷണങ്ങളിൽ നിന്ന് ഈഡിപ്പസ്സിനെ പിന്തിരിപ്പിക്കാൻ അവർ ശ്രമിക്കുന്നു .ആ ശ്രമം പരാജയപ്പെടുമ്പോഴാണ് സത്യം അറിയുന്ന നിമിഷത്തിലല്ല അവർ ആത്മഹത്യ ചെയ്യുന്നത് .ചുരുക്കിപ്പറഞ്ഞാൽ ഈഡിപ്പസ് തുടർന്ന് ജീവിക്കണമെന്ന് അവർ ആഗ്രഹിച്ചു .അതിനുവേണ്ടി സ്വന്തം മകന്റെ ഭാര്യയായി തുടരാൻ അവർക്കു വിസ്സമ്മതം ഉണ്ടായിരുന്നില്ല .എന്തായാലും ജക്കോസ്റ്റയെ ഈ നിലയിൽ ഉൾക്കൊള്ളാൻ മലയാളി മനസ്സ് തയാറായിരുന്നില്ല ഇതുവരെ.എന്നാൽ ഈ യഥാർത്ഥ ജാക്കോസ്റ്റയുടെ ഭാവത്തിലേക്കാണ് സുഭാഷ്‌ചന്ദ്രന്റെ കഥാപാത്രം എത്തിച്ചേരുന്നത് ,ആസ്വാദനത്തിലെ കാപട്യങ്ങളെ വെല്ലുവിളിച്ചുകൊണ്ട് .അഭിനന്ദനങ്ങൾ സുഭാഷ് സർഗ്ഗശക്തിയുടെ അനിവാര്യമായ ധീരതക്ക്



















2019 ജൂൺ 21, വെള്ളിയാഴ്‌ച

20-6-2019

സംഗീതമേ ജീവിതം -----
------------------------------------
  വളരെക്കാലം മുമ്പാണ്, ഞങ്ങൾ കുറച്ചു സുഹൃത്തുക്കൾ ഒരു വൈ കുന്നേരം മ്യുസിയം പാർക്കിൽ റേഡിയോയിലെ ചലച്ചിത്രഗാനങ്ങൾ കേൾക്കുകയായിരുന്നു .'കായാമ്പൂവിനും ' 'പൂർണേന്ദുമുഖിക്കും''പൊട്ടാത്ത പൊന്നിൻ കിനാവിനും 'മറ്റും ശേഷം പഴയ ഒരു പാട്ടിന്റെ അനൗൺസ്‌മെന്റ് വന്നു .അതു കേട്ടപ്പോൾ ഞങ്ങളുടെ സമീപത്തിരുന്നു   പാട്ടു കേൾക്കുകയായിരുന്ന അപരിചിതനായ മദ്ധ്യവയസ്കൻ --ഞങ്ങൾ ഇരുപത്തഞ്ചിൽ താഴെയുള്ളവരായിരുന്നു ---പോകാൻ എഴുനേറ്റു .എന്റെ സുഹൃത്ത് രാജന് സഹിച്ചില്ല .അയാൾ ആ അപരിചിതനോടു ഗൗരവത്തിൽ പറഞ്ഞു" സാറിന് അടുത്ത ജന്മത്തിൽ പോലും കലാബോധമെന്ന ഒന്ന് ഉണ്ടാവുകയില്ല" എന്ന് .മദ്ധ്യവയസ്കൻ മാന്യനായതു കൊണ്ട് മറുപടി ചിരിയിൽ ഒതുക്കി തന്റെ വഴിക്കു പോയി .പെരുമാറ്റം മോശമായി എന്നു പറഞ്ഞ ഞങ്ങളോട് രാജൻ പറഞ്ഞത് "പാട്ടു കേൾക്കാൻ വന്ന ഒരാൾ ഈ പാട്ടു കേൾക്കാൻ അവസരമുണ്ടായിട്ടും  അതുപേക്ഷിച്ചു പോയാൽ പ്രതിഷേധിക്കുക തന്നെ വേണ"മെന്നാണ് .."ഇതു പോലൊരു പാട്ടുണ്ടോ "രാജൻ ചോദിച്ചു .
    ഏതാണ് ആ പാട്ട് എന്നല്ലേ ;ഹരിശ്ചന്ദ്ര എന്ന ചിത്രത്തിൽ കമുകറ പുരുഷോത്തമൻ  പാടിയ ആത്മ വിദ്യാലയമേ ..രചന തിരുനയിനാർകുറിച്ചി ,സംഗീതം ബ്രദർ ലക്ഷ്മണൻ ആകാശവാണിയിൽ  അപ്പോൾ കേട്ട സ്ത്രീശബ്ദത്തിലെ അനൗൺസ്‌മെന്റ് പോലും ഞാൻ ഇപ്പോഴും ഓർക്കുന്നു .രാജൻ പറഞ്ഞത് ശരിയാണ് .അതു പോലെ വളരെ കുറച്ചു പാട്ടുകളേ മലയാളത്തിലുണ്ടായിട്ടുള്ളു .ഇന്നും ,ആറരപതിറ്റാണ്ടിനു ശേഷവും ആ പാട്ട് നമ്മുടെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നായി നിത്യനൂതനമായി   നിലനിൽക്കുന്നു .
   ഏഷ്യാനെറ്റ്ന്യൂസിലെ 'ഡാനിയേലിന്റെ മക്കൾ'എന്ന സീരിസിൽ ഇന്നത്തെ എപ്പിസോഡ് കാമുകറയെക്കുറിച്ചായിരുന്നു .ആത്‌മവിദ്യാലയം മാത്രമല്ല പാടിയ പാട്ടുകൾ ഏതാണ്ടെല്ലാം തന്നെ കാലാതിവർത്തികളാക്കാൻ കഴിഞ്ഞ മഹാപ്രതിഭയാണ് കമുകറ .പാടാനേറെ പ്രയാസമുള്ള 'ഏകാന്തതയുടെ അപാരതീരം 'അതിന്റെ ഭാവഗാംഭീര്യമോ പ്രൗഢിയോ ഒട്ടും ചോർന്നു പോകാതെ അദ്ദേഹം പാടിയത് കേട്ടപ്പോൾ മറ്റാർക്കും അതിനു കഴിയുമായിരുന്നില്ല എന്ന് തോന്നിയതിൽ അദ്‌ഭുതത്തിനവകാശമില്ല .
   ക്‌ളാസിക്കൽ ടച്ചുള്ള ഗാനങ്ങൾ മാത്രമല്ല കമുകറ പാടിയിട്ടുള്ളത് .സംഗീതമേ ജീവിതം ,മിണ്ടാത്തതെന്താണ് തത്തേ എന്നിങ്ങനെയുള്ള മധുരമുള്ള പ്രണയ ഗാനങ്ങൾ എന്നും ഓർത്തിരിക്കാനായി അദ്ദേഹം മലയാളിക്കു സമ്മാനിച്ചിട്ടുണ്ട് .'തുമ്പപ്പൂ പെയ്യണ പൂനിലാവ് 'ഒരുകാര്യം വ്യക്തമാക്കുന്നു .കാർഷികരംഗത്തെ നാടൻ പാട്ടുകളുടെ ശൈലി ഏതെങ്കിലും ഒരു കലാസമിതിയുടെ കുത്തകയല്ല .ആ ജനുസ്സിൽപ്പെട്ട ഏറ്റവും ശ്രദ്ധേയമായ   ഗാനങ്ങളിൽ ഒന്നാണല്ലോ അത് .
    അധികം ശ്രദ്ധിക്കപ്പെടാതെ  പോവുന്ന മറ്റൊരുകാര്യം കമുകറ ഹാസ്യഗാനങ്ങളും നന്നായി പാടുമായിരുന്നു എന്നുള്ളതാണ് .പ്രശസ്തമായ ഒരുദാഹരണം :'അന്തപ്പന് നിധികിട്ടുന്നതിനെക്കുറിച്ചുള്ള മൈനത്തരുവിയിലെ ,അടൂർഭാസി അവതരിപ്പിക്കുന്ന ഗാനം .
      തന്റെ യുവത്വത്തിൽ തന്നെ കമുകറ പിന്നണിഗാനആലാപനം മതിയാക്കി .വ്യക്തിപരമായ അസൗകര്യങ്ങൾ കൊണ്ടാവാം .സിനിമയല്ലേ  വേറെ കാരണങ്ങളുമുണ്ടാവാം .അതിനെക്കുറിച്ചാലോചിട്ട് ഇപ്പോൾ കാര്യമൊന്നുമില്ല .65 ആം വയസ്സിൽ അദ്ദേഹം വിടപറയുകയും ചെയ്തു .പാടിയ  പാട്ടുകൾ കൊണ്ട് പിൻതലമുറകളെ നമ്രശിരസ്കരയാക്കിയ മഹാകായകന് ആദരവ് സ്നേഹം .ഏഷ്യാനെറ്റ് ന്യൂസിന് നന്ദിയും