2016, ഡിസംബർ 9, വെള്ളിയാഴ്‌ച

നളചരിതത്തിലെ നായകനോ ....
എഴുപതുകളുടെ തുടക്കം. തിരുവനന്തപുരം .അർദ്ധ ഫാസിസത്തിന്റെ സ്റ്റീമ്റോളർ ഉരുണ്ടു വന്നപ്പോൾ തടുത്തു നിർത്താൻ കഴിയുകയില്ല എന്നറിഞ്ഞു കൊണ്ടു തന്നെ ഞങ്ങൾ ചെറുത്തു ..മുദ്രാവാക്യംവിളി, സമരം, പോലീസ് നടപടി, പിരിച്ചു വിടൽ .പക്ഷെ ഇതിനിടയിലും പാട്ടു കേൾക്കാനും സിനിമാ കാണാനും ഞങ്ങൾ സമയം കണ്ടെത്തിയിരുന്നു .സമരോൽസുകവും അതെ സമയം സംഗീത സാന്ദ്രവുമായിരുന്നു ആ കാലം.
  ഞങ്ങളുടെ കൂട്ടത്തിലെ ബേബിയായിരുന്നു ഗീതാകൃഷ്ണൻ .എഞ്ചിനീയറിംഗ് പഠിത്തം ഇടക്കു നിർത്തി ഓഫിസിൽ ജോലിക്കു കയറിയതാണയാൾ .സമർത്ഥനായ ഒരു വിദ്യാർഥി അങ്ങിനെ ചെയ്യാനിടയായ സാഹചര്യങ്ങൾ വിശദീകരിക്കേണ്ടതില്ലല്ലോ .ലേശം ലജ്ജ കലർന്ന മന്ദഹാസത്തോടെ എല്ലാറ്റിനെയും കുറിച്ച് ചോദ്യങ്ങൾ ചോദിക്കുമായിരുന്ന അയാൾ എല്ലാവരുടെയും കണ്ണിലുണ്ണി ആയിരുന്നു .
       എന്നോടൊരു ദിവസം ഗീതാകൃഷ്ണൻ ചോദിച്ചു " അണ്ണാ ഈ  അഭിനിവേശങ്ങൾ എന്നാൽ എന്താണർത്ഥം ?"സംഘത്തിലെ ഭാഷാ സാഹിത്യ കാര്യങ്ങളിലെ മുറിമൂക്കൻ ഞാനായിരുന്നു .
"അഭിനിവേശം എന്ന് വെച്ചാൽ " ഞാൻ പാണ്ഡിത്യം നടിച്ചു പറഞ്ഞു "തീവ്രമായ ആഗ്രഹം ".ഗീതാകൃഷ്ണന് കലശലായ കോപം വന്നു ."ഇയാളൊരു പണ്ഡിതൻ വന്നിരിക്കുന്നു .അവളുടെ മുഖം കണ്ടാലറിയാമല്ലോ അതല്ലെന്ന് ".അണ്ണൻ ഇയാൾ ആയിരിക്കുന്നു ."നീ എന്തിനാണെടെ എന്നോടു ചുടാവുന്നത്"ഞാൻ സമാധാനിപ്പിക്കാൻ ശ്രമിച്ചു ."ശബ്ദതാരാവലിയും മറ്റു മലയാള ഡിക്ഷ്ണറികളും അങ്ങിനെയാണാർത്ഥം പറഞ്ഞിരിക്കുന്നത്" .ഗീതാകൃഷ്ണനു തൃപ്തിയായില്ല എന്ന് മാത്രമല്ല അയാൾ കൂടുതൽ ചൂടായി ."കിഷ്‌ണറിയും കൊണ്ടിരുന്നോ .ചുമ്മാതല്ല പെണ്ണു കിട്ടാത്തത് ".എന്റെ കല്യാണം നീണ്ടു പോകുന്നത് ഞാൻ കാണുന്ന പെണ്കുട്ടികളോടൊക്കെ അത്യാധുനികതയും അസ്തിത്വ വാദവും പറയുന്നതു കൊണ്ടാണെന്ന് ഞങ്ങളുടെ എതിർ ഗ്രുപ്പുകാർ പറഞ്ഞു പരത്തിയിരുന്നു .
   ഇവനെന്താണ് മനസ്സിലാവാത്തത് .'അവളുടെ മുഖം കണ്ടാൽ ' എനിക്കു പെട്ടെന്ന് ആയിടെ റിലീസായ 'പൊന്നാപുരംകോട്ടയും' അതിലെ നായിക വിജയ ശ്രീയെയും ഓർമ്മ വന്നു ."നള ചരിതത്തിലെ നായകനോ നന്ദന വനത്തിലെ ഗായകനോ "വിജയശ്രീ  മദാ ലസയായി പാടുകയാണ് "അനിരുദ്ധനോ അവൻ അഭിമന്യുവോ   എന്റെ അഭിനിവേശങ്ങളെ വിരൽ തൊട്ടുണർത്തുന്ന ..."ഈശ്വരാ ഗീതാകൃഷ്ണൻ പറയുന്നതിൽ കാര്യമുണ്ട് .ശ്രീകണ്ഠേശ്വരത്തിനു തെറ്റിയതാവാം . എനിക്ക് കൃത്യമായി അറിയുമായിരുന്നില്ല .ഗീതാകൃഷ്ണൻ എന്നെങ്കിലും സ്വയം കണ്ടെത്തിക്കൊള്ളും എന്ന് സമാധാനിക്കാനേ  കഴിയുമായിരുന്നുള്ളൂ .
       ഒരു കാറ്റത്ത് കുറച്ചു കരിയിലകൾ ഒരിടത്തടിഞ്ഞു കൂടുന്നു .അടുത്ത കാറ്റിൽ പറന്നു പോകുന്നു .ചിലത് അവിടെത്തന്നെ വീണ്ടും അടിഞ്ഞു കൂടുന്നു .മറ്റുള്ളവ മറ്റെങ്ങോട്ടൊക്കെയോ  പറക്കുന്നു .ഞാൻ വന്നു പെട്ടത് കൊച്ചി തുറമുഖത്താണ് .അറബിക്കടലിന്റെ റാണി കാരുണ്യ പൂർവം എനിക്കിടം തന്നു .മണ്ഡപത്തും വാതിലിൽ തന്നെ .അഴിമുഖം കടന്ന് കപ്പലുകൾ വന്നു ചരക്കിറക്കി പുതിയവ കയറ്റി പോയി .കപ്പൽ ചാലുകൾക്കു മുകളിൽ  വൈലോപ്പിള്ളിയുടെ കടൽക്കാക്കകൾ വട്ടമിട്ടു പറന്നു .കസേരകളും പേസ്കെയിലുകളും മാറി .എം സുകുമാരൻ എഴുതിയതു പോലെ ഉത്തരവാദിത്വത്തിന്റെ ഭാണ്ഡക്കെട്ടുകളും പേറി യാത്ര .
     യാത്രക്കിടയിൽ ഒരിക്കൽ ഞാനവനെക്കണ്ടു ,നമ്മുടെ ഗീതാകൃഷ്ണനെ .കാലത്തിനു മായ്ക്കാൻ കഴിയാത്തതായിരുന്നു സുഹൃത്തുക്കളെ കാണുമ്പോൾ അയാളുടെ മുഖത്ത് വിടരുന്ന ലജ്ജ കലർന്ന പുഞ്ചിരി .കണ്ണൂരിലെ ഒരു ലോഡ്ജിന്റെ വരാന്തയിൽ ഞങ്ങളൊരുപാട് നേരം സംസാരിച്ചു നിന്നു .
"എത്രനാൾ കൂടിയാണ് സാറിനെ കാണുന്നത് " ഗീതാകൃഷ്ണൻ തന്റെ ആഹ്ലാദം മറച്ചുവെച്ചില്ല .പക്ഷെ ആ 'സാറ്'.  പുതിയ ചെറുപ്പക്കാരുടെ ഉത്തരവാദിത്വബോധമില്ലായ്മയെ ക്കുറിച്ച് ,ടി എ യുടെ അപര്യാപ്തതയെക്കുറിച്ച് ,പേ കമ്മീഷനെ ക്കുറിച്ച് ,സ്വാശ്രയ സ്ഥാപനങ്ങൾ അമിതമായി തലവരി വാങ്ങുന്നതിനെ ക്കുറിച്ച് ഒക്കെ ഗീതാകൃഷ്ണൻ വാചാലനായി .
  അയാൾ എന്ത് കൊണ്ടാണ് ഒരിക്കൽ പോലും എന്നെ അണ്ണൻ എന്ന് വിളിക്കാതിരുന്നത് ?എന്തിനാണയാൾ എന്നോട് ഇത്രയധികം ബഹുമാനം കാണിച്ചത് ?എന്താണയാൾ ഏതെങ്കിലും സിനിമാപ്പാട്ടിലെയോ കവിതയിലേയോ വരികളുദ്ധരിച്ച്‌ കുസൃതിച്ചോദ്യങ്ങൾ ചോദിക്കാതിരുന്നത് ?എനിക്ക് അതിയായ ദുഃഖം തോന്നി ..അഭിനിവേശങ്ങളുടെ അർത്ഥം മനസ്സിലായോ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. ചോദിച്ചില്ല .എന്റെ മനസ്സിലുള്ളത് ജിജ്ഞാസുവും കുസൃതിക്കാരനുമായ നവായുവാവാണ് .മുന്നിൽ നിൽക്കുന്നത് ഋതു ഭേദങ്ങളുടെ താഡനമേറ്റ് പക്വ മതിയും പ്രായോഗികബുദ്ധിയും  ആയിത്തീർന്ന മദ്ധ്യവയസ്കനും .ജീവിത സമരത്തിന്റെ കോലാഹലങ്ങൾക്കും പോർവിളികൾക്കുമിടയിൽ അഭിനിവേശങ്ങൾഒരു  നിരർത്ഥക പദം മാത്രമാകുന്നു .
    അതിജീവന വ്യഗ്രത മനസ്സിൽ തരിശു ഭൂമികൾ സൃഷ്ടിക്കുന്നതിനെ കുറിച്ചാണ് മടക്ക യാത്രയിലും ഞാനാലോചിച്ചത് .ഭാരതപ്പുഴയുടെ വരണ്ട തീരങ്ങൾ കടന്നു പോരുമ്പോൾ  മണൽപ്പരപ്പിനപ്പുറത്ത് എവിടെയോ ഒരു നീർച്ചാൽ ഒഴുകുന്നുണ്ടെന്ന വിശ്വാസം കാരണമാകാം മിക്കവാറും മറന്നു കഴിഞ്ഞ ആ പഴയ പാട്ടിന്റെ ചില വരികൾ എന്റെ ഉള്ളിൽ പെയ്തിറങ്ങി .                                    "രണവീരനോ അവൻ യുവധീരനോ  എന്റെ രഹസ്യ മോഹങ്ങളെ
കുളിർ കൊണ്ടു മൂടുന്ന കാമുകനോ "
      





 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ