8 -11 -2019
ലൈഫ് സർട്ടിഫിക്കറ്റ്
-----------------------------------
ഇത് നവമ്പർ .ലൈഫ് സെർട്ടിഫിക്കറ്റി ന്റെ മാസം .ജീവിച്ചിരിക്കുന്നു എന്നുതെളിയിക്കുന്നതിൽ കൂടുതൽ സന്തോഷകരമായി എന്തുണ്ട് .
രാവിലെ വൈറ്റില സ്റ്റേറ്റ് ബാങ്കിൽ ചെന്നപ്പോൾ ടോക്കൺ എടുക്കണമെന്നു പറഞ്ഞു .അസ്തിത്വം തെളിയിക്കാൻ കുറെ ഏറെപ്പേർ എത്തിയിട്ടുണ്ടെന്നർത്ഥം .വളരെ പ്രായമായ സ്ത്രീകളായിരുന്നു കൂടുതലും .അവർ തീരെ പരിചയിച്ചിട്ടില്ലാത്തയന്ത്ര സാമഗ്രികളുമായുള്ള യുദ്ധത്തിൽ അവരെ ക്ഷമയോടും സഹഭാവത്തോടും കൂടി സഹായിക്കുന്ന ബാങ്കുദ്യോഗസ്ഥകൾ കൗതുക കരമായ കാഴ്ചയായിരുന്നു .സാമാന്യ മര്യാദയും സേവനസന്നദ്ധതയും പൊതുമേഖലക്ക് അന്യമാണെന്നു പറയുന്നത് കള്ളമാണ് .എന്ന് മാത്രമല്ല എയർ ഹോസ്റ്റസ്സുമാരും പ്രൈവറ്റ് കമ്പനി റിസെപ്ഷനിസ്റ്റുകളും കാണിക്കുന്ന യാന്ത്രികമായ ,ആത്മാർത്ഥതാ ലേശമില്ലാത്ത പാർലർ മര്യാദയായിരുന്നില്ല അത് .വൃദ്ധരും നിസ്സഹായരുമായ മനുഷ്യരോട് വിദ്യാസമ്പന്നരായ ചെറുപ്പക്കാർ കാണിക്കുന്ന സഹജീവി സ്നേഹമായിരുന്നു .
എന്റെ ഊഴം വരുന്നതിനു തൊട്ടു മുമ്പ് വളരെ പ്രായമുള്ള ഒരു സ്ത്രീയെ അവരുടെ ബന്ധുക്കൾ കൗണ്ടറിൽ കൊണ്ടിരുത്തി .സാരമില്ല ഞാൻ കാത്തിരിക്കാൻ തയാറാണ് .പക്ഷെ കൗണ്ടറിലെ മാഡം എന്നെ വിളിച്ചു .സംശയിച്ചു നിന്ന എന്നോടു പറഞ്ഞു .ഇവർ ആധാർ കൊണ്ടു വന്നിട്ടില്ല . .എന്നു വെച്ച് അവരെ തിരിച്ചയക്കാനൊന്നും പോകുന്നില്ല .ബാങ്ക് റെക്കോർഡുകളിൽ നിന്ന് ആധാർ നമ്പർ കണ്ടെത്താൻ ശ്രമിക്കുകയാണ് .സമയമെടുക്കും അതിനിടയിൽ സാറിന്റെ വെരിഫിക്കേഷൻ നടക്കട്ടെ .
പക്ഷേ ആധാർ തിരയലിന്റെ ഭാഗമായി അവർക്കു വീണ്ടും പോകേണ്ടി വന്നു .ഞാനും മുതിർന്ന സഹപ്രവർത്തകയും മാത്രമായി കൗണ്ടറിൽ .ഞാനവരോടു വിശേഷങ്ങൾ ചോദിച്ചറിഞ്ഞു .വൈറ്റില തന്നെയാണ് വീട് ,പത്തു വയസ്സിൽ അച്ഛനേയും അമ്മയേയും നഷ്ടപ്പെട്ടു .പിന്നെ ദുരിതമായിരുന്നു .പത്തു മുപ്പതുകൊല്ലം റെയിൽവേക്കു വേണ്ടി പണിയെടുത്തു .ഇപ്പോൾ മകന്റെ കൂടെയാണ് താമസം .സുഖമാണ് .
എന്നെ ഏറ്റവും ആകർഷിച്ചത് അവരുടെ ചിരിയാണ് .സമസ്തലോകത്തോടും പ്രസന്നത ആണവർക്ക് .സുപ്രസന്നമായ മന്ദഹാസത്തോടെ അവർ പറഞ്ഞു :പുറത്തെങ്ങും പോകാറില്ല .വർഷത്തിലൊരിക്കൽ ബാങ്കിലേക്കു വരുന്നതാണ് ആകെയുള്ള യാത്ര .ഇനി അതും വയ്യ ..നേരെ അങ്ങു പോകണം ....അതു നമ്മളല്ലല്ലോ ചേച്ചീ തീരുമാനിക്കുന്നത് ..ഞാൻ ആരും പറയുന്ന മറുപടി പറഞ്ഞു .കൗണ്ടറിൽ ചുമതലക്കാരി എത്തി ..ആധാർ തേടി ക്കൊണ്ടിരിക്കുന്നതേയുള്ളു .സാറിന്റെ കടലാസുകൾ നോക്കട്ടെ
ആധാർ ,പി പി ഓ ,മൊബൈൽ നമ്പർ ,ഓ ടി പി മെസ്സേജ് ,ബയോ മെട്രിക് ഉപകരണം ,വിരലമർത്തൽ .ഞാൻ ജീവിച്ചിരിക്കുന്നുവെന്ന് ഏതോ യന്ത്രം എവിടെയോ ഇരുന്നു വിധിയെഴുതി .അത് എന്നെ സംശയരഹിതമായി ബോദ്ധ്യപ്പെടുത്തുന്നതിനായി എന്റെ പടമുള്ള ഒരു കടലാസ്സ് പ്രിന്ററിലൂടെ പുറത്തു വന്നു .
പോരാൻഎഴുനേറ്റ ഞാൻ അവരോടു പറഞ്ഞു :ചേച്ചി ഇനിയും ഒരുപാടു തവണ ഇവിടെ വരും .ലൈഫ് സർട്ടിഫിക്കറ്റ് കൊടുക്കാൻ ..അവർ കൂടുതൽ വിടർന്നു ചിരിച്ചു .ജീവിതം ജീവിച്ചു പഠിച്ചവരാണവർ .അവരുടെ മുമ്പിൽ ഉപരിമദ്ധ്യവർഗ്ഗ വിദ്യാസമ്പന്നൻ തീരെ നിസ്സാരനാവുന്നു .
അവരുടെ പ്രസന്നത പകർന്ന ഊർജ്ജം എന്റെ സിരാപടലങ്ങളെ
ആവേശിച്ചതു കൊണ്ടാവാം ഞാൻ യൂബറിനും ഓട്ടോയ്ക്കുമൊന്നും കാത്തു നിന്നില്ല .വാഹന വ്യൂഹത്തിനോരം ചേർന്നു നടന്നു .ഒരു സീബ്രാ ലൈനുമില്ലാത്തിടത്ത്
കുപ്രസിദ്ധമായ വൈറ്റില ട്രാഫിക്കിന് കൈ കാണിച്ച് റോഡു ക്രോസ്സ് ചെയ്തു പണിതീരാത്ത മേൽപ്പാലത്തിനു താഴത്തെ ടിൻഷീറ് വേലിയുടെ പഴുതിലൂടെ നൂണിറങ്ങി വീണ്ടും ക്രോസ്സ് ചെയ്ത് ഹുബ്ബിലേക്ക് .....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ