2017, ജനുവരി 31, ചൊവ്വാഴ്ച

കുഞ്ഞാളിയുടെ കൊടുവാൾ
ആർ .എസ് .കുറുപ്
  ആദ്യമേ പറയട്ടെ അപൂർവ ചാരുതയാർന്ന ഈ ഖണ്ഡ കാവ്യത്തിൽ ഉപയുക്തമാക്കപ്പെട്ടിരിക്കുന്ന ,ഈ കാവ്യത്തിന്റെ സൗന്ദര്യത്തിനു മാറ്റു കൂട്ടുന്ന ചില പദങ്ങൾ ഇന്നു പ്രചാരത്തിലില്ല  .ഓണാട്ടുകരയും കുട്ടനാടും സമീപപ്രദേശങ്ങളും മറ്റും അടങ്ങുന്ന മദ്ധ്യ തിരുവിതാംകൂറിന്റെ കാർഷിക സംസ്കൃതിയോടൊപ്പം അപ്രത്യക്ഷമായ ഈ വാക്കുകൾ പകരം വെക്കാനില്ലാത്തവയാണ് ,അവയിലൂടെ പ്രതീത മാനമാവുന്ന സൂക്ഷ്മ ഭാവങ്ങളെ കുറിക്കാൻ ആധുനിക മലയാളത്തിൽ വേറെ വാക്കുകളില്ല എന്ന അർത്ഥത്തിൽ .
  ഇനി കാവ്യത്തിലേക്ക് : കന്നികുളിച്ച ,എന്ന് വെച്ചാൽ വയസ്സറിയിച്ച പെണ്ണായിട്ടും ഏറ്റവും ഇളയവളായ കുഞ്ഞാളി അപ്പനും ഏഴാങ്ങളമാർക്കും ഇന്നും കുഞ്ഞാണ് .ചിത്തിരമാസത്തിലെ ഉച്ച വെയിലിന്റെ അമല് പൂണ്ട് കനവ് കാണുകയായിരുന്നു അവളും പുറത്തുള്ള പ്രകൃതിയും .ചൈത്ര മദ്ധ്യാഹ്നത്തിന്റെ സുഖാലസ്യത്തിൽ സ്വപ്നം കാണുകയായിരുന്നു എന്ന് പറഞ്ഞാൽ അതൊരു ദുർബ്ബല പരിഭാഷയെ ആവൂ .അമല് എന്നത് അനുഭവിച്ചറിയുക തന്നെ വേണം .അപ്പനും ഏഴാ ങ്ങളമാരും കോയിക്കലേക്ക് പോയിരിക്കുകയാണ് ആയില്യമുണ്ണാൻ .'കോയിക്കലു റ്റോരടിയാരായ' അവർക്ക് പ്രത്യേക ക്ഷണമുണ്ടായിരുന്നു .
    തലേ രാത്രിയിലെ പടയണിയുടെ വിവരണമാണ് രണ്ടാം ഖണ്ഡം .മുതിർന്ന പെൺകുട്ടിയായിട്ടും പടയണിക്കു 'ചൂട്ടു വെച്ചതിന്റെ' മേളം കേട്ടപ്പോൾ കുഞ്ഞാലിക്കൊരു പൂതി 'തുള്ളല് കാണുവാൻ പോക വേണം '.കോയിക്കലെ പ്രധാന അടിയാരായ തങ്ങൾ 'കോലുവിളിക്കുന്ന ദിക്കിലൊക്കെ കോലം കെടാനായി പോയിക്കൂടാ 'എന്നാണപ്പന്റെ പക്ഷം . ഓമൽക്കിടാവിനെ നിരാശ പ്പെടുത്തുവാനും വയ്യ.അവർ പോയി തീണ്ടാപ്പാടകലെ ഇരുട്ടിൽ നിന്നു .അഥവാ 'രാക്കുളിരിൽ കുളിച്ചീറനായ പാതിരാക്കാറ്റ് മാത്രം വെളിച്ചപ്പാടായി 'അവരെ തീണ്ടി കടന്നു പോയി .അപ്പോഴാണ് ശങ്ക തീർക്കാനെത്തിയ കൊച്ചുതമ്പുരാട്ടി പാറാൻ (വവ്വാൽ ) കരിക്കു കുത്തിയിട്ട ശബ്ദം കേട്ട് മറുതയാണെന്നു കരുതി പേടിച്ച് നിലവിളിച്ചു കൊണ്ടോടിയത് .' പോഴത്ത മെന്തിതെന്നോർത്തു തന്നെ / ആങ്ങളാരൊത്തു ചിരിച്ചു പോയി ' കുഞ്ഞാളി ..നിഷ്കളങ്കമായ ചിരി .
      പക്ഷെ അത്  അത്രക്ക്  നിഷ്കളങ്കമാണെന്നു തോന്നിയില്ല തമ്പുരാക്കന്മാർക്ക് .തെല്ലു നേരത്തിനകം മറ്റൊരു ചൂട്ടു പടേണി പോലെ ചൂരലും ചൂട്ടുമായി ആള് വന്നു തമ്പുരാട്ടിക്കു പിന്നിൽ 'ചാത്തൻ കളിക്കും' പറതെണ്ടികൾ ആരെടാ എന്നു ചോദിച്ചു കൊണ്ട് .കോയിക്കലെ മുഖ്യ അടിയാനെന്ന അവകാശ ബോധത്തോടെ അപ്പൻ പറഞ്ഞു : 'അടിയനിട്ട്യാതി തമ്പുരാനെ ' താനോ ക്ടാങ്ങളോ തമ്പുരാട്ടിയോട് പോഴത്തമൊന്നും കാട്ടുകയില്ല .ചൂട്ടും ചൂരലുമായി വന്നവർ പിന്നീടൊന്നും പറഞ്ഞതും ചെയ്തതുമില്ല .പക്ഷേ അവർ 'മൂളിയിരുത്തിയാണ് ' തിരിച്ചു പോയത് .പ്രതിക്രിയ ഉണ്ടാവാനിടയുണ്ടെന്നര്ഥം
    പിറ്റേന്ന് ആയില്യമുണ്ണാൻ എന്നിട്ടും ക്ഷണമുണ്ടായി അപ്പനും ആങ്ങളമാർക്കും അവർ പോയപ്പോൾ ചിത്തിരയിലെ ഉച്ച വെയിലിന്റെ അമല് പൂണ്ട് കുഞ്ഞാളി യും പ്രകൃതിയും സ്വപ്നം കണ്ടിരിക്കുന്നതാണ് ഒന്നാം ഖണ്ഡത്തിൽ നാം കണ്ടത് .അപ്പോഴാണ് ഇടി  വെട്ടുമ്പോലെ ഒച്ച കേട്ട് അകവാളു  വെട്ടി അവൾ എണീറ്റ് പോയത് .'ചത്തോരിരിക്കുന്ന കാവിൽ നിൽക്കുന്ന സത്യമുള്ള പാലയുടെ  കൊമ്പ് താനേ അടർന്നു വീണിരിക്കുന്നു .'ചത്തോരിരിക്കുന്ന കാവ് ' അതീവ ശ്രദ്ധ അർഹിക്കുന്ന ഒരു കാവ്യ ബിംബമാണ് .മരിക്കുന്നവർ എങ്ങോട്ടും പോകുന്നില്ല എന്നും നിഗ്രഹാനുഗ്രഹ ശക്തികൾ നേടി ഇപ്പോഴും തങ്ങൾക്കൊപ്പമുണ്ടാകുമെന്നും എല്ലാ ആദിമ ഗോത്രങ്ങളും വിശ്വസിക്കുന്നു .അവരിൽ നിന്നും കടം കൊണ്ടതാണ് കൂടുതൽ പരിഷ്കൃതർ എന്നവകാശപ്പെടുന്നവരുടെ പിതൃ ലോകം എന്ന സങ്കല്പം .എന്തായാലും പൂർവികരുടെ മുന്നറിയിപ്പു കേട്ട് " ചെറ്റ വാതിൽ പോലും ചാരിടാതെ ചെത്തം മറന്നങ്ങു പാഞ്ഞു പെണ്ണ് '.
     അവളോടൊപ്പം സുഖാലസ്യത്തിൽ മുഴുകിയിരുന്ന പ്രകൃതിയുടെയും ഭാവം മാറി .ഞാവൽ ചീഞ്ഞ കാവുകളിൽ ഞാലി കിളികൾ കരഞ്ഞു .കുന്നത്തു ചാലിന് കരയിൽ കന്നു കരഞ്ഞു നിന്നു .അങ്ങിനെ അങ്ങിനെ .മനുഷ്യരാരും സഹതപിക്കാനില്ലാത്ത അവളോട് പ്രകൃതി കാണിക്കുന്ന അനുതാപത്തിന്റെ വർണ്ണന ഹൃദയഹാരിയാണെന്നു പറയാതെ വയ്യ .
  ഉള്ളു വഴുക്കും വിചാരവുമായ് വെക്കം നടന്നു വന്ന അവൾ കണ്ടു :
     "  തെക്കു വടക്കാ കളത്തിലായി
      എട്ടില നേരെ വിരിച്ചതിന്മേൽ
      എട്ടു ശിരസ്സുകൾ രക്തമിറ്റി ..."
 അടുത്ത് എട്ടു കബന്ധങ്ങൾ കൂട്ടിയിട്ടിട്ടുണ്ടായിരുന്നു .പേയലക്കും പോലാലച്  അപ്പനോടും ആങ്ങളമാരോടും തപ്പു പറഞ്ഞുമ്മ വെച്  രക്തമണിഞ്ഞ വാളുമേന്തി എട്ടു കെട്ടിന്റെ മുറ്റത്ത് കടന്ന്  അവളലറി ." ഇനിയൊരു തലയുള്ളതടി യനാണേ
                    ഇതു കൊയ്തെടുക്കണേ തമ്പുരാനെ "
ആ കുരൽ ,ശബ്ദമെന്നര്ഥം ,അകത്തു തട്ടി മറുപടിയില്ലാതെ തിരിച്ചു വന്നപ്പോൾ അവൾ കൊടുവാൾ വീശി തന്റെ തല അറുത്തു .
  മരിക്കാനുറച്ചു കഴിഞ്ഞ സ്ഥിതിക്ക് ഒരു ശത്രുവിന്റെയെങ്കിലും തലയറുക്കാമായിരുന്നില്ലേ കുഞ്ഞാളി ക്ക് എന്നൊരു ചോദ്യമുണ്ടാവാം .'ഈച്ച വിലങ്ങാ മണിമുറ്റത്ത് കൊടുവാളുമായി കടന്നു ചെന്ന് തന്റെ തല കൂടി കൊയ്യാൻ ആജ്ഞാപിക്കുന്നതു  തന്നെ വലിയ ഒരു ധീരതയായിരുന്നു അക്കാലത്ത് .നാല് നൂറ്റാണ്ടിനു മുമ്പ്.നിലനിന്നിരുന്ന ജന്മിത്ത വ്യവസ്ഥയിൽ കൊച്ചടിയാത്തിക്ക് പ്രകടിപ്പിക്കാൻ കഴിയുമായിരുന്ന ഏറ്റവും വലിയ പ്രതിഷേധമായിരുന്നു എട്ടുകെട്ടിന്റെ അങ്കണത്തിലെ ആത്മ ബലീ.
    കൊടുവാളുമേന്തിയുള്ള അവരുടെ യാത്രയുടെ വർണ്ണനയും ശ്രദ്ധാപൂര്വമായി വായിക്കപ്പെടേണ്ടതുണ്ട് ."എട്ടു ശിരസ്സുകൾ മാല ചാർത്തി ,രക്തമുടുത്തോരു കാവിലമ്മ കത്തുന്ന കണ്ണുമായെന്ന പോലെ "ആണ് കുഞ്ഞാളി വന്നത് .ഇവിടെ രാക്ഷസരെ വധിച്ച് അവരുടെ ശിരസ്സുകൾ മാലയായണിയുന്ന ഭദ്രകാളി മിത്ത് തകിടം  മറിയുന്നു .അധികാരികൾ വെട്ടിമാറ്റിയ അപ്പന്റെയും ആങ്ങളമാരുടെയും ശിരസ്സുകൾ മാലയായണിഞ് ആത്മബലിയർപ്പിച്ച കന്നിപ്പെണ്ണിന്റെ പ്രതികാര ദാഹം എന്ന ബീജത്തിൽ നിന്നാവും ദുഷ്ടന്മാരുടെ ശിരസ്സുകൾ കൊണ്ട് മാല ചാർത്തിയ ദേവി എന്ന സങ്കൽപം പൊട്ടി മുളച്ച് വളർന്നു വന്നത് .ഒരു ജനതയുടെ ആഗ്രഹങ്ങളുടെ ,സങ്കല്പങ്ങളുടെ  പ്രതീക്ഷകളുടെ,സ്വപ്നങ്ങളുടെ  ആകെത്തുക ഞെക്കിയമർത്തിയാണ് കാലം മിത്തുകൾക്കു രൂപം കൊടുക്കുന്നത് എന്ന വസ്തുത വിസ്മരിച്ച് കൂടാ .
    പ്രകൃതിയുടെ ഹ്ലാദ വിഷാദങ്ങളുടെ വർണ്ണനയിലെന്ന പോലെ കുഞ്ഞു കാളിയുടെരൗദ്ര   സഞ്ചാരത്തിന്റെ ആഖ്യാനത്തിലും ഔചിത്യ പൂർവമായ മിതത്വം പാലിച്ചിരിക്കുന്നു  കവി .അത് കവിതക്ക് നൽകിയിരിക്കുന്ന ശക്തി സൗന്ദര്യങ്ങൾ അനുഭവ വേദ്യമെന്നേ പറയാൻ കഴിയൂ .
    ഈ കവിത എന്തെങ്കിലും പ്രശ്നങ്ങളുന്നയിക്കുകയോ അവക്ക് പരിഹാരങ്ങൾ നിർദ്ദേശിക്കുകയോ ചെയ്യുന്നുണ്ടോ ?ഇല്ല എന്നാണ്  എന്റെ അഭിപ്രായം .പക്ഷേ പകൽ പോലെ വ്യക്തമായിരുന്നിട്ടും നമ്മൾ കണ്ടില്ലെന്നു നടിക്കുന്ന ചില വസ്തുതകളെ ഈ കവിത നമുക്ക് ചൂണ്ടി കാണിച്ച് തരുന്നു .
    അതെന്തുമാകട്ടെ സ്വന്തം കുടിലിൽ മേടത്തിലെ ഉച്ചവെയിലിൽ സുഖാലസ്യത്തിൽ കനവ് കണ്ടിരുന്ന യുവത്വത്തിലേക്കു കാലൂന്നിയ പെൺകുട്ടി എട്ടു കെട്ടിന്റെ പടിപ്പുര കടന്ന് തന്റെ അപ്പന്റെയും ആങ്ങളമാരുടെയും കുരുതിക്ക് ,സ്വന്തം ശിരസ്സറുത്ത് പകരം ചോദിക്കുന്ന ഭദ്രകാളിയായി  പരിണമിക്കുന്ന  കഥ ചേതോഹരമായി വർണ്ണിക്കപ്പെട്ടിരിക്കുന്നു ഇവിടെ ,അതിവൈകാരികതയുടെ നിറക്കൂട്ടില്ലാതെ ആ കാലത്തിന്റെ ആ സമൂഹത്തിന്റെ സ്വന്തമായ വാക്കുകളിൽ ,താളത്തിൽ .നളിനി മുതൽ കുടിയൊഴിക്കൽ വരെയുള്ള നമ്മുടെ പ്രഹൃഷ്ട ഖണ്ഡ കാവ്യങ്ങളുറെ കൂട്ടത്തിൽ ഉൾപ്പെടുത്താനുള്ള യോഗ്യതയുണ്ട് കുഞ്ഞാളിക്ക് കാവ്യ ഗുണങ്ങളുടെ കാര്യത്തിൽ എന്നാണ് എന്റെ അഭിപ്രായം

പൂണിത്തുറ
എറണാകുളം
31 ജനുവരി 2017
      
      
     








 

2017, ജനുവരി 29, ഞായറാഴ്‌ച

മറ്റൊരു കുറുംകവിത കൂടി സച്ചിദാനന്ദന്റേതായി ;തീരെ മോശപ്പെട്ട ഒന്ന് .'ക്യു '.സമാന സാഹചര്യത്തിൽ നാലര പതിറ്റാണ്ടു മുമ്പ് ചിത്രകാർത്തികയിൽ പ്രത്യക്ഷപ്പെട്ട ,സമാഹാരങ്ങളിൽ ഒന്നും ഉൾപ്പെടുത്തിക്കാനാത്ത 'സർക്കസ്സ് 'ഞാനോർക്കുന്നു .എന്റെയും എന്റെ തലമുറയുടെയും ആസ്വാദന ശീലത്തെ അടിമുടി മാറ്റിയ കവിത .പിന്നീടങ്ങോട്ട് എത്ര കവിതകൾ .മലയാളത്തിലെ എക്കാലത്തെയും മികച്ച ചില കവിതകൾ സച്ചിദാനന്ദൻ എഴുതി .'ഒടുവിൽ ഞാനൊറ്റയാകുന്നു ' ഇവനെക്കൂടി '' കയറ്റം ' നൊബേലിന് സച്ചിദാനന്ദൻ പരിഗണിക്കപ്പെട്ടിരുന്നു എന്ന് കേട്ടപ്പോൾ അദ്‌ഭുതം തോന്നിയില്ല അഭിമാനം തോന്നുകയും ചെയ്തു .
പക്ഷെ പിന്നീടങ്ങോട്ട് ഇറക്കമായിരുന്നു .'ഭാഗവതം 'എന്ന പേരിൽ വളരെ മോശപ്പെട്ടഒരു കവിത അദ്ദേഹം പ്രസിദ്ധപ്പെടുത്തി മനം പുരട്ടലുണ്ടാക്കുന്ന അത്തരമൊന്നെഴുതാനിടയാക്കിയ ചേതോ വികാരം മനസ്സിലാവുന്നതേയില്ല .ഇപ്പോഴിതാ നാലര പതിറ്റാണ്ടു മുമ്പ് ശ്യാ൦ ബെനിഗൽ അംകുർ എന്ന സിനിമയിൽ ഉപയോഗിച്ചതും പിന്നീട് കാക്ക തൊള്ളായിരം സിനിമകളിൽ പ്രത്യക്ഷപ്പെട്ടതുമായ ഒരു ബിംബം പകർത്തിയെഴുതി സച്ചിദാന്ദൻ നോട്ടസാധുവാക്കലിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു .ഒരു വി കെ എൻ ഡയലോഗാണോർമ്മ വരുന്നത് "അഹോ " എന്നേ ഞാൻ പറയുന്നുള്ളു '

2017, ജനുവരി 23, തിങ്കളാഴ്‌ച

ശിവാജി സാമന്തിന്റെ പുസ്തകം ,കർണൻ എന്ന പേരിൽ മലയാളത്തിലേക്കു വിവർത്തനം ചെയ്യപ്പെട്ട മൃത്യുഞ്ജയ വായിച്ചു .സത്യം പറയണമല്ലോ  എനിക്കിഷ്ടപ്പെട്ടില്ല .ഒരു നോവലിനുവേണ്ടആഖ്യാനഭംഗിയോ  ധ്വന്യാത്മകതയോ ഒന്നും അതിനില്ല .മഹാഭാരത കഥ കർണ്ണന്റെ വീക്ഷണത്തിലൂടെ അപഗ്രഥിക്കുന്ന ഒരു ബൃഹദ് പ്രബന്ധമെന്നു വേണമെങ്കിൽ പറയാം .കൂട്ടത്തിൽ ഒരൽപം അസ്തിത്വഅന്വേഷണവും
  ഒരു പാട്  അവാർഡുകൾ കിട്ടിയിട്ടുണ്ടത്രെ ഇതിന് .അതു കൊണ്ടെന്തു കാര്യം .ജ്ഞാന പീഠം വരെ രണ്ടാം തരക്കാർക്കു കിട്ടുന്നത് നമ്മൾ കണ്ടതാണല്ലോ .