5-4-2020
5th April,202o
അറുപത്തിമൂന്നു വർഷങ്ങൾ
---------------------------
അറുപത്തി മൂന്നു വർഷം മുമ്പ് 1957 ഏപ്രിൽ 5 നാണ് ആദ്യ കേരള മന്ത്രിസഭ സ ,ഇ എം എസ് നമ്പൂരിപ്പാടിന്റെ നേതൃത്വത്തിൽ സത്യ പ്രതിഞ്ജ ചെയ്ത് അധികാരത്തിലേറിയത് .പാർലമെന്ററി ജനാധിപത്യ മാർഗത്തിലൂടെ അധികാരത്തിലെത്തുന്ന ആദ്യ കമ്യുണിസ്റ് സർക്കാർ ആയിരുന്നു അത് .ബൂർഷ്വ ജനാധിപത്യപരമെന്നു കമ്യുണിസ്റ്റുകാർ വിശേഷിപ്പിക്കുന്ന ഒരു ഭരണഘടനക്കും കേന്ദ്ര സർക്കാരിനും വിധേയമായി പ്രവർത്തിക്കേണ്ട ഒരു പ്രവിശ്യാ ഭരണകൂടം മാത്രമായിരുന്നു പക്ഷെ ആ സർക്കാർ .
എങ്കിലും അതൊരു ചരിത്ര നിമിഷമായിരുന്നു .ഒരു ജനതയുടെ നിലനില്പിൽ വിരളമായി മാത്രം എത്തിച്ചേരുന്ന ഒരു നിമിഷം .സംശയിക്കുന്നവരോട് അങ്ങനെയൊന്നു സംഭവിച്ചിട്ടില്ലാത്ത മറ്റു പ്രവിശ്യകളിലേക്കു നോക്കുക എന്നേ പറയാനുള്ളു .
സ്വാതന്ത്ര്യലബ്ധി നമ്മുടെ ജീവിതത്തിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല എന്നു പറയുന്നത് അവാസ്തവമായിരിക്കും .ഒരു സ്വതന്ത്ര രാജ്യത്തിലെ പൗരനാണെന്ന ബോധം അതു വരെ പ്രാദേശികമായി മാത്രം ചിന്തിച്ചിരുന്ന, രാജ ഭക്തിയിലും മറ്റും അഭിരമിച്ചിരുന്ന സാധാരണക്കാരനിലുണ്ടായി .വിശാലമായ ഒരു ദേശീയതയെക്കുറിച്ചുള്ള ബോധം ,ഇന്ത്യക്കാരെന്ന ബോധം സാർവത്രികമായി നിലവിൽ വന്നു .പഞ്ചവത്സര പദ്ധതികൾ ,വികസനം ഇവയൊക്കെ മെച്ചപ്പെട്ട റോഡുകളുടെയും മറ്റും രൂപത്തിൽ ഗ്രാമങ്ങളിലെത്തി .പ്രതീക്ഷകളുണ്ടായി .പക്ഷേ സമൂഹം ശ്രെണീബദ്ധമായി ,ഫ്യുഡൽ മാതൃകയിൽ തന്നെ തുടർന്നു ;തമ്പുരാൻ അടിയാൻ ബന്ധങ്ങൾക്ക് കാര്യമായ മാറ്റമൊന്നുമുണ്ടായില്ല 57 ൽ കമ്യുണിസ്റ്റുകാർ അധികാരത്തിൽ എത്തുന്നതു വരെ .57 മലയാളിയുടെ സമൂഹ മനസ്സിനെയും സമൂഹത്തെ ആകെ തന്നെയും ഉഴുതു മറിച്ചു .
കമ്യുണിസ്റ്റ് സർക്കാർ കൊണ്ടു വന്ന രണ്ടു മൂന്നു ബില്ലുകൾ ഈ സാമൂഹ്യ സാംസ്കാരിക വിപ്ലവത്തിന്റെ മൂർത്തരൂപങ്ങളാണെന്നു പറയാം ;വിദ്യാഭ്യാസ ബിൽ ,കാർഷിക ബന്ധ ബിൽ ,ഭൂനയ ബിൽഎന്നിവ .'ഗ്രാൻഡ്'സ്‌കൂൾ സേവന വേതന വ്യവസ്ഥകൾ സർക്കാർ സ്‌കൂളിലേതിനു തുല്യമായി ,തമ്പുരാൻ അടിയാൻ ബന്ധങ്ങൾക്ക് അവസാനമായി, പഴകി ദ്രവിച്ച സമുദായ ശില്പങ്ങൾ കടപുഴകി വീണു ,മനുഷ്യ സമത്വത്തെക്കുറിച്ചുള്ള ബോധം രൂഡമൂലമായി .
തുടങ്ങി വെച്ചതു പൂർത്തീകരിക്കുന്നതിനു മുമ്പ് അകാലത്തിൽ ആ മന്ത്രി സഭ വരാനിരിക്കുന്ന ജനാധിപത്യ ധ്വംസനങ്ങളുടെ മുന്നോടിയായ ഒരു നടപടിയിലൂടെ പുറത്താക്കപ്പെട്ടു .പക്ഷെ അവർ തുടക്കം കുറിച്ച വിചാര വിപ്ലവത്തെയോ സാമൂഹ്യ മാറ്റങ്ങളെയോ തടഞ്ഞു നിർത്താൻ ആ നടപടിക്ക് കഴിഞ്ഞില്ല .
ഇവിടെ എടുത്തു പറഞ്ഞ പുരോഗമന നടപടികളിൽ പക്ഷെ ചില വീഴ്ചകൾ പറ്റിയിരുന്നു ;അക്ഷന്തവ്യം എന്ന് തന്നെ പറയാവുന്ന ചില വീഴ്ചകൾ .നിയമനാധികാരം പ്രൈവറ്റ് സ്‌കൂൾ മാനേജർമാർക്ക് നല്കിയത് ആണ് അതിലൊന്ന് .അതിലും അപകടകരമായിരുന്നു കൃഷിക്കാരൻ എന്ന പദത്തിന് നൽകിയ വ്യാഖ്യാനം .ഭൂമി അതുഴുന്നവന് (land to the tiller )എന്നത് കൃഷിഭൂമി കര്ഷകന് എന്നും കർഷകൻ എന്നാൽ പാട്ടക്കാരൻ എന്നും വ്യാഖ്യാനിക്കുക വഴി ഭൂ നിയമത്തിന്റെ ലക്‌ഷ്യം തകിടം മറിഞ്ഞു പോയി .ഭൂമി ജന്മിയിൽ നിന്നു പിടിച്ചെടുത്തു പാട്ടക്കാരനു കൊടുത്തു .യഥാർത്ഥ അവകാശിയായ കൃഷി തൊഴിലാളി സകുടുംബം മൂന്നു സെന്റിലൊതുങ്ങി.കാർഷിക മേഖലയുടെ പ്രത്യേകിച്ചും നെൽകൃഷിയുടെ പൂർണമായ തകർച്ചക്ക് അത് വഴിവെച്ചു ;ഭൂമിയുടെ അവകാശികൾക്ക് അത് ലഭിക്കാനുള്ള സാദ്ധ്യത തീരെ ഇല്ലാതായി !
ദുരവസ്ഥ തുടർന്നു കൊണ്ടേയിരിക്കുന്നു
ഇതൊക്കെ സത്യം തന്നെ .എങ്കിലും ഏപ്രിൽ 5 ന്റെ പ്രാധാന്യം ഇതു കൊണ്ടൊന്നും ഇല്ലാതാവുന്നില്ല .കാരണം ചൂഷണവും അന്യവൽക്കരണവും കൂടുതൽ രൂക്ഷമായ ഇന്നത്തെ അവസ്ഥയിൽ ഒരു പ്രത്യയ ശാസ്ത്രമെന്ന നിലയിൽ മാർക്സിസവും മനുഷ്യവർഗം ആത്യന്തികമായി കൈവരിക്കേണ്ട അവസ്ഥ എന്ന നിലയിൽ കമ്യുണിസവും പൂർവ യൂറോപ്പിലെ സ്റ്റാലിനിസ്റ്റ് ഗോപുരങ്ങളുടെ പതനത്തിനു ശേഷവും പ്രസക്തമാണെന്നതു തന്നെ .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ