രംഗം
കഥകളിക്കാരുടെ ജീവിതം പ്രതിപാദ്യമായ ഒരു മോഹൻലാൽ ചിത്രമാണ് 1985 ഇൽ റിലീസായ രംഗം .ശ്രദ്ധേയമായ ആ ചിത്രത്തിന്റെ പ്രധാന സവിശേഷതകളിലൊന്ന് ജഗന്നാഥ വർമ്മയുടെ കളിയച്ഛനായുള്ള അഭിനയമായിരുന്നു .അതിനു മുമ്പോ പിമ്പോ അത്രയും പ്രധാനപ്പെട്ട ഒരു ആദ്യാവസാന വേഷം വർമ്മ ചെയ്തിട്ടുണ്ടെന്നു തോന്നുന്നില്ല .കഴിവും അഭ്യാസവും ആകാര വടിവും ശബ്ദ ഗാമഭീര്യവും ഉണ്ടായിരുന്നിട്ടും ജഗന്നാഥ വർമ്മക്ക് മലയാള സിനിമയിൽ അർഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയി .അംഗീകാരം എന്നാൽ സ്വന്തം കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം എന്നാണ് അവാർഡ് എന്നല്ല ഇവിടെ വിവക്ഷ.
അങ്ങിനെ നോക്കിയാൽ കഴിവുറ്റ എത്ര നടീ നടന്മാരെയാണ് നമ്മൾ അവഗണിച്ചത് . പറവൂർ ഭരതനെയും ശങ്കരാടിയേയും പ്രതാപ ചന്ദ്രനെയും പോലുള്ളവരെ .ഒന്നോർത്തു നോക്കൂ .കൊച്ചൂട്ടി അളിയനെയും വ്യാധികാര്യസ്ഥനെയും അവതരിപ്പിക്കാൻ ഭാരതനല്ലാതെ മറ്റാർക്കാണ് കഴിയുക .ഇരുപതാം നൂറ്റാണ്ടിലെ മുഖ്യമന്ത്രിയെയും സി ബി ഐ ഡയറി കുറിപ്പിലെനാരായണനേയും പ്ര താപചന്ദ്രന്റെ രൂപത്തിലല്ലാതെ സങ്കല്പിക്കാനാവുമോ ?എന്തുകൊണ്ടു തോറ്റു എന്നത് "താത്വികമായി അവലോകനം "ചെയ്യാൻ ശങ്കരാടിയല്ലാതെ മറ്റൊരാളുണ്ടോ ?
ഇവരെയൊക്കെ കുട്ടിത്തരം വേഷങ്ങൾ നൽകി മാറ്റി നിർത്തുകയാണ് മലയാള സിനിമ ചെയ്തത് .അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ജഗന്നാഥ വർമ്മ .പക്ഷെ ഞങ്ങൾ ആസ്വാദകർ നിങ്ങളെ ഓർക്കുക തന്നെ ചെയ്യും നായക നടന്മാർക്കും സ്വഭാവ നടന്മാർക്കും ഒപ്പം .
ആരുടെ വിടവാങ്ങലും ഒരു വിടവും സൃഷ്ടിക്കുന്നില്ല എന്നത് ചരിത്രത്തിന്റെ നിഷ്ടുരത 'ആരവിടെ 'എന്നു കല്പിക്കുമ്പോൾ പ്രവേശിക്കാൻ ഒരു ഭടൻ വാളും പരിചയുമായി അണിയറയിൽ കാത്തു നിൽക്കുന്നുണ്ടാവും ;ഒരാളല്ലെങ്കിൽ മറ്റൊരാൾ .എങ്കിലും പരിചിത മുഖം കാണാതാവുമ്പോൾ ആസ്വാദകൻ അമ്പരക്കുന്നു ദുഖിക്കുന്നു .പക്ഷെ കളി തുടരണമല്ലോ .തുടരട്ടെ .അതിനു മുമ്പ് മൗന പ്രാർത്ഥനയോടെ ഒരു നിമിഷം എഴുനേറ്റു നിൽക്കാം നമുക്ക്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ