2015 ജൂൺ 9, ചൊവ്വാഴ്ച

ഉറൂ ബിന്റെ ജന്മ ശത വാർഷികമായിരുന്നു ഇന്നലെ .പല ജന്മ ശത വാർഷികങ്ങളും ആഘോഷ പൂർവം കൊണ്ടാടപ്പെട്ടപ്പോൾ ഇതു മാത്രം എന്തു കൊണ്ടു വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ കടന്നു പോയി .ഒരർഥത്തിൽ അതിൽ അദ്ഭുതമൊന്നുമില്ല .58 ഇൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ പുസ്തകമാണ് സുന്ദരികളും സുന്ദരന്മാരും .ആ ബഹുമതി ലഭിക്കുന്ന രണ്ടാമത്തെ മലയാള നോവൽ ;ആദ്യത്തേത് ചെമ്മീൻ .അക്കൊല്ലം കേരള അക്കാദമിയുടെ അവാർഡ് നാലുകെട്ടിനായിരുന്നു .നാലുകെട്ടിന്റെ അമ്പതാം വർഷം നമ്മുടെ അക്കാദമി സമുചിതമായി ആഘോഷിച്ചു .സുന്ദരികളും സുന്ദരന്മാരും അവഗണിക്കപ്പെട്ടു !
      സി വി കൃതികൾക്കു ശേഷം മലയാളത്തിലൂണ്ടാായ ഇതിഹാസ സമാനമായ നോവൽ സുന്ദരികളും സുന്ദരന്മാരും ആണ് .മാപ്പിള ലഹള മുതൽ ക്വിറ്റ്‌ ഇന്ത്യ സമരം വരെയുള്ള കാല ഘട്ടത്തിലെ കേരള ചരിത്രം  സത്യ സന്ധവും കലാസുഭഗവുമായിചിത്രീകരിക്കപ്പെട്ടിരിക്കുന്നു ഇതിൽ .  .ലഹളയുടെ ക്രിയാത്മകവും വിധ്വംസകവുമായ വശങ്ങൾ ഒരേപോലെ ആവിഷ്കരിക്കപ്പെട്ടിട്ടില്ല മറ്റൊരു  മലയാള പുസ്തകത്തിലും.അതു പോലെ ക്വിറ്റ്‌ സമരകാലത്തെ കമ്മ്യ്യൂണിസ്റ്റു കാരന്റെ ധർമ്മ സങ്കടങ്ങൾ ,ഗാന്ധിയുടെ സോഷ്യലിസ്റ്റു കാരായ അനുയായികൾ നടത്തിയ അക്രമരഹിതമല്ലാത്ത  സമരങ്ങൾ ഇവയൊന്നും വേറൊരു പുസ്തകത്തിലും ഇത്രയധികം ആര്ജവത്തോടെ  നിഷ്പക്ഷതയോടെ പ്രതിപാദിക്കപ്പെട്ടിട്ടില്ല .സാഹിത്യ സൃഷ്ടിയുടെ സൗന്ദര്യത്തിനു ലോപം വരാതെയാണിതൊക്കെ ചെയ്തിരിക്കുന്നത് എന്നതിലാണ് ഉരൂബിന്റെ സര്ഗ്ഗ ശക്തി പ്രകടമാവുന്നത് .
      ഉമ്മാച്ചു  തുടങ്ങിയ നോവലുകൾ രാച്ചിയമ്മ പോലുള്ള ചെരുകഥ  കൾ ഉരൂബിനെ ആര് മറന്നാലും സഹൃദയനായ മലയാളി വായനക്കാരൻ /കാരി മറക്കുകയില്ല 

2015 ജൂൺ 6, ശനിയാഴ്‌ച

1962-64  കാലത്ത്  .ഓ എൻ  വി യുടെ വിദ്യാർഥിയായിരുന്നുഞാൻ  അദ്ദേഹത്തിനു അക്കാലത്ത് ഏറ്റവും ഇഷ്ടപ്പെട്ട വിദ്യാർഥികളിൽ ഒരാൾ .ആ വർഷത്തെ രണ്ടാം ഭാഷ മലയാളക്കാരിൽ  വളരെ നല്ല മാർക്ക് കിട്ടിയവരിൽ ഒരാൾ ആയിരുന്നു ഞാൻ .
     എന്റെ സ്കൂൾ കാലത്ത്  ഞങ്ങളുടെ നാട്ടിൽ സന്ധ്യാ നാമങ്ങളേക്കാൾ പ്രചാരമുണ്ടായിരുന്നു കെ പി എ  സി  നാടക ഗാനങ്ങൾക്ക് .ആ ഗാനങ്ങൾ എഴുതിയത് ഓ എൻ  വി കുറുപ് എന്നൊരു യുവാവാണെന്നും അദ്ദേഹം പ്രശസ്തനായി ക്കൊണ്ടിരിക്കുന്ന ഒരു കവിയാണെന്നും റെ ക്കോട് മാർക്കോടെ മലയാളം എം എ പാസ്സായി കോളേജ് അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞുവെന്നും മറ്റും സഖാക്കളായ ചേട്ടന്മാർ പറഞ്ഞ് ഞങ്ങൾ കേട്ടിരുന്നു .അക്കാലത്ത് വായിച്ച അനിയത്തി എന്ന ഓ എൻ  വി കവിത ഒരു കണ്ണുനീർത്തുള്ളിയായി ഇന്നും എന്റെ മനസ്സിലുണ്ട് .എങ്കിലും 'മോഹിച്ച കണ്ണിനു പൊൽക്കണി പൂക്കളും \ദാഹിച്ച ചുണ്ടിനു നൽത്തേൻ കനികളും ---'എന്നാരംഭിക്കുന്ന ചോറുണ് 'എന്ന കവിതയിലൂടെയാണു ഓ എൻ വി എന്ന കവി എന്റെ മനസ്സിൽ കയറിക്കൂടിയത് .ഞാൻ യുനിവേഴ്സിടി കോളേജിൽ എത്തുന്നതിന് തൊട്ടു മുമ്പായിരുന്നു  ചോറുണ് മാതൃഭുമിയിൽ വന്നത് .
    ക്ലാസ്സിൽ ആദ്യമായി വന്ന ദിവസം ഓ എൻ  വി സാർ ഞങ്ങളെ കൊണ്ട് ഒരുപന്യാസം എഴുതിപ്പിച്ചു 'എനികേറ്റവും ഇഷ്ടപ്പെട്ട പുസ്തകം ' എന്നതായിരുന്നു വിഷയം .ഞാൻ നാലുകെട്ടിനെ കുറിച്ചായിരുന്നു എഴുതിയത് .പുസ്തകം ഇഷ്ടപ്പെടാനുണ്ടായ കാരണങ്ങൾ മാത്രമല്ല ആയിടെ വാരികകളിൽ വന്ന നാലുകെട്ടു നിരൂപണങ്ങളിലെ ചില നിരീക്ഷണങ്ങളെ ക്കുരിച്ചുള്ള വിമർശനാത്മകമായ ചില അഭിപ്രായങ്ങൾ  കുടി ഞാൻ എന്റെ ഉപന്യാസത്തിൽ ഉള്പ്പെടുത്തിയിരുന്നു .എല്ലാ ഉപന്യാസങ്ങളും വായിച്ച ശേഷം സാർ നടത്തിയ അഭിപ്രായ പ്രകടനങ്ങളിൽ നിന്ന് അദ്ദേഹത്തിനറ്റ വും ഇഷ്ടപ്പെട്ടത് എന്റെ രചനയാണെന്ന് എനിക്ക് മനസ്സിലായി .തുടർന്നു വന്ന ടെസ്റ്റുകളിലും ടെർമിനൽ പരീക്ഷകളിലും അദ്ദേഹം പഠിപ്പിച്ചിരുന്ന ജനറൽ പേപ്പർ നു ഞങ്ങളുടെ ബാച്ചിൽ എനിക്കായിരുന്നു കൂ ടുതൽ  മാര്ക്ക്.അദ്ദേഹം പക്ഷേ അതൊന്നും ശ്രദ്ധിക്കുന്നതായി തോന്നിയിരുന്നില്ല .എന്ന് മാത്രമല്ല ക്ലാസ്സ് ശ്രദ്ധിക്കാതെ പുറത്തേക്കു നോക്കിയിരുന്നതിന് ഒരു ദിവസം അദ്ദേഹം എന്നെ കഠിനമായി ശകാരിക്കുകയും ചെയ്തു .ഞാൻ മാത്രമല്ല ആരുമതു പ്രതീക്ഷിച്ചില്ല .ഓ എൻ വി വിദ്യാർഥി കളോട് അതിര് കവിഞ്ഞ സ്നേഹമോ വിരോധമോ പ്രകടിപ്പിക്കാറില്ല .എന്റെ കാര്യത്തിൽ അപ്രതീക്ഷിതമായ മറ്റൊരു പെരുമാറ്റം കൂടി അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായി .യുനിവേഴ്സിടി കോളേജിന്റെ പിന്നിലൂടെ ജെനറൽ ഹോസ്പിടൽ ജങ്ക്ഷനിലേക്കു പോകുന്ന  റോഡിലൂടെ എവിടെയോ പോവുകയായിരുന്നു ഞാൻ .ഒരു അവധി ദിവസം .റോഡിന്റെ മറു  സയിഡിലൂടെ എതിരെ വന്ന ഓ എന വി സാർ എന്നെക്കണ്ടു നിന്നു .എവിടെയാണ് സ്വന്തം വീടെന്നും താമസിക്കുന്നത് എവിടെയാണെന്നും ഒക്കെ ചോദിച്ചു .അത്തരം കുശല പ്രശ്നങ്ങളും ഓ എൻ  വി ക്ക് പതിവില്ലാത്തതാണ് . വാത്സല്യം തുളുമ്പുന്ന  ആ ചിരിയും സംസാരവുമെല്ലാം ഇന്നും എന്റെ മനസ്സിലൂണ്ട് .ശിഷ്യവാത്സല്യത്തിന്റെ മറ്റൊരു മുഖമാണ് ആ ശകാരത്തിന്റെ പിന്നിലുമെന്നു അന്ന് തന്നെ എനിക്ക് മനസ്സിലായി .വലിയ ഗുരുക്കന്മാരൊ ക്കെ എന്നും അങ്ങിനെ ആയിരുന്നുവല്ലോ .
   ഡിഗ്രി അവസാന വര്ഷമാണ് എനിക്ക് ഒഎൻവി യുടെ കയ്യിൽ നിന്നും ഒരു സമ്മാനം ലഭിക്കാൻ ഭാഗ്യമുണ്ടായത് .മലയാള സമാജത്തിന്റെ അക്കൊല്ലത്തെ വാര്ഷിക ഉപന്യാസ രചനാ മത്സരത്തിൽ രണ്ടാം സമ്മാനം എനിക്കായിരുന്നു .ഓ എൻ  വി സാറാണ് സമ്മാന ദാനം നിർ വഹിച്ചത് .
     ഞാൻ സാറുമായി ഏറ്റവും ഒടുവിൽ സംസാരിക്കുന്നതും അക്കൊല്ലം ഒടുവിൽ തന്നെയാണു   പാറ്റൂർ ജന്ഗ്ഷനടുത്ത്തുള്ള അദ്ദേഹത്തിന്റെ വാടക വീട്ടില് വെച്ച് .അന്ന് ഒന്നാം വര്ഷ എം എ വിദ്യാർഥി യായിരുന്ന വേണു ,ഇന്ന് റിട്ടയാർഡ് പ്രിൻസിപൽ  പ്രശസ്ത കഥാ കൃത്ത്  എസ വി വേണു ഗോപാൻ നായര് ,എന്തോ കാര്യത്തിനു സാറിനെ കാണാൻ പോയപ്പോൾ എന്നെ കൂടെ കൂട്ടിയതാണു .സാറി നെന്നെ ഓർമ്മയുണ്ടായിരുന്നു .കുറുപ്പ് എമെസ്സി ക്ക് ചേർന്നുവല്ലേ എന്ന് സാർ  എന്നോടു ചോദിച്ചു .ഡിഗ്രി അവസാന വര്ഷം ആയിട്ടേ ഉള്ളു എന്ന് ഞാൻ മറുപടി പറഞ്ഞു .കുറെ അധിക സമയം ഞങ്ങൾ അന്നവിടെ സംസാരിച്ചിരുന്നു .
     ഞാൻ പിന്നീടും സാറിനെ തിരുവനന്ത പുര ത്ത് വെച്ചു കണ്ടിട്ടുണ്ട് ;ചുറു ചുറു ക്കോടെ നഗര വീഥികളി ലൂടെ നടന്ന പോകുന്നതായി .നടപ്പിലെ ഈ ചുറു ചുറു ക്ക് ക്ലാസിലേക്ക് വരുമ്പോഴും ഉണ്ടായിരുന്നു .ഞങ്ങൾ മുഖാമുഖം പിന്നീട് കണ്ടിട്ടേയില്ല .കൊച്ചിയിലെ ചില സാംസ്കാരിക സംഗമങ്ങളിൽ വിശിഷ്ട്ടാതിഥി യായി അദ്ദേഹവും സാധാരണ ക്ഷണിതാവായി ഞാനും ഒരുമിച്ചു പങ്കെടുത്ത അവസരങ്ങളുണ്ടായിട്ടുണ്ട് .അന്നും പക്ഷേ നേരിട്ടൊന്നും സംസാരിച്ചിട്ടില്ല
   വര്ഷം  കൃത്യമായി  ഓർമ്മയില്ല ;അഞ്ചാറു കൊല്ലമായിട്ടുണ്ടാവും കലാമണ്ഡലം അദ്ധ്യക്ഷ പദവി സര്ക്കാര് വളരെ നിര്ബന്ധിച്ച്ചിട്ടും ഓ എൻ  വി നിരസിച്ചു. അതിൽ പ്രത്യേകമായി ഒന്നുമില്ല പക്ഷേ അതിനദ്ദേഹം പറഞ്ഞ കാരണം എന്റെ ഉള്ളിൽ  തട്ടി .മഹാകവിയുടെ പ്രതിമയുടെ മുമ്പിലിരുന്ന് മലയാളിയുടെ കലാ പൈതൃകം കാത്തു സൂക്ഷിക്കുന്ന സ്ഥാപനത്തിന്റെ കാര്യങ്ങൾ നോക്കാൻ ആഗ്രഹമില്ലാഞ്ഞല്ല .ഷോർണൂർ റെയിൽ വേ സ്റ്റേഷനിലെ രണ്ടു മേൽപ്പാലങ്ങൾ താണ്ടി കലാമാണ്ടലക്കാർ അയക്കുന്ന കാറി നടുത്തെത്താനുള്ള ബുദ്ധി മുട്ടു കൊണ്ടാണ് സര്ക്കാര് നിർദ്ദേശം നിരസിക്കേണ്ടി വന്നതെന്നദ്ദേഹം പറഞ്ഞു കേട്ടപ്പോൾ എനിക്ക് ദുഃഖം തോന്നി .ചുറു ചുറു ക്കോടെയുള്ള ആ നടപ്പ് എന്റെ ഓർമ്മയിലെത്തി .അങ്ങിനെയല്ലാതെ ഞാൻ അദ്ദേഹത്തെ കണ്ടിട്ടില്ലല്ലോ .സാഹിത്യ പരിഷത്തിന്റെ മലയാള ദിനാചരണം ഉദ്ഘാടനം ചെയ്യാൻ അദ്ദേഹം വരുന്നു എന്ന് കേട്ടപ്പോൾ ഞാൻ പോകാൻ തീരുമാനിച്ചു .കണ്ടു സംസാരിക്കനോന്നുമല്ല .കാണാൻ വെറുതെ വെറുതെ ഒന്ന് കാണാൻ .കണ്ടു പ്രസംഗം കേട്ടു തിരിച്ചു പോരുകയും ചെയ്തു .
    ഓ എൻ  വി ശതാഭിഷിക്തനായിരിക്കുന്നു .വലിയ വലിയ ആളുകൾ പങ്കെടുത്ത ആശംസാ സമ്മേളങ്ങളിലൊന്നും അദ്ദേഹം സന്നിഹിതനായിരുന്നില്ലത്രേ .ശരീരിക അസ്വസ്ഥതകൽ അത്രക്കുണ്ടെന്നാണല്ലോ അതിനർഥം .എനിക്ക് ഒന്ന് കാണണമെന്നു തോന്നുന്നു .ഒന്നിനും വേണ്ടിയല്ല  വെറുതെ വെറുതെ ഒന്ന് കാണാൻ
    പക്ഷേ ആരായിട്ടാണു ഞാൻ പോവുക .പോയാൽ  തന്നെ കാണാൻ അനുവാദം കിട്ടുകയില്ല എന്ന് തീര്ച്ചയാണല്ലോ .അത് കൊണ്ടു വേണ്ടാ .ചുറു ചുറു ക്കോടെ നടന്നു വരുന്ന ,അരലക്ഷം വരുന്ന സദസ്സിനെ നോക്കി തിരുവനത പുരം  പരിഷത്തിൽ  ഇന്ത്യയുടെ ശബ്ദം എന്ന സ്വന്തം കവിത ചൊല്ലുന്ന ചൊല്ലുന്ന ഓ എൻ  വി സാർ എന്റെ മനസ്സിലുണ്ട് .അത് മതി
  ഉപനിഷത്തിലെ വിദ്യാർഥിയുടെ പ്രാർഥന ഞാൻ ആവര്ത്തിക്കട്ടെ                                                                      " അവതു മാം അവതു വക്താരം"

         

2015 ജൂൺ 4, വ്യാഴാഴ്‌ച

55 കൊല്ലം മുമ്പ് ഷിപ്‌ യാഡിനു സ്ഥലമെടുത്തപ്പോഴും എതിർപ്പുണ്ടായിരുന്നു .ആ സമയത്ത് നഗരം തേവര ഭാഗത്തേക്ക് വളർന്നു കൊണ്ടിരിക്കുകയായിരുന്നുവല്ലോ  .അന്ന് നവ യുവാവായിരുന്ന  ,പില്ക്കാലത്ത് പത്രപ്രവർത്തകനും എഴുത്തുകാരനുമായി പ്രശസ്തനായ കെ എം റോയ് ,സുഹ്രുത്തുക്കളോടൊപ്പം വീടു വീടാന്തരം കയറി ഷിപ്‌ യാഡ് വരേണ്ടതിന്റെ ആവശ്യകതയെ ക്കുറി ച്ചു പറഞ്ഞു മനസ്സിലാക്കി .നഗരത്തിന്റെ, സംസ്ഥാനത്തിന്റെ നന്മക്കു വേണ്ടി കുറച്ചു ത്യാഗം സഹിക്കേണ്ടതുണ്ട്  എന്ന് സ്വന്തം അയൽ  ക്കാരെ പറഞ്ഞു ബോദ്ധ്യ പ്പെടുത്തുന്നതിൽ റോയി ചേട്ടനും കൂട്ടുകാരും  വിജയിക്കുക തന്നെ ചെയ്തു.
   ത്യാഗം സഹിക്കണമെന്ന് ആളുകളെ പറഞ്ഞു ബോദ്ധ്യ പ്പെടുത്താൻ ഇപ്പോഴും കഴിഞ്ഞേക്കും .പക്ഷേ വിട്ടു കൊടുക്കുന്ന വസ്തുവിന് ഗവണ്മെന്റ് തന്നെ നിശ്ചയിച്ച   പ്രതിഫലം സമയത്തിനു കിട്ടുമെന്ന് ഉറപ്പു കൊടുക്കാൻ ആര്ക്കും കഴിയാത്ത അവസ്ഥ ആണ് .മൂന്നു പതിറ്റാണ്ട് അപ്പുറം  പ്രമുഖ നഗര വികസന സ്ഥാപനത്തിൽ ഡെപ്യൂട്ടേഷനിൽ എത്തിയ ഞാൻ കണ്ടത് അതിനു പത്തു കൊല്ലം മുമ്പ് ഏറ്റെടുത്ത ഭൂമിയുടെ നഷ്ട പരിഹാരത്തിനു കാത്തിരിക്കുന്നവരെയാണ് .ഇന്നും സ്ഥിതി വ്യത്യസ്തമല്ല . മൂലമ്പള്ളി യിലെ പുനരധിവാസമൊന്നും ഇപ്പോഴും പൂർത്തി യായിട്ടില്ലത്രേ .വൈറ്റില -പേട്ട ക്കാരുടെ സ്ഥിതിയാണു കഷ്ടം .ഏറ്റെടുക്കാൻ പോകുന്ന സ്ഥലമായതു കൊണ്ട് മറ്റാർക്കും വില്കാൻ കഴിയില്ല ;ഗവണ്മെന്റ് ആകട്ടെ കാലവര്ഷ പ്രവചനം  പോലെ നാളെ അല്ലെങ്കിൽ മറ്റ ന്നാൾ  എന്ന് പറഞ്ഞു നടപടികൾ നീട്ടിക്കൊണ്ടു പോവുകയാണ് .
      ന്യായമായ പ്രതിഫലം കയ്യോടെ കിട്ടുമെന്നു വന്നാൽ ആളുകള് സ്ഥലം വിട്ടുകൊടുക്കാൻ തയാറാ വും  .മടികാണിക്കുന്നവരെ പ്രേരിപ്പിക്കാൻ കഴിയും .അതിനു കഴിഞ്ഞില്ലെങ്കിൽ നിർബന്ധ പൂർവം ഏറ്റെടുക്കുകയുമാവാം .അത് മാത്രമാണ്  ഈ ദുസ്ഥിതിക്ക് ഒരു പരിഹാരം .
എന്തായാലും വികസനത്തിനു വേണ്ടി സ്വന്തം കിടപ്പാടം വിട്ടുകൊടുത്ത് പെരുവഴിയിലേക്കിറങ്ങാൻ ആളുകളോട് പറയുന്നത് ക്രൂരതയാണ് .അതൊഴിവാക്കി നീതിയുക്തമായ ഒരു സ്ഥലമെടുക്കൽ നയം വന്നാലേ വികസനമുണ്ടാവു .ത്വരിത ഗതിയിലുള്ള വികസന പ്രവർത്തന ങ്ങ ളു ണ്ടായില്ലെങ്കിൽൽ വിദ്യാ സമ്പന്നരായ തൊഴിൽ  രഹിതരുടെ ഒരു കൂടാരമാവും ദൈവത്തിന്റെ സ്വന്തം നാട് ;അന്യ രാജ്യങ്ങളിലെ മേച്ചിൽ പുറങ്ങൾതീർത്തും  അപ്രാപ്യമായി ക്കൊണ്ടിരിക്കുകയാണല്ലൊ .
ഏതു പദ്ധതി ആസൂത്രണം ചെയ്യുമ്പോഴും സ്ഥലത്തിനുള്ള തുക കൃത്യമായി അടയാളപ്പെടുത്തി മാറ്റിവെയ്ക്കുകയും കയ്മാറ്റം നടക്കുന്ന ദിവസം തന്നെ സ്ഥല വില ഉടമസ്ഥനു കൊടുക്കുകയും ചെയ്യുന്ന സ്ഥിതി ഉണ്ടാവണം .അല്ലെങ്കിൽ കോയമ്പ ത്തൂരിനും മറ്റുമുള്ള പൈപ്പ് ലൈൻ ഒരിക്കലും പണിയാൻ കഴിയുകയില്ല .അങ്ങിനെ വന്നാൽ തുറമുഖത്തിന്റെ ആപ്പീസ് അക്ഷരാർഥത്തിൽ തന്നെ പൂട്ടും .കൊച്ചിക്ക് ആലപ്പുഴയുടെ, കൃത്യമായി പറഞ്ഞാൽ ആലപ്പുഴയിലെ കടൽപ്പാലത്തിന്റെ ഗതി വരും .നാല് പതിറ്റാണ്ട് എന്നെ തീറ്റിപോറ്റിയ വളർത്തമ്മയാണീ നഗരം .അതിന്റെ ആസന്നമായ ദുരവസ്ഥ എന്നെ വേദനിപ്പിക്കുന്നു -അതു കൊണ്ടാണീ കുറിപ് .

2015 ജൂൺ 1, തിങ്കളാഴ്‌ച

'റിട്ടയാർഡായി 'എന്നൊരു ശൈലി പ്രചാരത്തിലുണ്ടായിരുന്നു ഞങ്ങളുടെ സ്കൂൾ കാലത്ത് .വേളൂർ കൃഷ്ണൻ കുട്ടിയുടെ ആ പേരിലുള്ള നാടകത്തിൽ നിന്നും ജന്മം കൊണ്ടതാണ് ഇന്നത്തെ ഭാഷയിൽ 'വടിയായി 'എന്നർഥ മുള്ള ആ ഹാസ്യ പദപ്രയോഗം .പത്തു മുപ്പതു കൊല്ലം കഴിഞ്ഞാണ് റിട്ടയർമെന്റിനെ ശരിക്കും മരണത്തോടുപമിച്ചു കൊണ്ടുള്ള ഗൗരവമുള്ള ഒരു പ്രസംഗം കേട്ടത് .മുതിർന്ന സഹപ്രവർത്തകനും കുറേക്കാലം മേലധികാരിയും എല്ലാക്കാലത്തും വഴികാട്ടിയും സുഹൃത്തുമായിരുന്ന തോമസ് ജോസഫിന്റെ വിരമിക്കൽ യാത്രയപ്പ് സമ്മേളനമായിരുന്നു .പതിവ് പോലെ ഒട്ടധികം പേർറിട്ടയാർഡാവുന്ന ആളിന്റെ   ഗുണഗണങ്ങൾ വാഴ്ത്തി പ്പാടി.ഭാവ ഭേദങ്ങളൊ ന്നും കൂടാതെ കേട്ടിരുന്ന  തോമസ് സാർ തന്റെ മറുപടി ,വിട വാങ്ങൽ പ്രസംഗം ആരംഭിച്ചത് 'മരണാന്താനി വൈരാണി /പ്രസവാന്തം  ച യൗവനം 'എന്ന നീതി സാര ശ്ലോകാർഥം ഉദ്ധരിച്ചു കൊണ്ടാണ് .ഒരാളോടുള്ള വിരോധം അയാളുടെ മരണം വരെ മാത്രമേ ആകാവു .റിട്ടയർമെന്റ് ഒരു വിധത്തിൽ മരണം തന്നെയാണ് . ആർക്കെങ്കിലും  എന്തെങ്കിലും വിരോധം തന്നോടുണ്ടെങ്കിൽ അതിന്നെത്തേടം കൊണ്ട് അവസാനിപ്പിക്കണം .വിരൊധികളില്ലാതെ പിരിഞ്ഞു പോകാനാണ് താൻ ആഗ്രഹിക്കുന്നത് ഇതൊക്കെയായിരുന്നു തോമസ് സാർ പറഞ്ഞതിന്റെ സാരം .
   സർക്കാർ പദവിയുടെ ജീർണ്ണിച്ച കുപ്പായം മാത്രമല്ല സ്വത്വത്തിന്റെ ഒരു ഭാഗം കൂടിയുപേക്ഷിച്ചാണു ഒരാൾ പെൻഷൻ പറ്റി പിരിയുന്നത് ;മറിച്ചുള്ള പറ ച്ചിലുകളൊക്കെ  ഭംഗി വാക്കുകൾ ,അസത്യങ്ങൾ മാത്രമാണ് .അനുഭവത്തിൽ നിന്ന് പറയുന്നതാണ് :പെൻഷൻ പറ്റി ക്കഴിഞ്ഞാൽ  മുഴുവൻ സമയവും വായനയും എഴുത്തുംഅല്പ്പം സാമൂഹ്യ പ്രവർത്തനവുമൊക്കെയായി കഴിയാം എന്നതു കൊണ്ട് പിരിയൽ സന്തോഷ കരമായ ഒരനുഭവമാവുമെന്നാണു ഞാൻ വിചാരിച്ചിരുന്നത് .ധനാഗമത്തിൽ വരുന്ന കുറ വിനനുസരിച്ചുള്ള ചെലവു ചുരുക്കൽ ഒക്കെ നേരത്തെ ആസൂത്രണം ചെയ്തിരുന്നു .വായിക്കാൻ പുസ്തകങ്ങൾ  കരുതിയിരുന്നു .എന്തെങ്കിലും എഴുതിയാൽ പ്രസിദ്ധീകരിക്കാനുള്ള സൗകര്യവുമുണ്ടായിരുന്നു എന്നിട്ടും പിരിയാൻ സമയമടുത്തപ്പോൾ വലിയ മനോവ്യഥ അനുഭവപ്പെട്ടു എന്നതാണു സത്യം. അവസാനത്തെ ഒരാഴ്ച ഞാൻ എന്നും വൈകുന്നേരം കായൽ  തീരത്തു പോയി പഴയ കാലങ്ങൾ ഓർത്തു നിൽ ക്കുമായിരുന്നു. കപ്പലിലിൽ നിന്നൊലിച്ചിറങ്ങുന്ന എണ്ണയുടെ ഗന്ധത്തിനു മോഹിപ്പിക്കുന്ന വശ്യതയുണ്ടെന്നും അഴിമുഖത്തെ അസ്തമയം ലോകത്തെ ഏറ്റവും മനോഹരമായ കാഴ്ച  ആണെന്നും എനിക്ക് അന്ന് ബോദ്ധ്യമായി .
    എന്തായാലും പോ ന്നല്ലേ പറ്റു .പോന്നു .പമ്പാട്ടിയുടെ പാമ്പിനെ തുറന്നു വിട്ടാൽ അതു തിരികെ കൂട്ടിലേക്കിഴഞ്ഞു കയറുമത്രേ .തിരിച് ഇഴഞ്ഞു കയറാൻ കൂടില്ലാതെ കഴിഞ്ഞു കൂടേണ്ടി വരുന്ന ആദ്യദിനങ്ങൾ അസ്വാസ്ഥ്യ ജനകങ്ങളായിരിക്കും മൂന്നു പതിറ്റാണ്ടിലധികം കൂട്ടിൽ കിടന്ന വര്ക്ക് .പക്ഷേ പാമ്പിനേക്കാൾ ഭയങ്കരനാണല്ലോ മനുഷ്യൻ ;അവൻ പൊരുത്തപ്പെട്ടുകൊള്ളും ഏതു ചുറ്റുപാടു മായും.Man gets used to every thing ,Man the scoundrel  എന്ന് ദസ്തയോവിസ്കി   പറഞ്ഞില്ലെങ്കിലും ഞാൻ പറയുമായിരുന്നു .
     നേരിട്ടറിയാവുന്ന ചില സുഹൃത്തുക്കളും എഫ് ബി പോസ്റ്റുകളി ലൂടെ മുഖപരിചയമുള്ള ചിലരും റിട്ടയർ ചെയ്ത തിനെ ക്കുറി ച്ചുള്ള പോസ്റ്റുകളും വാര്ത്തകളും മറ്റും കണ്ടപ്പോൾ മനസ്സിൽ തോന്നിയ കാര്യങ്ങൾ എഴുതിപ്പോയതാണ് .ഒരു കാര്യം തീർച്ച .നമ്മൾ മനുഷ്യർ പൊരുത്തപ്പെട്ടുകൊള്ളും ഏതു ചുറ്റുപാടുമായും നമ്മൾ തെമ്മാടികള ല്ലെങ്കിൽ പോലും
  

2015 മേയ് 27, ബുധനാഴ്‌ച

ഒരു ഗാനത്തിന്റെ കഥ                                                                                                                               പേർഷ്യ യിൽ പോവുക എന്ന് പറഞ്ഞാൽഞങ്ങളുടെ നാട്ടിൽഅതിനർഥം   എണ്ണ കുഴിച്ചെടുക്കുന്ന രാജ്യങ്ങളിൽ പോയി ധാരാളം പണം നാട്ടിലേക്കയക്കുക എന്നായിരുന്നു  .നഴ്സിംഗ് പഠിച്ച പെണ്‍കുട്ടികളായിരുന്നു ആദ്യം ഉത്തരെന്ത്യയിലെക്കും പിന്നീട്  പേര്ഷ്യ യിലേക്കും  പോയത് .മണി ഓർഡ റിനു പകരം ഡ്രാഫ്റ്റുകൾ വരാൻ തുടങ്ങി .നാടിന്റെ സാമ്പത്തിക ജീവിതം ഉത്തേജിക്കപ്പെട്ടു .ഈ പണം അയക്കുന്നവരുടെ അവധിക്കു വരവായിരുന്നു വലിയ ആഘോഷം .വില കൂടിയ ഫോറിൻ സാരി ,റേബാൻ എന്ന് പറയപ്പെടുന്ന പ്രത്യേക തരം കൂളിങ്ങ് ഗ്ലാസ് ,ചുറ്റും പരക്കുന്ന സുഗന്ധം ,'എന്നതാ പിള്ളേച്ചാ സുഖം തന്നെ അല്ലിയോ 'എന്ന ശുദ്ധ ഓണാട്ടുകര മലയാളത്തിലുള്ള കുശലം, വിടർന്ന സൗഹാർദ്ദ പുർണ്ണ മായ ചിരി, ഇന്നലെ ക്കണ്ടു പിരിഞ്ഞതു പോലെയുള്ള പെരുമാറ്റം  -അതൊരു വരവ് തന്നെയായിരുന്നു .
   സമ്പന്നതയുടെ ഈ തിരനോട്ടം എന്റെ ഓർമ്മ യിലേക്ക് കടന്നു വരാറുള്ളത് ഒരു ഗാനമായിട്ടാണ് ;അന്നത്തെ സിനിമാ പാട്ടുകളുടെ ശൈലി യിൽ എഴുതപ്പെട്ട ആ ഗാനത്തെ കുറിച്ചാണ് ഈ കുറിപ്പ് .
      അറുപതു കളുടെ അവസാനം .അഭ്യസ്ത വിദ്യരുടെ തൊഴിലില്ലായ്മ സ്വാതന്ത്ര്യത്തിനു ശേഷം ഏറ്റവും വര്ദ്ധിച്ച്ചിരുന്ന കാലം .ഭാവിയെ ക്കുറിച്ച് അത്യന്തം ആശങ്കാകുലരായ വിദ്യാസമ്പന്നരിൽ ഒരാളായി ഞാനും. ഭക്ഷണത്തിനു മുട്ടില്ല .പക്ഷേ മനുഷ്യൻ അപ്പം കൊണ്ടു മാത്രമല്ലല്ലോ ജീവിക്കുന്നത് .സിഗരറ്റ് ,അത് ഇന്നത്തെ പോലെ പാതകമൊ ന്നുമായിരുന്നില്ല ,വല്ലപ്പോഴും ഒരു സിനിമാ അങ്ങിനെ പലതും ഒഴിച്ചു കൂടാൻ ആവാത്തതായി ഉണ്ട് ജീവിതത്തിൽ .ഇതിനൊക്കെ പണം വേണം .വീട്ടില് ചോദിക്കാൻ മടി .അറിഞ്ഞു തരും ചിലപ്പോൾ .അതു വാങ്ങുന്നത് വലിയ ഒരു ശ്വാസം മുട്ടലോടെ ആണ് .ട്യുഷൻ എടുത്തു കൂടേ എന്നു ചോദിക്കുമായിരുന്നു ചിലർ .എനിക്ക് പഠിപ്പിക്കുന്ന ജോലി അന്നും ഇന്നും ഇഷ്ടമല്ല .എന്ന് വെച്ചാൽ എനിക്ക് കഴിയുന്ന ജോലിയല്ല അത് എന്നാണു എന്റെ വിശ്വാസം .പിന്നെ നാട്ടിലുള്ള ഒന്നോ രണ്ടോ റ്റ്യൂട്ടൊറിയൽ കോളേജു കളുടെ കാര്യമാണെങ്കിൽ ദയനീയമാണ് താനും .പിന്നെ എന്താണൊരു വഴി ?ഞാൻ ആത്മ സുഹൃത്ത് കൃഷ്ണൻ കുട്ടിയുമായി ആലോചിച്ചു .എന്തിനും ഒരു പരിഹാരം കണ്ടെത്താൻ കൃഷ്ണൻകുട്ടി സമർഥനാണ് ;അയാൾ രണ്ടു മൂന്നു ദിവസത്തിനുള്ളിൽ ഒരു പരിഹാര നിർദേ ശവുമായി വരികയും ചെയ്തു .പരിചയക്കാരനായ ഒരു സൈക്കിൾ യഞ്ജ ക്കാരൻ അനവുണ്‍സ് മെന്റിന് കൃഷ്ണൻ കുട്ടിയെ വിളിച്ചിരിക്കുന്നു .വിദ്യാഭ്യാസ കച്ചവടക്കാരെ പോലെയല്ല സൈക്കിൾ യഞ്ജ ക്കാരൻ; മാന്യനാണ് പറയുന്ന കാശ് വൈകുന്നേരം കയ്യിൽ തരും.എന്നെ സഹായിയായി കൂ ട്ടാ ൻ സമ്മതിച്ചാലേ കൃഷ്ണൻ കുട്ടി ജോലി ഏറ്റെടുക്കൂ എന്ന് തറപ്പിച്ചു പറഞ്ഞിരിക്കുകയാണ് .  അനവുണ്‍സ് മെന്റിന് സഹായിക്കാനല്ലേ  സമ്മതമാണ് എന്ന് ഞാൻ പറഞ്ഞു .അനവുണ്‍സ് മെന്റിന് അല്ല യഞ്ജ ത്തിനാണ് സഹായി വേണ്ടത് .രണ്ടോ മൂന്നോ മണിക്കൂർ സൈക്കിളിൽ ചെലവഴിക്കണം .അഭ്യാസങ്ങൾ അറിയാമെങ്കിൽ ചെയ്‌താൽ മതി, നിർബന്ധമില്ല .മാന്യമായ ഒരു വേതനം; അതുറപ്പ്‌ .കുളിച്ച് വൃത്തിയായി ഒരു പുസ്തകവുമെടുത്ത് ലൈബ്രരിയിലേക്കെന്നു പറ ഞ്ഞ് വീട്ടിൽ നിന്നിറങ്ങുക.യഞ്ജ സ്ഥലത്തു വന്നാൽ യൂണിഫോം തരും .പട്ടാളക്കാരുടെതു പോലെ തലങ്ങും വിലങ്ങും തയ്യലും ഫ്ലാപ്പുകളും മറ്റുമുള്ള കുപ്പായവും തൊപ്പിയും മറ്റുമാണു  യൂണിഫോം.കൃഷ്ണൻ കുട്ടിക്ക് സൈക്ലിംഗ് അറി ഞ്ഞു കൂടാ .അറിയാമായിരുന്നെങ്കിൽ യഞ്ജം അയാള് എറ്റെ ടുത്തെനെ  .സൈക്കിൾ യഞ്ജമല്ല സർപ്പ യഞ്ജ മാണെങ്കിലും ഞാൻ സമ്മതി ച്ചു പോകുന്ന ചുറ്റുപാടായിരുന്നു .പിന്നെ ഏതു തൊഴിലിനും മാന്യതയുണ്ടെന്നു ബോദ്ധ്യമില്ലെങ്കിൽ ഉന്നത വിദ്യാഭ്യാസം നേടി എന്ന് പറ ഞ്ഞിട്ട്   എന്താണു പ്രയോജനം ?
                         അപ്പോഴാണ്‌ താഷ്കെന്റിൽ നിന്നുള്ള വിളി വരുന്നത് .റെയിൽ ക്രൊസ്സിനടുത്തുള്ള ടെറസ്സ് കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സഹായ സ്ഥാപനമാണു താഷ്കെന്റ് എഡ്യുക്കേഷണൽ അസിസ്ടൻസ് അഥവാ TE A .കൈകൾക്ക് സ്വാധീന ക്കുറവുള്ള പക്ഷേ ഒന്നാന്തരമായി കണക്കു പഠിപ്പിക്കുന്ന പരമേശ്വരൻ പിള്ള സാർ നടത്തി കൊണ്ടിരുന്ന റ്റൂഷൻ സെന്റർ ആണ് താഷ്കെന്റ്  ആയി രൂപ മാറ്റം നടത്തിയിരിക്കുന്നത് .പിള്ള സാർ കണക്കു മാത്രമേ പഠിപ്പിച്ചിരുന്നുള്ളു .പക്ഷേ പഠിക്കാൻ വരുന്ന കുട്ടികൾക്ക് മറ്റു വിഷയങ്ങളിലും സഹായം വേണമെന്ന ആവശ്യമുയർന്നു .തനിക്ക് അവഗാഹമില്ലാത്ത വിഷയങ്ങൾ പഠി പ്പിക്കാൻ കഴിയുകയില്ലെന്ന നിലപാടെടുത്തു പിള്ള സാർ .അപ്പോൾ രക്ഷ കർത്താക്കളിൽ ഒരാളാണ് ഉയർന്ന നിലയിൽ ഇക്കണോമിക്സിൽ ബിരുദം നേടിയ സുന്ദരേശൻ നായരുടെ പേർ സാറിന്റെ  സഹാദ്ധ്യാപകനായി നിർദ്ദേ ശിക്കുന്നത് .നിർദ്ദേശം സ്വീകരിക്കപ്പെട്ടു .Tea നിലവിൽ വന്നു.അവിടെക്കാണു ഞങ്ങൾ ആനയിക്ക പ്പെട്ടിരിക്കുന്നത് .പിള്ള സാറും സുന്ദരേശനും മിത ഭാഷികളും കാര്യ മാത്ര പ്രസക്തരുമാണ് ;അവർ കാര്യം പറഞ്ഞു .കുറച്ചു ടി ടി സി വിദ്യാർഥിനികൾക്ക് കണക്കിനും ഇന്ഗ്ലീഷിനും ട്യുഷൻ വേണം .അവർ,വിദ്യാർഥിനികൾ തന്നെയാണ് ഞങ്ങളുടെ പേർ നിർദ്ദേശിച്ചിരിക്കുന്നത് .പറ്റില്ല എന്നതൊഴിച്ച് എന്ത് മറുപടി വേണമെങ്കിലും പറയാം '.നിങ്ങളുടെ നിലക്കും യോഗ്യതക്കും അനുസരിച്ച്ചൊരു വേതനം തരാൻ ഈ ചെറിയ സ്ഥാപനത്തിനു കഴിയുമെന്നു തോന്നുന്നില്ല 'പിള്ള സാർ പറഞ്ഞു 'പക്ഷേ തീരെ കുറഞ്ഞു പോകാതെ നോക്കാം " .ഭംഗി വാക്കുകൾ അനുചിതങ്ങളാണെന്നു തോന്നി .ഞങ്ങൾ സമ്മതിച്ചു .
      അധ്യാപകനാകാനു ള്ള എന്റെ തികഞ്ഞ അയോഗ്യതയെ ക്കുറിച്ച് ഞാനിന്നും പഴയ അഭിപ്രായം തന്നെ വെച്ചു പുലർത്തുന്നു .പക്ഷേ താഷ്കെന്റിലെ ക്ലാസ് ആഹ്ലാദകരമായ ഒരു വ്യ ത്യസ്തതയായിരുന്നു . വിദ്യാർഥിനിനികളെ ല്ലാവരും തന്നെ untrained ആയി സ്കൂളിൽ ജോലി നോക്കിയിയിട്ടുള്ളവരാണ് .അവർക്ക് വിദ്യാർഥി മര്യാദകൾ എല്ലാം അറിയാം .ശ്രദ്ധാ ലുക്കളായി പ്രസന്ന വദനരായി സ്നേഹാദരങ്ങോളോടെ എന്നെ നോക്കിയിരുന്ന അവരുടെ ഒരു അവ്യക്ത ചിത്രമേ ഇപ്പോൾ മനസ്സിലുള്ളൂ .അന്നറി യാതിരുന്ന ആ ശാന്തി മന്ത്ര ഭാഗം ഞാനിപ്പോൾ അവരിലോരൊരുത്തർക്കും വേണ്ടി ചൊല്ലിക്കൊള്ളട്ടെ :'തേജസ്വീനാമവധീതമസ്തു '(നീയും ഞാനും ചേർന്നു നേടിയ ഈ വിദ്യ മേൽകുമേൽ തേജസ്സാർജ്ജിക്കട്ടെ ).
        ക്ലാസ്സിനു മുമ്പും ക്ലാസ് കഴിഞ്ഞ് ബസ്സു വരുന്നതു വരേയും താഷ്കെന്റിൽ ഞങ്ങൾ നാലുപേരുടെ ഉച്ച കോടി നടന്നിരുന്നു . കോളേജിൽ പഠിച്ച സാമ്പത്തിക ശാസ്ത്രതത്വങ്ങളെ അടിസ്ഥാനമാക്കി   നാട്ടിലെ താത്കാലിക സാമ്പത്തിക സ്ഥിതിയെ വിശകലനം ചെയ്യുന്നതിൽ സുന്ദരേശൻ  കാണിച്ച പാടവം എന്നെ അദ്ഭുത പ്പെടുത്തി .എണ്ണപ്പണംനമ്മുടെ സമ്പദ് വ്യവസ്ഥയെ മാത്രമല്ല സാമൂഹ്യ ബന്ധങ്ങളെ എന്തിനു കുടുംബ ബന്ധങ്ങളെ തന്നെ എങ്ങിനെയൊക്കെയാണ് ബാധിക്കാൻ പോകുന്നത് എന്നയാൾ നിഷ്കൃഷ്ടമായി അപഗ്രഥിച്ചു പ്രവചിച്ചു .പുതിയ സമ്പത്തിനെ അതു കൊണ്ടുവരുന്ന സുന്ദരിമാരിൽ ഒരാളായി രൂപണം ചെയ്തു കൊണ്ട് അയാൾ ഒരു നിമിഷ കവിത നിര്മ്മിച്ചു ചൊല്ലി :"കൂളിംഗ് ഗ്ലാസ്സുമായ് കൂടണയുന്നൊരു
                              കുവൈറ്റ് കാ-----രി , കുവൈറ്റ്കാരി
                             നിന്റെ എണ്ണ ക്കിണറ്റിലെ പൊൻപണം കാണുമ്പോൾ
                              എനിക്കെന്തോരുന്മാദം
                              എനിക്കെന്തോരുന്മാ--------ദം
                               മാറിലെ
                            സ്വർണ്ണ ക്കുരിശിൽ മുത്തം തരാൻ മോഹം
                            മോ--------------- ഹം"
      ഡാ ഷിട്ടിരിക്കുന്നത്   ഇപ്പോഴത്തെ ശൈലിയിൽ സംഗതികളെ സുചിപ്പിക്കാനാണ് .അന്ന് ആ പദപ്രയോഗം സാധാരണക്കാരുടെ ഇടയിൽ നിലവിലുണ്ടായിരുന്നില്ല .
      ഞങ്ങളുടെ ഇടയിൽ ഗാനം ഹിറ്റായി .'നിന്റെ ആരാമമൊന്നു കാണാൻ മോഹമായി' എന്നും "കിളിവാതിൽ കിര് കിരെ തുറ ന്നോട്ടെ" എന്നും മറ്റും  പ്രസിദ്ധ ഗാനരചയിതാക്കൾ എഴുതി പിടിപ്പിക്കുന്ന കാലമായിരുന്നല്ലോ അത് . അത് കൊണ്ട് ഈ ഗാനത്തിൽ അപാകതകൊളൊന്നും ഞങ്ങൾ കണ്ടില്ല .മാത്രമല്ല നേരത്തെ പറഞ്ഞ ബന്ദ്ധ വ്യതിയാനങ്ങളെ സമർഥമായി ധ്വനിപ്പിക്കുന്നുണ്ടായിരുന്നുതാനും  ഈ ഗാനം .
     ക്ലാസ്സ് കഴിഞ്ഞു .ഫീസ്‌ കുട്ടികൾ ഞങ്ങളുടെ കയ്യില നേരിട്ടു തരട്ടെ എന്നായി സുന്ദരേശനും പിള്ള സാറും .അദ്ധ്യാപിക വിദ്യാർഥിനികൾക്ക് അതാണത്രേ താല്പര്യം.അവർ ബഹുമാന പുരസ്സരം ഞങ്ങള്ക്ക് ദക്ഷിണ തന്നു.പരീക്ഷ ദിവസം കൂടിയുണ്ടായിരുന്നു ക്ലാസ് .പരീക്ഷ കഴിഞ്ഞായിരുന്നു ദക്ഷിണ .നന്നായി എഴുതിയതിന്റെ സന്തോഷം അവരുടെ മുഖത്തുണ്ടായിരുന്നു .
  സാങ്കേതികമായി ദക്ഷിണ ഞങ്ങൾ വാങ്ങിയെങ്കിലും അത് സ്ഥാപനത്തിന്റെ ഉടമയെ ഏൽപ്പിക്കുന്നതാണല്ലോ മര്യാദ .ഞങ്ങൾ പണം പിള്ള സാറിനു നേരേ നീട്ടി.പക്ഷേ അദ്ദേഹമോ സുന്ദരേശനോ ആ പണം വാങ്ങാൻ കൂട്ടക്കിയില്ല .അത് ഞങ്ങൾക്കുള്ളതാണത്രേ .കാപ്പി ചോക്ക് കറന്റ് ഇതൊക്കെ  ചെലവുള്ളതല്ലേ എന്ന ചോദ്യത്തിനു നിങ്ങൾ ഉണ്ടാക്കി തന്ന ഗുഡ് വിൽ എത്രയോ വലുതാണെന്നായിരുന്നു സുന്ദരേശന്റെ മറുപടി .തുടര്ന്നു പതിവിലധികം ലഘു ചിത്തനായി അയാള് പാടാൻ തുടങ്ങി :"കൂളിങ്ങ് ഗ്ലാസ്സുമായ്  ----"ഞങ്ങളും കൂടെ ചേർന്നു .കുറച്ചു സമയത്തെ സംഘ ഗാനത്തിനു ശേഷം ഞങ്ങൾ പുറത്തിറങ്ങി .ഞാൻ എന്റെ കയ്യിലിരുന്ന പണം കൂടി കൃഷ്ണൻ കുട്ടിയുടെ കയ്യിൽ  കൊടുത്തു .അയാള് നോട്ടുകളൊക്കെ അടുക്കി. എണ്ണി നോക്കിയില്ല .ഒരു നാണയവും വളരെ കുറ  ച്ചു നോട്ടുകളും എടു ത്തിട്ട്  ബാക്കി മുഴുവൻ എന്നെ തിരികെ ഏൽപ്പിച്ചു .ആവശ്യങ്ങൾ കാണുമല്ലോ കൃഷ്ണൻ കുട്ടി കുറച്ചു പണം കൂടി കയ്യിൽ വെയ്ക്കു എന്ന് ഞാൻ പറഞ്ഞത് അയാള് കേട്ടില്ല .ബസ്സ് വന്നു ഞാൻ തിരിഞ്ഞ് സുന്ദരേശനെ നോക്കി കയ് വീശി .അയാള് അപ്പോഴും പാടിക്കൊണ്ടിരിക്കുകയായിരുന്നു ---എനിക്കൊരുന്മാ --ദം .പാടിക്കൊണ്ട് തന്നെ അയാൾ കയ്  വീശി .അങ്ങിനെ കേരളത്തിന്റെ വരാൻ പോകുന്ന സാമൂഹ്യ സാമ്പത്തിക സാംസ്കാരിക അവസ്ഥയുടെ യഥാ തഥ വിവരണം മധുര പദാവലികളിലൂടെ അനാവരണം ചെയ്യുന്ന അയാളുടെ ഗാനം അയാൾ തന്നെ  പാടുന്നത് കേട്ടു കൊണ്ട് ഞങ്ങൾ പിരിഞ്ഞു . .
               സുന്ദരേശനു ആയിടെ തന്നെ എറ നാകുളത്തു ഒരു വലിയ പ്രവറ്റ് കമ്പനിയിൽ ജോലി കിട്ടിയതായി അറിഞ്ഞു .ഞാൻ തിരുവനന്ത പുര ത്തേക്ക് പോയി .കുറച്ചു കഴിഞ്ഞ് കൃഷ്ണൻ കുട്ടി കൊല്ലത്തേക്കും .ചിരസ്ഥായിയായ സൌ ഹൃദം എന്നത് വലിയ ഒരു നുണയാണ് .പരസ്പരം ഊന്നു വടിയായി നിന്നിരുന്ന കൃഷ്ണൻ കുട്ടിയും ഞാനും പരസ്പരം കാണാതായിട്ട് വർഷങ്ങൾ കഴിയുന്നു .സുന്ദരേശ ന്റെ കാര്യം പറയേണ്ടതില്ലല്ലോ അയാളെ പിന്നീടിതുവരെ കണ്ടിട്ടേയില്ല  .പക്ഷേ അയാളുടെ പാട്ട് എന്നും ഒര്മ്മയിലുണ്ടായിരുന്നു . പൊൻപണം മനുഷ്യ ബന്ധ ങ്ങളുടെ മേൽ അധീശത്വം നേടുന്നതും വീടു ക ൾ ക്ക്ക്കിടയിലും മനസ്സുകളിലും മതിലുകൾ ഉയരുന്നതും കാണുമ്പോളൊ ക്കെ എന്റെ മനസ്സില് യേശുദാസും ജയചന്ദ്രനും മാറി മാറി ആ പാട്ട് പാടിക്കൊണ്ടിരുന്നു .ഏറ്റവും ഒടുവിൽ വെറും കയ്യോടെ തിരിച്ചു വന്ന സഹോദരിമാരെ ടി വി യിൽ കണ്ടപ്പോൾ കമുകറ യുടെ ശബ്ദത്തിൽ ആ പാട്ട് എന്റെ മനസ്സില് വീണ്ടും മുഴങ്ങി.
        ഒരു പെരു  മഴ പെയ്തൊഴിയുന്നതു പോലെയാണ് 45 വര്ഷം കടന്നു പോയത് .  സൈക്കിൾ യഞ്ജം നടത്താനും ട്രെയിനിംഗ് കോളേജിന്റെ പടിചവിട്ടാതെ ടി ടി സി ക്കാരെ പഠിപ്പിക്കാനും കാണിച്ച ധൈര്യംരോഗിയുംവൃദ്ധനുമായിട്ടും ഇപ്പോഴും ഉള്ളില ഉള്ളത് കൊ ണ്ടാവാം ഞാൻ പഴയ വീട് പുതുക്കി പണിയാൻ തീരുമാനിച്ചു .അതിന്റെ ആവശ്യത്തിനു സാധനങ്ങൾ എടുക്കാൻ ഒന്നാം നില വരെ കാർ  കയറിച്ചെല്ലുന്ന സിംഹു ഷോപ്പിങ്ങ് മാളിലെത്തി .ശിവ മാർക്കറ്റിംഗ് ഹബ് എന്നതിന്റെ ചുരുക്കെഴുത്താണ് സിംഹു .ന്യൂക്ലിയസ് ലുലു തുടങ്ങിയ പ്രാകൃത പദ ങ്ങൾ മാത്രം മാളുകളുമായി ബന്ദ്ധ പ്പെട്ടു കേട്ടിരുന്ന ഞാൻ അന്തം വിടാൻ തുടങ്ങുമ്പോൾ എന്നെ നേരത്തെ മുതൽ അറിയാവുന്ന ഒരു ചെറുപ്പക്കാരൻ പറഞ്ഞു .അന്തം വിടാൻ വരട്ടെ ഇതിന്റെ മുതലാളി ശിവ സുന്ദർ ചേട്ടന്റെ കൂടെ പണ്ട് ട്യുട്ടോറിയലിൽ  പഠിപ്പിച്ചിരുന്ന സുന്ദരേശ അണ്ണ നാണെ ന്ന  യാമോ ?
സംഭവിചതിങ്ങനെയാണ് : സുന്ദരേശൻ എറ ണാ കുളത്തെ ജോലി രാജി വെച്ച് കുവൈറ്റിലെ ക്കും അവിടെ നിന്ന് അമേരിക്കയിലേക്കും പോയി .ധനികനായി തിരികെ വന്നു .വലിയ വീട് വെച്ചു ഷോപ്പിങ്ങ് മാളുകൾ പണിതു .നല്ല നിലയിൽ ജീവിക്കുന്നു .
  ആളുകള് സംസാരിച്ചു കൊണ്ടേയിരുന്നു .ഞാൻ കൂടുതൽ കേള്ക്കാൻ നിന്നില്ല .ജീവിതത്തിൽ വിജയിച്ച്ചവരെ ക്കുറിച്ച് പരാജിതർ പലതും പറഞ്ഞുകൊണ്ടിരിക്കും .എന്റെ മനസ്സിൽ സുന്ദരേശന്റെ ഒരു ചിത്രമു ണ്ട് .സ്വന്തം പാട്ട് ആഹ്ലാദവാനായി ലച്ചു ചിത്തനായി പാടിക്കൊണ്ടിരിക്കുന്ന പ്രസരിപ്പുള്ള യുവാവിന്റെ ചിത്രം .ഞാൻ ആ ചിത്രം ഓർത്തെടുത്തു . അയാളുടെ ശബ്ദത്തിൽ ആ പാട്ടും .അത് മൂളി തിരികെ നടന്നു ::"കൂളിംഗ് ഗ്ലാസ്സുമായ് കൂടണയുന്നൊരു
                              കുവൈറ്റ് കാ-----രി , കുവൈറ്റ്കാരി
                             നിന്റെ എണ്ണ ക്കിണറ്റിലെ പൊൻപണം കാണുമ്പോൾ
                              എനിക്കെന്തോരുന്മാദം
                              എനിക്കെന്തോരുന്മാ--------ദം
                               മാറിലെ
                            സ്വർണ്ണ ക്കുരിശിൽ മുത്തം തരാൻ മോഹം
                            മോ--------------- ഹം"
.
       
   



2015 മേയ് 19, ചൊവ്വാഴ്ച

"എത്ര വളർന്നു നീ പത്നിയായ് അമ്മയായ്
എത്ര പിന്നിട്ടു വഴിത്തിരിവെങ്കിലും
നിന്നിലെ നിത്യ കൌമാരയാം മറ്റൊരു
നിന്നെയാണങ്ങു ഞാൻ കാണ്മതു മത്സഖി "
(ചോറുണ് -ഓ എൻ  വി )
                                                                       ഒഴിവുകാലം  -------                                                                                                                                 'ഇനിയും എത്രയോ കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട് എന്ന ഭാവത്തിൽ ധൃതി പിടിച്ചോടുന്ന ജന സഞ്ചയം   'എന്ന എം സുകുമാരന്റെ  വാക്യം നമ്മുടെ ഇടത്തരക്കാരെ ക്കുറിച്ചുള്ള സത്യ സന്ധ മായ ഒരു വിവരണമാണ് ;എന്തായാലും ഞങ്ങളുടെ കാര്യത്തിൽ അതങ്ങിനെയായിരുന്നു, ഇപ്പോഴും അങ്ങിനെയാണ് ;നിർത്താത്ത ഓട്ടം 1975 ഇൽ ഒരുമിച്ചു ജീവിക്കാൻ തുടങ്ങിയതു മുതൽ ഇന്ന് വരെ .അതിനിടെ ഓർക്കാപ്പുറത്ത് കിട്ടിയ ഒരിട വേളയെ ക്കുറി ച്ചാണ് ഇനി പറയാൻ പോകുന്നത് .
    ഭാര്യക്ക് പൈതൃകമായി കിട്ടിയ വീട് ,ഓടിട്ട മച്ചുള്ള പഴയ കെട്ടിടം അതേ പടി നന്നാക്കി നില നിർത്തണമെന്നൊരാഗ്രഹം കുട്ടികൾ പ്രകടിപ്പിച്ചിരുന്നു .അവർ സഹോദരീ സഹോദരന്മാരുടെ കുട്ടികൾ കളിച്ചു വളർന്ന വീടാണല്ലോ അത് .എങ്കിൽ അതങ്ങിനെയാവട്ടെ എന്ന് തീരുമാനിച്ചാണ് ഏപ്രിൽ 5 നു ഏറണാകുള ത്തെ വീടു പൂട്ടി ഞങ്ങൾ മാവേലിക്കരക്ക് പോയത് .പണി ഈ രംഗത്ത് പ്രവർത്തിക്കുന്ന ഒരു യുവ സുഹൃത്തിനെ ഏൽപ്പിച്ചതോടെ ആ കാര്യത്തിലുള്ള ഞങ്ങളുടെ ഉത്തരവാദിത്വം കഴിഞ്ഞു .ഞങ്ങളുടെ സാന്നിദ്ധ്യം മാത്രം മതിയായിരുന്നു പിനീടാ കാര്യത്തിൽ .പണി നടക്കുന്ന വീട്ടിൽ തന്നെ താമസിക്കുന്നതിനു ബുദ്ധി മുട്ടുണ്ടായിരുന്നില്ല .ഏറെ ക്കാലമായി അടഞ്ഞു കിടന്നിരുന്ന അവിടെ ആധുനിക ജീവിത സൗകര്യങ്ങളൊ ന്നും  ഉണ്ടായിരുന്നില്ല .ടിവി കംപ്യുട്ടർ ഇന്റർനെറ്റ്‌ ലാൻഡ് ഫോണ്‍ അങ്ങിനെയൊന്നും .വൈദ്യുതി വെള്ളം വിറ കടുപ്പ് ഒരു പഴയ ട്രാന്സിസ്ടർ റേഡിയോ ഇതൊക്കെയുണ്ടായിരുന്നു .ടിവിയും നെറ്റും ഇല്ലാത്തതു കൊണ്ടു തന്നെ സമയം ധാരാളം .അതു കൊണ്ട് വളരെ വർഷങ്ങൾക്കു ശേഷം മാവേലിക്കര അമ്പലത്തിലെ ഉത്സവം മുഴുവൻ കാണാൻ കഴിഞ്ഞു .
   രണ്ടാം ഉത്സവത്തിൻ നാളാണ് ഞങ്ങളെത്തിയത് .അന്നു മുതൽ തന്നെ ഏതാണ്ടെല്ലാ പരിപാടിക്കും ഞങ്ങൾ കാഴ്ചക്കാരായി ..പ്രത്യേകിച്ചും വേലകളി പോലെ കുട്ടികളെ കൂടുതൽ ആകർഷിക്കുന്ന പരിപാടികൾ ക്ക് .എന്റെ ഭാര്യ വളരെ വര്ഷം പിന്നിലേക്ക് പോയതു പോലെ . .സ്വതവേ ഗൌരവ ബുദ്ധിയായി മാത്രം കണ്ടിട്ടുള്ള ആളുടെ ശൈശവത്തിലേക്കുള്ള ഭാവ പകർച്ച എനിക്ക് കൗതുക കരമായി തോന്നി .
     പഴയ പോലെ വലിയ ആൾക്കൂട്ടമൊന്നും ഉത്സവ പ്പറ മ്പുകളിൽ ഇപ്പോളില്ല .പലരും ചടങ്ങിനു വന്നു കുറച്ചു നിന്നിട്ട് തിരികെ പോകുന്നവരാണ് .പരിപാടികളുടെ നിലവാരവും മോശമായിരുന്നു .അതൊന്നും പക്ഷേ ഞങ്ങൾ കാര്യമാക്കിയതേയില്ല .
        വെറുതെ വർത്തമാനം പറഞ്ഞിരിക്കാൻ സമയം കിട്ടി എന്നതായിരുന്നു മറ്റൊരു വലിയ കാര്യം .ഏതു ചെറിയ കാര്യവും  വലിയ പ്രശ്ന മാക്കി   മാറ്റി സംസാരിച്ച് ടെൻഷൻ വർദ്ധിപ്പിക്കുക യാണല്ലോ നമ്മൾ ചെയ്തു കൊണ്ടിരിക്കുന്നത് .അതിൽ നിന്നുള്ള മാറ്റം ആഹ്ലാദ കരമായിരുന്നു .
   ആകാശവാണി പാരിപാടികൾ കേട്ടിട്ട്  എത്രയോ നാളുകളായി .ലളിത ഗാനവും ചലച്ചിത്ര ഗാനവും ശാസ്ത്രീയ സംഗീതവുമായി കഴിഞ്ഞ ദിവസങ്ങൾ തിരിച്ചു വന്നത് മറ്റൊരു അനുഗ്രഹം
    മറ്റേതൊരു  നല്ല കാര്യവും  പോലെ ഈ ഒഴിവു കാലവും അവസാനിക്കാതെ വയ്യല്ലോ .വീണ്ടും നഗര വാരിധിയിലേക്ക് ..