2021, ജനുവരി 28, വ്യാഴാഴ്‌ച

28 -1 -2021 അപ്പോൾ ഇക്കൊല്ലവും മലയാളത്തിന്റെ ഭാവഗായകൻ അവഗണിക്കപ്പെട്ടു .അഞ്ചരപതിറ്റാണ്ടായി അദ്ദേഹം പാടിക്കൊണ്ടിരിക്കുന്നു .വസന്തവും ശിശിരവും കുളിക്കാനിറങ്ങുന്ന വനസരോവരമായി ,മാനത്തെ കരിമുകൾക്കാടുകളായി വർഷത്തിലെ പഞ്ചമിയായി അങ്ങിനെ എന്തെക്കൊയോ ആയി മലയാളി മനസ്സ് ആ ഗാന വനകല്ലോലിനിയിൽ മുഗ്ധവും ലീനവുമാവുന്നു ,ആയിക്കൊണ്ടിരിക്കുന്നു .ദില്ലിയിലെ പുരസ്കാരദാതാക്കളറിയുന്നില്ല അവർക്കാണ് നഷ്ടമെന്ന് . പദ്മഭൂഷൺ പട്ടികയിലെ ഒന്നാമത്തെ പേര് നമ്മുടെ വാനമ്പാടിയുടേതാണ് .അഭിമാനം .ചിത്ര അതിൽക്കൂടുതൽ അർഹിക്കുന്നു .മഞ്ഞൾപ്രസാദം നെറ്റിയിൽ ചാർത്തിയ അവരുടെ ചിരിക്കുന്ന മുഖം കാണാൻ മലയാളിക്ക് ടി വി സ്ക്രീൻ വേണ്ട എം ടിയുടെ കാലത്തിലെ ദീര്ഘവർണ്ണനയിൽ നിന്നാണ് തോൽപ്പാവക്കൂത്തിനെക്കുറിച്ച് ഞാനാദ്യം മനസ്സിലാക്കുന്നത് .രണ്ടുവർഷം മുമ്പ് ആ കലാരൂപം നേരിൽക്കാണാനുള്ള അവസരമുണ്ടായി ..ആ കലയുടെ കുലപതിയെ അവിടെ വെച്ച് ഞങ്ങൾ ആദരിക്കുകയും ചെയ്തു .ഇപ്പോഴിതാ പദ്മശ്രീ പുല വരെത്തേടിയെത്തിയിരിക്കുന്നു . മലയാളിയല്ലാത്ത ,ഇന്ത്യക്കാരനല്ലാത്ത ഒരാളിനു ലഭിച്ച പദ്മ ബഹുമതി എനിക്ക് അനല്പമായ ആഹ്ലാദമുണ്ടാക്കി .നാടകകാരനായ പീറ്റർ ബ്രുക്കിനു ലഭിച്ച ബഹുമതി .മഹാഭാരതം 12 മണിക്കൂർ ദൈർഘ്യമുള്ള നാടകമായി ലോകമെമ്പാടുമുള്ള വേദികളിൽ അവതരിപ്പിച്ച സാക്ഷാൽ പീറ്റർ ബ്രുക് ..നാടകം ഞാൻ രംഗത്തു കണ്ടിട്ടില്ല സി ഡി കണ്ടിട്ടുണ്ട് .നാടകത്തിൽ നിന്ന് ചെറിയ വ്യത്യാസമുണ്ടത്രേ ;രംഗഭാഷയിൽ നിന്ന് തിരശീലയുടെ ഭാഷയിലേക്കു മാറുമ്പോൾ ഒഴിവാക്കാൻ കഴിയാത്ത നേരിയ വ്യത്യാസം .എന്തായാലും അദ്‌ഭുതകരമായ ,അവിസ്മരണീയമായ ഒരു ദൃശ്യാനുഭവമായിരുന്നു അത് ..പദ്മവിഭൂഷൺ ആയിരുന്നു ബ്രുക് നു കൊടുക്കേണ്ടിയിരുന്നത് .കൊടുത്തത് പദ്മശ്രീ ആണ് .അതെന്തായാലും ആധുനിക ദൃശ്യകലാരംഗത്തെ വേദവ്യാസനെ ഈ മഹാഭാരതം ആദരിച്ചുവല്ലോ .അതിൽ സന്തോഷിക്കുക ടോൾസ്റ്റോയിക്ക് സാഹിത്യത്തിനും മഹാത്മാഗാന്ധിക്ക് സമാധാനത്തിനും നോബൽ സമ്മാനം കിട്ടുകയുണ്ടായില്ല .അതുകൊണ്ട് അവർ താരതമ്യമില്ലാത്ത മഹാപുരുഷന്മാർ അല്ലാതാവുന്നില്ല .എന്നുവെച്ച് അർഹതയുള്ളവറീ അംഗീകരിക്കാതിരിക്കാനുള്ള ഒരു ന്യായീകരണമാവുന്നില്ല ഇത് . രാഷ്ട്രത്തിന്റെ ആദരവ് നേടിയ എല്ലാവര്ക്കും അഭിനന്ദനങ്ങൾ .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ