2021, ജൂൺ 12, ശനിയാഴ്‌ച
ഏകാകിയുടെ മനോരാജ്യങ്ങൾ .
---------------------------------------------------
]ചെന്നിത്തല ശശാങ്കന്റെ 'ഞാറ 'എന്ന ചെറുകഥാ സമാഹാരത്തെക്കുറിച്ച് ]
ഏകാകിയുടെ മനോരഥത്തിന്റെ സഞ്ചാരപഥങ്ങളുടെ ആഖ്യാനമാണ് ചെറുകഥ എന്ന് ഒരഭിപ്രായം നിലവിലുണ്ട് .ഈ സമാഹാരത്തിലെ കഥകളെ സംബന്ധിച്ചിടത്തോളം ആ അഭിപ്രായം ഏറെക്കുറെ സാര്ഥകമാണു താനും .പക്ഷെ ഒന്നുണ്ട് ഏകാകിയെങ്കിലും തന്റെ വഴിത്താരകളിൽ അയാൾ ഒരു പാടു മനുഷ്യരെ കണ്ടുമുട്ടുന്നു .ജനനിബിഡമായ സ്ഥലങ്ങളിൽ ഒറ്റപ്പെട്ടവനെങ്കിലും അയാൾ ഉണ്ടാവും .അലയടിക്കുന്ന ജീവിത സമുദ്രം അയാളുടെ ദൃഷ്ടി പഥത്തിൽ ഉണ്ടാവും .മാത്രമല്ല അയാൾക്ക് ഒരു പാഡ് വ്യക്തികളായി പകർണ്ണാദേണ്ടി വരികയും ചെയ്യും .അതുകൊണ്ടാണ് അയാളുടെ മനോരാജ്യങ്ങളുടെ ചിത്രീകരണങ്ങൾ ചെറുതായിരിക്കുമ്പോഴും ജീവിതത്തിന്റെ സമഗ്രാവിഷ്കാരങ്ങളായി തീരുന്നത് .
നാട്ടിടവഴികൾ വിട്ട് അയാൾ ദേശാന്തരം പോയി എന്നു വരാം .'സഞ്ചാരിയുടെ സങ്കേതം 'എന്ന കഥ നോക്കുക നക്ഷത്ര ഹോട്ടലുകളും തിയേറ്ററും ആര്ട്ട്ഗാലറിയുമൊന്നുമില്ലാത്ത ഒറ്റക്കു യാത്ര പോവുകയാണ് ആഖ്യാതാവായ നായകൻ .അവിടത്തെ പഴയ കോട്ടക്കുള്ളിലെത്തി പ്രഭുവിനെ കാണാൻ .വഴികാട്ടി ചൂണ്ടി കാട്ടിയത് എട്ടുദിക്കുകളിൽ എന്തുമാവാം .എന്തായാലും കോട്ടയ്ക്കുള്ളിൽ എത്തുന്ന അയാൾക്ക് പ്രഭുവിനെ കാണാനുള്ള അനുമതി ലഭിക്കുന്നില്ല ;കാരണം അയാൾക്ക് സങ്കടങ്ങളില്ല .ഉടൻ മടങ്ങിപോകാനാണ് കാര്യസ്ഥന്റെ കല്പന .പക്ഷെ അയാൾക്ക് പുറത്തു കടക്കാനും കഴിയുന്നില്ല .[നമുക്ക് സുപരിചിതനായ ലാൻഡ് സർവെയർക്ക് കോട്ടക്കകത്തേക്ക് കടക്കാൻ കഴിയുന്നില്ല എന്നതോർമ്മിക്കുക .-ദി കാസിൽ -ഫ്രാൻസ് കാഫ്ക ]തന്റെ സങ്കല്പ സ്വർഗ്ഗം തേടി ചെന്നപ്പോൾ പ്രഭുവിനെ കാണാൻ കഴിയാതെ പുറത്താക്കപ്പെട്ട .എന്നാൽ ആ കോട്ടയ്ക്കു പുറത്തു കടക്കാൻ ഒരിക്കലും കഴിയാത്ത സ്ഥിതി സമത്വ വാദിയാണോ അയാൾ ? അതോ നിശ്ചയിക്കപ്പെട്ട സമയത്തിനു മുമ്പെത്തിച്ചേരുന്ന ,എന്നാൽ തന്റെ വിശ്രുത പൂര്വികന് നൽകപ്പെട്ട സ്വീകരണം കിട്ടാതെ തിരസ്കൃതനാവുന്ന പുതിയ നചികേതസ്സോ ?സൂസൻ സൊൻടാഗ് പറഞ്ഞതാണ് ശരി .കലാസൃഷ്ടിക്ക് പ്രത്യയശാസ്ത്ര പരമായ വ്യഖ്യാനങ്ങളിലൂടെ പുതിയ പാഠങ്ങൾ സൃഷ്ടിക്കുകയല്ല കൂടുതൽ മനസ്സിലാക്കാനും കൂടുതൽ നന്നായി ആസ്വദിക്കുവാനും ശ്രമിക്കുകയാണ് ആസ്വാദകൻ ചെയ്യേണ്ടത് .ഇതിലെ അത്യന്തം ആസ്വദനീയമായ ഭ്രമാത്മകത കഥയിലുടനീളം പ്രകാശം പരത്തുന്നുന്നു .അതാണല്ലോ ഫാന്റസിയുടെ ധർമ്മവും .ആ കാലത്തെഴുതപ്പെട്ട സമാമസ്വഭാവമുള്ള പലപേരുകേട്ട കഥകളേക്കാൾ ആസ്വദനീയമാണ് അവയോളം പ്രശസ്തമല്ലെങ്കിലും ഈ കഥ .
ഫാന്റസി ദീപ്തമാക്കിയ രണ്ടു കഥകൾകൂടിയുണ്ട് ഈ സമാഹാരത്തിൽ .'എന്നെത്തേടി എന്നെപ്പോലൊരാൾ ' 'രാമഭദ്രന്റെ സുഹൃത്ത് 'എന്നിവ .അവ കൊറേക്കൂടി ഈ കാലത്തോടടുത്ത് നിൽക്കുന്നു .നിലനിൽക്കുകയെന്നതാണ് ആദ്യം .നിലനിൽക്കുക എന്ന പ്രക്രിയയിലൂടെ നിലനില്പിനെ സാര്ഥകമാക്കുന്ന സത്ത കണ്ടെത്തുക ;ഈ തത്വത്തിൽ വിശ്വസിച്ചിരുന്ന അസ്തിത്വവാദികൾക്ക് 'പരാർത്ഥ സത്ത '(Being for Others ) പരമ പ്രധാനമായിരുന്നു .പക്ഷെ ആ പരൻ അവനവന്റെ തന്നെ അപരനാണെന്നു വന്നാലോ ?ഇത് ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യ ദശകങ്ങളിൽ അസ്തിത്വ വാദികൾ കണ്ടെത്തിയ ഒരു പ്രശ്നമല്ല .ചിരപുരാതനമാണത് .'ആത്മാവിനു ബന്ധു ആത്മാവാണ് ;ആത്മാവിന്റെ ശത്രുവും ആത്മാവ് തന്നെ 'എന്നർത്ഥം വരുന്ന ഗീതാശ്ലോകം ഓർക്കുക .അസ്തിത്വ വാദികൾ ചിരന്തനമായ ഈ തത്വത്തിനു നോവലിന്റെയും കഥയുടെയും കവിതയുടെയും രൂപം കൊടുക്കാൻ ശ്രമിച്ചുവെന്നേയുള്ളു .ഇവിടെ ശശാങ്കനും ഈ രണ്ടു കഥകളിലും സമാനമായ ധർമ്മമാണ് നിർവഹിക്കുന്നത് ;ആഹ്ലാദകരമായ വ്യത്യസ്തതയോടെ .തീവ്ര നൈരാശ്യത്തിന്റെ അസ്വാസ്ഥ്യമുണർത്തുന്ന രചനാ ശൈലിയല്ല ശശാങ്കന്റേത് .ഒളിപ്പിച്ചു വെച്ച നർമ്മത്തിന്റെ മൃദുഹാസത്തോടുകൂടിയ പ്രസന്നമായ ശൈലിയിലാണ് മറ്റു കഥകളെന്നപോലെ ഈ കഥകളും എഴുതപ്പെട്ടിരിക്കുന്നത് .അത് മാത്രമല്ല അപരനിൽ ശത്രുത ആരോപിക്കപ്പെടാനുള്ള കാരണങ്ങൾ സൂചകങ്ങളുടെ വിദഗ്‌ദ്ധ വിന്യാസത്തിലൂടെ അനുഭവ വേദ്യമാക്കുകയും ചെയ്യുന്നുണ്ട് കഥാകൃത്ത് .'എന്നെത്തേടി.......'എണ്ണകതയിലെ കോടതി കേസിനെ ക്കുറിച്ചുള്ള പ്രത്യക്ഷത്തിൽ നിരുപദ്രവമായ പരാമർശം ,'രാമഭദ്രന്റെ സുഹൃത്ത് 'എന്ന കഥയിലെ അയാളുടെ കവിതകളെ ക്കുറിച്ചുള്ള താത്വിക അവലോകനങ്ങൾ ഇവയൊക്കെ നോക്കുക .പ്രതീക ഭംഗിയാർന്ന സൂചകങ്ങളുടെ ഔചിത്യപൂർണമായ ,ആഘോഷങ്ങളേതുമില്ലാത്ത വിനിയോഗം ഈ കഥകളെ രസനീയമെന്നപോലെ സാർത്ഥകവുമാക്കുന്നു .ഇത് ഈ സമാഹാരത്തിലെ എല്ലാ കഥകൾക്കും പൊതുവായുള്ള സവിശേഷതയാണ് താനും .ഇടയ്ക്കു പറയട്ടെ ശൈലിയുടെ പ്രസാദാത്മകത്വം ശോകം സ്ഥായീഭാവമായുള്ള കഥകളിലും പ്രകടമാണ് .അതൊരിക്കലും രസ ഭംഗത്തിനു കാരണമാകുന്നുമില്ല .ശശിയുടെ രചനാതന്ത്രത്തിന്റെ സൗഭാഗ്യങ്ങളിലൊന്നാണിത് .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ