2019, ഫെബ്രുവരി 28, വ്യാഴാഴ്‌ച

28-2-2019

ഒരു സമ്മാനത്തിന്റെ കഥ
രണ്ടായിരത്തിലോ മറ്റോ ആണ് താമരശേരി  റോഡ് റെസിഡൻസ് അസോസിയേഷന്റെ വാർഷികത്തിന് ആ അയൽപക്കത്തുള്ള കുട്ടികൾ ഒരു കലാപരിപാടി അവതരിപ്പിച്ചു .മിമിക്രി ,ഹാസ്യ കഥാപ്രസംഗം തുടങ്ങിയ ചെറുപ്പക്കാരുടെ ഇഷ്ട ഇനങ്ങൾ .കൂട്ടത്തിൽ ഒരു യുവാവ് അസാമാന്യമാംവിധം നല്ല പ്രകടനമാണ് കാഴ്‌ച വെച്ചത് .അയാൾക്ക് ഒരു സമ്മാനം കൊടുക്കണമെന്ന് ഭാരവാഹികളിൽ മിക്കവരും  .അഭിപ്രായപ്പെട്ടു .അസോസിയേഷൻ സെക്രട്ടറി അബു ഒരു നൂറു രൂപാ നോട്ട് കവറിലിട്ട് പ്രസിഡണ്ടായിരുന്ന എന്നെ ഏൽപ്പിച്ചു.;സമ്മാനദാനം നടത്താൻ ഒരു വി ഐ പി യെ കണ്ടെത്താൻ എളുപ്പമല്ല സാറു കൊടുത്താൽ മതി എന്നു പറഞ്ഞു കൊണ്ട് .അങ്ങിനെ ആ യുവാവിന് ആദ്യത്തെ സമ്മാനം കൊടുക്കാനുള്ള ഭാഗ്യം എനിക്കാണ് ലഭിച്ചത് .
     ആ ചെറുപ്പക്കാരന്റെ പേര് ജയൻ .പിന്നീട് സൂര്യ ടി വിയിൽ ജഗതി v s ജഗതി അവതരിപ്പിക്കാൻ തുടങ്ങിയപ്പോൾ ജയൻ ജയസൂര്യയായി .തുടർന്ന് സിനിമയിലെത്തിയപ്പോഴും ആ പേര് തന്നെ തുടർന്നു .
      ആദ്യകാലങ്ങളിൽ ഓരോ സിനിമ വരുമ്പോഴും ഞാൻ വിളിച്ച് ജയന്റെ പെര്ഫോമന്സിനെക്കുറിച്ച് അഭിപ്രായം പറയുമായിരുന്നു ;അദ്ദേഹം അത് ശ്രദ്ധാപൂർവം കേൾക്കുകയും ചെയ്യുമായിരുന്നു .ജയന് തിരക്കു വർദ്ധിച്ചു വന്നു എനിക്ക് ജീവിത പ്രാരബ്ധങ്ങളും .ഫോൺ വിളികളുടെ ഇടവേള ദീർഘിച്ചു .വിളി തീരെ ഇല്ലാതായി .                                                                                                                         ഇന്നലെ ടി വിയിൽ  അവാർഡ് പ്രഖ്യാപനം കണ്ടപ്പോൾ എനിക്ക് ജയനെ വിളിക്കാതിരിക്കാൻ കഴിഞ്ഞില്ല .നാലഞ്ചു തവണ ശ്രമിച്ചതിനു ശേഷമാണ് കിട്ടിയത് .ജീവിതത്തിൽ ഏറ്റവും സന്തോഷം തോന്നിയ ഒരു ദിവസം വിളിക്കാതിരിക്കാൻ കഴിഞ്ഞില്ല എന്നു ഞാൻ പറഞ്ഞപ്പോൾ ഓർത്തിരുന്നു വിളിച്ചതിന് എനിക്ക്നന്ദി പറഞ്ഞു ജയൻ .അതാണ് യഥാർത്ഥ വലിപ്പം .
            കൂടുതൽ വലിയ സമ്മാനങ്ങൾ ജയനെ, പ്രഗദ്ഭ അഭിനേതാവായ 
ജയസൂര്യയെ കാത്തിരിക്കുന്നു .ഈശ്വരൻ അനുഗ്രഹിക്കട്ടെ .
      ഒരു വാക്കു കൂടി .ഗ്രാമത്തിലെ നിഷ്കളങ്കനായ ഫുട്ബാൾ മാനേജരെ ഹൃദയാവർജ്ജകമായി അവതരിപ്പിച്ച സുബിൻ ,കിട്ടുന്ന വേഷങ്ങൾ ചെറുതായാലും വലുതായാലും അസാമാന്യ തന്മയത്വത്തോടെ അവതരിപ്പിക്കുന്ന ജോജു ,നാളെ ഒരു ശാരദയോ ശോഭനയോ ആയിത്തീരേണ്ട നിമിഷ ,ആ ഉമ്മമാരെ അവതരിപ്പിച്ച സഹോദരിമാർ .എല്ലാവര്ക്കും എന്റെ അഭിനന്ദനങ്ങൾ .എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 























2019, ഫെബ്രുവരി 24, ഞായറാഴ്‌ച

24-2-2019
ഭാവം ,രാഗം ,താളം

ബീമിന്റെ ഇത്തവണത്തെ പരിപാടി അശ്വതിനായർ -ശ്രീകാന്ത് ദമ്പതികൾ അവതരിപ്പിച്ച ഭരതനാട്യ കച്ചേരിയായിരുന്നു 22 നു ടി ഡി എം ഹാളിൽ .മികച്ച ഒരു ഭരതനാട്യ പ്രകടനം കണ്ട സംതൃപ്തിയോടെയാണ് ആസ്വാദകർ മടങ്ങിയത് .
 അലാറിപ്പ് ,കവുത്തം ,വർണ്ണം തുടങ്ങിയ പേരുകൾ ഉപയോഗിച്ചിരുന്നില്ല എങ്കിലും അവയൊക്കെ തന്നെയായിരുന്നു ഇനങ്ങൾ .തികച്ചും സാമ്പ്രദായികമായ രീതിയിൽ ,വെളിച്ചത്തിന്റെ ചെപ്പടി വിദ്യകളോ ,വീഡിയോക്കു വേണ്ടിയുള്ള നിശ്ചല ദൃശ്യങ്ങളോ ഒന്നും ഇല്ലാതെ പ്രകാശത്തിൽ കുളിച്ചു നിൽക്കുന്ന വേദിയിൽ അശ്വതിയും ശ്രീകാന്തും ഹംസധ്വനിയിലുള്ള ഗണേശ സ്തുതിയും ,ജഗദാനന്ദ കാരക എന്ന പഞ്ചരത്ന കീർത്തനവും (നാട്ട ),പൂർവികല്യാണിയിലും വാഗീശ്വരിയിലുമുള്ള തമിഴ്  പദങ്ങളും,ഒരുതില്ലാനയും  രംഗത്തവതരിപ്പിച്ചു ,കാലഗണക്കനുസരിച്ചുള്ള ചടുലതയോടെ ,ലയപൂർണമായ അംഗചലനങ്ങളോടെ നിയന്ത്രിതമായ ഹസ്ത മുഖാഭിനയത്തോടെ .അന്യാദൃശമായ ലയഭംഗി എല്ലാ ഇനങ്ങളെയും അതീവ ഹൃദ്യമാക്കി .
      ലൈവ് ഓർക്കസ്ട്ര ഏറെക്കാലത്തിനു ശേഷം ആണ് ഒരു നൃത്തവേദിയിൽ കാണുന്നത് .നർത്തക ദമ്പതികളുടെ ശിഷ്യരാണെന്നു തോന്നുന്നു പിന്നണിയിലെ ചെറുപ്പക്കാർ .നൃത്ത പരിപാടിയോളം തന്നെ നന്നായിരുന്നു അവരുടെ പ്രകടനവും .
     നന്ദി ബീമിനും എറണാകുളം കരയോഗത്തിനും നൃത്തസംഘത്തിനും









2019, ഫെബ്രുവരി 22, വെള്ളിയാഴ്‌ച

22-2-2019

പൂർത്തീകരിക്കുന്നവനാണ് പുത്രൻ  എന്ന് ഉപനിഷത്ത് .'ഒരാൾ ചെയ്യാൻ കഴിയാതെ ബാക്കി വെച്ചു പോകുന്ന കാര്യങ്ങൾ ചെയ്യാൻ ബാധ്യസ്ഥനായതു കൊണ്ടാണ് അവനെ പുത്രൻ എന്നു പറയുന്നത്' (ബൃഹദാരണ്യകം 1 ..5  ..17 ).ഓലമേഞ്ഞ ഒരൊറ്റമുറിപ്പുരയുടെ അഭിലാഷങ്ങൾ പൂർത്തീകരിക്കേണ്ടവനായിരുന്നു അവൻ .അവൻ പക്ഷെ ഒരാളല്ല ഒരു ശ്രു0 ഖലയിലെ ഏറ്റവും ഒടുവിലത്തെ കണ്ണിയാണ് .സുഗതകുമാരി കവിതയിൽ പറഞ്ഞതു പോലെ കക്ഷി ഏതുമാവട്ടെ അവന്റെ പേര് മകനെന്നാണ് .അവനാകട്ടെ ഈ ചങ്ങലയിലെ അവസാനത്തെ കണ്ണി .അതത്ര പ്രയാസമുള്ള കാര്യമല്ല .എല്ലാ കക്ഷികളും ഒരു തീരുമാനമെടുത്താൽ മതി ആശയങ്ങളെ ആയുധം കൊണ്ടു നേരിടുകയില്ലെന്ന് .അതിന് ഇങ്ങോട്ടാക്രമിച്ചാൽ അല്ലാതെ അങ്ങോട്ടാക്രമിക്കുകയില്ല എന്ന യുദ്ധ വിരാമം പോരാ .ഇങ്ങോട്ടാക്രമിച്ചാലും അങ്ങോട്ടാക്രമിക്കുകയില്ല വ്യവസ്ഥാപിത നിയമ മാർഗ്ഗങ്ങൾ തേടുകയേ ഉള്ളു എന്ന് എല്ലാ കക്ഷികളും തീരുമാനിക്കണം ,പ്രഖ്യാപിക്കണം .ഒരു പരിഷ്കൃത സമൂഹമാണ് നമ്മൾ എന്നു നമുക്ക് ബോദ്ധ്യപ്പെടുത്തേണ്ടെ ,നമ്മളെ തന്നെയെങ്കിലും .