2020 ജൂൺ 30, ചൊവ്വാഴ്ച

29-6-2020
-------------
കലയുടെ പാന്ഥൻ വിട പറയുമ്പോൾ
-------------------------------------------------------------
   'പാപ്പുക്കുട്ടി ഭാഗവതർ അന്തരിച്ചു .'2020 ജൂൺ 23 ലെ മാതൃഭൂമി മുൻപേജ് വാർത്തയാണ് :''കേരള സൈഗാൾ എന്നറിയപ്പെട്ടിരുന്ന സംഗീതജ്ഞൻ പാപ്പുക്കുട്ടി ഭാഗവതർ അന്തരിച്ചു .107 വയസ്സായിരുന്നു ." 'നടൻ ,കാഥികൻ ,സംഗീതാദ്ധ്യാപകൻ ഗായകൻ എന്നീ നിലകളിലെല്ലാം തിളങ്ങി 'എന്നു വാർത്ത തുടർന്നു പറയുന്നു .'പാപ്പുക്കുട്ടിഭാഗവതർ ഇനി പാട്ടോർമ്മ 'എന്നാണ് അന്നത്തെ മനോരമയുടെ മുൻപേജ് തലക്കെട്ട് .'ഭാഗവതർ വിടപറഞ്ഞത് 107 ആം വയസ്സിൽ 'എന്ന് ഉപശീര്ഷകം .'നാടക രൂപങ്ങളിലും സിനിമയിലും പാടിയും അഭിനയിച്ചും  നാലു തലമുറകളുടെ ആദരം സ്വന്തമാക്കിയ പാപ്പുക്കുട്ടി ഭാഗവതർ (എം സി ജോസഫ് -107 )വിടവാങ്ങി .......ഇന്നലെ പെരുമ്പടപ്പിലെ വസതിയിലായിരുന്നു കേരള കലാരംഗത്തെ നൂറ്റാണ്ടിന്റെ കർമ്മസാക്ഷിയുടെ വിയോഗം '.
   'നൂറ്റാണ്ടിന്റെ കർമ്മസാക്ഷി'യെന്നത് ഒരു ഔപചാരിക പദപ്രയോഗമല്ല .ഭാഗവതരുടെ വിയോഗത്തെക്കുറിച്ച് വന്ന വാർത്തകളെല്ലാം ഊന്നിപ്പറഞ്ഞത് രണ്ടു കാര്യങ്ങളായിരുന്നു .ഒന്ന് ഭാഗവതർ ബഹുമുഖ പ്രതിഭയായിരുന്നു എന്നത് .മറ്റൊന്ന് അദ്ദേഹംസുദീർഘമായ  തന്റെ ജീവിതത്തിന്റെ  അവസാന നാൾ വരെ കർമ്മനിരതനായിരുന്നുവെന്നത്.രണ്ടാമതു പറഞ്ഞതിൽ സംശയം തോന്നുന്നവർക്ക് 'മേരിക്കുണ്ടൊരുകുഞ്ഞാട്‌ 'എന്ന സിനിമയിലെ 'എന്റടുക്കൽ വന്നടുക്കും പെമ്പിറന്നോരെ ...'എന്ന ഗാനം യു ട്യൂബിൽ കേട്ടുനോക്കാവുന്നതാണ് .തൊള്ളായിരത്തി ഇരുപതുകളിൽ അഗസ്റ്റിൻ ജോസഫിനും സെബാസ്റ്റിയൻ കുഞ്ഞുകഞ്ഞു ഭഗവതർക്കുമൊപ്പം പാടി അഭിനയിച്ചിരുന്ന പാപ്പുക്കുട്ടി ഭാഗവതർ2010 ലെ  ഈ പാട്ട് പാടുന്നത് ശങ്കർമഹാദേവനും റിമിടോമിക്കും ഒപ്പമാണ് . വിജയ്‌യേശുദാസിനേക്കാൾ പ്രായം കുറവാണ് റിമിടോമിക്ക് എന്നും ഓർക്കുക .
    പറഞ്ഞുവരുന്നത് ഇതാണ് .1913 ഇൽ ജനിച്ച 1920 ഇൽ തന്റെ ആദ്യനാടകത്തിൽ അഭിനയിച്ച പാപ്പുക്കുട്ടിഭാഗവതർ നൂറു വർഷക്കാലം കേരളത്തിന്റെ കലാസാംസ്കാരിക രംഗത്ത് സജീവസാന്നിധ്യമായിരുന്നു .ആ ദശകങ്ങളുടെ ചരിത്രപരമായ പ്രാധാന്യം എന്തെന്ന് മനസ്സിലാക്കിയാലേ ഭാഗവതരുടെ സംഭാവനയുടെ വ്യാപ്തിയും മഹത്വവും തിരിച്ചറിയാനാവു .പാശ്ചാത്യ മാനേജ്‌മെന്റ്‌വിദഗ്ധൻ പീറ്റർ ഡ്രക്കർ പറയുന്നത് ഏതാനും നൂറ്റാണ്ടുകൾ കൂടുമ്പോൾ ചരിത്രത്തിൽ നിശിതമായ ഒരു പരിവർത്തനമുണ്ടാവുന്നു എന്നാണ് .ഡ്രക്കറുടെ  തന്നെ വാക്കുകളിൽ "..ഏതാനും ദശകങ്ങളിൽ സമൂഹം സ്വയം ഒരു പുനർവിന്യസനം നടത്തുന്നു -ലോകവീക്ഷണത്തിൽ അടിസ്ഥാനമൂല്യങ്ങളിൽ,സാമൂഹ്യ -രാഷ്ട്രീയ ഘടനയിൽ ,കലകളിൽ ,താക്കോൽ സ്ഥാപനങ്ങളിൽ ....."ഈ ദശകങ്ങളുടെ അവസാനം ജനിക്കുന്ന കുട്ടികൾക്ക് അവരുടെ അച്ഛനമ്മമാർ ജനിച്ച ,അപ്പൂപ്പനും അമ്മൂമ്മയും ജീവിച്ച കാലം തീരെ അപരിചിതമായിരിക്കുമത്രേ   .(പോസ്റ്റ് ക്യാപിറ്റലിസ്റ് സൊസൈറ്റി ..പീറ്റർ ഡ്രക്കർ ).യൂറോപ്പിൽ നഗര സമൂഹങ്ങൾക്ക് രൂപം നൽകിയ 13 ആം നൂറ്റാണ്ടിലെ ചില ദശകങ്ങൾ ,നവോത്ഥാനത്തിനും ജന്മം നൽകിയ 15 ആം നൂറ്റാണ്ട് മദ്ധ്യം മുതൽ 16 ആം നൂറ്റാണ്ട് ആദ്യം വരെയുള്ള ഏതാനും ദശകങ്ങൾ ,മുതലാളിത്ത സമൂഹം മുതലാളിത്തനാന്തര വിജ്ഞാന സമൂഹത്തിനു വഴിമാറിയ ഇരുപതാംനൂറ്റാണ്ടിന്റെ ഉത്തരാർദ്ധം  ഇവയാണ് ഡ്രക്കർ ചൂണ്ടിക്കാണിക്കുന്ന നിർണായക ചരിത്രഘട്ടങ്ങളിൽ ചിലത് .ഇന്ത്യയുടെ കാര്യത്തിൽ അവസാനം പറഞ്ഞ കാലത്തിന്റെ ഒരു വിപുലീകൃതരൂപമാണ് അതായത് 20 ആം നൂറ്റാണ്ടും 21 ആം നൂറ്റാണ്ടിലെ ആദ്യ ദശകങ്ങളും കൂടിച്ചേർന്ന കാലഘട്ടമാണ് ചരിത്രത്തിലെ നിര്ണായകകാലം .'ബുദ്ധൻ ഇപ്പോൾ മടങ്ങിവന്നാൽ തന്റെ ഇന്ത്യയെ അങ്ങിനെതന്നെ അദ്ദേഹത്തിന് കാണാൻ കഴിയും 'എന്ന് ഇരുപതാം നൂറ്റാണ്ടാദ്യത്തെ ഇന്ത്യയെ കുറിച്ച് സർദാർ പണിക്കർ 'ഇന്ത്യാചരിത്രാവലോകനത്തിൽ പറഞ്ഞിരിക്കുന്നത് സത്യം മാത്രമാണ് .ആ അവസ്ഥയിൽ നിന്ന് 2020 ഇൽ നാം കാണുന്ന മുതലാളിത്തനാന്തര വിജ്ഞാന സമൂഹത്തിലേക്ക് ഇന്ത്യയെ പരിവർത്തിപ്പിച്ചത് ഈ ദശകങ്ങളിലെ  രാഷ്ട്രീയ സാമൂഹ്യ മുന്നേറ്റങ്ങൾമാത്രമല്ല  കലാസാംസ്കാരിക പ്രവർത്തനങ്ങൾ കൂടിയാണ് .
     കേരളത്തിൽ നേരത്തെ തന്നെ ആരംഭിച്ചിരുന്ന നവോത്ഥാന സംരംഭങ്ങൾ പൂർവാധികം ശക്തിയാർജ്ജിച്ചിരുന്ന കാലത്താണ് പാപ്പുക്കുട്ടിഭഗവതർ രംഗപ്രവേശം ചെയ്യുന്നത് .സാഹിത്യത്തിന്റെയും കലയുടെയും മണ്ഡലങ്ങളിലും വിപ്ലവകരമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടായിരുന്നു .കവിത്രയത്തിന്റെ ഉദയം ,നിയോക്ളാസ്സിസം റൊമാന്റിസത്തിനു വഴിമാറിയത് ,സി വി നോവലുകൾ ,ഉദാഹരണങ്ങളിൽ ചിലതുമാത്രം .ഇവയിൽ പ്രധാനമായ ഒന്നായിരുന്നു നാടകരംഗത്തുണ്ടായ പരിവർത്തനം .1882ഇൽ വലിയകോയിത്തമ്പുരാൻ പരിഭാഷപ്പെടുത്തിയ ശാകുന്തളം അരങ്ങേറിയത് സംസ്കൃതനാടകസമ്പ്രദായത്തിലല്ല പാശ്ചാത്യ നാടകങ്ങളുടെ റിയലിസ്റ്റിക്  ശൈലിയിലാണ്  .തുടർന്ന് സി വിയുടെയും മറ്റും പ്രഹസനങ്ങൾ അരങ്ങിലെത്തി .അങ്ങിനെ പാകപ്പെട്ട രംഗഭൂമിയിലേക്ക്  തമിഴ് സംഗീതനാടകങ്ങളും അവയുടെ മാതൃക പിന്തുടർന്ന മലയാള സംഗീതനാടകങ്ങളും എത്തി .കഥകളി തുടങ്ങിയ പാരമ്പര്യകലകളേയും കക്കാരിശി തുടങ്ങിയ നാടന്കലാരൂപങ്ങളെയുംകാൾ സംവേദനക്ഷമത ഏറിയിരുന്നു റിയലിസ്റ്റിക് അവതരണ ശൈലി പിന്തുടർന്നിരുന്ന നാടകങ്ങൾക്ക് .പ്രഹ്ളാദനും ഹരിശ്ചന്ദ്രനും സ്നാപകയോഹന്നാനും സാക്ഷാൽ യേശുദേവൻ തന്നെയും പ്രേക്ഷകരുടെ മുന്നിലെത്തി .അവരുടെ കഥകൾ ഉൾക്കൊള്ളുന്ന ഗുണപാഠങ്ങൾ ,സന്മാർഗ്ഗത്തെയും സദാചാരത്തെയും പാപപുണ്യങ്ങളേയും കുറിച്ചുള്ളവ അനായാസമായി പ്രേക്ഷകരിലേക്ക് ,നിരക്ഷരരായ പ്രേക്ഷകരിലേക്ക് പോലും സംവേദനം ചെയ്യപ്പെട്ടു .നാടകത്തിന്റെ ഈ സംവേദനക്ഷമത സ്വാതന്ത്ര്യത്തെയും സമത്വത്തെയും കുറിച്ചുള്ള ആശയങ്ങൾ  പ്രചരിപ്പിക്കുന്നതിനും ഉപയുക്തമാക്കപ്പെട്ടു  .'അടുക്കളയിൽ നിന്ന് അരങ്ങേത്തേക്ക് 'പോലുള്ള നാടകങ്ങൾ അക്കാലത്ത് അരങ്ങേറിയവയാണല്ലോ .അങ്ങിനെ കല, പ്രത്യേകിച്ചു നാടകം കേരളം ജനതയുടെ സൗന്ദര്യബോധത്തെ സാക്ഷാത്കരിക്കുന്നതിലൂടെ അവരിൽ പുരോഗമന ആശയങ്ങൾ രൂഢ മൂലമാവുന്നതിനും നിമിത്തമായി .അല്ലെങ്കിൽത്തന്നെ വൈലോപ്പിള്ളി ചോദിച്ചതു പോലെ "മർത്യസൗന്ദര്യ ബോധ്യങ്ങൾ പെറ്റ /മക്കളെല്ലി പുരോഗമനങ്ങൾ ?".
   അപ്പോൾ കൊച്ചു പാപ്പുക്കുട്ടി തന്റെ ഏഴാം വയസ്സിൽ' വേദമണി' എന്ന നാടകത്തിലൂടെ തുടക്കം കുറിച്ചത് കലാപ്രവർത്തനം മാത്രമല്ല കേരളീയ സമൂഹത്തെ മുന്നോട്ടു നയിക്കുന്നതിനുള്ള യത്നം കൂടിയാണ് .ഏഴെട്ടുകൊല്ലത്തിനു ശേഷം ഭാഗവതർ ആര്ടിസ്റ് പി ജെ ചെറിയാന്റെ സന്മാർഗവിലാസം നടനസഭയുടെ മിശിഹാചരിത്രത്തിൽ മഗ്ദലനമറിയമായി അഭിനയിച്ചു .തുടർന്ന് സ്നാപകയോഹന്നാനിൽ സ്നാപകനായി .ഏതാണ്ടക്കാലത്ത് നമ്മുടെ സാംസ്കാരിക രംഗത്തുണ്ടായ ചില പ്രധാന സംഭവങ്ങളെക്കുറിച്ച് സൂചിപ്പിക്കേണ്ടതുണ്ട് .സമസ്തകേരള സാഹിത്യപരിഷത്തിന്റെയും കേരളകലാമണ്ഡലത്തിന്റെയും രൂപീകരണമാണമാണുദ്ദേശിക്കപ്പെടുന്നത് .സാഹിത്യത്തിന്റെയും കലയുടെയും മണ്ഡലത്തിൽ അവയുണ്ടാക്കിയ ചലനങ്ങളോളം തന്നെ പ്രധാനമാണ് അവയുടെ പേരിലെ കേരള ശബ്ദവും .ഭരണപരമായി മൂന്നു ഘടകങ്ങളായിരുന്നുവെങ്കിലും കേരളം ഒന്നാണെന്ന ആശയം കൂടുതൽ മൂർത്തരൂപം കൈക്കൊള്ളാൻ തുടങ്ങിയിരുന്നുവെന്ന് ആ നാമകരണങ്ങൾ സൂചിപ്പിക്കുന്നു .ഐക്യകേരളം എന്ന ആശയം എല്ലാവിഭാഗം മലയാളിയിലും എത്തിച്ചത്പക്ഷേ  നാടകക്കാരാണ് .നാട്ടുരാജ്യങ്ങളുടെ അതിർത്തികൾ നോക്കാതെ മലനാട്ടിൽ  എല്ലായിടത്തും മലയാളികളുള്ള  മറുനാടുകളിലുംഅവർ  നാടകം കളിച്ചിരുന്നുവല്ലോ .
     പാടാനും അഭിനയിക്കാനും കഴിവുള്ള ഭഗവതർക്ക് തിരക്കേറി .അദ്ദേഹത്തിന് പഠനം ഉപേക്ഷിക്കേണ്ടി വന്നു .എന്നു പറഞ്ഞാൽ ഔപചാരിക വിദ്യാഭ്യാസം തുടരാനായില്ല അദ്ദേഹത്തിന് .പക്ഷേ ഓരോ അരങ്ങും ഓരോ പാഠമായിരുന്നല്ലോ .നാല്പതുകളോടെ നാടകരംഗത്തും ദൂരവ്യാപകമായ ചില മാറ്റങ്ങൾക്ക് തുടക്കമായി .എൻ കൃഷ്ണപിള്ളയുടെയും മറ്റും നാടകങ്ങൾ അരങ്ങിൽ എത്താൻ  തുടങ്ങി .സംഗീത നാടകങ്ങളിൽ രംഗവേദിയിൽ തന്നെ സന്നിഹിതനായിരുന്നു ഭാഗവതർക്ക് തന്റെ ഹാർമോണിയവുമായി അണിയറയിലേക്ക് മാറേണ്ടി വന്നു .രാജാപ്പാർട് അഭിനയിച്ചിരുന്ന ഭഗവതർക്കാവട്ടെ ഇടയ്ക്കിടെ ഏഴരക്കട്ടയിൽ കീർത്തനങ്ങൾ പാടാനുള്ള അവസരങ്ങൾ കൈമോശം വരുകയും ചെയ്തു .ഈ മാറ്റങ്ങളുടെ അനിവാര്യത അംഗീകരിക്കുമ്പോൾ തന്നെ ഒരു കാര്യം എടുത്തു പറഞ്ഞുകൊള്ളട്ടെ കര്ണാടകസംഗീതം ഒരു ജനകീയ കലാരൂപമായി കേരളത്തിൽ നിലനിൽക്കാൻ കാരണം പുരോഗമനവാദികളാൽ ഒരുപാട് അപഹസിക്കപ്പെട്ട ഈ ഭഗവതർമാരാണ് .വർഷത്തിൽ ഒരിക്കൽ മഹാക്ഷേത്രങ്ങളിൽ നടക്കുന്ന കച്ചേരികൾ അക്കാര്യത്തിൽ തികച്ചും അപര്യാപ്തമായിരുന്നു .എന്തായാലും ചില മാറ്റങ്ങൾ ഒഴിവാക്കാവുന്നതല്ലല്ലോ .നാടകവേദിയിലെ ഈ മാറ്റങ്ങൾക്ക് നേതൃത്വം കൊടുത്തവരിലൊരാൾ പാപ്പുക്കുട്ടി ഭഗവതരായിരുന്നു .അതിങ്ങനെ വിശദീകരിക്കാം .നാടകവേദിയുടെ ആധുനികവൽക്കരണത്തിന് തുടക്കം കുറിച്ചവരിൽപ്രമുഖനായ  ഒരാൾ തിക്കുറിശ്ശി സുകുമാരൻ നായരാണ് .തിക്കുറിശ്ശിയുടെ നാടകങ്ങളിൽ പലതിലും നായകകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് പാപ്പുക്കുട്ടി ഭഗവതരായിരുന്നു താനും .നാടകാവതരണരീതിമാത്രമല്ല ഈ നാടകങ്ങളിലൂടെ ചോദ്യം ചെയ്യപ്പെട്ടത് ;സമൂഹത്തിന്റെ നീതിശാസ്ത്രം ആകെ തന്നെയാണ് .പുരോഗമനപരമെന്നു പറയപ്പെടുന്ന സാമൂഹ്യാചാരങ്ങളെ പേരെടുത്തു പറഞ്ഞ് ശരിയോ തെറ്റോ എന്നുറക്കെ ചോദിക്കുന്ന,ചെറുപ്പത്തിൽ കേട്ട  ആ തിക്കുറിശ്ശി ഗാനം ഇന്നും എന്റെ മനസ്സിലുണ്ട് .തിക്കുറിശ്ശി നാടകങ്ങളുടെ പൊതുസ്വഭാവത്തിനു നിദർശനമാണ് ആ ഗാനം .ആ നാടകങ്ങളിലൂടെ നാടകവേദിയെ മാത്രമല്ല കേരളസമൂഹത്തെ ആകെ നവീകരിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് നേതൃത്വം കൊടുത്തു പാപ്പുക്കുട്ടി ഭാഗവതർ .നിർഭാഗ്യവശാൽ നാടകങ്ങൾ അറിയപ്പെടുന്നത് സിനിമയെപ്പോലെ  മുഖ്യ നടന്മാരുടെ പേരിലല്ല .അതുകൊണ്ടു തന്നെ ആ നവീകരണ യത്നങ്ങളെക്കുറിച്ചുള്ള ആഖ്യാനങ്ങളിൽ പാപ്പുക്കുട്ടിഭാഗവതർ പരാമർശിക്കപ്പെടാറുമില്ല  .പക്ഷെ അതുകൊണ്ട് സത്യം സത്യമല്ലാതാവുന്നില്ലല്ലോ .
         പാടി അഭിനയിക്കുന്ന ചുമതല ഒഴിവായപ്പോഴും ഭാഗവതർ സംഗീതത്തെ കൈവിട്ടില്ല .നാടകത്തിന്റെ ഇടവേളകളിൽ അദ്ദേഹം തനിക്ക് പ്രിയപ്പെട്ട സൈഗാൾ ഗാനങ്ങൾ പാടി കയ്യടിനേടി .കേരളം സൈഗാൾ എന്നറിയപ്പെട്ടു തുടങ്ങിയത് അങ്ങിനെയാണ് .
    1950 ഇൽ പുറത്തിറങ്ങിയ 'പ്രസന്ന' എന്ന ആദ്യകാല മലയാളചിത്രത്തിൽ 'വിധിയുടെ ലീല 'എന്ന പാട്ടു പാടി അഭിനയിച്ചതുകൊണ്ടാണ് ഭാഗവതർ മലയാള സിനിമയിൽ തുടക്കം കുറിക്കുന്നത് .പിന്നീട് പത്തിരുപത്തഞ്ചു ചിത്രങ്ങൾ ..ശ്രദ്ധേയമായ ഒരുവേഷം പക്ഷേ  മലയാള സിനിമ അദ്ദേഹത്തിനു നൽകിയില്ല  .നഷ്ടം സിനിമക്കു തന്നെയാണ് .
      ഒരു കൈവിരലിൽ എണ്ണാവുന്ന ഓ എൻ വി ഗാനങ്ങൾ തെരഞ്ഞെടുത്താൽ ആ പട്ടികയിൽ തീർച്ചയായും ഉൾപ്പെടുന്ന 'ശരദിന്ദു മലർദീപം ...'എന്ന പാട്ടുണ്ടല്ലോ അത് ഭാവഗായകനൊപ്പം പാടി അനാശ്വമാക്കിയ ഗായിക സെൽമാ ജോർജ് പാപ്പുക്കുട്ടി ഭാഗവതരുടെ മകളാണ് .1980 മുതൽ മലയാളസിനിമയിൽ ചെറുതെങ്കിലും ശ്രദ്ധേയമായ റോളുകൾ ചെയ്യുന്ന നടൻ മോഹൻ ജോസ് മകനും .
    മലയാളി ആസ്വാദകലോകവും അക്കാദമികളും പാപ്പുക്കുട്ടി ഭാഗവതരെ ആദരിക്കുന്നതിൽവീഴ്ച വരുത്തിയിട്ടില്ല .സംഗീതനാടക അക്കാദമി അവാർഡ്(1991 ) ,അഭിനയത്തിനും സംഗീതത്തിനുമുള്ള പ്രത്യേക  അവാർഡ്(1997 ) അക്കാദമി ഫെല്ലോഷിപ്പ് (2004 ) ജെ സി ഫൌണ്ടേഷൻ ,സ്വരലയ അവാർഡുകൾ ഇവയൊക്കെ ഭാഗവതരെ  തേടിയെത്തി .രംഗവേദിയിൽ നിന്ന് വിട്ടു നിന്നപ്പോഴും ഭാഗവതർ സജീവമായ കലാപ്രവർത്തനം തുടരുക തന്നെ ചെയ്തു ബസ്സിലും ബോട്ടിലും യാത്ര ചെയ്ത് അദ്ദേഹം കുട്ടികളെ സംഗീതം പഠിപ്പിച്ചു കച്ചേരികൾ നടത്തി നൂറ്റിയേഴാം വയസ്സുവരെ .
  ഒരു നൂറ്റാണ്ടുകാലം കേരളസംസ്കാരത്തിന്റെ വികാസ പരിണാമങ്ങൾക്ക് സക്രിയമായ നേതൃത്വം നൽകിയ,അതിലൂടെ ഒരു വ്യവസായപൂർവ അവികസിത കാർഷിക വ്യവസ്ഥയെ ഇന്നത്തെ വിജ്ഞാന സമൂഹമായി പരിവർത്തിപ്പിക്കുന്നതിൽ ഒരു പ്രധാനപങ്ക് വഹിച്ച  മഹാപ്രതിഭയെ കാണണമെന്നും പരിചയപ്പെടണമെന്നും ,ഞാൻ കൂടി അംഗമായ  സംഘടനയുടെ പൈതൃകം പരിപാടിയിൽ ക്ഷണിച്ചു വരുത്തി ആദരിക്കണമെന്നും ആഗ്രഹമുണ്ടായിരുന്നു .ഈ പ്രായത്തിൽ ഭാഗവതർ പെരുമ്പടപ്പിൽ നിന്ന് തൃപ്പൂണിത്തുറ വരെ വരുമോ എന്ന് സന്ദേഹിച്ചവരോട് വരും എന്ന് തീർത്തു പറയാൻ എനിക്കു കഴിഞ്ഞില്ല .എന്റെ പിഴ .
   ആദരവ് മനസ്സിലുണ്ട് .എപ്പോഴും








 
   







 


































































   






























































   

















2020 ജൂൺ 13, ശനിയാഴ്‌ച

13-6-2020                                                                                                                                                           കാലം- കോവിഡ്
          ---------------------------
'നഗരത്തിൽനിന്നു പുറപ്പെടുന്ന ബസ്സാണ് .പകുതിയിലേറെ സീറ്റുകൾ ഒഴിവുണ്ട് .ചായപ്പീടികക്കകത്തും പീടികത്തിണ്ണകളിലും സ്ഥലംപിടിച്ചിരുന്ന  കൂട്ടുകാർ ഓടിക്കൂടി .രണ്ടടി മുന്നോട്ടുവെച്ചപ്പോൾ ,നിരാശയോടെ നിന്നു  .കണ്ടുപരിചയപ്പെട്ട് ഒരുമിച്ച് യാത്രചെയ്ത് ഒരേ താവളത്തിലേക്കെത്താൻ ഒത്തു കൂടിയവർ പരിസരം മറന്നു യുദ്ധം ചെയ്യുന്നു .
  അറപ്പോടെ അയാൾ നോക്കിനിന്നു .രോഷമല്ല വേദനയായിരുന്നു മനസ്സിൽ .
-ഫുട്‍ബോർഡിൽ വിരൽ ഊന്നാനുള്ള സ്ഥലത്തിനു വേണ്ടി എല്ലാം മറന്നു നാം യുദ്ധം ചെയ്യുന്നു വേദനിപ്പിക്കുന്നു,ചവിട്ടിമെതിക്കുന്നു അവശേഷിച്ചവരുടെ കൂട്ടത്തിൽ അംഗമാവാതിരിക്കാൻ വേണ്ടി "
 എം ടിയുടെ കാലം എന്ന നോവലിൽ നിന്നാണ് .ഗ്രാമസേവകർക്കുള്ള പരിശീലനത്തിനു തെരഞ്ഞെടുക്കപ്പെട്ട സേതു ഉൾപ്പെടയുള്ളവർ  ട്രെയിനിങ് സെന്ററിലേക്ക് പോവുന്ന സന്ദർഭമാണ് .സ്വയം വിശദീകരിക്കുന്നതായതുകൊണ്ട് കൂടുതൽ പറയുന്നില്ല .മലയാളി മൈൻഡ്‌സെറ്റിന്റെ കാവ്യാത്മകമായ ആവിഷ്കാരം ഇവിടെ എടുത്തെഴുതിയത് അതിൽ നിന്നുള്ള മോചനത്തിലൂടെയേ കോവിടിൽ നിന്നു മുക്തി  നേടാനാവു എന്ന് സൂചിപ്പിക്കാനാണ് .നിർഭാഗ്യവശാൽ അതിനുള്ള ഒരു ശ്രമവും നമ്മുടെ ഭാഗത്തു നിന്നുണ്ടാവുന്നില്ല.ഒരു വിരൽ കുത്താനുള്ള സ്ഥലത്തിന് വേണ്ടി നമ്മളിപ്പോഴും ആത്മ സുഹൃത്തുക്കളുമായി "യുദ്ധം ചെയ്യുന്നു വേദനിപ്പിക്കുന്നു,ചവിട്ടിമെതിക്കുന്നു" .
       അച്ചടക്കം പാലിക്കാൻ നമ്മൾ പഠിക്കുകയും അത് പ്രയോഗത്തിൽ വരുത്തുകയും ചെയ്തില്ലെങ്കിൽ നമ്മൾ വലിയ വില കൊടുക്കേണ്ടി വരും; ഒരുപക്ഷേ രണ്ടോ മൂന്നോ കോടി മനുഷ്യ ജീവനുകൾ ആകാം ആ വില



2020 ജൂൺ 6, ശനിയാഴ്‌ച

6-6-2020
.ഇന്ന് മഹാകവി ഉള്ളൂരിന്റെ  ജന്മ ദിനമാണ്‌ ,143 ആം  ജന്മ വാർഷികം  .
'ഉമാകേരളം' മുതൽ കാക്കേ കാക്കേ കൂടെവിടെ  വരെയുള്ള 'ഭിന്നവിചിത്രമാർഗമായ'  മഹാകവിതകൾ  ,പ്രേമസംഗീതമെന്ന 'അതിമനോഹര സ്നേഹഗീതം  കൂടാതെ ആശാൻ മുതൽ ചങ്ങമ്പുഴ വരെയുള്ളവരുടെ കൃതിക്കൾക്കെഴുതിയ ഗംഭീരോദാരങ്ങളായ  അവതാരികകൾ ,കേരളഭാഷയുടെയും സാഹിത്യത്തിന്റെയും സമഗ്ര ചരിത്രം ,ഇനിയൊരു ജന്മമുണ്ടെങ്കിൽ അത് "അടി മുതൽ മുടിയോളം നിന്നിലാവട്ടെ തായേ "എന്ന് അമ്മമലയാളത്തോടു കേണപേക്ഷിച്ചു ഭാഷാ സ്‌നേഹി.ശ്രീനാരായണ ദര്ശനം സ്വന്തം ചിന്താമണ്ഡലത്തെ തന്നെ മാറ്റണമെന്നാഗ്രഹിച്ച ,അതിനു ശ്രമിച്ചു വിജയിച്ച സമത്വ വാദി  .....മഹാകവി ഉള്ളൂർ .                          നമ്മൾ മലയാളികൾ ഉള്ളൂർ മഹാകവിയോട് നീതി കാട്ടിയില്ല .ഉള്ളൂർ കൃതികളുടെ ഒരു പുനർവായനക്ക് സമയമായി എന്ന് തോന്നുന്നു .
   ക്ഷമാപണ പൂർവമായ പ്രണാമങ്ങൾ ,മഹാകവേ



2020 മേയ് 30, ശനിയാഴ്‌ച

30-5-2020
എങ്ങും ചന്ദനഗന്ധം
---------------------------------
അറുപതുകളിലെയും എഴുപതുകളിലെയും സിനിമാ പാട്ടുകളുടെ ഭാവഗരിമയും മാധുര്യവും ആവാഹിച്ചെടുത്ത ഒരുഗാനം കേട്ടു മിനിയാന്ന് ,തെളിവ് എന്ന സിനിമയിൽ ."എങ്ങും ചന്ദനഗന്ധം നിറയും ....."പരിചയമുള്ള ശബ്ദം .ആദ്യം തോന്നി ജയചന്ദ്രനാണെന്ന് .ഭാവാവിഷ്കാരം ജയചന്ദ്രന്റെ പ്രതാപകാലത്തെ ഗാനങ്ങളെ അനുസ്മരിപ്പിച്ചു .പക്ഷെ അല്ല .കല്ലറ ഗോപനാണ് ഈ പാട്ടു പാടിയിരിക്കുന്നത് .പാട്ടിന്നീണം നൽകിയിരിക്കുന്നതും ഗോപൻ തന്നെ .ആ ജോലിയും അദ്ദേഹം സ്തുത്യർഹമായി നിർവഹിച്ചിരിക്കുന്നു .
     പത്തുമുപ്പത്തഞ്ചു കൊല്ലമായി രംഗത്തുള്ള ഒരു ഗായകനാണ് കല്ലറ ഗോപൻ .ഗാനമേളകളിൽ പാടി പ്രശംസ നേടിയിട്ടുള്ള ഒരാൾ ;തികച്ചും അർഹിക്കുന്ന പ്രശംസ .പക്ഷെ പാടിപ്പതിഞ്ഞ പാട്ടുകൾ പൊതുവേദിയിൽ പാടുമ്പോൾ ആദ്യം പാടിയ ആളിനെ പൂർണമായി അനുകരിക്കേണ്ടി വരും .കേഴ്വിക്കാർക്ക് അതാണ് വേണ്ടത് .തന്റേതായ ഒരു ശൈലി കണ്ടെത്താനും പിന്തുടരാനും ഗായകനു കഴിയുകയില്ല .തനതു ശൈലിയിൽ പാടാൻ അദ്ദേഹത്തിന് അവസരങ്ങൾ വേണ്ടത്ര ലഭിച്ചതുമില്ല .ഇപ്പോൾ ചന്ദനഗന്ധത്തിലൂടെ മൗലിക പ്രതിഭയുടെ കാര്യത്തിൽ മലയാളത്തിലെ ഒരു ഗായകന്റെയും-മഹാഗായകരുൾപ്പെടെ ആരുടേയും - പിന്നിലല്ല താനെന്ന് അദ്ദേഹം തെളിയിച്ചിരിക്കുന്നു
   ചന്ദന ഗന്ധവും അതോടൊപ്പമുള്ള 'ഏതോ രാപ്പൂവിൽ 'എന്ന ജയചന്ദ്രൻ മൃദുലവാര്യർ ഗാനവും സംഗീത സംവിധായകൻ എന്ന നിലയിൽ ഗോപന് മുൻ നിരയിൽ തന്നെ സ്ഥാനം നൽകേണ്ടതാണെന്നു തെളിയിക്കുന്നു .
      നമ്മുടെ സിനിമാ രംഗത്തുള്ളവർ കല്ലറ ഗോപനോടുള്ള അവഗണന അവസാനിപ്പിക്കുമെന്നും അദ്ദേഹത്തിനു കൂടുതൽ അവസരങ്ങൾ നൽകുമെന്നും ആശിക്കുന്നു






2020 മേയ് 24, ഞായറാഴ്‌ച

പെരുനാൾ
-----------------
 ,കോളേജ് കാലത്ത് കൃത്യമായി പറഞ്ഞാൽ 1966 ജനുവരിയിലാണ് ഞാൻ ആദ്യമായി ഒരു റംസാൻ ആഘോഷത്തിൽ പങ്കെടുക്കുന്നത് .എന്റെ ഗ്രാമത്തിൽ മുസ്ലിം കുടുംബങ്ങളുണ്ടായിരുന്നില്ല .അതുകൊണ്ട് ഈസ്റ്ററിനെ ക്കുറിച്ചുള്ളതുപോലെയുള്ള ബാല്യകാലസ്മരണകളൊന്നും എനിക്ക് ബക്രീദിനെക്കുറിച്ചോ റംസാനെ കുറിച്ചോ ഉണ്ടായിരുന്നുമില്ല .കോളേജിൽ എന്റെ സഹപാഠിയും ഏറ്റവും അടുത്ത സുഹൃത്തുമായതാഹിറിന്റെ വക്കത്തെ മുള്ളുവിളാകം വീട്ടിൽ പെരുനാളെന്നൊന്നും അറിയാതെയാണ് ഞാൻ ചെന്നത് .ചെല്ലുന്ന വിവരം നേരത്തെ അറിയിച്ചപ്പോൾ അന്ന് പെരുന്നാൾ ആയിരിക്കുമെന്ന് താഹിർ പറഞ്ഞതുമില്ല .കുടുംബാംഗങ്ങളല്ലാതെ വേറെ അതിഥികളൊന്നുമുണ്ടായിരുന്നില്ല .ഞാനാണെങ്കിൽ താഹിർ പറഞ്ഞു പറഞ്ഞ് ആ വീട്ടിൽ ഒരംഗമായി കഴിയുകയും ചെയ്തിരുന്നു .
    വക്കത്തെ മുള്ളുവിളാകം വീട് ഏതാണെന്നറിയാമല്ലോ .സാക്ഷാൽ വക്കം മൗലവിയുടെ വീട് .അതെ സ്വദേശാഭിമാനി പത്രത്തിന്റെയും പ്രസ്സിന്റെയും ഉടമ വക്കം അബ്ദുൽഖാദർ മൗലവിയുടെ . അദ്ദേഹത്തിന്റെ ചെറുമകനാണ് താഹിർ .മകളുടെയും അനന്തിരവന്റെയും മകൻ .പ്രസ്സും പത്രവും കണ്ടുകെട്ടിയിട്ട അന്നേക്ക് അരനൂറ്റാണ്ടിലധികമായിരുന്നു .വലിയൊരാഘാതമായിരുന്നു ആ കുടുംബത്തിന് കണ്ടുകെട്ടൽ .കണ്ടുകെട്ടൽ ഒഴിവാക്കാൻ തിരുവിതാംകൂർ ഭരണകൂടം തയാറായിരുന്നു ,മൗലവി പത്രാധിപർ രാമകൃഷ്ണപിള്ളയെ തള്ളിപ്പറയാൻ തയാറാവുമെങ്കിൽ .ഇക്കാര്യം തന്നെ നേരിട്ടറിയിച്ച ശ്രീമൂലം തിരുനാൾ മഹാരാജാവിനോട് മൗലവി പറഞ്ഞ മറുപടി അര്ഥശങ്കയ്ക്ക് തീരെ ഇടം നൽകാത്തതായിരുന്നു :"രാജകുടുംബത്തോട് ഞങ്ങൾക്ക് യാതൊരു വിരോധവുമില്ല .പക്ഷെ എന്റെ പത്രാധിപരെ വാക്കു കൊണ്ടെങ്കിലും തള്ളിപ്പറഞ്ഞിട്ട് എനിക്ക് പ്രസ്സും പത്രവും വേണ്ട .തിരുമനസ്സ് ക്ഷമിക്കണം ".
    ആ കുടുംബത്തിലെ ഒരംഗമായി കണക്കാക്കപ്പെടുന്നതിൽ എനിക്ക് ആഹ്ലാദവും അഭിമാനവുമുണ്ട് .
               ഞാൻ ഖുറാൻ വായിച്ചിട്ടില്ല .ഞാൻ പുസ്തകങ്ങൾ ധാരാളമായി വായിച്ചിരുന്ന എന്റെ ചെറുപ്പകാലത്ത് ഖുറാൻ പരിഭാഷകൾ സുലഭമായിരുന്നില്ല .ഒരിക്കൽ  താഹിർ ഒരിന്ഗ്ലിഷ് പരിഭാഷ തേടിപ്പിടിച്ച് കൊണ്ടുവന്നു .ഒന്നാം അദ്ധ്യായം എന്നെ വായിച്ചു കേൾപ്പിച്ചു .
  "പരമകാരുണികനും ദയാനിധിയും ലോകങ്ങളുടെ നാഥനും വിധിപ്രസ്താവിക്കുന്ന ദിവസത്തിന്റെ ഉടമസ്ഥനുമായ നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു ,നിന്നിൽ നിന്ന് മാത്രം സഹായം ആവശ്യപ്പെടുന്നു ,ഞങ്ങളെ നേർവഴിക്ക് നയിക്കേണമേ ...'

















2020 മേയ് 23, ശനിയാഴ്‌ച

21-5-2020
ഷഷ്ടിപൂർത്തി
1980 ലാണ് .വിവാഹം കഴിഞ്ഞ് ഭർത്താവുമൊത്ത് ബോംബേക്കു പോകുന്ന സഹോദരിയെ യാത്രയയക്കാൻ വന്നതായിരുന്നു 'അമ്മ .ഒപ്പം അനിയനും ഭാര്യയും .ഐലൻഡിൽ നിന്ന് അവരെല്ലാവരും കൂടി ഒരു സിനിമയ്ക്ക് പോയി .ആയിടെ റിലീസ് ആയ ഒരു സിനിമ .ഞാൻ ,ഓഫീസ് സമയമായതുകൊണ്ട് പോയില്ല .വൈകിട്ട് അമ്പലമുകളിലെ എന്റെ താമസ സ്ഥലത്തേക്ക് പോകുമ്പോൾ 'അമ്മ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു "ആ കൊച്ചൻ നന്നാവും ,വില്ലനായി അഭിനയിച്ച ആ കൊച്ചൻ ;വലിയ ആളാവും .കെ കെ അരൂർ മുതൽക്കുള്ള നടന്മാരെ വെള്ളിത്തിരയിൽ കണ്ടിട്ടുള്ള 'അമ്മ പത്തു മുപ്പത്തഞ്ചു കൊല്ലം അദ്ധ്യാപികയായിരുന്നു "കാലത്തിന്റെ വിത്തുകളെ നോക്കി ഇവയിലേതു മുളക്കുമെന്നും ഏത് പാഴായി പോകുമെന്നും നിങ്ങൾക്ക് പറയാൻ കഴിയുമോ "?മാൿബെത് പിശാചിണികളോട് ചോദിച്ചതാണ് .അവർ ആ കഴിവ് ദുരുപയോഗം ചെയ്തിരിക്കാം .പക്ഷേ ദൈവത്തിലേക്ക് പെൻഷൻ പറ്റുന്നവരെന്നു ചുള്ളിക്കാട് വിശേഷിപ്പിച്ച പുണ്യ ശാലിനികളും പുണ്യ ശാലികളും ഉണ്ടല്ലോ നാട്ടിൻപുറത്തെ അദ്ധ്യാപികാധ്യാപകർ അവർക്ക് കഴിയും ഓരോ കുരുന്നിന്റെയും മുഖം ആദ്യം കാണുമ്പൊൾ തന്നെ .
മലയാളത്തിന്റെ അദ്‌ഭുത നടൻ ,മലയാളത്തിന്റെ മഹാനടൻ എന്ന് മമ്മൂട്ടി മോഹന്ലാലിലിനെക്കുറിച്ചു
പറയുന്നത് ടി വി യിൽ കേട്ടപ്പോൾ നാൽപ്പതു കൊല്ലം മുമ്പത്തെ ഈ കുടുംബ രംഗം ഓർത്തു പോയി .


2020 മേയ് 18, തിങ്കളാഴ്‌ച

18-5-2020                                                                                                                                                          മാ ശുച!(ദേവാലയങ്ങൾ തുറക്കുന്നതിനെക്കുറിച്ച് )
'എല്ലാ ധർമ്മങ്ങളേയും പരിത്യജിച്ച് എന്നെ മാത്രം ശരണം പ്രാപിക്കുക .ഞാൻ നിന്നെ എല്ലാ പാപങ്ങളിൽ നിന്നും മോചിപ്പിക്കും .ദുഖിക്കേണ്ട' .അതിനു മുമ്പ് ഏതാണ്ട് എഴുനൂറോളം ശ്ലോകങ്ങളിലൂടെ വിവരിക്കപ്പെട്ട ദര്ശനങ്ങളെക്കാൾ അർജ്ജുനനെ വിഷാദവിമുക്തനും ഉത്തേജിതനുമാക്കിയത് സഖാവും സ്യാലനുമായ കൃഷ്ണൻ തോളത്തു തട്ടിപ്പറഞ്ഞ ഈ ആശ്വാസവചനങ്ങളായിരുന്നിരിക്കണം .എല്ലാ മനുഷ്യർക്കും പ്രതിസന്ധികളിൽ ഇങ്ങിനെ തൊട്ടറിയാൻ കഴിയുന്ന ദൈവത്തെ ആവശ്യമുണ്ട് .അതു കൊണ്ടാണല്ലോ അദ്വൈതവാദികളായ ശങ്കരനും  ചട്ടമ്പിസ്വാമിയും നാരായണഗുരുവും  ദേവീദേവന്മാരെ പ്രതിഷ്ഠിക്കുകയും ആരാധിക്കുകയും ചെയ്തത് .മറ്റു പ്രവാചകന്മാരും കരുണാമയനും വാത്സല്യനിധിയുമായ ദൈവത്തെ തന്നെയാണല്ലോ ചൂണ്ടിക്കാണിച്ചു തന്നത് .
    അടിച്ചേൽപ്പിക്കപ്പെടുന്ന ഏകാന്തതപോലെ  അസ്വാസ്ഥ്യജനകമായി മറ്റൊന്നുമില്ല ,അതെത്ര നല്ല കാര്യത്തിനായാലും .അവിടെ പുസ്തകങ്ങളും പാട്ടും ഡാൻസുമൊന്നും മനുഷ്യർക്ക് പകരമാവുകയില്ല .നിർഭാഗ്യവശാൽ മനുഷ്യ സഹവാസം സാധ്യവുമല്ലല്ലോ .അവിടെയാണ് ദൈവം സഹായത്തിനെത്തേണ്ടത് .ദേവാലയങ്ങൾ ആവശ്യമാവുന്നത് .
    സാധാരണ മനുഷ്യർക്ക് സജീവമായ ദൈവ സാന്നിദ്ധ്യം ഏറ്റവും ആവശ്യമായ സന്ദർഭമാണിത്  മദ്യപരുടെ ആകുലതകൾ സഹഭാവത്തോടെ കണ്ടറിഞ്ഞ .ഭരണാധികാരികൾ ദുർബ്ബലരായ സാധാരണ മനുഷ്യരുടെ മനോവ്യഥകൾ കൂടി മനസ്സിലാക്കേണ്ടതാണ് .മദ്യത്തേക്കാൾ എത്രയോ വലിയ ലഹരിയാണ് ശീലവുമാണ് ഭക്തി .അത് മനസ്സിലാക്കി ദേവാലയങ്ങൾ ഭക്തർക്കു വേണ്ടി തുറന്നു കൊടുക്കാൻ കേന്ദ്രസംസ്ഥാന സർക്കാരുകൾ തയാറാവേണ്ടതാണ് .വ്യാപാര സ്ഥാപനങ്ങളിലും മറ്റും കാണിക്കുന്ന അച്ചടക്കം ദേവാലയങ്ങളിലും ആളുകൾ പാലിക്കുമെന്നതിൽ സംശയമില്ല .അത് നടപ്പാക്കാവുന്നതേയുള്ളു .
     ഒരു പുനർവിചിന്തനം ദേവാലയങ്ങൾ തുറന്നു കൊടുക്കുന്ന കാര്യത്തിൽ സർക്കാരുകളുടെ ഭാഗത്തു നിന്നുണ്ടാവുമെന്നു വിശ്വസിക്കുന്നു .