2022, ജൂൺ 21, ചൊവ്വാഴ്ച
റൌണ്ട് റോക്ക്സ് ആസ്റ്റിൻ ...
27 5 2022 .
അറ്റ്ലാന്റിക്കിലെ ഉദയാസ്തമയങ്ങള്‍
ആര്‍.എസ്.കുറുപ്പ്
'ഒരു മണ്‍കട്ട അറ്റ്ലാന്റിക്കിന്റെ തിരമാലകളില്‍ ഒഴുകിപോകുമ്പോള്‍
യൂറോപ്പ് അത്രകണ്ട് ചെറുതാവുന്നു. ഏതൊരു മനുഷ്യന്റെ മരണവും എന്നെയും
ചെറുതാക്കുന്നു. ഞാന്‍ മനുഷ്യവംശത്തില്‍ ഉള്‍പ്പെടുന്നതുകൊണ്ട് ...
അതുകൊണ്ട് മണി മുഴങ്ങുന്നത് ആര്‍ക്കുവേണ്ടിയാണ്എന്നന്വേഷിക്കാതിരിക്കുക-
അത് നിനക്കുവേണ്ടിതന്നെയാണ്'.
അറ്റ്ലാന്റിക്ക് എന്നു കേള്‍ക്കുമ്പോള്‍ എനിക്കാദ്യം ഓര്‍മ്മവരുന്നത്
'ഫോർ ഹൂം ദ ബെൽ ടോൾസ്' എന്ന നോവലിനാമുഖമായി ഹെമിംഗ് വേ
ഉദ്ധരിച്ചിട്ടുള്ള ഈ വരികളാണ്. കോളേജ് കാലത്ത് വായിച്ച ആ നോവലിന്റെ
ഉള്ളടക്കം എന്റെ ഓര്‍മ്മയില്‍ കാര്യമായി ഇല്ല. പക്ഷേ, ആമുഖക്കുറിപ്പായ ആ കാവ്യശകലം
ഇന്നുംമനസ്സിലുണ്ട് താനും . പിന്നീടെപ്പോഴോ No man is an island എന്നു തുടങ്ങുന്ന ജോണ്‍
ഡോണിന്റെ ആ കവിത ഞാന്‍ മുഴുവനായി
വായിച്ചിരുന്നു. എന്നാൽ ഇപ്പോഴും മനസ്സിലുള്ളത് ആ ഉദ്ധരണിയാണ് .
ഉത്തര അറ്റ്ലാന്റിക്കിലെ
യു.എസ്.ഭരണപ്രദേശമായ പ്യുട്ടോറിക്കോ ദ്വീപിലെ ഹോട്ടല്‍ ബാല്‍ക്കണിയിൽ
അറ്റ്ലാന്റിക്കിലെ മനോഹരമായ സൂര്യോദയം നോക്കിനില്‍ക്കുമ്പോള്‍ പക്ഷേ ഞാനീ
കവിതാശകലത്തെകുറിച്ചല്ല ആലോചിച്ചിരുന്നത്.
പ്യൂട്ടോ റിക്കോയിലെ നാലഞ്ചു ദിവസത്തെ ഒഴിവുകാലം കുട്ടികള്‍ നേരത്തെ തീരുമാനിച്ചതായിരുന്നു. കുട്ടികള്‍ എന്നു
പറഞ്ഞാല്‍ എന്റെ പെണ്‍മക്കള്‍, ഇരട്ടകുട്ടികള്‍. അവരുടെ
കുടുംബാംഗങ്ങളോടൊപ്പം. ഈ അവധി ആഘോഷങ്ങള്‍ പാശ്ചാത്യ ജീവിതത്തിന്റെ
ഒഴിച്ചുകൂടാനാവാത്ത ഒരു ഭാഗമാണെന്നു തോന്നുന്നു. ജോലി ചെയ്തു കിട്ടുന്ന
പണം ആഘോഷമായി കൊണ്ടാടാനുള്ളതാണെന്ന് അവര്‍ വിശ്വസിക്കുന്നു. കൂലിയായും മറ്റും
കൊടുക്കുന്ന പണം തിരികെ മാര്‍ക്കറ്റിലെത്തേണ്ടത് മുതലാളിത്ത ത്തിന്റെ നില
നില്‍പ്പിനു തന്നെ ആവശ്യമാണെത്രേ . താത്വികമായ അവലോകനം നില്‍ക്കട്ടെ,
ദിവസം പത്തും പന്ത്രണ്ടും മണിക്കൂര്‍ ജോലിചെയ്യുന്നവരാണ്. അവര്‍ക്കും
വിശ്രമമവും വിനോദവുമൊക്കെ ആവശ്യമാണെന്നു തോന്നുന്നതിൽ കുറ്റം
പറഞ്ഞുകൂടല്ലോ.
കൊളംബസ് ആദ്യം വന്നിറങ്ങിയ ദ്വീപസമൂഹങ്ങളില്‍ പെട്ട ഒന്നാണ്
പ്യൂട്ടോ റിക്കോ എന്നതായിരുന്നു എനിക്കു താല്‍പര്യമുണ്ടാക്കിയ കാര്യം .
1492ല്‍ ഒക്ടോബര്‍ 12നു കൊളംബസ് കപ്പലോടിച്ചെത്തിയത് ഈ ദ്വീപ സമൂഹങ്ങളില്‍പ്പെട്ട സാന്‍
സാൽവദോർ എന്ന് ഇന്നറിയപ്പെടുന്ന ദ്വീപിലാണ്. പിറ്റേ വര്‍ഷത്തെ രണ്ടാം വരവില്‍
കൊളംബസ് കപ്പലടുപ്പിച്ചത് ബോറിക്കന്‍ എന്നവിടുത്തുകാര്‍ വിളിച്ചിരുന്ന
ദ്വീപിലാണ്. കൊളംബസ് ദ്വീപിന് സ്നാപകന്റെ പേരുകൊടുത്തു ;സാന്‍ഹുവാന്‍ ബാപ്ടിസ്റ്റോ
........ സെയിന്റ് ജോണ്‍ ദ ബാപ്ടിസ്റ് ....
സാൻഹുവാൻ പിന്നീട് Rich Port എന്നര്‍ത്ഥമുള്ള പ്യൂട്ടോറികോ ആയി മാറി.
തലസ്ഥാന നഗരം സാന്‍ഹുവാൻ ആയിതുടര്‍ന്നു.
ആസ്റ്റിനില്‍ നിന്ന് ഒര്‍ലാന്‍ഡോവഴി സാന്‍ഹുവാനിലെത്തിയപ്പോള്‍
അര്‍ദ്ധരാത്രി കഴിഞ്ഞിരുന്നു. ഹോട്ടലില്‍ മുറികളെല്ലാം
സീ ഫേസിങ് ആണ്.5.50നാണ് സൂര്യോദയം.
കടലിന് പച്ചനിറമായിരുന്നു. കിഴക്ക് മേഘങ്ങളില്‍ ചുവപ്പു വ്യാപിക്കുന്നു.
കനത്ത മേഘങ്ങളില്ല.കറുപ്പുമേഘങ്ങള്‍ക്കിടയിലൂടെ കനൽക്കട്ടപോലെ സൂര്യന്‍
ഉയര്‍ന്നു വരുമ്പോള്‍ ഞാന്‍ പ്രൈമറി ക്ലാസില്‍ പഠിച്ച, കിഴക്കുള്ള ഇന്ത്യയില്‍
വരാന്‍ വേണ്ടി പടിഞ്ഞാറോട്ടു കപ്പലോടിച്ച ആ നാവികന്റെ കഥ
ഓര്‍മ്മിക്കുകയായിരുന്നു.അയാള്‍ കുറേ ദിവസം കടലിലൂടെ കപ്പലോടിച്ച് ഒരു കര
കണ്ടതും കപ്പലടുപ്പിച്ചതും അതും ഇന്ത്യയാണെന്നു
വിചാരിച്ചതും അവിടെകണ്ടെത്തിയ, സ്വര്‍ണ്ണാഭരണങ്ങളണിഞ്ഞ എന്നാല്‍ തീരെ
അപരിഷ്‌കൃതരായ മനുഷ്യരെ ഇന്ത്യക്കാരെന്നു വിളിച്ചതും അവര്‍ക്ക് വില
കുറഞ്ഞ വളകളു മാലകളും മറ്റും നല്‍കി അവരുടെ വിലകൂടിയ രത്‌നങ്ങളും
സ്വര്‍ണ്ണാഭരണങ്ങളുമെല്ലാം പകരം വാങ്ങി അവരുടെമേല്‍
ആധിപത്യവും സ്ഥാപിച്ചതും അങ്ങനെ ഇന്ത്യ അന്വേഷിച്ചു പുറപ്പെട്ട
കൊളംബസ് അമേരിക്ക എന്ന ഭൂഖണ്ഡം കണ്ടുപിടിച്ചതും -------.
. ഈ കണ്ടു പിടിത്ത
സിദ്ധാന്തം ഇന്നും തുടരുന്നു എന്നതാണ് അതിശയം. ഇപ്പോഴും യു.എസ്.,കാനഡ,
കോടതികള്‍ ചിലപ്പോള്‍ Discovery Theory ചില വിധി ന്യായങ്ങളില്‍
ഉദ്ധരിക്കാറുണ്ടത്രേ. എന്തായാലും കൊളംബസ് എത്തുന്ന കാലത്ത് അമേരിക്കന്‍
വന്‍കരകളിലും അടുത്തുള്ള ദ്വീപുകളിലുമായി പത്തുകോടി മനുഷ്യര്‍
ജീവിക്കുന്നുണ്ടായിരുന്നു.
അന്നത്തെ ലോകജനസംഖ്യ നൂറുകോടി ;അപ്പോള്‍
ലോകത്തെ മനുഷ്യരില്‍ പത്തുശതമാനം താമസിച്ചിരുന്ന മേഖലയാണോ കൊളംബസ്
കണ്ടുപിടിച്ചത്?. "കൊടുങ്കാറ്റില്‍ പ്രക്ഷുബ്ധമായ സമുദ്രത്തിലെ തിരമാലകള്‍ അതിന്റെ
അടിത്തട്ടിനെ ആകെ മൂടുന്നതുപോലെ, ഞങ്ങളുടെ ആളുകള്‍ ഈ വന്‍കരയാകെ
വ്യാപിച്ചിരുന്നപ്പോൾ "എന്നു തുടങ്ങുന്ന അവരുടെ ഗോത്രത്തലവന്റെ വിലാപം നമ്മൾ ഈ അടുത്തകാലത്താണ് കേട്ടത് .അപ്പോൾ തന്നെ മറക്കുകയും ചെയ്തു .കണ്ടുപിടിത്ത സിദ്ധാന്തം തന്നെയാണ് നമ്മൾ എന്നും വായിച്ചതുംമനസ്സിലാക്കിയതുമൊക്കെ. കൂട്ടത്തില്‍ അവിടത്തെ അടിമസമ്പ്രദായത്തെക്കുറിച്ചും അതുനിര്‍ത്തലാക്കിയതിനെക്കുറിച്ചും ഒക്കെ പലതും പഠിച്ചു. പക്ഷേ അവിടത്തെആദിമനിവാസികള്‍ക്കെന്തുപറ്റി എന്ന് ചിന്തിച്ചതേയില്ല.
1999ലാണെന്നുതോന്നുന്നു ഞാന്‍ അനിയാ ലൂംബയുടെ 'കൊളോണിയലിസം -പോസ്റ്റ് കൊളോണിയലിസം 'വായിക്കുന്നത്. തുടര്‍ന്ന് ആവിഷയത്തെക്കുറിച്ചുള്ള കുറേ പുസ്തകങ്ങള്‍ - ഒരു കാര്യം മനസ്സിലായി.
കൊളംബസ് കണ്ടത് കാട്ടു മനുഷ്യരെയയായിരുന്നില്ല. പതിനായിരത്തിലധികം
വര്‍ഷങ്ങളായി അമേരിക്കയെ അധിവസിച്ചിരുന്ന കൃഷിയും കൈത്തൊഴിലും മറ്റു
ചെയ്തുജീവിച്ചിരുന്ന,സ്വന്തമായി ഒരു പാടു കഥകളും ദൈവങ്ങളും ഉണ്ടായിരുന്ന
ഒരു ജനതയെയാണ്.തീര്‍ച്ചയായും അവിടെകാടുകളുണ്ടായിരുന്നു. കാടുകള്‍
നിലനിര്‍ത്തിക്കൊണ്ടുതന്നെ അവര്‍ കൃഷിസ്ഥലങ്ങളൊരുക്കി. വീടുകളും
ക്ഷേത്രങ്ങളുമുണ്ടാക്കി. ഒരു സംസ്‌കാരം -
ഒരുപാടുസംസ്‌കാരകേന്ദ്രങ്ങളുണ്ടായി. പക്ഷേ, കപ്പലേറി വന്നവര്‍ക്ക്
കൂടുതല്‍ മെച്ചപ്പെട്ട ആയുധങ്ങളുണ്ടായിരുന്നു. അവരുടെ
ദൈവത്തിന്റെപ്രതിപുരുഷന്‍, പാപ്പാ, ലോകത്തെ രണ്ടായി വിഭജിച്ചു.
പശ്ചിമരേഖാംശം 46.3 ഡിഗ്രിക്ക് പടിഞ്ഞാറുള്ളതെല്ലാം സ്‌പെയിനും
അതിനു കിഴക്കുള്ളതെല്ലാം പോര്‍ച്ചുഗലിനുമായി വീതിച്ചുകൊടുത്തുകൊണ്ട് വിളംബരം
പുറപ്പെടുവിച്ചു. വടക്കേ വന്‍കരയില്‍ കുടിയേറിയ ബ്രിട്ടീഷുകാര്‍ ആ
വിളംബരം അനുസരിച്ചില്ല. അവര്‍ സ്വന്തം അധികാരം ഉറപ്പിച്ചു .സ്വന്ത രാജ്യങ്ങൾ സ്ഥാപിച്ചു. ആദിമനിവാസികള്‍ചെറുത്തു. നൂറ്റാണ്ടുകൾ നീണ്ടുനിന്ന യുദ്ധം. ഇന്ത്യന്‍ റിമൂവല്‍ ആക്ട് -
'മാനിഫെസ്റ്റ് ഡെസ്ടിനി ' ഇന്ത്യന്‍ റിസര്‍വേഷനുകൾ ; എന്നുവെച്ചാല്‍
ഭൂമി പിടിച്ചടക്കി ഭരിക്കാനുളള ഭാഗധേയം വെള്ളക്കാരനില്‍ 'പ്രകടിത'മായിരിക്കുന്നു ഭൂമി
നിര്‍ബന്ധമായും വെള്ളക്കാരെ ഏല്പിക്കുക എന്ന വിധി ആദിമ നിവാസികളിലും . അവിടെ ഒരുഭാഗത്ത്
ആ ദിവാസികള്‍ക്കായി കുറച്ചു സ്ഥലം സംവരണം ചെയ്യുപ്പെട്ടിരിക്കും . 'ഇന്ത്യന്‍
റിസര്‍വേഷന്‍'. പഴയ ലോകജനതയുടെപത്തു ശതമാനം ഇന്ന് യു.എസ്.
എ.യുടെ ജനസംഖ്യയുടെ0.8% .അവരുടെ ഇക്കാലഘട്ടത്തിലെ പ്രശസ്ത കവയത്രി
നടാലിയാ ഡയസ് ഒരു കവിതയില്‍ പറയുന്നതുപോലെ 'നൂറാളു കൂടുന്നിടത്ത്
ഞാനൊരു പൂര്‍ണ്ണമനുഷ്യനല്ല;ദശാംശം എട്ടു മാത്രമാണ്.....'അമേരിക്കന്‍
ഇന്ത്യക്കാരുടെസാഹിത്യവും കലയുമൊക്കെ നിലനിര്‍ത്താനും പരിപോഷി പ്പിക്കാനുമുള്ള
ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അവരുടെ പ്രധാനനോവല്‍ 'സെറിമണി'യെക്കുറിച്ച്
(ലെസ്ലി മാര്‍മന്‍ സിന്‍ക്കോ) ഞാന്‍ സമകാലിക മലയാളത്തില്‍
എഴുതിയിരുന്നു ആറേഴു വർഷം മുമ്പ് .
'അച്ഛനെന്തെടുക്കുകയാണ് ബാല്‍ക്കണിയില്‍ 'എന്ന ചോദ്യമുയരുന്നു. 'ഞാന്‍ ചരിത്രത്തിലേക്ക് -
മായ്ക്കപ്പെട്ട ചരിത്രത്തിലേക്ക് നോക്കിനില്‍ക്കുകയായിരുന്നു 'എന്നു
പറഞ്ഞിട്ട് കാര്യമില്ലല്ലോ .
സൂര്യൻ ഉദിച്ചുയർന്നു കഴിഞ്ഞു .വെയിലിലും കടലിലും കുളിക്കാന്‍ വന്നവരുടെ തിരക്ക്
തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. തീരത്ത് കുത്തിനിര്‍ത്തിയിരിക്കുന്ന കുടകള്‍,
അവയ്ക്കടിയില്‍ ചാരുബഞ്ചുകള്‍.ബീച്ചിലേക്ക് നടന്നിറങ്ങാനുളള ദൂരമേയുളളൂ.(തുടരും )
ആർ എസ് കുറുപ്പ്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ