2021, ജനുവരി 14, വ്യാഴാഴ്‌ച
ഒരു ചീത്ത വർഷമാണ് കടന്നു പോയത് .അസ്വാസ്ഥ്യത്തിന്റെ ,മനശ്ചഞ്ചലതയുടെ ദിവസങ്ങൾ .ആദ്യഘട്ടത്തിൽ വായന മുറയ്ക്കു നടക്കുന്നുണ്ടായിരുന്നു ;ദുരവസ്ഥ പെട്ടെന്നവസാനിക്കുമെന്നാണല്ലോ അന്നൊക്കെ കരുതിയിരുന്നത് .പോകെ പോകെ ആ പ്രതീക്ഷ അസ്ഥാനത്തായി ;ഒന്നും ചെയ്യാൻ തോന്നാത്ത അവസ്ഥ .പഴയ മലയാള സിനിമാ ഗാനങ്ങൾ ആയിരുന്നു മുഖ്യമായ സാന്ത്വനം .വളരെയൊന്നും പോപ്പുലർ അല്ലാത്ത ,എന്നാൽ മലയാളത്തിലെ ഏറ്റവും മികച്ചതെന്ന് നിസംശയം പറയാവുന്ന ചില പാട്ടുകൾ ഞാൻ പതിവായി കേട്ടുകൊണ്ടിരുന്നു ,കേട്ടുകൊണ്ടിരിക്കുന്നു .പോയ വയലാർ ദിനത്തിൽ ഇവയിൽ ചില വയലാർ ഗാനങ്ങളെ കുറിച്ച് ഞാനൊരു കുറിപ്പെഴുതി .പോസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല .അതിങ്ങനെ :
ദേവി എന്ന ചിത്രത്തിൽ റാണിചന്ദ്ര വെള്ളിത്തിരയിൽ അവതരിപ്പിച്ച 'ചന്ദ്രകിരണം ചാലിച്ചെടുത്തോരു സ്വർണകിരണം ചാർത്തി ....'എന്ന സുശീലാ ഗാനമാണ് പെട്ടെന്ന് മനസ്സിൽ വരുന്നത് .വിവാഹാർത്ഥിനിയായി ഒരു ചെറുപ്പക്കാരന്റെ അടുത്തിരുന്നു പാടേണ്ടി വരുന്ന കോളേജദ്ധ്യാപികയായ യുവതിയാണ് ഈ ചിത്രത്തിൽ റാണിചന്ദ്ര .ആ യുവതിയുടെ പ്രതീക്ഷയിൽ തുടങ്ങി നിരാശയിലാവസാനിക്കുന്ന ഭാവം ഈ ഗാനം ,റാണിചന്ദ്രയും, മനോഹരമായി പ്രകാശിപ്പിച്ചിരിക്കുന്നു .
'സീമന്തിനി 'എന്ന യേശുദാസ് ഗാനമാണ് മറ്റൊന്ന് .ചിത്രം അതിഥി .അതിഥിയുടെ ഇതിവൃത്തമാകെ ഈ പാട്ടിലൂടെ വ്യഞ്ജിപ്പിക്കപ്പെടുന്നു .കാത്തിരിപ്പിന്റെ തുടക്കത്തിലെ ആഹ്ളാദവും അവസാനം തോന്നുന്ന വ്യർത്ഥതാബോധവും ,രാഗവും താളവും ശ്രുതിയും ഒന്നും മാറാതെ തന്നെ ഈ ഗാനം ആവിഷ്കരിക്കുന്നു .'നിന്നെ എൻ അനുരാഗ പല്ലവിയാക്കു 'എന്ന് ഒന്നാം ചരണത്തിൽ ഉത്സാഹപൂർവ്വം ആവശ്യപ്പെടുന്ന കാമുകൻ 'നിന്നിൽ ഞാൻ നിലക്കാത്ത വേദനായകും എന്നാണ് രണ്ടാം ചരണത്തിൽ നിരാശനായി പ്രലപിക്കുന്നത്.ഒരിക്കലും വരാത്ത ഒരതിഥിയുടെ കാഴ്ചപ്പാടിലാണ് ഗാനം ..യേശുദാസിന്റെ ഏറ്റവും നല്ല പാട്ടുകളിലൊന്നാണിത് .
ധ്യാനിച്ചിരിക്കുന്ന സോക്രടീസുമാർക്ക് വിഷപാത്രം നീട്ടിക്കൊടുക്കുക എന്നത് മനുഷ്യവർഗ്ഗം എന്നും അനുവർത്തിച്ചു പോരുന്ന സമ്പ്രദായമാണ് .അതിനെക്കുറിച്ച് ഭാവഗായകൻ തന്റെ അനന്യ ശൈലിയിൽ പാടുന്ന ഗാനമാണ് 'ഉപാസന ,ഉപാസന ...'എൽ പി ആർ വർമ്മയുടെ സംഗീതം .സിനിമ തൊട്ടാവാടി .ഈ ഗാനം അതുൾക്കൊള്ളുന്ന സിനിമയുടെ പ്രമേയത്തെ നമ്മുടെ നമ്മുടെ മനസ്സിൽ പ്രതിഷ്ഠിക്കുന്നു ,അസാമാന്യമായ വശ്യതയോടെ ,അതീവ ഗാംഭീര്യത്തോടെ .ജയചന്ദ്രന് ചിരപ്രതിഷ്ഠ നേടിക്കൊടുത്ത ഗാനങ്ങളിലൊന്നാണിത് .
'തോട്ടേനെ ഞാൻ മനസ്സുകൊണ്ട് ,കെട്ടിപ്പിടിച്ചേനെ ഞാൻ 'എന്നു നായകൻ 'ചിത്രത്തൂണിലെ പ്രതിമപോലെ മാറിൽ ഒട്ടിപ്പിടിച്ചേനെ ഞാൻ എന്ന് നായിക.അതീവ ഹൃദ്യമായ ഒരു പ്രണയ ഗാനം .ദുർഭിക്ഷതയുടെ കാലത്ത് ആശ്വാസം നൽകിയ പാട്ടുകളിൽ ,പ്രത്യേകിച്ചു യുഗ്മഗാനങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് .ജയചന്ദ്രനും മധുരിക്കും നന്ദി .
ഇതു പോലെ ഗാനമേളകളിൽ അധികം പേടിക്കേൾക്കാത്ത ,പക്ഷേ കേഴ്വിക്കാരെ മോഹിപ്പിക്കുകയും വശീകരിക്കുകയും ചെയ്ത വേറെയും പാട്ടുകളുണ്ട് .കേൾക്കാൻ പാട്ടുപെട്ടിയൊന്നും സ്വന്തമായുണ്ടായിരുന്നില്ല .തോപ്പുംപടിയിലെ 'മഴപെയ്താൽ ചോരുന്ന 'വാടകവീട്ടിൽ പഴയ ഒരു ട്രാൻസിസ്റ്റർ റേഡിയോ ഉണ്ടായിരുന്നു .അതു കൊണ്ട് ആകാശവാണിയിൽ ഒഴുകിവരുന്ന ഗാനകല്ലോലിനികൾ ആസ്വദിക്കാൻ കഴിഞ്ഞിരുന്നു .പിന്നെ കമ്യുണിസ്റ് പാർട്ടി സമ്മേളനങ്ങളിലും കല്യാണ വീടുകളിലും നിന്നു കേട്ടിരുന്ന തെങ്ങേൽ പാട്ടുകൾ .തോപ്പുംപടിയിലെ മിക്ക കല്യാണ വീടുകളുടെയും പരിസരത്ത് ഞാൻ പോയി നിൽ ക്കാറുണ്ടായിരുന്നു പാട്ടുകേൾക്കാൻ .അതിനു ക്ഷണം ആവശ്യമില്ലല്ലോ .
വയലാർ ദിനത്തിൽ എഴുതി തുടങ്ങിയതാണ് ഈ കുറിപ്പെന്ന് നേരത്തെ സൂചിപ്പിച്ചല്ലോ .രണ്ടു മൂന്നു മാസങ്ങൾ കടന്നുപോയി .,വ്യർത്ഥ മാസങ്ങൾ. അപ്പോൾ മനസ്സിലിടക്കിടെ അലയടിച്ചിരുന്നു മറ്റൊരു വയലാർ ഗാനം 'ഇനിയും പുഴയൊഴുകും .....'ഈ പാട്ടു കേൾക്കുമ്പോഴൊക്കെ ആ രംഗത്തഭിനയിച്ച പ്രേംനസിറിന്റെ പ്രക്ഷുബ്ധമായ മുഖം ഒരുദൃഢ നിശ്ചയത്തിൽ ഗാംഭീര്യം കൈക്കൊള്ളുന്നത് എനിക്കിപ്പോഴും കാണാം .മനുഷ്യൻ അതിജീവിക്കുക തന്നെ ചെയ്യും .
ഞാനിതെഴുതി പൂർത്തിയാക്കുന്നത് ഗന്ധർവഗായകന്റെ പിറന്നാൾ ദിനത്തിലാണ് ..ഗുരുവായൂർ അമ്പലനടയിൽ ഒരു ദിവസം ഞാൻ പോകുമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം ഇതുവരെ സഫലമായില്ല .അതിനദ്ദേഹത്തിനു കഴിയട്ടെ ,ഗുരുവായൂരപ്പന്റെ സോപാനത്തിൽ ഗീതയും നാരായണീയവും ചൊല്ലാൻ ഭക്തിഗാനങ്ങൾ ആലപിക്കാൻ അദ്ദേഹത്തിന് കഴിയട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു മൂകനെ വാചാലനാക്കുകയും മുടന്തനെ പർവതം കടത്തുകയും ചെയ്യുന്നത് ആരുടെ കൃപയാണോ ആ കരുണാമയനോട് .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ