2019, ഡിസംബർ 11, ബുധനാഴ്‌ച

11-12-2019
"കർത്താവിന്റെ നാമത്തിൽ " വാങ്ങി .വായിക്കുകയും ചെയ്തു ,ഇന്നലെ .സത്യം പറയട്ടെ ഒരു ആത്മകഥയെന്ന നിലയിൽ ഇതെന്നെ ആകർഷിച്ചില്ല .ഒരാളുടെ ആന്തരിക ജീവിതത്തിന്റെ അയാൾ തന്നെ നിർവഹിക്കുന്ന സത്യസന്ധമായ ആഖ്യാനമാണ് അയാളുടെ ആത്മകഥ .ഇവിടെ ഒരുപാടു കാര്യങ്ങൾ മറച്ചു വെക്കപ്പെട്ടിരിക്കുന്നു എന്ന തോന്നലാണ് വായനക്കാർക്കുണ്ടാവുന്നത് .അതു കൊണ്ടു തന്നെ എച്ച്മുക്കുട്ടിയുടെയോ സുധക്കുട്ടിയുടെയോ ആത്മകഥാപരമായ കുറിപ്പുകൾക്കുള്ള ചൂടും ചൂരും ആസ്വാദ്യതയും ഈ കൃതിക്കില്ല .എന്നിരുന്നാലും മലയാളികൾ തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണിത് .കാരണം പോഞ്ഞിക്കര റാഫിയുടെയും പി അയ്യനേത്തിന്റെയും മറ്റും രചനകളിലൂടെ മലയാള വായനക്കാർ മനസ്സിലാക്കിയിരുന്ന കത്തോലിക്കാ സഭയിലെ ജീർണതകൾ യഥാർത്ഥ സംഭവങ്ങളുടെ വിവരണങ്ങളിലൂടെ നമുക്ക് അനുഭവ വേദ്യമാവുന്നു .സിസ്റ്റർ ലൂസി എഴുതുന്നു "....എന്നിലേക്ക് ഇരച്ചു കയറിവന്ന വികാരത്തെ അടക്കാനുള്ള ഉൾവിളി എനിക്കുണ്ടായി .സ്വബോധം വീണ്ടെടുത്ത ഞാൻ അദ്ദേഹത്തെ തള്ളിമാറ്റി ...."അടുത്ത ഖണ്ഡികയിൽ അവർ തുടർന്നു പറയുന്നു "...ഇത്തരം സന്നിഗ്ധ ഘട്ടങ്ങളെ അതിജീവിക്കാൻ പലപ്പോഴും ദുർബ്ബലരായ കന്യാസ്ത്രീകൾക്ക് കഴിയാറില്ല ..."
    ദീർഘകാലത്തെ യമനിയമാദികൾ കൊണ്ട് ചിത്തവൃത്തി നിരോധം സാധിച്ച ഒരു കന്യാസ്ത്രീപോലും ഒരു പുരുഷന്റെ തഴുകലിൽ ,സമ്മതമില്ലാതെയുള്ള തഴുകലിൽ വികാരത്തിനടിമപ്പെടാൻ തുടങ്ങി .അവർക്ക് സമചിത്തത പെട്ടെന്ന് വീണ്ടെടുക്കാൻ കഴിഞ്ഞെങ്കിലും .ഇത്  അസാധാരണമാണെങ്കിലും അസംഭാവ്യമല്ല .ശരീരത്തിന്റെ പ്രലോഭനത്തിനു മനസ്സ് വിധേയമായിപ്പോവുന്ന സന്ദർഭങ്ങൾചിലപ്പോൾ  ഉണ്ടാവും .റാഷമോൺ എന്ന വിശ്രുത ചലച്ചിത്രം കണ്ടിട്ടുള്ളവർക്ക് ഇതെളുപ്പം മനസ്സിലാവും .അവിടെ ഭർത്താവിനെക്കൊന്ന് തന്നെ പ്രാപിക്കാനൊരുങ്ങുന്ന കൊള്ളക്കാരനെ ചെറുത്തുനിൽക്കുന്ന പ്രഭ്വി ഒരുഘട്ടത്തിൽ അയാൾക്ക് വഴങ്ങുകയാണ് .അതായത് ചില പ്രചോദക സ്പർശങ്ങൾ മനസ്സിന്റെ എല്ലാ നിയന്ത്രണങ്ങളെയും ലംഘിക്കാൻ ശരീരത്തെ പ്രാപ്തമാക്കും .അതിനെ അതിജീവിക്കാനുള്ള കഴിവാണ് യഥാർത്ഥ ചിത്തവൃത്തി നിരോധം അഥവാ ഇപ്പോൾ കൂടുതൽ പ്രചാരത്തിലുള്ള പദാവലി ഉപയോഗിച്ചു പറഞ്ഞാൽ നൈഷ്ഠിക ബ്രഹ്മചര്യം .ക്രൈസ്തവ ശൈലിയിൽ സമർപ്പിത ബ്രഹ്‌മചര്യം .നൈഷ്ഠിക ബ്രഹ്മചാരികളെ സൃഷ്ടിക്കുക സുസാധ്യമല്ല എത്ര കടുത്ത പരിശീലനം കൊണ്ടും .അങ്ങിനെയല്ലാത്തവരെക്കുറിച്ചാണ് ;സന്നിഗ്ധ ഘട്ടങ്ങളെ അതിജീവിക്കാൻ കഴിയാത്ത ദുർബലരായ കന്യാസ്ത്രീകൾ ..'എന്ന് സിസ്റ്റർ വിശേഷിപ്പിച്ചിരിക്കുന്നത് .നിർഭാഗ്യവശാൽ അങ്ങിനെയുള്ളവരാണ് കൂടുതൽ.
      വളരെ ശരിയായ ഈ വിശകലനത്തിന് ശേഷം സിസ്റ്റർ ഒരു നിർദ്ദേശം മുന്നോട്ടു വെക്കുന്നുണ്ട് .പ്രലോഭനങ്ങളെ അതിജീവിക്കാൻ കഴിയാത്ത അച്ചന്മാരെയും കന്യാസ്ത്രീകളെയും പസ്പരം വിവാഹം കഴിപ്പിക്കുക എന്ന് .അത് പ്രായോഗികമല്ല സഭ അംഗീകരിക്കാനും സാധ്യതയില്ല .സഭക്ക് സ്വീകരിക്കാൻ കഴിയുന്ന ഒരു അനുക്ത സന്ദേശം ഇതിലുണ്ട് .അതിങ്ങനെയാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത് .നൈഷ്ഠിക ബ്രഹ്മചാരികളാവാൻ യോഗ്യതയുള്ള ആൺകുട്ടികളെയും പെൺകുട്ടികളെയും മാത്രമേ അച്ചൻപട്ടത്തിനും കന്യാസ്ത്രീത്വത്തിനും തെരഞ്ഞെടുക്കാവു .അപ്പോൾ ആളെണ്ണത്തിൽ കുറവ് വരും .ദൈവഭയവും സേവനസന്നദ്ധതയുമുള്ള ഗൃഹസ്ഥാശ്രമികളിൽ നിന്ന് സന്നദ്ധ സേവകരെ കണ്ടെത്തി ഈ കുറവ് ഒരു പരിധി വരെ പരിഹരിക്കാം .
    പുസ്തകത്തിന്റെ വിശദമായ നിരൂപണം എന്റെ ഉദ്ദേശമല്ല .നവോഥാന കേരളീയ സമൂഹത്തിന്റെ സ്രഷ്ടാക്കളിൽ കേരളം കത്തോലിക്കാ സഭയും ഉൾപ്പെടുന്നുവെന്ന് വിശ്വസിക്കുന്നത് കൊണ്ട് ഇത്രയും പറഞ്ഞു;  അദ്ധ്വാനിക്കുന്നവർക്കും  ഭാരം ചുമക്കുന്നവർക്കും വേണ്ടി കുരിശേറി യവനെ  ബഹുമാനിക്കുന്നത് കൊണ്ടും .
   അവന്റെ നാമം വാഴ്ത്തപ്പെടട്ടെ







































,





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ