2020, ജൂൺ 30, ചൊവ്വാഴ്ച

29-6-2020
-------------
കലയുടെ പാന്ഥൻ വിട പറയുമ്പോൾ
-------------------------------------------------------------
   'പാപ്പുക്കുട്ടി ഭാഗവതർ അന്തരിച്ചു .'2020 ജൂൺ 23 ലെ മാതൃഭൂമി മുൻപേജ് വാർത്തയാണ് :''കേരള സൈഗാൾ എന്നറിയപ്പെട്ടിരുന്ന സംഗീതജ്ഞൻ പാപ്പുക്കുട്ടി ഭാഗവതർ അന്തരിച്ചു .107 വയസ്സായിരുന്നു ." 'നടൻ ,കാഥികൻ ,സംഗീതാദ്ധ്യാപകൻ ഗായകൻ എന്നീ നിലകളിലെല്ലാം തിളങ്ങി 'എന്നു വാർത്ത തുടർന്നു പറയുന്നു .'പാപ്പുക്കുട്ടിഭാഗവതർ ഇനി പാട്ടോർമ്മ 'എന്നാണ് അന്നത്തെ മനോരമയുടെ മുൻപേജ് തലക്കെട്ട് .'ഭാഗവതർ വിടപറഞ്ഞത് 107 ആം വയസ്സിൽ 'എന്ന് ഉപശീര്ഷകം .'നാടക രൂപങ്ങളിലും സിനിമയിലും പാടിയും അഭിനയിച്ചും  നാലു തലമുറകളുടെ ആദരം സ്വന്തമാക്കിയ പാപ്പുക്കുട്ടി ഭാഗവതർ (എം സി ജോസഫ് -107 )വിടവാങ്ങി .......ഇന്നലെ പെരുമ്പടപ്പിലെ വസതിയിലായിരുന്നു കേരള കലാരംഗത്തെ നൂറ്റാണ്ടിന്റെ കർമ്മസാക്ഷിയുടെ വിയോഗം '.
   'നൂറ്റാണ്ടിന്റെ കർമ്മസാക്ഷി'യെന്നത് ഒരു ഔപചാരിക പദപ്രയോഗമല്ല .ഭാഗവതരുടെ വിയോഗത്തെക്കുറിച്ച് വന്ന വാർത്തകളെല്ലാം ഊന്നിപ്പറഞ്ഞത് രണ്ടു കാര്യങ്ങളായിരുന്നു .ഒന്ന് ഭാഗവതർ ബഹുമുഖ പ്രതിഭയായിരുന്നു എന്നത് .മറ്റൊന്ന് അദ്ദേഹംസുദീർഘമായ  തന്റെ ജീവിതത്തിന്റെ  അവസാന നാൾ വരെ കർമ്മനിരതനായിരുന്നുവെന്നത്.രണ്ടാമതു പറഞ്ഞതിൽ സംശയം തോന്നുന്നവർക്ക് 'മേരിക്കുണ്ടൊരുകുഞ്ഞാട്‌ 'എന്ന സിനിമയിലെ 'എന്റടുക്കൽ വന്നടുക്കും പെമ്പിറന്നോരെ ...'എന്ന ഗാനം യു ട്യൂബിൽ കേട്ടുനോക്കാവുന്നതാണ് .തൊള്ളായിരത്തി ഇരുപതുകളിൽ അഗസ്റ്റിൻ ജോസഫിനും സെബാസ്റ്റിയൻ കുഞ്ഞുകഞ്ഞു ഭഗവതർക്കുമൊപ്പം പാടി അഭിനയിച്ചിരുന്ന പാപ്പുക്കുട്ടി ഭാഗവതർ2010 ലെ  ഈ പാട്ട് പാടുന്നത് ശങ്കർമഹാദേവനും റിമിടോമിക്കും ഒപ്പമാണ് . വിജയ്‌യേശുദാസിനേക്കാൾ പ്രായം കുറവാണ് റിമിടോമിക്ക് എന്നും ഓർക്കുക .
    പറഞ്ഞുവരുന്നത് ഇതാണ് .1913 ഇൽ ജനിച്ച 1920 ഇൽ തന്റെ ആദ്യനാടകത്തിൽ അഭിനയിച്ച പാപ്പുക്കുട്ടിഭാഗവതർ നൂറു വർഷക്കാലം കേരളത്തിന്റെ കലാസാംസ്കാരിക രംഗത്ത് സജീവസാന്നിധ്യമായിരുന്നു .ആ ദശകങ്ങളുടെ ചരിത്രപരമായ പ്രാധാന്യം എന്തെന്ന് മനസ്സിലാക്കിയാലേ ഭാഗവതരുടെ സംഭാവനയുടെ വ്യാപ്തിയും മഹത്വവും തിരിച്ചറിയാനാവു .പാശ്ചാത്യ മാനേജ്‌മെന്റ്‌വിദഗ്ധൻ പീറ്റർ ഡ്രക്കർ പറയുന്നത് ഏതാനും നൂറ്റാണ്ടുകൾ കൂടുമ്പോൾ ചരിത്രത്തിൽ നിശിതമായ ഒരു പരിവർത്തനമുണ്ടാവുന്നു എന്നാണ് .ഡ്രക്കറുടെ  തന്നെ വാക്കുകളിൽ "..ഏതാനും ദശകങ്ങളിൽ സമൂഹം സ്വയം ഒരു പുനർവിന്യസനം നടത്തുന്നു -ലോകവീക്ഷണത്തിൽ അടിസ്ഥാനമൂല്യങ്ങളിൽ,സാമൂഹ്യ -രാഷ്ട്രീയ ഘടനയിൽ ,കലകളിൽ ,താക്കോൽ സ്ഥാപനങ്ങളിൽ ....."ഈ ദശകങ്ങളുടെ അവസാനം ജനിക്കുന്ന കുട്ടികൾക്ക് അവരുടെ അച്ഛനമ്മമാർ ജനിച്ച ,അപ്പൂപ്പനും അമ്മൂമ്മയും ജീവിച്ച കാലം തീരെ അപരിചിതമായിരിക്കുമത്രേ   .(പോസ്റ്റ് ക്യാപിറ്റലിസ്റ് സൊസൈറ്റി ..പീറ്റർ ഡ്രക്കർ ).യൂറോപ്പിൽ നഗര സമൂഹങ്ങൾക്ക് രൂപം നൽകിയ 13 ആം നൂറ്റാണ്ടിലെ ചില ദശകങ്ങൾ ,നവോത്ഥാനത്തിനും ജന്മം നൽകിയ 15 ആം നൂറ്റാണ്ട് മദ്ധ്യം മുതൽ 16 ആം നൂറ്റാണ്ട് ആദ്യം വരെയുള്ള ഏതാനും ദശകങ്ങൾ ,മുതലാളിത്ത സമൂഹം മുതലാളിത്തനാന്തര വിജ്ഞാന സമൂഹത്തിനു വഴിമാറിയ ഇരുപതാംനൂറ്റാണ്ടിന്റെ ഉത്തരാർദ്ധം  ഇവയാണ് ഡ്രക്കർ ചൂണ്ടിക്കാണിക്കുന്ന നിർണായക ചരിത്രഘട്ടങ്ങളിൽ ചിലത് .ഇന്ത്യയുടെ കാര്യത്തിൽ അവസാനം പറഞ്ഞ കാലത്തിന്റെ ഒരു വിപുലീകൃതരൂപമാണ് അതായത് 20 ആം നൂറ്റാണ്ടും 21 ആം നൂറ്റാണ്ടിലെ ആദ്യ ദശകങ്ങളും കൂടിച്ചേർന്ന കാലഘട്ടമാണ് ചരിത്രത്തിലെ നിര്ണായകകാലം .'ബുദ്ധൻ ഇപ്പോൾ മടങ്ങിവന്നാൽ തന്റെ ഇന്ത്യയെ അങ്ങിനെതന്നെ അദ്ദേഹത്തിന് കാണാൻ കഴിയും 'എന്ന് ഇരുപതാം നൂറ്റാണ്ടാദ്യത്തെ ഇന്ത്യയെ കുറിച്ച് സർദാർ പണിക്കർ 'ഇന്ത്യാചരിത്രാവലോകനത്തിൽ പറഞ്ഞിരിക്കുന്നത് സത്യം മാത്രമാണ് .ആ അവസ്ഥയിൽ നിന്ന് 2020 ഇൽ നാം കാണുന്ന മുതലാളിത്തനാന്തര വിജ്ഞാന സമൂഹത്തിലേക്ക് ഇന്ത്യയെ പരിവർത്തിപ്പിച്ചത് ഈ ദശകങ്ങളിലെ  രാഷ്ട്രീയ സാമൂഹ്യ മുന്നേറ്റങ്ങൾമാത്രമല്ല  കലാസാംസ്കാരിക പ്രവർത്തനങ്ങൾ കൂടിയാണ് .
     കേരളത്തിൽ നേരത്തെ തന്നെ ആരംഭിച്ചിരുന്ന നവോത്ഥാന സംരംഭങ്ങൾ പൂർവാധികം ശക്തിയാർജ്ജിച്ചിരുന്ന കാലത്താണ് പാപ്പുക്കുട്ടിഭഗവതർ രംഗപ്രവേശം ചെയ്യുന്നത് .സാഹിത്യത്തിന്റെയും കലയുടെയും മണ്ഡലങ്ങളിലും വിപ്ലവകരമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടായിരുന്നു .കവിത്രയത്തിന്റെ ഉദയം ,നിയോക്ളാസ്സിസം റൊമാന്റിസത്തിനു വഴിമാറിയത് ,സി വി നോവലുകൾ ,ഉദാഹരണങ്ങളിൽ ചിലതുമാത്രം .ഇവയിൽ പ്രധാനമായ ഒന്നായിരുന്നു നാടകരംഗത്തുണ്ടായ പരിവർത്തനം .1882ഇൽ വലിയകോയിത്തമ്പുരാൻ പരിഭാഷപ്പെടുത്തിയ ശാകുന്തളം അരങ്ങേറിയത് സംസ്കൃതനാടകസമ്പ്രദായത്തിലല്ല പാശ്ചാത്യ നാടകങ്ങളുടെ റിയലിസ്റ്റിക്  ശൈലിയിലാണ്  .തുടർന്ന് സി വിയുടെയും മറ്റും പ്രഹസനങ്ങൾ അരങ്ങിലെത്തി .അങ്ങിനെ പാകപ്പെട്ട രംഗഭൂമിയിലേക്ക്  തമിഴ് സംഗീതനാടകങ്ങളും അവയുടെ മാതൃക പിന്തുടർന്ന മലയാള സംഗീതനാടകങ്ങളും എത്തി .കഥകളി തുടങ്ങിയ പാരമ്പര്യകലകളേയും കക്കാരിശി തുടങ്ങിയ നാടന്കലാരൂപങ്ങളെയുംകാൾ സംവേദനക്ഷമത ഏറിയിരുന്നു റിയലിസ്റ്റിക് അവതരണ ശൈലി പിന്തുടർന്നിരുന്ന നാടകങ്ങൾക്ക് .പ്രഹ്ളാദനും ഹരിശ്ചന്ദ്രനും സ്നാപകയോഹന്നാനും സാക്ഷാൽ യേശുദേവൻ തന്നെയും പ്രേക്ഷകരുടെ മുന്നിലെത്തി .അവരുടെ കഥകൾ ഉൾക്കൊള്ളുന്ന ഗുണപാഠങ്ങൾ ,സന്മാർഗ്ഗത്തെയും സദാചാരത്തെയും പാപപുണ്യങ്ങളേയും കുറിച്ചുള്ളവ അനായാസമായി പ്രേക്ഷകരിലേക്ക് ,നിരക്ഷരരായ പ്രേക്ഷകരിലേക്ക് പോലും സംവേദനം ചെയ്യപ്പെട്ടു .നാടകത്തിന്റെ ഈ സംവേദനക്ഷമത സ്വാതന്ത്ര്യത്തെയും സമത്വത്തെയും കുറിച്ചുള്ള ആശയങ്ങൾ  പ്രചരിപ്പിക്കുന്നതിനും ഉപയുക്തമാക്കപ്പെട്ടു  .'അടുക്കളയിൽ നിന്ന് അരങ്ങേത്തേക്ക് 'പോലുള്ള നാടകങ്ങൾ അക്കാലത്ത് അരങ്ങേറിയവയാണല്ലോ .അങ്ങിനെ കല, പ്രത്യേകിച്ചു നാടകം കേരളം ജനതയുടെ സൗന്ദര്യബോധത്തെ സാക്ഷാത്കരിക്കുന്നതിലൂടെ അവരിൽ പുരോഗമന ആശയങ്ങൾ രൂഢ മൂലമാവുന്നതിനും നിമിത്തമായി .അല്ലെങ്കിൽത്തന്നെ വൈലോപ്പിള്ളി ചോദിച്ചതു പോലെ "മർത്യസൗന്ദര്യ ബോധ്യങ്ങൾ പെറ്റ /മക്കളെല്ലി പുരോഗമനങ്ങൾ ?".
   അപ്പോൾ കൊച്ചു പാപ്പുക്കുട്ടി തന്റെ ഏഴാം വയസ്സിൽ' വേദമണി' എന്ന നാടകത്തിലൂടെ തുടക്കം കുറിച്ചത് കലാപ്രവർത്തനം മാത്രമല്ല കേരളീയ സമൂഹത്തെ മുന്നോട്ടു നയിക്കുന്നതിനുള്ള യത്നം കൂടിയാണ് .ഏഴെട്ടുകൊല്ലത്തിനു ശേഷം ഭാഗവതർ ആര്ടിസ്റ് പി ജെ ചെറിയാന്റെ സന്മാർഗവിലാസം നടനസഭയുടെ മിശിഹാചരിത്രത്തിൽ മഗ്ദലനമറിയമായി അഭിനയിച്ചു .തുടർന്ന് സ്നാപകയോഹന്നാനിൽ സ്നാപകനായി .ഏതാണ്ടക്കാലത്ത് നമ്മുടെ സാംസ്കാരിക രംഗത്തുണ്ടായ ചില പ്രധാന സംഭവങ്ങളെക്കുറിച്ച് സൂചിപ്പിക്കേണ്ടതുണ്ട് .സമസ്തകേരള സാഹിത്യപരിഷത്തിന്റെയും കേരളകലാമണ്ഡലത്തിന്റെയും രൂപീകരണമാണമാണുദ്ദേശിക്കപ്പെടുന്നത് .സാഹിത്യത്തിന്റെയും കലയുടെയും മണ്ഡലത്തിൽ അവയുണ്ടാക്കിയ ചലനങ്ങളോളം തന്നെ പ്രധാനമാണ് അവയുടെ പേരിലെ കേരള ശബ്ദവും .ഭരണപരമായി മൂന്നു ഘടകങ്ങളായിരുന്നുവെങ്കിലും കേരളം ഒന്നാണെന്ന ആശയം കൂടുതൽ മൂർത്തരൂപം കൈക്കൊള്ളാൻ തുടങ്ങിയിരുന്നുവെന്ന് ആ നാമകരണങ്ങൾ സൂചിപ്പിക്കുന്നു .ഐക്യകേരളം എന്ന ആശയം എല്ലാവിഭാഗം മലയാളിയിലും എത്തിച്ചത്പക്ഷേ  നാടകക്കാരാണ് .നാട്ടുരാജ്യങ്ങളുടെ അതിർത്തികൾ നോക്കാതെ മലനാട്ടിൽ  എല്ലായിടത്തും മലയാളികളുള്ള  മറുനാടുകളിലുംഅവർ  നാടകം കളിച്ചിരുന്നുവല്ലോ .
     പാടാനും അഭിനയിക്കാനും കഴിവുള്ള ഭഗവതർക്ക് തിരക്കേറി .അദ്ദേഹത്തിന് പഠനം ഉപേക്ഷിക്കേണ്ടി വന്നു .എന്നു പറഞ്ഞാൽ ഔപചാരിക വിദ്യാഭ്യാസം തുടരാനായില്ല അദ്ദേഹത്തിന് .പക്ഷേ ഓരോ അരങ്ങും ഓരോ പാഠമായിരുന്നല്ലോ .നാല്പതുകളോടെ നാടകരംഗത്തും ദൂരവ്യാപകമായ ചില മാറ്റങ്ങൾക്ക് തുടക്കമായി .എൻ കൃഷ്ണപിള്ളയുടെയും മറ്റും നാടകങ്ങൾ അരങ്ങിൽ എത്താൻ  തുടങ്ങി .സംഗീത നാടകങ്ങളിൽ രംഗവേദിയിൽ തന്നെ സന്നിഹിതനായിരുന്നു ഭാഗവതർക്ക് തന്റെ ഹാർമോണിയവുമായി അണിയറയിലേക്ക് മാറേണ്ടി വന്നു .രാജാപ്പാർട് അഭിനയിച്ചിരുന്ന ഭഗവതർക്കാവട്ടെ ഇടയ്ക്കിടെ ഏഴരക്കട്ടയിൽ കീർത്തനങ്ങൾ പാടാനുള്ള അവസരങ്ങൾ കൈമോശം വരുകയും ചെയ്തു .ഈ മാറ്റങ്ങളുടെ അനിവാര്യത അംഗീകരിക്കുമ്പോൾ തന്നെ ഒരു കാര്യം എടുത്തു പറഞ്ഞുകൊള്ളട്ടെ കര്ണാടകസംഗീതം ഒരു ജനകീയ കലാരൂപമായി കേരളത്തിൽ നിലനിൽക്കാൻ കാരണം പുരോഗമനവാദികളാൽ ഒരുപാട് അപഹസിക്കപ്പെട്ട ഈ ഭഗവതർമാരാണ് .വർഷത്തിൽ ഒരിക്കൽ മഹാക്ഷേത്രങ്ങളിൽ നടക്കുന്ന കച്ചേരികൾ അക്കാര്യത്തിൽ തികച്ചും അപര്യാപ്തമായിരുന്നു .എന്തായാലും ചില മാറ്റങ്ങൾ ഒഴിവാക്കാവുന്നതല്ലല്ലോ .നാടകവേദിയിലെ ഈ മാറ്റങ്ങൾക്ക് നേതൃത്വം കൊടുത്തവരിലൊരാൾ പാപ്പുക്കുട്ടി ഭഗവതരായിരുന്നു .അതിങ്ങനെ വിശദീകരിക്കാം .നാടകവേദിയുടെ ആധുനികവൽക്കരണത്തിന് തുടക്കം കുറിച്ചവരിൽപ്രമുഖനായ  ഒരാൾ തിക്കുറിശ്ശി സുകുമാരൻ നായരാണ് .തിക്കുറിശ്ശിയുടെ നാടകങ്ങളിൽ പലതിലും നായകകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് പാപ്പുക്കുട്ടി ഭഗവതരായിരുന്നു താനും .നാടകാവതരണരീതിമാത്രമല്ല ഈ നാടകങ്ങളിലൂടെ ചോദ്യം ചെയ്യപ്പെട്ടത് ;സമൂഹത്തിന്റെ നീതിശാസ്ത്രം ആകെ തന്നെയാണ് .പുരോഗമനപരമെന്നു പറയപ്പെടുന്ന സാമൂഹ്യാചാരങ്ങളെ പേരെടുത്തു പറഞ്ഞ് ശരിയോ തെറ്റോ എന്നുറക്കെ ചോദിക്കുന്ന,ചെറുപ്പത്തിൽ കേട്ട  ആ തിക്കുറിശ്ശി ഗാനം ഇന്നും എന്റെ മനസ്സിലുണ്ട് .തിക്കുറിശ്ശി നാടകങ്ങളുടെ പൊതുസ്വഭാവത്തിനു നിദർശനമാണ് ആ ഗാനം .ആ നാടകങ്ങളിലൂടെ നാടകവേദിയെ മാത്രമല്ല കേരളസമൂഹത്തെ ആകെ നവീകരിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് നേതൃത്വം കൊടുത്തു പാപ്പുക്കുട്ടി ഭാഗവതർ .നിർഭാഗ്യവശാൽ നാടകങ്ങൾ അറിയപ്പെടുന്നത് സിനിമയെപ്പോലെ  മുഖ്യ നടന്മാരുടെ പേരിലല്ല .അതുകൊണ്ടു തന്നെ ആ നവീകരണ യത്നങ്ങളെക്കുറിച്ചുള്ള ആഖ്യാനങ്ങളിൽ പാപ്പുക്കുട്ടിഭാഗവതർ പരാമർശിക്കപ്പെടാറുമില്ല  .പക്ഷെ അതുകൊണ്ട് സത്യം സത്യമല്ലാതാവുന്നില്ലല്ലോ .
         പാടി അഭിനയിക്കുന്ന ചുമതല ഒഴിവായപ്പോഴും ഭാഗവതർ സംഗീതത്തെ കൈവിട്ടില്ല .നാടകത്തിന്റെ ഇടവേളകളിൽ അദ്ദേഹം തനിക്ക് പ്രിയപ്പെട്ട സൈഗാൾ ഗാനങ്ങൾ പാടി കയ്യടിനേടി .കേരളം സൈഗാൾ എന്നറിയപ്പെട്ടു തുടങ്ങിയത് അങ്ങിനെയാണ് .
    1950 ഇൽ പുറത്തിറങ്ങിയ 'പ്രസന്ന' എന്ന ആദ്യകാല മലയാളചിത്രത്തിൽ 'വിധിയുടെ ലീല 'എന്ന പാട്ടു പാടി അഭിനയിച്ചതുകൊണ്ടാണ് ഭാഗവതർ മലയാള സിനിമയിൽ തുടക്കം കുറിക്കുന്നത് .പിന്നീട് പത്തിരുപത്തഞ്ചു ചിത്രങ്ങൾ ..ശ്രദ്ധേയമായ ഒരുവേഷം പക്ഷേ  മലയാള സിനിമ അദ്ദേഹത്തിനു നൽകിയില്ല  .നഷ്ടം സിനിമക്കു തന്നെയാണ് .
      ഒരു കൈവിരലിൽ എണ്ണാവുന്ന ഓ എൻ വി ഗാനങ്ങൾ തെരഞ്ഞെടുത്താൽ ആ പട്ടികയിൽ തീർച്ചയായും ഉൾപ്പെടുന്ന 'ശരദിന്ദു മലർദീപം ...'എന്ന പാട്ടുണ്ടല്ലോ അത് ഭാവഗായകനൊപ്പം പാടി അനാശ്വമാക്കിയ ഗായിക സെൽമാ ജോർജ് പാപ്പുക്കുട്ടി ഭാഗവതരുടെ മകളാണ് .1980 മുതൽ മലയാളസിനിമയിൽ ചെറുതെങ്കിലും ശ്രദ്ധേയമായ റോളുകൾ ചെയ്യുന്ന നടൻ മോഹൻ ജോസ് മകനും .
    മലയാളി ആസ്വാദകലോകവും അക്കാദമികളും പാപ്പുക്കുട്ടി ഭാഗവതരെ ആദരിക്കുന്നതിൽവീഴ്ച വരുത്തിയിട്ടില്ല .സംഗീതനാടക അക്കാദമി അവാർഡ്(1991 ) ,അഭിനയത്തിനും സംഗീതത്തിനുമുള്ള പ്രത്യേക  അവാർഡ്(1997 ) അക്കാദമി ഫെല്ലോഷിപ്പ് (2004 ) ജെ സി ഫൌണ്ടേഷൻ ,സ്വരലയ അവാർഡുകൾ ഇവയൊക്കെ ഭാഗവതരെ  തേടിയെത്തി .രംഗവേദിയിൽ നിന്ന് വിട്ടു നിന്നപ്പോഴും ഭാഗവതർ സജീവമായ കലാപ്രവർത്തനം തുടരുക തന്നെ ചെയ്തു ബസ്സിലും ബോട്ടിലും യാത്ര ചെയ്ത് അദ്ദേഹം കുട്ടികളെ സംഗീതം പഠിപ്പിച്ചു കച്ചേരികൾ നടത്തി നൂറ്റിയേഴാം വയസ്സുവരെ .
  ഒരു നൂറ്റാണ്ടുകാലം കേരളസംസ്കാരത്തിന്റെ വികാസ പരിണാമങ്ങൾക്ക് സക്രിയമായ നേതൃത്വം നൽകിയ,അതിലൂടെ ഒരു വ്യവസായപൂർവ അവികസിത കാർഷിക വ്യവസ്ഥയെ ഇന്നത്തെ വിജ്ഞാന സമൂഹമായി പരിവർത്തിപ്പിക്കുന്നതിൽ ഒരു പ്രധാനപങ്ക് വഹിച്ച  മഹാപ്രതിഭയെ കാണണമെന്നും പരിചയപ്പെടണമെന്നും ,ഞാൻ കൂടി അംഗമായ  സംഘടനയുടെ പൈതൃകം പരിപാടിയിൽ ക്ഷണിച്ചു വരുത്തി ആദരിക്കണമെന്നും ആഗ്രഹമുണ്ടായിരുന്നു .ഈ പ്രായത്തിൽ ഭാഗവതർ പെരുമ്പടപ്പിൽ നിന്ന് തൃപ്പൂണിത്തുറ വരെ വരുമോ എന്ന് സന്ദേഹിച്ചവരോട് വരും എന്ന് തീർത്തു പറയാൻ എനിക്കു കഴിഞ്ഞില്ല .എന്റെ പിഴ .
   ആദരവ് മനസ്സിലുണ്ട് .എപ്പോഴും








 
   







 


































































   






























































   

















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ