2019, നവംബർ 12, ചൊവ്വാഴ്ച

12-11-2019
--------------
                     വിക്രമനെ കുറിച്ച്
                     ------------------------------
നമ്പൂഴിൽ ഭാസ്കരൻപിള്ള ത്രിവിക്രമൻപിള്ള എന്ന എൻ ബി ത്രിവിക്രമൻപിള്ള സ്കൂൾ  വിദ്യാർത്ഥിയായിരുന്ന കാലത്തു തന്നെ തന്റെ പൊതു ജീവിതം ആരംഭിച്ചു .വിമോചന സമരത്തോട് അനുഭാവം പുലർത്തിയിരുന്നു അന്ന് പതിനഞ്ചു കാരനായിരുന്ന വിക്രമൻ .തുടർന്ന് കൊല്ലം എസ എൻ കോളേജിൽ കെ എസ്  യു പ്രവർത്തകനായി .മലയാള സാഹിത്യത്തിൽ ബിരുദം നേടിയ അദ്ദേഹം കുറച്ചുകാലം അദ്ധ്യാപകനായി ജോലി നോക്കിയ ശേഷമാണ് ഏ ജീസ് ഓഫീസിൽ ഓഡിറ്റർ തസ്തികയിൽ ജോലിയിൽ പ്രവേശിച്ചത് ,1967 ഇൽ . ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെപ്രഗദ്ഭനായ ഒരു ഓഡിറ്റർ എന്നുപേരെടുത്ത അദ്ദേഹം ഏ ജിസ് ഓഫീസ് എൻ ജി   ഓ അസോസിയേഷന്റെ സജീവ പ്രവർത്തകനായി .കൂട്ടത്തിൽ യൂണിവേഴ്സിറ്റിയിൽ ഈവെനിംഗ് കോഴ്‌സിൽ ചേർന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ എം എ ബിരുദവും നേടി .ആവശ്യാധിഷ്ഠിത മിനിമം വേതനത്തിനു വേണ്ടിയുള്ള കേന്ദ്ര ജീവനക്കാരുടെ 1968 സെപ്തംബര് 19 ലെ സൂചനാ പണിമുടക്കിൽ പങ്കെടുത്തതിന്റെ പേരിൽ സെർവിസിൽ നിന്നും പിരിച്ചുവിടപ്പെട്ടു .69 ഇൽ തിരികെ നിയമനം ലഭിച്ച അദ്ദേഹം സംഘടനയുടെ സജീവ പ്രവർത്തകനായി തുടർന്നു .1970 ഇൽ സംഘടനയുടെ പ്രസിഡന്റും 71 ഇത് ജനറൽ സെക്രട്ടറിയുമായി .1972 ഏപ്രിൽ 22 നു ഇന്ത്യൻ പ്രസിഡന്റ് ത്രിവിക്രമൻപിള്ളയെ ഭരണഘടനയുടെ 311 -2 (സി )വകുപ്പുപയോഗിച്ച് അന്വേഷണമോ കാരണം കാണിക്കൽ നോട്ടീസോ കൂടാതെ സർവീസിൽ നിന്നും ഡിസ്മിസ് ചെയ്തു .അങ്ങിനെ ഡിസ്മിസ് ചെയ്യപ്പെടുന്ന ആദ്യത്തെ സിവിലിയൻ ജീവനക്കാരനാണ് വിക്രമൻ .ഏതാണ്ട് അര  നൂറ്റാണ്ടിനു ശേഷം ഇന്ന് കേന്ദ്ര ജീവനക്കാർ മാന്യമായ ശമ്പളം വാങ്ങുന്ന അവസ്ഥ സംജാതമായിട്ടുണ്ട് .അതിനു വേണ്ടിയുള്ള സമരത്തിൽ ഏറ്റവും കടുത്ത ശിക്ഷ ഏറ്റുവാങ്ങിയത് വിക്രമനാണ് എന്നത് സ്മരണീയമാണ് .
    അതേവരെ  പ്രകടമായ രാഷ്ട്രീയചായ്‌വ് വിക്രമനുണ്ടായിരുന്നില്ല .ഡിസ്മിസ്സലിനു ശേഷവും സംഘടനാ സെക്രട്ടറിയായി തുടർന്ന വിക്രമൻ സ്വാഭാവികമായും ഇടതു പക്ഷ രാഷ്ട്രീയത്തിലേക്ക് ആകർഷിക്കപ്പെട്ടു .1973 -74 കാലഘട്ടത്തിൽ അദ്ദേഹം സി പി എം അംഗമാവുകയും ആ പാർട്ടിയുടെ നേതൃത്വത്തിലുള്ള ട്രാൻസ്‌പോർട് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ആയി സ്ഥാനമേൽക്കുകയും ചെയ്തു .സ്തുത്യർഹമായ സേവനമാണ് ആ സ്ഥാനത്തിരുന്ന് അദ്ദേഹം ചെയ്തത് .കേരളത്തിലെ ഏറ്റവും പ്രഗദ്ഭരായ രാഷ്ട്രീയ പ്രഭാഷകരിലൊരാളായി അദ്ദേഹം അംഗീകരിക്കപ്പെട്ടു .
    അടിയന്തിരാവസ്ഥക്ക് തൊട്ടുമുമ്പുള്ള ഈ കാലത്താണ് വിക്രമന്റെ ആദ്യനാടകം 'സൗപ്തികം 'രംഗത്തെത്തുന്നത് . ആ നാടകത്തിലൂടെയാണ് സാക്ഷാൽ ബേബിക്കുട്ടൻ അഭിനേതാവായി രംഗത്തെത്തുന്നത് .തുടർന്ന് അടിയന്തിരാവസ്ഥയുടെ യഥാർത്ഥ ചിത്രം വെളിപ്പെടുത്തുന്ന 'മഹാറാണി ',വിപ്ലവകാരികളായിരുന്ന മുൻ നേതാക്കന്മാരുടെ അപചയത്തെ തുറന്നു കാട്ടുന്ന 'ജീനിയസ് ' എന്നിങ്ങനെ കുറെ അധികം നാടകങ്ങൾ .മലയാള പ്രൊഫഷണൽ നാടകവേദിയുടെ സ്ഥിരം ശൈലിയിൽ നിന്ന് വേറിട്ട രചനാ -അവതരണ ശൈലി ഈ നാടകങ്ങളെ ഏറെ ജനപ്രിയങ്ങളാക്കി .മലയാളത്തിൽ 'പുതുനാടകം 'അരങ്ങിലെത്തുന്നതിനു മുമ്പുതന്നെ 'മൃത്യുപുരാണം 'എന്ന ആധുനിക നാടകമെഴുതി അതിനെ ഒരു വാണിജ്യ വിജയമാക്കി മാറ്റാൻ വിക്രമന് കഴിഞ്ഞു .
    ഇതിനിടയിൽ രാഷ്ട്രീയ രംഗത്തു മാറ്റങ്ങളുണ്ടായി .വിക്രമനും പാർട്ടിയും വഴി പിരിഞ്ഞു .അദ്ദേഹം പാർട്ടി അംഗത്വവും ട്രാൻസ്‌പോർട് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സ്ഥാനവും ഒഴിഞ്ഞു .മുണ്ടക്കയത്തെ മലയടിവാരത്തിൽ ഒരു ചെറിയ വീട്ടിലെ അജ്ഞാത വാസമാണ് കാലം അദ്ദേഹത്തിനു വിധിച്ചത് .2003 ഡിസംബർ 30 ന് ഷഷ്ടി പൂർത്തിക്ക് തൊട്ടു മുമ്പ് അദ്ദേഹം ഈ ലോകം വിട്ടു .അധികം ആരും അറിയാതെ. വാഴ്ത്തൂ പാട്ടുകളില്ലാതെ .
             കഴിവുറ്റ സംഘാടകൻ ,അനുയായികളെ നേർവഴിക്കു നയിക്കാൻ കെല്പുള്ള നേതാവ് ,പ്രഗദ്ഭനായ വാഗ്മി ,പ്രതിഭാശാലിയായ നാടകകൃത്തും സംവിധായകനും ഇതൊക്കെയായിരുന്നു വിക്രമൻ .അധികമാരും അറിയാത്ത മറ്റൊരു മേന്മ കൂടിയുണ്ടായിരുന്നു അദ്ദേഹത്തിന് .പാശ്ചാത്യ പൗരസ്ത്യ കാവ്യമീമാംസകളിലുണ്ടായിരുന്ന അഗാധമായ ജ്ഞാനം .ഇംഗ്ലീഷ് -മലയാളം ബിരുദാനന്തര വിദ്യാർത്ഥിനി വിദ്യാർഥികൾ മലകയറി മുണ്ടക്കയത്തു ചെല്ലുമായിരുന്നു ഭരതനെയും അരിസ്റോട്ടിലിനെയും അവരുടെ പിന്തുടർച്ചക്കാരെയും വിക്രമനിൽ നിന്നു പഠിക്കാൻ .അവരിൽ പലരും ഇന്ന് സർവകലാശാലാ പ്രൊഫസർ മാരാണ് ,ത്രിവിക്രമൻ പിള്ള സാർ ഗുരുവാണെന്നു പറയുന്നതിൽ അഭിമാനിക്കുന്നവരുമാണ് .
    ബഹുമുഖ പ്രതിഭയായിരുന്ന ഈ ഓണാട്ടുകരക്കാരൻ വിസ്മൃതനാവാൻ നമ്മൾ അനുവദിച്ചു കൂടാ .









       
     

















































2019, നവംബർ 9, ശനിയാഴ്‌ച

8 -11 -2019 
ലൈഫ് സർട്ടിഫിക്കറ്റ് 
-----------------------------------
ഇത് നവമ്പർ .ലൈഫ് സെർട്ടിഫിക്കറ്റി ന്റെ മാസം .ജീവിച്ചിരിക്കുന്നു എന്നുതെളിയിക്കുന്നതിൽ കൂടുതൽ സന്തോഷകരമായി എന്തുണ്ട് .
  രാവിലെ വൈറ്റില സ്റ്റേറ്റ് ബാങ്കിൽ ചെന്നപ്പോൾ ടോക്കൺ എടുക്കണമെന്നു പറഞ്ഞു .അസ്തിത്വം തെളിയിക്കാൻ കുറെ ഏറെപ്പേർ എത്തിയിട്ടുണ്ടെന്നർത്ഥം .വളരെ പ്രായമായ സ്ത്രീകളായിരുന്നു കൂടുതലും .അവർ തീരെ പരിചയിച്ചിട്ടില്ലാത്തയന്ത്ര സാമഗ്രികളുമായുള്ള  യുദ്ധത്തിൽ അവരെ ക്ഷമയോടും സഹഭാവത്തോടും കൂടി സഹായിക്കുന്ന ബാങ്കുദ്യോഗസ്ഥകൾ കൗതുക കരമായ കാഴ്ചയായിരുന്നു .സാമാന്യ മര്യാദയും സേവനസന്നദ്ധതയും പൊതുമേഖലക്ക് അന്യമാണെന്നു പറയുന്നത് കള്ളമാണ് .എന്ന് മാത്രമല്ല എയർ ഹോസ്റ്റസ്സുമാരും പ്രൈവറ്റ് കമ്പനി റിസെപ്ഷനിസ്റ്റുകളും കാണിക്കുന്ന യാന്ത്രികമായ ,ആത്മാർത്ഥതാ ലേശമില്ലാത്ത പാർലർ മര്യാദയായിരുന്നില്ല അത് .വൃദ്ധരും നിസ്സഹായരുമായ മനുഷ്യരോട് വിദ്യാസമ്പന്നരായ ചെറുപ്പക്കാർ കാണിക്കുന്ന സഹജീവി സ്നേഹമായിരുന്നു .
    എന്റെ ഊഴം വരുന്നതിനു തൊട്ടു മുമ്പ് വളരെ പ്രായമുള്ള ഒരു സ്ത്രീയെ അവരുടെ ബന്ധുക്കൾ കൗണ്ടറിൽ കൊണ്ടിരുത്തി .സാരമില്ല ഞാൻ കാത്തിരിക്കാൻ തയാറാണ് .പക്ഷെ കൗണ്ടറിലെ മാഡം എന്നെ വിളിച്ചു .സംശയിച്ചു നിന്ന എന്നോടു പറഞ്ഞു .ഇവർ ആധാർ കൊണ്ടു വന്നിട്ടില്ല . .എന്നു വെച്ച് അവരെ തിരിച്ചയക്കാനൊന്നും പോകുന്നില്ല .ബാങ്ക് റെക്കോർഡുകളിൽ നിന്ന് ആധാർ നമ്പർ കണ്ടെത്താൻ ശ്രമിക്കുകയാണ് .സമയമെടുക്കും അതിനിടയിൽ സാറിന്റെ വെരിഫിക്കേഷൻ നടക്കട്ടെ .
പക്ഷേ ആധാർ തിരയലിന്റെ ഭാഗമായി അവർക്കു വീണ്ടും പോകേണ്ടി വന്നു .ഞാനും മുതിർന്ന സഹപ്രവർത്തകയും മാത്രമായി കൗണ്ടറിൽ .ഞാനവരോടു വിശേഷങ്ങൾ ചോദിച്ചറിഞ്ഞു .വൈറ്റില തന്നെയാണ് വീട് ,പത്തു വയസ്സിൽ അച്ഛനേയും അമ്മയേയും നഷ്ടപ്പെട്ടു .പിന്നെ ദുരിതമായിരുന്നു .പത്തു മുപ്പതുകൊല്ലം റെയിൽവേക്കു  വേണ്ടി പണിയെടുത്തു .ഇപ്പോൾ മകന്റെ കൂടെയാണ് താമസം .സുഖമാണ് .
       എന്നെ ഏറ്റവും ആകർഷിച്ചത് അവരുടെ ചിരിയാണ് .സമസ്തലോകത്തോടും പ്രസന്നത ആണവർക്ക്  .സുപ്രസന്നമായ മന്ദഹാസത്തോടെ അവർ പറഞ്ഞു :പുറത്തെങ്ങും പോകാറില്ല .വർഷത്തിലൊരിക്കൽ ബാങ്കിലേക്കു വരുന്നതാണ് ആകെയുള്ള യാത്ര .ഇനി അതും വയ്യ ..നേരെ അങ്ങു പോകണം ....അതു നമ്മളല്ലല്ലോ ചേച്ചീ തീരുമാനിക്കുന്നത് ..ഞാൻ ആരും പറയുന്ന മറുപടി പറഞ്ഞു .കൗണ്ടറിൽ ചുമതലക്കാരി എത്തി ..ആധാർ തേടി ക്കൊണ്ടിരിക്കുന്നതേയുള്ളു .സാറിന്റെ കടലാസുകൾ നോക്കട്ടെ 
   ആധാർ ,പി പി ഓ ,മൊബൈൽ നമ്പർ ,ഓ ടി പി മെസ്സേജ് ,ബയോ മെട്രിക് ഉപകരണം ,വിരലമർത്തൽ .ഞാൻ ജീവിച്ചിരിക്കുന്നുവെന്ന് ഏതോ യന്ത്രം എവിടെയോ ഇരുന്നു വിധിയെഴുതി .അത് എന്നെ സംശയരഹിതമായി ബോദ്ധ്യപ്പെടുത്തുന്നതിനായി എന്റെ പടമുള്ള ഒരു കടലാസ്സ് പ്രിന്ററിലൂടെ പുറത്തു വന്നു .
    പോരാൻഎഴുനേറ്റ ഞാൻ അവരോടു പറഞ്ഞു :ചേച്ചി ഇനിയും ഒരുപാടു തവണ ഇവിടെ വരും .ലൈഫ് സർട്ടിഫിക്കറ്റ് കൊടുക്കാൻ ..അവർ കൂടുതൽ വിടർന്നു ചിരിച്ചു .ജീവിതം ജീവിച്ചു പഠിച്ചവരാണവർ .അവരുടെ മുമ്പിൽ ഉപരിമദ്ധ്യവർഗ്ഗ വിദ്യാസമ്പന്നൻ തീരെ നിസ്സാരനാവുന്നു .
    അവരുടെ പ്രസന്നത പകർന്ന ഊർജ്ജം എന്റെ സിരാപടലങ്ങളെ
ആവേശിച്ചതു കൊണ്ടാവാം ഞാൻ യൂബറിനും ഓട്ടോയ്ക്കുമൊന്നും കാത്തു നിന്നില്ല .വാഹന വ്യൂഹത്തിനോരം ചേർന്നു നടന്നു .ഒരു സീബ്രാ ലൈനുമില്ലാത്തിടത്ത് 
കുപ്രസിദ്ധമായ വൈറ്റില ട്രാഫിക്കിന് കൈ കാണിച്ച് റോഡു ക്രോസ്സ് ചെയ്തു പണിതീരാത്ത മേൽപ്പാലത്തിനു താഴത്തെ ടിൻഷീറ് വേലിയുടെ പഴുതിലൂടെ നൂണിറങ്ങി വീണ്ടും ക്രോസ്സ് ചെയ്ത് ഹുബ്ബിലേക്ക് .....