2022, ജൂൺ 21, ചൊവ്വാഴ്ച
ആസ്റ്റിനടുത്തുള്ള ജോർജ് ടൗണിലെ കുട്ടികളുടെ കളിക്കുളത്തിൽ കൊച്ചുമകനേയും കൊണ്ട് പോയി,കഴിഞ്ഞ ദിവസം .കുട്ടികൾക്ക് വെള്ളത്തിൽ കളിക്കാനും നീന്തൽ പഠിക്കാനുമൊക്കെയുള്ള ഒരിടം .കുഞ്ഞുങ്ങൾക്കൊപ്പം രക്ഷകര്താക്കൾക്കും വെള്ളത്തിലിറങ്ങാം നീന്തൽ വേഷം ധരിക്കണമെന്നു മാത്രം .ഞാനിറങ്ങിയില്ല .ഒരു ദിവസം മുതിർന്നവർക്കുള്ള പൂളിൽ പോകാമെന്നു കരുതി .വെള്ളം പൊങ്ങിക്കിടക്കുന്ന അച്ചൻകോവിലാറിൽ അക്കരെയിക്കരെ നീന്തിയിട്ടുണ്ടെന്ന് പറഞ്ഞിട്ട് പിള്ളേർ വിശ്വസിക്കുന്നില്ല .എനിക്ക് നീന്തലറിയാമെന്നെങ്കിലും അവരെ ബോദ്ധ്യപ്പെടുത്തണമല്ലോ .
നല്ല വെയിലും ചൂടുമാണ് ;തെക്കൻ പ്രദേശത്തെ സമ്മർ ,ഇന്ത്യൻ സൺ എന്നാണു സായിപ്പ് പറയുക .ഭീഷ്മ ഗ്രീഷ്മം എന്ന് വൈലോപ്പിള്ളി പറഞ്ഞത് അനുഭവമായി തോന്നി .നല്ല തിരക്ക് .വലിയ കുടകൾകൊണ്ട് തണലൊരുക്കിയ ഇടങ്ങളെല്ലാം ആളുകളായിക്കഴിഞ്ഞു .ഞാൻ ഒരു തണലിന്റെ ഓരം പറ്റി നിന്നു .അവിടെ
നേരത്തെ സ്ഥലം പിടിച്ചിരുന്ന കുടുംബത്തിലെ ചെറിയ കുട്ടി അവളുടെ ഇരിപ്പടം എനിക്ക് ഒഴിഞ്ഞു തന്നു .സായിപ്പ് വളരെ ചെറിയ പ്രായത്തിൽ തന്നെ സുജനമര്യാദകളും പഠിക്കുന്നു .
കുട്ടിയുടെ മുത്തശ്ശൻ realtor ആണ് .ഇന്ത്യക്കാരായ ഒരു പാട് കസ്റ്റമേഴ്സ് ഉണ്ട് അദ്ദേഹത്തിന് .എന്നുവെച്ചാൽ ഒരുപാട് ഇന്ത്യൻ യുവതീയുവാക്കളെ വീട് വാങ്ങുന്നതിൽ സഹായിച്ചിട്ടുണ്ട് അദ്ദേഹം .തനിക്ക് വളരെ കൗതുകകരമായി തോന്നിയ ഒരു കാര്യം റീൽറ്റർ പറഞ്ഞു :താൻ വീട് വാങ്ങിക്കൊടുത്തിട്ടുള്ള ഇന്ത്യക്കാരെല്ലാം ഒരു കാര്യം ആവശ്യപ്പെടുമായിരുന്നുവത്രെ ;വർഷത്തിൽ നാലോ അഞ്ചോ മാസം കൂടെ വന്നു താമസിക്കുന്ന അച്ഛനുമമ്മക്കും സ്വകാര്യത നഷ്ടപ്പെടാതെ പെരുമാറാനുള്ള ഇടം .ഒരു കിടപ്പുമുറി ,ബാത്ത്റൂം ,ടി വി കാണാനും പാട്ടുകേൾക്കാനുമൊക്കെയുള്ള ഒരു ലിവിങ് ഏരിയ ഇത്രയൊക്കെ .അതിൽ തെറ്റൊന്നുമുണ്ടെന്ന് തോന്നിയിട്ടല്ല ,പക്ഷേ മാതാപിതാക്കളോട് ഇത്രയും കരുതലുള്ള ഇന്ത്യൻ ചെറുപ്പക്കാർ എന്തുകൊണ്ടാണ് കൂട്ടത്തോടെ നാടു വിട്ടു പോരുന്നത് ,പ്രത്യേകിച്ച് ഇന്ത്യ ത്വരിത സാമ്പത്തിക വളർച്ച നേടിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ .
ഞാനെന്ത് മറുപടി പറയാനാണ് ? അമേരിക്ക ഇന്ത്യയെക്കാളൊക്കെ യഥാർത്ഥത്തിൽ മോശപ്പെട്ട അവസ്ഥയിലായിരുന്ന കാലത്തും -നൂറ്റാണ്ടിന്റെ തുടക്കത്തിൽ -നമ്മുടെ ചെറുപ്പക്കാർ ഇങ്ങോട്ടു പോന്നിട്ടുണ്ട് കൂട്ടത്തോടെ .ഇവിടെ വന്ന് വളരെ കഷ്ടപ്പാടുകൾ സഹിച്ചാണ് അവർ പഠിച്ചതും ജോലി സമ്പാദിച്ചതും മറ്റും .ആ യാത്രകളുടെ പ്രേരണയെന്തായിരുന്നു ?ഒരു പ്രവാസ ത്വരയാണോ ? ഇതിനൊക്കെ മറുപടി പറയണമെങ്കിൽ ആലോചന നമ്മുടെ മറിയാമ്മ സിസ്റ്ററിന്റെ 'നിശബ്ദസഞ്ചാര'ത്തിൽ (ബെന്യാമിൻ )നിന്നാരംഭിക്കണം .അതൊക്കെ ബുദ്ധിമുട്ടായി തോന്നിയതു കൊണ്ട് ഞാൻ മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങൾ എന്നൊരു കാരണം പറഞ്ഞൊഴിഞ്ഞു .സംഭാഷണം ടെക്സസ്സിൽ കൂടുതൽ പേര് താമസത്തിനെത്തുന്നതിനെക്കുറിച്ചൊക്കെയായി ..
ഉച്ചയായി ;യാത്രപറയുമ്പോൾ ഞാനാചെറിയകുട്ടിക്ക് പ്രത്യേകം നന്ദി പറഞ്ഞു .അവളെനിക്കൊരു ചോക്ലേറ്റു തന്നു .നിശിത മദ്ധ്യാഹ്നത്തിന് മധുരം !
അറ്റലാന്റിക്കിലെ -------ഭാഗം 3 ) ഹോട്ടൽലോബിയിലൂടെ മുറി യിലേക്ക് നടക്കുമ്പോൾ തീരെ ചെറുപ്പം തോന്നിക്കുന്ന ഒരു ഹോട്ടൽജീവനക്കാരി കൂട്ടത്തിലെ സ്ത്രീകൾക്കെല്ലാം റോസാപ്പൂക്കൾ സമ്മാനിച്ചു ,ഹൃദ്യമായ പുഞ്ചിരിക്കൊപ്പം . പിന്നാലെ വന്ന ഞാൻപ്രതീക്ഷയോടെ കൈനീട്ടി .അവരുടെ ചിരിമാഞ്ഞു മുഖം തിരിച്ചുകൊണ്ട് പറഞ്ഞു :For Moms Only .ഒരു നിമിഷം കഴിഞ്ഞ് വീണ്ടുവിചാരമെന്നോണം കൂട്ടിച്ചേർത്തു :Mother's Day .അപ്പോഴേക്കും അവർ ചിരി വീണ്ടെടുത്തിരുന്നു .അമ്മമാർക്കാണ് പൂക്കൾ .!നല്ലതു തന്നെ..അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ ...
ഒരച്ഛൻ എന്റെ ഓർമ്മയിലെത്തി ..പത്തിഞ്ചു നീളമുള്ള ,നാലുറാത്തൽഭാരമുള്ള കൂന്താലികൊണ്ട് ,വെള്ള കീറുമ്പോൾ മുതൽ സന്ധ്യയാവുന്നതുവരെ ഒറ്റത്തോർത്തുടുത്തു നിന്ന് പറമ്പ് കിളക്കുന്ന അച്ഛൻ . അങ്ങേർക്ക് എന്തിനാണ് പൂവ് ?പിള്ളേർക്ക് ഫീസ് കൊടുക്കാൻ കാശിനോടി നടക്കുന്ന അച്ഛൻ ,പെണ്ണിന്റെ കല്യാണം നടത്താൻ പൈസക്ക് വേണ്ടി കുടുംബ പാരമ്പര്യത്തിന്റെ അന്തസൊക്കെ മാറ്റിവെച്ച് പുത്തൻ പണക്കാരന്റെ മുൻപിൽ മുഖം കുനിച്ചു നിൽക്കുന്ന അച്ഛൻ ,അമേരിക്കയിൽ നിന്നെത്തുന്ന മകളെ പ്രതീക്ഷിച്ച് റെയിൽവേ സ്റ്റേഷനിൽ രാവിലെ മുതൽ കാത്തുനിൽക്കുന്ന ,'അച്ചായനിത് എന്നാത്തിന്റെ കേടാ ,അമേരിക്കായീന്ന് ഇംഗ്ലണ്ടിലോട്ടും അവിടുന്ന് ബോംബെലോട്ടും ബോംബേന്ന് കൊച്ചീലൊട്ടും അവിടെ വിമാനത്താവളത്തീന്ന് ആട്ടോ പിടിച്ച് തീവണ്ടിയാപ്പീസിലോട്ടും പോവാവെങ്കി അവളീ മൂന്നു നാഴികയും ഒറ്റക്കു വന്നോളത്തില്യോ 'എന്ന അയല്കാരിയുടെ ചോദ്യം കേട്ടില്ലെന്നു നടിക്കുന്ന അച്ഛൻ ..ഒരച്ഛൻ ,നിരവധി അച്ഛൻമാർ ....അവർക്കെന്തിനാണ് പൂവ് !
എന്നെങ്കിലും ഒരു സാംസ്കാരിക നായകനായാൽ ,മലയാറ്റൂരിന്റെ 'വേരുകളി'ലെ ആഭാഗം ..കാലം കുറേക്കഴിയുമ്പോൾ ഒരച്ഛന്റെ ത്യാഗവും ബുദ്ധിമുട്ടുകളുമൊക്കെ എനിക്ക് കൂടുതൽ മനസ്സിലാവുമായിരിക്കും എന്നൊക്കെ തുടങ്ങുന്ന ,കഥാനായകൻ രഘുവിന്റെ ആത്മഗതം ഹൈസ്‌കൂൾ ക്‌ളാസ്സുകളിലെ സിലബസ്സിൽ ഉൾപ്പെടുത്തണമെന്ന് ഞാൻ പ്രസ്താവനയിറക്കും .............തിരിഞ്ഞു നോക്കിയപ്പോൾ പൂക്കൾ കൊടുക്കുന്ന പെൺകുട്ടി എന്നെത്തന്നെ നോക്കി നിൽക്കുന്നു .എന്റെ ഭാവമാറ്റം കണ്ടപ്പോൾ അവർ സ്വന്തം അച്ഛനെ ഓർത്തിരിക്കാം .അവർ ഹോട്ടൽ മാനേജ്‌മെന്റ് ഏൽപ്പിച്ച ജോലി ചെയ്യുകയായിരുന്നു .ഒരു നോട്ടം കൊണ്ടെങ്കിലും വേദനിപ്പിച്ചെങ്കിൽ 'പോട്ടെ മോളെ ക്ഷമിക്ക് 'എന്ന് മനസ്സിൽ പറയുകയല്ലാതെ എന്തു ചെയ്യാനാണ് ;അതും ഒരച്ഛന്റെ കടമയിൽ പെടുന്നതാണല്ലോ .
ആസ്റ്റിനിലേക്കുള്ള മടക്കയാത്രയിൽ വായിക്കാൻ ഞാൻ മകളുടെ കയ്യിലിരുന്ന അഗതാ ക്രിസ്റ്റിയുടെ പുസ്തകം ചോദിച്ചു .അവൾ അത് വായിച്ചു തീരാറായി .അവൾ മനസ്സിൽ കണ്ട ആളാണോ കുറ്റവാളി എന്നറിയാനുള്ള ആകാംക്ഷ എനിക്കു മനസ്സിലാവും .അവൾക്ക് എന്തെങ്കിലും വായിക്കാൻ പറ്റുന്നത് ഇത്തരം യാത്രകൾക്കിടയിലാണ് ...അവൾ മറ്റൊരു പുസ്തകം തന്നു .Island of the Blue whale .വടക്കൻ പാസിഫിക്കിലെ ഒരു ചെറിയ ദ്വീപിൽ ഒറ്റപ്പെട്ട് ,ഒരു മനുഷ്യജീവി പോലും കൂട്ടില്ലാതെ കഴിയേണ്ടി വന്ന ഒരു അമേരിക്കൻ ഇന്ത്യൻ യുവതിയുടെ കഥ .യഥാർത്ഥത്തിൽ നടന്നതിന്റെ നോവൽ രൂപത്തിലുള്ള ആവിഷ്കാരം .നല്ല പുസ്തകം .ഞാൻ ഇടയ്ക്കു വെച്ച് തൽക്കാലം വായന നിർത്തി .കിളിവാതിലിലൂടെ അറ്റ്ലാന്റിക്കിലെ ദ്വീപ സമൂഹങ്ങളുടെ വിദൂര ദൃശ്യങ്ങൾ കാണാം .കടലിൽ മുങ്ങി കിടക്കുന്നതു പോലെ ;കൊളംബസ് ആദ്യമായി കപ്പലിറങ്ങിയ സാൻ സാൽവദോർ ഉൾപ്പെടുന്ന ബഹാമസ് ,ഡൊമിനിക്കൻ റിപ്ബ്ലിൿ ,പുരോഗാമികളുടെ ഹൃദയത്തിൻ രോമാഞ്ചമായ മധുര മനോഹര മനോജ്ഞ ക്യൂബ .....
ഒർലാണ്ടോയിൽ വിമാനം മാറിക്കയറണം .അവിടെ ഉച്ചഭക്ഷണം .സംഘത്തിൽ ഞാനൊഴികെ മറ്റെല്ലാവരും സസ്യഭുക്കുകളാണല്ലോ .എനിക്ക് ഇൻഡോ തായ് റെസ്റ്ററന്റിലെ മധുരിക്കുന്ന ചിക്കൻ .അത് നല്ലൊരനുഭവമായിരുന്നു .
ഒർലാന്റോയിൽനിന്ന് ആസ്റ്റിനിലേക്കുള്ള യാത്രയിൽ ഞാൻ പുസ്തകം നിവർത്തിയില്ല .ക്യൂബ ,സ.ഫിഡൽ ,ചെ ..ഇങ്ങിനെ പലതും മനസ്സിൽ മിന്നിമറഞ്ഞുകൊണ്ടിരുന്നു .ഞാൻ പാർട്ടി ക്‌ളാസ്സുകളുമായി ബന്ധപ്പെടാറുണ്ടായിരുന്ന എഴുപതുകളുടെ ആദ്യ പകുതിയിൽ പാർട്ടി ചെ ഗുവേരയെ അംഗീകരിച്ചിരുന്നില്ല എന്നാണോർമ്മ .ഒരു ക്‌ളാസ്സിലും മീറ്റിംഗിലും ആ പേര് കേട്ടിട്ടില്ല .ചെയുടെ പേര് ആദ്യം കേൾക്കുന്നത് മാതൃഭൂമിയിലെ ചെറിയ മനുഷ്യരും വലിയ ലോകവും എന്ന അരവിന്ദൻ കാർട്ടൂണിലാണ് .ചെ ഇന്ത്യയിൽ വന്നിരുന്നുവെന്ന വിവരം ഞാൻ അടുത്ത കാലത്താണ് അറിഞ്ഞത് .ചെ ഗുവേരയെപ്പോലെ ഒരു നേതാവ് ഇന്ത്യയിൽ ഉണ്ടാവാതെ പോയതിൽ കുണ്ഠിതപ്പെട്ട ഒരു സഖാവിനോട് ചെ പറഞ്ഞുവത്രേ ,നിങ്ങൾ ഇന്ത്യക്കാർക്ക് ആധുനിക യുഗത്തിലെ ഏറ്റവും മഹാനായ നേതാവ് ഉണ്ടായിരുന്നുവല്ലോ എന്ന് ;മഹാത്മാഗാന്ധി.സമാനമായ ഒരഭിപ്രായം ഹോ ചിമിൻ തന്നെ സന്ദർശിച്ച അവിഭക്ത ഇന്ത്യൻ കമ്യൂണിസ്റ്റുപാർട്ടിയുടെ ഒരു ഡെലിഗേഷനോട് പറഞ്ഞതായി ആ സംഘത്തിലെ ഒരംഗമായിരുന്ന കെ ദാമോദരൻ രേഖപ്പെടുത്തിയിട്ടുണ്ട് .കാഞ്ചന സീത നാടകത്തിൽ
ഭരതൻ രാമനോട് പറയുന്ന ആ സംഭാഷണ ശകലം നമുക്ക് ഇന്ത്യക്കാർക്ക് നമ്മളോടു തന്നെ ചോദിക്കാവുന്നതാണ് "സൂര്യന് മറ കെട്ടിയിട്ട് എന്തിനാണ് മിന്നാമിനുങ്ങുകളെ ചൊല്ലി വിലപിക്കുന്നത് "
വൈകിട്ട് എട്ടു മണിയോടെ ഞങ്ങൾ ആസ്റ്റിനിലെ വീട്ടിലെത്തി
ആർ എസ് കുറുപ്പ്
അറ്ലാന്റിക്കിലെ --------(ഭാഗം 2 )
------------------------------------------------------
വെയിലിലും കടലിലും കുളിക്കാന്‍ വന്നവരുടെ തിരക്ക്
തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. തീരത്ത് കുത്തിനിര്‍ത്തിയിരിക്കുന്ന കുടകള്‍,
അവയ്ക്കടിയില്‍ ചാരുബഞ്ചുകള്‍.ബീച്ചിലേക്ക് നടന്നിറങ്ങാനുളള ദൂരമേയുളളൂ.
ഞാന്‍ അറ്റ്‌ലാന്റിക്കിന്റെ കരയില്‍ ഓളങ്ങള്‍ പാദങ്ങളില്‍
മുട്ടുന്നിടത്തുനിന്നു. പതുക്കെ കടലിലേക്കിറങ്ങി. ഏതാനും ചുവടുകള്‍.അവിടെ
വെള്ളത്തില്‍ കിടന്നു തിരമാലകള്‍ എന്നെ തഴുകി കടന്നു പൊയ്ക്കൊണ്ടിരുന്നു . ജോണ്‍ ഡോണിന്റെ
കവിത ഓർത്തുപോയി . No man is an island ...ഒരു മനുഷ്യനും ഒരു ദ്വീപല്ല പൂർണതയുടെ അവിഭാജ്യ ഘടകമാണ് . അറ്ലാന്റിക്കിന്റെ തിരമാലകളിൽ മണ്‍കട്ടകള്‍ ഒഴുകിപോകുന്നു . മേഘങ്ങളില്ലാത്ത ആകാശം. വെയിലിനും ചൂടേറി
. 'ആ കാണുന്ന ആകാശം എണ്ണമറ്റ നൂറ്റാണ്ടുകളായി ഞങ്ങളുടെ പിതാക്കളുടെ മേല്‍
കാരുണ്യത്തിന്റെ കണ്ണീര്‍ കണങ്ങൾ ചൊരിഞ്ഞിരുന്നു .നിതാന്തമായ ആ ആകാശവും മാറിയേക്കാം. ഇന്നത് തെളിഞ്ഞിരിക്കുന്നു. നാളെമേഘാവൃതമായി എന്നുവരാം....'
ഞാന്‍ സിയാറ്റിൽ ഗോത്രത്തലവന്റെ പ്രസംഗത്തിന്റെ തുടക്കം ഓര്‍ത്തെടുത്തു.
അവരുടെ ആകാശം , അവരുടെ ഭൂമി, അവരുടെ കടല്‍.... എല്ലാം അവര്‍ക്ക്
നഷ്ടപ്പെട്ടു. ഒരിക്കലും തിരിച്ചുകിട്ടുകയില്ല. ആദിവാസികള്‍ എവിടെയും എന്നും ഒരു
പോലെതന്നെ.അതറിയാവുന്നതുകൊണ്ട് പിറ്റേ ദിവസം ചരിത്ര സ്മാരകങ്ങള്‍
സന്ദര്‍ശിക്കുമ്പോള്‍ കൂട്ടു വന്ന ഗൈഡിനോട് ഞാന്‍ അമേരിക്കന്‍ ഇന്ത്യന്‍
കാര്യങ്ങളൊന്നും ചോദിച്ചില്ല. സാധാരണ ഗൈഡുമാരെ അപേക്ഷിച്ച് കൃത്യമായ
ചരിത്രബോധമുളള ആളായിരുന്നു കുറേക്കാലം ഇന്ത്യയിൽ താമസിച്ചിട്ടുള്ള ഈ ഗൈഡ്. ലാറ്റിനമേരിക്കയോടു ചേര്‍ന്നു കിടക്കുന്ന , ഇംഗ്ലീഷുകാരേക്കാള്‍ അധികം ഹിസ്പാനിക്കുകളുള്ള ഈ ദ്വീപുമാത്രംഎങ്ങിനെ യു.എസ്. അധീനത്തിലായി എന്നത് അദ്ദേഹം വിശദമായി പറഞ്ഞുതന്നു.
സ്‌പെയിനിന്റെയും ബ്രിട്ടന്റെയും യു.എസ്.എ.യുടെയും അധീനത്തില്‍ മാറിമാറി
നിലനിന്നിരുന്ന ഈ പ്രദേശം ഒടുവില്‍ യു.എസ്.ടെറിട്ടറിയായി
മാറുകയായിരുന്നു. ടെറിട്ടറിയെന്നു പറഞ്ഞാല്‍ സംസ്ഥാനപദവിയില്ലാത്ത ഒരു
പ്രദേശം. പക്ഷേ, അങ്ങിനെയുള്ള വാഷിംഗ്ടണ്‍ ഡിസിപോലുള്ള പ്രദേശങ്ങളെപ്പോലെ
പ്യൂട്ടോറിക്കയ്ക്ക് പ്രസിഡന്റ്, കോണ്‍ഗ്രസ് തിരഞ്ഞെടുപ്പുകളില്‍
വോട്ടവകാശമില്ല.സ്വന്തം കോൺഗ്രസിനെയും ഗവർണ്ണരെയും തെരഞ്ഞെടുക്കാം ;യൂ എസ് കോൺഗ്രസിലേക്ക് വോട്ടവകാശമില്ലാത്ത ഒരു കമ്മീഷണറേയും. പ്യൂട്ടോറിക്കകാര്‍ക്ക് അവര്‍
യു.എസ്സിലെ മറ്റേതെങ്കിലും സംസ്ഥാനത്തേക്ക് മാറി താമസിച്ചാൽ
പൂര്‍ണ്ണമായ വോട്ടവകാശങ്ങള്‍ സ്വാഭാവികമായും ലഭിക്കും. ടാക്‌സ്
നിരക്കുകള്‍ വളരെ കുറവായതുകാരണം സമ്പന്നരായ പലരും പ്യൂട്ടോറിക്കയിലേക്കു
താമസം മാറാറുണ്ടത്രേ. ബക്കാഡി റം ഫാക്ടറി ഗൈഡ് കാണിച്ചു തന്നു.
വേറെയും വ്യവസായങ്ങളുണ്ട്. ടൂറിസമാണ് മുഖ്യ വ്യവസായം. ജീവിത നിലവാരം
പൊതുവേ ഉയര്‍ന്നതാണ് എന്ന് കണക്കുകൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ആഹാരം ഒരു പ്രശ്നമായിട്ടുള്ള കുറച്ചു പേരെങ്കിലുമുണ്ട് എന്ന് ഗൈഡ് പറഞ്ഞു .'എല്ലാം ബട്ടൺ ആണല്ലോ ,യുദ്ധത്തിനു പോലും ഇപ്പോൾ കാലാളുകൾ വേണ്ട ,പറയുമ്പോൾ ഗൈഡ് ചിരിച്ചു .ഇതാണോ 'നിരാനന്ദത്തിന്റെ ചിരി '?---
സ്പാനിഷ് സംസാരിക്കുന്നവരും, ഇംഗ്ലീഷ്
സംസാരിക്കുന്നവരുമായ വെള്ളക്കാരും കറുത്ത വര്‍ഗ്ഗക്കാരുംആണ് ജനസംഖ്യയിൽ മഹാഭൂരിപക്ഷം ; ആദിമ അമേരിക്കകാര്‍ പത്തുശതമാനമേയുള്ളൂ.
ദ്വീപിന്റെ ഒരു മൂലക്ക് അധീശശക്തികള്‍ മാറി മാറി ഉപയോഗിച്ചിരുന്ന ഒരു
കോട്ടയുടെ ഭാഗങ്ങളൊക്കെ കാണിച്ചുതന്നു ഗൈഡ്. എവിടെ നിന്നുമുണ്ടാവുന്ന ആക്രമണത്തെയും
പ്രതിരോധിക്കാൻ കഴിയുന്ന കോട്ട. കൊളംബസ് വന്നിറങ്ങിയ
സ്ഥലത്തെക്കുറിച്ചും ഞാന്‍ ചോദിച്ചു. അത് ദ്വീപിന്റെ മറ്റേ തലക്കലാണ്,
എഴുപത്തിയഞ്ച് കിലോമീറ്ററെങ്കിലും പോകണം.ഈ ടൂറിൽ അതുൾപ്പെടുത്തിയിട്ടില്ല .
സാരമില്ല, 2010ല്‍ അമേരിക്കയില്‍ ആദ്യമായി വന്ന അവസരത്തില്‍ തന്നെ സൗത്ത്
ഡക്കോട്ടയിലെ അമേരിക്കന്‍ ഇന്ത്യന്‍ സാംസ്കാരിക കേന്ദ്രത്തിൽ ഞാന്‍
പോയിരുന്നു. അവരുടെ യുദ്ധവീരനായിരുന്ന ക്രേസി ഹോഴ്സ്റ്റിന്റെ
പണിതുകൊണ്ടിരിക്കുന്ന പ്രതിമ കണ്ടു. അവരുടെ ചില
ആധികാരിക ഗ്രന്ഥങ്ങള്‍വാങ്ങി. അവരില്‍ നേതൃത്വപരമായ പങ്കു വഹിക്കുന്ന ചിലരുമായി സംസാരിച്ചു.
മടങ്ങുന്ന വഴി മിസിസിപ്പിയുടെ ഉത്ഭവസ്ഥാനത്തുപോയി. ആറടി വീതിയുംനാലടി
ആഴവുമുള്ള കൈത്തോടിനെ ആദിമ ഇന്ത്യന്‍ മൂപ്പൻ മിജിജിപ്പി-മഹാനദി - എന്നു
വിളിച്ചുവത്രേ. പാവപ്പെട്ട കൃഷിക്കാരന്‍ കുഞ്ഞുമകള്‍ക്ക് മഹാലക്ഷ്മി
എന്നു പേരിടുന്നതുപോലെ .അവൾ വളര്‍ന്ന് മിസിസിപ്പിയായി. ലോകത്തിലെ
മഹാനദികളിലൊന്നായി.പുതുതായി വന്നവർ പടുത്തുയർത്തിയ വ്യവസായ സംസ്കൃതിക്ക് വെള്ളവും വളവും ഊർജ്ജവും നൽകി കടലിലേക്കൊഴുകി.അവളുടെ കൂടെപ്പിറപ്പുകൾ അവരുടെ
റിസര്‍വേഷനിലേക്ക് പിൻവാങ്ങി .ആയാത്ര ഓർമ്മയിൽ പച്ച പിടിച്ചു നിന്നിരുന്നത് കൊണ്ട്
കൊളംബസ്സിന്റെ കാല്‍പാടുകള്‍ പതിഞ്ഞ സ്ഥലം കാണാന്‍കഴിയാത്തതില്‍ ദുഃഖം
തോന്നിയില്ല.
ഗവര്‍ണ്ണരുടെ കൊട്ടാരവും ക്യാപിറ്റോളും(നിയമസഭാ മന്ദിരം) മറ്റും ചുറ്റി
നടന്നു കണ്ടു.കത്തീഡ്രല്‍ ഒഴിവാക്കി മറ്റെവിടെയോ പോകാമെന്ന് പറഞ്ഞപ്പോള്‍
ഞാന്‍ സമ്മതിച്ചില്ല. ഒടുവില്‍ പാര്‍ട്ടി രണ്ടായിപിരിഞ്ഞു. ഞാന്‍
ഉള്‍പ്പെടുന്ന സംഘം ഭദ്രാസനപ്പള്ളിയിലേക്കു പോയി.
കൊളംബസ്സോ അക്കാലത്തുതന്നെ വന്ന ആദ്യയൂറോപ്യന്‍ കുടിയേറ്റക്കാരോ സ്ഥാപിച്ച ആ
പള്ളി പല തവണപുതുക്കി പണിതിട്ടുണ്ട്. പൊതുവേ പഴമയുടെ ഒരു ലുക്ക് ആണ്.
അകത്തു കടക്കാന്‍ ചെരിപ്പൂരേണ്ട.പക്ഷേ, തൊപ്പികള്‍ പാടില്ല. കടുത്ത
വെയിലുള്ള പ്രദേശമായതുകൊണ്ട് സഞ്ചാരികള്‍ തൊപ്പി ധരിക്കും. അതു
പള്ളിക്കകത്തുപാടില്ല.
മൂന്നു നാലു അള്‍ത്താരകള്‍- കുര്‍ബാന നടക്കുന്ന സ്ഥലങ്ങള്‍ ഉണ്ട്. പ്രധാന
സ്ഥലത്ത് ഭിത്തിയില്‍ യേശുവിന്റെ ഒരു വലിയ രൂപം. അതിനു മുമ്പില്‍
ബഞ്ചുകള്‍ ഇട്ടിട്ടുണ്ട്. ചിലര്‍ അവിടെ ഇരിക്കുന്നുമുണ്ടായിരുന്നു.
ഭിത്തിയില്‍ ധാരാളം ചിത്രങ്ങളുമുണ്ട്. എനിക്ക് ആകര്‍ഷകമായി,ഹൃദയാവർജ്ജകമായി
തോന്നിയത് കുരിശിന്റെ വഴിയെ സൂചിപ്പിക്കുന്ന പത്തുപന്ത്രണ്ടു
പെയിന്റിംഗുകളാണ്. ചിലതൊക്കെ ഞാന്‍ കുട്ടികള്‍ക്ക് വിവരിച്ചുകൊടുത്തു.
കൈലേസുകൊണ്ട് യുവതി യേശുവിന്റെ മുഖം തുടക്കുന്നത്, നിങ്ങള്‍ക്കും
നിങ്ങളുടെ അനന്തരതലമുറകള്‍ക്കുംവേണ്ടി കരയുവിന്‍ എന്ന്
ക്രിസ്തു യെരൂശലേം പുത്രിമാരോട് പറയുന്നത്അ,ങ്ങിനെ ചിലതൊക്കെ .സത്യം
പറയണമല്ലോ കുറേ അധികം നാളായി ബൈബിള്‍ വായിച്ചിട്ട്.
ചുറ്റിനടന്ന് ഒടുവിലത്തെ അള്‍ത്താരയ്ക്ക് മുമ്പിലെത്തി. ഒരു
ചെറിയമുറിയാണ് . അവിടെ കന്യാമാതാവിനും ഒരു വിശുദ്ധനും ( സ്‌നാപകൻ ?) നടുവിലായി
ചതുരത്തിലുള്ള ഒരു രൂപം; ആലേഖനം ചെയ്തിരിക്കുന്നത് എന്താണെന്ന് എനിക്ക്
മനസ്സിലായില്ല; ത്രിത്വത്തെ സൂചിപ്പിക്കുന്നു എന്ന് ഞാന്‍മനസ്സില്‍
പറഞ്ഞു. മൂന്നായ്പ്പിരിഞ്ഞ പൊരുള്‍. ആദിമ ശൂന്യതയില്‍ ,സത്തും അസത്തും ഇല്ലാതിരുന്നപ്പോൾ
നിത്യമായി നിന്ന പൊരുള്‍. വചനത്തിന്റെ രൂപത്തില്‍സൃഷ്ടി. തേനും പാലുമൊഴുകുന്ന
പൂങ്കാവനംപോലെ മനുഷ്യന്റെ ലോകം അവിടെ ഞാനെന്ന ഭാവവും സ്വാർത്ഥതയു മുണ്ടായപ്പോള്‍ അസമത്വവും അടിമത്വവും.... ഒന്നിനു പുറകേ ഒന്നായി
രക്ഷകര്‍. പരാജിതരായി പീഡിതരായി അവരുടെ മടക്കം . ഞാന്‍ അറിയാതെ കൈകൂപ്പി.....
തിരികെ പുറത്തേക്ക് .
'നമസ്തേ ' ഞാൻ ലേശം അമ്പരന്നു .സന്ദർശകരെ നിയന്ത്രിച്ചുകൊണ്ട് വാതിൽക്കൽ നിന്നിരുന്ന ചെറുപ്പക്കാരൻ സായിപ്പ് തൊഴുകൈകളോടെ എന്നെ നോക്കി നിൽക്കുന്നു .'ഈശ്വര ' ഇങ്ങേർ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു !'നമസ്തേ 'ഞാനും കൈകൂപ്പി .ഞങ്ങൾ പുറത്തേക്ക് നടന്നു .നൂറ്റാണ്ടുകൾ അതിജീവിച്ച ദേവാലയം പിന്നിൽ ..."ഞാൻ എല്ലായ്പ്പോഴും നിന്നോടൊപ്പമുണ്ടാവും ,കാലത്തിന്റെ അവസാനം വരെ "
ടൂർ അവസാനിപ്പിച്ച് സംഘം ഹോട്ടലിലേക്ക്
റൌണ്ട് റോക്ക്സ് ആസ്റ്റിൻ ...
27 5 2022 .
അറ്റ്ലാന്റിക്കിലെ ഉദയാസ്തമയങ്ങള്‍
ആര്‍.എസ്.കുറുപ്പ്
'ഒരു മണ്‍കട്ട അറ്റ്ലാന്റിക്കിന്റെ തിരമാലകളില്‍ ഒഴുകിപോകുമ്പോള്‍
യൂറോപ്പ് അത്രകണ്ട് ചെറുതാവുന്നു. ഏതൊരു മനുഷ്യന്റെ മരണവും എന്നെയും
ചെറുതാക്കുന്നു. ഞാന്‍ മനുഷ്യവംശത്തില്‍ ഉള്‍പ്പെടുന്നതുകൊണ്ട് ...
അതുകൊണ്ട് മണി മുഴങ്ങുന്നത് ആര്‍ക്കുവേണ്ടിയാണ്എന്നന്വേഷിക്കാതിരിക്കുക-
അത് നിനക്കുവേണ്ടിതന്നെയാണ്'.
അറ്റ്ലാന്റിക്ക് എന്നു കേള്‍ക്കുമ്പോള്‍ എനിക്കാദ്യം ഓര്‍മ്മവരുന്നത്
'ഫോർ ഹൂം ദ ബെൽ ടോൾസ്' എന്ന നോവലിനാമുഖമായി ഹെമിംഗ് വേ
ഉദ്ധരിച്ചിട്ടുള്ള ഈ വരികളാണ്. കോളേജ് കാലത്ത് വായിച്ച ആ നോവലിന്റെ
ഉള്ളടക്കം എന്റെ ഓര്‍മ്മയില്‍ കാര്യമായി ഇല്ല. പക്ഷേ, ആമുഖക്കുറിപ്പായ ആ കാവ്യശകലം
ഇന്നുംമനസ്സിലുണ്ട് താനും . പിന്നീടെപ്പോഴോ No man is an island എന്നു തുടങ്ങുന്ന ജോണ്‍
ഡോണിന്റെ ആ കവിത ഞാന്‍ മുഴുവനായി
വായിച്ചിരുന്നു. എന്നാൽ ഇപ്പോഴും മനസ്സിലുള്ളത് ആ ഉദ്ധരണിയാണ് .
ഉത്തര അറ്റ്ലാന്റിക്കിലെ
യു.എസ്.ഭരണപ്രദേശമായ പ്യുട്ടോറിക്കോ ദ്വീപിലെ ഹോട്ടല്‍ ബാല്‍ക്കണിയിൽ
അറ്റ്ലാന്റിക്കിലെ മനോഹരമായ സൂര്യോദയം നോക്കിനില്‍ക്കുമ്പോള്‍ പക്ഷേ ഞാനീ
കവിതാശകലത്തെകുറിച്ചല്ല ആലോചിച്ചിരുന്നത്.
പ്യൂട്ടോ റിക്കോയിലെ നാലഞ്ചു ദിവസത്തെ ഒഴിവുകാലം കുട്ടികള്‍ നേരത്തെ തീരുമാനിച്ചതായിരുന്നു. കുട്ടികള്‍ എന്നു
പറഞ്ഞാല്‍ എന്റെ പെണ്‍മക്കള്‍, ഇരട്ടകുട്ടികള്‍. അവരുടെ
കുടുംബാംഗങ്ങളോടൊപ്പം. ഈ അവധി ആഘോഷങ്ങള്‍ പാശ്ചാത്യ ജീവിതത്തിന്റെ
ഒഴിച്ചുകൂടാനാവാത്ത ഒരു ഭാഗമാണെന്നു തോന്നുന്നു. ജോലി ചെയ്തു കിട്ടുന്ന
പണം ആഘോഷമായി കൊണ്ടാടാനുള്ളതാണെന്ന് അവര്‍ വിശ്വസിക്കുന്നു. കൂലിയായും മറ്റും
കൊടുക്കുന്ന പണം തിരികെ മാര്‍ക്കറ്റിലെത്തേണ്ടത് മുതലാളിത്ത ത്തിന്റെ നില
നില്‍പ്പിനു തന്നെ ആവശ്യമാണെത്രേ . താത്വികമായ അവലോകനം നില്‍ക്കട്ടെ,
ദിവസം പത്തും പന്ത്രണ്ടും മണിക്കൂര്‍ ജോലിചെയ്യുന്നവരാണ്. അവര്‍ക്കും
വിശ്രമമവും വിനോദവുമൊക്കെ ആവശ്യമാണെന്നു തോന്നുന്നതിൽ കുറ്റം
പറഞ്ഞുകൂടല്ലോ.
കൊളംബസ് ആദ്യം വന്നിറങ്ങിയ ദ്വീപസമൂഹങ്ങളില്‍ പെട്ട ഒന്നാണ്
പ്യൂട്ടോ റിക്കോ എന്നതായിരുന്നു എനിക്കു താല്‍പര്യമുണ്ടാക്കിയ കാര്യം .
1492ല്‍ ഒക്ടോബര്‍ 12നു കൊളംബസ് കപ്പലോടിച്ചെത്തിയത് ഈ ദ്വീപ സമൂഹങ്ങളില്‍പ്പെട്ട സാന്‍
സാൽവദോർ എന്ന് ഇന്നറിയപ്പെടുന്ന ദ്വീപിലാണ്. പിറ്റേ വര്‍ഷത്തെ രണ്ടാം വരവില്‍
കൊളംബസ് കപ്പലടുപ്പിച്ചത് ബോറിക്കന്‍ എന്നവിടുത്തുകാര്‍ വിളിച്ചിരുന്ന
ദ്വീപിലാണ്. കൊളംബസ് ദ്വീപിന് സ്നാപകന്റെ പേരുകൊടുത്തു ;സാന്‍ഹുവാന്‍ ബാപ്ടിസ്റ്റോ
........ സെയിന്റ് ജോണ്‍ ദ ബാപ്ടിസ്റ് ....
സാൻഹുവാൻ പിന്നീട് Rich Port എന്നര്‍ത്ഥമുള്ള പ്യൂട്ടോറികോ ആയി മാറി.
തലസ്ഥാന നഗരം സാന്‍ഹുവാൻ ആയിതുടര്‍ന്നു.
ആസ്റ്റിനില്‍ നിന്ന് ഒര്‍ലാന്‍ഡോവഴി സാന്‍ഹുവാനിലെത്തിയപ്പോള്‍
അര്‍ദ്ധരാത്രി കഴിഞ്ഞിരുന്നു. ഹോട്ടലില്‍ മുറികളെല്ലാം
സീ ഫേസിങ് ആണ്.5.50നാണ് സൂര്യോദയം.
കടലിന് പച്ചനിറമായിരുന്നു. കിഴക്ക് മേഘങ്ങളില്‍ ചുവപ്പു വ്യാപിക്കുന്നു.
കനത്ത മേഘങ്ങളില്ല.കറുപ്പുമേഘങ്ങള്‍ക്കിടയിലൂടെ കനൽക്കട്ടപോലെ സൂര്യന്‍
ഉയര്‍ന്നു വരുമ്പോള്‍ ഞാന്‍ പ്രൈമറി ക്ലാസില്‍ പഠിച്ച, കിഴക്കുള്ള ഇന്ത്യയില്‍
വരാന്‍ വേണ്ടി പടിഞ്ഞാറോട്ടു കപ്പലോടിച്ച ആ നാവികന്റെ കഥ
ഓര്‍മ്മിക്കുകയായിരുന്നു.അയാള്‍ കുറേ ദിവസം കടലിലൂടെ കപ്പലോടിച്ച് ഒരു കര
കണ്ടതും കപ്പലടുപ്പിച്ചതും അതും ഇന്ത്യയാണെന്നു
വിചാരിച്ചതും അവിടെകണ്ടെത്തിയ, സ്വര്‍ണ്ണാഭരണങ്ങളണിഞ്ഞ എന്നാല്‍ തീരെ
അപരിഷ്‌കൃതരായ മനുഷ്യരെ ഇന്ത്യക്കാരെന്നു വിളിച്ചതും അവര്‍ക്ക് വില
കുറഞ്ഞ വളകളു മാലകളും മറ്റും നല്‍കി അവരുടെ വിലകൂടിയ രത്‌നങ്ങളും
സ്വര്‍ണ്ണാഭരണങ്ങളുമെല്ലാം പകരം വാങ്ങി അവരുടെമേല്‍
ആധിപത്യവും സ്ഥാപിച്ചതും അങ്ങനെ ഇന്ത്യ അന്വേഷിച്ചു പുറപ്പെട്ട
കൊളംബസ് അമേരിക്ക എന്ന ഭൂഖണ്ഡം കണ്ടുപിടിച്ചതും -------.
. ഈ കണ്ടു പിടിത്ത
സിദ്ധാന്തം ഇന്നും തുടരുന്നു എന്നതാണ് അതിശയം. ഇപ്പോഴും യു.എസ്.,കാനഡ,
കോടതികള്‍ ചിലപ്പോള്‍ Discovery Theory ചില വിധി ന്യായങ്ങളില്‍
ഉദ്ധരിക്കാറുണ്ടത്രേ. എന്തായാലും കൊളംബസ് എത്തുന്ന കാലത്ത് അമേരിക്കന്‍
വന്‍കരകളിലും അടുത്തുള്ള ദ്വീപുകളിലുമായി പത്തുകോടി മനുഷ്യര്‍
ജീവിക്കുന്നുണ്ടായിരുന്നു.
അന്നത്തെ ലോകജനസംഖ്യ നൂറുകോടി ;അപ്പോള്‍
ലോകത്തെ മനുഷ്യരില്‍ പത്തുശതമാനം താമസിച്ചിരുന്ന മേഖലയാണോ കൊളംബസ്
കണ്ടുപിടിച്ചത്?. "കൊടുങ്കാറ്റില്‍ പ്രക്ഷുബ്ധമായ സമുദ്രത്തിലെ തിരമാലകള്‍ അതിന്റെ
അടിത്തട്ടിനെ ആകെ മൂടുന്നതുപോലെ, ഞങ്ങളുടെ ആളുകള്‍ ഈ വന്‍കരയാകെ
വ്യാപിച്ചിരുന്നപ്പോൾ "എന്നു തുടങ്ങുന്ന അവരുടെ ഗോത്രത്തലവന്റെ വിലാപം നമ്മൾ ഈ അടുത്തകാലത്താണ് കേട്ടത് .അപ്പോൾ തന്നെ മറക്കുകയും ചെയ്തു .കണ്ടുപിടിത്ത സിദ്ധാന്തം തന്നെയാണ് നമ്മൾ എന്നും വായിച്ചതുംമനസ്സിലാക്കിയതുമൊക്കെ. കൂട്ടത്തില്‍ അവിടത്തെ അടിമസമ്പ്രദായത്തെക്കുറിച്ചും അതുനിര്‍ത്തലാക്കിയതിനെക്കുറിച്ചും ഒക്കെ പലതും പഠിച്ചു. പക്ഷേ അവിടത്തെആദിമനിവാസികള്‍ക്കെന്തുപറ്റി എന്ന് ചിന്തിച്ചതേയില്ല.
1999ലാണെന്നുതോന്നുന്നു ഞാന്‍ അനിയാ ലൂംബയുടെ 'കൊളോണിയലിസം -പോസ്റ്റ് കൊളോണിയലിസം 'വായിക്കുന്നത്. തുടര്‍ന്ന് ആവിഷയത്തെക്കുറിച്ചുള്ള കുറേ പുസ്തകങ്ങള്‍ - ഒരു കാര്യം മനസ്സിലായി.
കൊളംബസ് കണ്ടത് കാട്ടു മനുഷ്യരെയയായിരുന്നില്ല. പതിനായിരത്തിലധികം
വര്‍ഷങ്ങളായി അമേരിക്കയെ അധിവസിച്ചിരുന്ന കൃഷിയും കൈത്തൊഴിലും മറ്റു
ചെയ്തുജീവിച്ചിരുന്ന,സ്വന്തമായി ഒരു പാടു കഥകളും ദൈവങ്ങളും ഉണ്ടായിരുന്ന
ഒരു ജനതയെയാണ്.തീര്‍ച്ചയായും അവിടെകാടുകളുണ്ടായിരുന്നു. കാടുകള്‍
നിലനിര്‍ത്തിക്കൊണ്ടുതന്നെ അവര്‍ കൃഷിസ്ഥലങ്ങളൊരുക്കി. വീടുകളും
ക്ഷേത്രങ്ങളുമുണ്ടാക്കി. ഒരു സംസ്‌കാരം -
ഒരുപാടുസംസ്‌കാരകേന്ദ്രങ്ങളുണ്ടായി. പക്ഷേ, കപ്പലേറി വന്നവര്‍ക്ക്
കൂടുതല്‍ മെച്ചപ്പെട്ട ആയുധങ്ങളുണ്ടായിരുന്നു. അവരുടെ
ദൈവത്തിന്റെപ്രതിപുരുഷന്‍, പാപ്പാ, ലോകത്തെ രണ്ടായി വിഭജിച്ചു.
പശ്ചിമരേഖാംശം 46.3 ഡിഗ്രിക്ക് പടിഞ്ഞാറുള്ളതെല്ലാം സ്‌പെയിനും
അതിനു കിഴക്കുള്ളതെല്ലാം പോര്‍ച്ചുഗലിനുമായി വീതിച്ചുകൊടുത്തുകൊണ്ട് വിളംബരം
പുറപ്പെടുവിച്ചു. വടക്കേ വന്‍കരയില്‍ കുടിയേറിയ ബ്രിട്ടീഷുകാര്‍ ആ
വിളംബരം അനുസരിച്ചില്ല. അവര്‍ സ്വന്തം അധികാരം ഉറപ്പിച്ചു .സ്വന്ത രാജ്യങ്ങൾ സ്ഥാപിച്ചു. ആദിമനിവാസികള്‍ചെറുത്തു. നൂറ്റാണ്ടുകൾ നീണ്ടുനിന്ന യുദ്ധം. ഇന്ത്യന്‍ റിമൂവല്‍ ആക്ട് -
'മാനിഫെസ്റ്റ് ഡെസ്ടിനി ' ഇന്ത്യന്‍ റിസര്‍വേഷനുകൾ ; എന്നുവെച്ചാല്‍
ഭൂമി പിടിച്ചടക്കി ഭരിക്കാനുളള ഭാഗധേയം വെള്ളക്കാരനില്‍ 'പ്രകടിത'മായിരിക്കുന്നു ഭൂമി
നിര്‍ബന്ധമായും വെള്ളക്കാരെ ഏല്പിക്കുക എന്ന വിധി ആദിമ നിവാസികളിലും . അവിടെ ഒരുഭാഗത്ത്
ആ ദിവാസികള്‍ക്കായി കുറച്ചു സ്ഥലം സംവരണം ചെയ്യുപ്പെട്ടിരിക്കും . 'ഇന്ത്യന്‍
റിസര്‍വേഷന്‍'. പഴയ ലോകജനതയുടെപത്തു ശതമാനം ഇന്ന് യു.എസ്.
എ.യുടെ ജനസംഖ്യയുടെ0.8% .അവരുടെ ഇക്കാലഘട്ടത്തിലെ പ്രശസ്ത കവയത്രി
നടാലിയാ ഡയസ് ഒരു കവിതയില്‍ പറയുന്നതുപോലെ 'നൂറാളു കൂടുന്നിടത്ത്
ഞാനൊരു പൂര്‍ണ്ണമനുഷ്യനല്ല;ദശാംശം എട്ടു മാത്രമാണ്.....'അമേരിക്കന്‍
ഇന്ത്യക്കാരുടെസാഹിത്യവും കലയുമൊക്കെ നിലനിര്‍ത്താനും പരിപോഷി പ്പിക്കാനുമുള്ള
ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അവരുടെ പ്രധാനനോവല്‍ 'സെറിമണി'യെക്കുറിച്ച്
(ലെസ്ലി മാര്‍മന്‍ സിന്‍ക്കോ) ഞാന്‍ സമകാലിക മലയാളത്തില്‍
എഴുതിയിരുന്നു ആറേഴു വർഷം മുമ്പ് .
'അച്ഛനെന്തെടുക്കുകയാണ് ബാല്‍ക്കണിയില്‍ 'എന്ന ചോദ്യമുയരുന്നു. 'ഞാന്‍ ചരിത്രത്തിലേക്ക് -
മായ്ക്കപ്പെട്ട ചരിത്രത്തിലേക്ക് നോക്കിനില്‍ക്കുകയായിരുന്നു 'എന്നു
പറഞ്ഞിട്ട് കാര്യമില്ലല്ലോ .
സൂര്യൻ ഉദിച്ചുയർന്നു കഴിഞ്ഞു .വെയിലിലും കടലിലും കുളിക്കാന്‍ വന്നവരുടെ തിരക്ക്
തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. തീരത്ത് കുത്തിനിര്‍ത്തിയിരിക്കുന്ന കുടകള്‍,
അവയ്ക്കടിയില്‍ ചാരുബഞ്ചുകള്‍.ബീച്ചിലേക്ക് നടന്നിറങ്ങാനുളള ദൂരമേയുളളൂ.(തുടരും )
ആർ എസ് കുറുപ്പ്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)