2018, ഡിസംബർ 20, വ്യാഴാഴ്‌ച

പുരുഷ ഗൃഹത്തിന്റെ മതിൽ
---------------------------------------------------
 ചരിത്രാതീത കാലത്ത് മെലനേഷ്യയിൽ നിലനിന്നിരുന്ന 'പുരുഷഗൃ ഹങ്ങളെ'ക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് രണ്ടാം തരംഗ ഫെമിനിസത്തിന്റെ നായികയും താത്വികാചാര്യയുമായിരുന്ന കേറ്റ് മില്ലെറ്റ് പറയുന്നു ഇപ്പോഴും ,അവരുടെ പ്രശസ്ത ഗ്രന്ഥം sexual politics രചിക്കപ്പെട്ട  തൊള്ളായിരത്തി അറുപതുകളിലും പുരുഷഗൃഹങ്ങൾ സർവ്വസാധാരണമാണെന്ന് :മന്ത്രിസഭകൾ ,സെനറ്റുകൾ ,പ്രതിനിധിസഭകൾ അങ്ങിനെ അങ്ങിനെ അധികാരപ്രയോഗത്തിനു പ്രാപ്തിയുള്ള എല്ലാ സമിതികളും അന്നും ഇന്നും പുരുഷഗൃഹങ്ങളാണ് .അറുപതുകളിലെ അമേരിക്കയിൽ മാത്രമല്ല ഇന്നത്തെ ഇന്ത്യയിലും ഈ പുരുഷഗൃഹ സംസ്കാരം നിലനിൽക്കുന്നു .കേന്ദ്ര കമ്മറ്റികൾ ,പോളിറ്റ് ബ്യുറോകൾ ,മന്ത്രിസഭകൾ ,സമുദായനേതൃ സമിതികൾ …….എല്ലാം  പുരുഷഗൃഹങ്ങൾ തന്നെ .മാന്യമായ ഒരപവാദമുള്ളത് ,ഒരു മതേതര പുരോഗമന വാദി പറഞ്ഞു കൂടാത്തതാണെങ്കിലും ,കേന്ദ്ര മന്ത്രി സഭയാണ് .
      വനിതാമതിൽ എന്ന തീരുമാനമെടുത്ത സമിതി ഒരു സമ്പൂർണ്ണ പുരുഷഗൃ ഹമായിരുന്നു .ആർത്തവാശുദ്ധി എന്ന ആശയം സ്ത്രീവർഗ്ഗത്തെ അടിമത്തത്തിൽ നിലനിർത്താൻ പാട്രിയാർക്കൽ സമൂഹം ഉപയുക്തമാക്കിയ പ്രധാന ഉപകരണങ്ങളിലൊന്നാണ് .അതു കൊണ്ടു തന്നെ സ്ത്രീവർഗ്ഗം മാത്രമല്ല സമൂഹം ഒന്നാകെ ഈ ആശയത്തിൽ നിന്ന് മോചനം നേടേണ്ടതുണ്ട് .അതിനു വേണ്ടി കേരളത്തിലെ സ്ത്രീകൾ സംസ്ഥാനത്തിന്റെ ഒരറ്റം മുതൽ മേറ്റ് അറ്റം വരെ അണിചേരുന്നത് ആവേശകരമായ ഒരു കാര്യം തന്നെയാണ് .പക്ഷെ അത്തരം ഒരു മഹാകാര്യം തീരുമാനിക്കപ്പെട്ടത് ഒരു സ്ത്രീയുടെ പോലും സാന്നിദ്ധ്യമില്ലാതെയാണെന്നത് നിർഭാഗ്യകരമാണ് .
    ആദ്യം പുരുഷഗൃഹ സംസ്കാരത്തിൽ നിന്ന് മോചനം നേടുകയാണ് വേണ്ടത്.അതിനു വേണ്ടി കക്ഷി രാഷ്ട്രീയ ,ജാതിമത,ഭേദമില്ലാതെ സ്ത്രീകൾ അണി നിരക്കട്ടെ .അഥവാ വനിതാമതിലിന്റെ മുഖ്യ സന്ദേശം അതാവട്ടെ 

2018, ഡിസംബർ 17, തിങ്കളാഴ്‌ച

16-12-2018
ഞാൻ ഒടിയൻ കാണാൻ തീരുമാനിച്ചു .തിരക്കൊഴിയാൻ കാത്തു നിൽക്കുന്നില്ല .ദുരുദ്ദേശപ്രേരിതമായ ,ദുരുപദിഷ്ടമായ ,എല്ലാ വിഭാഗീയ മാനങ്ങളുമുള്ള ഒരു പ്രചാരണം ആ സിനിമയ്‌ക്കെതിരെ നടക്കുന്നു എന്നതു കൊണ്ട്  പണം കൊടുത്തു ടിക്കറ്റെടുത്തു തന്നെ ആ സിനിമ കാണേണ്ടതുണ്ട് .
   റിലീസ് ചെയ്ത ദിവസം രാവിലെ മുതൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി .വിശ്വസനീയതയുള്ള ,എന്നു ഞാൻ വിശ്വസിച്ചിരുന്ന ഒരു സുഹൃത്തിന്റെയായിരുന്നു അതിലൊന്ന് .താൻ ഒടിയൻ കണ്ടുവെന്നും ഒന്നാം പകുതിയും രണ്ടാം പകുതിയും മോശമാണെങ്കിലും ഇന്റർവെല്ലിനു കഴിച്ച പോപ്കോൺ നന്നായിരുന്നുവത്രേ .അദ്ദേഹത്തിന്റെ നർമ്മ ബോധത്തെക്കുറിച്ച് എനിക്കു മതിപ്പു തോന്നി .പക്ഷേ കൂടുതൽ പോസ്റ്റുകൾ വായിച്ചപ്പോൾ എനിക്കു മനസ്സിലായി ഇതൊരു വിപരീതാഖ്യാനത്തിന്റെ ഭാഗമാണെന്ന് .ഇന്റെർവെല്ലിനു കഴിച്ച പോപ്കോൺ ,പഫ്സ് ,കല്ലുമ്മേക്കായ്  ,കാവാബ്‌ ,മാങ്ങാത്തൊലി ഒലക്കേടെ മൂഡ് എല്ലാം നന്നായിരുന്നു ,പടം മോശവും .മിക്കവരും പടം കണ്ടവരല്ല .അതു തുറന്നു പറയാനുള്ള ഉളുപ്പില്ലാത്ത സത്യസന്ധത ചിലരെങ്കിലും കാണിക്കുകയും ചെയ്തു .ഈ ക്യാംപയിനിന്റെ പിന്നിലുള്ള ചേതോവികാരം എന്തുമാകട്ടെ അതിനെ നേരിടാൻ ഒരു കലാസ്നേഹിക്ക് ബാദ്ധ്യതയുണ്ട് .അതിനുള്ള മാർഗം പടം കണ്ട സത്യസന്ധമായി അഭിപ്രായം രേഖപ്പെടുത്തുക എന്നതാണ് .
   സത്യസന്ധതയും ആത്മാർത്ഥതയും ഉള്ളവരെന്നു കരുതിയിരുന്നവരിൽ ചിലരെങ്കിലും അതിനനുസരിച്ച് പെരുമാറുന്നില്ല എന്നു മനസ്സിലാവുമ്പോൾ തോന്നുന്ന അസ്വാരസ്യം ബാക്കിയാവുന്നു .