2019, ഡിസംബർ 25, ബുധനാഴ്‌ച

25-12-2019

ഓളപ്പരപ്പിലെആത്മാവിഷ്കാരം
---------------------
തീർത്ഥയാത്ര കഴിഞ്ഞ് 22 ആം തീയതി തിരിച്ചെത്തി .റെയിൽവേ സ്റ്റേഷനിൽ നിന്ന് വീട്ടിലെത്തിയ വാഹനത്തിൽ തന്നെ ഹൈ കോടതി ജെട്ടിയിലേക്ക് പോകേണ്ടി വന്നു .ഗാനാവിഷ്‌കാറിന്റെ -മുതിർന്ന പൗരന്മാരുടെ സംഗീത സംഘമാണ് ഗാനാവിഷ്‌കാർ ,ഞാൻ മുൻപ് എഴുതിയിരുന്നു -വാർഷികപരിപാടിയാണ് .ഇക്കുറി ഒരു ബോട്ടിൽ വെച്ചാകട്ടെ എന്നാണു തീരുമാനം .പാടാൻ താല്പര്യമുള്ളവർ ഓരോരുത്തരും ഒരു നറുക്കെടുക്കുക അതിൽ കാണുന്ന നമ്പറാണ് അയാളുടെ ഊഴം .ആമുഖമൊന്നും പാടില്ല ഗാനശില്പികളുടെയോ സിനിമ യുടെയോ നാടകത്തിന്റെയോഒന്നും  പേരു പോലും .മിക്കവരും പാടിയത് അവരുടെ കൗമാരകാലത്ത് കേട്ടു രസിച്ചിരുന്നഹിന്ദി  പാട്ടുകളാണ് .റാഫി മുകേഷ് ലത ആശ ഗാനങ്ങൾ .മലയാള ഗാനങ്ങൾ തൊണ്ണൂറുകൾ മുതലുള്ളതായിരുന്നു കൂടുതലും .
    അഴിമുഖത്തെ അസ്തമയത്തിന്റെ സുവർണ്ണപ്രഭയിൽ പാട്ടുകൾ കേട്ട് ഓളപ്പരപ്പിലൂടെ ഒഴുകിനടക്കുക ഹൃദ്യമായ ഒരനുഭവമാണ് .പാടുന്നത് സ്വന്തം ആത്മസാക്ഷാൽക്കാരത്തിനല്ലാതെ  മറ്റൊന്നിനുമല്ലാതിരിക്കുമ്പോൾ ആ പാട്ടു കേൾക്കുന്നത് അനുഭവമാത്രവേദ്യമായ ഒരനുഭൂതിയാണ് ;വിവരണാതീതമായ ഒന്ന് .
         ആമുഖം പാടില്ലെന്നുണ്ടെങ്കിലും ഒരാൾ പറഞ്ഞു കൃസ്തുമസ് കാലമായതുകൊണ്ടാണ് താൻ 'ലോകം മുഴുവൻ സുഖം പകരാനായ് സ്നേഹദീപമേ മിഴി തുറക്കൂ ...'എന്ന പാട്ടു പാടുന്നത് എന്ന് .ആ പാട്ടു കേൾക്കുമ്പോൾ എനിക്ക് ആ സിനിമയേക്കാൾ കൂടുതൽ മൂലകൃതി ,താരാശങ്കറിന്റെ വിശ്രുതമായ 'ഏഴുചുവട് 'ആണ് ഓർമ്മയിൽ വരിക .അപ്പോൾ I am here to be crucified again ,വീണ്ടും ക്രൂശിക്കപ്പെടാനായി ഞാൻ ഇവിടെ യുണ്ട് എന്നു പറഞ്ഞ് ഏതു പ്രതിസന്ധിയെയും നേരിട്ട് സേവനത്തിലേർപ്പെടുന്ന റെവ ;കൃഷ്‌ണേന്ദു ,സിനിമയിൽ ഫാ.സേവ്യർ കൃഷ്ണ ,എന്റെ മനസ്സിൽ ഉയിത്തെഴുനേൽക്കുന്നു .സംഗീത നൗക സഞ്ചരിച്ചിരുന്ന കായലിനിരുകരകളിലും തിരുപ്പിറവിയെ വരവേൽക്കാൻ ദീപക്കാഴ്ചകളൊരുക്കിയിരുന്നു .ഇടയ്ക്കു പറയട്ടെ മഹാനഗരത്തിന്റെ പിന്നാമ്പുറത്ത് ഇനിയും വെള്ളവും വെളിച്ചവും എത്തിയിട്ടില്ലാത്ത തുരുത്തുകളുണ്ട് .
      'ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂംകുയിലെ ..'തൊണ്ണൂറുകളിലെ അതിപ്രശസ്തമായ ആകാശവാണി ലളിതഗാനമാണ് .പക്ഷെ ആ പാട്ടു കേൾക്കുമ്പോഴൊക്കെ ഞാൻ മനസ്സുകൊണ്ട് അറുപതുകളിലേക്ക് എന്റെ കോളേജ് കാലത്തേക്ക് തിരിഞ്ഞു നടക്കും .ആ പാട്ടെഴുതിയ കവി അന്നെന്റെ അദ്ധ്യാപകനായിരുന്നു .അദ്ദേഹം പത്‌നീ സമേതനായി തിരുവന്തപുരത്തെ രാജവീഥികളിലൂടെ നടന്നു പോകുന്നത് 'എത്രയോ കാലമെന്നോടൊപ്പം നടന്ന പാദപദ്മങ്ങൾ .......'എന്നുകേൾക്കുമ്പോൾ ഞാനോർത്തു പോവും .പാടാൻ ആ പാട്ടുതന്നെ തെരഞ്ഞെടുത്ത സുഹൃത്തിനു വിശേഷാൽ നന്ദി .
    അങ്ങിനെ പ്രത്യേകമായി നന്ദി പറയേണ്ട ഒന്നു രണ്ടു ഗാനങ്ങൾ കൂടിയുണ്ടായിരുന്നു .നല്ല ഗാനങ്ങൾ പക്ഷെ ഗാനമേളകളിൽ സാധാരണ കേൾക്കാത്തവ .ഒന്ന് അണിയറ എന്ന സിനിമയിലെ 'അനഘ സങ്കല്പ ഗായികേ ...'ആരുടെ മനസ്സിലാണ് അജ്ഞാത കമിതാവിന്റെ കരലാളനം കാത്തുകിടക്കുന്ന ഒരു വിപഞ്ചിക ഇല്ലാതിരുന്നിട്ടുള്ളത് .മറ്റൊന്ന് ഏണിപ്പടികളിലെ 'ഒന്നാം മാനം പൂമാനം ,പിന്നത്തെമാനം  പൊൻമാനം ...'എല്ലാ ഇല്ലായ്മകളേയും വറുതികളേയും പ്രളയങ്ങളേയും ഇച്ഛാശക്തികൊണ്ട് അതിജീവിക്കുന്ന കാർഷിക തൊഴിലാളിയുടെ ശുഭാപ്തി വിശ്വാസത്തിന്റെ മധുരോദാരമായ വിളംബരമാണ് ഈ ഗാനം .എല്ലാ മാനങ്ങൾക്കും മീതെ 'പൂമിപ്പെണ്ണിന്റെ വേളി ച്ചെറുക്കന്റെ തോണി '
    എല്ലാ നല്ല കാര്യങ്ങളും അവസാനിക്കണമല്ലോ .കായൽപ്പരപ്പിലെ ഇളം  കാറ്റ് ശീതളമാക്കിയ,  സംഗീത സാന്ദ്രമായ സായാഹ്നം രാത്രിക്ക് വഴിമാറി .തിരികെ പോരുമ്പോൾ  മണ്ണിന്റെ മക്കളുടെ പ്രണയാർദ്രവുംശുഭപ്രതീക്ഷാ നിര്ഭരവുമായ ഗാനം എന്നെ കൗമാരത്തിലേക്ക് മടക്കി വിളിച്ചു കൊണ്ട് മനസ്സിൽ അലയടിച്ചിരുന്നു :"നാലാം കുളികഴിഞ്ഞെത്തുന്ന പെണ്ണിന്
                                                            നേരം വെളുക്കുമ്പം വേളി
                                                             നാളെ മാനം വെളുക്കുമ്പം വേളി "










































   









അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ