2020, ഏപ്രിൽ 25, ശനിയാഴ്‌ച

25-4-2020
--------------
ഗൃഹാതുരം
-------------------
മുപ്പത്തഞ്ചു കൊല്ലം മുമ്പ് ഞങ്ങൾ സ്ഥിരതാമസത്തിനായി പൂണിത്തുറയിൽ എത്തുമ്പോൾ അതൊരു ഗ്രാമപ്രദേശമായിരുന്നു ;കൊച്ചി കോർപറേഷനിലേക്ക് ആയിടെ കൂട്ടിച്ചേർത്ത ഒട്ടൊക്കെ ആധുനിക ജീവിത സൗകര്യങ്ങളുള്ള ഒരു നാട്ടിൻപുറം .ധാരാളം വെളിമ്പറമ്പുകൾ ,അവിടെയൊക്കെ കാട്ടുചെടികളും പൂക്കളും ,ഇടയ്ക്കിടെ കുളങ്ങൾ ,പറഞ്ഞാൽ വിശ്വസിക്കില്ല കുളക്കോഴികൾ ("നാണത്തിന്റെ കുടുക്കകൾ ......")
     ഗ്രാമീണ ശൈലി തന്നെയായിരുന്നു അവിടത്തെ അയൽബന്ധങ്ങളും പിന്തുടർന്നു പോന്നത് .കലവറയില്ലാത്ത പെരുമാറ്റം ,ഇണക്കങ്ങളും പിണക്കങ്ങളും ,ചില്ലറ കൊടുക്കൽ വാങ്ങലുകൾ ,ചില രാത്രികൾ അസാരം സേവിച്ചു വരുന്ന ഒരയൽക്കാരന്റെ പുലരും വരെയുള്ള പാട്ടും കൂത്തും .'നിങ്ങൾക്കൊക്കെകള്ളന്മാരെ  പേടിക്കാതെ കിടന്നുറങ്ങാമല്ലോ ചേട്ടാ 'എന്ന് അയാളുടെ ഭാര്യയുടെ നർമ്മത്തിൽ പൊതിഞ്ഞ  സാന്ത്വനം .കുട്ടികൾ  തൃശൂരും തിരുവനന്തപുരത്തുമൊക്കെ പഠിക്കാൻ പോയപ്പോഴും ഞങ്ങൾ തനിച്ചായി എന്ന തോന്നലുണ്ടായതേയില്ല .
    "ഗ്രാമീണ ഭംഗി തൻ പൂവണി പച്ചില പോർമുലക്കച്ചയിൽ " നഗരം കൈവെക്കുക തന്നെ ചെയ്തു .വെളിമ്പറമ്പുകളിൽ കെട്ടിടങ്ങളുയർന്നു .രമ്യ ഹർമ്യങ്ങൾ .പത്തുസെന്റ് സ്ഥലത്തൊരു വീട് എന്ന പഴയ ആശയമൊക്കെ പോയി .അത്രയും സ്ഥലത്ത് നാലിൽ കുറയാത്ത വീടുകൾ അവിടെ എട്ടോ പത്തോ കുടുംബങ്ങൾ .പഴയ അയൽക്കാർ അയൽക്കാരല്ലാതായി .ഇടയിൽ ധാരാളം വസതികളും അവയിലൊക്കെ ഒരുപാട് താമസക്കാരും വന്നു കഴിഞ്ഞല്ലോ .
   വല്ലപ്പോഴും ഒരു സ്കൂട്ടറോ അതിലും വിരളമായി ഒരു ഓട്ടോ റിക്ഷയോ ഓടിയിരുന്ന താമരശ്ശേരിറോഡിലൂടെ മോട്ടോർസൈക്കിളുകളും കാറുകളുംസ്കൂൾ ബസുകളും  മാത്രമല്ല ലോറികളും ജെ സി ബി കളും തേരാ പാരാ സഞ്ചരിക്കാൻ തുടങ്ങി രാപ്പകൽ .മൂന്നോ നാലോ പെട്ടിക്കടകളും രണ്ടു ചെറിയ ചായക്കടകളും മാത്രമുണ്ടായിരുന്ന പേട്ട  ജംഗ്ഷൻ ഷോപ്പിംഗ് മാളുകളും നക്ഷത്രപദവിയുള്ള ഹോട്ടലും മെട്രോ സ്റ്റേഷനും ബാങ്കുകളും മറ്റുമുള്ള നഗരകേന്ദ്രമായി .
    വീടിനു മുമ്പിൽ കുളക്കോഴികൾ 'പങ്ങി 'നടന്ന പറമ്പ് അതിനടുത്ത് താമസമാക്കിയ ഒരു ബിസിനസ് കാരന്റെ ലോറി യാർഡായി.രാവിലെയും വൈകിട്ടും ലോറികൾ പുറപ്പെടുന്നതിന്റെയും തിരിച്ചെത്തുന്നതിന്റെയും ഘോഷം .രാത്രി തൊട്ടടുത്ത പറമ്പിലെ വീടുകളൊന്നിൽ നിന്ന് അന്യസംസ്ഥാന തൊഴിലാളികളുടെ ജീവിതാഘോഷങ്ങളുടെ ശബ്ദം .അതിനടുത്ത കെട്ടിടത്തിൽ അവിവാഹിതരായകുറെ  കമ്പനി എക്സിക്യൂട്ടീവുകളാണ് താമസം .അവരിൽ ഒന്ന് രണ്ടു പേര് കർണാടക സംഗീതം പഠിക്കുന്നുണ്ട് .വേറൊരാൾക്ക് സിനിമാപ്പാട്ടിലാണ് കമ്പം .പൊതുവേ സംഗീത സാന്ദ്രമാണ് അവരുടെ രാവുകൾ .രണ്ടു വഴിവിളക്കുകളുടെ പ്രകാശവൃത്തങ്ങൾക്കിടയിലെ ഇത്തിരി ഇരുട്ടന്വേഷിച്ച് ഷെയറിട്ടു വാങ്ങിയ ഒരു കുപ്പിയും രണ്ടു കടലപ്പൊതിയുമായി വല്ലപ്പോഴും വരുന്ന ചെറുപ്പക്കാർ ;'ഞങ്ങൾ ആർക്കും ഒരു ശല്യവുമുണ്ടാക്കുന്നില്ലല്ലോ സാർ 'എന്ന ക്ഷമാപണം .അടക്കിപ്പിടിച്ച ഒച്ചയും ബഹളവുമായി അനുഭവിച്ചവർക്കു മാത്രം മനസ്സിലാക്കാൻ കഴിയുന്ന അവരുടെ ആഹ്‌ളാദം .അമ്പലപ്പറമ്പുകളിലെ ചെണ്ടമേളം ,വെടിക്കെട്ട് .അങ്ങിനെ "താഴെയും മോളും ജന്തു ജീവിതസമരത്തിൻ കേഴലുമലർച്ച കാലൊച്ചയും ..."കേട്ടിരിക്കുമ്പോൾ ഞങ്ങൾ തനിച്ചാണെന്നു തോന്നാറേ ഉണ്ടായിരുന്നില്ല .
        ഇപ്പോൾ എല്ലാം മാറിയിരിക്കുന്നു .താമരശ്ശേരി റോഡിൽ നിന്നും അടുത്തുള്ള ബൈ പാസിൽ നിന്നും വാഹനങ്ങളുടെ ശബ്ദങ്ങൾ കേൾക്കാനില്ല .ലോറി യാർഡ് നിശബ്ദം അന്യ സംസ്ഥാന തൊഴിലാളികൾ എങ്ങോട്ടോ പോയി .എക്സിക്യൂട്ടീവുകളുടെ വീടൊഴിഞ്ഞു കിടക്കുന്നു .രാത്രി യെ ഉന്മത്തയാക്കിയിരുന്ന  അയൽക്കാരനും യുവ സുഹൃത്തുക്കളും നിസ്സഹായരാണല്ലോ .ചെണ്ടമേളവും വെടിക്കെട്ടുമില്ല .ശബ്ദങ്ങൾ നിലച്ച അവസ്ഥ .
    വിവിധ ശബ്ദങ്ങളുടെ സവിശേഷ ലയമായുണ്ടാവുന്ന നിശ്ശബ്ദത സുഖകരമായ ഒരവസ്ഥയാണ് .ഇതങ്ങിനെയല്ല ശബ്ദങ്ങളുടെ നിശ്ശേഷ രാഹിത്യം ഭയജനകമാണ് .ഒപ്പം ടി വി വാർത്തകൾ സൃഷ്ടിക്കുന്ന അസ്വാസ്ഥ്യം .പണ്ടെങ്ങോ പഠിച്ചു മറന്ന ധനശാസ്ത്രവും ബാങ്കിങ്ങും ചൂണ്ടിക്കാട്ടിത്തരുന്ന വഴിമുട്ടിയ ജീവിതാവസ്ഥ സൃഷ്ടിക്കുന്ന വേവലാതി ......
       ഏതു രാത്രിയും പുലരുക തന്നെ ചെയ്യും എന്നു പറയുന്നത് സത്യമായിരിക്കും ;അല്ലേ ? അമ്പാടിയിലെത്തിയ അക്രൂരനെ ഗോപസ്ത്രീകൾ ആശംസിച്ചുവെന്ന് നങ്യാരമ്മമാർ ആടിക്കാണിക്കാറുള്ള ആ ശ്ലോകപാദം ഞാൻ സ്വയം ഉരുവിടുകയാണ്  :'സുപ്രഭാതാ തേ നിശാ 'നിന്റെ രാത്രി ഒരു നല്ല പ്രഭാതത്തോടു കൂടിയതാവട്ടെ .















   
   



















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ