24-1-2020
കള്ള ദൈവങ്ങൾ
-----------------------------
'മധുരം കുറയും 'എന്നെൻ പത്നി നർമ്മസ്‌മേര
മധുരം പകർന്നേകും കയ്പാർന്ന കട്ടൻകാപ്പി
വിഷവും കുടിക്കും ഞാൻ നീ തന്നാൽ എന്നായ് വാങ്ങി
വിഷമിച്ചൽപ്പം മൊത്തി അഴിക്കട്ടിലിൻ വക്കിൽ .......'
ഈ വരികൾ എഴുപതുകളുടെ തുടക്കത്തിലെന്നോ വായിച്ച ദിവസം മുതൽ ഇന്നോളം എന്റെ മനസ്സിലുണ്ട് .എൻ വി കൃഷ്ണ വാരിയരുടെ കള്ളദൈവങ്ങൾ എന്ന കവിതയുടെ തുടക്കം .
ഞാനിന്നലെ കള്ളദൈവങ്ങൾ വീണ്ടും വായിച്ചു .സംഭവം ഇങ്ങിനെ .കുറേക്കാലം കൂടി സമകാലിക മലയാളം ഓഫീസിൽ പോയി . പുറത്തു പോയിരുന്ന പത്രാധിപരെ കാത്ത് കുറെ സമയം ഇരിക്കേണ്ടി വന്നു .അപ്പോഴാണ് അവിടത്തെ ഒരു മേശപ്പുറത്തെ പുസ്തക കൂമ്പാരത്തിനു മുകളിൽ എൻ വി കവിതകളുടെ എൻ ബി എസ് പതിപ്പ് ശ്രദ്ധയിൽ പെട്ടത് .ഒരു കവിത വായിക്കാൻ എ പ്പോഴും സമയമുണ്ട് .അത് കള്ളദൈവങ്ങളാവട്ടെ എന്ന് ഞാൻ തീരുമാനിച്ചു .
കയ്ക്കുന്ന കട്ടൻ കാപ്പി കുടിച്ചിട്ട് റേഷൻ കടയിൽ പോയി പഞ്ചസാര വന്നിട്ടുണ്ടോ എന്നന്വേഷിക്കാൻ ഭാര്യ പറഞ്ഞു .അയാൾ പക്ഷേ പഴയ സതീർഥ്യ ആത്മഹത്യ ചെയ്ത വാർത്ത പത്രത്തിൽ നിന്നറിഞ്ഞ് അങ്ങോട്ടു പോവുകയാണുണ്ടായത് .ഡോക്ടർ പ്രഭയെന്ന ആ സതീർഥ്യയുടെ ജീവിത പരിണാമങ്ങളുടെ വർണ്ണനകളിലൂടെയാണ് കവിത പുരോഗമിക്കുന്നത് .പശ്ചാത്തലമായി അയാളുടെ ദരിദ്ര ജീവിതം .അനിവാര്യമായും ദൈവങ്ങൾ കടന്നു വരുന്നു .ഡിസ്ട്രിക്ട് ജഡ്ജിക്ക് സ്വർണ്ണ വാച്ചും ഗുമസ്തന് ഭസ്മവും അന്തരീക്ഷത്തിൽ നിന്നെടുത്തു കൊടുക്കുന്ന അഭയമുദ്രാ സമേതനായ അവധൂതൻ മാത്രമല്ല എത്രയെത്ര വിഗ്രഹങ്ങൾ .ആൾ രൂപങ്ങൾ വാനരരൂപങ്ങൾ മൃഗരൂപങ്ങൾ .ഓരോന്നിനും ഒരുപാട് പൂജാരിമാർ .ശുദ്ധബോധത്തിൽ ദൈവത്തെ കണ്ടെത്തിയ നമ്മളാണോ ഇവരെയൊക്കെ ആരാധിക്കുന്നത് ?.
ഡോക്ടറുടെ ആഡംബരപൂര്ണമായ സംസ്കാരം കഴിഞ്ഞ് തിരികെ വീട്ടിലെത്തിയപ്പോൾ റേഷൻ കടയിൽ വെയിലത്ത് ക്യു നിന്ന് പഞ്ചസാര വാങ്ങി ഭാര്യ മധുരമുള്ള പാൽക്കാപ്പിയുണ്ടാക്കിയിരിക്കുന്നു .ആ അതിമധുരത്തിൽ അയാൾ ഭാര്യയെ പ്രേമപൂർവം നോക്കി .മൂത്ത കുട്ടി സ്‌കൂൾ വിട്ടുവന്നതിന്റെ ഘോഷം .....
മുമ്പ് ഈ കവിത ആദ്യം വായിച്ചപ്പോൾ ഉള്ളടക്കം ഇഷ്ടപ്പെട്ടെങ്കിലും വള്ളത്തോളിന്റെ ശയ്യാഗുണമുള്ള കവിതയായി തോന്നിയെങ്കിലും അത് സാമാന്യത്തിലധികം വാച്യമാണെന്നൊരു ധാരണ എനിക്കുണ്ടായി ..എന്നാൽ ഇപ്പോൾ തോന്നുന്നു ആപേരിനെന്നപോലെ അതിലെ കാവ്യ ബിംബങ്ങൾക്കും അത്യധികം സൂചക സ്വഭാവമുണ്ടെന്ന് .എവിടെയാണ് നമ്മൾ കള്ളദൈവങ്ങളെ കണ്ടു മുട്ടാത്തത് ?
ഈ കവിതയിൽ ഞാനെന്നും ഓർത്തിരിക്കുന്ന മറ്റൊരു വരി കൂടിയുണ്ട് ."സുഭഗൻ യുവാവവിവാഹിതൻ ജില്ലാധീശൻ "കളക്ടർ കവിതയിൽ വിശേഷിപ്പിക്കപ്പെടുന്നതിങ്ങനെയാണ് .ചെറുപ്പക്കാരായ ജില്ലാധീശരെ ടി വി യിൽ കാണുമ്പോഴൊക്കെ ഞാനീ വരി ഓർമ്മിക്കാറുണ്ട് .പഞ്ചലോഹത്തിന്റെ അംശം പൂർണമായും നഷ്ടപ്പെട്ടിട്ടില്ലാത്ത വിഗ്രഹങ്ങളാണല്ലോ അവർ .