2016, ജനുവരി 27, ബുധനാഴ്‌ച

'ഈശ്വരൻ പാവത്തുങ്ങൾക്കിത്രയും സൌന്ദര്യം കൊടുക്കരുത്' എന്ന സംഭാഷണ ശകലം എഴുതിയ ആൾ അഭിനന്ദനം അർഹിക്കുന്നു  .പക്ഷേ കല്പന അത് വെള്ളിത്തിരയിൽ അവതരിപ്പിച്ച രീതിയുണ്ടല്ലോ അത് അനന്യവും  അപൂർവവുമാണ് .മോഹൻലാൽ ഇളകിയാടിയ ഹാസ്യ  ചിത്രങ്ങളിൽ ഒന്നായിരുന്നു മിസ്റ്റർ ബ്രഹ്മചാരി എന്നോർക്കണം .ഇന്നസിന്റിനൊപ്പം കൽപ്പന 'അമ്മകന്യാ ---'പാടുന്ന രംഗവും (നമ്പർ  വൺ സ്നേഹതീരം) ഓർമ്മയിലുണ്ട് ഇപ്പോഴും .
   പക്ഷേ അടുത്ത കാലത്ത് അവർ അവതരിപ്പിച്ച മൂന്നു കഥാപാത്രങ്ങൾ  -'പകൽ നക്ഷത്രങ്ങളി'ലെ എക്സ്റ്റ്രാ നടി ,'സ്പിരിറ്റി'ലെ വീട്ടു ജോലിക്കാരി 'ചാർലിയിലെ ക്യൂൻ മേരി -പ്രേക്ഷക മനസ്സുകളിൽ ചിരകാലം തങ്ങി നില്ക്കും .സമാനസ്വഭാവമുള്ള കഥാ പാത്രങ്ങൾ.പക്ഷേ കല്പന തന്റെ പ്രതിഭാവിലാസം കൊണ്ട് അവർക്കോരോരുത്തർക്കും സവിശേഷ വ്യക്തിത്വം നൽകിയിരിക്കുന്നു  .കുറച്ചു സമയം മാത്രം  പ്രത്യക്ഷപ്പെടുന്ന നിസ്സഹായരും ദയനീയരുമായ ആ സ്ത്രീകൾ അതു കൊണ്ടു തന്നെ നായക കഥാപാത്രങ്ങൾക്കൊപ്പം നമ്മുടെ മനസ്സിൽ ഇടം നേടുകയും ചെയ്തിരിക്കുന്നു .
   ഈ കഥാപാത്രങ്ങൾ വലിയ ഒരു വാഗ്ദാനമായാണ് പ്രേക്ഷകൻ സ്വീകരിച്ചത് .ആറന്മുള പൊന്നമ്മ മുതൽക്കിങ്ങോട്ട് കെ പി എ സി ലളിത വരെയുള്ള സ്വഭാവ നടിമാരുടെ പരമ്പര തുടർന്നു കൊണ്ടു പോകാൻ ഇതാ ഒരു നടി എന്ന വാഗ്ദാനം .പക്ഷേ പുതിയൊരു വേഷത്തിനു ചുട്ടിക്കു നിൽക്കാതെ മടങ്ങി പോകാൻ  പറഞ്ഞു കളിയച്ഛൻ .അനുസരിക്കാതെ കല്പനയ്ക്കു  നിവൃത്തിയില്ലല്ലോ .
     പുതിയ ആളുകൾ  വരുമായിരിക്കും .അല്ല  തീർച്ചയായും വരും .അതാണു നിയമം .പക്ഷേ അപ്പോഴും പോയവരെച്ചൊല്ലി നമ്മൾ കണ്ണീരൊഴുക്കിക്കൊണ്ടിരിക്കും.നമ്മൾ, ചന്ദ്രികയുടെ തോഴി ചോദിച്ച പോലെ 'എത്രയായാലും മനുഷ്യരല്ലേ '  .

2016, ജനുവരി 24, ഞായറാഴ്‌ച

സ്വന്തം മണ്ഡലത്തിലെ ജനങ്ങളുടെ സുഖ ദുഖങ്ങളിൽരാഷ്ട്രീയമോ സ്ഥാന മാനങ്ങളോ സാമ്പത്തിക സ്ഥിതിയോ ഒന്നും  നോക്കാതെആത്മാർഥമായി   പങ്കു ചേരുന്ന രണ്ടു എം എല് മാരെ ഞാൻ കണ്ടിട്ടുണ്ട് .മാവേലിക്കരയിലെ എം മുരളിയും ത്രിപൂണീത്തുറ യിലെ കെ ബാബുവും .മാവേലിക്കരക്കാരനാണെങ്കിലും അവിടെ സ്ഥിര താമസമില്ലാത്തതുകൊണ്ട് മുരളി യുമായി അടുത്തിഴപഴ കേണ്ടി വന്നിട്ടില്ല എനിക്ക് ബാബുവിന്റെ കാര്യം അങ്ങിനെയല്ല .91 ഇൽ ത്രിപൂണിത്തുറ സ്ഥനാർഥി യായി എത്തിയ കാലത്ത് തന്നെ ഞങ്ങൾ പരിചയപ്പെട്ടിരുന്നു .ഞാൻ നടത്തിയ ചടങ്ങുകൾക്കൊക്കെ പങ്കെടുക്കാൻ അദ്ദേഹം  സമയം കണ്ടെത്തിയിരുന്നുവെന്നു മാത്രമല്ല എവിടെ വെച്ചു കണ്ടാലും കയ്വീശിക്കാണിക്കാനും ചിരിക്കാനുമൊന്നും മറന്നിരുന്നുമില്ല  .ഇടതു പക്ഷത്തിന്റെ കോട്ടയായി അറിയപ്പെട്ടിരുന്ന ഒരു മണ്ഡലത്തിൽനിന്നും  അഞ്ചു പ്രാവശ്യം തുടര്ച്ചയായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത് ഈ പൊതുജന സംപര്ക്കം കൊണ്ടാണ്
  മണ്ഡല പുനർവിഭജനം എം മുരളിക്ക് ദോഷകരമായി .മുരളിയുടെ സ്വാധീന മേഖല സംവരണ മണ്ഡലമായി .അടുത്ത മണ്ഡലത്തിൽ നിന്ന് മുരളിക്ക് ജയിക്കാൻ കഴിഞ്ഞില്ല .ബാബു പുനര് വിഭജനത്തെ അതിജീവിച്ച്  ജയിച്ചു മന്ത്രിയായി
   നമ്മുടെ ജനങ്ങള്ക്ക് പ്രത്യേകിച്ച് ത്രിപൂണീത്തുറ ക്കാർക്ക് ഒരു സവിശേഷതയുണ്ട് .മന്ത്രിയെ അവർ പഴയ പൊ ന്നു തമ്പുരാനായാണു കാണുന്നത് .എന്തെങ്കിലും കാര്യസാദ്ധ്യത്തിനു വേണ്ടിയല്ല. രാജാ പ്രത്യക്ഷ ദൈവതം എന്നവർ വിശ്വസിക്കുന്നു ;ജനകീയ ഭരണാധികാരി രാജാവിനെ പോലെ തന്നെ യാണെന്നും .അതുകൊണ്ട് മന്ത്രിയെത്തുന്നിടത്തൊക്കെ അമിത ബഹുമാനത്തോടെ ആദരിക്കാൻ ഒരു പാടാളുകളുണ്ടാവും .അവരെയൊക്കെ ആശീർവദി ക്കുന്ന തിരക്കിൽ നിവര്ന്നു നില്ക്കുന്നവരെ നോക്കാൻ ഭരണാധികാരിക്ക് സമയം കിട്ടുകയില്ല .എനിക്കാണെങ്കിൽ രാമഭക്ത ഹനുമാൻ കെട്ടി ശീലവുമില്ല .മാത്രമല്ല എല്ലാവരും തുല്യരാണെന്നു പറയുന്ന മന്ത്രിമാര് ജന സേവകർ മാത്രമാണെന്നു  വിധിക്കുന്ന ഇന്ത്യൻ ഭരണഘടനയിൽ ഞാൻ വിശ്വസിക്കുന്നു .അത് കൊണ്ടാവാം രണ്ടു മൂന്നു സ്ഥലങ്ങളിൽ ഒരുമിച്ച് വന്നപ്പോഴും ഞങ്ങളുടെ ദൃഷ്ടികൾ പരസ്പരം ഒഴിവാക്കിയത് .
   ഇന്നലെ ടി വി തത്സമയ സംപ്രേക്ഷണം കണ്ടപ്പോൾ ഞാനാ പഴയ  കാലംഓർത്തു പോയി .

2016, ജനുവരി 19, ചൊവ്വാഴ്ച

അവർ അഞ്ചു പേർ ഒരുമിച്ചാണ് ഈ ഭൂമിയിലേക്ക് വന്നത് .പത്തു പതിനഞ്ച് കൊല്ലം മുമ്പ് ഒരു ഉത്രം നാൾ ഒരാണും നാലുപെണ്ണും .അതേ ഒരു പ്രസവത്തിൽ അഞ്ചു കുട്ടികൾ .
    ഉച്ചക്ക് വാർത്തകൾ കേട്ട് മയങ്ങി പോയതാണ് ഞാൻ .കണ്ണു തുറന്നപ്പോൾ ചാനൽ ചർച്ചകളിലെ സ്ഥിരം വക്താക്കളിരുന്നു കോഴയെ  ക്കുറിച്ചു  സംസാരിക്കുന്നു. എല്ലാ ഭരണാധികാരികളും ബാരിസ്റ്റർ ഗാന്ധിയേക്കാൾ സത്യസന്ധരായ  എന്റെ രാജ്യത്ത് കോഴയുണ്ടെന്നു ആരെങ്കിലും പറഞ്ഞു കേള്ക്കുന്നത്  എനിക്കിഷ്ടമല്ല .ഞാൻ ചാനൽ മാറ്റി .അങ്ങിനെയാണ് സാധാരണ കാണാറില്ലാത്ത സഖി ചാനലിൽ ഞാനീ അഞ്ചു കുഞ്ഞുങ്ങളുടേയും അവരുടെ അമ്മയുടേയും സന്നിധിയിലെത്തിയത് .
    അഞ്ചു കുട്ടികൾ രണ്ടോ മൂന്നൊ കൊണിപ്പടികളിലായി നിരന്നിരിക്കുന്നു .അമ്മ ഒരു കസേരയിൽ എതിരെ ചാനൽ ലേഖിക .മുഖാമുഖം പുരോഗമിക്കുകയാണ് .കുട്ടികൾ പ്ലസ് ടു കഴിഞ്ഞ് പ്രൊഫഷനൽ കോഴ്സു കൾക്ക് ചേർന്നു കഴിഞ്ഞു .അല്ല എല്ലാവരും ഒരിടത്തല്ല പല കോളേജുകളിലാണ് .മകന് മാത്രമേ വീട്ടിൽ നിന്നു പോയിവരാൻ കഴിയൂ .ബാക്കിയുള്ളവർ അകലെയുള്ള കോളേജുകളിലാണ് .നിരർഥകമെങ്കിലും അനിവാര്യമായ ചോദ്യം :പിരിഞ്ഞു താമസിക്കുന്നതിൽ വിഷമമുണ്ടോ ?അതിനുള്ള ഉത്തരം കുഞ്ഞുങ്ങളുടെ ചിരിയിലുണ്ടായിരുന്നു .വിഷമമുണ്ട് ;പക്ഷേ പുതിയ കൂട്ടുകാരും പുതിയ സാഹചര്യങ്ങളും .ഏറ്റവും എളുപ്പം അഡാപ്റ്റ് ചെയ്യുന്ന ജീവി മനുഷ്യനാണ് .അമ്മക്കോ ?കുട്ടികളുടെ ഭാവിയാണ് പ്രശ്നം .പഠിച്ച് ഉയര്ന്ന  നിലയിലെത്തണം .സന്തോഷമായും സുഖമായും ജീവിക്കണം ലോകത്തെവിടെയായാലും.
     .കുട്ടികളുടെ അച്ഛൻ ? അഞ്ചു കുട്ടികൾ എന്ന് കേട്ടപ്പോൾ മുതൽ ഉൽക്കണ്ഠാ കുലനായിരുന്ന അദ്ദേഹം ഒന്നോ രണ്ടോ കൊല്ലം കഴിഞ്ഞ് ഒരു മുഴം കയറിൽ ആ ഉൽകണ്ഠക്ക് പരിഹാരം കണ്ടു .അപ്പോൾ അന്ന് മുതൽ ഒറ്റക്ക് ? അതേ.ഒരു കടയുണ്ട് ആ അമ്മക്ക്  കടയിൽ നിന്നുള്ള വരുമാനം .ചില നല്ല മനുഷ്യരുടെ ,അവരിൽ  ഒരു വിദേശിയും പെടും,സഹായം കിട്ടുന്നുണ്ട് .പിന്നെ .അദ്ധ്വാനിക്കുള്ള മനസ്സും കഴിവും .അസുഖം കാര്യമായി ഒന്നുമില്ല .വല്ലപ്പോഴും വരുന്ന നെഞ്ചു വേദന ഒഴിച്ച് .അതിനു പേസ് മേക്കർ വെച്ചിട്ടുണ്ട് .അതെ പേസ് മേകർ തന്നെ .ഒന്നാമത്തെത് പത്തു കൊല്ലം കഴിഞ്ഞപ്പോൾ മാറ്റി .രണ്ടുകൊല്ലമായി .ഇപ്പോഴത്തേതിനു ഇനി എട്ടു കൊല്ലം കാലാവധി ഉണ്ട്
  ഈശ്വരാ ഈ അമ്മ .എതീശ്വരൻ ?ഈ അമ്മയല്ലാതെ ഒരു ദൈവവമുണ്ടോ  ?പഴയ ഒരു സിനിമാ ഗാനം എന്റെ ഉള്ളിൽ  വന്നു കലമ്പൽ കൂട്ടി . ആ പഴയ ജയചന്ദ്രൻ ഗാനം തന്നെ :
 എല്ലാ വലിയ കലാസൃഷ്ടി യുടേയും മഹത്വത്തിനു  നിദാനം അതിലുള്ള അതിശയോക്തിയുടെ അംശമാണ്  .ഇവിടെ ഈ ഗാനം അതിശയോക്തിയുപേക്ഷിച്ച് യഥാ തഥ മായി  തന്റെ നായികയെ കണ്ടെത്തിയിരിക്കുന്നു .ഞാൻ കോഴ വാദത്തിന്റെ സത്യാന്വേഷണ പരീക്ഷണങ്ങളിലേക്ക് മടങ്ങിയില്ല യു റ്റ്യൂബിൽ ആ പാട്ട് കണ്ടെടുത്ത് വീണ്ടു കേട്ടു "അമ്മയല്ലാതൊരു ദൈവമുണ്ടോ ,അതിലും വലിയൊരു കോവിലുണ്ടോ,കാലം മറക്കാത്ത ത്യാഗമല്ലേ അമ്മ കാണപ്പെടുന്നതാം ദൈവമല്ലേ ------"

2016, ജനുവരി 15, വെള്ളിയാഴ്‌ച

ഏറ്റവും മനോഹരമായി മലയാള ഗദ്യമെഴുതുന്ന രണ്ടു പേരിൽ ഒന്നാമത്തെ ആളാണ്‌ എം ടി വാസുദേവൻ  നായർ .ആർക്കും അതിൽ സംശയം ഉണ്ടാകാനിടയില്ല .രണ്ടാമത്തെ ആൾ ആരെന്നതിലും എനിക്ക് സംശയമില്ല ;ഗിരീഷ്‌ ജനാർദനൻ .അതേ സമകാലിക മലയാളത്തിന്റെ പഴയ സഹ പത്രാധിപർ ,മദ്യപന്റെ മാനിഫെസ്റ്റോയുടെ കർത്താവ് ,സ്ഥിരമായി എഫ്  ബി യിൽ പോസ്റ്റിടുന്ന ആൾ .ആർക്കെങ്കിലും ഞാൻ പറ ഞ്ഞതിനോട് എതിർപ്പുണ്ടെങ്കിൽ അവർ ധൂർത്ത പുത്രനെക്കുറിച്ച്  ഈയിടെ ഗിരീഷ്‌ എഴുതിയ പോസ്റ്റ് വായിക്കട്ടെ ..
  എംടിക്ക് പക്ഷേ തന്റെ കഴിവുകൾ മുഴുവൻ പ്രകടിപ്പിക്കാനും അംഗീകാരം നേടാനും കഴിഞ്ഞു .ഗിരീഷിനു കഴിഞ്ഞില്ല .സാരമില്ല ഇനിയും സമയമുണ്ടല്ലോ .വി കെ എൻ  ന്റെ കഥാ പാത്രം ചോദിച്ചതു പോലെ "ദിന രാത്രങ്ങൾക്കാണോ പഞ്ഞം "
     ഗിരീഷിന്റെ രചനാ കൗശലമല്ല ഇന്നത്തെ എന്റെ വിഷയം ,അയാളുടെ പണിതീരാത്ത വീടാണ് .ഞാൻ ഇന്ന് 'അഞ്ജന ക്കല്ലുകൾ മിനുക്കിയടുക്കി --' അയാൾ  പണിയുന്ന വീടു കാണാൻ പോയിരുന്നു .വളരെ വലിയ വീടല്ല .പക്ഷേ ഗിരീഷിനും ഭാര്യക്കും മകനും ഗിരീഷിന്റെ അമ്മയ്ക്കും കൂടി താമസിക്കാൻ ഈ വീടുമതി .അയാളുടെ സുഹൃത്തുക്കൾ വന്നാൽ ഡ്രായിംഗ് റൂമിൽ  കിടക്കാം.വായനക്കും എഴുത്തിനും വേണ്ടി ഒരു മുറി പ്രത്യേകമായുണ്ട് .
   മലയാളി ഇടത്തരക്കാരന്റെ ഒരു ഒബ്സെഷനാണ് സ്വന്തമായി ഭേദപ്പെട്ട ഒരു വീട് .ദീർഘ കാലം കടക്കാരനായി കഴിയേണ്ടി വരുമെന്നറിഞ്ഞു കൊണ്ടു തന്നെ അയാൾ  അതു പണിയിക്കുകയും ചെയ്യും  . ഞാനും അത് ചെയ്തതാണ് .അക്കാലത്ത് അനുഭവിച്ച അങ്കലാപ്പും ആകാംക്ഷയും ആത്മ നിന്ദയും ഇന്നും മനസ്സിൽ മായാതെയുണ്ട് .കടം വാങ്ങേണ്ടി വരുന്നു എന്നതിലാണ് ആത്മനിന്ദ .വീടു പണിക്കുമുമ്പോ പണികഴിഞ്ഞിട്ടോ ഞാൻ ആരോടും ഒന്നും കടം വാങ്ങിയിട്ടില്ല .പക്ഷേ അന്ന് .വേണ്ടാ അതൊക്കെ ഓർക്കാതിരിക്കുകയാണു ഭേദം
      ഇത്തരം ഒരു അവസ്ഥയിലൂടെ ആയിരിക്കും ഗിരീഷും കടന്നു പോകുന്നത് .സാരമില്ല ബുദ്ധി  മുട്ടൊക്കെ കുറച്ചു കഴിയുമ്പോൾ മാറും.അതാണു ലോക സ്വഭാവം  .സ്വന്തം മേൽക്ക്ക്കൂര സമ്മാനിക്കുന്ന സുരക്ഷിതത്വം ജന്മസിദ്ധമായ കഴിവുകളെ കൂടുതൽ  ഫല പ്രദമായി ഉപയോഗിക്കാൻ സഹായിക്കും .അതിനുള്ള ദൃഢനിശ്ചയം ഗിരീഷ്‌ സ്വരൂപിക്കുമെന്നും താൻ മലയാള ത്തിലെ ഏറ്റവും മികച്ച രണ്ടു ഗദ്യ കാരന്മാരിലൊരാളാണെന്നു ലോകത്തിനു ബോദ്ധ്യമാക്കി കൊടുക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു  

2016, ജനുവരി 14, വ്യാഴാഴ്‌ച

11- 1- 2o16        ഇന്ന്                                                                                                                                           ഒരു പി എച് ഡി ഡിഫെൻസിനു പോയി എം ജി യൂണീവേഴ്സിറ്റിയിൽ .മൂർ കോളേജിൽ നിന്നും മാത്ത്സ് എച്ചോഡി ആയി കഴിഞ്ഞ വർഷം വിരമിച്ച പ്രൊഫ നിർമ്മലാകുമാരി ആയിരുന്നു കാൻഡിഡേറ്റ് .നിര്മ്മല എന്റെ ഭാര്യയുടെ അനിയത്തിയാണ്  .കൃത്യമായി പറഞ്ഞാൽ  കുഞ്ഞമ്മയുടെ മകൾ  . എന്റെ ഭാര്യക്ക് സ്വന്തം സഹോദരിമാരില്ല .നിർമ്മല ആ കുടുംബത്തിലെ ആ തലമുറയിലെ ഏറ്റവും ഇളയ കുട്ടിയാണ്   ,എന്റെ പെങ്ങളുടെ സതീർഥ്യയും  .കസിൻ പ്രയോഗം അവളേയും ഞങ്ങളേയും വേദനിപ്പിക്കും .അല്ലെങ്കിൽ തന്നെ സഹോദരിമാരുടെ മക്കളെ സഹോദരങ്ങൾ എന്ന് തന്നെയാണു മലയാളത്തിൽ പറയുക .
    ഞങ്ങൾ ചെന്നത് നിർമ്മലക്ക് ആശ്വാസമായി എന്ന് അവളുടെ മകൾ  ഗൌരി പറഞ്ഞത് .ശരിയായിരിക്കണം .സർവീസിൽ ഇരുന്നു പി എച് ഡി എടുത്ത ആളാണ്‌ സുജാത. .മാത്രമല്ല പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം സുജാതക്കയുമയാണ് സ്വന്തം അക്കമാരുമായല്ല നിർമ്മല  ചര്ച്ച ചെയ്യാറുള്ളത്
  ദീര്ഘനാളത്തെ പരിശ്രമത്തിനു ഫലം കിട്ടിയതിൽ അവളെ പ്പോലെ ഞങ്ങള്ക്കും സന്തോഷമുണ്ട് .രണ്ടു കൊല്ലം നേരത്തെയായിരുന്നെങ്കിൽ പെൻഷൻ കൂടുതൽ കിട്ടുമായിരുന്നു എന്ന് വിചാരിക്കുന്നതിൽ അർഥമില്ലല്ലോ .
   ഞാൻ പഠിച്ചു മറന്ന വിഷയമാണ്  .ബാലപാഠങ്ങൾ പോലും ഓർമ്മയില്ല .എങ്കിലും ഒന്ന് മനസ്സിലായി .നിർമ്മല  പുതിയ ചില സമവാക്യങ്ങൾ കണ്ടെത്തി . അവ മൗലികവും അനന്യവും ആണെന്നു   കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രഗദ്ഭ ഗണിത ശാസ്ത്രഞ്ജർ ഉള്പ്പെടുന്ന ഒരു സമിതിസൂക്ഷ്മ പരിശോധനക്കു ശേഷം  പ്രഖ്യാപിച്ചിരിക്കുന്നു .
   ഭാസ്കരാചാര്യർ മുതൽക്കിങ്ങോട്ടുള്ളവർ പടുത്തുയർത്തിയ കേരള ഗണിത ശാസ്ത്ര പാരമ്പര്യത്തിന് എത്ര ചെറുതായാലും ഞങ്ങളുടെ കുഞ്ഞ നിയത്തിയുടേയും  സംഭാവന എന്ന് അഭിമാനത്തോടെ തന്നെ പറയട്ടെ .
 രവിയെ ഞാൻ  നിറഞ്ഞ മനസ്സോടെ അഭിനന്ദിക്കുന്നു .വിവാഹിതയായ ഒരു സ്ത്രീ പി എച് ഡി എടുക്കുന്നതിനു അവരുടെ ഭര്ത്താവ് നേരിടേണ്ടി വരുന്ന പീഡാനുഭവങ്ങൾ  എന്തായിരുക്കുമെന്നു എനിക്കാരും പറഞ്ഞു തരേണ്ടതില്ലല്ലോ

2016, ജനുവരി 10, ഞായറാഴ്‌ച

എനിക്കു പോകേണ്ടിയിരുന്നത് ബുദ്ധ ജങ്ങ്ഷൻ ,കല്ലുമല , ഹൈ സ്കൂൾ മുക്കു വഴി വരേണി ക്കലേക്കാണ് .അവിടെ അപ്പൂപ്പൻ എന്ന് ഞങ്ങൾ വിളിക്കുന്ന ഗ്രാമ ദേവതയുടെ അമ്പലത്തിൽ തൊഴുത് ,ഇപ്പോൾ വീടില്ലാത്ത വീട്ടു പറമ്പിൽ കയറി ഇന്നില്ലാത്ത അഛനേയും അമ്മയേയും ധ്യാനിച്ച് അനിയൻ താമസിക്കുന്ന വീട്ടിലൊന്നു  മുഖം കാണിച്ച് തിരിച്ചു വരിക .ഒരിടത്തും അധികം വെയിറ്റ് ചെയ്യേണ്ട .ആട്ടോ ഡ്രൈവർ ചെല്ലപ്പനു സന്തോഷമായി .അയാൾ ഒരു നിർദ്ദേശം കൂടി വെച്ചു .ഒരു സ്കൂൾ കുട്ടിയെ ബിഷപ്‌ മൂർ വിദ്യാ പീഠത്തിൽ വിടാനുണ്ട് .സ്ഥിരം ഓട്ടമാണ് ഒഴിവാക്കാൻ വയ്യ . വിരോധമില്ലെങ്കിൽആ പെണ്‍കുട്ടിയെ ഒപ്പം കൂട്ടി കല്ലുമല  ഇറക്കി നമുക്ക് വരേണിക്കൽ പോയിവരാം എനിക്കെന്തു വിരോധം ?.
    മുനിസിപ്പൽ ലൈബ്രറി യുടെ ഭാഗത്ത് നിന്ന് ആട്ടോയിൽ കയറിയ ഒമ്പതാം ക്ലാസ്സുകാരി കല്ലുമല ജങ്ങ്ഷനിലെത്തിയപ്പോൾ ഇറങ്ങണമെന്ന് പറഞ്ഞു .രാവിലെ ഒന്നും കഴിച്ചിട്ടില്ല .കഴിക്കാനെന്തെങ്കിലും വാങ്ങാനാണ് .ചെല്ലപ്പൻ അത് പ്രതീക്ഷിച്ചിരുന്നുവെന്നു തോന്നി .അയാൾ  ഒരു കടയുടെ മുമ്പിൽ ആട്ടോ നിർത്തി .ചായ ക്കടയല്ല .ആധുനിക വറവു സാധന ങ്ങളുണ്ടല്ലോ ആകർഷകമായ  പായ്ക്കറ്റുകളിൽ വരുന്നത് അവയൊക്കെ വിൽക്കുന്ന സ്ഥലമാണ് ,കോള പാനീയങ്ങളും .കടക്കു മുന്നിൽ വേറെയും സ്കൂൾ വാഹനങ്ങളുണ്ടായിരുന്നു .പായ്ക്കറ്റുകളും ചോക്കളേറ്റു ബാറുകളും കൊളാ ടിന്നുകളുമായി ആണ്‍കുട്ടികളും പെണ്‍കുട്ടികളും കടയിൽ നിന്നു പുറത്തേക്ക് വരുന്നതു കണ്ടു .എന്റെ സഹയാത്രികയും ഒരു പായ്കറ്റും  ഒരു ടിന്നുമായാണു വന്നത് .
      കാത്തു കിടക്കേണ്ട ബാക്കി ദുരം താൻ നടന്നു പൊയ്കൊള്ളാം എന്ന് പറയാനുള്ള അന്തസ്സ് കാണിച്ചു എന്റെ സഹയാത്രിക .അത് വേണ്ട കുഞ്ഞിനെ കൊണ്ടു വിട്ടിട്ടേ ഞാൻ പോകുന്നുള്ളു എന്ന് ഞാനും മര്യാദ കാട്ടി .ചെല്ലപ്പനോടു ചോദിച്ച് ആ കുട്ടിയുടെ വീട്ടിലെ വിവരങ്ങളൊക്കെ ആ ഇട വേളയിൽ  ഞാൻ മനസ്സിലാക്കി .അച്ഛൻ ഗൾഫിലാണ് അമ്മ മിച്ചൽ ജങ്ങ്ഷനിൽ ഒരു കട നടത്തുന്നു ഫാൻസി ഷോപോ മറ്റൊ .
        സ്കൂളിൽ പോകുന്ന കുട്ടിക്ക് രാവിലെ കഴിക്കാൻ എന്തെങ്കിലും ഉണ്ടാക്കി കൊടുക്കാൻ വയ്യാത്തത്ര ജോലിയൊന്നും ആ അമ്മക്കോ .അവിടെ വന്ന് അനാരോഗ്യകരമായ ഭക്ഷ്യ  വസ്തുക്കളും പാനീയങ്ങളും വാങ്ങിപ്പോയ മറ്റു  കുട്ടികളുടെ  അമ്മമാർക്കോ ഇല്ല .ഇതൊരു ഫാഷനാണോ ?
      എന്തായാലും ഈ ശീലം ഒഴിവാക്കപ്പെടേണ്ടതു തന്നെയാണ് .പാനീയങ്ങളിലെ ചേരുവകളെ ക്കുറിച്ച് നമുക്കറിവുള്ളതാണ് .അത്രത്തോളമോ അതിലധികമോ അപകടം പിടിച്ച രുചി സംവർദ്ധക സാമഗ്രികളൊക്കെ ഈ വറ വു സാധന ങ്ങളിലും  ചേർക്കാറുണ്ടത്രേ.
ഒരു തലമുറയെ മുഴുവൻ രോഗ ഗ്രസ്തരാക്കുന്നതാണോ പരിഷ്കാരം .മാത്രമല്ല ആഗോള ഭീമന്മാരുടെ ആണ് ഈ ഉൽപ്പന്നങ്ങളൊക്കെ .ബഹുരാഷ്ട്ര കുത്തകകളെ ചെറുക്കേണ്ടത് അവരുടെ ഉൽപ്പന്നങ്ങൾ ബഹിഷ്കരിച്ചു കൊണ്ടാണ് .ഇത് നമ്മൾ അങ്ങോട്ടു പോയി തല വെച്ചു കൊടുക്കുക മാത്രമല്ല വരുന്ന തലമുറയെ അവരുടെ അടിമ കളാക്കുക കൂടി ചെയ്യുന്നു .എല്ലാറ്റിനുമുപരി വീട്ടിലെ അടുക്കളയിൽ നിന്നു കിട്ടുന്ന സ്നേഹ വാൽസല്യത്തിന്റേതായ ആ രുചിയുണ്ടല്ലോ അമ്മൂമ്മയുടെ പുളിശേരി ,വല്യമ്മച്ചിയുടെ മീൻകറി  എന്നൊക്കെ വാർദ്ധക്യത്തിലും ഗ്രുഹാതുരത്വത്തോടെ പറയാൻ തോന്നി പ്പോകുന്ന ആ ജീവനാന്തം നാവിൽ തങ്ങി നില്ക്കുന്ന ആ സ്വാദ്.അത്  നമ്മൾ ഒരു തലമുറയ്ക്ക് നിഷേധിക്കുകയാണ്
      

2016, ജനുവരി 3, ഞായറാഴ്‌ച

2015 ഇൽ കാര്യമായി ഒന്നും എഴുതിയില്ല .എഴുതാൻ കഴിഞ്ഞില്ല എന്നതാണു സത്യം .അതിപ്പോൾ എന്നെ പോലെയുള്ള ഒഴിവു സമയ ലേഖകർക്കു മാത്രമല്ല എഴുത്ത് സ്വധർമ്മമായി സ്വീകരിച്ചവർക്കും സംഭവിക്കാവുന്നതാണ് ."മനസ്സിൽ കണ്ടതൊക്കെ വടി കുത്തി പിരിഞ്ഞു "എന്നാണ്  അയ്മനം ജോണ്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് .മനസ്സിൽ ഉരുത്തിരിഞ്ഞു വന്ന കഥകൾ കടലാസ്സിലേക്കു പകർത്താൻ ജോണിനു കഴിഞ്ഞില്ല എന്നല്ലേ അതിനർഥം ?
   ഞാൻ പക്ഷേ കാര്യമായി തന്നെ വായിച്ചു 2015 ഇൽ .കവിതയും ഫിക്ഷനും നോണ്‍ ഫിക്ഷനുമായി കുറെ നല്ല പുസ്തകങ്ങൾ .അവയിൽ ഒന്നാമതായി പരാമർശിക്കേണ്ട കൃതി  ഷെനേയുടെ തീഫ്സ് ജേർണൽ ആണ്  .എഴുപതുകളുടെ തുടക്കത്തിൽ എം കൃഷ്ണൻ നായരും കെ പി അപ്പനും എഴുതിയത് വായിച്ച് ഞാൻ തിരുവനന്ത പുരത്തെ ലൈബ്രറികളും ബുക്സ്റ്റാളുകളും കയറിയിറങ്ങി . .അവ്വർ ലേഡി യും മെയിഡ്സും ബാല്ക്കണി യുമൊക്കെ കിട്ടി ജേർണൽ കിട്ടിയില്ല.അതിന് 2015 വരെ കാത്തിരിക്കേണ്ടി വന്നു .
  കള്ളന്റെ നാൾവഴി ഒരു പുസ്തകം തന്നെയാണ് .മോഷണവും സ്വവർഗ്ഗ രതിയും ജീവിത വൃത്തിയാക്കിയ ആയുസ്സിൽ ഏറിയ പങ്കും ജയിൽ പുള്ളിയായി കഴിയേണ്ടി വന്ന ഒരുവന്റെ ആത്മ കഥ .പക്ഷേ നിത്യ ജീവിതത്തിൽ അറപ്പും വെറുപ്പും ജനിപ്പിക്കുന്നതിനെ ഹൃദയഹാരിയായ ആസ്വാദനാനുഭവമാക്കി മാറ്റുന്ന കലയുടെ ആൽക്കെമി എന്തെന്ന്  ഈ പുസ്തകം  നമുക്ക് വ്യക്തമാക്കി തരുന്നു .ഉദാത്തമായ ആ വായനാനുഭവത്തെ പറ്റി വിശദമായി എഴുതുന്നുണ്ട് ഒരിക്കൽ. .സത്യം .ഇപ്പോൾ ഇത്രയും മാത്രം  കൂട്ടി ചേർക്കട്ടെ :
    "ഞാൻ ജെയിലിലെ ഉത്സവങ്ങളെ  ക്കുറിച്ച് പറയാൻ ആഗ്രഹിക്കുന്നു" എന്നാരംഭിക്കുന്ന അവസാനഖണ്ഡിക ,പുസ്തകവവും, കള്ളൻ അവസാനിപ്പിച്ചിരിക്കുന്നത് ഇങ്ങിനെയാണ്‌ ::"ഈ നാൾവഴിയുടെ മോറൽ ചാർജെസ്  എന്നു പേരിടാനിരിക്കുന്ന രണ്ടാം ഭാഗത്തിൽ ,സ്പെയിൻ എന്നു ഞാൻ വിളിക്കുന്ന എന്നിലെ തന്നെ പ്രദേ ശങ്ങളിലൂടെ സഞ്ചരിച്ചതിനെ തുടർന്ന് എന്റെ ഉള്ളിൽ ഞാൻ തന്നെ കണ്ടെത്തിയ ഒരു ആന്തരിക ജയിലിലെ ഉത്സവങ്ങളെ ക്കുറിച്ച്  റിപ്പോർട്ട് ചെയ്യുവാനും വിശദീകരിക്കാനും അഭിപ്രായ പ്രകടനം നടത്തുവാനും ഞാൻ ഉദ്ദേശിക്കുന്നു .
 അതെ സ്വർഗ്ഗ രാജ്യം പോലെ കാരാഗൃഹവും അവനവന്റെ ഉള്ളിൽ  തന്നെയാണ് .എത്ര അനാർഭാടമായി അനായാസമായാണ് കള്ളൻ ഒരു വലിയ ദർശനം നമുക്ക് ഒരു അപരോക്ഷ അനുഭവമാക്കുന്നത് . .സാർത്ര് സെയിന്റ് ഷെനെ എന്ന് വിളിച്ചത് എന്തു കൊണ്ടാണെന്ന് എനിക്കിപ്പോൾ മനസ്സിലായി .
  കല അതി മനോഹരമായി അനുഭവപ്പെടുത്തുന്ന ചിലത് നിത്യ ജീവിതത്തിൽ മനം പുരട്ടലുണ്ടാക്കും .അങ്ങിനെ മനം പുരട്ടലുണ്ടാക്കുന്ന ചില സംഭവങ്ങൾ യഥാ തഥമായി രേഖപ്പെടുത്തിയ ഒരു പുസ്തകവും ഞാൻ കഴിഞ്ഞ കൊല്ലം വായിച്ചു .ഗീതയുടെ 'അന്യായങ്ങൾ '.
      കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി നമ്മുടെ നാട്ടിൽ നടന്നു കൊണ്ടിരിക്കുന്ന 'പീഡനങ്ങളിൽ ' ഇരകളാക്കപ്പെട്ട പെണ്‍കുട്ടികളുടെ ബന്ധുക്കളുമായും, പെണ്‍കുട്ടികളിൽ ജീവനോടെ അവശേഷിക്കുന്നവരുമായും ഗ്രന്ഥ കാരി  നടത്തിയ അഭിമുഖങ്ങൾ ,ഈ കേസുകളിൽ സാമൂഹ്യ പ്രവർത്തകരും മറ്റും നടത്തിയ ഇടപെടലുകളെക്കുറിച്ചുള്ള വിവരങ്ങൾ ."വി ഐ പി "കളുടെ പ്രസ്താവനകളും  എതിർ പ്രസ്താവനകളും ഇവയൊക്കെയാണ് പുസ്തകത്തിന്റെ ഉള്ളടക്കം .മലയാളി മനസ്സിലെ മാലിന്യ കൂമ്പാരം മറനീക്കി പുറത്ത് വന്ന് സമൂഹത്തെയാകെ മലിനമാക്കുന്ന പ്രക്രിയയിലേക്ക് വിരൽ  ചൂണ്ടുകയാണു ഗീത ,.കലയുടെ രാസ വിദ്യ പ്രയോഗിക്കാതെ തന്നെ .
          ഇവിടെ പക്ഷേ എല്ലാം എല്ലാവർക്കുമറിയാം .എല്ലാവർക്കും എല്ലാമറി യാമെന്നും  എല്ലാവർക്കുമറിയാം പക്ഷേ നമ്മൾ നിശബ്ദത പാലിക്കുകയും വല്ല കോടതി പരാമർശമോ മറ്റോ വന്നാൽ വെളിപാടുണ്ടായതു പോലെ ബഹളം കൂട്ടുകയും  വീണ്ടും നിശ ബ്ദരാവുകയും  ചെയ്യും .'വി ഐ പി 'കൾ അവരുടെ തേരോട്ടം തുടരും .
    എല്ലാം ശരിയാവു മായിരിക്കും .കടമ്മനിട്ട ശാന്തയോടു പറഞ്ഞതു പോലെ എല്ലാം എന്നും ഒരു പോലെ ആയിരിക്കുകയില്ല .കാഞ്ഞിര പാറ പിളർന്നു ജലം പ്രവഹിചേക്കാം .മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ വേണ്ടി സ്വന്തം ജീവന ബലി കൊടുക്കാൻ തയാറാ വുന്നവരുടെ വര്ത്തമാനവും നമ്മൾ ഇടക്കിടെ കേൾക്കു ന്നുണ്ടല്ലോ