2019 ഒക്‌ടോബർ 28, തിങ്കളാഴ്‌ച

28-10-2019
വീട്ടിലേക്കുള്ള വഴി
---------------------------------
 വീടിനു മറ്റൊരർത്ഥം കൂടിയുണ്ടായിരുന്നു മരുമക്കത്തായം നിലവിലിരുന്ന കാലത്ത് .കുടുംബം ,തറവാട് എന്നിങ്ങനെ ഒരാളുടെ മാതൃദായക്രമത്തിലുള്ള ആസ്ഥാനത്തെ സൂചിപ്പിക്കാനും ആ വാക്കുപയോഗിച്ചിരുന്നു .അതായത് വരേണിക്കൽ രാമമംഗലമെന്ന വീട്ടിൽ താമസിച്ചിരുന്നവരിൽ അമ്മയുടെയും ഞങ്ങൾ മക്കളുടേയും വീട് പള്ളിപ്പാട്ടുള്ള പുലുമേൽ ,അച്ഛന്റെ വീട് വരേണിക്കൽ തന്നെയുള്ള ചെങ്കിലാത്ത് (മണപ്പള്ളിൽ ).അപ്പൂപ്പന്റെ (അച്ഛന്റെ അച്ഛൻ )വീട് മുള്ളിക്കുളങ്ങരെ നൂറാട്ടേത്ത് .എന്റെ ബാല്യത്തിൽ അതായത് സ്വാതന്ത്ര്യത്തെ തുടർന്നുള്ള വർഷങ്ങളിൽ മരുമക്കത്തായം സാമ്പത്തികമായും നിയമപരമായും ഏതാണ്ടവസാനിച്ചു കഴിഞ്ഞിരുന്നുവെങ്കിലും അതിന്റെ സാംസ്കാരിക സ്വാധീനം പ്രബലമായിരുന്നു ..സഹോദരിമാരുടെ മക്കൾ സഹോദരീ സഹോദരന്മാരായാണ് കണക്കാക്കപ്പെട്ടിരുന്നത് .സഹോദരീ സഹോദരന്മാരുടെ മക്കൾ മുറപ്പെണ്ണുമാരും മുറച്ചെറുക്കന്മാരുമായും .'തിങ്കളാഴ്ച നോയമ്പിന്നുമുടക്കും ഞാൻ എന്നും ' കണ്ണീരുമൊലിപ്പിച്ചു കൈവഴികൾ പിരിയുമ്പോൾ കരയുന്നോ പുഴ ചിരിക്കുന്നോ 'എന്നും കേട്ടപ്പോൾ അവയിലെ രതിഭാവവും ശോകവുമെല്ലാം മലയാളികൾക്കുൾക്കൊള്ളാനായതും ഇപ്പോഴും ആവുന്നതും ആ സാംസ്കാരിക സ്വാധീനം നമ്മുടെ സാമൂഹ്യ ജീവിതത്തിന്റെ പശ്ചാത്തലമായി ഇന്നും നിലനിൽക്കുന്നതു കൊണ്ടാണ് .
    നായർ റെഗുലേഷന്റെയും തുടർന്നുള്ള ആളോഹരിയുടെയും കാലത്ത് നൂറാട്ടേത്തെ കാരണവരായിരുന്നു എന്റെ അപ്പൂപ്പൻ കൊച്ചുകുഞ്ഞുപിള്ള .കാരണവരെന്ന നിലയിൽ അദ്ദേഹത്തിന് ഭാര്യയേയും മക്കളേയും കൂടെ താമസിപ്പിക്കാമായിരുന്നു ..അങ്ങിനെ എന്റെ അച്ഛനും സഹോദരങ്ങളും ജനിച്ചതും വളർന്നതും നൂറാട്ടെത്തായിരുന്നു .അങ്ങിനെയാണ് എന്റെ അച്ഛൻ എൻ .കെ .രാമൻപിള്ളയായത് ;നൂറാട്ടേത്ത് കൊച്ചുകുഞ്ഞുപിള്ള രാമൻപിള്ള ..
  ആളോഹരിയുടെ പ്രത്യേകത അറിയാമല്ലോ .സമ്പന്ന തറവാടുകളിൽ പോലും പ്രതിശീർഷ ഓഹരി ചെറുതായിരിക്കും .പുരുഷ പ്രജകൾക്ക് ഒരോഹരിയേയുള്ളു അതെത്ര ചെറുതായാലും .സ്ത്രീകൾക്ക് അവരുടെ മക്കൾക്കും പെണ്മക്കളുടെ മക്കൾക്കും ഒക്കെ വീതമുണ്ടാവും .വലിയ കുടുംബങ്ങളിലെ പുരുഷന്മാർ അങ്ങിനെ പൊടുന്നനെ ദരിദ്രരായി .ചില കാരണവന്മാർ ഒന്നിലധികം ഓഹരി ആവശ്യപ്പെടുകയും ചില നിലങ്ങളും പുരയിടങ്ങളുമൊക്കെ സ്വകാര്യ സമ്പാദ്യമെന്ന നിലയിൽ സ്വന്തമാക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നുവത്രേ .എന്റെ അപ്പൂപ്പൻ പക്ഷെ അതിനൊന്നും നിന്നില്ല .അദ്ദേഹം തന്റെ ഭാഗമായി ഒന്നും സ്വീകരിച്ചില്ല .എല്ലാം അന  ന്തരവർക്കു വിട്ടുകൊടുത്ത് അദ്ദേഹം വരേണിക്കലുള്ള ചെങ്കിലാത്തേക്ക് പോന്നു .വരേണിക്കൽ അമ്പലത്തിന്റെ പുനരുത്ഥാനം ,കരയോഗത്തിന്റെ സ്ഥാപനം ഇവയ്ക്കൊക്കെ മുൻകൈയെടുത്തു .
         അമ്പലമുറ്റത്തെ പാല പൂത്ത് മണമൊഴുകിയ രാത്രികളിൽ ആളോഹരി നിസ്വരാക്കിയ യുവാക്കൾ ഭജനപ്പാട്ടുകൾ പാടി .പകൽ ചീട്ടുകളിച്ചും സൊറ പറഞ്ഞും സമയം കൊന്നു .ഇടവപ്പാതികളിൽ നാട്ടു പാതകളിലൂടെ കലക്കവെള്ളം കുത്തിയൊഴുകി .രാജ്യം സ്വാതന്ത്ര്യം നേടി .അത് പക്ഷെ ഗ്രാമ ജീവിതത്തിൽ പ്രത്യേക ചലനമൊന്നുമുണ്ടാക്കിയില്ല .പിന്നേയും രണ്ടുമൂന്നു കൊല്ലം കഴിഞ്ഞ് ഒരു ദിവസം അപ്പൂപ്പന്റെ മൂത്ത അനന്തിരവൻ നൂറാട്ടേത്ത് നാണുപിള്ള -ഞങ്ങളദ്ദേഹത്തെ പേരപ്പൻ എന്നാണു വിളിക്കുന്നത് -ചെങ്കിലാത്ത് വന്നു ..എനിക്കന്നു മൂന്നു വയസ്സാവുന്നതേയുള്ളു .അനിയൻ കൈക്കുഞ്ഞ് .അമ്മയ്ക്ക് വിദ്യാഭ്യാസം പൂർത്തിയാക്കണമെന്നാഗ്രഹം .അതിനുവേണ്ടി ഞങ്ങൾ അച്ഛനുമമ്മയും ഞങ്ങൾ മക്കളും സഹായിയായ ചേച്ചിയും മാവേലിക്കര ടൗണിലേക്ക് മാറാൻ തീരുമാനിച്ചു ഒരു കൊല്ലത്തേക്ക്. അവിടെ ഒരു വാടക വീടന്വേഷിക്കുകയാണ് .
   "അപ്പോൾ"നാണുപിള്ള പേരപ്പൻ അച്ഛനോടു പറഞ്ഞു "നിങ്ങൾ നൂറാട്ടേത്തേക്കു  മാറുന്നു .അവിടെ നിന്ന് ഇടവഴിയിലൂടെ നടവരമ്പിലൂടെ  ഒരു നാഴിക നടന്നാൽ പുത്രച്ചന്റെ മുക്കിലെത്താം .നിന്റെ സ്വന്തം വീട് അത്രയും അടുത്തുള്ളപ്പോൾ വാടകയ്ക്ക് വീടെടുക്കേണ്ട "."അപ്പോൾ കൊച്ചാട്ടാനും പിള്ളേരുമോ "അച്ഛൻ ചോദിച്ചു ."അതു നീ അറിയണ്ട "എന്നായിരുന്നു പേരപ്പന്റെ കർശനമായ മറുപടി .നിർവ്യാജമായ സ്നേഹത്തിനു മുമ്പിൽ ആരും അടിയറവു പറഞ്ഞു പോകും .ഞങ്ങൾ നൂറാട്ടേത്തേക്കു മാറി .പേരപ്പനും വലിയമ്മയും അഞ്ചുമക്കളും അവരുടെ തേങ്ങാപ്പുരയിലേക്കും ..പഴയ തറവാടിന്റെ പ്രൗഢിയും ശില്പഭദ്രതയും നിലനിർത്തിക്കൊണ്ട് അന്നു കിട്ടാവുന്ന എല്ലാ ആധുനിക സജ്ജീകരണങ്ങളും ഒരുക്കിയിരുന്ന വീട് ഞങ്ങൾക്ക് വിട്ടു തന്നു കൊണ്ട് ഒറ്റമുറിയും ചായ്പുമുള്ള ആ  ചെറിയ പുരയിലേക്ക്
താമസം മാറ്റുമ്പോൾ ,അന്ന് ബോയ്സ് സ്കൂളിൽ പഠിച്ചിരുന്ന മൂത്ത മകൻ മാധവൻ കുട്ടി ചേട്ടനോട് സ്കൂൾ വിട്ട് വന്നാലുടൻ ഞങ്ങൾ താമസിക്കുന്നിടത്തു വന്ന് കാര്യങ്ങളന്വേഷിക്കണമെന്നു ചട്ടംകെട്ടുകയും ചെയ്തു പേരപ്പൻ .
      .സ്വയം നിഷേധിച്ചുകൊണ്ടുള്ള ഈ ത്യാഗത്തെ ക്കുറിച്ച്  എന്റെ 'അമ്മ ഒരു  പുരാണ കഥപോലെ പറയുമായിരുന്നു .അമ്മയുടെ പിന്നീടുള്ള ജീവിതകാലം മുഴുവൻ .നിരാർദ്രമായ ഒരു ലോകത്ത് തിരസ്കാരങ്ങളും നിരാകരണങ്ങളും ഒരു പാട് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് ഞങ്ങൾക്ക് ആദ്യകാലത്ത് .അവയൊക്കെ അതിജീവിക്കാനുള്ള മനസ്സാന്നിദ്ധ്യം ഞങ്ങൾക്ക് നൽകിയത് നിനച്ചിരിക്കാതെ ഉറപൊട്ടിയ സ്നേഹവാല്സല്യങ്ങളുടെ ഈ കുളിരരുവിയാണ് .ഏതു വരണ്ട ഭൂമിയിലും ഒരു നീർച്ചാലുണ്ടാവുമെന്ന് ഇരുൾപ്പാതയിൽ പിന്നിൽ കേൾക്കുന്ന പാദപതന ശബ്ദങ്ങളിലൊന്ന് ഒരു വഴികാട്ടിയുടേതാവുമെന്ന്ഞങ്ങൾ ദൃഢമായി  വിശ്വസിക്കുന്നതിനു കാരണം  ഈ അനുഭവമത്രേ ..
   നൂറാട്ടേ ത്തിന്റെ അന്യാദൃശമായ ഈ സ്നേഹ വാത്സല്യങ്ങൾ  എനിക്ക് ജീവിതത്തിൽ ഉടനീളം അനുഭവവേദ്യമായിട്ടുണ്ട് ,പേരപ്പന്റെ അനന്തിരവൻ വാസുദേവൻ പിള്ള ചേട്ടനും അദ്ദേഹത്തിന്റെ അനന്തിരവൻ സുകുമാരപിള്ളച്ചേട്ടനും ജീവിതത്തിലെ മറക്കാനാവാത്ത സ്നേഹ സാന്നിധ്യങ്ങളാണ് .എറണാകുളത്തെത്തിയതു മുതൽ എന്നും ഒരു രക്ഷാകർത്താവായി വാസുദേവൻപിള്ള ചേട്ടൻ കൂടെയുണ്ടായിരുന്നു .അതിനു മുമ്പു തന്നെ തിരുവന്തപുരത്തുവെച്ച് ഞാൻ സുകുമാരപിള്ളച്ചേട്ടനെ അടുത്തറിഞ്ഞിരുന്നു . നിർവ്യാജമായ സ്നേഹവാത്സല്യങ്ങൾ ചൊരിഞ്ഞിരുന്ന അദ്ദേഹം അകാലത്തിൽ വിട്ടു പോയി .കുറേക്കഴിഞ്ഞ് വാസുദേവൻപിള്ള ചേട്ടനും പോയി .
   അടുത്ത തലമുറ മിക്കവാറും അപരിചിതരാണ് .ഖസ്സാക്കിൽ വായിച്ചിട്ടില്ലേ :"ഇത് കർമ്മപരമ്പരയുടെ സ്നേഹരഹിതമായ കഥയാണ് .ഇതിൽ അകൽച്ചയും ദുഖവും മാത്രമേയുള്ളു "......എന്നാലും എപ്പോഴെങ്കിലും ഒരു ഫോൺവിളി .യാത്രക്കിടയിൽ ഒരു പുഞ്ചിരി .ഒരു സ്നേഹാശ്ലേഷം ..ഉണ്ടാവുമെന്ന് മനസ്സ് പറയുന്നു .ഉപാധികളില്ലാത്ത സ്നേഹത്തിനും പിന്തുടർച്ച ഉണ്ടാവണമല്ലോ















   
     






































































.

2019 ഒക്‌ടോബർ 25, വെള്ളിയാഴ്‌ച

24-10-2019
മനു റോയി തോറ്റത് ദുഃഖകരമാണ്.ഏറ്റവും ആദരവ് തോന്നിയിട്ടുള്ള ഒരു മുതിർന്ന സ്നേഹിതന്റെ മകനാ  ണല്ലോ അദ്ദേഹം.വളരെ ചെറുപ്പത്തിൽ തന്നെ തലസ്ഥാന നഗരത്തിന്റെ മേയർ  സ്ഥാനം ഏറ്റെടുത്ത്  അതിന്റെ ഉത്തരവാിത്വങ്ങൾ  സ്തുത്യർഹമായി  നിർവഹിക്കുന്ന ഉർജസ്വലനായ യുവാവിന്റെ വിജയം എന്നെ സന്തോഷിപ്പിക്കുന്നു
പ്രത്യേകിച്ച് മേയർ   എങ്ങിനെയായിരിക്കരുതെന്നു നിരന്തരം പഠിപ്പിച്ചു കൊണ്ടിരിക്കുന്ന  കൊച്ചി നഗരത്തിൽ താമസിക്കുന്നത്‌ കൊണ്ട് വിശേഷിച്ചും . രാഷ്ട്രീയമായി  തികഞ്ഞ കോൺഗ്രസ്സ് വിരുദ്ധൻ ആണെങ്കിലും ഷാനിമോൾ ഉസ്മാൻ ജയിച്ചതിൽ സന്തോഷമുണ്ട്. അർഹിക്കുന്ന അവസരങ്ങൾ ലഭിക്കാതെ പോയ ഒരാൾ ആണ് അവർ എന്നെനിക്കു തോന്നിയിട്ടുണ്ട് . പൊതുവേ ഉണ്ടായ ഇടത് പക്ഷ മുന്നേറ്റ ത്തിൽ പഴയ ഇടത് പക്ഷ കാരനെന്ന നിലയിൽ അഭിമാനം

2019 ഒക്‌ടോബർ 18, വെള്ളിയാഴ്‌ച

18-10 2019ഒരു അമേരിക്കൻ (അസന്നിഹിത )ഓണം
----------------------------------------------------------------------
ഒരു അമേരിക്കൻ നഗരപ്രാന്തത്തിലെ ഓണാഘോഷങ്ങളിൽ ഇത്തവണ ഞാൻ പങ്കെടുത്തു ഇൻ അബ്സെൻഷ്യ  ആയി .സംഭവം ഇങ്ങിനെ .പെൻസിൽവേനിയയിലെ ഡെലവെയർ പ്രദേശത്തെ മലയാളി അസോസിയേഷൻ അവരുടെ ഓണാഘോഷ പരിപാടികളുടെ മലയാള സിനിമാഗാനങ്ങൾ അവതരിപ്പിക്കാൻ തീരുമാനിക്കുന്നു .പാടുന്നത് അവരുടെ അംഗങ്ങൾ തന്നെ .സിനിമാ ഗാനങ്ങളാവുമ്പോൾ തുടക്കത്തിലും പാട്ടുകൾക്കിടയിലും 'അനൗൺസ്‌മെന്റ് 'വേണമല്ലോ .അതൊന്നെഴുതിക്കൊടുക്കാമോ ?ചോദിക്കുന്നത് മകളും മരുമകനുമാണ് .പാട്ടുകൾ അവതരിപ്പിച്ചു കൊണ്ടുള്ള അനൗൺസ്‌മെന്റ് സാഹിത്യം ",,,നിളയുടെ കുഞ്ഞോളങ്ങളെ തഴുകിയുണർത്തി താരാട്ടു പാടുന്ന ......'എന്നൊക്കെയുള്ളത്  ഞാൻ മുമ്പെഴുതിയിട്ടുള്ളതല്ല .തീരെ വശവുമില്ല.പക്ഷേ പിള്ളേർ വിടുന്ന മട്ടില്ല .ഞാൻ കുട്ടികളോട് നോ പറയാറുമില്ല .അങ്ങിനെ ഞാൻ സമ്മതിച്ചു .അവർ അയച്ചു തന്ന പാട്ടുകൾ കേട്ട് ഒറ്റയിരിപ്പിന് അന്തം വിട്ടിരുന്നെഴുതി  .

      'നാടൻ പാട്ടുകളും തിരുവാതിരപ്പാട്ടുകളും പള്ളിപ്പാട്ടുകളും മാപ്പിള പാട്ടുകളും വടക്കൻ പാട്ടുകളും തെക്കൻ പാട്ടുകളും ഓണപ്പാട്ടുകളും കഥകളിസംഗീതവും കർണാടക സംഗീതവും ........മലയാളി എന്നും സംഗീതം ആസ്വദിച്ചിരുന്നു .പിന്നീട് ഈണത്തിൽ മുഴങ്ങിയ മുദ്രാവാക്യങ്ങൾ .അപ്പോഴാണ് ആസ്വാദനത്തിൽ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് സിനിമയുടെ വരവ് .സിനിമ ജീവിതത്തെ നാടകീയമായി ദൃശ്യവൽക്കരിക്കുക മാത്രമല്ല ചെയ്തത് .പാട്ടുകളും കൊണ്ടു വന്നു .ആനത്തലയോളം വെണ്ണക്കു വാ തുറക്കുന്ന ആനന്ദ ശ്രീകൃഷ്ണൻ ,എല്ലാം എരിഞ്ഞടങ്ങുന്ന ആത്മവിദ്യാലയം .....മലയാളി പാട്ടുകൾ മാത്രമല്ല പുതിയൊരു ഗാനാലാപന ശൈലിയും സ്വായത്തമാക്കി .അറുപതുകളുടെ മദ്ധ്യത്തോടെ പുതിയ ഗായകർ വന്നു .ഗാനഗന്ധർവനും ഭാവഗായകനും നിരവധി ഗായികമാരും .നമ്മുടെ സായാഹ്നങ്ങൾ സംഗീത സാന്ദ്രമായി വേണു ആലപ്പുഴ നിരീക്ഷിച്ചതുപോലെ "എഴുതപ്പെടാത്ത പ്രേമലേഖനങ്ങളെല്ലാം യേശുദാസും ജയചന്ദ്രനുമായി പടർന്നൊഴുകി "പ്രാണ സഖി പാമരനായ പാട്ടു കാരനെ കാത്തുനിന്നു കരിമുകിൽകാടുകളിൽ കനകാംബരങ്ങൾ വിടർന്നു കൊഴിഞ്ഞു .അഞ്ജനക്കണ്ണെഴുതി ആലില താലി ചാർത്തിയ കന്യക അറപ്പുരവാതിലിൽ കാമുകനെ പ്രതീക്ഷിച്ചു നിന്നു ,ഉജ്ജയിനിയിലെ ഗായിക താൻ നിർമ്മിച്ച കവിപ്രതിമക്കു മുൻപിൽ നൃത്തം ചെയ്തു ......

ആ ഗാന സപര്യ തുടരുന്നു ....

വിജന സുരഭീ വാടിയിൽ .......അകലങ്ങളിലെ വിജനമായ സുരഭീവാടിയിൽ തേൻ നുകരാൻ പോയ ഹൃദയ നാഥനെ ശൃങ്ഗാര ലോലയായി തിരികെ വിളിക്കുന്ന ഏകാന്ത സൗഗന്ധികത്തിന്റെ ഗാനം ........രമ്യാ നമ്പീശൻ പാടിയ ഗാനം

പൂക്കൾ പനിനീർപ്പൂക്കൾ

ഈ വഴിയേ തനിയെ വന്നവരാണ് കാമുകിയും കാമുകനും .അപ്പോഴാണ് ഒരാൾ ചോദിക്കുന്നത് നീ കാണുന്നുണ്ടോ ....നമ്മൾ ഇനി ഒരുമിച്ചു നടക്കേണ്ടവരാണ് .നീ കാണുന്നുണ്ടോ പൂക്കൾ ,പനിനീർപ്പൂക്കൾ ....ഗാനഗന്ധർവനും വാണീജയറാമും കാമുകനും കാമുകിക്കും ശബ്ദം നൽകിയ ഗാനം .ചിത്രം പ്രേമം .

തെളിമാനം

തെളിഞ്ഞ ആകാശത്ത് മഴവില്ലുദിക്കുമ്പോൾ .......കാമുകന്റെ സങ്കല്പ സഞ്ചാരങ്ങൾക്ക് നിയമങ്ങൾ ബാധകമല്ലല്ലോ ....തെളിമാനം മഴവില്ലിൽ ...

പാടിയ പൊൻവീണേ
ഉള്ളിൽ വാർന്ന മോണത്തിനു നാദം നൽകാൻ ജന്മങ്ങൾ പുൽകിയ പൊൻവീണയോടപേക്ഷിക്കുകയാണ് നായകൻ ..പാടിയ പൊൻവീണേ

ദൂരെ കിഴക്കു ദിക്കിൽ
മലയാള സിനിമയുടെ ചരിത്രം തിരുത്തി പ്രധാന കേന്ദ്രങ്ങളിൽ ഒരു വര്ഷം തികച്ചോടിയ ആ ചിത്രം -'ചിത്രം '..ചിത്രത്തിന്റെ വിജയത്തിൽ ലാലിന്റെ അഭിനയത്തിനും പ്രിയന്റെ സംവിധാന മികവിനുമുള്ള പങ്ക് അതിലെ പാട്ടുകൾക്കും ഉണ്ട് .ചിത്രത്തെ അവിസ്മരണീയമാക്കുന്ന ഗാനങ്ങളിലൊന്ന് കേൾക്കു .ദൂരെ കിഴക്കു ദിക്കിൽ ...

പെണ്ണാളേ പെണ്ണാളേ
കടലും കടലോരവും മാത്രമല്ല അവിടെയുള്ള മനുഷ്യരുടെ പുരാതന വിശ്വാസങ്ങളും കൂടിയാണ് ചെമ്മീൻ എന്ന നോവലിനെയും ചെമ്മീൻ എന്ന സിനിമയെയും അനശ്വരമാക്കുന്നത് .കരയുടെ വിശുദ്ധി കടപ്പുറത്തിന്റെ മകൾ കാത്തു സൂക്ഷിക്കുന്നതു കൊണ്ടാണ് കടൽ കരയെ വിഴുങ്ങാത്തതും അമ്മയെപ്പോലെ എല്ലാം നൽകി അനുഗ്രഹിക്കുന്നതും ആ വിശുദ്ധിയെക്കുറിച്ചുള്ള ചിരപുരാതന ഗാനം പുതിയ രൂപം പൂണ്ട് നമ്മളിലേക്കൊഴുകിയെത്തി ...പെണ്ണാളേ ,പെണ്ണാളേ ,കരിമീൻ കണ്ണാളേ

പൂങ്കാറ്റേ പോയി
ഉള്ളിലുള്ള മോഹമെല്ലാം കമിതാവിനെ അറിയിക്കാൻ ഒരു കാമുകനോ കാമുകിക്കോ പൂങ്കാറ്റിനേക്കാൾ നല്ല ഒരു സന്ദേശവാഹകനുണ്ടോ .മുക്കുറ്റി ചാന്തു കൊണ്ട് കുറിവരച്ച് കല്യാണപ്പെണ്ണ് കാത്തിരിക്കുകയാണ് ...പൂങ്കാറ്റെ പോയി ...

അനൗൺസ്‌മെന്റ് നടത്തിയ സജി ഇതെങ്ങി നെ തന്നെ അവതരിപ്പിക്കുകയും  കേഴ്വിക്കാർ  സ്വീകരിക്കുകയും ചെയ്തുവത്രേ .ഡോ മോഹനന്റെ ശ്വശുരനും എഴുത്തുകാരനുമായ കുറുപ്പാണ് സാഹിത്യത്തിന്റെ നിർമ്മാതാവെന്ന് അനൗൺസ് ചെയ്യുക കൂടി ചെയ്തു അദ്ദേഹം .അങ്ങിനെയാണ് ഞാൻ അസാന്നിധ്യത്തിലും സന്നിഹിതനായത് ആ ആഘോഷത്തിൽ.
   നല്ല വാക്കുകൾക്ക് മനസ്സു നിറഞ്ഞ നന്ദി സുഹൃത്തേ .താമസിയാതെ വരുന്നുണ്ട് .അപ്പോൾ തീർച്ചയായും കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു .ദൈവം അനുഗ്രഹിക്കട്ടെ











2019 ഒക്‌ടോബർ 8, ചൊവ്വാഴ്ച

8-10-2019
സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിദ്ധിർഭവതു മേ സദാ
   അവിദ്യകൊണ്ട് മൃത്യുവിനെ തരണം ചെയ്ത വിദ്യയിലൂടെ അമരത്വത്തിലെത്താനാണ് ഉപനിഷത്ത് ഉപദേശിക്കുന്നത് .പരമമായ ആ അറിവാവട്ടെ നിരന്തരമായ ,നിഷ്കാമവുമായ സ്വധർമ്മാനുഷ്ഠാനത്തിലൂടെ നേടാൻ കഴിയുമെന്ന് ഗീത പറഞ്ഞു തരുന്നു .ലളിതമായ ഈ അറിവിന്റെ ഓർമ്മ പുതുക്കലാണ് ഓരോ വിദ്യാരംഭവുമെനിക്ക് .ഹരിശ്രീ എഴുതിച്ച് അക്ഷരങ്ങൾ എഴുതാനും വായിക്കാനും പഠിപ്പിച്ച കുട്ടൻ പിള്ള ആശാനും ആഴ്ചയിൽ നിർബന്ധമായും ഒരടിയെങ്കിലും തന്ന് ഇംഗ്ലീഷ് പഠിപ്പിച്ച സരോജം സാറും കെടാവിളക്കുളായി മനസ്സിലുണ്ട് .
    എല്ലാവർക്കും വിജയദശമി ആശംസകൾ

2019 സെപ്റ്റംബർ 3, ചൊവ്വാഴ്ച

ചെറുതിന്റെ സൗന്ദര്യം
----------------------------------------
ആർ .എസ് .കുറുപ് .
                                                                                                                ആനുകാലികങ്ങളുടെ വരവോടെയാണ് ചെറുകഥയും രംഗത്തെത്തിയത് .പ്രസിദ്ധീകരിക്കുന്ന മാസികയുടെ സൗകര്യത്തിനനുസരിച്ച് കഥയുടെ വലിപ്പവും നിശ്ചയിക്കേണ്ടി വന്നു എഴുത്തുകാരന് .ഫലമോ ?ബെർണാഡ് ബെർഗോൻസി പറയുന്നു :'ആധുനിക ചെറുകഥാ കൃത്തിന് ലോകത്തെ ഒരു പ്രത്യേക രീതിയിൽ കാണേണ്ടിയിരിക്കുന്നു .കാരണം അയാളുപയോഗപ്പെടുത്തുന്ന സാഹിത്യ രൂപം ഉപദ്രവകരമാം വിധം ന്യുനീകരിക്കപ്പെട്ടതാണ് .അത് അനുഭവങ്ങളെ അരിച്ചെടുത്ത് പരാജയം അന്യവൽക്കരണം എന്നീ മൂലകങ്ങളെ മാത്രം അവശേഷിപ്പിക്കുന്നു "                          ബെർഗോൻസിയുടെ നിഗമനങ്ങളുമായി യോജിച്ചാലുമില്ലെങ്കിലും അദ്ദേഹം ചൂണ്ടിക്കാണിച്ച വസ്തുതകളെ നിഷേധിക്കാൻ കഴിയുകയില്ല .ആനുകാലികങ്ങളിൽ ലഭ്യമാവുന്ന സ്ഥലം പരിമിതമാണ് .ഈ പരിമിതി ആഖ്യാനത്തിന്റെ ന്യുനീകരണത്തിനു വഴിവെക്കുകയും ചെയ്യും .ഫേസ്‌ബുക്ക് കഥകളുടെ കാര്യത്തിൽ ഇത് കൂടുതൽ പ്രസക്തമാണ് .കാരണം അവിടെ ഒരു രചന വായിക്കപ്പെടണമെങ്കിൽ അത് ചെറിയതായിരിക്കണം .
      ഇത് ഏതാനും ഫേസ്‌ബുക്ക് ചെറുകഥകളുടെ സമാഹാരമാണ് ..നേരത്തെ പറഞ്ഞ പരിമിതി സ്വാഭാവികമായും ഇതിലെ കഥകൾക്കും ബാധകവുമാണ് .പക്ഷെ ഒന്നുണ്ട് .വലിപ്പം പ്രസക്തിയുടേയോമഹത്വത്തിന്റേയോ  മാനദണ്ഡമല്ല .മോശപ്പെട്ട വലിയ നോവലുകളും ലോകോത്തരങ്ങളായ ചെറുകഥകളും നമ്മൾ മലയാളത്തിൽ തന്നെ വായിച്ചിട്ടുണ്ടല്ലോ .ഇയാൻ റീഡ് പറഞ്ഞതു ശരിയാണ് :നോവലിനൊരിക്കലും നിലനിർത്താൻ കഴിയാത്ത തീക്ഷ്ണതയോടെ വായനക്കാരെ വികാരഭരിതരാക്കാൻ നല്ല ചെറുകഥകൾക്ക് കഴിയും .ആ അളവുകോൽ വെച്ച് വിലയിരുത്തിയാൽ ഈ സമാഹാരത്തിലെ ഒട്ടു മിക്ക കഥകളും നല്ല ചെറുകഥകളാണ് .
      ചുവന്നപൊട്ട് അഥവാ സിന്ദൂരം എന്ന ആദ്യകഥ   നോക്കു .രാവിലെ നേരത്തെ ദൂരെയുള്ള ജോലിസ്ഥലത്തേക്കു പോയി രാത്രി വൈകിയെത്തുന്ന ഒരുദ്യോഗസ്ഥനാണ് കഥാപുരുഷൻ .ഭാര്യയും രണ്ടു കുഞ്ഞുങ്ങളുമായി സാമാന്യം സംതൃപ്തമായ കുടുംബജീവിതം നയിക്കുന്ന ഒരാൾ .വൈകിവന്ന ഒരു രാത്രിയിൽ സുന്ദരിയും യുവതിയുമായ അയൽക്കാരി അയാളെ ആലിംഗനം ചെയ്യുന്നു .പൊടുന്നനെയുള്ള ഒരാലിംഗനം കൊണ്ട് തന്റെ ഭർത്താവിനെ അദ്‌ഭുതപ്പെടുത്താൻ കാത്തു നിന്ന യുവതിക്കു പറ്റിയ അബദ്ധമാണ് .വളരെക്കാലത്തിനു ശേഷം തന്റെ പഴയ താമസസ്ഥലം വെറുതെ ഒന്നു കാണാൻ വരുന്ന അയാളുടെ വിചാരധാരയിൽ നിന്ന് വായനക്കാരന് ഒരു കഥ സൃഷ്ടിക്കാൻ കഴിയുന്നു .അയാൾക്ക് ആ യുവതിയോട് തോന്നിയ അഭിനിവേശത്തെക്കുറിച്ചല്ലാതെ മറ്റൊരു കാര്യവും കഥാകൃത്ത് പറയുന്നില്ല
അയാളുടെ ഭാര്യ  ഈ സംഭവം അറിഞ്ഞതായി അവരുടെ ഒരു വാക്കോ പ്രവൃത്തിയോ സൂചിപ്പിക്കുന്നുമില്ല  .ഒരിക്കൽ പക്ഷെ അവർ തന്റെ സിന്ദൂരപ്പൊട്ട് അയാളുടെ നെറ്റിയോട് ചേർക്കുന്നുണ്ട് .പിന്നീട് അവർ മുന്കയ്യെടുത്ത് അയാളുടെ ജോലിസ്ഥലത്തേക്ക് മാറ്റം വാങ്ങി കുടുംബം അങ്ങോട്ട് താമസം മാറ്റുന്നു .പഴയ താമസസ്ഥലം കാണാൻ വളരെക്കാലത്തിനു ശേഷം എത്തുന്ന അയാൾ പണ്ട് കുറെ ദിവസം തന്റെ ഉറക്കം കെടുത്തിയ ആ യുവതിയെ ഓർമ്മിക്കുന്നതു കൂടിയില്ല .
   ഈ കഥ വളരെക്കുറച്ചു കാര്യങ്ങളേ വായനക്കാരോടു പറയുന്നുള്ളു .ധ്വനിപ്പിക്കുന്നതിലാണ് വാചാലതയിലല്ല കലയിലെ സൗന്ദര്യം സ്ഥിതി ചെയ്യുന്നത് .ധ്വനനത്തിന്റെ സൗന്ദര്യം ഈ കഥക്കുണ്ട് .
     ഈ സമാഹാരത്തിലെ കഥകൾക്ക് പൊതുവായുള്ള സവിശേഷതകളിൽ ചിലത് ഈ കഥയിൽ കാണാം .ഉദാഹരണത്തിന് ബിംബങ്ങളുടെ ഫലപ്രദമായ ഉപയോഗം .ബിംബങ്ങൾ വിഗ്രഹവൽക്കരിക്കപ്പെടാതെ ഭിന്നാർ ഥ ദ്യോതകങ്ങളായ പ്രതീകങ്ങളാവുമ്പോഴാണ് ഒരു കലാസൃഷ്ടി മികച്ചതാവുക .അങ്ങിനെയുള്ള പ്രതീകങ്ങളാണ് ഈ കഥയിലെ വീട് ,ചുവന്നപൊട്ട് എന്നീ ബിംബങ്ങൾ .ചുവന്നപൊട്ട് ദാമ്പത്യത്തിന്റെ മുദ്ര മാത്രമല്ല ഇവിടെ .പ്രത്യുത ഭർത്താവ് മനുഷ്യനാണെന്നും മനുഷ്യ സഹജമായ ദൗർബല്യങ്ങൾ അയാൾക്കുണ്ടാകാമെന്നും അവ കലഹങ്ങളിലൂടെ ദാമ്പത്യദുരിതങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാവരുതെന്നും വിശ്വസിക്കുന്ന ഒരു കുടുംബിനിയുടെ ജീവിതാവബോധത്തെ ആ പൊട്ട് പ്രതീകവൽക്കരിക്കുന്നു .
   ധ്വനി ഭംഗിയുള്ള മറ്റൊരു പ്രതീകമാണ് വീട് .പല കഥകളിലും ആവർത്തിച്ചുവരുന്ന ഒരു ബിംബമാണ് വീടുപോലെ ബസ്സും 'പ്രളയത്തിനു തൊട്ടു മുമ്പ് 'എന്ന കഥയിൽ ഈ രണ്ടു ബിംബങ്ങളും ഫലപ്രദമായി ഉപയുക്തമാക്കപ്പെട്ടിരിക്കുന്നു .ഞാൻ തനിച്ചു യാത്ര ചെയ്യുന്ന ബസ് ,ആ ബസ്സിലേക്ക് ഒരു മഴയത്തു കയറിവരുന്ന നീ ,വർഷങ്ങൾക്കു ശേഷം ഒരു പ്രളയ കാലത്തു ആ ബസ്സിൽ തനിച്ചു യാത്ര ചെയ്യുമ്പോൾ കുന്നിൻപുറത്തു കണ്ടെത്തുന്ന നിന്റെ വീട് ,ആ വീടുമായുള്ള സംവേദനം ,ഇവയിലൂടെ ഒരു ഭഗ്നപ്രണയത്തിന്റെ ദുരന്ത കഥ ഹൃദയസ്പർശിയായി  ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നു ."ഞാനില്ലാത്ത ബസ് എന്നെയും കൊണ്ട് കുന്നിറങ്ങുമ്പോൾ ഞാനാ വഴിയോരത്തിരുന്ന്‌ എന്തിനെന്നറിയാതെ വാവിട്ടു കരയുകയായിരുന്നു "എന്ന മനോഹരമായ വാങ്മയ ചിത്രമാണ് കഥാന്ത്യം .
    മറ്റൊരു ഏകാന്തപ്രണയത്തിന്റെ ദുരന്തം വർണ്ണിക്കുന്ന 'പ്രണയത്തിന്റെ അന്ത്യം 'എന്ന കഥയിലും ബസ്  ധ്വനി സാന്ദ്രമായ ഒരു  കാവ്യബിംബമായി പ്രത്യക്ഷപ്പെടുന്നു .പ്രണയം എന്നാൽ ഒരാൾ മറ്റൊരാളിലേക്ക് പ്രഹർഷേണ നയിക്കപ്പെടലാണ് .ആ മറ്റൊരാളിന്റെ സമ്മതം പോലും അവിടെ ആവശ്യമില്ല .ഒന്നിനെയും ,മരണത്തെപ്പോലും കൂസാത്ത പ്രണയയാത്രയുടെ പ്രതീകമാണോ ബസ് ?കൃത്യമായ ഒരുത്തരം കിട്ടാതിരിക്കുന്നതിലാണ് ബിംബ സൃഷ്ടിയുടെ കലാപരമായ മേന്മ സ്ഥിതി ചെയ്യുന്നത് .
   ഇനി ഈ കഥകളുടെ പൊതുവായ മറ്റൊരു സവിശേഷതയിലേക്ക് .ഏകാകിയുടെ ,തീർത്തും ഏകാകിയായ ഒരുവന്റെ /ഒരുവളുടെ മനോരഥങ്ങളുടെ ആഖ്യാനമെന്നു ചെറുകഥ നിര്വചിക്കപ്പെട്ടിട്ടുണ്ട് .ഈ നിർവചനത്തെ സാധൂകരിക്കുന്ന ധാരാളം കഥകൾ മലയാളത്തിൽ എഴുതപ്പെട്ടിട്ടുമുണ്ട് .അവയിൽ ഒട്ടുമിക്കതും ഗൃഹാതുരസ്മരണകൾ വിഷയമാക്കിയുള്ളവയാണ് .അവയിൽ നിന്നു വ്യത്യസ്തമായി മനസ്സിന്റെ പരിധികൾ ലംഘിച്ചുള്ള യാത്രകളുടെ ആഖ്യാനങ്ങളാണ് ഈ സമാഹാരത്തിലെ ചില കഥകൾ .ശരി തെറ്റുകളെ കുറിച്ചോ പാപപുണ്യങ്ങളെ കുറിച്ചോ ചിന്തിക്കാത്ത ,കുറ്റബോധമോ ധർമ ചിന്തയോ തടസ്സപ്പെടുത്താത്ത മനോരഥങ്ങളുടെസുധീരമായ  ആഖ്യാനങ്ങൾ . ഉദാഹരണം 'തീർത്ഥ യാത്ര '.ഇവിടെയും ബസ്സുണ്ട് .യാത്രിക അമ്പലത്തിൽ പോകുമ്പോൾ ബസിൽ വെച്ച് ഒരു പരിചയക്കാരനെ കാണുന്നു .പണ്ടൊരിക്കൽ തന്റെ ഹൃദയമിടിപ്പ് കൂട്ടിയിരുന്ന ഒരാൾ .അയാൾ പരിചയം പുതുക്കി തന്റെ വഴിക്കു പോയി .അവരുടെ മനസ്സ് "ബസ്സിനെ തോൽപിച്ചു കൊണ്ട് അതിവേഗം യാത്ര തുടർന്നു കൊണ്ടേ ഇരുന്നു '.കൗമാരത്തിലെയോ യൗവ്വനാരംഭത്തിലെയോ ഒരു കൗതുകം പറയാതെ പറയപ്പെട്ടിരിക്കുന്നു ഇവിടെ ,മുതിർന്ന യുവതിയുടെ മനസ്സിൽ അതുണർത്തിയ വികാര വിക്ഷോഭവും .
    മനസ്സിന്റെ സ്വൈര സഞ്ചാരത്തിന് സ്ത്രീ പുരുഷ ഭേദമൊന്നുമില്ല .സുന്ദരിയും യുവതിയുമായ ഒരു കസ്റ്റമർ യുവാവും വിവാഹിതനുമായ ഒരു ഹോട്ടലുടമയുടെ മനസ്സിൽ കയറിക്കൂടുന്നതിന്റെ കഥയാണ് മീഠാ പാൻ .അയാളുടെ മനോരാജ്യത്തിൽ  അവർ അയാളുടെ മുറിയിലെത്തി കിടക്ക പങ്കിടുക കൂടി ചെയ്തു .അവർ ഉപയോഗിക്കുന്ന മീഠാ പാൻ തന്റെ ഭാര്യയ്ക്ക് വാങ്ങിക്കൊടുക്കാൻ തുടങ്ങി അയാൾ .."ഊണുകഴിഞ്ഞ് ഉറക്കറയിലേക്ക് ഭാര്യ പാനും ചവച്ചുകൊണ്ട് കടന്നു വരുമ്പോൾ അവളുടെ കണ്ണുകളിൽ ഒരു കുഞ്ഞു മൂക്കുത്തിക്കല്ലിലെ വെളിച്ചം തിളങ്ങും അയാളുടെ ഉള്ളം നിറയും "നമ്മുടെ കസ്ടമർക്ക് മൂക്കുത്തിയുള്ള കാര്യം കഥയിൽ നേരത്തെ പറഞ്ഞിട്ടുണ്ട് .ആ മൂക്കുത്തിയുടെ പ്രതീക ഭംഗിയാണ് വായനക്കാരന്റെ ഉള്ളം നിറക്കുന്നത് .
      ഈ ജനുസിൽപ്പെട്ട കഥകളിൽ ഏറ്റവും ശ്രദ്ധേയമായത് 'മിസ്സ്ഡ് കാൾ 'ആണ് .രാവിലെ അഞ്ചുമണിക്ക് ആരംഭിക്കുന്നു ഒരു മദ്ധ്യവർഗ്ഗ വീട്ടമ്മയുടെ മരണപ്പാച്ചിൽ .നേരെ ചൊവ്വേ ടോയിലെറ്റിൽ പോകാൻ പോലും അവർക്ക് സമയം കിട്ടാറില്ല ."എന്റെ വീട്ടിൽ എന്റെ മക്കൾക്കുവേണ്ടി എന്റെ ഭർത്താവിനു വേണ്ടി ഞാൻ പണിയെടുക്കുന്നു .ഇതിലെന്താണ് ഇത്ര പറയാനുള്ളത് എന്ന നിലപാടാണ് അവർക്കുള്ളത് "എന്നു കഥാകാരി പറയുന്നു .ഈ തിരക്കിനിടയിൽ അവർക്ക് മൊബൈലിൽ ഒരു മെസ്സേജ് കിട്ടുന്നു "ഹായ് സുഖമല്ലേ "എന്ന് .ഇതു വരെ ഒരാളും  അവരോടങ്ങിനെ ചോദിച്ചിട്ടില്ല എന്ന് കഥാകാരി പറഞ്ഞില്ലെങ്കിലും വായനക്കാർക്കറിയാം ."ഹായ് സുഖമല്ലേ എന്നൊരു വാക്ക് അവളിലൊരു വസന്തം വിരിയിച്ചു"എന്ന് കഥാകാരി പറയുമ്പോൾ വായനക്കാർക്ക് അത് പൂർണ ബോദ്ധ്യമാവുന്നു .കുറെ ദിവസം വന്നിട്ട് പെട്ടെന്ന് ആ മെസേജ് വരാതായപ്പോൾ ,രണ്ടു ദിവസം  കൃത്യമായി പറഞ്ഞാൽ 172800 സെക്കന്റ് കഴിഞ്ഞപ്പോൾ "വിറയ്ക്കുന്ന കൈകളോടെ മിടിക്കുന്ന ഹൃദയത്തോടെ അവർ ആ നമ്പറിലേക്ക് ഒരു മിസ്സ്ഡ് കാൾ  ഇട്ടത് 'എന്തുകൊണ്ടാണെന്നും.                                                                   ഈ കഥ അനുക്തമായ ഒരു പാട്  ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു .ചില സജീവ സമകാലിക പ്രശ്നങ്ങളിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു .അതിന്റെ ധ്വനി സാന്ദ്രമായ ആഖ്യാന രീതിയിലൂടെ .                                                               വാസ്തവത്തിൽ ഈ സമാഹാരത്തിലെ കഥകളെ അത്യന്തം ആസ്വാദ്യകരമാക്കുന്ന ചില സവിശേഷതകൾ ചൂണ്ടിക്കാട്ടുക മാത്രമാണ് ഇവിടെ ചെയ്തിട്ടുള്ളത് .സൂചകങ്ങളുടെ ഫലപ്രദമായ വിനിയോഗത്തിലൂടെ നേടിയെടുക്കുന്ന കാവ്യ സാന്ദ്രതയിൽ ,ബിംബങ്ങളുടെ പ്രതീക ഭംഗിയിൽ,ആഖ്യാനത്തിൽ വിലക്കുകളെ മറികടക്കുന്ന ധീരതയിൽ ഒക്കെ ഈ കഥകൾ അസൂയാവഹമായ വിധത്തിൽ ഉയർന്ന നിലവാരം പുലർത്തുന്നു .സാധാരണ ഫേസ് ബുക്ക് കഥകളിൽ നിന്ന് എത്രയോ ഉയർന്ന നിലവാരം .ഞാൻ അക്കാര്യത്തിൽ കഥാകാരിയെ അഭിനന്ദിക്കുന്നു .ഒപ്പം മാദ്ധ്യമത്തിന്റെ പരിമിതികളെ മറികടന്ന് ,കഥാ സന്ദർഭങ്ങളെയും പരിസരത്തെയും കൂടി  വിശദമാക്കുന്ന കുറേക്കൂടി വലിയ ചെറുകഥകൾ എഴുതാൻ അവർ ശ്രമിക്കുമെന്നും നമ്മുടെ ആനുകാലികങ്ങൾ അവർക്കതിനു അവസരങ്ങൾ നൽകുമെന്നും പ്രതീക്ഷിക്കുകയും ചെയ്യുന്നു .

പൂണിത്തുറ ,എറണാകുളം
2 -9 -2019








     
 
   




































   





















2019 ഓഗസ്റ്റ് 18, ഞായറാഴ്‌ച

17 -8 -2019
----------------
മാനത്തെ കായലിൻ മണപ്പുറത്തിന്നൊരു .......
-----------------------------------------------------------------                                                                                         
   1969.... കള്ളിച്ചെല്ലമ്മ,ജി വിവേകാനന്ദന്റെ വിഖ്യാതനോവൽ   സിനിമയായിരിക്കുന്നു ഷീലയുടെ ചെല്ലമ്മ നസീറിന്റെ കുഞ്ഞച്ചൻ മധുവിന്റെ ഉസ്മാൻ മുതലാളി.പി ഭാസ്കരന്റെ ഗാനങ്ങൾ കെ രാഘവന്റെ ഈണങ്ങൾ  ..ആദ്യ പ്രദര്ശനം .അജന്ത തിയേറ്റർ .....
തെക്കൻ കേരളം ,മൂക്കുന്നി മലയുടെ താഴ്വരയിലെ  നാട്ടിൻപുറം .നിലാവുള്ള രാത്രി .കായലും പുഞ്ചപ്പാടങ്ങളും ചന്ദ്രികയിൽ  കുളിച്ചു നിൽക്കുന്നു .ഏകാകിയായ നായകൻറെ ഗാനം .'മാനത്തെക്കായലിന്റെ മണപ്പുറത്ത് താമരക്കളിത്തോണി വന്നടുത്തിരിക്കുന്നു .നിനക്കൊരു താമരമാലയുമായി ഓമനേ  സംക്രമപ്പൂനിലാവ് നിന്റെ കിളിവാതിലിൽ മറഞ്ഞു നിൽക്കുന്നു മെരുക്കിയാൽ മെരുങ്ങാത്ത മാൻകിടാവേ.നീയിപ്പോഴും മയങ്ങുന്നതെന്താണ്' .മനോഹാരിണിയായ നായിക കോരിത്തരിക്കുന്നു  .ഗാനം തുടരുന്നു ....
      സാമാന്യത്തിലധികം പൗരുഷമുള്ള മനോഹരമായ ശബ്ദം .യേശുദാസല്ല ,ജയചന്ദ്രനല്ല ,കാമുകറയും രാജയുമല്ല .പുതിയ ഒരു ഗായകൻ .മലയാള സിനിമയിൽ പാട്ടുകളുടെ പൂക്കാലം ആരംഭിച്ചു കഴിഞ്ഞിരുന്നു .ഒരു ഗായകന് കൂടി അവിടെ ഇടമുണ്ട് .പുതിയ ഗായകൻ ബ്രഹ്മാനന്ദൻ കഴിവുള്ള ആളാണ് ;സ്ഥിരമായി രംഗത്തുണ്ടാവുമെന്നു ഞങ്ങൾ സിനിമാ പ്രേമികൾ തീർച്ചപ്പെടുത്തി .തുടർന്നങ്ങോട്ട് നല്ല കുറച്ചു പാട്ടുകൾ നീല നിശീഥിനി യും താരകരൂപിണി യും താമരപ്പൂവ് നാണിച്ചുവും മറ്റുമായി ..അടുത്ത നാലഞ്ചു വർഷത്തിനകം നൂറോളം പാട്ടുകൾ പുതിയ ഗായകൻ ചുവടുറപ്പിക്കുകയായിരുന്നു .
    പക്ഷേ മലയാള സിനിമയല്ലേ ,അവിടെ കഴിവ് മാത്രം പോരല്ലോ .നന്നായി പാടിക്കൊണ്ടിരുന്ന ബ്രഹ്മാനന്ദന് അവസരങ്ങൾ കുറഞ്ഞു .ക്രമേണ അദ്ദേഹം പിൻവാങ്ങി .
    ഇന്ന് മാതൃഭൂമി ചാനലിൽ രാകേഷ് ബ്രഹ്മാനന്ദൻ അവതരിപ്പിച്ച ചക്കരപ്പന്തൽ കണ്ടപ്പോൾ തോന്നിയതാണിതൊക്കെ .ബ്രഹ്മാനന്ദൻ ലോകം വിട്ടിട്ട് 15 വർഷം കഴിഞ്ഞിരിക്കുന്നു (ഓഗസ്റ്റ് 10 )അദ്ദേഹത്തിന്റെ പാട്ടുകൾ ഇന്നും നിലനിൽക്കുന്നു പുതുമ മാറാതെ .കൂടുതൽ പാട്ടുകൾ പാടിയിട്ടുള്ളത് യേശുദാസാണെങ്കിലും പാടിയ പാട്ടുകളിൽ കൂടുതലെണ്ണം ഹിറ്റാക്കാൻ കഴിഞ്ഞത് ജയചന്ദ്രനാണെന്ന് പറഞ്ഞത് സക്കറിയാ ആണെന്നു തോന്നുന്നു .അതോ രവിമേനോനോ ?അതെന്തായാലും പാടിയ പാട്ടുകൾ ഏതാണ്ടെല്ലാം തന്നെ ഹിറ്റായതിന്റെ ബഹുമതി  ബ്രഹ്മാനന്ദനു മാത്രം അവകാശപ്പെട്ടതാണ് .








   
     

2019 ഓഗസ്റ്റ് 9, വെള്ളിയാഴ്‌ച

9-8-2019

 ചെറുകഥ -നിർവചനത്തിനു ശ്രമിക്കുമ്പോൾ
ആർ എസ്  കുറുപ്
------------------------------------------------------------------------------
ലോകത്തിൽ എല്ലാ സമൂഹങ്ങളിലും അനാദികാലം മുതൽ തന്നെ കഥകൾ നിലനിൽക്കുന്നുണ്ടായിരുന്നു  .അവയിൽ ചിലതെങ്കിലും കാലത്തെ അതിജീവിച്ചു നിലനിൽക്കുന്നു .ഉദാഹരണങ്ങൾ അനാവശ്യമാണ് .പക്ഷേ എല്ലാ ചെറിയ കഥകളും ചെറുകഥ എന്ന സാഹിത്യ രൂപത്തിൽ ഉൾപ്പെടുന്നില്ല ,അവ പ്രാചീനമായാലും ആധുനികമായാലും .അപ്പോൾ ഒരു കഥ ചെറുകഥ ആണോ എന്നറിയണമെങ്കിൽ എന്താണ് ചെറുകഥ എന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു ചെറുകഥയ്ക് ഒരു നിർവചനം കണ്ടെത്തേണ്ടിയിരിക്കുന്നു
    ചെറുകഥ -ഷോർട് സ്‌റ്റോറി -എന്ന വാക്ക് ആദ്യമായി ഒരു ഇംഗ്ലീഷ് നിഘണ്ടുവിൽ(Oxford English Dictionary ) പ്രത്യക്ഷപ്പെടുന്നത് 1933 ലാണ് .A fictional prose tale of no specified length, but too short to be published as a volume on its own, as novellas sometimes and novels usually are. A short story will normally concentrate on a single event with only one or two characters, more economically than a novel's sustained exploration of social background.എന്നാണ്  ആ നിർവചനം .അതുനിൽക്കട്ടെ .അതിലേക്കു പിന്നീട് വരാം .ഈ നിർവചനം വരുന്നതിനു ഒരു നൂറ്റാണ്ടെങ്കിലും മുമ്പ് ആ പ്രസ്ഥാനത്തിന്റെ പ്രതിഷ്ഠാപകരിലൊരാളായ എഡ്ഗാർ അലൻ പോ തന്റെ ചില ലേഖനങ്ങളിൽ ആ സാഹിത്യ രൂപത്തെക്കുറിച്ച് ചർച്ച ചെയ്തിട്ടുണ്ട് .പക്ഷെ നിരൂപകർ പൊതുവെ ചെറുകഥയെ അവഗണിക്കുകയാണ് ചെയ്തത് .ചെറുകഥയ്ക്ക് ഒരു നിർവചനം കണ്ടെത്താൻ ശ്രമിക്കുമ്പോൾ ഈ അവഗണനയ്ക്ക് കാരണമായി പറയപ്പെടുന്നെ ചില സവിശേഷതകൾ നമുക്ക് കണക്കിലെടുക്കേണ്ടതുണ്ട് 
       ആനുകാലികങ്ങളുടെ വരവോടെയാണ് ചെറുകഥയും രംഗത്തെത്തിയത് .പ്രസിദ്ധീകരിക്കുന്ന മാസികയുടെ സൗകര്യത്തിനനുസരിച്ച് കഥയുടെ വലിപ്പവും നിശ്ചയിക്കേണ്ടി വന്നു എഴുത്തുകാരന് .ഫലമോ ?ബെർണാഡ് ബെർഗോൻസി പറയുന്നു :'ആധുനിക ചെറുകഥാ കൃത്തിന് ലോകത്തെ ഒരു പ്രത്യേക രീതിയിൽ കാണേണ്ടിയിരിക്കുന്നു .കാരണം അയാളുപയോഗപ്പെടു  ത്തുന്ന സാഹിത്യ രൂപം ഉപദ്രവകരമാം വിധം ന്യുനീകരിക്കപ്പെട്ടതാണ് .അത് അനുഭവങ്ങളെ അരിച്ചെടുത്ത് പരാജയം അന്യവൽക്കരണം എന്നീ മൂലകങ്ങളെ മാത്രം അവശേഷിപ്പിക്കുന്നു "
     ചില മാഗസിൻ കഥകളുടെ കാര്യത്തിലെങ്കിലും ബെർഗോൻസി പറഞ്ഞത് സത്യമായിരിക്കാം ;വളരെ നല്ല ഒരു ചെറുകഥയ്ക്കു പോലും ഒരു ശരാശരി നോവലിനു കഴിയുന്നത്ര സമഗ്രമായി ജീവിതത്തെ ആവിഷ്കരിക്കാൻ കഴിയുകയുമില്ല .എന്നാൽ  സങ്കീർണ്ണതയും വലിപ്പവുമാണ് മനുഷ്യ ജീവിതത്തിന്റെ രസകരവും പ്രധാനവുമായ ഘടകങ്ങളെന്നു  കരുതുന്നത് മൗഢ്യമാണ് ഇയാൻ റീഡ് പറയുന്നതു സത്യമാണ് .റീഡ് തുടരുന്നു "തീരെ ബുദ്ധി കുറഞ്ഞ ഒരാൾ മാത്രമേ പ്രസക്തതയും വലിപ്പവും ഒന്നാണെന്നു ധരിക്കുകയുള്ളു .ഉദാഹരണത്തിന് ഭാവഗീതം ആഖ്യാന കവിതയെക്കാൾ രസനീയമായിരിക്കുമല്ലോ പലപ്പോഴും .അതു പോലെ നോവലിന് ഒരിക്കലും കഴിയാത്തത്ര സാന്ദ്രതയോടെ നമ്മെ വികാരഭരിതരാക്കാൻ ചെറുകഥയ്ക്കു കഴിയും" .(ഇയാൻ റീഡ് -ദി ഷോർട്സ്റ്റോറി ).
    ഇതു കൊണ്ടായില്ലല്ലോ .ചെറുകഥ എന്താണെന്ന ചോദ്യം അവശേഷിക്കുന്നു .ഓരോരുത്തരും കഥ പറയുന്ന രീതി വ്യത്യസ്തമാണ് .അതു കൊണ്ട് തന്നെ അതിവ്യാപ്തിയോ അവ്യാപ്തിയോ ഇല്ലാത്ത ഒരു നിർവചനം കണ്ടെത്തുക എളുപ്പമല്ല .മാത്രമല്ല കാലഗതിയിൽ പരിണമിക്കുന്നവയാണ് സാഹിത്യരൂപങ്ങൾ .ഉദാഹരണത്തിന് ചെറുകഥയിൽ സുഘടിതമായ ഒരിതിവൃത്തമുണ്ടാവണമെന്നു നിര്ബന്ധമുള്ളവരായിരുന്നു 19 ആം നൂറ്റാണ്ടിലെ ചെറുകഥാകൃത്തുക്കളും നിരൂപകരും .പക്ഷേ ആധുനികരായ എഴുത്തുകാർ ഈ സിദ്ധാന്തത്തെ പലപ്പോഴും അവഗണിക്കുന്നു .നോവലുകൾക്ക് അനുയോജ്യമായ ആഖ്യാന രീതി കൈവെടിഞ്ഞ് കവിതയുടെയും നാടകത്തിന്റെയും സങ്കേതങ്ങൾ സ്വീകരിക്കാൻ അവർ തയ്യാറാവുന്നു കൂടുതൽ ആലങ്കാരികവും താളാത്മകവുമായ ഭാഷാപ്രയോഗത്തിലൂടെ .
    അതു പോലെ ചെറുകഥയിലെ കഥയുടെ കാര്യം :"അതെ അതെ ,നോവൽ ഒരു കഥ പറയുകയാണ് ചെയ്യുന്നത് "എന്ന് ഇ എം ഫോസ്റ്റർ നോവലിന്റെ കാര്യത്തിൽ പറഞ്ഞത് ചെറുകഥയ്ക്കും ബാധകമാകേണ്ടതല്ലേ ?ചെറുകഥയുടെ സൈദ്ധാന്തികനായ ഹെർബെർട് ഗോൾഡ് പറയുന്നത് കേൾക്കുക "The Storyteller must have a story to tell ,not some sweet prose ".കഥപറച്ചിലുകാരന് പറയാൻ ഒരു കഥയുണ്ടാവണം മധുരമായ ഗദ്യം പോരാ .അപ്പോൾ ഒരു ചോദ്യമുണ്ടാവാം 'കഥയെന്നാൽ എന്ത്?'യുക്തിസഹമായ ,കാലാനുസാരിയായ  ,സംഭവവിവരണം  തന്നെ .അരിസ്റ്റോട്ടിൽ പ്ലോട്ടിനെക്കുറിച്ച് പറഞ്ഞതു പോലെ ആദിമദ്ധ്യാന്തങ്ങളുള്ളത് .പക്ഷേ ഈ നിയമം പാലിക്കാത്ത ,സംഭവങ്ങളും പാത്രങ്ങളും ഒരു ക്രമവും അനുസരിക്കാതെ പ്രത്യക്ഷപ്പെടുന്ന നല്ല ചെറുകഥകളില്ലേ ?ഉണ്ട് .എന്നുവെച്ചാൽ നമുക്ക് നിര്വചനത്തിന്റെ പരിധി വിപുലീകരിക്കേണ്ടിയിരിക്കുന്നു .തൽക്കാലം ഒരു ഗദ്യരചന സു  ഘടിതമായ ഇതിവൃത്തത്തോടു കൂടിയ ചെറുകഥകളുമായി രൂപ സാദൃശ്യം പുലർത്തുന്നുണ്ടെങ്കിൽ അതൊരു ചെറുകഥയാണെന്നു നമുക്കു തീരുമാനിക്കാം .
   പക്ഷേ അവിടേയും പ്രശ്നങ്ങൾ അവസാനിക്കുന്നില്ല .കാരണം ചില  ചെറുകഥകളുണ്ട് സംഭാവ്യതകളും അസംഭാവ്യതകളും കൂടിക്കലർന്ന് പരസ്പരപൂരകങ്ങളല്ലാത്തഇതിവൃത്തവഴികളിലൂടെ,കാര്യകാരണ ബന്ധങ്ങളെ നിരാകരിച്ചു കൊണ്ട് വികസിച്ചുവരുന്നവ ,പ്രതികഥകൾ എന്നു വിളിക്കപ്പെടാവുന്നവ . ലോക പ്രശസ്തമായ ചില ചെറുകഥകളെങ്കിലും ഈ ഗണത്തിൽ പെടുത്താവുന്നവയാണ് .അവയും ചെറുകഥകൾ തന്നെയാണ് .കാരണം അവയിൽ സന്നിഹിതങ്ങളായ സാധ്യതകളിൽ നിന്ന് വായനക്കാരന് ഒരു കഥ നിർമ്മിച്ചെടുക്കാൻ കഴിയുന്നു ,ആഖ്യാന വൈചിത്ര്യത്തിൽ നിന്ന് ,ഭ്രമ കല്പനകളിൽ നിന്ന് .ചുരുക്കത്തിൽ ഒരു ഗദ്യ രചന ചെറുകഥയാണെന്നു നിർണ്ണയിക്കപ്പെടണമെങ്കിൽ പാത്രധർമ്മങ്ങൾ ക്രിയകളിലൂടെ സാക്ഷാത്കരിക്കപ്പെടുന്നതായി വായനക്കാരന് അനുഭവവേദ്യമാകുന്ന തരത്തിൽ ഒരു രൂപശില്പം ആ രചനക്കുണ്ടാവണം ,ആ രൂപം എത്രതന്നെ ശിഥിലമായാലും .മറിച്ചു പറഞ്ഞാൽ വായിക്കുന്ന സ്ളധബദ്ധമായ രചനയിൽ നിന്ന് കൃത്യമായ രൂപശില്പമുള്ള ഒരു ചെറുകഥ മനസ്സിൽ നിർമ്മിക്കാൻ ആസ്വാദകനു കഴിയണം .The short story is nothing if there is no story to tell എന്ന് ബ്രാൻഡർ മാത്യൂസ് പറയുന്നത് ഈ അർത്ഥത്തിലാണ് നാം മനസ്സിലാക്കേണ്ടത് .
    ഇതെല്ലാമുണ്ടെങ്കിലും ഒരു കഥ ചെറുകഥയാവണമെങ്കിൽ അത് മനുഷ്യന്റെ, മനുഷ്യ ബന്ധങ്ങളുടെ കഥ പറയുന്നതായിരിക്കണം .സാരോപദേശ കഥകളും ഗുണപാഠകഥകളും മറ്റും ചെറുകഥയുടെ പരിധിയിൽ വരാത്തതിനു കാരണം ഇതാണ് .കൂടാതെ ചെറുകഥ ചെറിയകഥയായിരിക്കണം .എത്രത്തോളം ചെറുത് എത്രത്തോളം വലുത് എന്നൊക്കെയുള്ളത് കൃത്യമായി നിര്വചിക്കപ്പെട്ടിട്ടില്ല  .എന്തായാലും ചെറിയ നോവൽ ചെറുകഥയാവുകയില്ല .കുറച്ചു വലിയ ഒരു ചെറുകഥ ചെറിയ നോവലാവുകയുമില്ല .ഒരു സംഭവഗതിയുടെ   -എപ്പിസോഡ് -ആഖ്യാനം ചെറുകഥ ;പരസ്പരം ബന്ധപ്പെട്ട സംഭവഗതികളുടെ പരമ്പരയുടെ ആഖ്യാനം നോവൽ എന്നത് ഉപയോഗപ്രദമായ ഒരു മാനദണ്ഡമാണ് ഇക്കാര്യത്തിൽ .
   ഇപ്പോഴും നാം ചെറുകഥയുടെ ഒരു നിർവചനത്തിൽ എത്തിയിട്ടില്ല .അങ്ങിനെ ഒരു നിർവചനം അസാദ്ധ്യമാണ് .നല്ല ധാരാളം ചെറുകഥകൾ വായിച്ച് നമ്മുടെ മനസ്സിൽ എന്താണ് ചെറുകഥ എന്നതിനെക്കുറിച്ച് ഒരു ധാരണ ഉണ്ടായിട്ടുണ്ടല്ലോ അതാണ് ചെറുകഥയെക്കുറിച്ച് സാദ്ധ്യമായ ഒരേ ഒരു നിർവചനം .

























































    







.