2016, ഡിസംബർ 31, ശനിയാഴ്‌ച


രംഗം
കഥകളിക്കാരുടെ ജീവിതം പ്രതിപാദ്യമായ ഒരു മോഹൻലാൽ ചിത്രമാണ് 1985 ഇൽ റിലീസായ രംഗം .ശ്രദ്ധേയമായ ആ ചിത്രത്തിന്റെ പ്രധാന സവിശേഷതകളിലൊന്ന് ജഗന്നാഥ വർമ്മയുടെ കളിയച്ഛനായുള്ള അഭിനയമായിരുന്നു .അതിനു മുമ്പോ പിമ്പോ അത്രയും പ്രധാനപ്പെട്ട ഒരു ആദ്യാവസാന വേഷം വർമ്മ ചെയ്തിട്ടുണ്ടെന്നു തോന്നുന്നില്ല .കഴിവും അഭ്യാസവും ആകാര വടിവും ശബ്ദ ഗാമഭീര്യവും ഉണ്ടായിരുന്നിട്ടും ജഗന്നാഥ വർമ്മക്ക് മലയാള സിനിമയിൽ അർഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയി .അംഗീകാരം എന്നാൽ സ്വന്തം കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം എന്നാണ് അവാർഡ് എന്നല്ല ഇവിടെ വിവക്ഷ.
അങ്ങിനെ നോക്കിയാൽ കഴിവുറ്റ എത്ര നടീ നടന്മാരെയാണ് നമ്മൾ അവഗണിച്ചത് . പറവൂർ ഭരതനെയും ശങ്കരാടിയേയും പ്രതാപ ചന്ദ്രനെയും പോലുള്ളവരെ .ഒന്നോർത്തു നോക്കൂ .കൊച്ചൂട്ടി അളിയനെയും വ്യാധികാര്യസ്ഥനെയും അവതരിപ്പിക്കാൻ ഭാരതനല്ലാതെ മറ്റാർക്കാണ് കഴിയുക .ഇരുപതാം നൂറ്റാണ്ടിലെ മുഖ്യമന്ത്രിയെയും സി ബി ഐ ഡയറി കുറിപ്പിലെനാരായണനേയും പ്ര താപചന്ദ്രന്റെ രൂപത്തിലല്ലാതെ സങ്കല്പിക്കാനാവുമോ ?എന്തുകൊണ്ടു തോറ്റു എന്നത് "താത്വികമായി അവലോകനം "ചെയ്യാൻ ശങ്കരാടിയല്ലാതെ മറ്റൊരാളുണ്ടോ ?
ഇവരെയൊക്കെ കുട്ടിത്തരം വേഷങ്ങൾ നൽകി മാറ്റി നിർത്തുകയാണ് മലയാള സിനിമ ചെയ്തത് .അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ജഗന്നാഥ വർമ്മ .പക്ഷെ ഞങ്ങൾ ആസ്വാദകർ നിങ്ങളെ ഓർക്കുക തന്നെ ചെയ്യും നായക നടന്മാർക്കും സ്വഭാവ നടന്മാർക്കും ഒപ്പം .
ആരുടെ വിടവാങ്ങലും ഒരു വിടവും സൃഷ്ടിക്കുന്നില്ല എന്നത് ചരിത്രത്തിന്റെ നിഷ്ടുരത 'ആരവിടെ 'എന്നു കല്പിക്കുമ്പോൾ പ്രവേശിക്കാൻ ഒരു ഭടൻ വാളും പരിചയുമായി അണിയറയിൽ കാത്തു നിൽക്കുന്നുണ്ടാവും ;ഒരാളല്ലെങ്കിൽ മറ്റൊരാൾ .എങ്കിലും പരിചിത മുഖം കാണാതാവുമ്പോൾ ആസ്വാദകൻ അമ്പരക്കുന്നു ദുഖിക്കുന്നു .പക്ഷെ കളി തുടരണമല്ലോ .തുടരട്ടെ .അതിനു മുമ്പ് മൗന പ്രാർത്ഥനയോടെ ഒരു നിമിഷം എഴുനേറ്റു നിൽക്കാം നമുക്ക്
 Image may contain: one or more people and eyeglasses
ഇന്ത്യൻ സിനിമയുടെ സുവർണ്ണ രേഖ .
---------------------------------------------------------
അപുത്രയത്തിന്റെയും ചാരുലതയുടെയും പ്രഭാവലയത്തിൽ കണ്ണ് മഞ്ഞളിച്ചു പോയ ഇന്ത്യൻ സിനിമാപ്രേമി നമ്മുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നിനെ ശ്രദ്ധിക്കാതെ പോയി .അതിന്റെ ഭാഗ്യം കുറഞ്ഞ സംവിധായകനെയും .വിഭജനത്തെ തുടർന്നുണ്ടായ അഭയാർത്ഥികളുടെ   കടന്നു വരവ് മുതൽ താഴെത്തട്ടിലെ പട്ടിണിയും പരിവട്ടവും അവഗണിച്ച് കൊണ്ട് ഇന്ത്യൻ മദ്ധ്യവർഗ്ഗം പുതിയ സമൃദ്ധി ആഘോഷിക്കുന്ന അറുപതുകളുടെ തുടക്കം വരെയുള്ള കാലയളവ് ഹൃദയ സ്പർശിയായ വിധത്തിൽ നമുക്ക് കാട്ടി തരുന്ന സുവർണ്ണ രേഖ എന്ന ബംഗാളി ചിത്രത്തെയും അതിന്റെ സംവിധായകൻ റീത്തിക് ഘട്ടക്കിനെയും നമ്മൾ അവഗണിച്ചു .
      സ്വയംവരത്തിന്റെ നിർമ്മിതിയിൽ തന്നെ സ്വാധീനിച്ചത് റേ ചിത്രങ്ങളല്ല  തന്റെ ഗുരു കൂടിയായ  ഘട്ടക്കിന്റെ സുവർണ്ണ രേഖയാണെന്ന് അടൂർ ഒരിക്കൽ പറഞ്ഞതായി ഓർക്കുന്നു .സത്യമാണ് .മഹാഭാരതവും അഭിഞ്ജാന ശാകുന്തളവുമായുള്ള ബന്ധം സുവർണ്ണ രേഖയും സ്വയം വരവുമായുണ്ട് .വിശദമായി എഴുതണമെന്നു വിചാരിക്കുന്നതു കൊണ്ട് ഇവിടെ കൂടുതൽ പറയുന്നില്ല .
    അമ്പരപ്പിച്ച ഒരു സത്യം പറയാതെ വയ്യ ;എല്ലാം നഷ്ടപ്പെട്ട് പ്രാണൻ കയ്യിലെടുത്ത് ഓടി വന്നവരുടെ ഇടയിലും ജാതി വ്യത്യാസം പ്രകടമായിരുന്നു !
         ഏറ്റവും നല്ല ഇന്ത്യൻ സിനിമ ഏതെന്നു ചോദിച്ചാൽ ഒരു നിമിഷം ആലോചിക്കാതെ ഞാൻ ചാരുലത എന്ന് മറുപടി പറയുമായിരുന്നു .ഇപ്പോഴും അങ്ങിനെ പറയുമായിരിക്കാം .പക്ഷെ അതിനു മുമ്പ് ഒരു പാട് ആലോചിക്കേണ്ടി വരും .
  മാമ്പഴമാണോ മാർത്താണ്ഡ വർമ്മയാണോ നല്ല സാഹിത്യ സൃഷ്ടി എന്ന് ചോദിച്ചാൽ സുഹൃത്തേ താങ്കൾ എന്തായിരിക്കും മറുപടി പറയുക ?
 ഈ ചിത്രത്തെക്കുറിച്ചുഞാൻ വാഗ്ദാനം ചെയ്ത   വിശദമായ പഠനം ഇത്തവണത്തെ സമകാലിക മലയാളം ആഴ്ചപ്പതിപ്പിലുണ്ട് .സുഹൃത്തുക്കൾ വായിച്ച അഭിപ്രായം പറയുക

2016, ഡിസംബർ 9, വെള്ളിയാഴ്‌ച

നളചരിതത്തിലെ നായകനോ ....
എഴുപതുകളുടെ തുടക്കം. തിരുവനന്തപുരം .അർദ്ധ ഫാസിസത്തിന്റെ സ്റ്റീമ്റോളർ ഉരുണ്ടു വന്നപ്പോൾ തടുത്തു നിർത്താൻ കഴിയുകയില്ല എന്നറിഞ്ഞു കൊണ്ടു തന്നെ ഞങ്ങൾ ചെറുത്തു ..മുദ്രാവാക്യംവിളി, സമരം, പോലീസ് നടപടി, പിരിച്ചു വിടൽ .പക്ഷെ ഇതിനിടയിലും പാട്ടു കേൾക്കാനും സിനിമാ കാണാനും ഞങ്ങൾ സമയം കണ്ടെത്തിയിരുന്നു .സമരോൽസുകവും അതെ സമയം സംഗീത സാന്ദ്രവുമായിരുന്നു ആ കാലം.
  ഞങ്ങളുടെ കൂട്ടത്തിലെ ബേബിയായിരുന്നു ഗീതാകൃഷ്ണൻ .എഞ്ചിനീയറിംഗ് പഠിത്തം ഇടക്കു നിർത്തി ഓഫിസിൽ ജോലിക്കു കയറിയതാണയാൾ .സമർത്ഥനായ ഒരു വിദ്യാർഥി അങ്ങിനെ ചെയ്യാനിടയായ സാഹചര്യങ്ങൾ വിശദീകരിക്കേണ്ടതില്ലല്ലോ .ലേശം ലജ്ജ കലർന്ന മന്ദഹാസത്തോടെ എല്ലാറ്റിനെയും കുറിച്ച് ചോദ്യങ്ങൾ ചോദിക്കുമായിരുന്ന അയാൾ എല്ലാവരുടെയും കണ്ണിലുണ്ണി ആയിരുന്നു .
       എന്നോടൊരു ദിവസം ഗീതാകൃഷ്ണൻ ചോദിച്ചു " അണ്ണാ ഈ  അഭിനിവേശങ്ങൾ എന്നാൽ എന്താണർത്ഥം ?"സംഘത്തിലെ ഭാഷാ സാഹിത്യ കാര്യങ്ങളിലെ മുറിമൂക്കൻ ഞാനായിരുന്നു .
"അഭിനിവേശം എന്ന് വെച്ചാൽ " ഞാൻ പാണ്ഡിത്യം നടിച്ചു പറഞ്ഞു "തീവ്രമായ ആഗ്രഹം ".ഗീതാകൃഷ്ണന് കലശലായ കോപം വന്നു ."ഇയാളൊരു പണ്ഡിതൻ വന്നിരിക്കുന്നു .അവളുടെ മുഖം കണ്ടാലറിയാമല്ലോ അതല്ലെന്ന് ".അണ്ണൻ ഇയാൾ ആയിരിക്കുന്നു ."നീ എന്തിനാണെടെ എന്നോടു ചുടാവുന്നത്"ഞാൻ സമാധാനിപ്പിക്കാൻ ശ്രമിച്ചു ."ശബ്ദതാരാവലിയും മറ്റു മലയാള ഡിക്ഷ്ണറികളും അങ്ങിനെയാണാർത്ഥം പറഞ്ഞിരിക്കുന്നത്" .ഗീതാകൃഷ്ണനു തൃപ്തിയായില്ല എന്ന് മാത്രമല്ല അയാൾ കൂടുതൽ ചൂടായി ."കിഷ്‌ണറിയും കൊണ്ടിരുന്നോ .ചുമ്മാതല്ല പെണ്ണു കിട്ടാത്തത് ".എന്റെ കല്യാണം നീണ്ടു പോകുന്നത് ഞാൻ കാണുന്ന പെണ്കുട്ടികളോടൊക്കെ അത്യാധുനികതയും അസ്തിത്വ വാദവും പറയുന്നതു കൊണ്ടാണെന്ന് ഞങ്ങളുടെ എതിർ ഗ്രുപ്പുകാർ പറഞ്ഞു പരത്തിയിരുന്നു .
   ഇവനെന്താണ് മനസ്സിലാവാത്തത് .'അവളുടെ മുഖം കണ്ടാൽ ' എനിക്കു പെട്ടെന്ന് ആയിടെ റിലീസായ 'പൊന്നാപുരംകോട്ടയും' അതിലെ നായിക വിജയ ശ്രീയെയും ഓർമ്മ വന്നു ."നള ചരിതത്തിലെ നായകനോ നന്ദന വനത്തിലെ ഗായകനോ "വിജയശ്രീ  മദാ ലസയായി പാടുകയാണ് "അനിരുദ്ധനോ അവൻ അഭിമന്യുവോ   എന്റെ അഭിനിവേശങ്ങളെ വിരൽ തൊട്ടുണർത്തുന്ന ..."ഈശ്വരാ ഗീതാകൃഷ്ണൻ പറയുന്നതിൽ കാര്യമുണ്ട് .ശ്രീകണ്ഠേശ്വരത്തിനു തെറ്റിയതാവാം . എനിക്ക് കൃത്യമായി അറിയുമായിരുന്നില്ല .ഗീതാകൃഷ്ണൻ എന്നെങ്കിലും സ്വയം കണ്ടെത്തിക്കൊള്ളും എന്ന് സമാധാനിക്കാനേ  കഴിയുമായിരുന്നുള്ളൂ .
       ഒരു കാറ്റത്ത് കുറച്ചു കരിയിലകൾ ഒരിടത്തടിഞ്ഞു കൂടുന്നു .അടുത്ത കാറ്റിൽ പറന്നു പോകുന്നു .ചിലത് അവിടെത്തന്നെ വീണ്ടും അടിഞ്ഞു കൂടുന്നു .മറ്റുള്ളവ മറ്റെങ്ങോട്ടൊക്കെയോ  പറക്കുന്നു .ഞാൻ വന്നു പെട്ടത് കൊച്ചി തുറമുഖത്താണ് .അറബിക്കടലിന്റെ റാണി കാരുണ്യ പൂർവം എനിക്കിടം തന്നു .മണ്ഡപത്തും വാതിലിൽ തന്നെ .അഴിമുഖം കടന്ന് കപ്പലുകൾ വന്നു ചരക്കിറക്കി പുതിയവ കയറ്റി പോയി .കപ്പൽ ചാലുകൾക്കു മുകളിൽ  വൈലോപ്പിള്ളിയുടെ കടൽക്കാക്കകൾ വട്ടമിട്ടു പറന്നു .കസേരകളും പേസ്കെയിലുകളും മാറി .എം സുകുമാരൻ എഴുതിയതു പോലെ ഉത്തരവാദിത്വത്തിന്റെ ഭാണ്ഡക്കെട്ടുകളും പേറി യാത്ര .
     യാത്രക്കിടയിൽ ഒരിക്കൽ ഞാനവനെക്കണ്ടു ,നമ്മുടെ ഗീതാകൃഷ്ണനെ .കാലത്തിനു മായ്ക്കാൻ കഴിയാത്തതായിരുന്നു സുഹൃത്തുക്കളെ കാണുമ്പോൾ അയാളുടെ മുഖത്ത് വിടരുന്ന ലജ്ജ കലർന്ന പുഞ്ചിരി .കണ്ണൂരിലെ ഒരു ലോഡ്ജിന്റെ വരാന്തയിൽ ഞങ്ങളൊരുപാട് നേരം സംസാരിച്ചു നിന്നു .
"എത്രനാൾ കൂടിയാണ് സാറിനെ കാണുന്നത് " ഗീതാകൃഷ്ണൻ തന്റെ ആഹ്ലാദം മറച്ചുവെച്ചില്ല .പക്ഷെ ആ 'സാറ്'.  പുതിയ ചെറുപ്പക്കാരുടെ ഉത്തരവാദിത്വബോധമില്ലായ്മയെ ക്കുറിച്ച് ,ടി എ യുടെ അപര്യാപ്തതയെക്കുറിച്ച് ,പേ കമ്മീഷനെ ക്കുറിച്ച് ,സ്വാശ്രയ സ്ഥാപനങ്ങൾ അമിതമായി തലവരി വാങ്ങുന്നതിനെ ക്കുറിച്ച് ഒക്കെ ഗീതാകൃഷ്ണൻ വാചാലനായി .
  അയാൾ എന്ത് കൊണ്ടാണ് ഒരിക്കൽ പോലും എന്നെ അണ്ണൻ എന്ന് വിളിക്കാതിരുന്നത് ?എന്തിനാണയാൾ എന്നോട് ഇത്രയധികം ബഹുമാനം കാണിച്ചത് ?എന്താണയാൾ ഏതെങ്കിലും സിനിമാപ്പാട്ടിലെയോ കവിതയിലേയോ വരികളുദ്ധരിച്ച്‌ കുസൃതിച്ചോദ്യങ്ങൾ ചോദിക്കാതിരുന്നത് ?എനിക്ക് അതിയായ ദുഃഖം തോന്നി ..അഭിനിവേശങ്ങളുടെ അർത്ഥം മനസ്സിലായോ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. ചോദിച്ചില്ല .എന്റെ മനസ്സിലുള്ളത് ജിജ്ഞാസുവും കുസൃതിക്കാരനുമായ നവായുവാവാണ് .മുന്നിൽ നിൽക്കുന്നത് ഋതു ഭേദങ്ങളുടെ താഡനമേറ്റ് പക്വ മതിയും പ്രായോഗികബുദ്ധിയും  ആയിത്തീർന്ന മദ്ധ്യവയസ്കനും .ജീവിത സമരത്തിന്റെ കോലാഹലങ്ങൾക്കും പോർവിളികൾക്കുമിടയിൽ അഭിനിവേശങ്ങൾഒരു  നിരർത്ഥക പദം മാത്രമാകുന്നു .
    അതിജീവന വ്യഗ്രത മനസ്സിൽ തരിശു ഭൂമികൾ സൃഷ്ടിക്കുന്നതിനെ കുറിച്ചാണ് മടക്ക യാത്രയിലും ഞാനാലോചിച്ചത് .ഭാരതപ്പുഴയുടെ വരണ്ട തീരങ്ങൾ കടന്നു പോരുമ്പോൾ  മണൽപ്പരപ്പിനപ്പുറത്ത് എവിടെയോ ഒരു നീർച്ചാൽ ഒഴുകുന്നുണ്ടെന്ന വിശ്വാസം കാരണമാകാം മിക്കവാറും മറന്നു കഴിഞ്ഞ ആ പഴയ പാട്ടിന്റെ ചില വരികൾ എന്റെ ഉള്ളിൽ പെയ്തിറങ്ങി .                                    "രണവീരനോ അവൻ യുവധീരനോ  എന്റെ രഹസ്യ മോഹങ്ങളെ
കുളിർ കൊണ്ടു മൂടുന്ന കാമുകനോ "
      





 

2016, ഡിസംബർ 3, ശനിയാഴ്‌ച

കലയിൽ ശ്ലീലാശ്ലീലങ്ങളില്ല .രസവും രസഭംഗവുമേയുള്ളു .നമ്മുടെ ഇഷ്ട താരത്തെ ആരെങ്കിലും ഫേസ്‌ബുക്കിൽ കുറ്റപ്പെടുത്തുന്നതു പോലും നമ്മൾ സഹിക്കുകയില്ല .പക്ഷെ സിനിമയിൽ ആ താരത്തെ മരത്തിൽ കെട്ടിയിട്ടു തല്ലുന്നതു കണ്ടു നമ്മൾ ആർത്തു ചിരിച്ചു ..ജീവിതത്തിലെ തെറ്റും ശരിയും കലാ സൃഷ്ടികളില്ല എന്ന് സൂചിപ്പിക്കുവാൻ വേണ്ടിയാണ് ഈ ഉദാഹരണം ചൂണ്ടിക്കാണിച്ചത് .
  ഞാനീയിടെ ഒരു ലഘു ചിത്രം കണ്ടു യു ട്യൂബിൽ .സ്റ്റോറി ഓഫ് എ മെഷീൻ .ചിത്രം തരക്കേടില്ല എന്നാണെന്റെ അഭിപ്രായം .പക്ഷെ ശ്രദ്ധേയമായി തോന്നിയത് അതിലെ ഏക പാത്രമായി അഭിനയിച്ച നടിയുടെ പ്രകടനമാണ് ..ഇത്രയൂം സ്വാഭാവികവും അനായാസവുമായ ഒരു പാത്രാവിഷ്കാരം അടുത്ത കാലത്തതൊന്നും ഞാൻ കണ്ടിട്ടില്ല .ഒരു കെ പി എ സി ലളിതക്കു മാത്രം കഴിയുന്ന എ പാത്രാവിഷ്കാരം .ഞാൻ കനി കുസൃതിയെ ഹൃദയപൂർവം അഭിനന്ദിക്കുന്നു .മുഖ്യ ധാരയിൽ .മികച്ച കഥാ പാത്രങ്ങൾ അവർക്കു ലഭിക്കട്ടെ എന്നാശംസിക്കുകയും ചെയ്യുന്നു

2016, ഡിസംബർ 2, വെള്ളിയാഴ്‌ച

വി  ആർ രാമകൃഷ്ണന്റെ  പാക്കനാർ കവിത 'മുറം ' അവസാനിക്കുന്നത് ഇങ്ങിനെയാണ്‌
"കാലമിതേറെ കടന്നു പോയിട്ടും
നാലോല കൂര നടന്നു നീർത്തിയില്ല
നാലമ്പലങ്ങൾ നടതുറന്നില്ല
നാട്ടുകൂട്ടത്തിലിടം കൊടുത്തതില്ല
  ചാവും വരേക്കും പടക്ക പാടില്ല
ചത്താലെടുക്കാൻ ചുടല പാടില്ല
ജീവിതം ചേറിക്കൊഴിക്കുവാനിന്നും
പുത്തൻ മുറമൊന്നും മിച്ചമില്ലെങ്ങും
ഒക്കെയും ദാനമായ് തട്ടിയെടുത്തോർ
ഒക്കത്തിരുന്നു ചിരിക്കുന്നു വീണ്ടും
 അതി മനോഹരമായ ഈ കവിത പൂർണ്ണ രൂപത്തിൽ ഈ ലക്കം കലാകൗമുദിയിൽ വായിക്കാം