2016, സെപ്റ്റംബർ 7, ബുധനാഴ്‌ച

അജ്ഞാത ഗായകാ അരികിൽ വരൂ ----
-------------------------------------------------------
അൻപതുകളിലെയും അറുപതുകളിലെയും മലയാള സിനിമയിൽ മുഖ്യ ഉപനായിക മാരിൽ പ്രധാനി ആയിരുന്നു ശാന്തി .നീലാ(മെരി ലാന്റ് )ചിത്രങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു അവർ .നായികയായി അവയിൽ മിക്കതിലും മിസ് കുമാരിയായിരുന്നു അഭിനയിച്ചിരുന്നത് .ശാന്തിയുടെ ആദ്യ ചിത്രം തന്നെ കുമാരിക്കൊപ്പം  ഏതാണ്ട് തുല്യ പ്രാധാന്യമുള്ള ഒരു റോൾ ചെയ്തു കൊണ്ടായിരുന്നു ;പാടാത്ത പൈങ്കിളിയിലെ ലൂസി. അഭിനയത്തിലും അവർ കുമാരിക്കൊപ്പം നിന്നു ..അൾത്താരയിൽ ഷീല അഭിനയിച്ച നായികയുടെ അനിയത്തിയുടെ വേഷമായിരുന്നു ശാന്തിക്ക് .താൻ സ്നേഹിക്കുന്ന ആളിന്റെ പ്രണയം തനിക്കു വളരെ വേണ്ടപ്പെട്ട മറ്റൊരാളിലേക്കൊഴുകുന്നതു നിസ്സഹായയായി കണ്ടു നിൽക്കേണ്ടി വരുന്ന ഒരുവൾ തന്നെ ഇവിടെയും.ശാന്തി ഷീലക്കു താഴെയായിരുന്നില്ല  ഈ ചിത്രത്തിൽ .
     എന്തു കൊണ്ടാണ് അവർ മെരിലാന്റിന്റെ നാല് ചുമരുകൾക്കുള്ളിൽ തന്നെ നിന്ന് കളഞ്ഞത് .അഭിനയ സാദ്ധ്യതയുള്ള ഒരു പാട് കഥാ പാത്രങ്ങൾ അത് മൂലം നഷ്ടപ്പെട്ടില്ലേ  അവർക്കു മാത്രമല്ല മലയാള സിനിമക്കും ? മലയാള സിനിമാസ്വാദകൻ അന്ന് ചോദിക്കാറുണ്ടായിരുന്ന ചോദ്യങ്ങൾക്ക് ശാന്തി ഇപ്പോൾ മറുപാടി പറയുന്നു ഏഷ്യാനെറ് ന്യുസിന്റെ ഞാൻ ഇവിടെയുണ്ട് എന്ന പരിപാടിയിലൂടെ  :ജോലി സ്ഥിരതയായിരുന്നുവത്രെ പ്രധാനം ..സ്വന്തം തൊഴിലിന്റെ കാര്യത്തിൽ ഇത്തരം തെരഞ്ഞെടുപ്പുകൾ ഓരോ വ്യക്തിയുടെയും തീരുമാനമാണ് .മറിച്ചായിരുന്നെങ്കിൽ എന്നാലോചിക്കുക ആസ്വാദകന്റെ സ്വാതന്ത്ര്യവും .
 
    അജ്ഞാത ഗായകാ അരികിൽ വരൂ ,അരികിൽ വരൂ എന്ന് പാടിക്കൊണ്ട് കാല്പനിക നായികയായി അവർ അഭിനയിച്ച ഒരു നീലാ ചിത്രമാണ് ഹോട്ടൽ ഹൈ റേഞ്ച്  .അവസാനം അവർ ഒരു സി ഐ ഡി ഓഫീസർ ആണെന്ന് വെളിപ്പെടുന്നു ..അജ്ഞാത ഗായക കൂടാതെ ഗംഗാ യമുനാ സംഗമ സമതല ഭൂമി എന്ന വിശ്രുത കമുകറ ഗാനവും ആ ചിത്രത്തിലേതാണെന്നു തോന്നുന്നു ..
  ആദ്ധ്യാപികയിൽ പദ്മിനിക്കൊപ്പവും അവർ അഭിനയിച്ചിരുന്നു .
തുടർന്നും ഏതാനും ചിത്രങ്ങളിൽ അവർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് .എന്തായാലും എഴുപതുകളുടെ മദ്ധ്യത്തോടെ അവർ മലയാള ചലച്ചിത്ര രംഗത്ത് നിന്ന് തീർത്തും അപ്രത്യക്ഷയായി .
     "ഞാൻ ഇവിടെയുണ്ട് 'എന്ന പരിപാടിയിൽ ഇന്നലെ ശാന്തിയെക്കണ്ടപ്പോളാണ് ഞാനിതൊക്കെ ഓർത്തു പോയത് .സൗമ്യവും സുന്ദരവുമായ അവരുടെ മുഖവും പ്രസാദാത്മകത്വം തുളുമ്പുന്ന സംഭാഷണ ശൈലിയും ഭാവ പ്രകാശന ത്തിലുള്ള അനായാസതയും അവരെ അന്നത്തെ ഞങ്ങളുടെ ഇഷ്ട നടിമാരിലൊരാളാക്കിയിരുന്നു . നല്ലൊരു നർത്തകി കൂടി  ആയിരുന്നു അവർ
   ഒരു കാലത്തെ ചൈതന്യ ഭാസുരമാക്കിയ വ്യക്തികളെ പുതിയ തലമുറയ്ക്ക് പരിചയ പ്പെടുത്തി കൊടുക്കുന്ന ഏഷ്യാ നെറ്റി ന്റെ ഈ സംരംഭം അഭിനന്ദനം അർഹിക്കുന്നു .നന്ദി പറയുന്നതിനൊപ്പം ഒരു കാര്യം ചുണ്ടി കാണിക്കട്ടെ .ആദ്യ ദുർ ഘടങ്ങൾ  നീക്കം ചെയ്ത്  .മലയാള സിനിമയുടെ  പാത ഒരുക്കിയ  പ്രമുഖരിൽ ഒരാളിന്റെ പേര് പി സുബ്രമണ്യം എന്നാണ്‌ .എ പേരിലാണ് അദ്ദേഹം അന്നും ഇന്നും അറിയപ്പെടുന്നത് ..   പി സുബ്രമണ്യൻ എന്നു പല തവണ പറഞ്ഞു കേട്ടു .അശ്രദ്ധ കൊണ്ടുണ്ടാവുന്ന ഇത്തരം അപശബ്ദങ്ങൾ ഒഴിവാക്കുക തന്നെ വേണം
             - .
     





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ