2016, ജൂൺ 14, ചൊവ്വാഴ്ച

നഗ്നതയുടെ സൌന്ദര്യ ശാസ്ത്രം
കോളേജിലെ ആദ്യ വര്ഷം തന്നെ കുമാരസംഭവം മൂലം മാരാരുടെ ഗദ്യപരിഭാഷയോടെ വായിക്കാൻ എനിക്ക് സാധിച്ചു .ലോകപിതാക്കളുടെ രതി "ക്ലിഷ്ട കേശ മവലുപ്ത ചന്ദനം / വ്യത്യയാർപ്പിത നഖം സമത്സരം .." എന്നൊക്കെ പച്ചയായി തന്നെ വർണ്ണിക്കപ്പെട്ടിട്ടുള്ള  എട്ടാം സര്ഗ്ഗം അന്ന് തന്നെ എനിക്ക് ആസ്വദിക്കാൻ കഴിഞ്ഞു . വഴി യരികിൽനിന്നു 'ചെറു പുസ്തകങ്ങൾ 'വാങ്ങി വായിച്ച്  വികാര വിവശനുംപ്രകന്പിതനും  മറ്റും ആകാറു ണ്ടായിരുന്നു  സഹപാഠീകളെ പ്പോലെ ഞാനും .അവയിൽ രസിക്കുന്നതു പോലെയല്ല എട്ടാം സർഗ്ഗത്തിൽ അഭിരമിക്കുന്നത് എന്ന് അന്ന് തന്നെ എനിക്ക് മനസ്സിലായി .;സംഭോഗ ശ്രുംഗാരത്തിന്റെ ഉദാത്തവും മനോഹരവുമായ ആവിഷ്കാരം എങ്ങിനെയായിരിക്കുമെന്നും .
     സ്ത്രീ പുരുഷന്മാരെ പൂർണ്ണ നഗ്നരായി കാണിക്കുന്ന ചിലസിനിമകൾ 
പിൽകാലത്ത് കണ്ടു .ഷിന്റ്ലേഴ്സ് ലിസ്റ്റ് ,12 ഇയേഴ്സ് എ സ്ലേവ് ,സോൾസ് സൺ എന്നിങ്ങനെ .എല്ലാം ഓസ്കാർ സിനിമകൾ .ഭീകരമായ ചില മനുഷ്യാവസ്ഥകളുടെ യഥാ തഥമായ ചിത്രീകരണമാണ് ഈ രംഗങ്ങൾ .ഇപ്പറഞ്ഞ സിനിമകളുടെ മഹത്വത്തിനു അവ അനിവാര്യമാണു താനും .
         ഇവയിൽ നിന്നൊക്കെ വ്യത്യസ്തമായ ഒരു സിനിമാ ദൃശ്യം ഈയിടെ ടിവിയിൽ കണ്ടു .അണിയലങ്ങളും മുഖത്തെഴുത്തും ആടയാഭരണങ്ങളും അഴിച്ചു വെച്ച് പുർണ്ണ നഗ്നനായി കാണികൾക്ക് പുറം തിരിഞ്ഞ് വിദൂരതയിലേക്കു നടന്നു പോകുന്ന കഥകളി നടൻറെ ചിത്രത്തിന് അന്യാദൃശമായ പ്രതീക ഭംഗിയുണ്ട് .ജീവിതം നല്കിയ ചമയങ്ങളും  ചായ ക്കൂട്ടും മാത്രമല്ല ജനനത്തിലൂടെ കൈ വന്ന പഞ്ചഭൂതാത്മകമായ ജീർണ്ണ വസ്ത്രം കൂടി ത്യജിച്ച് അനന്തതയിൽ വിലയം പ്രാപിക്കുന്ന ആത്മാവിന്റെ സൂചകം കുടിയാണ് ഇവിടെ നടൻ .ഇത്തരമൊരു വ്യാഖ്യാനം അർഹിക്കുന്ന തരത്തിൽ സിനിമയുടെ ആഖ്യാനം നിർവഹിക്കപ്പെട്ടിട്ടുണ്ടോ എന്ന് ചിത്രം മുഴുവൻ കാണാതെ പറയാൻ സാധിക്കുകയില്ല .പക്ഷേ അതിനുള്ള അവകാശവും അർഹതയും പ്രേക്ഷകർക്കാണ് ,സെൻസർ  അധികാരികൾക്കല്ല .ദയവായി ആ അവകാശം ഞങ്ങള്ക്ക് തന്നെ വിട്ടു തരിക .
      കലാസുഭഗമായി ആവിഷ്കരിക്കപ്പെടുന്ന നഗ്നത അശ്ലീലമല്ലെന്ന്‌ ,,കുമാരസംഭവം ചെറു പുസ്തകമല്ലെന്ന് നമ്മുടെ അധികാരികൾക്ക് ആരാണു പറഞ്ഞു കൊടുക്കുക









അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ