2018, ഒക്‌ടോബർ 4, വ്യാഴാഴ്‌ച

രാജാവിന്റെ മകനും മറ്റും
--------------------------------------------

ഞാൻ കണ്ടിട്ടുള്ളതിൽ  വെച്ച്  ഏറ്റവും നല്ല സിനിമകളിൽ ഒന്നാണ് തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ,മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച രാജാവിന്റെ മകൻ .കഴിഞ്ഞ ഏഴെട്ടു കൊല്ലങ്ങളിൽ ലോകത്തിലെ പേരുകേട്ട ഒട്ടനവധി സിനിമകൾ കാണാൻ എനിക്കവസരമുണ്ടായി .ഇപ്പോഴും ഞാൻ പറയുന്നു ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് രാജാവിന്റെ മകൻ .അതൊരു മികച്ച സിനിമയാവുന്നത് എന്തുകൊണ്ടെന്നും വിശദീകരിക്കാം .
    ഒരു അധോലോകനായകൻ എന്നതല്ല അതിലെ മുഖ്യ കഥാപാത്രത്തിന്റെ സവിശേഷത .കൊല്ലും കൊലയും കൊണ്ട് സമ്പത്തും അധികാരവും നേടിയിട്ടും ആഗ്രഹിച്ചത്-സമാധാനപൂർണമായ ഒരു ജീവിതം -കിട്ടാതെ പോയ ഒരു യുവാവിന്റെ ആത്മ സംഘർഷങ്ങളുടെ കഥയാണ് ഈ സിനിമയിൽ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നത് .കുട്ടിയെ തട്ടിക്കൊണ്ടുപോയവരുമായുള്ള സംഘട്ടനം മുതൽ രാഷ്ട്രീയ നേതൃത്വവുമായുള്ള മത്സരം വരെയുള്ളതെല്ലാം ഈ മുഖ്യ ഭാവത്തിന്റെ ഉദ്ദീപന വിഭാവങ്ങളാണ് ,നായികയുടെ പൂർവകഥ ഉൾപ്പെടെ .അർത്ഥവത്തായ ദൃശ്യങ്ങളിലൂന്നിയുള്ള ചടുലമായ ആഖ്യാനം ചിത്രത്തെ അത്യന്തം ഹൃദയകാരിയാക്കിയിരിക്കുന്നു .രാജാവിന്റെ മകന് നല്ലചിത്രത്തിനും അതിന്റെ സംവിധായകൻ തമ്പി കണ്ണന്താനത്തിനു നല്ല സംവിധാനത്തിനും ഉള്ള അവാർഡുകൾ കിട്ടാത്തതിനു കാരണം നമ്മുടെ സിനിമാ  പണ്ഡിതന്മാരുടെ അന്ധവിശ്വാസമാണ് ;റേ ചിത്രങ്ങളെയോ പടിഞ്ഞാറൻ ന്യൂ വേവ് സിനിമകളെയോ അനുകരിച്ച് നിർമ്മിക്കപ്പെടുന്ന സിനിമകൾ മാത്രമേ അവാർഡ് അർഹിക്കുന്നുള്ളു എന്ന അന്ധവിശ്വാസം .
    തമ്പി കണ്ണന്താനം വിടപറഞ്ഞ വാർത്ത കേട്ടപ്പോൾ മനസ്സിൽ തോന്നിയ കാര്യങ്ങൾ എഴുതിപ്പോയതാണ് .നന്ദി സുഹൃത്തേ എട്ടു പത്തു പ്രാവശ്യം കണ്ടിട്ടും വീണ്ടും കാണണമെന്ന തോന്നലുണ്ടാക്കുന്ന ആ മനോഹര സിനിമയ്ക്ക് ,ഭേദപ്പെട്ട മറ്റു കുറെ ചിത്രങ്ങൾക്കും .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ