2022, ഏപ്രിൽ 2, ശനിയാഴ്‌ച

നിന്റെ മന്ദസ്മിതം പോലുമൊരു വസന്തം -------------------------------------------------------- [ മോഹനമന്ദിരത്തിലേക്ക് ,ആദ്യയാത്ര ] തൊള്ളായിരത്തി എഴുപത്തിയഞ്ചിന്റെ തുടക്കത്തിലാണ്, അതായത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുതിന് നാലഞ്ചുമാസം മുന്‍പ്, ഞാന്‍ മോഹനമന്ദിരത്തില്‍ ആദ്യം പോയത്. സഹോദരതുല്യനും പ്രിയങ്കരനുമായ ഗോപാലകൃഷ്ണനുമൊന്നിച്ച്. തറവാട്ടുവീട്ടിലെ അയല്‍ക്കാരനായ നാരായണപിള്ള ചേട്ടനുമുണ്ടായിരുന്നു കൂടെ. ഉദ്ദേശം: പെണ്ണുകാണാന്‍. ആ ആഴ്്ച വീട്ടിലെത്തിയപ്പോള്‍ അമ്മ പറഞ്ഞു ബുദ്ധ ജംഗ്ഷന് അടുത്തുള്ള വീടാണ്. 'അമ്മ അവിടെ പോയിരുന്നു. നല്ല കുട്ടി. നീ ഒന്നു പോയിക്കാണ് എന്ന് . ഞാന്‍ ആദ്യം മടിച്ചു .പെണ്ണു കാണൽ ബോറാണ് .എങ്കിലും പോയി . ജോലി കിട്ടി അഞ്ചു കൊല്ലം കഴിഞ്ഞുഇനി വീട്ടില്‍ നിർബന്ധിച്ചാൽ കല്ല്യാണം കഴിക്കാം എന്നുതോന്നിത്തുടങ്ങിയിരുന്നു . ഏറ്റവും നല്ല ആശ്രമം ഗൃഹാസ്ഥാശ്രമമാണെന്ന് മഹാഭാരതത്തില്‍ പറയുന്നുണ്ടെന്ന്് ഞാനെവിടെയോ വായിച്ചിരുന്നു . സമരങ്ങളെല്ലാം കഴിഞ്ഞു താരതമ്യേന ശാന്തമായ അന്തരീക്ഷമായിരുന്നു ഓഫീസില്‍. സുഹൃത്തുക്കളിൽ ചിലരൊക്കെ പിരിച്ചു വിടപ്പെട്ടു . എനിക്കുകിട്ടിയ ശിക്ഷ പ്രമോഷന്‍പരീക്ഷയുടെ രണ്ടാം ഭാഗം എഴുതുന്നതില്‍ നിന്നുള്ള ഒരു കൊല്ലത്തെ വിലക്കായിരുന്നു. രണ്ടാം ഭാഗം താരതമ്യേന എളുപ്പമാണ്.എഴുതി എടുക്കാവുന്നതേയുള്ളു .അതു കൊണ്ട് കല്യാണം നടക്കട്ടെ, പക്ഷേ അതിന് പെണ്ണുകാണൽ എന്ന ദുര്‍ഘടത്തിലൂടെ കടന്നുപോകേണ്ടതുണ്ട്. ഒരു കാണല്‍കൊണ്ടു കല്ല്യാണം നടക്കുന്നതൊക്കെ അപൂർവമായിരുന്നു. എനിക്കും രണ്ടുമൂന്നിടത്തൊക്കെ പോകേണ്ടി വന്നു. അവിടൊക്കെ ഗോപാലകൃഷ്ണനുമുണ്ടായിരുന്നു. ആ പ്രത്യേക പരിപാടിയുടെ ഹംസവും. വിവിധ വിഭാഗത്തില്‍പ്പെട്ട മാട്രിമോണികളും മൊബൈല്‍ വീഡിയോകാള്‍ സൗകര്യവുമൊക്കെയുള്ള ഇന്നത്തെതലമുറയ്ക്ക് അന്നത്തെപെണ്ണുകാണല്‍ യജ്ഞത്തിന്റെ അസഹനീയതകളെക്കുറിച്ചു പറഞ്ഞാല്‍ മനസ്സിലാവുമോ എന്നറിഞ്ഞുകൂടാ. ചെറുക്കന്‍ സുഹൃത്തുക്കള്‍ - ഒരാളെങ്കിലും നിര്‍ബന്ധമായും ഉണ്ടാവും -ഹംസം ഇവരൊക്കെ വിവാഹാര്‍ത്ഥിനിയായ യുവതിയുടെ വീട്ടിലെത്തുന്നു. മിക്കവാറും ഉച്ചതിരിഞ്ഞിട്ടായിരിക്കും .ചിരി ,സന്തോഷം സ്വാഗതം. ലഘുഭക്ഷണപാനീയവുമായി യുവതിയുടെ രംഗപ്രവേശം . ചെറുക്കനും പെണ്ണുമായി രണ്ടുവാക്കു സംസാരിക്കല്‍. വീണ്ടും ചിരി സന്തോഷം യാത്രയയ്ക്കല്‍. ചോദ്യോത്തരപംക്തി ഏതാണ്ടെഴുതി തയ്യാറാക്കിയതുപോലെയാണ്. സ്ഥിരം ചോദ്യങ്ങളും ഉത്തരങ്ങളും.കല്യാണം നടക്കുന്നത് അപൂർവമാണ് . വേണ്ടാ എന്നാരും പറയുകയില്ല. ജാതകം ചേരുന്നില്ല എന്നതാണ് സ്ഥിരം പല്ലവി. സംഗതി ബോറാണെങ്കിലും ഈ പെണ്ണുകാണലില്‍ ആസ്വാദ്യമായി ഒന്നുണ്ടായിരുന്നു. ഞങ്ങള്‍ വരേണിക്കൽക്കാർക്ക് .അക്കാലത്ത് തീരെ പരിചിതമല്ലാതിരുന്ന ബേക്കറി പലഹാരങ്ങളും പുതിയതരത്തിലുള്ള പാനീയങ്ങളും. പിന്നെ അതായി പ്രധാനം. ഞങ്ങള്‍ ആസ്വദിച്ചു എന്നതാണ് സത്യം. കരുവാറ്റയിലേക്കാള്‍ നന്നായിരുന്നു പാലമേലേത് എന്നു ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ കരുവാറ്റക്കാരുടെ ഓറഞ്ച് ജ്യൂസിനേക്കാള്‍ രുചികരമായിരുന്നു പാലമേല്‍ക്കാരുടെ ബ്രൂകോഫി എന്നു മാത്രമായിരിക്കും അര്‍ത്ഥം. അതും ബോറടിച്ചുതുടങ്ങി. ആരുടെ ജാതകവുമായി യോജിക്കാത്ത ഒന്നാണോ എന്റെ ജാതകം? അത്രമോശമൊന്നുമല്ലെന്നാണ് സ്ഥലത്തെ വരാഹമിഹിരൻമാരുടെ അഭിപ്രായം. എല്ലായിടത്തും തിരസ്‌കരിക്കപ്പെടാന്‍ എന്ത് അയോഗ്യതയാണ് എനിക്ക്. തരക്കേടില്ലാത്ത ജോലിയുണ്ട്. ജോലിയില്‍ ഉയര്‍ച്ചക്കുള്ള സാദ്ധ്യതയുണ്ട്. വീട്ടില്‍ മോശമല്ലാത്ത ചുറ്റുപാടുണ്ട്. ഞാന്‍ പോയിക്കണ്ട പെണ്‍കുട്ടികളാരും ഡോക്ടറെയും എന്‍ജിനീയറേയുമൊന്നും നോക്കിയിയിരിക്കുന്നവരായിരുന്നില്ല. പിന്നെ എന്റെ രൂപഭംഗി? പക്ഷേ ഞാന്‍ കണ്ട യുവതികളാരും 'രൂപമിച്ഛന്തി കന്യക 'മാരായി തോന്നിയില്ല . സംസാരിച്ചു പിരിയുമ്പോള്‍ അവരുടെ പെരുമാറ്റത്തില്‍ തിരസ്‌കാരത്തിന്റെ മുദ്രകളൊന്നും കണ്ടിരുന്നതുമില്ല പിന്നെ? കാരണമുണ്ട്. ഞാന്‍ മാര്‍കിസ്റ്റ് ആയിരുന്നു അത്രേ. ഇപ്പോള്‍ അതു പറഞ്ഞാല്‍ മനസ്സിലാവുമോ എന്നറിഞ്ഞുകൂടാ. അന്ന് മാര്‍കിസ്റ്റ്് എന്നത്് ഇടത്തരക്കാരുടെ ഇടയില്‍ വലിയ ഒരു ശകാരപദമായിരുന്നു. എന്തിനേയും ഏതിനെയും മുട്ടുകുത്തിക്കാന്‍ മാർക്സിസ്റ് എന്ന പദം ഉപയുക്തമാക്കപ്പെട്ടിരുന്നു . അന്നത്തെ കേരളത്തിന്റെ രാഷ്ട്രീയ ഭൂപടം ഓര്‍ക്കുന്നുണ്ടാവുമല്ലോ. മാര്‍കിസ്റ്റു പാര്‍ട്ടി ഏതാണ്ട് തനിച്ച് പ്രതിപക്ഷത്ത് സി പി ഐ ,ആർ എസ് പി ,പി എസ പി ,മുസ്ലിം ലീഗ് ,കേരള കോൺഗ്രസ് എന്നിവരെല്ലാം ചേർന്ന കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന ഭരണ മുന്നണി മറുവശത്തും . ഏതെങ്കിലും ഒരു സമരത്തിന് മാര്‍കിസ്റ്റ് മുദ്ര ചാര്‍ത്തിക്കൊടുത്താല്‍ മതി ആ സമരം പൊതുദൃഷ്ടിയിൽ അക്രമ സമരം ആയിക്കൊള്ളും .പിന്നെ അടിച്ചമർത്താൻ എളുപ്പമാണ് . തീരെ സഹികെട്ടപ്പോള്‍ ഞങ്ങൾ മാർക്സിസ്റ് സഹയാത്രികർ വിളിച്ചു പോയ മുദ്രാവാക്യമാണ് . 'ഉപ്പും മുളകും മാര്‍കിസ്റ്റാണോ കപ്പയുമരിയും മാര്‍കിസ്റ്റാണോ..........' എന്നുള്ളത്. രണ്ടാം ഇ. എം.എസ്സ്്. മന്ത്രിസഭയുടെ കാലത്ത്് കാര്‍ഷികരംഗത്തുണ്ടായ പരിവര്‍ത്തനങ്ങളാണ്, കൂലിവര്‍ദ്ധനവും മറ്റും , നെല്‍കൃഷിക്കാരോ കരക്കൃഷിക്കാരോ ഒക്കെയായ ഇടത്തരക്കാരില്‍ മാര്‍കിസ്റ്റ് ഫോബിയ സൃഷ്ടിച്ചത്. ഞാന്‍ പാര്‍ട്ടി മെമ്പര്‍ ഒന്നുമായിരുന്നില്ല. അനുഭാവിായിരുന്നു. 1970 ലെ തെരഞ്ഞെടുപ്പില്‍ നാട്ടില്‍ വന്ന് മാര്‍കിസ്റ്റ് പാര്‍ട്ടി പിന്തുണക്കുന്ന സ്ഥാനാര്‍ത്ഥിക്കുവേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓഫീസില്‍ നടന്നസമരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. 1974ല്‍ റയില്‍വേ പണിമുടക്കിനെ പിന്തുണച്ചുകൊണ്ടുള്ള സമരത്തിലുള്‍പ്പെടെ.അത് പോലെ 72 ഇൽ .ഡിസ്മിസലിനെതിരെ എന്റെ ഓഫീസിൽ നടന്ന സമരത്തിലും ഞാൻ സജീവമായി പങ്കെടുത്തിരുന്നു .ജനാധിപത്യത്തിന്റെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ നിഷേധത്തിനെതിരെയുള്ള വളരെ ദുര്‍ബലമായ ചെറുത്തുനില്‍പ്പിന്റെ ഭാഗമാവുക ഒരു പൗരനെന്നനിലയില്‍ എന്റെ കടമയാണെന്ന് എനിക്കുതോന്നി. അതിന്റെ പേരിൽ പെണ്ണുകിട്ടിയില്ലെങ്കില്‍വേണ്ട. സമത്വസുന്ദരമായ ഒരു സാമൂഹ്യവ്യവസ്ഥ താമസിയാതെനിലവില്‍ വരുമെന്നും അന്ന് ഇഷ്ടപ്പെടുന്നവരെ വിവാഹം കഴിക്കാന്‍ യുവതീയുവാക്കള്‍ക്ക് കഴിയുമെന്നും ഞാന്‍ ആശ്വാസം കൊണ്ടു. 'യുവജനഹൃദയം സ്വതന്ത്രമാണവരുടെ കാമ്യപരിഗ്രഹേച്ഛയിൽ ..'എന്ന കവിവാക്യം സത്യമാകുന്നു കാലം ആസന്നമാണെന്ന് ഞാൻ എന്നെത്തന്നെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു . ആയിടയ്ക്ക് ഒരു ദിവസം പുത്തന്‍മഠത്തിലെ കൊച്ചമ്മവീട്ടില്‍വന്നു. തറവാട്ടിലെ ബന്ധുവായ ഒരു അമ്മൂമ്മ.പണ്ഡിത. സംസ്‌കൃതവിദ്യാഭ്യാസം നേടിയിട്ടുണ്ട്. പുരാണങ്ങളും കാവ്യനാടകങ്ങളും മാത്രമല്ല. ജ്യോതിഷവും പഠിച്ചിട്ടുണ്ട്. പക്ഷേ പ്രാക്ടീസ് ചെയ്യാറില്ല. അടുപ്പമുളളവരുടെ കാര്യത്തില്‍ നോക്കിപ്പറയും. എന്റെ ജാതകവും കൊച്ചമ്മ നോക്കി. ശ്ലോകമുദ്ധരിച്ചുകൊണ്ട്്പറഞ്ഞതിങ്ങനെയാണ്. താമസിയാതെ നിന്റെ വിവാഹം നടക്കും. പെണ്‍കുട്ടി സുന്ദരിയായിരിക്കുമെന്നു മാത്രമല്ല ഉന്നതബിരുദധാരിണിയുമാ യിരിക്കും. പക്ഷേ, ഒരു പ്രത്യേകത, അത് കൊച്ചമ്മയുടെ അഭ്യസ്തമായ നിഗമനമാണ് ഗ്രന്ഥങ്ങളിലുള്ളതല്ല. വ്യാഴത്തിന്റെയും ശുക്രന്റേയും സ്ഥാനങ്ങളും അവയ്ക്കു കളത്രസ്ഥാനവുമായുള്ള ബന്ധവും. വെച്ചു നോക്കുമ്പോള്‍ സ്വരചേര്‍ച്ചയില്ലായ്മയ്ക്ക് സാദ്ധ്യതകാണുന്നു. ശുക്രനും വ്യാഴവും പരിണിത പ്രജ്ഞരായ ഗുരുക്കന്മാരാണല്ലോ. അതുകൊണ്ട്‌ പുറത്തറിയത്തക്കവണ്ണമുള്ള കലഹമുണ്ടാവുകയില്ല. ഇടയ്‌ക്കൊക്കെ യുള്ള സ്വരചേര്‍ച്ചയില്ലായ്മ;അത് ഏതു വീട്ടിലാണ് ഇ്ല്ലാത്തത്.. കൊച്ചമ്മ ആശ്വാസ വാക്കു പറഞ്ഞു. ഞാന്‍ തിരുവനന്തപുരത്തിനു പോയി. അടുത്ത് ഒരു വാരാന്ത്യത്തില്‍ വന്നപ്പോഴാണ് 'അമ്മ മാവേലിക്കരയിലെ കാര്യം പറഞ്ഞത്. ഞാന്‍ മടിച്ചു.അമ്മ മാത്രമല്ല അച്ഛനും നിർബന്ധിച്ചു ; ഗോപാലകൃഷ്ണന്‍ സ്വതസിദ്ധമായ നര്‍മ്മബോധത്തോടെപ്രോത്സാഹിപ്പിച്ചു: "പുതിയ തീറ്റ സാധനങ്ങളെന്തെങ്കിലും കാണും ". അങ്ങിനെ നേരത്തെ ഹാജരായിരുന്ന നാരായണപിള്ള ചേട്ടനുമൊത്ത്് ഞാന്‍ ഗോപാലകൃഷ്ണനുമായി മാവേലിക്കരയ്ക്ക്. പതിവു ചടങ്ങുകള്‍, എഴുതി തയ്യാറാക്കിയ തിരക്കഥ അനുസരിച്ച്. ബേക്കറി പലഹാരങ്ങള്‍ക്കുപകരം ചക്കച്ചുള വറുത്തതായിരുന്നു. കടുപ്പം കൂടുതലുള്ള ചായയും. ഗോപാലകൃഷ്ണൻ നേരത്തെ ചക്കയുണ്ടായതിനെക്കുറിച്ചുള്ള സംഭാഷണം സമകാലിക രാഷ്ട്രീയത്തിലെത്തിച്ചു . അയാള്‍ വലിയ ഒരു ഇന്ദിരാ പക്ഷപാതിയാണ് അവിടത്തെ അച്ഛനാവട്ടെ ബീഹാറിൽ ടാറ്റാകമ്പനിയിൽ ജോലി ചെയ്തിരുന്ന കാലത്ത് ഗാന്ധിജി , സുഭാഷ് ചന്ദ്ര ബോസ് തുടങ്ങിയ സ്വതന്ത്ര്യ സമരനേതാക്കളെ നേരിട്ടുകണ്ടിട്ടുള്ള , ഇന്ദിരാഗാന്ധിയുടെ സമീപകാല പ്രവൃത്തികളില്‍ അഭിപ്രായവ്യത്യാസമുള്ള ആളും .അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതിന് തൊട്ടു മുമ്പുള്ള കാലമായിരുന്നല്ലോ രണ്ടുപേരും താന്താങ്ങളുടെ ഭാഗം വീറോടെ വാദിച്ചു കൊണ്ടിരുന്നു . അതിനിടയില്‍ പെണ്‍കുട്ടി വന്നു,പോയി. ഞാന്‍ ഒന്നു രണ്ടു ചോദ്യങ്ങള്‍ ചോദിച്ചു. ഡിഗ്രിക്ക് സബ്‌സിഡറി എന്തായിരുന്നു എന്നൊക്കെയുള്ള പതിവുചോദ്യങ്ങള്‍. സത്യം പറയണമല്ലോ ഞാന്‍ നേരത്തെ പോയി കണ്ടവരേക്കാൾ മുഖശ്രീ യുണ്ടായിരുന്നു ഇവർക്ക് . ഗൗരവക്കാരിയാണ്. പക്ഷേ പല ഗൗരവക്കാരുടെയും മുഖത്തു കാണുന്ന കയ്പ്പ് .ഇവിടെയുണ്ടായിരുന്നില്ല. എന്നല്ല അവ്യക്തമായ ഒരു പ്രസന്നത കാണാമായിരുന്നു. ദൂരെയെവിടെയോ ഒരു പൂവിരിയുന്നതു പോലെ ,ഉദയത്തിനു മുമ്പുള്ള ആകാശം പോലെ. ..........ഞാൻ ചർച്ചയിലേക്കു മടങ്ങി . പക്ഷേ നാരായണപിള്ള ചേട്ടന് തൃപ്തിയായില്ല. അദ്ദേഹം എന്നെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ അമ്മയുമുണ്ടായിരുന്നു. വലിയഗൗരവക്കാരി. .... വിദ്യാസമ്പന്നരായ രണ്ടുപേര്‍ ഒരു യുവാവും ഒരു യുവതിയും ബന്ധുവീട്ടില്‍ വെച്ചോ മറ്റോ പരിചയപ്പെട്ടാല്‍ പരസ്പരം സംസാരിക്കാറില്ലേ. ആ ശൈലിയില്‍ ഞങ്ങള്‍ സംസാരിച്ചു തുടങ്ങി.ബിഷപ് മൂർ .കോളേജില്‍ ജോലി ചെയ്തിരുന്ന എന്റെ ചില സുഹൃത്തുക്കള്‍ അവരുടെ അദ്ധ്യാപകരായിരുന്നു. എം. എസ്. സി. ക്കു പഠിച്ച യൂണിവേഴ്‌സിറ്റി കോളേജിലെ സുവോളജി പ്രൊഫസര്‍ ഞാന്‍ അവിടെപഠിക്കുമ്പോള്‍ഞങ്ങളുടെ ഹോസ്റ്റല്‍ വാര്‍ഡനായിരുന്നു. ഇതിനൊപ്പം താല്‍ക്കാലികമായി ഒന്നു രണ്ടു കോളേജുകളില്‍ പഠിപ്പിച്ചത്. ബി. എഡി.നു പഠിച്ചത് ഒക്കെ സംസാരവിഷയമായി.ഒരു പാടു സംസാരിക്കുന്ന എനിക്കറിയാം പൊതുവേ മിതഭാഷികളായവരും മനസ്സു തുറക്കാന്‍ തുടങ്ങിയാല്‍ ധാരാളം സംസാരിക്കുമെന്ന്. അങ്ങിനെ മുന്നോട്ടു പോയ സംഭാഷണത്തിന്റെ ഒരു ഘട്ടത്തിലാണ് അത് സംഭവിച്ചത് അവര്‍ ചിരിച്ചു. ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മനോഹരമായ ചിരി!. 'ഒരിക്കല്‍ നീ ചിരിച്ചാൽ വിടരും പൗര്‍ണ്ണമികള്‍','നിന്റെ മന്ദസ്മിതം പോലുമൊരു വസന്തം ' എന്റെയുള്ളില്‍ ഗാനഗന്ധര്‍വ്വനും ഭാവഗായകനും മത്സരിച്ചുപാടി. 'ഇതുമതി' ഞാന്‍ എന്നോടുതന്നെ പറഞ്ഞു 'ഇതുമതി'. മടങ്ങിപ്പോരുമ്പോള്‍ ഗേപാലകൃഷ്ണനും പറഞ്ഞു: 'ഇതുമതി. ഇനിയെങ്ങും പോവണ്ട". 'അതിനവര്‍ക്കും കൂടി ഇഷ്ടമാവണ്ടേടാ '... ഞാന്‍ ചോദിച്ചു.'കൊച്ചാട്ടനെ ആര്‍ക്കാണ് ഇഷ്ടമാവാത്തത്' എന്നായിരുന്നു അവന്റെ മറുചോദ്യം അവനെന്നെ അത്രക്കിഷ്ടമായിരുന്നു. 'അവര്‍ക്കിഷ്ടമാവും മുഖം കണ്ടാലറിഞ്ഞുകൂടെ'. അവനെപ്പോഴാണ് നിരീക്ഷണം നടത്തിയതെന്നറിഞ്ഞുകൂടാ. വീട്ടില്‍ വന്ന് ഞാനമ്മയോടു പറഞ്ഞു ഇതു തന്നെ നടത്തിയാല്‍ മതിയെന്ന്. ഇത് ജനുവരിയിലോ ഫെബ്രുവരി ആദ്യമോആണ്.ഞാന്‍ പിന്നീട് അവരെ കാണുന്നത് മേയ് 20ന് രാവിലെ മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ആനക്കൊട്ടിലെ കല്ല്യാണപന്തലില്‍ വെച്ചാണ്.താലികെട്ടാനും മാലയിടാനും. അതിനെക്കുറിച്ച് പിന്നീട് ..........

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ