2021, ജനുവരി 28, വ്യാഴാഴ്‌ച
28 -1 -2021
അപ്പോൾ ഇക്കൊല്ലവും മലയാളത്തിന്റെ ഭാവഗായകൻ അവഗണിക്കപ്പെട്ടു .അഞ്ചരപതിറ്റാണ്ടായി അദ്ദേഹം പാടിക്കൊണ്ടിരിക്കുന്നു .വസന്തവും ശിശിരവും കുളിക്കാനിറങ്ങുന്ന വനസരോവരമായി ,മാനത്തെ കരിമുകൾക്കാടുകളായി വർഷത്തിലെ പഞ്ചമിയായി അങ്ങിനെ എന്തെക്കൊയോ ആയി മലയാളി മനസ്സ് ആ ഗാന വനകല്ലോലിനിയിൽ മുഗ്ധവും ലീനവുമാവുന്നു ,ആയിക്കൊണ്ടിരിക്കുന്നു .ദില്ലിയിലെ പുരസ്കാരദാതാക്കളറിയുന്നില്ല അവർക്കാണ് നഷ്ടമെന്ന് .
പദ്മഭൂഷൺ പട്ടികയിലെ ഒന്നാമത്തെ പേര് നമ്മുടെ വാനമ്പാടിയുടേതാണ് .അഭിമാനം .ചിത്ര അതിൽക്കൂടുതൽ അർഹിക്കുന്നു .മഞ്ഞൾപ്രസാദം നെറ്റിയിൽ ചാർത്തിയ അവരുടെ ചിരിക്കുന്ന മുഖം കാണാൻ മലയാളിക്ക് ടി വി സ്ക്രീൻ വേണ്ട
എം ടിയുടെ കാലത്തിലെ ദീര്ഘവർണ്ണനയിൽ നിന്നാണ് തോൽപ്പാവക്കൂത്തിനെക്കുറിച്ച് ഞാനാദ്യം മനസ്സിലാക്കുന്നത് .രണ്ടുവർഷം മുമ്പ് ആ കലാരൂപം നേരിൽക്കാണാനുള്ള അവസരമുണ്ടായി ..ആ കലയുടെ കുലപതിയെ അവിടെ വെച്ച് ഞങ്ങൾ ആദരിക്കുകയും ചെയ്തു .ഇപ്പോഴിതാ പദ്മശ്രീ പുല വരെത്തേടിയെത്തിയിരിക്കുന്നു .
മലയാളിയല്ലാത്ത ,ഇന്ത്യക്കാരനല്ലാത്ത ഒരാളിനു ലഭിച്ച പദ്മ ബഹുമതി എനിക്ക് അനല്പമായ ആഹ്ലാദമുണ്ടാക്കി .നാടകകാരനായ പീറ്റർ ബ്രുക്കിനു ലഭിച്ച ബഹുമതി .മഹാഭാരതം 12 മണിക്കൂർ ദൈർഘ്യമുള്ള നാടകമായി ലോകമെമ്പാടുമുള്ള വേദികളിൽ അവതരിപ്പിച്ച സാക്ഷാൽ പീറ്റർ ബ്രുക് ..നാടകം ഞാൻ രംഗത്തു കണ്ടിട്ടില്ല സി ഡി കണ്ടിട്ടുണ്ട് .നാടകത്തിൽ നിന്ന് ചെറിയ വ്യത്യാസമുണ്ടത്രേ ;രംഗഭാഷയിൽ നിന്ന് തിരശീലയുടെ ഭാഷയിലേക്കു മാറുമ്പോൾ ഒഴിവാക്കാൻ കഴിയാത്ത നേരിയ വ്യത്യാസം .എന്തായാലും അദ്‌ഭുതകരമായ ,അവിസ്മരണീയമായ ഒരു ദൃശ്യാനുഭവമായിരുന്നു അത് ..പദ്മവിഭൂഷൺ ആയിരുന്നു ബ്രുക് നു കൊടുക്കേണ്ടിയിരുന്നത് .കൊടുത്തത് പദ്മശ്രീ ആണ് .അതെന്തായാലും ആധുനിക ദൃശ്യകലാരംഗത്തെ വേദവ്യാസനെ ഈ മഹാഭാരതം ആദരിച്ചുവല്ലോ .അതിൽ സന്തോഷിക്കുക
ടോൾസ്റ്റോയിക്ക് സാഹിത്യത്തിനും മഹാത്മാഗാന്ധിക്ക് സമാധാനത്തിനും നോബൽ സമ്മാനം കിട്ടുകയുണ്ടായില്ല .അതുകൊണ്ട് അവർ താരതമ്യമില്ലാത്ത മഹാപുരുഷന്മാർ അല്ലാതാവുന്നില്ല .എന്നുവെച്ച് അർഹതയുള്ളവറീ അംഗീകരിക്കാതിരിക്കാനുള്ള ഒരു ന്യായീകരണമാവുന്നില്ല ഇത് .
രാഷ്ട്രത്തിന്റെ ആദരവ് നേടിയ എല്ലാവര്ക്കും അഭിനന്ദനങ്ങൾ .
2021, ജനുവരി 23, ശനിയാഴ്‌ച
22 -1 -21
പേരിലെ 'കുറത്തിയാടൻ 'ആണ് ആദ്യം എന്റെ ശ്രദ്ധ പിടിച്ചു പറ്റിയത് .ഞങ്ങളെയൊക്കെ ഒരുകാലത്ത് 'കുറത്തിയാടന്മാർ' എന്നു പരിഹാസത്തോടെ വിളിച്ചിരുന്നു കൂടുതൽ പരിഷ്കൃതരെന്നു സ്വയം വിശ്വസിച്ചിരുന്ന പടിഞ്ഞാറൻ ഓണാട്ടുകരക്കാർ പണ്ട് .ഇപ്പോൾ കാലം മാറി .എന്തായാലും കുറത്തിയാടൻ പേരിന്റെ ഭാഗമാക്കിയ ആളെ പരിചയപ്പെടണമെന്നു തോന്നി .ഫ്രണ്ട് റിക്വസ്റ്റ് അയച്ചു .അത് അക്‌സെപ്റ് ചെയ്തു വന്നപ്പോൾ മനസ്സിലായി നാട്ടുകാരൻ മാത്രമല്ല പ്രദീപ് .തലമുറകളായി എന്റെ വീടുമായി സൗഹൃദം പുലർത്തിയിരുന്നവരുടെ പിന്മുറക്കാരനുമാണ് ..
പ്രദീപ് ഫോണിൽ സംസാരിച്ചു .ജ്യേഷ്ഠൻ പ്രകാശുമൊത്ത് വീട്ടിൽ വന്നു .വളരെ നേരം സംസാരിച്ചിരുന്നു .ആയിടെ പ്രദീപ് സെക്രട്ടറി ആയിരിക്കുന്ന ഒരു വലിയ സംഘടനയുടെ വാർഷിക യോഗത്തിൽ വെച്ച് ഞങ്ങൾ തമ്മിൽ കണ്ടു ..സ്വാഗതപ്രസംഗത്തിൽ അദ്ദേഹം സദസ്സിൽ പിൻനിരയിൽ ഇരുന്നിരുന്ന എന്നെ പരാമർശിച്ചു .പ്രശസ്തരായ രണ്ടു വനിതാപ്രൊഫെസ്സർമാർ ,ഒരു ശ്രെഷ്ഠ വൈദികൻ തുടങ്ങിയവർ വേദിയിൽ ,മാവേലിക്കരയിലെ പൗരമുഖ്യർ സദസ്സിൽ .അവിടെ പരാമർശിക്കപ്പെടുക ഒരു വലിയ ബഹുമതിയായിരുന്നു .
കുറെ നാൾ കഴിഞ്ഞു എന്റെ എറണാകുളത്തെ വീട്ടിലേക്ക് ഒരു ഫോൺ വന്നു .രാത്രി വൈകി .പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്ന് .പ്രദീപായിരുന്നു .ഒരു പുതിയ ഓൺലൈൻ പ്രസിദ്ധീകരണം ആരംഭിക്കുന്നു.അതിനുവേണ്ടിയുള്ള ഓട്ടത്തിലാണ് .ഇപ്പോൾ കോട്ടയത്തുണ്ട്, ഒരു സ്നേഹിതന്റെ വീട്ടിൽ.അടുത്ത് തന്നെ എറണാകുളത്തു വരുന്നുണ്ട് കാണാൻ .പുതിയ സംരംഭത്തിന് സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു ..ഞാൻ കഴിയുന്ന എന്തു സഹായവും ചെയ്യാം എന്നു മറുപടിയും പറഞ്ഞു .പക്ഷേ എന്തുകൊണ്ടോ പിന്നീട് വിളിയും കാണലുമൊന്നും ഉണ്ടായില്ല .പ്രദീപിന് തന്റെ തിരക്കുകളുണ്ടായിരുന്നിരിക്കാം .ഞാൻ വിദേശം പോവുകയും വരികയും ചെയ്തു ഒന്നിലധികം തവണ ..ഞങ്ങളുടെ വഴികൾ കൂട്ടി മുട്ടിയില്ല .ഓൺലൈൻ സൗഹൃദം നിരന്തരസമ്പർക്കമില്ലെങ്കിൽ കാലക്രമത്തിൽ മാഞ്ഞു പോകും ..ഇക്കാര്യത്തിൽ അതുണ്ടാവരുതെന്ന് എനിക്കു നിർബ്ബന്ധമുണ്ടായിരുന്നു .കാരണം എന്റെ വംശാവലി ചരിതത്തിലെ മുഖ്യ അതിഥികഥാപാത്രങ്ങളാണ് പ്രദീപിന്റെ അപ്പൂപ്പനും വല്യച്ഛനും .ഒരു ഓൺലൈൻ സൗഹൃദമായി പരിമിതപ്പെടുത്തേണ്ടതല്ല ഞങ്ങളുടെ ബന്ധം .അതുകൊണ്ട് മാവേലിക്കര പോകുമ്പോൾ പ്രദീപിന്റെ വീട്ടിൽ കയറണമെന്നു ഞാൻ തീർച്ചപ്പെടുത്തി ..
പോകാൻ കഴിയുന്നതിനുമുമ്പ് കൊറോണ എത്തി .എല്ലാം തകിടം മറിഞ്ഞു .എനിക്ക് നാട്ടിൽ പോകാൻ കഴിഞ്ഞില്ല .എല്ലാം ശരിയാവട്ടെ എന്നു കരുതി ....അപ്പോഴേക്കും വിധി ഒരു പെട്ടിവണ്ടിയുടെ രൂപത്തിൽ പ്രദീപിന്റെ മോട്ടോർസൈക്കിളിന്റെ പിന്നിലെത്തി ....
ഇനി എന്തെഴുതാൻ ...കൊറോണക്കാലത്തിന്റെ അസ്വസ്ഥത ,അത് സൃഷ്ടിച്ച വിയോഗങ്ങളുടെ വേദന എന്നെ നിസ്സഹായനാക്കുന്നു .ഭാഷ വഴങ്ങുന്നില്ല ,വാക്കുകൾക്ക് ദാരിദ്ര്യം ......
ഒരു കാര്യം എന്നാലും എടുത്തു പറയാതെവയ്യ .ഞാനീയിടെ 'മാടപൊലച്ച' വായിച്ചു .മലയാളത്തിൽ സമീപകാലത്തുണ്ടായ ഏറ്റവും ശ്രദ്ധേയമായ കവിത .മാത്രമല്ല മലയാളകവിതയിൽ ഉണ്ടാവേണ്ട ,ഉണ്ടാവാൻ പോകുന്ന ദിശാവ്യതിയാനത്തിന്റെ ആദ്യസൂചകങ്ങളാണ് മാട പൊലച്ചയും ക്ടാത്തിയുടെ ചാവും ............മലമോളി ചൂര്യനെത്തി മൂരി നിവർത്തിയത് മലയാള കവിതയുടെ ആകാശത്താണ് .പ്രദീപ് കാണുന്നുണ്ടായിരിക്കാം അദൃശ്യനായി നിന്ന് .മദ്ധ്യ തിരുവിതാംകൂറിലെ കാർഷിക സംസ്കൃതിയുടെ പദാവലിയും ബിംബങ്ങളും ഉപയോഗിച്ച് ഇത്രയും മനോഹരമായ കവിത സൃഷ്ടിക്കാൻ പ്രദീപിനെ പോലെ അധികമാരും ഉണ്ടായിരുന്നില്ല .അതാണ് നമ്മുടെ സംസ്കാരത്തിന് കുറത്തിടാൻ നൽകിയ ഏറ്റവും വലിയ സംഭാവന .
<
2021, ജനുവരി 14, വ്യാഴാഴ്‌ച
ഒരു ചീത്ത വർഷമാണ് കടന്നു പോയത് .അസ്വാസ്ഥ്യത്തിന്റെ ,മനശ്ചഞ്ചലതയുടെ ദിവസങ്ങൾ .ആദ്യഘട്ടത്തിൽ വായന മുറയ്ക്കു നടക്കുന്നുണ്ടായിരുന്നു ;ദുരവസ്ഥ പെട്ടെന്നവസാനിക്കുമെന്നാണല്ലോ അന്നൊക്കെ കരുതിയിരുന്നത് .പോകെ പോകെ ആ പ്രതീക്ഷ അസ്ഥാനത്തായി ;ഒന്നും ചെയ്യാൻ തോന്നാത്ത അവസ്ഥ .പഴയ മലയാള സിനിമാ ഗാനങ്ങൾ ആയിരുന്നു മുഖ്യമായ സാന്ത്വനം .വളരെയൊന്നും പോപ്പുലർ അല്ലാത്ത ,എന്നാൽ മലയാളത്തിലെ ഏറ്റവും മികച്ചതെന്ന് നിസംശയം പറയാവുന്ന ചില പാട്ടുകൾ ഞാൻ പതിവായി കേട്ടുകൊണ്ടിരുന്നു ,കേട്ടുകൊണ്ടിരിക്കുന്നു .പോയ വയലാർ ദിനത്തിൽ ഇവയിൽ ചില വയലാർ ഗാനങ്ങളെ കുറിച്ച് ഞാനൊരു കുറിപ്പെഴുതി .പോസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല .അതിങ്ങനെ :
ദേവി എന്ന ചിത്രത്തിൽ റാണിചന്ദ്ര വെള്ളിത്തിരയിൽ അവതരിപ്പിച്ച 'ചന്ദ്രകിരണം ചാലിച്ചെടുത്തോരു സ്വർണകിരണം ചാർത്തി ....'എന്ന സുശീലാ ഗാനമാണ് പെട്ടെന്ന് മനസ്സിൽ വരുന്നത് .വിവാഹാർത്ഥിനിയായി ഒരു ചെറുപ്പക്കാരന്റെ അടുത്തിരുന്നു പാടേണ്ടി വരുന്ന കോളേജദ്ധ്യാപികയായ യുവതിയാണ് ഈ ചിത്രത്തിൽ റാണിചന്ദ്ര .ആ യുവതിയുടെ പ്രതീക്ഷയിൽ തുടങ്ങി നിരാശയിലാവസാനിക്കുന്ന ഭാവം ഈ ഗാനം ,റാണിചന്ദ്രയും, മനോഹരമായി പ്രകാശിപ്പിച്ചിരിക്കുന്നു .
'സീമന്തിനി 'എന്ന യേശുദാസ് ഗാനമാണ് മറ്റൊന്ന് .ചിത്രം അതിഥി .അതിഥിയുടെ ഇതിവൃത്തമാകെ ഈ പാട്ടിലൂടെ വ്യഞ്ജിപ്പിക്കപ്പെടുന്നു .കാത്തിരിപ്പിന്റെ തുടക്കത്തിലെ ആഹ്ളാദവും അവസാനം തോന്നുന്ന വ്യർത്ഥതാബോധവും ,രാഗവും താളവും ശ്രുതിയും ഒന്നും മാറാതെ തന്നെ ഈ ഗാനം ആവിഷ്കരിക്കുന്നു .'നിന്നെ എൻ അനുരാഗ പല്ലവിയാക്കു 'എന്ന് ഒന്നാം ചരണത്തിൽ ഉത്സാഹപൂർവ്വം ആവശ്യപ്പെടുന്ന കാമുകൻ 'നിന്നിൽ ഞാൻ നിലക്കാത്ത വേദനായകും എന്നാണ് രണ്ടാം ചരണത്തിൽ നിരാശനായി പ്രലപിക്കുന്നത്.ഒരിക്കലും വരാത്ത ഒരതിഥിയുടെ കാഴ്ചപ്പാടിലാണ് ഗാനം ..യേശുദാസിന്റെ ഏറ്റവും നല്ല പാട്ടുകളിലൊന്നാണിത് .
ധ്യാനിച്ചിരിക്കുന്ന സോക്രടീസുമാർക്ക് വിഷപാത്രം നീട്ടിക്കൊടുക്കുക എന്നത് മനുഷ്യവർഗ്ഗം എന്നും അനുവർത്തിച്ചു പോരുന്ന സമ്പ്രദായമാണ് .അതിനെക്കുറിച്ച് ഭാവഗായകൻ തന്റെ അനന്യ ശൈലിയിൽ പാടുന്ന ഗാനമാണ് 'ഉപാസന ,ഉപാസന ...'എൽ പി ആർ വർമ്മയുടെ സംഗീതം .സിനിമ തൊട്ടാവാടി .ഈ ഗാനം അതുൾക്കൊള്ളുന്ന സിനിമയുടെ പ്രമേയത്തെ നമ്മുടെ നമ്മുടെ മനസ്സിൽ പ്രതിഷ്ഠിക്കുന്നു ,അസാമാന്യമായ വശ്യതയോടെ ,അതീവ ഗാംഭീര്യത്തോടെ .ജയചന്ദ്രന് ചിരപ്രതിഷ്ഠ നേടിക്കൊടുത്ത ഗാനങ്ങളിലൊന്നാണിത് .
'തോട്ടേനെ ഞാൻ മനസ്സുകൊണ്ട് ,കെട്ടിപ്പിടിച്ചേനെ ഞാൻ 'എന്നു നായകൻ 'ചിത്രത്തൂണിലെ പ്രതിമപോലെ മാറിൽ ഒട്ടിപ്പിടിച്ചേനെ ഞാൻ എന്ന് നായിക.അതീവ ഹൃദ്യമായ ഒരു പ്രണയ ഗാനം .ദുർഭിക്ഷതയുടെ കാലത്ത് ആശ്വാസം നൽകിയ പാട്ടുകളിൽ ,പ്രത്യേകിച്ചു യുഗ്മഗാനങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് .ജയചന്ദ്രനും മധുരിക്കും നന്ദി .
ഇതു പോലെ ഗാനമേളകളിൽ അധികം പേടിക്കേൾക്കാത്ത ,പക്ഷേ കേഴ്വിക്കാരെ മോഹിപ്പിക്കുകയും വശീകരിക്കുകയും ചെയ്ത വേറെയും പാട്ടുകളുണ്ട് .കേൾക്കാൻ പാട്ടുപെട്ടിയൊന്നും സ്വന്തമായുണ്ടായിരുന്നില്ല .തോപ്പുംപടിയിലെ 'മഴപെയ്താൽ ചോരുന്ന 'വാടകവീട്ടിൽ പഴയ ഒരു ട്രാൻസിസ്റ്റർ റേഡിയോ ഉണ്ടായിരുന്നു .അതു കൊണ്ട് ആകാശവാണിയിൽ ഒഴുകിവരുന്ന ഗാനകല്ലോലിനികൾ ആസ്വദിക്കാൻ കഴിഞ്ഞിരുന്നു .പിന്നെ കമ്യുണിസ്റ് പാർട്ടി സമ്മേളനങ്ങളിലും കല്യാണ വീടുകളിലും നിന്നു കേട്ടിരുന്ന തെങ്ങേൽ പാട്ടുകൾ .തോപ്പുംപടിയിലെ മിക്ക കല്യാണ വീടുകളുടെയും പരിസരത്ത് ഞാൻ പോയി നിൽ ക്കാറുണ്ടായിരുന്നു പാട്ടുകേൾക്കാൻ .അതിനു ക്ഷണം ആവശ്യമില്ലല്ലോ .
വയലാർ ദിനത്തിൽ എഴുതി തുടങ്ങിയതാണ് ഈ കുറിപ്പെന്ന് നേരത്തെ സൂചിപ്പിച്ചല്ലോ .രണ്ടു മൂന്നു മാസങ്ങൾ കടന്നുപോയി .,വ്യർത്ഥ മാസങ്ങൾ. അപ്പോൾ മനസ്സിലിടക്കിടെ അലയടിച്ചിരുന്നു മറ്റൊരു വയലാർ ഗാനം 'ഇനിയും പുഴയൊഴുകും .....'ഈ പാട്ടു കേൾക്കുമ്പോഴൊക്കെ ആ രംഗത്തഭിനയിച്ച പ്രേംനസിറിന്റെ പ്രക്ഷുബ്ധമായ മുഖം ഒരുദൃഢ നിശ്ചയത്തിൽ ഗാംഭീര്യം കൈക്കൊള്ളുന്നത് എനിക്കിപ്പോഴും കാണാം .മനുഷ്യൻ അതിജീവിക്കുക തന്നെ ചെയ്യും .
ഞാനിതെഴുതി പൂർത്തിയാക്കുന്നത് ഗന്ധർവഗായകന്റെ പിറന്നാൾ ദിനത്തിലാണ് ..ഗുരുവായൂർ അമ്പലനടയിൽ ഒരു ദിവസം ഞാൻ പോകുമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം ഇതുവരെ സഫലമായില്ല .അതിനദ്ദേഹത്തിനു കഴിയട്ടെ ,ഗുരുവായൂരപ്പന്റെ സോപാനത്തിൽ ഗീതയും നാരായണീയവും ചൊല്ലാൻ ഭക്തിഗാനങ്ങൾ ആലപിക്കാൻ അദ്ദേഹത്തിന് കഴിയട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു മൂകനെ വാചാലനാക്കുകയും മുടന്തനെ പർവതം കടത്തുകയും ചെയ്യുന്നത് ആരുടെ കൃപയാണോ ആ കരുണാമയനോട് .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)