2019, ഒക്‌ടോബർ 18, വെള്ളിയാഴ്‌ച

18-10 2019ഒരു അമേരിക്കൻ (അസന്നിഹിത )ഓണം
----------------------------------------------------------------------
ഒരു അമേരിക്കൻ നഗരപ്രാന്തത്തിലെ ഓണാഘോഷങ്ങളിൽ ഇത്തവണ ഞാൻ പങ്കെടുത്തു ഇൻ അബ്സെൻഷ്യ  ആയി .സംഭവം ഇങ്ങിനെ .പെൻസിൽവേനിയയിലെ ഡെലവെയർ പ്രദേശത്തെ മലയാളി അസോസിയേഷൻ അവരുടെ ഓണാഘോഷ പരിപാടികളുടെ മലയാള സിനിമാഗാനങ്ങൾ അവതരിപ്പിക്കാൻ തീരുമാനിക്കുന്നു .പാടുന്നത് അവരുടെ അംഗങ്ങൾ തന്നെ .സിനിമാ ഗാനങ്ങളാവുമ്പോൾ തുടക്കത്തിലും പാട്ടുകൾക്കിടയിലും 'അനൗൺസ്‌മെന്റ് 'വേണമല്ലോ .അതൊന്നെഴുതിക്കൊടുക്കാമോ ?ചോദിക്കുന്നത് മകളും മരുമകനുമാണ് .പാട്ടുകൾ അവതരിപ്പിച്ചു കൊണ്ടുള്ള അനൗൺസ്‌മെന്റ് സാഹിത്യം ",,,നിളയുടെ കുഞ്ഞോളങ്ങളെ തഴുകിയുണർത്തി താരാട്ടു പാടുന്ന ......'എന്നൊക്കെയുള്ളത്  ഞാൻ മുമ്പെഴുതിയിട്ടുള്ളതല്ല .തീരെ വശവുമില്ല.പക്ഷേ പിള്ളേർ വിടുന്ന മട്ടില്ല .ഞാൻ കുട്ടികളോട് നോ പറയാറുമില്ല .അങ്ങിനെ ഞാൻ സമ്മതിച്ചു .അവർ അയച്ചു തന്ന പാട്ടുകൾ കേട്ട് ഒറ്റയിരിപ്പിന് അന്തം വിട്ടിരുന്നെഴുതി  .

      'നാടൻ പാട്ടുകളും തിരുവാതിരപ്പാട്ടുകളും പള്ളിപ്പാട്ടുകളും മാപ്പിള പാട്ടുകളും വടക്കൻ പാട്ടുകളും തെക്കൻ പാട്ടുകളും ഓണപ്പാട്ടുകളും കഥകളിസംഗീതവും കർണാടക സംഗീതവും ........മലയാളി എന്നും സംഗീതം ആസ്വദിച്ചിരുന്നു .പിന്നീട് ഈണത്തിൽ മുഴങ്ങിയ മുദ്രാവാക്യങ്ങൾ .അപ്പോഴാണ് ആസ്വാദനത്തിൽ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് സിനിമയുടെ വരവ് .സിനിമ ജീവിതത്തെ നാടകീയമായി ദൃശ്യവൽക്കരിക്കുക മാത്രമല്ല ചെയ്തത് .പാട്ടുകളും കൊണ്ടു വന്നു .ആനത്തലയോളം വെണ്ണക്കു വാ തുറക്കുന്ന ആനന്ദ ശ്രീകൃഷ്ണൻ ,എല്ലാം എരിഞ്ഞടങ്ങുന്ന ആത്മവിദ്യാലയം .....മലയാളി പാട്ടുകൾ മാത്രമല്ല പുതിയൊരു ഗാനാലാപന ശൈലിയും സ്വായത്തമാക്കി .അറുപതുകളുടെ മദ്ധ്യത്തോടെ പുതിയ ഗായകർ വന്നു .ഗാനഗന്ധർവനും ഭാവഗായകനും നിരവധി ഗായികമാരും .നമ്മുടെ സായാഹ്നങ്ങൾ സംഗീത സാന്ദ്രമായി വേണു ആലപ്പുഴ നിരീക്ഷിച്ചതുപോലെ "എഴുതപ്പെടാത്ത പ്രേമലേഖനങ്ങളെല്ലാം യേശുദാസും ജയചന്ദ്രനുമായി പടർന്നൊഴുകി "പ്രാണ സഖി പാമരനായ പാട്ടു കാരനെ കാത്തുനിന്നു കരിമുകിൽകാടുകളിൽ കനകാംബരങ്ങൾ വിടർന്നു കൊഴിഞ്ഞു .അഞ്ജനക്കണ്ണെഴുതി ആലില താലി ചാർത്തിയ കന്യക അറപ്പുരവാതിലിൽ കാമുകനെ പ്രതീക്ഷിച്ചു നിന്നു ,ഉജ്ജയിനിയിലെ ഗായിക താൻ നിർമ്മിച്ച കവിപ്രതിമക്കു മുൻപിൽ നൃത്തം ചെയ്തു ......

ആ ഗാന സപര്യ തുടരുന്നു ....

വിജന സുരഭീ വാടിയിൽ .......അകലങ്ങളിലെ വിജനമായ സുരഭീവാടിയിൽ തേൻ നുകരാൻ പോയ ഹൃദയ നാഥനെ ശൃങ്ഗാര ലോലയായി തിരികെ വിളിക്കുന്ന ഏകാന്ത സൗഗന്ധികത്തിന്റെ ഗാനം ........രമ്യാ നമ്പീശൻ പാടിയ ഗാനം

പൂക്കൾ പനിനീർപ്പൂക്കൾ

ഈ വഴിയേ തനിയെ വന്നവരാണ് കാമുകിയും കാമുകനും .അപ്പോഴാണ് ഒരാൾ ചോദിക്കുന്നത് നീ കാണുന്നുണ്ടോ ....നമ്മൾ ഇനി ഒരുമിച്ചു നടക്കേണ്ടവരാണ് .നീ കാണുന്നുണ്ടോ പൂക്കൾ ,പനിനീർപ്പൂക്കൾ ....ഗാനഗന്ധർവനും വാണീജയറാമും കാമുകനും കാമുകിക്കും ശബ്ദം നൽകിയ ഗാനം .ചിത്രം പ്രേമം .

തെളിമാനം

തെളിഞ്ഞ ആകാശത്ത് മഴവില്ലുദിക്കുമ്പോൾ .......കാമുകന്റെ സങ്കല്പ സഞ്ചാരങ്ങൾക്ക് നിയമങ്ങൾ ബാധകമല്ലല്ലോ ....തെളിമാനം മഴവില്ലിൽ ...

പാടിയ പൊൻവീണേ
ഉള്ളിൽ വാർന്ന മോണത്തിനു നാദം നൽകാൻ ജന്മങ്ങൾ പുൽകിയ പൊൻവീണയോടപേക്ഷിക്കുകയാണ് നായകൻ ..പാടിയ പൊൻവീണേ

ദൂരെ കിഴക്കു ദിക്കിൽ
മലയാള സിനിമയുടെ ചരിത്രം തിരുത്തി പ്രധാന കേന്ദ്രങ്ങളിൽ ഒരു വര്ഷം തികച്ചോടിയ ആ ചിത്രം -'ചിത്രം '..ചിത്രത്തിന്റെ വിജയത്തിൽ ലാലിന്റെ അഭിനയത്തിനും പ്രിയന്റെ സംവിധാന മികവിനുമുള്ള പങ്ക് അതിലെ പാട്ടുകൾക്കും ഉണ്ട് .ചിത്രത്തെ അവിസ്മരണീയമാക്കുന്ന ഗാനങ്ങളിലൊന്ന് കേൾക്കു .ദൂരെ കിഴക്കു ദിക്കിൽ ...

പെണ്ണാളേ പെണ്ണാളേ
കടലും കടലോരവും മാത്രമല്ല അവിടെയുള്ള മനുഷ്യരുടെ പുരാതന വിശ്വാസങ്ങളും കൂടിയാണ് ചെമ്മീൻ എന്ന നോവലിനെയും ചെമ്മീൻ എന്ന സിനിമയെയും അനശ്വരമാക്കുന്നത് .കരയുടെ വിശുദ്ധി കടപ്പുറത്തിന്റെ മകൾ കാത്തു സൂക്ഷിക്കുന്നതു കൊണ്ടാണ് കടൽ കരയെ വിഴുങ്ങാത്തതും അമ്മയെപ്പോലെ എല്ലാം നൽകി അനുഗ്രഹിക്കുന്നതും ആ വിശുദ്ധിയെക്കുറിച്ചുള്ള ചിരപുരാതന ഗാനം പുതിയ രൂപം പൂണ്ട് നമ്മളിലേക്കൊഴുകിയെത്തി ...പെണ്ണാളേ ,പെണ്ണാളേ ,കരിമീൻ കണ്ണാളേ

പൂങ്കാറ്റേ പോയി
ഉള്ളിലുള്ള മോഹമെല്ലാം കമിതാവിനെ അറിയിക്കാൻ ഒരു കാമുകനോ കാമുകിക്കോ പൂങ്കാറ്റിനേക്കാൾ നല്ല ഒരു സന്ദേശവാഹകനുണ്ടോ .മുക്കുറ്റി ചാന്തു കൊണ്ട് കുറിവരച്ച് കല്യാണപ്പെണ്ണ് കാത്തിരിക്കുകയാണ് ...പൂങ്കാറ്റെ പോയി ...

അനൗൺസ്‌മെന്റ് നടത്തിയ സജി ഇതെങ്ങി നെ തന്നെ അവതരിപ്പിക്കുകയും  കേഴ്വിക്കാർ  സ്വീകരിക്കുകയും ചെയ്തുവത്രേ .ഡോ മോഹനന്റെ ശ്വശുരനും എഴുത്തുകാരനുമായ കുറുപ്പാണ് സാഹിത്യത്തിന്റെ നിർമ്മാതാവെന്ന് അനൗൺസ് ചെയ്യുക കൂടി ചെയ്തു അദ്ദേഹം .അങ്ങിനെയാണ് ഞാൻ അസാന്നിധ്യത്തിലും സന്നിഹിതനായത് ആ ആഘോഷത്തിൽ.
   നല്ല വാക്കുകൾക്ക് മനസ്സു നിറഞ്ഞ നന്ദി സുഹൃത്തേ .താമസിയാതെ വരുന്നുണ്ട് .അപ്പോൾ തീർച്ചയായും കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു .ദൈവം അനുഗ്രഹിക്കട്ടെ











അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ