2021, സെപ്റ്റംബർ 2, വ്യാഴാഴ്‌ച

കഥായനം -------------------- ആര്‍. എസ്്. കുറുപ്പ് കഥാപ്രപഞ്ചം അതിവിപുലമാണ്. കഥ എന്ന പേരില്‍ അനാദി കാലം മുതല്‍ നില്‍ക്കുന്ന വാഗ്രൂപങ്ങൾക്ക് കയ്യും കണക്കുമില്ല. അപ്പോള്‍ കഥയിലൂടെ ഒരു സഞ്ചാരം എന്നര്‍ത്ഥമുള്ള തലക്കെട്ടിന്റെ വ്യാപ്തിയും അതി വിപുലമാണല്ലോ. ഇവിടെ പക്ഷേ കഥയെന്നതുകൊണ്ട് മലയാളത്തിലെ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ചെറുകഥകള്‍ എന്നു മാത്രമാണ് ഉദ്ദേശിക്കുന്നത്. അതില്‍തന്നെ പ്രതീക്ഷയുണര്‍ത്തുന്ന പുതിയ എഴുത്തുകാരുടെ കഥകളെ വായനക്കാരുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരിക എന്നതാണ് പ്രാഥമികമായ ഉദ്ദേശം. ലബ്ധപ്രതിഷ്ഠരായ കഥാകൃത്തുക്കളുടെ കൃതികള്‍ പരാമര്ശിക്കപ്പെടുകയില്ല , അവ കഠിനമായി നിരാശപ്പെടുത്തുന്നില്ലെങ്കില്‍. ഒരു കാര്യം കൂടി,ഈ പംക്തിയിൽ പരാമാര്‍ശിക്കപ്പെട്ടുപോയി എന്നതുകൊണ്ട് ഒരുകഥാകൃത്ത് ലബ്ധപ്രതിഷ്ഠനല്ല എന്നഭിപ്രായമുണ്ട് എന്നു തെറ്റിദ്ധരിക്കരുത് . ശ്രദ്ധേയങ്ങളായി തോന്നുന്ന ചില കൃതികളെ ക്കുറിച്ച് അഭിപ്രായ പ്രകടനം നടത്തേണ്ടി വന്നേക്കാം .ഒരു പ്രധാന കാര്യം : .സാഹിത്യ മൂല്യമാണ് പൊളിറ്റിക്കൽകറക്ട്നെസ്സ് അല്ല ഇവിടെ പരിഗണനാ വിഷയം എല്ലാ ചെറിയകഥകളും ചെറുകഥകളാവുകയില്ല. പിന്നെന്താണ് ചെറുകഥ ? 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ചെറുകഥ എന്ന സാഹിത്യരൂപം ആവിർഭവിച്ചത് . ദീര്‍ഘ കഥാഖ്യാനമായ നോവലിന്റെ പിറവിക്കുശേഷം കുറേക്കാലം കഴിഞ്ഞ്. . എങ്കിലും ചെറുകഥ (Short Story) എന്ന വാക്ക് നിഘണ്ടുവില്‍ ഇടം കണ്ടെത്തിയത് 1933ല്‍ മാത്രമാണ്. ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷ് ഡിക്ഷണറിയില്‍. ആ നിര്‍വചനത്തില്‍ പറയുന്നത് ഇങ്ങനെ പരിഭാഷപ്പെടുത്താം. ഗദ്യത്തിലുള്ള കെട്ടുകഥ. കൃത്യമായി ദൈര്‍ഘ്യം കല്‍പിക്കാന്‍ കഴിയാത്തത്. എന്നാല്‍ നോവലുകളുടെ കാര്യത്തില്‍ സാധാരണയായും നോവെല്ലകളുടെ കാര്യത്തിൽ ചിലപ്പോഴൊക്കെയും ചെയ്യാറുള്ളതുപോലെ ഒറ്റ പുസ്തകമായി പ്രസിദ്ധീകരിക്കാന്‍ കഴിയാത്തത്ര ഹ്രസ്വമായത് . ഒരു ചെറുകഥ സാധാരണയായി ഒന്നോ രണ്ടോ കാഥാപാത്രങ്ങളുള്ളതും ഒരൊറ്റസംഭവത്തെ , നോവലിന്റെ സുസ്ഥിരമായ സാമൂഹ്യ പശ്ചാത്തലത്തേക്കാള്‍ വളരെ കുറഞ്ഞ വ്യാപ്തിയിൽ കേന്ദ്രീകരിച്ചുള്ളതുമായിരിക്കും. . ഇതിന് ഒരു നൂറ്റാണ്ടെങ്കിലും മുമ്പ് ചെറുകഥാ പ്രസ്ഥാനത്തിന്റെ പ്രതിഷ്്ഠാപകരിലൊരാളായ എഡ്ഗാർ അലന്‍പോ ശ്രദ്ധേയമായ ചില നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ഒറ്റയിരുപ്പില്‍ വായിച്ചുപോകാവുന്ന ചെറിയ ആഖ്യാനങ്ങൾ എന്നാണദ്ദേഹം ചെറുകഥകളെ വിശേഷിപ്പിച്ചത്..ഈ ഹ്രസ്വാഖ്യാനങ്ങൾ നോവലുകള്‍ എന്ന ദീര്‍ഗാഖ്യാനങ്ങളിൽ നിന്നു വ്യത്യസ്തം മാത്രമല്ല ഉത്തമവുമാണെന്നായിരുന്നു പോയുടെ അഭിപ്രായം. ഗ്രീക്കുനാടകങ്ങളെ അനുസ്മരിപ്പിക്കുന്ന ഏകതാനത (unity ) ചെറുകഥകള്‍ക്കുണ്ടാവണമെന്ന അഭിപ്രായം പിന്നിട്ടുവന്ന ബ്രാൻഡൻ മാത്യൂസിനെ പോലെയുള്ള സാഹിത്യ ശാസ്ത്രജ്ഞരും ശരിവെക്കുന്നുണ്ട് .. എല്ലാ ലക്ഷണ വാക്യങ്ങളെയും ഉല്ലംഘിച്ച് ചെറുകഥ വളര്‍ന്നിരിക്കുന്നു. ചെറുകഥയിൽ അനിവാര്യമായി ഒന്നേയുള്ളൂ. അത് മനുഷ്യ കഥ പറയുന്നതായിരിക്കണം. രണ്ടുനൂറ്റാണ്ടിലധികം കാലത്തെ വികാസപരിണാമങ്ങളിലൂടെ ചെറുകഥ ആര്‍ജ്ജിച്ച രൂപഭാവങ്ങളെ ഉള്‍ക്കൊള്ളിച്ചുണ്ടായ ഒരു പുതിയ നിര്‍വചനം ഏറെക്കൂറെ സ്വീകാര്യമാണെന്നു തോന്നുന്നു. 2013ല്‍ പ്രസിദ്ധപ്പെടുത്തിയ ദ ഓക്‌സഫോര്‍ഡ് ബുക്ക് ഓഫ് അമേരിക്കന്‍ ഷോര്‍ട്ട്‌സ്‌റ്റോറ്റീസിന്റെ ആമുഖത്തിൽ അതിന്റെ സമാഹർത്രിയായ ജോയ്‌സ് കരോള്‍ ഓട്സ് ആണ് ഈ നിര്‍വചനം നല്‍കിയിരിക്കുന്നത്: "ഈ സാഹിത്യ രൂപത്തിന്റെ, എന്റെ വ്യക്തിപരമായ നിർവചനം എന്തെന്നാല്‍ അത് ഭാവനയുടെ സാന്ദ്രീകരണത്തെ, വിപുലീകരണത്തെയല്ല പ്രതിനിധാനം ചെയ്യുന്നു. അതിലെ നിഗൂഢതകളും പരീക്ഷണാത്മകതകളും എന്തുതന്നെയായാലും അതൊരന്ത്യത്തിൽ .എത്തിച്ചേരുന്നു .എന്നുവച്ചാല്‍ കഥ അവസാനിക്കുമ്പോള്‍ ശ്രദ്ധാലുവായ വായനക്കാരന്‍ അതെന്തുകൊണ്ടാണെന്ന് മനസ്സിലാക്കുന്നു". ചെറുകഥയെക്കുറിച്ചുള്ള ഭിന്നനിര്‍വചനങ്ങളും മറ്റും നമുക്ക് തുടർന്നുവരുന്ന ലക്കങ്ങളിലും ചര്‍ച്ച ചെയ്യാം. ഇപ്പോള്‍ നമുക്ക് കഥകളിലേക്ക് കടക്കാം.. ആഹ്ലാദകരമായ ഒരു കഥാനുഭവത്തില്‍ നിന്നാവട്ടെ തുടക്കം. ഒരു ചെറിയ പക്ഷേ, മനോഹരമായ കഥയില്‍ നിന്ന്. 2021 മാര്‍ച് 21 മാതൃഭൂമി വാരികയിലെ ബാലപക്തിയില്‍ ഫാസില സലീം എഴുതിയ അവളുടെ രാവ് എന്ന കഥയാണത്. ഫാസില സലീം നാലാംവര്‍ഷ എം. ബി. ബി. എസ്. വിദ്യാര്‍ത്ഥിനിയാണ്. ചെറിയ കുട്ടിയല്ല. കഥ ബാലപക്തിയിലായതുകൊണ്ട് ദൈര്‍ഘ്യം കുറവാണ്. സാധാരണ സമകാലിക മലയാള ചെറുകഥയുടെ നാലിലൊന്ന് വലിപ്പം. ഒന്നരപേജ്. ഒരു വിദ്യാലയത്തിലേക്ക് അവിടത്തെ ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥിനി നടത്തുന്ന രാത്രിസന്ദർശനമാണ് വിഷയം. മതില്‍ ചാടിയാണ് അവള്‍ ചേലത്ര ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെത്തുന്നത്. അവൾ ഒരു രാത്രി ജീവിയാണ്. താൻ പണ്ട് ലോങ് ജംമ്പിന് 6.25 മീറ്റര്‍ റെക്കോര്‍ഡിട്ട ഗ്രൗണ്ടിലേക്കാണ് അവള്‍ ചാടി വീഴുന്നത്. "മതിലുചാടുന്നവരുടെയും ന്യായം പഠിപ്പിച്ചിട്ടുള്ള നി ന്റെ അടുത്തുതന്നെ മതിലുചാടി രാത്രി വന്നിരിക്കാന്‍!-നിന്നെ ഒട്ടിച്ചേര്‍ന്നു ഒരു രാത്രി മുഴുവന്‍ ഇരിക്കാന്‍-----"' രണ്ടുദിവസം മുമ്പേ ഗെറ്റ് ടു ഗെതര്‍ ഉണ്ടായിരുന്നു സ്‌ക്കൂളില്‍. പകല്‍മുഖങ്ങളെ പേടിച്ചൊന്നുമല്ല അവള്‍ വരാതിരുന്നത്. ഇതുപോലൊരു സ്വപ്‌നസാഫല്യത്തിനുവേണ്ടിയായിരുന്നു. പത്താക്ലാസ് സി ഡിവിഷനിലെ തനിക്കൊപ്പം വളരാന്‍ കൂട്ടാക്കാതിരുന്ന ബെഞ്ചുകളിലൊന്നിൽ ഇരുന്നും കിടന്നും ഉണര്‍ന്നിരുന്നും സമാധാനമായി ഉറങ്ങിയും അവൾ രാത്രി കഴിച്ചുകൂട്ടുന്നതിന്റെ വര്‍ണ്ണനയിലൂടെ അന്നത്തെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ഇന്നത്തെ ഈ രാത്രി സഞ്ചാരിണിയായി മാറിയ കഥ ഹൃദയസ്പര്‍ശിയായി കലാ സൗഭഗത്തോടെ അനാവരണം ചെയ്യപ്പെടുന്നു,കാവ്യബിംബങ്ങളുടെ വിദഗ്‌ദ്ധ വിന്യാസങ്ങളിലൂടെ സാഹിത്യസൃഷ്ടി രമണീയമാവുന്നത് രമണീയാർത്ഥ പ്രതിപാദകങ്ങളായ വാക്കുകള്‍കൊണ്ടും വാക്യങ്ങള്‍ക്കൊണ്ടുംനിർമ്മിക്കപ്പെടുമ്പോളാണ്. ഈ കൊച്ചുകഥയുടെ സവിശേഷതയും അതാണ്. നോക്കൂ! കാലുകളിലും കൈയിലും എന്തിന് ചെവയില്‍പോലും ഒരു കള്ളന്റെ വ്യഗ്രതയുണ്ടായിരുന്നു അവൾക്ക് . ബോര്‍ഡെല്ലാം രാത്രിയേക്കാള്‍ കറുത്തിരിക്കുന്നു. മുഴുവനായി മാഞ്ഞിട്ടില്ലാത്ത ഫോര്‍മൂലകള്‍. കാലങ്ങളായി മാച്ചുകൊന്ന അക്ഷരങ്ങള്‍ കീഴെ ചാരമായി കൂടിക്കിടക്കുന്നുണ്ട്. പഴയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഇപ്പോഴത്തെ അവസ്ഥയില്‍ ഇതൊക്കെ ഇങ്ങിനെയല്ലാതെ പിന്നെങ്ങനെയാണ് നോക്കിക്കാണുക. നേരം വെളുത്തപ്പോള്‍ സ്വാഭാവികമായും അന്വേഷണവും പൊലീസുമൊക്കെയുണ്ടായി. സ്‌ക്കൂളിന് ഒന്നും നഷ്ടപ്പെട്ടിട്ടില്ലാത്തതുകൊണ്ട് അവളെ പോകാന്‍ അനുവദിച്ചു. അവള്‍ പക്ഷേ, കൊള്ളയടിച്ചുണ്ടായിരുന്നു.' കൊള്ള മുതല്‍ മുഴുവന്‍ മനസ്സിലെ അറയില്‍ ഒളിപ്പിച്ച് അവൾ പുറത്തേക്കു നടന്നു, ഗേറ്റു കടന്നു, ഒരു പിടികിട്ടാപ്പുള്ളിയുടെ കൗശലത്തോടെ-കൊലുസിന്റെ ശബ്ദം നേര്‍ത്തു നേര്‍ത്തു നേര്‍ത്തു വന്നു' എന്ന കഥ അവസാനിക്കുമ്പോള്‍ വായനക്കാരന് ബോദ്ധ്യമാവുന്നു നല്ല ഭാവഗീതത്തെപ്പോലെ നല്ല ചെറുകഥയും സമഗ്രമായ ജീവിതാഖ്യാനമാവുമെന്ന്. മാത്രമല്ല നമ്മള്‍ സ്വീകരിച്ച പുതിയ നിര്‍വചനത്തില്‍പറയുന്നതുപോലെ യുക്തി സഹമായ ഒരു അവസാനമുണ്ട് കഥയ്ക്ക്. പിന്നീടുള്ള അവളുടെ ജീവിതം. അത് മറ്റൊരു കഥയാണ്. ഇതിനു നേര്‍വിപരീതമായ അതീവ വേദനാജനകമായ ഒരു കഥാനു ഭ വത്തിലേക്കാണ് നമ്മളിനി പോകുന്നത്. 2020 ജനുവരി 19ലെ മാതൃഭൂമിയില്‍ സച്ചിദാനന്ദന്‍ എഴുതിയ അനന്തരം എന്ന കഥയാണ് പരാമര്‍ശ വിഷയം. കഴിഞ്ഞനൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ മലയാളത്തിലുദയം കൊണ്ട ആധുനികതാ പ്രസ്ഥാനത്തിന്റെ പ്രതിഷ്ഠാപകരിൽ പ്രമുഖനായ, കവിയും പ്രബന്ധകാരനുമായ ഡോ. കെ. സച്ചിദനന്ദന്റെ കൃതിയാണിതെന്ന് എഴുത്തുകാരന്റെ പടം കൊടുത്തിരിക്കുന്നതില്‍ നിന്ന് മനസ്സിലായി. സച്ചിദാനന്ദന്റെ ആദ്യചെറുകഥയേതെന്ന് എനിക്ക് നിശ്ചയമില്ല . എന്തായാലും ഞാന്‍ വായിക്കുന്ന ആദ്യ സച്ചിദാനന്ദൻ കഥ ഇതാണ്. കഥയില്‍ തന്നെ സൂചിക്കപ്പെടുന്നതുപോലെ ആദ്യകാല അമേരിക്കന്‍ ചെറുകഥ റിപ്പ് വാന്‍ വിങ്കിളിന്റെ രചനാശൈലിയാണ് സച്ചിദാനന്ദൻ സ്വീറ്കരിച്ചിരിക്കുന്നത് . ഇവിടെ പക്ഷേ റിപ്പ് വാന്‍ വിങ്കിളിന്റെ സ്ഥാനത്ത് മലയാളത്തിലെ ഒരു അതിപ്രശസ്തമായ കഥാപാത്രമാണ് പ്രത്യക്ഷപ്പെടുന്നത്. ഖസാക്കിലെ രവി . ബസ്സു വരാനായി കാത്തു കിടന്ന രവി ഉണര്‍ന്നെഴുല്‍ക്കുന്നു.2019ല്‍ ഒരു ദിവസം. പാമ്പു കടിച്ച മുറിവില്‍ ആരോ പച്ച മരുന്നു പുരട്ടിയിരുന്നുവത്രേ.അതിനിടയില്‍ കൂമന്‍കാവ് പുരോഗമിച്ചിരുന്നു. ഖസ്സാക്കിലേക്ക് ബസ്സര്‍വ്വീസും തുടങ്ങിയിരുന്നു. എന്നിട്ടും ബോധംകെട്ടുകിടന്ന രവിയെ ആരും ഒരു വൈദ്യന്റെ അടുക്കലേക്കെടുത്തുകൊണ്ടുപോയില്ല. അപ്പോള്‍ റിപ്പ് വാന്‍ വിങ്കിളോ ? എന്ന ചോദ്യം ഞാൻ കേള്‍ക്കുന്നു. റിപ്പ് വാന്‍ വിങ്കിൾ ശല്യക്കാരിയായ ഭാര്യയേയും വീട്ടില്‍ ചെയ്യുന്ന ജോലികളും ഒഴിവാക്കാന്‍ തന്റെ പട്ടിയുമൊത്ത് പോയത് കാറ്സ്കിൽ മലകളിലെ കാട്ടിലേക്കായിരുന്നു. അവിടെ അയാളെ കാത്ത് ആരും ഉണ്ടായിരുന്നില്ല,പൂർവികരുടെ മായാ രൂപങ്ങളൊഴികെ. ആറോ ഏഴോ പതിറ്റാണ്ടിനുശേഷം തിരികെയെത്തിയ രവി ഖസ്സാക്കില്‍ കാണുന്നകാഴ്ചകളുടെ വര്‍ണ്ണനയാണ് അനന്തരത്തിന്റെ ഉള്ളടക്കം. പലരും മരിച്ചു. രവിയുടെ കയ്യിലിരുന്നു വയസ്സറിയിച്ച കുഞ്ഞാമിന വൃദ്ധയായിരിക്കുന്നു. ശിവരാമന്‍ നായര്‍ ഒരാശ്രമം സ്ഥാപിച്ചിരിക്കുന്നു ബൗദ്ധന്മാരെ തിരികെ വീട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരാശ്രമം ഘര്‍വാപസി എന്നു പറയുന്നില്ല! അതാണ് സച്ചിദാനന്ദന്റെ വലിയ രചനാതന്ത്രം. അതു മാത്രമല്ല ഇത്തരമൊന്ന് ആവശ്യമാണെന്ന് സനാതനികള്‍ തോന്നത്തക്കവണ്ണം ആളുകളെ പ്രലോഭിപ്പിച്ച് ബൗദ്ധന്മാരാക്കുന്ന പുതിയ സരണികളെ രവി കാണുന്നതേയില്ല. ഒരു കൃതി പറയുന്ന കാര്യങ്ങളേക്കാള്‍ പ്രധാനം പറയാത്ത കാര്യങ്ങളാണെന്ന പിയറി മഷേറിയുടെ സിദ്ധാന്തം, മലയാളത്തില്‍ അവതരിപ്പിച്ചവരിൽ ഒരാളാണല്ലോ സച്ചിദാനന്ദന്‍. കൂടുതല്‍ വിസ്തരിക്കുന്നില്ല. സച്ചിദാനന്ദന്റെ വിഷയം ഖസാക്കിന്റെ ഇതിഹാസമോ റിപ്പ് വാൻ വിങ്കിളോ ഒന്നുമല്ല. സമകാലിക ഇന്ത്യന്‍ അവസ്ഥയെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ കഥാരൂപത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിയ്ക്കുകയാണദ്ദേഹം. പ്രത്യേകിച്ചും മതേതരപുരോഗമനാശയങ്ങള്‍ക്ക് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നുവെന്ന ദുര്യോഗം. അതില്‍ തെറ്റൊന്നുമില്ല. കഥയ്്ക്ക് എന്തും വിഷയമാവാം. പൂര്‍വ്വാപര ബന്ധമുള്ള ഒരുകഥ വേണമെന്ന നിര്‍ബന്ധം കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ കഥാകൃത്തുക്കള്‍ പലരും ഉപേക്ഷിച്ചുകഴിഞ്ഞിരുന്നു. ചില വിശ്വപ്രസിദ്ധ ചെറുകഥകളെങ്കിലുമുണ്ട്, സംഭാവ്യതകളും അസംഭാവ്യതകളും കൂട്ടികലര്‍ത്തി പരസ്പര പൂരകങ്ങളല്ലാത്ത ഇതിവൃത്തവഴികളിലൂടെ കാര്യകാരണ ബന്ധങ്ങളെ നിരാകരിച്ച് വികസിച്ചുവരുന്നവയായി. അവ മികച്ച ചെറുകഥകള്‍, മികച്ച കലാ സൃഷ്ടികളാവുന്നത് എന്തുകൊണ്ടാണ് ?. ഒരു കാരണമേയുള്ളൂ ഒരു രചനയിൽ സന്നിഹിതങ്ങളായിരിക്കുന്ന സാദ്ധ്യതകളില്‍ നിന്ന് ,ആഖ്യാന വൈചിത്രത്തില്‍ നിന്ന്്, കഥാപാത്രങ്ങളുടെ പ്രവൃത്തികളിലും മനോവ്യാപാരങ്ങളിലും നിന്ന്, ഭ്രമകല്‍പ്പനകളില്‍ നിന്ന് വായനക്കാരന് ഒരു കഥ വായിച്ചെടുക്കാന്‍ കഴിയുന്നു. ഭദ്രരൂപമായ മായ ഒരു കലാസൃഷ്ടി.. എഴുതപ്പെട്ട കരകൗശലവസ്തു (artefact ) വിൽ നിന്ന് വായനക്കാരന് ഒരു സൗന്ദര്യാത്മക വസ്തു (aesthetic object) സൃഷ്ടിക്കാന്‍ കഴിയണം. ഇവിടെ അതുണ്ടാവാനുള്ള വിദൂര സാധ്യതപോലുമില്ല.സമകാലിക ഇന്ത്യൻ അവസ്ഥയെക്കുറിച്ചുളള തന്റെ കാഴ്ചപ്പാടുകള്‍ ഖസ്സാക്കിലെ മരിച്ചവരും ജീവിച്ചവരുമായ കഥാപാത്രങ്ങളുടെ ചുമലില്‍ വെച്ചുകൊടുക്കുകയാണദ്ദേഹം. തന്റെ തനതായ ശൈലി കൈവിട്ട് ഖസാക്കിലെ അനുപമവും അനനുകരണീയവുമായ ശൈലി സ്വീകരിക്കാൻ തീരുമാനിച്ചപ്പോൾ തന്നെ സച്ചിദാനന്ദനു പിഴച്ചു. 'കൂമന്‍കാവില്‍ അനാദിയായ മഴവെള്ളത്തിന്റെ സ്പര്‍ശത്തില്‍' - എന്നു തുടങ്ങുന്ന ആദ്യവാചകം വായിച്ചു കഴിയുമ്പോള്‍ തന്നെ വായനക്കാരന്‍ നിരാശനാവുന്നു ' .-രണ്ടാമത് യുക്തി രാഹിത്യം ഖസാക്കിലെ നാമെന്നോ പരിചയപ്പെട്ട ജനത ഇപ്പോഴത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കപ്പെട്ടതെന്ന് സച്ചിദാനന്ദന്‍ നമ്മളെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന സമൂഹമായിട്ടുണ്ടെങ്കില്‍ അതിന് തക്ക കാരണം ഉണ്ടാവണം. അത് കഥയിലൂടെ വ്യക്തമാവുകയും വേണം. അങ്ങനെ വായനക്കാരനെ ബോദ്ധ്യപ്പെടുത്താനുതകുന്ന സൂചകങ്ങളൊന്നും കഥയിലില്ല. എന്തായാലും വിജയന്റെ ആത്മാവിനോടും ആരാധകരോടും ക്ഷമാപണം നടത്തിയിട്ടുണ്ട് ഒരടിക്കുറിപ്പിലൂടെ സച്ചിദാനന്ദന്‍. വലിയ ഒരു തെറ്റാണ് താന്‍ ചെയ്തതെന്ന് ബോദ്ധ്യപ്പെട്ടിട്ടാവണമല്ലോ .അദ്ദേഹത്തെപ്പോലൊരാൾ ക്ഷമാപണത്തിനു മുതിര്‍ന്നത്.. ഐവാന്‍ ഹോയുടെ മൂശയിലേക്ക് തിരുവിതാംകൂര്‍ ചരിത്രം ഉരുക്കിയൊഴിക്കുകയാണ് സിവി ചെയ്തതെന്നും ആ ജോലി അദ്ദേഹം വളരെ ഭംഗിയായി നിര്‍വ്വഹിച്ചിട്ടുണ്ടെന്നും പി. കെ .ബാലകൃഷ്ണന്‍ പറഞ്ഞിട്ടുള്ളത് സുവിദിതമാണല്ലോ സമകാലിക ഇന്ത്യന്‍ മതേതര ആഖ്യാനം ഖസ്സാക്കിന്റെ ഉലയിൽ ഉരുക്കി റിപ്പ് വാന്‍ റിങ്കളിന്റെ മൂശയിലേക്ക് പകരുകയാണ് സച്ചിദാനന്ദന്‍ ചെയ്തതെന്നും അത് അദ്ദേഹം ഒട്ടും ഭംഗിയായി നിർവഹിച്ചിട്ടില്ല എന്നും നമ്മള്‍ കണ്ടുകഴിഞ്ഞു .നമുക്ക് ഇപ്പറഞ്ഞ റിപ് വാൻ വിങ്കിളിലേക്ക് പോകാം ലോകകഥകളില്‍വിശ്രുതമായവയെ പരിചയപ്പെടുത്തുക എന്നൊരുദ്ദേശം കൂടിയുണ്ടു താനും ഈ പംക്തിക്ക്്. 'റിപ് വാൻ വിങ്കിൾ' ആദ്യകാല അമേരിക്കൻ ചെറുകഥാകൃത്തുക്കളിൽ പ്രമുഖനായ വാഷിങ്ടൺ ഇർവിങ്ങിന്റെ (1783 -1859 ) രചനയാണ്‌ ;കാല ദേശങ്ങളെ അതിജീവിച്ച് നിലനിൽക്കുന്ന സ്രെഷ്ട കൃതി .. വിഭിന്ന കാലഘട്ടങ്ങളില്‍ രചിക്കപ്പെട്ട കഥകളുടെ പുനര്‍വായന ചെറുകഥയെന്ന സാഹിത്യരൂപത്തിന്റെ വളര്‍ച്ചയെക്കുറിച്ച് ,രൂപത്തിലും ഉള്ളടക്കത്തിലും കാലംവരുത്തിയ, ഇ്‌പ്പോഴും വരുത്തികൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ സഹായിക്കും . ഗൗരവമുള്ള രചനയെ മാത്രമല്ലഗൗരവമുമുള്ള വായനയെയും അത് ഫലപ്രദമായി സ്വാധീനിക്കുമെന്ന് ഞാന്‍ കരുതുന്നു. വിപ്ലവപൂർവ അമേരിക്കയില്‍ ന്യൂയോര്‍ക്കിനടുത്തുള്ള കാറ്റ്സ്റ്റിക്കന്‍ പര്‍വ്വതത്തിന്റെ താഴ്വരയില്‍ ഹഡ്ണല്‍ നദിക്കരയില്‍ ഒരു ഡച്ച് കുടിയേറ്റ ഗ്രാമത്തിലെ താമസക്കാരനായിരുന്നു റിപ്പ് വാന്‍ റിങ്കിള്‍ ഭാര്യയും മക്കളുമൊക്കെയുള്ള വാന്‍ വിങ്കിള്‍ അലസനായിരന്നു എന്ന അഭിപ്രായമുള്ളത് സ്ത്രീനായകത്വത്തില്‍ വിശ്വസിക്കുന്ന,അലട്ടലുകാരിയായ അയാളുടെ ഭാര്യയ്ക്കുമാത്രമാണ്. കാരണം അയല്‍ക്കാരായ വീട്ടമ്മമാര്‍ക്ക് അയാള്‍ എന്തു സഹായവും ചെയ്തു കൊടുക്കും. കുട്ടികള്‍ക്കാവട്ടെ കൂടെ കളിക്കാനും കളിപ്പാടങ്ങളുണ്ടാക്കി കൊടുക്കാനും ഒക്കെ അയാളുണ്ട് എപ്പോഴും. സ്വന്തം വീട്ടിലെ കാര്യങ്ങള്‍ നോക്കുകയില്ല. സ്വന്തം കൃഷി സ്ഥലമാണെങ്കില്‍ ലോകത്തിലെ ഏറ്റവും ഫലഭൂഷ്ടി കുറഞ്ഞ ഭൂമിയാണെന്നാണ് അയാളുടെ അഭിപ്രായം, അതുകൊണ്ടങ്ങോട്ടു പോകാറേയില്ല, വീട്ടില്‍ കലഹം സ്വാഭാവികമാണല്ലോ, പ്രത്യേകിച്ചും ഭാര്യ സ്ത്രീനായകത്വത്തില്‍ വിശ്വസിക്കുന്ന ആളാവുമ്പോള്‍(Petticoat government എന്നാണ് മൂലകൃതിയിലെ പ്രയോഗം ) അലട്ടലും വഴക്കും സഹിക്കാതാ വുമ്പോള്‍ അയാള്‍ ഗ്രാമത്തിലെ ചായക്കടയില്‍ ചെന്നിരിക്കും. അവിടെ ആരെങ്കിലും കൊണ്ടിടുന്ന പഴയ പത്രക്കടലാസ്സുനോക്കി നാട്ടിലെ സ്‌ക്കൂള്‍ മാഷിന്റെ നേതൃത്വത്തില്‍ ചര്‍ച്ചയുണ്ടാവും. അതല്ലെങ്കില്‍ വാന്‍ വിങ്കിൾ തന്റെപഴയ തോക്കുമെടുത്ത് സന്തതസഹചാരിയായ പട്ടിയെയും കൂട്ടി മലയിലേക്കുപോകും അണ്ണാനെ വേട്ടയാടാന്‍. അത്തരമൊരു യാത്രക്കിടയില്‍ അയാള്‍ ഇടുമുഴക്കങ്ങള്‍ കേട്ടു; മദ്യവുമായി വരുന്ന ,പഴയ രീതിയില്‍ വസ്ത്രം ധരിച്ച ഒരാളെ ക്കണ്ടു. അയാളോടൊപ്പം നീര്‍ച്ചാല്‍ വറ്റിയ ഒരുവെള്ളച്ചാട്ടത്തിന്റെ പാതയിലൂടെ കയറിപ്പോയ വാന്‍ വിങ്കിള്‍ കണ്ടത് തന്റെ കുറേ പൂർവികരെയാണ് തൂവല്‍തൊപ്പി ധരിച്ച തടിച്ച ഒരാളിന്റെ നേതൃത്വത്തില്‍ നയന്‍പിൻസ് എന്ന പന്തുകളിയില്‍ ഏര്‍പ്പെട്ടിരികയാണ് വളരെ പഴയകാലത്തെ വേഷം ധരിച്ച ഏതാനും മാന്യന്മാര്‍. ആദ്യത്തെ ഡച്ചു കുടിയേറ്റക്കാര്‍ കൂടെ കൊണ്ടു വന്നതും ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നതുമായ ഒരു പെയിന്റിംഗിനെ അനുസ്മരിപ്പിക്കുന്നു അവർ . പന്തുരുളുന്ന ശബ്ദം ഇടിമുഴക്കം പോലെ കേള്‍ക്കാം. അവരുടെ സഹായിയായി കൂടിയ റിപ്പ് വാന്‍ വിങ്കിൾ മദ്യചഷകത്തില്‍ നിന്ന് അല്പം എടുത്ത് രുചി നോക്കുന്നു. പിന്നീടുപല തവണ കുടിക്കുന്നു. അയാളുടെ കണ്‍പോളകള്‍ അടഞ്ഞുവന്നു. രാവിലെ വൈകിയാണ് ഉണർന്നത് കലശലായ വിശപ്പോടെ പൂർവികരെ ഒരാളെയും കാണാനില്ല. കൂടെ കൊണ്ടുവന്ന പട്ടിയുമില്ല. അയാള്‍ മലയിറങ്ങി ഗ്രാമത്തിലേക്കു നടന്നു. ഗ്രാമം ആകെ അപരിചിതമായി തോന്നി. തന്റെ വീടു പൊളിഞ്ഞു കിടക്കുന്നു. പഴയ ചായക്കടയുടെ സ്ഥാനത്തും ഒരു പുതിയ കെട്ടിടം നില്‍ക്കുന്നു. അവിടെ പഴയ ചിത്രമുണ്ട്, അത് പക്ഷേ ബ്രീട്ടീഷ് ചക്രവര്‍ത്തി .... തിരുമനസ്സിന്റെയല്ല. ജോര്‍ജ്ജ് വാഷിംഗ്ടണ്‍ എന്ന ഒരു പട്ടാള ജനറലിന്റെയാണ്....... തന്റെ താടി കണ്ടമാനം വളര്‍ന്നിരിക്കുന്നുവെന്ന് ഇതിനിടയില്‍ എപ്പോഴോ റിപ്പ് വാന്‍ വിങ്കിള്‍ തിരിച്ചറിയുന്നുണ്ട്. ഉറങ്ങിയത് ഒരുരാത്രിയല്ല ഇരുപതുകൊല്ലമാണ്! അതിനിടയില്‍ ഗ്രാമത്തില്‍ , രാജ്യത്തും ലോകത്തും വലിയ മാറ്റമുണ്ടായിരിക്കുന്നു. ചക്രവര്‍ത്തിയുടെ ഭരണത്തിനെതിരെ യുദ്ധമുണ്ടായി. ബ്രിട്ടീഷ് പട്ടാളക്കാര്‍തോറ്റു. നാട്ടില്‍ ജനാധിപത്യം എന്ന പുതിയ ഭരണക്രമം വന്നു. പഴയ കൂട്ടുകാരില്‍ പലരും സ്വാതന്ത്ര്യയുദ്ധത്തില്‍ പങ്കെടുത്തു. ചിലരൊക്കെ മരിച്ചു. ചിലരൊക്കെ പുതിയ ഭരണസഭയായ കോണ്‍ഗ്രസ്സില്‍ എത്തി. വാന്‍ വിങ്കിള്‍ ഇപ്പോള്‍ ബ്രിട്ടീഷു രാജാവിന്റെ പ്രജയല്ല അമേരിക്കന്‍ ഐക്യനാടുകള്‍ എന്ന സ്വതന്ത്രരാജ്യത്തിലെ സ്വതന്ത്രപൗരനാണ്. വാന്‍ വിങ്കിളിന് മറ്റൊരു സ്വാതന്ത്ര്യവും കൂടി കിട്ടിയിട്ടുണ്ട്. മിസ്സിസ് വാന്‍ വിങ്കിളിന്റെ സ്വേച്ഛാ ദുരധികാരത്തില്‍ നിന്നുള്ള പരിപൂർണ്ണ സ്വാതന്ത്ര്യം. ആരെങ്കിലും അവരെക്കുറിച്ചു പറയുമ്പോള്‍ അയാള്‍ തലയും തോളും കുലുക്കി ദൃഷ്ടികള്‍ മുകളിലേക്കു പായിക്കുക മാത്രമാണ് ചെയ്യാറുള്ളത്. തന്റെ വിധിയുമായി പൊരുത്തപ്പെട്ടു എന്ന സൂചനായാവാം. അല്ലെങ്കില്‍ സ്വാതന്ത്ര്യം കിട്ടിയതിന്റെ സന്തോഷമാവാം എന്നാണ് ആഖ്യാതാവു പറയുന്നത്. എന്തായാലും മകളുടെയും ഭര്‍ത്താവിന്റെയും ഒപ്പം താമസമാക്കിയ വാന്‍ വിങ്കിള്‍ തന്റെ കഥ എല്ലാവര്‍ക്കും പറഞ്ഞുകൊടുത്തു കൊണ്ടിരുന്നു. ഗ്രാമത്തിലെ ഹെന്‍പെക്ട് ഭര്‍ത്താക്കന്മാരിൽ ചിലരെങ്കിലും അയാളുടെ അനുഭവം തങ്ങള്‍ക്കും ഉണ്ടാവണമെന്നാഗ്രഹിക്കാറുണ്ടായിരുന്നുവത്രേ. കാറ്റ്ഗ്‌സിക്കന്‍ പര്‍വ്വതശിഖരങ്ങൾക്ക് മുകളിലെ ആകാശത്ത് ഋതുഭേദങ്ങള്‍ സൃഷ്ടിക്കുന്ന വിവിധ ഭാവങ്ങളുടെ ഹൃദയഹാരിയായ വര്‍ണ്ണനയോടെ ആരംഭിക്കുന്ന ഈ ആദ്യകാലകഥ അവസാനിക്കുന്നത് . മലയിലെ വേനല്‍മഴയിലെ ഇടിമുഴക്കങ്ങളെ സൂചിപ്പിച്ചു കൊണ്ടാണ്. ഇതിന്റെ ആഖ്യാനശൈലി ഒരു സ്‌കെച്ചിന്റേതാണ് (കരടുചിത്രം )എന്ന് ഗ്രന്ഥകര്‍ത്താവ് പറയുന്നു. ഒരു രാജ്യത്തും ലോകത്തുതന്നെയും നിര്‍ണ്ണായകമായ മാറ്റങ്ങളുണ്ടാക്കിയ മഹാവിപ്ലവത്തെ തന്റെ അസാന്നിദ്ധ്യം കൊണ്ടുപ്രതിനിധീകരിക്കുന്ന നായകകഥാപാത്രം ഒരുകാര്യം കൂടി ഓര്‍മ്മിപ്പിക്കുന്നു. വിപ്ലവങ്ങള്‍ സാധാരണക്കാരുടെ ജീവിതത്തില്‍ ഉടനടി ഒരുമാറ്റവും വരുത്തുന്നില്ല. അയാളിപ്പോഴും കഥ പറഞ്ഞു ഗ്രാമത്തില്‍ കഴിയുകയാണല്ലോ. പക്ഷേ, മാറ്റങ്ങള്‍ അവിടെയുണ്ട് കാലക്രമത്തില്‍ പ്രത്യക്ഷപ്പെടാനായി. ആദിമ ഡച്ചുകുടിയേറ്റക്കാര്‍ കൂടെ കൊണ്ടുവന്ന ചിത്രത്തിലൂടെ സൂചിതമായ ഒരു പുരാവൃത്തത്തെ അപനിർമ്മിച്ച് ഒരു പുതിയ പുരാവൃത്തം സൃഷ്ടിക്കുകയാണ് വാഷിംഗ്ടണ്‍ ഇർവിങ് കരടുചിത്രത്തിന്റെ രൂപത്തിലുള്ള മനോഹരമായ ആഖ്യാനത്തിലൂടെ., ഈ അര്‍ത്ഥത്തില്‍, ആഖ്യാതാവ് സാക്ഷിയായിപ്പോലും പ്രതൃക്ഷപ്പെടാത്ത ഈ കഥ, ആഖ്യാതാവിന്റെ മനോരാജ്യ ങ്ങളിലൂടെയുള്ള സഞ്ചാരമായി കഥയെ വീക്ഷിക്കുന്ന ഇക്കാലത്തും പ്രസക്ത മാകുന്നുവെന്നു ഞാന്‍ വിചാരിക്കുന്നു. ഒപ്പം ഈ ആഖ്യാനശൈലിയുടെ അനുകരണംകൊണ്ടുമാത്രം ആശയങ്ങളെ വായനക്കാരുടെമേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം നല്ല ചെറുകഥയായി പരിണമിക്കുകയില്ലെന്നും. ഇനി ഒരു പുതിയ മദ്ധ്യതിരുവിതാംകൂര്‍ കഥയിലേക്കു വരാം.- 'ക്ലാപ്പന' നിധീഷ് ജി മാതൃഭൂമമി മാര്‍ച്ച് 1, 'അനുപമകൃപാനിധി....'. എന്ന കരുണയിലെ വരികളില്‍ തുടങ്ങുന്നു ഈ കഥ ..സ്വയം ഇല്ലാതായിക്കൊണ്ടും അന്യനെ ,താൻ സ്‌നേഹിക്കുന്ന അന്യനെ നിലനിര്‍ത്താന്‍ പ്രേരിപ്പിക്കുന്ന ചേതോവികാരമാണ് കരുണ . . മഹാകവിയുടെ പ്രശസ്ത രചനയിൽ നിന്ന് വ്യത്യസ്തമായി ഇവിടെ സാധാരണ വ്യക്തികള്‍ ,പാവപ്പെട്ട ക്ലാപ്പനക്കാര്‍ തമ്മിലുള്ള ബന്ധങ്ങളിൽ പ്രകടമാകുന്ന ഭാവങ്ങളാണ് പ്രതിപാദ്യം. മൈത്രി (പ്രയോജനാപേക്ഷയില്ലാത്ത ശുദ്ധസ്‌നേഹം)യിലൂടെയാണ് കരുണയിലെത്തുക. കരുണയെന്നാല്‍ പരദുഃഖം സ്വദുഖമായി അനുഭവിക്കാനുള്ള സന്നദ്ധത .നാണുവച്ചനും കാര്‍ഡോസ്സും തമ്മിലുള്ള ആത്മബന്ധം ,. കാർഡോസിനോട് അയാൾക്ക് ചീനിപ്പുഴുക്കും മീന്‍കറിയും കള്ളുംനല്‍കുന്ന വസുമതിക്കും തിരിച്ച് കാർഡോസിനങ്ങോട്ടുമുള്ള ആത്മബന്ധം , ഒടുവില്‍ അവൾ ശയ്യാവലംബി യാവുമ്പോള്‍ കാര്‍ഡോസിനുവേണ്ടി അവളെ നോക്കി രക്ഷിക്കേണ്ടിവരുന്ന നാണുവച്ചനോട് വസുമതിക്കു തോന്നുന്ന , അയാള്‍ക്കവളോടു തോന്നുന്ന ആത്മബന്ധം, നിസ്വാര്‍ത്ഥവും പ്രയോജനനിരപേക്ഷവുമായ സ്‌നേഹം, തത്ത്വജ്ഞാനികളുടെ ഭാഷയില്‍ മൈത്രി എത്ര മനോഹരമായാണ് വള്ളിക്കാവിനും ഓച്ചിറയ്ക്കും ഇടയിലുള്ള ഒരു കുഗ്രാമത്തിലെ സാധാരണക്കാരുടെ സംസാരഭാഷയിലൂടെ ഉരുത്തിരിഞ്ഞുവരുന്നത്. "അവൾ മേശപ്പുറത്തേക്ക് കൈകള്‍ കുത്തി കാര്‍ഡോസിന്റെ കണ്ണുകളിലേക്കു നോക്കി. വെളുത്തുതുടുത്ത മുലകള്‍ ബ്ലൗസിനുള്ളില്‍ നിന്നും അയാളുടെ മുഖത്തു ചെന്നു മുട്ടാന്‍ തുടങ്ങിയതായിരുന്നു. അപ്പോഴാണ് ആ അലര്‍ച്ച കേട്ടത്. 'ഡാ പൊലയാടി മോനേ...' വസുമതിയെവെച്ചു കൊണ്ടിരിക്കുന്ന ത്രാസ്‌ബാബുവിൽ നിന്ന് കാര്‍ഡോസിനെ രക്ഷിക്കാന്‍ വസുമതി വെട്ടുകത്തിക്കൊണ്ട് ത്രാസ്ബാബുവിനെ വെട്ടി.കുറ്റം സ്വയം ഏറ്റെടുത്തു. ത്രാസ് ബാബുവിന്റെ കൂട്ടുകാര്‍ വെട്ടിജീവച്ഛവമാക്കിയ . അവളെ കാർഡോസ് ഏറ്റെടുത്തു. അയാൾക്കുവേണ്ടി നാണുവച്ചന്‍ അവളെ ഭാര്യയാക്കി. എന്തിനാണിതൊക്കെ എന്നു ചോദിക്കുന്ന വസുമതിയോട് കാർഡോസ് പറയുന്നു. 'തോന്നുമ്പോഴൊക്കെ നിന്നെ വന്നു കാണാന്‍'. പക്ഷേ, അയാള്‍ ഇനി വരില്ല. അടുത്ത് വന്നിരുന്ന് കോച്ചിയ കൈവിരലുകള്‍ പിടിച്ചു നിവര്‍ത്തില്ല...' അയാള്‍ മരിച്ചു. പക്ഷേ, അയാള്‍ക്കുവേണ്ടി അവൾ എന്ന ഭാരം ഏറ്റെടുത്ത ആൾ വരും.നാണുവച്ച ൻ .കരുണയിലെ വരികൾ "അനുപമകൃപാനിധി .........." പാടിക്കൊണ്ട്. വസുമതി അയാളെ കാത്തു കിടക്കുന്നിടത്താണ് കഥ അവസാനിക്കുന്നത്. മൈത്രിയും മുദിതയും കരുണയും കടന്ന് മനുഷ്യബന്ധത്തില്‍ ഉല്‍പന്നമാവുന്ന ഗുണമാണത്രേ 'ഉപേക്ഷ',നിരുപാധികമായ സ്‌നേഹം,സ്വന്തമെന്ന ബോധമോ സംഗമോ ലവലേശവും സന്നിഹിതമല്ലാത്ത ബന്ധം. ഇവിടെ അതാണ്, ക്ലാപ്പന എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ അവിടത്തെ ദരിദ്രരും നിരക്ഷരവുമായ മനുഷ്യരുടെ ഭാഷയില്‍ ഫലപ്രദമായി വര്‍ണ്ണപ്പെട്ടിരിക്കുന്നത്.കഥാകൃത്ത് കരുണയിലെ വരികള്‍ ഉദ്ധരിക്കുന്നത് നിരുദ്ദേശമായിട്ടല്ല .നിസ്വരും നിരക്ഷരവുമായ സാധാരണ മനുഷ്യരുടെ ദൈനംദിന വ്യവഹാരങ്ങളില്‍ നിന്നാണ് തത്വചിന്തകളെല്ലാം ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത്. അവരുടെ ഭാഷയിൽ തന്നെ അവയ്ക് വാഗ്രൂപം നല്‍കാനുമാവും മനോഹരമായ ഒരു ചെറുകഥയുടെ ഭദ്രമായ രൂപശില്പത്തിൽ എന്ന് ഈ കഥ നമുക്കു കാണിച്ചു തരുന്നു ജനപ്രയസാഹിത്യം, ഉത്തമസാഹിത്യം എന്ന വേര്‍തിരിവ് ഈ പംക്തിയിലുണ്ടാവുകയില്ല. മലയാളത്തില്‍ പ്രസിദ്ധപ്പെടുത്തുന്ന ഏത് ആനുകാലികങ്ങളില്‍ വരുന്നകഥകളും ഇതിന്റെ പരിധിയില്‍ വരും. മലയാള മനോരമ ആഴ്ചപതിപ്പില്‍ ( 2020 ഒക്ടോബര്‍ 3) പ്രത്യക്ഷപ്പെട്ട 'കൂരായണൻ ' എന്ന മിനിക്കഥ രചന പി. ജി. ഗോപിനാഥകുറുപ്പ് - കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ വായിച്ച പല കഥകളേക്കാളും ശ്രദ്ധേയമായി തോന്നി. വിഷയം സുവിദിതമാണ്.ബസ്സിലോ ട്രെയിനിലോ മറ്റുയാത്രക്കാരെ തള്ളിമാറ്റി ആദ്യമേ കയറിയവരുടെ കാലുപിടിച്ച് അകത്തുകടന്നുകഴിഞ്ഞാല്‍ നാരായണന്‍ എന്ന യാത്രക്കാരന്‍ കൂരായണനായി മാറുന്നു. പിന്നീടൊരാളേയും അകത്തേക്കു കടത്തുകയില്ല അയാള്‍. ഇത് യാത്ര ചെയ്യുന്ന എല്ലാവർക്കും അനുഭവവേദ്യമായിട്ടുള്ള ഒരു കാര്യമാണ്. പക്ഷേ, ഇത് യാത്രയുടെ മാത്രം പ്രശ്‌നമല്ല. ഒരു സമൂഹമെന്ന നിലയില്‍ മലയാളി എന്നോ ആര്‍ജ്ജിച്ച ഒരു ദുർഗ്ഗുണമാണ് . വാക്‌സിനെടുക്കാന്‍ ക്യൂ നില്‍ക്കുന്നിടത്തുവരെ ലാത്തിചാര്‍ജ്ജുവേണ്ടി വരുന്ന സ്ഥിതിയിലേക്കു നമ്മളെ എത്തിച്ച സാമൂഹ്യ പൗരബോധരാഹിത്യം ഈ കൂരായണ സ്വാഭാവത്തിന്റെ ദുഷ്ഫലമാണ്. ഇതിലെ നാരായണന്‍,വേണമെങ്കില്‍ ബലപ്രയോഗവുമാവാന്നെ ഭാവത്തിൽ തടിയൻ യാത്രക്കാരനെ തള്ളിമാറ്റി ബസില്‍ പ്രവേശിച്ച് വ്യാക്ഷേപക രീതിയില്‍ കാച്ചുന്ന ഡയലോഗ് ശ്രദ്ധിക്കേണ്ടതാണ്. "ഇതു നല്ല ജനാധിപത്യം"!.പക്ഷേ, പിന്നീടാരെയും ഒരു സ്റ്റോപ്പിലും അയാള്‍ ബസ്സലേക്ക് പ്രവേശിപ്പിച്ചില്ല. ഇപ്പോള്‍ എന്റെ പേര് കൂരായണന്‍ എന്ന് അയാള്‍ പ്രഖ്യാപിച്ചു. മനോഹരമായ ഭാഷ, ഹൃദ്യമായ ബിംബകല്‍പ്പനകള്‍ ഇവയൊക്കെ ഉപയുക്തമാക്കി മലയാളി എന്ന കൂരായണ സമൂഹത്തെ വായനക്കാരുടെ മുമ്പില്‍ അനാവരണം ചെയ്യുന്നു ഈ കൊച്ചുകഥ. ഇതിനേക്കാള്‍ ചെറിയ ഒരു കഥ, ശ്രദ്ധേയമായ ഒന്ന് ഈ മനോരമ ലക്കത്തില്‍ തന്നെയുണ്ട്. ഭവ്യ കെ. എഴുതിയ 'മകളേ മാപ്പ്' -' തൂക്കിക്കൊല്ല് സാറേ പെറ്റക്കൊച്ചിനെകൊന്നമൃഗം' എന്ന് വിളിച്ചു പറഞ്ഞ മദ്ധ്യവയസ്‌കനെ വെട്ടിത്തുണ്ടമാക്കി അവള്‍ അലറി വിളിച്ചു. 'ഞാനും എന്റെ കൊച്ചും എങ്ങിനെയാ സാറെ ഒരാളെത്തന്നെ അച്ഛാ എന്നുവിളിക്കുന്നത്'. അവളുടെ ചോദ്യംനമ്മുടെമതേതര പുരോഗമജനാധിപത്യ സമൂഹത്തോടാണ്. കാലത്തിലൂടെ ഉരുത്തിരിഞ്ഞുവന്ന മൂല്യങ്ങളെയൊക്കെ അപഹസിച്ചില്ലാതാക്കുക, പകരം മൂല്യവ്യവസ്ഥ സൃഷ്്ടിക്കാതിരിക്കുക ഇതാണ് നമ്മുടെ സമൂഹം . നേരത്തെ പറഞ്ഞകഥയില്‍ കണ്ട കൂരായണരുടെ സമൂഹം ചെയ്തു കൊണ്ടിരിക്കുന്നത്്. ആ സമൂഹത്തോടാണ് അതിന്റെ ഇരയായ പെ്ണ്‍കുട്ടിയുടെ ചോദ്യം.അവര്‍ പുലര്‍ത്തുന്ന നിസ്സംഗതയ്ക്ക് അനുയോജ്യമായ നിസ്സംഗവും ശാന്തവുമായ ശൈലിയിൽ അവളുടെ ചോദ്യവും അതിന്റെ അനുക്തമായ ഉത്തരവും നൂറിൽ താഴെ വാക്കുകളിലൂടെ .ഭവ്യ .കെ..ആവിഷ്‌കരിച്ചിരിക്കുന്നു കഴിഞ്ഞകുറേക്കാലത്തിനിടയില്‍ വായിച്ച വളരെ നല്ല കഥകളിലൊന്നാണിതും തന്നെ ഉപേക്ഷിച്ചുപോകുന്ന കാമുകിയെ 'മംഗളം നേരുന്നു ഞാന്‍ മനസ്വിനി....'എന്നു പാടി യാത്രയയക്കുന്ന കാമുകന്മാരുടെ കാലം കഴിഞ്ഞിരിക്കുന്നു. ഹൃദയം ഒരു ക്ഷേത്രം എന്നും മംഗളം നേരുന്നു എന്നാലും അല്ലല്ലോ ഇപ്പോള്‍ സിനിമകള്‍ക്ക് പേരിടുന്നത്. നീ കൊ ഞാ ചാ എന്നല്ലേ. അക്ഷരാര്‍ത്ഥത്തില്‍ തന്നെ അതൊക്കെ സ്വീകരിച്ചിരിക്കുന്നു നമ്മുടെ സമൂഹം.ഒരു യുവതിയെ നിരവധിതവണ കുത്തി അവൾ മരിച്ചു എന്നുറപ്പു വരുത്തിയിട്ട് അവളെ തെരുതെരെ ചുംബിക്കുന്ന ഒരു യുവാവാണ് സി.വി. ബാലകൃഷ്ണന്റെ നരകത്തിലെ ചുവരെഴുത്തുകള്‍ (സമകാലികമലയാളം 2020 ഫെബ്രുവരി 3) എന്ന കഥയിലെ നായകന്‍. സ്ഥലത്തെ ഗുണ്ടാത്തലവന്‍മാരായ നാലുപേര്‍ അവനെ ക്രിമിനലുകളുടെ ക്ലബില്‍ എത്തിക്കുന്നു. അവനെ ശാന്തനാക്കുന്നു. അവന്റെ കയ്യിൽ അവർ ഒരു കൊലക്കത്തി വെച്ചുകൊടുത്തിട്ട് അവനോട് അവിടെ കൂടിയിരിക്കുന്നകൊലപാതകികള്‍, പെണ്‍വാണിഭക്കാര്‍, മോഷ്ടാക്കള്‍, കുഴല്‍പ്പണക്കാര്‍ തുടങ്ങിയ കൊടുംകുറ്റവാളികളിൽ .ആരെയെങ്കിലും കൊല്ലാന്‍ അവനോടാവശ്യപ്പെടുന്നു. അങ്ങനെ ചെയ്താൽ അവനവിടെ അംഗത്വം ലഭിക്കും. പക്ഷേ, അവന്‍ ചെയ്തതോ "ഹരകിരിയുടെ നേരമായി നേരമായി, കത്തി അവന്റെ വയറു കീറി." ഭാഷയുടെ ഭംഗിയും ആഖ്യാനത്തിന്റെ ചടുതലയും നര്‍മ്മബോധവും കഥയെവായനാക്ഷമാമാക്കുന്നുണ്ടെങ്കിലും സി.വി.ബാലകൃഷ്ണനെപ്പോലെ ഒരു കഥാകൃത്ത് ഈവിഷയംകൈകാര്യംചെയ്യുമ്പോള്‍ വായനക്കാര്‍ കൂടുതല്‍ പലതും പ്രതീക്ഷിക്കുന്നു. വിശേഷിച്ചും പ്രണയപരാജയം നമ്മുടെ യുവാക്കളെ കൊലപാതകത്തിലേക്കും സ്വയം ഹത്യയിലേക്കും നയിക്കുന്ന സാഹചര്യങ്ങളുടെ കൂടി കലാത്മകമായ ആവിഷ്്ക്കാരം. എല്ലാവര്‍ക്കും അറിയാവുന്ന ,പക്ഷേ, നമ്മുടെ ബുദ്ധിജീവി വര്‍ഗ്ഗം പരസ്യമായി അംഗീകരിക്കുവാന്‍ കൂട്ടാകാത്ത ഒരു വസ്തുത: നിലവിലുണ്ടായിരുന്ന മൂല്യങ്ങളെ ആകെ അപഹസിച്ചും വിമര്‍ശിച്ചും ഇല്ലാതാക്കുകയാണ് നമ്മുടെ സ്വനിയുക്ത സാംസ്കാരിക നായകര്‍ . എല്ലാ പരിവര്‍ത്തനങ്ങളും സ്വാഭാവികമായി നിലനില്‍ക്കുന്ന മൂല്്്യ വ്യവസ്ഥയെ തകര്‍ത്തെറിയും. പക്ഷേ, പുതിയ ഒരു വ്യവസ്ഥയ്ക്ക്് അടിത്തറയിട്ടുകൊണ്ടായിരിക്കും അത്. ഇവിടെ പക്ഷേ, പുതിയമൂല്യങ്ങളെക്കുറിച്ചൊന്നും സാംസ്്കാരിക പരിഷ ചിന്തിക്കുന്നതേയില്ല. ഈ സാഹചര്യത്തിന്റെ സൃഷ്ടിയാണ് യുക്തിരഹിതമായ നിലയില്‍ അക്രമാസക്തമാകുന്ന യുവതലമുറ. ബാലകൃഷ്ണന്റെ കഥയില്‍ അനിവാര്യമായിരുന്നു ഈ പശ്ചാത്തലം .അതുണ്ടായിരുന്നുവെങ്കിൽ കുറേക്കൂടി മികച്ച കഥയാവുമായിരുന്നു 'നരകത്തിലെ ചുവരെഴുത്തുകൾ ' ------------------------------------------------------------------------------------------------------------------------------------------------------------------------------- ആർ .എസ് .കുറുപ്പ് സൗപർണിക . 139 താമരശേരി റോഡ് പൂണിത്തുറ എറണാകുളം പിൻ 682038

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ