2014, സെപ്റ്റംബർ 30, ചൊവ്വാഴ്ച

ഇന്നലത്തെ ഉച്ച ഭക്ഷണം ഒരു ബാറിൽ നിന്നായിരുന്നു . കുറേക്കാലം കൂടി കണ്ടു മുട്ടിയ ഒരു യുവ സുഹൃത്തിന് ബിയർ കുടിക്കണമെന്നു നിർബന്ധം.അയാൾക്ക് മദ്യം വാങ്ങി കൊടുക്കുക എന്നത് എന്റെ ഒരു അവകാശം ആണത്രേ .  സത്സ്വഭാവികളായ സുഹൃത്തുക്കൾ അനുവദിച്ചു തന്ന ഈ അവകാശത്തിന്റെ പേരിൽ മദ്യപാനം മൂന്നു പതിറ്റാണ്ടു മുമ്പ്പൂർണമായി ഉപേക്ഷിച്ച എനിക്ക് ഇടക്കൊക്കെ ഏതെങ്കിലും ബാറിൽ പോകേണ്ടി വരാറുണ്ട് .മങ്ങിയ വെളിച്ചം , ഏ സി ,അഭിരമിപ്പിക്കുന്ന ബഹുവർണ്ണ ചുമർ ചിത്രങ്ങൾ, താഴ്ന്ന ശ്രുതിയിലെ സംഗീതം,  ഈ ഥയിൽ ആൽക ഹോളിന്റെ പ്രലോഭിക്കുന്ന ഗന്ധം എല്ലാം കൂടി ബാറിന്റെ അന്തരീക്ഷം എനിക്കിഷ്ടമാണ് .പക്ഷേ താജും മെരെദിയനും വരുന്നതിനു മുമ്പ് എ റ ണാകുളത്ത് ഒന്നാമത്തേത് എന്നു കരുതപ്പെട്ടിരുന്ന ബാറിന്റെ സ്ഥിതി കണ്ട പ്പോൾ കഷ്ടം തോന്നി .ബില്ല് കിട്ടിയപ്പോൾ  പ്രതിഷേധവും .ത്രിനക്ഷത്ര പദവിക്കനുസരിച്ചുള്ള വില അവർ ഈടാക്കി .തട്ടു കടയുടെ സൌകര്യം പോലും ചെയ്തു തരാതെ .വികലമായ ഒരു നയം വരുത്തി വെച്ച വിന എന്നല്ലാതെ എന്തു പറയാൻ .ചോദിക്കാനും പറയാനും ആരുമില്ലല്ലോ പാവം മദ്യപാനികൾക്ക്.
                                                  മനസ്സിലെ അഗ്നി  ശൈ ലങ്ങൾ
                                                   -----------------------------------
                                                            ആർ .എസ് .കുറുപ്പ്
                                                          -------------------------
( സി .രാധാകൃഷ്ണന്റെ അഗ്നി ,നൗവ് ഫോർ എ  ടിയർ ഫുൾ സ്മൈൽ   എന്നീ പുസ്തകങ്ങളെ കുറിച്ച് )
     ' അഗ്നി'യുടെ പരിഭാഷയല്ല ലോക വായനക്കാർക്കു വേണ്ടിയുള്ള ഇംഗ്ലീഷ് പുനരാഖ്യാനമാണ് Agni എന്നാണു പിന്കവ റിലെ കുറിപ്പിൽ പറയുന്നത് .അഗ്നിക്ക് രാധാകൃഷ്ണന്റെ പുസ്തകങ്ങളുടെ കൂട്ടത്തിൽ, എന്തിനു മലയാള നോവൽ  സാഹിത്യത്തിൽ തന്നെ സവിശേഷമായ ഒരു സ്ഥാനമുണ്ട് .മലയാള ആധുനികതയെ അതിന്റെ ഉദയത്തിനു മൂന്നു നാലു കൊല്ലം മുമ്പ് തന്നെ വിളി ച്ചറിയിച്ച രണ്ടു മൂന്നു നോവലുകളിൽ ഒന്നാണത് .പരക്കെ അംഗീകരിക്കപ്പെട്ട ബോധധാരാ സമ്പ്രദായത്തെ പൂർണ്ണ മായും ഒഴിവാക്കി പാത്രങ്ങളുടെ ചേഷ്ട കളു ടെ വിവരണത്തിലൂടെ അവരുടെ അന്തർ ഗതങ്ങളെ വായനക്കാർക്കനുഭവ വേദ്യമാക്കി കൊടുക്കുന്ന രചനാ സങ്കേതമാണ് അഗ്നിയെ വ്യതിരിക്തമാക്കുന്നമറ്റൊരു സവിശേഷത .കഥാ പാത്രങ്ങളുടെ മനസ്സിലെന്താണെന്ന് അവരോ ആഖ്യാതാവോ ഒരക്ഷരം പോലും പറയുന്നില്ല .പക്ഷേ അവരുടെ മനസ്സിലെ അഗ്നിപർവതങ്ങൾ വായനക്കാരന് ദൃശ്യമാവുന്നു .ഈ ആഖ്യാന രീതിയുടെ ഫലപ്രദമായ ഉപയോഗത്തിലൂടെ മൂസ ചെക്കന്റെ തലയരിയുന്ന വിക്ഷുബ്ധ മായ കഥാന്ത്യം തികച്ചും വിസ്വസനീയമാക്കാൻ നൊവലിസ്റ്റിനു കഴിഞ്ഞിരിക്കുന്നു .
     നോവലിസ്റ്റു തന്നെ നടത്തിയ പുനരാഖ്യാനത്തിൽ പക്ഷെ ഗ്രന്ഥാ രംഭത്തിലും അവസാനത്തിലും ഒരോ അധ്യായ ത്തിന്റെയും തുടക്കത്തിലും നിർദ്ദേശകങ്ങളായ വിവരണങ്ങൾ കാണുന്നു .ഇവ മൂല കൃതിയുടെ പ്രത്യേകതയായ നാടകീയ ശോഭക്ക് മങ്ങലേൽപ്പിക്കുന്നുവെന്നു പറയാതെ വയ്യ .ഉദാഹരണത്തിനു 'അരവുകാരൻ മൂസ ---'   "എനിക്കൊരു തലവേണം "എന്ന തുടക്കം സൃഷ്ടിച്ച അനന്യമായ രസനീയത ഇംഗ്ലീഷ് പതിപ്പിന്റെ സ്ഥലകാല വിവരണത്തോടു കുടിയ ആരംഭം ഉത്പാ ദിപ്പിക്കുന്നില്ല ."പിശാചിനെ കണ്ടു പേടിച് അയാൾ തിരിഞ്ഞു നോക്കാതെ ഓടി "എന്നധ്വന്യാത്മകവും വിക്ഷോഭ ജനകവുമായ കഥാന്ത്യത്തിനു പകരം ഇംഗ്ലീഷ് പതിപ്പിൽ കാണുന്ന ഭക്ഷണം കഴിക്കുന്ന മൂസ അയാളുടെ തിരോധാനം അയാൾക്കു വേണ്ടിയുള്ള നാട്ടുകാരുടെ കാത്തിരിപ്പ് ഇവയൊക്കെ  വായനക്കാർക്ക് അനാകർഷകമായി തോന്നിയേക്കാം .മലയാള വായനക്കാർക്ക് മാത്രമല്ല ലോക വായന ക്കാര്ക്കും .
    സർഗാത്മക സാഹിത്യ കൃതികളാണ് യഥാർഥ ചരിത്ര പാ ഠ പുസ്തകങ്ങളെ ന്ന വാദത്തോട് ഈ ലേഖകൻ സർവാത്മനാ യോജിക്കുന്നു .ചരിത്ര കാരൻ  സംഭവങ്ങളെ രെഖപ്പെടുത്തുന്നതേയുള്ളു .സംഭവങ്ങൾക്ക് യഥാർഥത്തിൽ കാരണമായതെന്തെ ന്നു  ചരിത്ര പുരുഷരുടെ മനസ്സിലുല്ലിലേക്ക്കടന്നു ചെന്നന്വേഷിച്ചു കണ്ടെത്താൻ സർഗ്ഗ സാഹിത്യ കാരാൻ തന്നെ വേണം .ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട കാലം എന്നു വിശേഷിപ്പിക്കാവുന്ന 1970 മുതല്ക്കുള്ള പത്തു മുപ്പതു വര്ഷത്തെ സംഭവങ്ങളാണു Now for a tearful smile എന്ന നോവലിലെ പ്രതിപാദ്യം .ഒരു  സ്വേച്ഛാദുഷ്പ്രഭു (Tyrant ) അവരുടെ സ്വേച്ഛാ പ്രവണതകളുള്ള മകൻ ,ക്രൂരതയിൽ ഇവർ രണ്ടു പേരേയും വെല്ലുന്ന ഒരാൾ ദൈവം ഇവരുടെ പ്രവർത്തികൾ കൊണ്ടു ജീവിതം ദുസ്സഹമായ പ്പോഴും പ്രതികരിക്കാൻ ഭയന്ന ഒരു ജനത ,ജീവന ബലികഴിച്ചും എതിർപ്പിനു തയാറായ കുറച്ചു ചെറുപ്പക്കാർ  ഇവരാണ് കഥാ പുരുഷർ ,ആ കാലത്തെ ചരിത്ര പുരുഷർ തന്നെ.അധികാര ദുർമോഹിയായ ഒരു വ്യക്തിയുടേയും അയാളെ ച്ചുറ്റി പ്പറ്റി  നില്ക്കുന്ന ഉപജാപകരുടേയും സൃഷ്ടിയായി മാത്രം ഏകാധിപത്യഭരണ ത്തെ വിലയിരുത്തുന്നത് ഉപരിപ്ളവമായ ഒരു സമീപന മാണ് . ചില സാമുഹ്യ സാമ്പത്തിക പ്രക്രിയകളുടെ അനിവാര്യമായ അനന്തര ഫലമാണ് ഏതു ഭരണകൂടവും.സ്വാതന്ത്ര്യത്തോടു കുടി തന്നെ ആരംഭിച്ച സാമൂഹ്യ സാമ്പത്തിക വര്ഗ്ഗ സംഘർഷങ്ങൾ എഴുപതുകളോടു കൂ ടി ശക്തി പ്രാപിച്ച് ഒടുവിൽ ഒരു ഏകാധി പത്യ ഭരണകൂ ടത്തിന്റെ സ്ഥാപനത്തിൽ  കലാശിച്ച പ്രക്രിയ കലാ സൗഭഗം നഷ്ട പ്പെടാതെ തന്നെ ചിത്രീകരിക്കാൻ കഴിഞ്ഞിട്ടുണ്ട് നൊവലിസ്റ്റിന് .അധികാരം വ്യക്തിയെ എത്രത്തോളം അപമാനവീകരിക്കുന്നു എന്നു കാട്ടി തരുന്നു  'യുവരാജാവി'ന്റെ അപകട മരണത്തെക്കുറി ച്ചുള്ള ഇതിലെവിവരണങ്ങൾ .
  പരിഭാഷയെ ക്കുറിച്ച് :മുകളിൽ പറഞ്ഞ ഭാഗത്തെ subterfuge  എന്ന പദം  ശരിയാണെന്നു തോന്നുന്നില്ല .sabotage എന്നെഴുതിയത് മാറിപ്പോയതാവാം .Mother in law Confrontation അമ്മായിയമ്മ പോര് എന്നതിന്റെ നേർപരിഭാഷയാണോ ?എന്തായാലും ഏതോ സിനിമയിൽ മോഹൻലാൽ പറയുന്ന Salt mango  tree യെഅനുസ്മരിപ്പിക്കുന്ന ആ പ്രയോഗം അസ്വാരസ്യം ഉളവാക്കുന്നു .ഇങ്ങിനെ ചിലതൊക്കെ യുണ്ടെങ്കിലും തര്ജ്ജുമ പൊതുവേ നന്നായിട്ടുണ്ട് എന്ന് തന്നെയാണ് എന്റെ അഭിപ്രായം .
    
   

2014, സെപ്റ്റംബർ 24, ബുധനാഴ്‌ച

                       ചിന്താശക്തിയുടെ പ്രായപൂർത്തി    (ചാലകം മാസിക -സെപ്റ്റെംബർ 2014 )
                                                           -----------------------------------------
                                                                        ആർ .എസ് .കുറുപ്പ്
                                                                      --------------------------
                ( ഇമ്മാനുവൽ കാന്റിന്റെ what  is  enlightenment  എന്ന ലേഖനത്തിന്റെ                                   സമകാലിക  കേരളീയ പ്രസക്തി )
കേരളത്തിൽ അക്ഷരാഭ്യാസ മുള്ളവരെല്ലാം സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിക്കാറുള്ള ഒരു പദമാണല്ലോ നവോത്ഥാനം .ഗ്രീക്ക് തത്വ ചിന്തയുടെയും സാഹിത്യത്തിന്റെയും പഠന ഫലമായി പതിനാറാം നൂറ്റാണ്ടിൽ യുരോപ്പിലുണ്ടായ വിചാര വിപ്ലവത്തെയാണു നവോത്ഥാനം(Renaissance ) എന്നു വിവക്ഷിക്കുന്നത് .വാച്യാര്ത്ഥം പുനർജ്ജന്മം (rebirth ).ശാ സ്ത്ര വിഷയങ്ങളേ ക്കാൾ സാഹിത്യത്തിനും കലക്കും പ്രാമുഖ്യം കിട്ടിയ ആ കാലഘട്ടത്തിന്റെ മുഖ്യ സംഭാവന അതു പാശ്ചാത്യ ലോകത്തിനു നല്കിയ മൂല്യ ബോധമായിരുന്നു .നവോത്ഥാന മാനവൻ എന്ന ഒരു സങ്കല്പനം തന്നെ നിലവിൽ വന്നു .മാനുഷികമായ മൂല്യങ്ങൾ ഉയരത്തി പ്പിടിക്കുന്ന ചിന്താ പദ്ധതികളുടെ ആവിർഭാവത്തെ നവോത്ഥാനം എന്നാണു വിളിക്കുക ലോകത്തെവിടെയും .
   നവോത്ഥാനത്തോളം തന്നെ പ്രധാനമാണ്   അതിന്റെ സദ്ഫലമായുംതുടർച്ചയായും പതിനെട്ടാം നൂറ്റാണ്ടോടു കൂടി ഉദയം കൊണ്ട ഞ്ജാനോദയം (Enlightenment ).നവോത്ഥാ നത്തിൽ നിന്നു വ്യത്യസ്തമായി ഞ്ജാനോദയം ശാസ്ത്ര ബോധത്തിനും ശാസ്ത്ര പഠ നത്തിനുമാണു പ്രാമുഖ്യം നല്കിയത് .നിശിതമായ യുക്തി ബോധമാണ് ആ കാലഘട്ടത്തിന്റെ ധൈക്ഷണിക ജീവിതത്തെ ഭരിച്ചിരുന്നത്. ശാസ്ത്ര ഞ്ജാനം പോലും യുക്തിയെ പുർണ്ണമായി തൃപ്തി പ്പെടുത്തുന്നിടത്തോളം മാത്രമേ സ്വീകാര്യമായിരുന്നുള്ളൂ .യുക്തിയുടെ സർവാധിപത്യം ഇല്ലാതിരുന്ന പഴയ ലോകവും അതുള്ള പുതിയ ലോകവും എന്ന് ലോകത്തെ തന്നെ ഞ്ജാനോദയം രണ്ടായി വെട്ടിമുറിച്ചു .മനുഷ്യ ജീവിതം സാർഥകമാകാൻ ഭൌതികത മാത്രം പോരെന്ന ഒരു ചിന്താഗതി അന്ന് തന്നെ നിലവിൽ വന്നിരുന്നു .എന്നിരുന്നാലും പതിനെട്ടാം നൂറ്റാണ്ടു മുതൽക്കിങ്ങോട്ടൂ മനുഷ്യ വംശത്തിനുണ്ടായ പുരോഗതിക്ക് നാം ഞ്ജാനോദയത്തിലെ ധിക്ഷണാശാലികളോടു കടപ്പെട്ടിരിക്കുന്നു .
   യുറോപ്യൻ നവോത്ഥാനത്തിന്റെ മാനവികതാ സങ്കൽപ്പവും ഞ്ജാനോദയത്തിന്റെ ശാസ്ത്ര ബോധവും ഇരുപതാം നൂറ്റാണ്ടാദ്യത്തോടെ നമ്മുടെ ധൈക്ഷണിക ജീവിതത്തിൽ സൃഷ്ടിച്ച വിപ്ലവത്തെയാണു നാം കേരളീയ നവോത്ഥാനം എന്ന് വിളിക്കുന്നത് .കലാ സാഹിത്യ രംഗത്ത് അത് പുതിയ ഉണർവുണ്ടാക്കി .കേരളീയതയിൽ ആവേശം കൊള്ളുന്നതി നൊപ്പം ഭാരതീയതയിൽ അഭിമാനിക്കാനും സാർവ ദേശീയതയെ ഒരു സ്വപ്നമായി അംഗീകരിക്കാനും മലയാളി തയാറായി .ജാതീയതയിൽ നിന്ന് മോചനം നേടാനും മതമൈത്രി സുസ്ഥിരമാക്കാനുമുള്ള ആത്മാർഥ മായ പരിശ്രമം ഈ കാലത്തിന്റെ ഒരു പ്രത്യേകതയാണ്.ഇതോടൊപ്പം ശാസ്ത്രീയമായ ഒരു വീക്ഷണം നാം സ്വായത്തമാക്കി .അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും തുടച്ചു നീക്കുവാനുള്ള തീവ്ര യത്നങ്ങൾ ആരംഭിച്ചു .ശാസ്ത്ര  ബോധാത്തിലടിയുറച്ച ചിന്താരീതി പിന്തുടരുന്ന ഒരു തലമുറ ഉദയം കൊള്ളുമെന്ന ശുഭ പ്രതീക്ഷ പ്രദാനം ചെയ്തു കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതി .
          പക്ഷെ ആറു പതിറ്റാണ്ടിനു ശേഷം നാം കാണുന്നതെന്താണ് ?യുക്തിയുടെ ,ചിന്താ ശ ക്തിയുടെ രാജ്യഭാരം നിലവിൽ വന്നുവെന്നു വിശ്വസി ക്കപ്പെടുന്ന കേരളീയ സമൂഹത്തിലാണ് ആളെ ക്കൊല്ലുന്ന ദുർമ്മന്ത്ര വാദികളും ജ്യോത്സന്മാരും ഒറ്റമൂലി വൈദ്യന്മാരും വാസ്തു വിദഗ്ധരും തേർവാഴ്ച നടത്തുന്നത് .ഏതെങ്കിലും ഒരു ദിനപത്രത്തിന്റെ പരസ്യ പ്പുറം ഒന്നു വായിച്ചു നോക്കൂ .വശീകരണ യന്ത്രങ്ങൾ ,ലക്ഷാധിപതിയാകാൻ സഹായിക്കുന്ന സാമഗ്രികൾ ലൈംഗിക ശേഷി വർദ്ധിപ്പി ക്കുന്ന സഞ്ജീവനികൾ എന്നുവേണ്ട എന്തൊക്കെയാണ് സമ്പൂർണ്ണ സാക്ഷരരായ നമുക്കു വേണ്ടി ഒരുക്കി വെച്ചിരിക്കുന്നത് .ആവശ്യ ക്കാരുള്ളതു കൊണ്ടാണല്ലോ ഇത്രയധികം പരസ്യങ്ങളുണ്ടാവുന്നത് .ഇവയിലൊക്കെ വിശ്വസിക്കുന്നു എന്നത് ഒരൊറ്റ കാര്യത്തിലേക്കാ ണു വിരൽ  ചൂണ്ടുന്നത് ;നവൊത്ഥാനത്തിന്റെ ഉപലബ്ധികളാകെ നഷ്ട്ട പ്പെടുത്തിയിരിക്കുന്നു നമ്മുടെ സമൂഹം .
  എന്താണിതിനു കാരണം ?ഗൾഫ് കുടിയേറ്റ ത്തിന്റെയും മറ്റും ഫലമായി ഉയർന്നു വന്ന നവ സമ്പ ന്നരുടെ പുത്തൻ പണ പ്രവണതയാണൊ ?അതൊരു കാരണമാവാം .പക്ഷേ പ്രധാന കാരണം ഇമ്മാനുവൽ കാന്റ് what is enlightenment എന്ന പ്രശസ്തമായ ഉപന്യാസത്തിൽപറയുന്ന  ബുദ്ധിപരമായ ശൈ ശ വാ വസ്ഥ (nonage ) തന്നെയാണ് .nonageഎന്നാൽ മറ്റൊരാളുടെ സഹായം കൂടാതെ സ്വന്തം ചിന്താശക്തി ഉപയോഗിക്കാനുള്ള കഴിവില്ലായ്മ എന്നു നിർവചിക്ക പ്പെട്ടിരിക്കുന്നു .ഇതിൽ നിന്നുള്ള മോചനമാണ് ഞ്ജാനോദയം കാന്റിന്റെ അഭിപ്രായത്തിൽ .'അറിയാനുള്ള തന്റേടം കാട്ടുക '(Dare To  Know )അതോടൊപ്പം 'സ്വന്തം ചിന്താശക്തി ഉപയോഗപ്പെടുത്താനുള്ള ധൈര്യം സംഭരിക്കുക '(Have The Courage to use Ones Own Understanding )എന്നതാണു ഞ്ജാനോദയത്തിന്റെ അടിസ്ഥാന പ്രമാണം എന്നു കാന്റ് തുടര്ന്നു പറയുന്നു .പക്ഷേ ലോക ജനതയുടെ വലിയൊരു ഭാഗം ധൈക്ഷണികമായ ശൈശവം ഇഷ്ട്ടപ്പെറ്റുന്നവരാണു .കാരണം നമ്മുടെ സ്വന്തം കാര്യത്തിൽ പോലും തീരുമാനങ്ങളെടുക്കാനുള്ള ചുമതല യില്ലാതിരിക്കുന്നത് സന്തോഷ മാണ് കൂ ടുതൽ പേര്ക്കും.ഈ ധൈക്ഷണിക ശൈശവത്തിൽ നിന്നു മോചനം നേടിയാലല്ലാതെ ഒരു ജനതയ്ക്കും പുരോഗതി സാദ്ധ്യമല്ല .കാന്റ് പറയുന്നത് പ്രകൃതി എല്ലാവരുടെയും ഉള്ളിൽ ഞ്ജാനത്തിന്റെ വിത്തുകൾ ഒളിപ്പിചിട്ടുണ്ടെന്നാണു .ഒരിക്കൽ അതു പ്രയോജന പ്പെടുത്താൻ നാം തീരുമാനിച്ചാൽ  നിഴലുകളെ ഭയപ്പെടുകയില്ലെന്നു നാം മനസ്സിലുറപ്പിച്ച്ചാൽ നമ്മുടെ ഭരണാധികാരികൾ ഉൾപ്പെടെയുള്ളവർ നമ്മളെ യന്ത്രങ്ങളായി കണക്കാക്കുന്ന രീതി അവസാനിക്കും .
     നമ്മൾ കേരളീയർ  ജര്മ്മൻ ദാർശനികന്റെ ഉപദേശം ഈ നൂറ്റാണ്ടാദ്യം തന്നെ പ്രയോഗത്തിൽ വരുത്തിയവരാണു .പക്ഷെ നാം നാം അതുപേക്ഷിച്ച് പല നൂറ്റാണ്ടു പിന്നോക്കം പോയിരിക്കുന്നു .നമുക്കു ചിന്താപരമായ നവ യൗവനത്തിലേക്കും അങ്ങിനെ പുതിയ കാലത്തേക്കും മടങ്ങിയെത്തെണ്ടി യിരിക്കുന്നു .നമുക്കൊന്ന് ശ്രമിച്ചു നോക്കാം ധൈക്ഷണിക ശൈ ശ വത്തിൽ നിന്നു മോചിതരാവാനും അതു വഴി ദുർമ്മന്ത്ര വാദികളിൽ നിന്നും മുറി വൈദ്യന്മാരിൽ നിന്നും ജ്യോത്സന്മാരിൽ നിന്നും മാത്രമല്ല നമ്മളെ വോട്ടിങ്ങ് യന്ത്രങ്ങളായി മാത്രം കണക്കാക്കുന്ന നേതാക്കന്മാരിൽ നിന്നു കൂ ടി രക്ഷപെടാനും .അങ്ങിനെ നവൊത്ഥാന മൂല്യങ്ങൾ വീണ്ടെടുക്കാൻ കഴിഞ്ഞാൽ അന്തസ്സുള്ള മനുഷ്യരായി ജീവിക്കാൻ നമുക്ക് കഴിഞ്ഞേക്കും .

2014, സെപ്റ്റംബർ 22, തിങ്കളാഴ്‌ച

വർദ്ധിക്കുന്ന നികുതികൾ
--------------------------------
വെള്ളക്കരം കൂട്ടുന്നതിനെ ഞാൻ എതിർക്കുന്നു .കാരണം എനിക്ക് ധാരാളം വെള്ളം വേണം .തറവാട്ടു കുളത്തിലും അമ്പല കുളത്തിലും അച്ചൻ കോവിലാറ്റിലും നീന്തി കുളിച്ചു വളർന്ന എനിക്ക്  ആവശ്യം പോലെ വെള്ളം ഉപയോഗിച്ച് ദിവസവുംവിസ്തരിച് തന്നെ കുളിക്കണം .മറ്റാവശ്യങ്ങൾക്കും വെള്ളം തന്നെ വേണം കടലാസു പോരാ അമേരിക്കയിലായാലും .
     വൈദ്യുതിയുടെ കാര്യത്തിൽ എനിക്ക് ഈ നിർബന്ധ ബുദ്ധിയില്ല .എനിക്ക് 23 വയസ്സുള്ളപ്പോഴാണ് വരേണി ക്കൽ കറന്റ് വരുന്നത് .അതിനു മുമ്പ്  മണ്ണണ്ണ വിളക്കാ യിരുന്നു ഞങ്ങളുടെ പ്രകാശ സ്രോതസ് .മണ്ണണ്ണ വിലപിടിച്ച വസ്തു ആയതു കൊണ്ട് ദുരുപയോഗം ചെയ്യാൻ പാടില്ല എന്നത് വരേണിക്കൽ കാരുടെ വിശ്വാസപ്രമാണ ങ്ങളിലൊന്നായിരുന്നു.ഞങ്ങളുടെ വീട്ടിൽ ആയിരുന്നു വന്നു തോന്നുന്നു ഈ പ്രമാണം അതിന്റെ നിഷ്കൃഷ്ടമായ അർഥത്തിൽ പാലിക്കപ്പെട്ടിരുന്നത് .കുട്ടികൾ പഠി ക്കുമ്പോഴും ആഹാരം കഴിക്കുമ്പോഴും മാത്രമേ വിളക്കുപയോഗിചിരുന്നുള്ളു ഞങ്ങൾ .ഞാൻ ഗ്രാമത്തിൽ നിന്നു നഗരത്തിലേക്ക് കൊണ്ടു വന്ന നല്ല ശീലങ്ങളിലൊന്ന് ഈ നിർബന്ധ  ബുദ്ധിയാണ് .പുസ്തകം വായിക്കുമ്പോ ഴും ഭക്ഷണം കഴിക്കുമ്പോഴും മാത്രമേ ഞങ്ങൾ ലൈറ്റിടാറുള്ളു.അതു കൊണ്ട് വൈദ്യുതി ബിൽ  വളരെ കുറവേ വരാറുള്ളൂ . വൈദ്യുതി അമൂല്യ മാണെന്നത് വെറും പരസ്യ വാചകമല്ല നിഷേധിക്കാനാവാത്ത സത്യമാണ്. കൂടുതൽ കറന്റ്  ഉപയോഗിക്കുന്നവർ കൂടുതൽ പണം കൊടുക്കട്ടെ .
     നിലവിലുള്ള   ഭൂനികുതി തീരെ ക്കുറവാണു ഭുമിയുടെ കമ്പോള മൂല്യ വുമായി തട്ടിച്ചു നോക്കുമ്പോൾ .അതു കൊണ്ടു തന്നെ ചെറിയ തോതിലുള്ള ഭൂനികുതി വര്ദ്ധന ആശാസ്യം മാത്രമല്ല ആവശ്യം കൂടിയാണ് .പക്ഷേ കരവുമായി വരുന്നവരിൽ നിന്നും അതു വാങ്ങി രസീതു കൊടുക്കാനുള്ള ഏർപ്പാ ടു ണ്ടാവണം പകുതി കച്ചേരികളിൽ .ചുരുങ്ങിയ  പക്ഷം കരമടക്കാൻ വരുന്നവരോട് ശ ത്രു രാജ്യത്തെ പൗരന്മാരോടെന്ന പോലെ    പെരു മാറാൻ പാടില്ല എന്നൊരു നിർദ്ദേശം വില്ലേജ് അധികാരികല്ക്ക് കൊടുക്കുകയെങ്കിലും വേണം സർക്കാർ

2014, സെപ്റ്റംബർ 15, തിങ്കളാഴ്‌ച

ഒറ്റക്കു പാടുന്ന പൂങ്കുയിലേ
-----------------------------
അഷ്ടമി രോഹിണി ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ പത്തു ദിവസം ഞങ്ങളുടെ -പൂ ണിത്തുറ- അമ്പലത്തിൽ കലാപരിപാടികളൂണ്ടായിരുന്നു .വയ്ക്കം വിജയ ലെക്ഷ്മിയുടെ സംഗീത -ഗായത്രി വീണ കചേരിയായിരുന്നു ഇന്ന് .സംഗീത കച്ചേരി നന്നായിരുന്നു .പ്രസിദ്ധമായ ചില കീർത്തനങ്ങൾക്കൊപ്പം തന്റെ പേരു കേട്ട ചലച്ചിത്ര ഗാനങ്ങളും വിജയലെക്ഷ്മി പാടി .
    ഗായത്രി വീണ കച്ചേരി അമ്പരപ്പിക്കുന്ന വിധത്തിൽ ആഹ്ളാദകരമായിരുന്നു;ശാസ്ത്രീയ സംഗീതം കേട്ടു തഴമ്പിച്ച പൂണിത്തുറക്കാർക്കു പോലും. ഒരു നവ്യ സംഗീതാനുഭവം .കീർത്തനങ്ങൾക്കൊപ്പം പുതിയ നൂറ്റാണ്ടിന്റെ  ചലച്ചിത്ര ഗാനങ്ങളിലെ ക്ളാസിക്കുകളും ,-'കേര നിരകളാടും' ,'ഓലാഞ്ഞാലി' തുടങ്ങിയവ-വായിച്ചു വിജയലെക്ഷ്മി .
  ഞങ്ങൾ പൂണിത്തുറക്കാർ ഈ കലാപരിപാടികൾ ഭഗവാനുള്ള നിവേദ്യ മായാണ് കണക്കാക്കുന്നത് .രാധ യോട് തന്റെ തലയിൽ ചവിട്ടാൻ ആവശ്യ പ്പെടുകയും തന്റെ നെഞ്ചിൽ ചവിട്ടിയ ഭൃഗു മുനിയുടെ കാൽ തടവിക്കൊടുക്കുകയും ചെയ്ത ഭക്ത വല്സലനായ ഭഗവാൻ ഈ യുവതിയുടെ അർച്ചനാ ഗീതങ്ങളു ടെ അവിൽപ്പൊതി കയ്ക്കൊള്ളുമെന്നും അവരെ അനുഗ്രഹിക്കുമെന്നും  സ്വന്തം ആതോദ്യം നേരിൽ ക്കാണാൻ അചിരേണ അവർക്കിടയാകുമെന്നും ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു .പ്രാർഥിക്കുന്നു