2020 മേയ് 30, ശനിയാഴ്‌ച

30-5-2020
എങ്ങും ചന്ദനഗന്ധം
---------------------------------
അറുപതുകളിലെയും എഴുപതുകളിലെയും സിനിമാ പാട്ടുകളുടെ ഭാവഗരിമയും മാധുര്യവും ആവാഹിച്ചെടുത്ത ഒരുഗാനം കേട്ടു മിനിയാന്ന് ,തെളിവ് എന്ന സിനിമയിൽ ."എങ്ങും ചന്ദനഗന്ധം നിറയും ....."പരിചയമുള്ള ശബ്ദം .ആദ്യം തോന്നി ജയചന്ദ്രനാണെന്ന് .ഭാവാവിഷ്കാരം ജയചന്ദ്രന്റെ പ്രതാപകാലത്തെ ഗാനങ്ങളെ അനുസ്മരിപ്പിച്ചു .പക്ഷെ അല്ല .കല്ലറ ഗോപനാണ് ഈ പാട്ടു പാടിയിരിക്കുന്നത് .പാട്ടിന്നീണം നൽകിയിരിക്കുന്നതും ഗോപൻ തന്നെ .ആ ജോലിയും അദ്ദേഹം സ്തുത്യർഹമായി നിർവഹിച്ചിരിക്കുന്നു .
     പത്തുമുപ്പത്തഞ്ചു കൊല്ലമായി രംഗത്തുള്ള ഒരു ഗായകനാണ് കല്ലറ ഗോപൻ .ഗാനമേളകളിൽ പാടി പ്രശംസ നേടിയിട്ടുള്ള ഒരാൾ ;തികച്ചും അർഹിക്കുന്ന പ്രശംസ .പക്ഷെ പാടിപ്പതിഞ്ഞ പാട്ടുകൾ പൊതുവേദിയിൽ പാടുമ്പോൾ ആദ്യം പാടിയ ആളിനെ പൂർണമായി അനുകരിക്കേണ്ടി വരും .കേഴ്വിക്കാർക്ക് അതാണ് വേണ്ടത് .തന്റേതായ ഒരു ശൈലി കണ്ടെത്താനും പിന്തുടരാനും ഗായകനു കഴിയുകയില്ല .തനതു ശൈലിയിൽ പാടാൻ അദ്ദേഹത്തിന് അവസരങ്ങൾ വേണ്ടത്ര ലഭിച്ചതുമില്ല .ഇപ്പോൾ ചന്ദനഗന്ധത്തിലൂടെ മൗലിക പ്രതിഭയുടെ കാര്യത്തിൽ മലയാളത്തിലെ ഒരു ഗായകന്റെയും-മഹാഗായകരുൾപ്പെടെ ആരുടേയും - പിന്നിലല്ല താനെന്ന് അദ്ദേഹം തെളിയിച്ചിരിക്കുന്നു
   ചന്ദന ഗന്ധവും അതോടൊപ്പമുള്ള 'ഏതോ രാപ്പൂവിൽ 'എന്ന ജയചന്ദ്രൻ മൃദുലവാര്യർ ഗാനവും സംഗീത സംവിധായകൻ എന്ന നിലയിൽ ഗോപന് മുൻ നിരയിൽ തന്നെ സ്ഥാനം നൽകേണ്ടതാണെന്നു തെളിയിക്കുന്നു .
      നമ്മുടെ സിനിമാ രംഗത്തുള്ളവർ കല്ലറ ഗോപനോടുള്ള അവഗണന അവസാനിപ്പിക്കുമെന്നും അദ്ദേഹത്തിനു കൂടുതൽ അവസരങ്ങൾ നൽകുമെന്നും ആശിക്കുന്നു






2020 മേയ് 24, ഞായറാഴ്‌ച

പെരുനാൾ
-----------------
 ,കോളേജ് കാലത്ത് കൃത്യമായി പറഞ്ഞാൽ 1966 ജനുവരിയിലാണ് ഞാൻ ആദ്യമായി ഒരു റംസാൻ ആഘോഷത്തിൽ പങ്കെടുക്കുന്നത് .എന്റെ ഗ്രാമത്തിൽ മുസ്ലിം കുടുംബങ്ങളുണ്ടായിരുന്നില്ല .അതുകൊണ്ട് ഈസ്റ്ററിനെ ക്കുറിച്ചുള്ളതുപോലെയുള്ള ബാല്യകാലസ്മരണകളൊന്നും എനിക്ക് ബക്രീദിനെക്കുറിച്ചോ റംസാനെ കുറിച്ചോ ഉണ്ടായിരുന്നുമില്ല .കോളേജിൽ എന്റെ സഹപാഠിയും ഏറ്റവും അടുത്ത സുഹൃത്തുമായതാഹിറിന്റെ വക്കത്തെ മുള്ളുവിളാകം വീട്ടിൽ പെരുനാളെന്നൊന്നും അറിയാതെയാണ് ഞാൻ ചെന്നത് .ചെല്ലുന്ന വിവരം നേരത്തെ അറിയിച്ചപ്പോൾ അന്ന് പെരുന്നാൾ ആയിരിക്കുമെന്ന് താഹിർ പറഞ്ഞതുമില്ല .കുടുംബാംഗങ്ങളല്ലാതെ വേറെ അതിഥികളൊന്നുമുണ്ടായിരുന്നില്ല .ഞാനാണെങ്കിൽ താഹിർ പറഞ്ഞു പറഞ്ഞ് ആ വീട്ടിൽ ഒരംഗമായി കഴിയുകയും ചെയ്തിരുന്നു .
    വക്കത്തെ മുള്ളുവിളാകം വീട് ഏതാണെന്നറിയാമല്ലോ .സാക്ഷാൽ വക്കം മൗലവിയുടെ വീട് .അതെ സ്വദേശാഭിമാനി പത്രത്തിന്റെയും പ്രസ്സിന്റെയും ഉടമ വക്കം അബ്ദുൽഖാദർ മൗലവിയുടെ . അദ്ദേഹത്തിന്റെ ചെറുമകനാണ് താഹിർ .മകളുടെയും അനന്തിരവന്റെയും മകൻ .പ്രസ്സും പത്രവും കണ്ടുകെട്ടിയിട്ട അന്നേക്ക് അരനൂറ്റാണ്ടിലധികമായിരുന്നു .വലിയൊരാഘാതമായിരുന്നു ആ കുടുംബത്തിന് കണ്ടുകെട്ടൽ .കണ്ടുകെട്ടൽ ഒഴിവാക്കാൻ തിരുവിതാംകൂർ ഭരണകൂടം തയാറായിരുന്നു ,മൗലവി പത്രാധിപർ രാമകൃഷ്ണപിള്ളയെ തള്ളിപ്പറയാൻ തയാറാവുമെങ്കിൽ .ഇക്കാര്യം തന്നെ നേരിട്ടറിയിച്ച ശ്രീമൂലം തിരുനാൾ മഹാരാജാവിനോട് മൗലവി പറഞ്ഞ മറുപടി അര്ഥശങ്കയ്ക്ക് തീരെ ഇടം നൽകാത്തതായിരുന്നു :"രാജകുടുംബത്തോട് ഞങ്ങൾക്ക് യാതൊരു വിരോധവുമില്ല .പക്ഷെ എന്റെ പത്രാധിപരെ വാക്കു കൊണ്ടെങ്കിലും തള്ളിപ്പറഞ്ഞിട്ട് എനിക്ക് പ്രസ്സും പത്രവും വേണ്ട .തിരുമനസ്സ് ക്ഷമിക്കണം ".
    ആ കുടുംബത്തിലെ ഒരംഗമായി കണക്കാക്കപ്പെടുന്നതിൽ എനിക്ക് ആഹ്ലാദവും അഭിമാനവുമുണ്ട് .
               ഞാൻ ഖുറാൻ വായിച്ചിട്ടില്ല .ഞാൻ പുസ്തകങ്ങൾ ധാരാളമായി വായിച്ചിരുന്ന എന്റെ ചെറുപ്പകാലത്ത് ഖുറാൻ പരിഭാഷകൾ സുലഭമായിരുന്നില്ല .ഒരിക്കൽ  താഹിർ ഒരിന്ഗ്ലിഷ് പരിഭാഷ തേടിപ്പിടിച്ച് കൊണ്ടുവന്നു .ഒന്നാം അദ്ധ്യായം എന്നെ വായിച്ചു കേൾപ്പിച്ചു .
  "പരമകാരുണികനും ദയാനിധിയും ലോകങ്ങളുടെ നാഥനും വിധിപ്രസ്താവിക്കുന്ന ദിവസത്തിന്റെ ഉടമസ്ഥനുമായ നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു ,നിന്നിൽ നിന്ന് മാത്രം സഹായം ആവശ്യപ്പെടുന്നു ,ഞങ്ങളെ നേർവഴിക്ക് നയിക്കേണമേ ...'

















2020 മേയ് 23, ശനിയാഴ്‌ച

21-5-2020
ഷഷ്ടിപൂർത്തി
1980 ലാണ് .വിവാഹം കഴിഞ്ഞ് ഭർത്താവുമൊത്ത് ബോംബേക്കു പോകുന്ന സഹോദരിയെ യാത്രയയക്കാൻ വന്നതായിരുന്നു 'അമ്മ .ഒപ്പം അനിയനും ഭാര്യയും .ഐലൻഡിൽ നിന്ന് അവരെല്ലാവരും കൂടി ഒരു സിനിമയ്ക്ക് പോയി .ആയിടെ റിലീസ് ആയ ഒരു സിനിമ .ഞാൻ ,ഓഫീസ് സമയമായതുകൊണ്ട് പോയില്ല .വൈകിട്ട് അമ്പലമുകളിലെ എന്റെ താമസ സ്ഥലത്തേക്ക് പോകുമ്പോൾ 'അമ്മ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു "ആ കൊച്ചൻ നന്നാവും ,വില്ലനായി അഭിനയിച്ച ആ കൊച്ചൻ ;വലിയ ആളാവും .കെ കെ അരൂർ മുതൽക്കുള്ള നടന്മാരെ വെള്ളിത്തിരയിൽ കണ്ടിട്ടുള്ള 'അമ്മ പത്തു മുപ്പത്തഞ്ചു കൊല്ലം അദ്ധ്യാപികയായിരുന്നു "കാലത്തിന്റെ വിത്തുകളെ നോക്കി ഇവയിലേതു മുളക്കുമെന്നും ഏത് പാഴായി പോകുമെന്നും നിങ്ങൾക്ക് പറയാൻ കഴിയുമോ "?മാൿബെത് പിശാചിണികളോട് ചോദിച്ചതാണ് .അവർ ആ കഴിവ് ദുരുപയോഗം ചെയ്തിരിക്കാം .പക്ഷേ ദൈവത്തിലേക്ക് പെൻഷൻ പറ്റുന്നവരെന്നു ചുള്ളിക്കാട് വിശേഷിപ്പിച്ച പുണ്യ ശാലിനികളും പുണ്യ ശാലികളും ഉണ്ടല്ലോ നാട്ടിൻപുറത്തെ അദ്ധ്യാപികാധ്യാപകർ അവർക്ക് കഴിയും ഓരോ കുരുന്നിന്റെയും മുഖം ആദ്യം കാണുമ്പൊൾ തന്നെ .
മലയാളത്തിന്റെ അദ്‌ഭുത നടൻ ,മലയാളത്തിന്റെ മഹാനടൻ എന്ന് മമ്മൂട്ടി മോഹന്ലാലിലിനെക്കുറിച്ചു
പറയുന്നത് ടി വി യിൽ കേട്ടപ്പോൾ നാൽപ്പതു കൊല്ലം മുമ്പത്തെ ഈ കുടുംബ രംഗം ഓർത്തു പോയി .


2020 മേയ് 18, തിങ്കളാഴ്‌ച

18-5-2020                                                                                                                                                          മാ ശുച!(ദേവാലയങ്ങൾ തുറക്കുന്നതിനെക്കുറിച്ച് )
'എല്ലാ ധർമ്മങ്ങളേയും പരിത്യജിച്ച് എന്നെ മാത്രം ശരണം പ്രാപിക്കുക .ഞാൻ നിന്നെ എല്ലാ പാപങ്ങളിൽ നിന്നും മോചിപ്പിക്കും .ദുഖിക്കേണ്ട' .അതിനു മുമ്പ് ഏതാണ്ട് എഴുനൂറോളം ശ്ലോകങ്ങളിലൂടെ വിവരിക്കപ്പെട്ട ദര്ശനങ്ങളെക്കാൾ അർജ്ജുനനെ വിഷാദവിമുക്തനും ഉത്തേജിതനുമാക്കിയത് സഖാവും സ്യാലനുമായ കൃഷ്ണൻ തോളത്തു തട്ടിപ്പറഞ്ഞ ഈ ആശ്വാസവചനങ്ങളായിരുന്നിരിക്കണം .എല്ലാ മനുഷ്യർക്കും പ്രതിസന്ധികളിൽ ഇങ്ങിനെ തൊട്ടറിയാൻ കഴിയുന്ന ദൈവത്തെ ആവശ്യമുണ്ട് .അതു കൊണ്ടാണല്ലോ അദ്വൈതവാദികളായ ശങ്കരനും  ചട്ടമ്പിസ്വാമിയും നാരായണഗുരുവും  ദേവീദേവന്മാരെ പ്രതിഷ്ഠിക്കുകയും ആരാധിക്കുകയും ചെയ്തത് .മറ്റു പ്രവാചകന്മാരും കരുണാമയനും വാത്സല്യനിധിയുമായ ദൈവത്തെ തന്നെയാണല്ലോ ചൂണ്ടിക്കാണിച്ചു തന്നത് .
    അടിച്ചേൽപ്പിക്കപ്പെടുന്ന ഏകാന്തതപോലെ  അസ്വാസ്ഥ്യജനകമായി മറ്റൊന്നുമില്ല ,അതെത്ര നല്ല കാര്യത്തിനായാലും .അവിടെ പുസ്തകങ്ങളും പാട്ടും ഡാൻസുമൊന്നും മനുഷ്യർക്ക് പകരമാവുകയില്ല .നിർഭാഗ്യവശാൽ മനുഷ്യ സഹവാസം സാധ്യവുമല്ലല്ലോ .അവിടെയാണ് ദൈവം സഹായത്തിനെത്തേണ്ടത് .ദേവാലയങ്ങൾ ആവശ്യമാവുന്നത് .
    സാധാരണ മനുഷ്യർക്ക് സജീവമായ ദൈവ സാന്നിദ്ധ്യം ഏറ്റവും ആവശ്യമായ സന്ദർഭമാണിത്  മദ്യപരുടെ ആകുലതകൾ സഹഭാവത്തോടെ കണ്ടറിഞ്ഞ .ഭരണാധികാരികൾ ദുർബ്ബലരായ സാധാരണ മനുഷ്യരുടെ മനോവ്യഥകൾ കൂടി മനസ്സിലാക്കേണ്ടതാണ് .മദ്യത്തേക്കാൾ എത്രയോ വലിയ ലഹരിയാണ് ശീലവുമാണ് ഭക്തി .അത് മനസ്സിലാക്കി ദേവാലയങ്ങൾ ഭക്തർക്കു വേണ്ടി തുറന്നു കൊടുക്കാൻ കേന്ദ്രസംസ്ഥാന സർക്കാരുകൾ തയാറാവേണ്ടതാണ് .വ്യാപാര സ്ഥാപനങ്ങളിലും മറ്റും കാണിക്കുന്ന അച്ചടക്കം ദേവാലയങ്ങളിലും ആളുകൾ പാലിക്കുമെന്നതിൽ സംശയമില്ല .അത് നടപ്പാക്കാവുന്നതേയുള്ളു .
     ഒരു പുനർവിചിന്തനം ദേവാലയങ്ങൾ തുറന്നു കൊടുക്കുന്ന കാര്യത്തിൽ സർക്കാരുകളുടെ ഭാഗത്തു നിന്നുണ്ടാവുമെന്നു വിശ്വസിക്കുന്നു .









2020 മേയ് 16, ശനിയാഴ്‌ച

16-5-2020
--------------

മികച്ച ഒരു ആത്മകഥയാണ് ടി ജെ ജോസെഫിന്റെ അറ്റു പോകാത്ത  ഓർമ്മകൾ .ജീവിതം തനിക്കു നൽകിയ കയ്പുനീരിനെക്കുറിച്ചുള്ള തന്റെ പ്രതികരണങ്ങൾ ശക്തിയും സൗന്ദര്യവുമുള്ള മലയാളത്തിൽ അദ്ദേഹം സത്യസന്ധമായി ആഖ്യാനം ചെയ്തിരിക്കുന്നു .
  പ്രൊഫസർ ജോസെഫിന്റെ ഒരു പ്രസംഗത്തിന്റെ പ്രതികരണമെന്ന നിലയിൽ ഈ സംഭവങ്ങളെക്കുറിച്ചുള്ള എന്റെ വിശദമായ ഒരഭിപ്രായക്കുറിപ്പ് ഞാൻ പോസ്റ്റ് ചെയ്തിരുന്നു .അതൊന്നും ആവർത്തിക്കുന്നില്ല .ജോസഫ്‌സാറിന്റെ ആത്മകഥ എന്റെ മനസ്സിൽ പതിപ്പിച്ച ഇമ്പ്രെഷൻസിനെ കുറിച്ചു മാത്രം പറയാം .
    ജോസഫ്‌സാർ നല്ലൊരു സാഹിത്യാസ്വാദകനാണ് .മലയാളത്തിലെ ചില പ്രശസ്ത  കവിതകളെ ക്കുറിച്ചും ആ കവിതകളെ സമീപിക്കേണ്ട രീതികളെ ക്കുറിച്ചും വിരളമായെങ്കിലുമുള്ള പരാമർശങ്ങൾ , ഗാന്ധാരി സ്വയം വരിച്ച ആന്ധ്യത്തിനു അദ്ദേഹം നൽകുന്ന വ്യഖ്യാനം ഇവയൊക്കെ അദ്ദേഹത്തിന്റെ സാഹിത്യാസ്വാദന കുശലതയിലേക്ക് അസന്നിഗ്ധമായി വിരൽ ചൂണ്ടുന്നു .അദ്ദേഹം മികച്ച അദ്ധ്യാപകനുമായിരുന്നിരിക്കണം .അദ്ദേഹം ഒന്നും എഴുതാതിരുന്നത് മലയാളഭാഷയ്ക്ക് ഒരു നഷ്ടം തന്നെയാണ് .
     ജീവിതത്തോട് പടവെട്ടി വളർന്നു വന്ന ആളാണ് ജോസഫ് സാർ .ഏഴരവെളുപ്പിനെഴുനേറ്റു റബ്ബർ വെട്ടി ,പിന്നെ എട്ടു കിലോമീറ്റര് നടന്നു ബസ്സുകയറി കോളേജിൽ പോയി പഠിച്ചിരുന്ന ഒരാൾ .പലപ്പോഴും ഭക്ഷണം കഴിക്കാൻ കഴിയാതെ .ആ അനുഭവങ്ങളൊക്കെ അതീവ ഹൃദ്യമായി വർണ്ണിക്കപ്പെട്ടിട്ടുമുണ്ട് .ഇത്രയധികം ജീവിതാനുഭവങ്ങളുള്ള ,ജീവിതത്തോട് പൊരുതി വിജയിക്കാൻ കഴിഞ്ഞ ,അനുഭവം ഗുരുവായ ഒരാൾക്കെങ്ങിനെ ഇത്തരമൊരു ഗുരുതരമായ അനൗചിത്യം സംഭവിച്ചുവെന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല.മണ്ണിനോടു ജൈവബന്ധം പുലർത്തുന്ന ഒരുവനുണ്ടാവുന്ന സഹജമായ നർമ്മ ബോധം വഴിതിരിഞ്ഞു പോയതാവാം .അതുണ്ടാകാൻ  പാടില്ലായിരുന്നു . എന്തായാലും അതിന് തീവ്രവാദികളും സഭയും സർക്കാരും പോലീസുമെല്ലാം ചേർന്ന് അദ്ദേഹത്തിനു നൽകിയ ക്രൂര ശിക്ഷ  അദ്ദേഹം അർഹിക്കുന്നതിൽ നിന്നും എത്രയോ അധികമായിരുന്നു .അവരൊരുക്കിയ ചക്രവ്യൂഹത്തിൽ നിന്ന് ഗുരുതരമായ അംഗഭംഗത്തോടെയാണെങ്കിലും പുറത്തുവരാൻ കഴിഞ്ഞത് നേരത്തെ പറഞ്ഞ ജൈവബന്ധം കാരണമാവാം .സമൂഹത്തിന്റെ സഹാനുഭൂതി ജോസഫ് സാറിലേക്ക് അണപൊട്ടിയൊഴുകാൻ ഈ ചക്രവ്യൂഹം സഹായിക്കുകയും ചെയ്തു .
  നമ്മുടെ സാമൂഹ്യ സാംസ്കാരിക ഔദ്യോഗിക രംഗങ്ങളിലെ ജീർണതകൾ ഈ ആത്മകഥയിൽ  വിശ്വസനീയമായ രീതിയിൽ വിവരിക്കപ്പെട്ടിട്ടുണ്ട് .ഗാന്ധിയൻ തത്വങ്ങളിൽ വിശ്വസിക്കുന്ന ജോസഫ് സാർ നിർമ്മമതയോടെ നിസ്സംഗതയോടെ വൈരാഗ്യബുദ്ധിയില്ലാതെ അവയെക്കുറിച്ചൊക്കെയെഴുതുന്നു .തന്നെ ക്രൂരമായി ശിക്ഷിക്കാൻ ഒരുമ്പെട്ടവരോട് താൻ ക്ഷമിച്ചുവെന്ന് അദ്ദേഹം പറയുമ്പോൾ വായക്കാരന് അത് പൂർണ്ണമായി വിശ്വസിക്കാൻ കഴിയുന്നു .തന്നെയൂം വംശത്തെയും ശപിച്ച ഗാന്ധാരിയെ
നോക്കി ശ്രീകൃഷ്ണൻ പൊഴിച്ച മന്ദഹാസവും ക്രൂശിച്ചവർക്ക് മാപ്പുകൊടുക്കാൻ യേശുദേവൻ നടത്തിയ പ്രാർത്ഥനയും ഓർമ്മിപ്പിച്ചുകൊണ്ട് പുസ്തകം അവസാനിക്കുമ്പോൾ നല്ലൊരു സാഹിത്യ കൃതി വായിച്ച സംതൃപ്തി വായനക്കാരനുമുണ്ടാവുന്നു






























       

  

2020 ഏപ്രിൽ 25, ശനിയാഴ്‌ച

25-4-2020
--------------
ഗൃഹാതുരം
-------------------
മുപ്പത്തഞ്ചു കൊല്ലം മുമ്പ് ഞങ്ങൾ സ്ഥിരതാമസത്തിനായി പൂണിത്തുറയിൽ എത്തുമ്പോൾ അതൊരു ഗ്രാമപ്രദേശമായിരുന്നു ;കൊച്ചി കോർപറേഷനിലേക്ക് ആയിടെ കൂട്ടിച്ചേർത്ത ഒട്ടൊക്കെ ആധുനിക ജീവിത സൗകര്യങ്ങളുള്ള ഒരു നാട്ടിൻപുറം .ധാരാളം വെളിമ്പറമ്പുകൾ ,അവിടെയൊക്കെ കാട്ടുചെടികളും പൂക്കളും ,ഇടയ്ക്കിടെ കുളങ്ങൾ ,പറഞ്ഞാൽ വിശ്വസിക്കില്ല കുളക്കോഴികൾ ("നാണത്തിന്റെ കുടുക്കകൾ ......")
     ഗ്രാമീണ ശൈലി തന്നെയായിരുന്നു അവിടത്തെ അയൽബന്ധങ്ങളും പിന്തുടർന്നു പോന്നത് .കലവറയില്ലാത്ത പെരുമാറ്റം ,ഇണക്കങ്ങളും പിണക്കങ്ങളും ,ചില്ലറ കൊടുക്കൽ വാങ്ങലുകൾ ,ചില രാത്രികൾ അസാരം സേവിച്ചു വരുന്ന ഒരയൽക്കാരന്റെ പുലരും വരെയുള്ള പാട്ടും കൂത്തും .'നിങ്ങൾക്കൊക്കെകള്ളന്മാരെ  പേടിക്കാതെ കിടന്നുറങ്ങാമല്ലോ ചേട്ടാ 'എന്ന് അയാളുടെ ഭാര്യയുടെ നർമ്മത്തിൽ പൊതിഞ്ഞ  സാന്ത്വനം .കുട്ടികൾ  തൃശൂരും തിരുവനന്തപുരത്തുമൊക്കെ പഠിക്കാൻ പോയപ്പോഴും ഞങ്ങൾ തനിച്ചായി എന്ന തോന്നലുണ്ടായതേയില്ല .
    "ഗ്രാമീണ ഭംഗി തൻ പൂവണി പച്ചില പോർമുലക്കച്ചയിൽ " നഗരം കൈവെക്കുക തന്നെ ചെയ്തു .വെളിമ്പറമ്പുകളിൽ കെട്ടിടങ്ങളുയർന്നു .രമ്യ ഹർമ്യങ്ങൾ .പത്തുസെന്റ് സ്ഥലത്തൊരു വീട് എന്ന പഴയ ആശയമൊക്കെ പോയി .അത്രയും സ്ഥലത്ത് നാലിൽ കുറയാത്ത വീടുകൾ അവിടെ എട്ടോ പത്തോ കുടുംബങ്ങൾ .പഴയ അയൽക്കാർ അയൽക്കാരല്ലാതായി .ഇടയിൽ ധാരാളം വസതികളും അവയിലൊക്കെ ഒരുപാട് താമസക്കാരും വന്നു കഴിഞ്ഞല്ലോ .
   വല്ലപ്പോഴും ഒരു സ്കൂട്ടറോ അതിലും വിരളമായി ഒരു ഓട്ടോ റിക്ഷയോ ഓടിയിരുന്ന താമരശ്ശേരിറോഡിലൂടെ മോട്ടോർസൈക്കിളുകളും കാറുകളുംസ്കൂൾ ബസുകളും  മാത്രമല്ല ലോറികളും ജെ സി ബി കളും തേരാ പാരാ സഞ്ചരിക്കാൻ തുടങ്ങി രാപ്പകൽ .മൂന്നോ നാലോ പെട്ടിക്കടകളും രണ്ടു ചെറിയ ചായക്കടകളും മാത്രമുണ്ടായിരുന്ന പേട്ട  ജംഗ്ഷൻ ഷോപ്പിംഗ് മാളുകളും നക്ഷത്രപദവിയുള്ള ഹോട്ടലും മെട്രോ സ്റ്റേഷനും ബാങ്കുകളും മറ്റുമുള്ള നഗരകേന്ദ്രമായി .
    വീടിനു മുമ്പിൽ കുളക്കോഴികൾ 'പങ്ങി 'നടന്ന പറമ്പ് അതിനടുത്ത് താമസമാക്കിയ ഒരു ബിസിനസ് കാരന്റെ ലോറി യാർഡായി.രാവിലെയും വൈകിട്ടും ലോറികൾ പുറപ്പെടുന്നതിന്റെയും തിരിച്ചെത്തുന്നതിന്റെയും ഘോഷം .രാത്രി തൊട്ടടുത്ത പറമ്പിലെ വീടുകളൊന്നിൽ നിന്ന് അന്യസംസ്ഥാന തൊഴിലാളികളുടെ ജീവിതാഘോഷങ്ങളുടെ ശബ്ദം .അതിനടുത്ത കെട്ടിടത്തിൽ അവിവാഹിതരായകുറെ  കമ്പനി എക്സിക്യൂട്ടീവുകളാണ് താമസം .അവരിൽ ഒന്ന് രണ്ടു പേര് കർണാടക സംഗീതം പഠിക്കുന്നുണ്ട് .വേറൊരാൾക്ക് സിനിമാപ്പാട്ടിലാണ് കമ്പം .പൊതുവേ സംഗീത സാന്ദ്രമാണ് അവരുടെ രാവുകൾ .രണ്ടു വഴിവിളക്കുകളുടെ പ്രകാശവൃത്തങ്ങൾക്കിടയിലെ ഇത്തിരി ഇരുട്ടന്വേഷിച്ച് ഷെയറിട്ടു വാങ്ങിയ ഒരു കുപ്പിയും രണ്ടു കടലപ്പൊതിയുമായി വല്ലപ്പോഴും വരുന്ന ചെറുപ്പക്കാർ ;'ഞങ്ങൾ ആർക്കും ഒരു ശല്യവുമുണ്ടാക്കുന്നില്ലല്ലോ സാർ 'എന്ന ക്ഷമാപണം .അടക്കിപ്പിടിച്ച ഒച്ചയും ബഹളവുമായി അനുഭവിച്ചവർക്കു മാത്രം മനസ്സിലാക്കാൻ കഴിയുന്ന അവരുടെ ആഹ്‌ളാദം .അമ്പലപ്പറമ്പുകളിലെ ചെണ്ടമേളം ,വെടിക്കെട്ട് .അങ്ങിനെ "താഴെയും മോളും ജന്തു ജീവിതസമരത്തിൻ കേഴലുമലർച്ച കാലൊച്ചയും ..."കേട്ടിരിക്കുമ്പോൾ ഞങ്ങൾ തനിച്ചാണെന്നു തോന്നാറേ ഉണ്ടായിരുന്നില്ല .
        ഇപ്പോൾ എല്ലാം മാറിയിരിക്കുന്നു .താമരശ്ശേരി റോഡിൽ നിന്നും അടുത്തുള്ള ബൈ പാസിൽ നിന്നും വാഹനങ്ങളുടെ ശബ്ദങ്ങൾ കേൾക്കാനില്ല .ലോറി യാർഡ് നിശബ്ദം അന്യ സംസ്ഥാന തൊഴിലാളികൾ എങ്ങോട്ടോ പോയി .എക്സിക്യൂട്ടീവുകളുടെ വീടൊഴിഞ്ഞു കിടക്കുന്നു .രാത്രി യെ ഉന്മത്തയാക്കിയിരുന്ന  അയൽക്കാരനും യുവ സുഹൃത്തുക്കളും നിസ്സഹായരാണല്ലോ .ചെണ്ടമേളവും വെടിക്കെട്ടുമില്ല .ശബ്ദങ്ങൾ നിലച്ച അവസ്ഥ .
    വിവിധ ശബ്ദങ്ങളുടെ സവിശേഷ ലയമായുണ്ടാവുന്ന നിശ്ശബ്ദത സുഖകരമായ ഒരവസ്ഥയാണ് .ഇതങ്ങിനെയല്ല ശബ്ദങ്ങളുടെ നിശ്ശേഷ രാഹിത്യം ഭയജനകമാണ് .ഒപ്പം ടി വി വാർത്തകൾ സൃഷ്ടിക്കുന്ന അസ്വാസ്ഥ്യം .പണ്ടെങ്ങോ പഠിച്ചു മറന്ന ധനശാസ്ത്രവും ബാങ്കിങ്ങും ചൂണ്ടിക്കാട്ടിത്തരുന്ന വഴിമുട്ടിയ ജീവിതാവസ്ഥ സൃഷ്ടിക്കുന്ന വേവലാതി ......
       ഏതു രാത്രിയും പുലരുക തന്നെ ചെയ്യും എന്നു പറയുന്നത് സത്യമായിരിക്കും ;അല്ലേ ? അമ്പാടിയിലെത്തിയ അക്രൂരനെ ഗോപസ്ത്രീകൾ ആശംസിച്ചുവെന്ന് നങ്യാരമ്മമാർ ആടിക്കാണിക്കാറുള്ള ആ ശ്ലോകപാദം ഞാൻ സ്വയം ഉരുവിടുകയാണ്  :'സുപ്രഭാതാ തേ നിശാ 'നിന്റെ രാത്രി ഒരു നല്ല പ്രഭാതത്തോടു കൂടിയതാവട്ടെ .















   
   



















2020 ഏപ്രിൽ 18, ശനിയാഴ്‌ച

18-4-2020
-----------------

വ്യാഴവട്ട സ്മരണകൾ
------------------------------------
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുമൊത്തുള്ള, കഷ്ടിച്ച് പന്ത്രണ്ടു കൊല്ലം മാത്രം നീണ്ട  ദാമ്പത്യ ജീവിതത്തെക്കുറിച്ച് അദ്ദേഹത്തിന്റെ പത്നി ബി കല്യാണി 'അമ്മ എഴുതിയ പുസ്തകമാണ് വ്യാഴവട്ടസ്മരണകൾ .
    ജീവിതത്തിൽ വലിയ ത്യാഗം സഹിച്ച നേതാക്കന്മാരെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങൾ നമുക്കുണ്ട് ;അവരിൽ ചിലർ തന്നെയെഴുതിയതും അവരെക്കുറിച്ച് മറ്റുള്ളവർ എഴുതിയതും .പക്ഷെ ഈ ത്യാഗത്തിന്റെ തിക്തഫലങ്ങൾ അനുഭവിക്കേണ്ടി വന്ന അവരുടെ കുടുംബാംഗങ്ങളെക്കുറിച്ച് മലയാളത്തിൽ വളരെയൊന്നും എഴുതപ്പെട്ടിട്ടില്ല .കഥയായോ കവിതയായോ യഥാർത്ഥ സംഭവ വിവരണമായോ ഒന്നും .ആദരണീയമായ ഒരപവാദം ഈയിടെ ശ്രദ്ധയിൽ പെട്ടു .'ഭൂമിക്കടിയിൽ 'പോകേണ്ടി വന്ന ഒരു രാഷ്ട്രീയ പ്രവർത്തകന്റെ ഭാര്യയും കുഞ്ഞുമകളും ഒരു കൂട്ടുകുടുംബത്തിനുള്ളിൽ അനുഭവിക്കേണ്ടി വന്ന ദുരവസ്ഥയെക്കുറിച്ച് ഹൃദയസ്പർശിയായ ഒരു കഥ കെ സരസ്വതി 'അമ്മ എഴുതിയിട്ടുണ്ട് ;'അച്ഛനെവിടെ'. തന്റെ കഥകളിൽ തനിക്കേറ്റവും ഇഷ്ടപ്പെട്ടതെന്നു സരസ്വതി 'അമ്മ തന്നെ പറഞ്ഞിട്ടുള്ള ആ കഥ വായിച്ചപ്പോഴാണ്  വ്യാഴവട്ട സ്മരണകൾ എന്റെ ഓർമ്മയിലെത്തിയത് .ആദരണീയമായ ഒരപവാദമാണല്ലോ ആ കൃതിയും .
      രാജ്യഭ്രഷ്ടനായി രോഗിയും ദരിദ്രനുമായി തീർന്ന രാമകൃഷ്ണപിള്ളക്കൊപ്പം അവർ ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ മരണം വരെ .ഉടുവസ്ത്രങ്ങളല്ലാതെ ഒന്നും കൂടെക്കൊണ്ടുപോകാൻ  തിരുവിതാംകൂർ ഭരണകൂടം രാമകൃഷ്ണപിള്ളയെ അനുവദിച്ചില്ല ;ഒരു പേനായൊഴികെ  ആ പേനകൊണ്ടാണ് അദ്ദേഹം  പ്രവാസ ജീവിതത്തിനിടയിൽ തന്റെ പ്രമുഖ കൃതികളിൽ പലതും രചിച്ചത് .ഗാന്ധിയുടെയും മാർക്സിന്റേയും ജീവചരിത്രങ്ങൾ ഉൾപ്പെടെ .എഴുത്ത് ആ കുടുംബത്തിന്റെ ജീവിതമാർഗ്ഗം മാത്രമായിരുന്നില്ല ;എഴുത്ത് അദ്ദേഹത്തിനു ജീവിതം തന്നെയായിരുന്നു .അതിനദ്ദേഹത്തെ പ്രാപ്തനാക്കിയത് കല്യാണി അമ്മയുടെ സഹവാസമായിരുന്നു .
  സ്വദേശാഭിമാനിയുടെ അതീവ ക്ലേശകരവും എന്നാൽ വിപ്ലവകരവും സൃഷ്‌ടിയുന്മുഖവുമായ ജീവിതത്തിൽ അദ്ദേഹത്തിന്റെ നല്ല പകുതിയായി കൂടെക്കഴിഞ്ഞ നാളുകളെക്കുറിച്ച് കല്യാണി 'അമ്മ തീഷ്ണവും അനലംകൃതവുമായ ഭാഷയിൽ എഴുതിയിരിക്കുന്ന ഏതാണ്ട് അമ്പതു പേജിൽ താഴെമാത്രം ദൈർഘ്യമുള്ള ഈ പുസ്തകം മലയാളത്തിലെ ഏറ്റവും നല്ല ആത്മകഥകളിലൊന്നാണ്