2022, ജൂൺ 21, ചൊവ്വാഴ്ച
അറ്റലാന്റിക്കിലെ -------ഭാഗം 3 ) ഹോട്ടൽലോബിയിലൂടെ മുറി യിലേക്ക് നടക്കുമ്പോൾ തീരെ ചെറുപ്പം തോന്നിക്കുന്ന ഒരു ഹോട്ടൽജീവനക്കാരി കൂട്ടത്തിലെ സ്ത്രീകൾക്കെല്ലാം റോസാപ്പൂക്കൾ സമ്മാനിച്ചു ,ഹൃദ്യമായ പുഞ്ചിരിക്കൊപ്പം . പിന്നാലെ വന്ന ഞാൻപ്രതീക്ഷയോടെ കൈനീട്ടി .അവരുടെ ചിരിമാഞ്ഞു മുഖം തിരിച്ചുകൊണ്ട് പറഞ്ഞു :For Moms Only .ഒരു നിമിഷം കഴിഞ്ഞ് വീണ്ടുവിചാരമെന്നോണം കൂട്ടിച്ചേർത്തു :Mother's Day .അപ്പോഴേക്കും അവർ ചിരി വീണ്ടെടുത്തിരുന്നു .അമ്മമാർക്കാണ് പൂക്കൾ .!നല്ലതു തന്നെ..അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ ...
ഒരച്ഛൻ എന്റെ ഓർമ്മയിലെത്തി ..പത്തിഞ്ചു നീളമുള്ള ,നാലുറാത്തൽഭാരമുള്ള കൂന്താലികൊണ്ട് ,വെള്ള കീറുമ്പോൾ മുതൽ സന്ധ്യയാവുന്നതുവരെ ഒറ്റത്തോർത്തുടുത്തു നിന്ന് പറമ്പ് കിളക്കുന്ന അച്ഛൻ . അങ്ങേർക്ക് എന്തിനാണ് പൂവ് ?പിള്ളേർക്ക് ഫീസ് കൊടുക്കാൻ കാശിനോടി നടക്കുന്ന അച്ഛൻ ,പെണ്ണിന്റെ കല്യാണം നടത്താൻ പൈസക്ക് വേണ്ടി കുടുംബ പാരമ്പര്യത്തിന്റെ അന്തസൊക്കെ മാറ്റിവെച്ച് പുത്തൻ പണക്കാരന്റെ മുൻപിൽ മുഖം കുനിച്ചു നിൽക്കുന്ന അച്ഛൻ ,അമേരിക്കയിൽ നിന്നെത്തുന്ന മകളെ പ്രതീക്ഷിച്ച് റെയിൽവേ സ്റ്റേഷനിൽ രാവിലെ മുതൽ കാത്തുനിൽക്കുന്ന ,'അച്ചായനിത് എന്നാത്തിന്റെ കേടാ ,അമേരിക്കായീന്ന് ഇംഗ്ലണ്ടിലോട്ടും അവിടുന്ന് ബോംബെലോട്ടും ബോംബേന്ന് കൊച്ചീലൊട്ടും അവിടെ വിമാനത്താവളത്തീന്ന് ആട്ടോ പിടിച്ച് തീവണ്ടിയാപ്പീസിലോട്ടും പോവാവെങ്കി അവളീ മൂന്നു നാഴികയും ഒറ്റക്കു വന്നോളത്തില്യോ 'എന്ന അയല്കാരിയുടെ ചോദ്യം കേട്ടില്ലെന്നു നടിക്കുന്ന അച്ഛൻ ..ഒരച്ഛൻ ,നിരവധി അച്ഛൻമാർ ....അവർക്കെന്തിനാണ് പൂവ് !
എന്നെങ്കിലും ഒരു സാംസ്കാരിക നായകനായാൽ ,മലയാറ്റൂരിന്റെ 'വേരുകളി'ലെ ആഭാഗം ..കാലം കുറേക്കഴിയുമ്പോൾ ഒരച്ഛന്റെ ത്യാഗവും ബുദ്ധിമുട്ടുകളുമൊക്കെ എനിക്ക് കൂടുതൽ മനസ്സിലാവുമായിരിക്കും എന്നൊക്കെ തുടങ്ങുന്ന ,കഥാനായകൻ രഘുവിന്റെ ആത്മഗതം ഹൈസ്‌കൂൾ ക്‌ളാസ്സുകളിലെ സിലബസ്സിൽ ഉൾപ്പെടുത്തണമെന്ന് ഞാൻ പ്രസ്താവനയിറക്കും .............തിരിഞ്ഞു നോക്കിയപ്പോൾ പൂക്കൾ കൊടുക്കുന്ന പെൺകുട്ടി എന്നെത്തന്നെ നോക്കി നിൽക്കുന്നു .എന്റെ ഭാവമാറ്റം കണ്ടപ്പോൾ അവർ സ്വന്തം അച്ഛനെ ഓർത്തിരിക്കാം .അവർ ഹോട്ടൽ മാനേജ്‌മെന്റ് ഏൽപ്പിച്ച ജോലി ചെയ്യുകയായിരുന്നു .ഒരു നോട്ടം കൊണ്ടെങ്കിലും വേദനിപ്പിച്ചെങ്കിൽ 'പോട്ടെ മോളെ ക്ഷമിക്ക് 'എന്ന് മനസ്സിൽ പറയുകയല്ലാതെ എന്തു ചെയ്യാനാണ് ;അതും ഒരച്ഛന്റെ കടമയിൽ പെടുന്നതാണല്ലോ .
ആസ്റ്റിനിലേക്കുള്ള മടക്കയാത്രയിൽ വായിക്കാൻ ഞാൻ മകളുടെ കയ്യിലിരുന്ന അഗതാ ക്രിസ്റ്റിയുടെ പുസ്തകം ചോദിച്ചു .അവൾ അത് വായിച്ചു തീരാറായി .അവൾ മനസ്സിൽ കണ്ട ആളാണോ കുറ്റവാളി എന്നറിയാനുള്ള ആകാംക്ഷ എനിക്കു മനസ്സിലാവും .അവൾക്ക് എന്തെങ്കിലും വായിക്കാൻ പറ്റുന്നത് ഇത്തരം യാത്രകൾക്കിടയിലാണ് ...അവൾ മറ്റൊരു പുസ്തകം തന്നു .Island of the Blue whale .വടക്കൻ പാസിഫിക്കിലെ ഒരു ചെറിയ ദ്വീപിൽ ഒറ്റപ്പെട്ട് ,ഒരു മനുഷ്യജീവി പോലും കൂട്ടില്ലാതെ കഴിയേണ്ടി വന്ന ഒരു അമേരിക്കൻ ഇന്ത്യൻ യുവതിയുടെ കഥ .യഥാർത്ഥത്തിൽ നടന്നതിന്റെ നോവൽ രൂപത്തിലുള്ള ആവിഷ്കാരം .നല്ല പുസ്തകം .ഞാൻ ഇടയ്ക്കു വെച്ച് തൽക്കാലം വായന നിർത്തി .കിളിവാതിലിലൂടെ അറ്റ്ലാന്റിക്കിലെ ദ്വീപ സമൂഹങ്ങളുടെ വിദൂര ദൃശ്യങ്ങൾ കാണാം .കടലിൽ മുങ്ങി കിടക്കുന്നതു പോലെ ;കൊളംബസ് ആദ്യമായി കപ്പലിറങ്ങിയ സാൻ സാൽവദോർ ഉൾപ്പെടുന്ന ബഹാമസ് ,ഡൊമിനിക്കൻ റിപ്ബ്ലിൿ ,പുരോഗാമികളുടെ ഹൃദയത്തിൻ രോമാഞ്ചമായ മധുര മനോഹര മനോജ്ഞ ക്യൂബ .....
ഒർലാണ്ടോയിൽ വിമാനം മാറിക്കയറണം .അവിടെ ഉച്ചഭക്ഷണം .സംഘത്തിൽ ഞാനൊഴികെ മറ്റെല്ലാവരും സസ്യഭുക്കുകളാണല്ലോ .എനിക്ക് ഇൻഡോ തായ് റെസ്റ്ററന്റിലെ മധുരിക്കുന്ന ചിക്കൻ .അത് നല്ലൊരനുഭവമായിരുന്നു .
ഒർലാന്റോയിൽനിന്ന് ആസ്റ്റിനിലേക്കുള്ള യാത്രയിൽ ഞാൻ പുസ്തകം നിവർത്തിയില്ല .ക്യൂബ ,സ.ഫിഡൽ ,ചെ ..ഇങ്ങിനെ പലതും മനസ്സിൽ മിന്നിമറഞ്ഞുകൊണ്ടിരുന്നു .ഞാൻ പാർട്ടി ക്‌ളാസ്സുകളുമായി ബന്ധപ്പെടാറുണ്ടായിരുന്ന എഴുപതുകളുടെ ആദ്യ പകുതിയിൽ പാർട്ടി ചെ ഗുവേരയെ അംഗീകരിച്ചിരുന്നില്ല എന്നാണോർമ്മ .ഒരു ക്‌ളാസ്സിലും മീറ്റിംഗിലും ആ പേര് കേട്ടിട്ടില്ല .ചെയുടെ പേര് ആദ്യം കേൾക്കുന്നത് മാതൃഭൂമിയിലെ ചെറിയ മനുഷ്യരും വലിയ ലോകവും എന്ന അരവിന്ദൻ കാർട്ടൂണിലാണ് .ചെ ഇന്ത്യയിൽ വന്നിരുന്നുവെന്ന വിവരം ഞാൻ അടുത്ത കാലത്താണ് അറിഞ്ഞത് .ചെ ഗുവേരയെപ്പോലെ ഒരു നേതാവ് ഇന്ത്യയിൽ ഉണ്ടാവാതെ പോയതിൽ കുണ്ഠിതപ്പെട്ട ഒരു സഖാവിനോട് ചെ പറഞ്ഞുവത്രേ ,നിങ്ങൾ ഇന്ത്യക്കാർക്ക് ആധുനിക യുഗത്തിലെ ഏറ്റവും മഹാനായ നേതാവ് ഉണ്ടായിരുന്നുവല്ലോ എന്ന് ;മഹാത്മാഗാന്ധി.സമാനമായ ഒരഭിപ്രായം ഹോ ചിമിൻ തന്നെ സന്ദർശിച്ച അവിഭക്ത ഇന്ത്യൻ കമ്യൂണിസ്റ്റുപാർട്ടിയുടെ ഒരു ഡെലിഗേഷനോട് പറഞ്ഞതായി ആ സംഘത്തിലെ ഒരംഗമായിരുന്ന കെ ദാമോദരൻ രേഖപ്പെടുത്തിയിട്ടുണ്ട് .കാഞ്ചന സീത നാടകത്തിൽ
ഭരതൻ രാമനോട് പറയുന്ന ആ സംഭാഷണ ശകലം നമുക്ക് ഇന്ത്യക്കാർക്ക് നമ്മളോടു തന്നെ ചോദിക്കാവുന്നതാണ് "സൂര്യന് മറ കെട്ടിയിട്ട് എന്തിനാണ് മിന്നാമിനുങ്ങുകളെ ചൊല്ലി വിലപിക്കുന്നത് "
വൈകിട്ട് എട്ടു മണിയോടെ ഞങ്ങൾ ആസ്റ്റിനിലെ വീട്ടിലെത്തി
ആർ എസ് കുറുപ്പ്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ