2016 ജൂലൈ 11, തിങ്കളാഴ്‌ച


'കൃപ ലഭിച്ചവളെ നിനക്കു വന്ദനം '
 
   .ദൈവപുത്രനു മാതാവാകാനുള്ള നിയോഗം  അറിയിക്കുന്നതിന്  ആമുഖമായി ഗബ്രിയേൽ മാലാഖ കന്യാ മറിയത്തെ അഭിവാദനം ചെയ്യുന്ന വാക്യമാണ്.ഈ സന്ദർഭം ഡാവിഞ്ചി ഉൾപ്പെടെയുള്ള നവോതഥാന ചിത്രകാരന്മാരുടെ ഒരിഷ്ട വിഷയമായിരുന്നു ..അത്തരം ചിത്രങ്ങളിലൊന്ന് ലോസ് ഏഞ്ചൽസിനു സമീപമുള്ള നോർട്ടൺ സൈമൺ മ്യുസിയത്തിൽ ഞാൻ കണ്ടു .16 ആം നൂറ്റാണ്ടിൽ  ഇറ്റലിയിൽ ജീവിച്ചിരുന്ന ഫ്രാൻസെസ്കോ ബിസോളോ എന്ന ചിത്രകാരന്റെ സൃഷ്ടി .
     വീടിന്റെ അകത്തളത്തിൽ മുട്ടു കുത്തി പ്രാർത്ഥനാ പുസ്തകം വായിക്കുന്ന മറിയം .അഭിമുഖമായി മാലാഖ .പിന്നിലെ ജനലിൽ മുകൾഭാഗത്ത് ഐശ്വരമായ പ്രകാശം ചൊരിയുന്ന പ്രാവ് .ആ വെളിച്ചം കന്യകയുടെ മുഖത്തെ ദിവ്യവും ദീപ്തവുമാക്കുന്നു .അവരുടെ പരിവേഷം ദൈവ ദൂതന്റെ  പരിവേഷതത്തേക്കാൾ വലിയതും ശോഭയേറിയതുമാണ് .
    ചിത്രത്തിൽ കന്യകയുടെയും മാലാഖയുടെയും ശിരസ്സുകൾ ഇരുണ്ട പശ്ചാത്ത ലത്തിലായത് അവ എടുത്തു കാണിക്കുന്നതിനു വേണ്ടിയാണെന്ന് നിരൂപകർ അഭിപ്രായപ്പെട്ടിട്ടുണ്ടത്രെ .വരാനിരിക്കുന്ന  തിരുപ്പിറവിയുടെ അന്ജ്ജേയ തയും തുടർന്ന് മാതാവും പുത്രനും നേരിടാൻ പോകുന്ന പീഡാനുഭവങ്ങളും  ഇതിലൂടെ സൂചിപ്പിക്കപ്പെട്ടിരിക്കുന്നു എന്നാണെനിക്കു തോന്നുന്നത് .
    ഒരു പ്രത്യേകത കൂടി .ചിത്രത്തിൽ കാണുന്നത് നവോഥാനകാലത്തെ  ഇറ്റാലിയൻ ഭവനമാണ് .ഒന്നാം നൂറ്റാണ്ടിലെ പലസ്തീൻ  യഹൂദ ഭവനമല്ല ..
 
    

2016 ജൂലൈ 7, വ്യാഴാഴ്‌ച


ജൂലൈ 4
അമേരിക്കൻ ഐക്യ നാടുകൾ സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്നത് ജൂലൈ നാലാണ് .1776 ഇൽ  ആദിവസം ആണ് അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിൽ അവരുടെ നിയമ സഭ നിയോഗിച്ച ഏഴു നേതാക്കൾ ഒപ്പുവെച്ചത് .വാസ്തവത്തിൽ അതിനു രണ്ടു ദിവസം മുമ്പ് ബ്രിട്ടനിൽ നിന്നു വിടുതൽ നേടിക്കൊണ്ടുള്ള പ്രമേയം നിയമ സഭ, കോണ്ടിനെന്റൽ കോൺഗ്രസ്സ് ,പാസ്സാക്കിയിരുന്നു .
    ജീവിക്കാൻ സ്വതന്ത്രരായിരിക്കാൻ സ്വന്തം സന്തുഷ്ടിക്കു വേണ്ടി പ്രവർത്തിക്കാൻ(Life , Liberty and The Pursuit of Happiness ) ഉള്ള അവകാശം എല്ലാമനുഷ്യർക്കും ദൈവദത്തമാണെന്ന് പ്രഖ്യാപിക്കുന്ന ആ രേഖ മനുഷ്യ പുരോഗതിയുടെ മാർഗ്ഗത്തിലെ ഒരു പ്രധാന നാഴിക കല്ലാണ് .
    അമേരിക്കൻ ഇന്ത്യ ക്കാർ ,കറുത്ത വർഗ്ഗക്കാർ ,ദരിദ്രരായ വെള്ളക്കാർ എല്ലാ വർഗ്ഗത്തിലും പെട്ട സ്ത്രീകൾ ഇവരൊന്നും പ്രഖ്യാപനത്തിലെ മനുഷ്യർ എന്ന നിർവചനത്തിൽ ഉൾപ്പെടുന്നില്ല എന്നൊരു വിമർശനം ജനകീയ ചരിത്രകാരന്മാരുടെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളത് തീർത്തും തെറ്റാണെന്നു പറഞ്ഞുകൂടാ .പക്ഷെ ആ തെറ്റു തിരുത്തി കൊണ്ടിരിക്കുകയാണ് അന്ന് മുതൽ തന്നെ അമേരിക്കൻ ഭരണകൂടവും പൊതു സമൂഹവും ..1930 ഓട്‌ കുടി അമേരിന്ത്യ ക്കാർക്ക് പൂർണ്ണ പൗരത്വം ഉറപ്പാക്കി അടിമത്തത്തിന്റെ അവശിഷ്ടങ്ങൾ കുടി 960 ഓട് കൂടി അവസാനിപ്പിച്ചു ,സ്ത്രീകൾക്ക് വോട്ടവകാശവും തുല്യ പൗരത്വവും കിട്ടി .ഇതൊക്കെ കടലാസ്സിലല്ലേ പ്രായോഗിക ജീവിതത്തിലോ എന്ന ചോദ്യമുണ്ടാവാം ..ആ ചോദ്യം ലോകത്തെവിടെയും പ്രസക്തമല്ല എന്ന മറുചോദ്യം മാത്രമാണ് മറുപടി .
     മലയാളികളുൾപ്പെടെ ധാരാളം ഇന്ത്യക്കാർ വിദ്യാഭ്യാസത്തിനും ജോലിക്കുമായി അമേരിക്കയിൽ എത്തുന്നുണ്ട് .എല്ലാവർക്കും ഇവിടെ അവസരം ലഭിക്കുന്നു .മാന്യമായ വേതനവും നല്ല പെരുമാറ്റവും കിട്ടുന്നു .
     അമേരിക്കയുടെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും സാമ്പത്തിക വ്യവസ്ഥയെക്കുറിച്ചുമൊക്കെ ഭിന്നാഭിപ്രായങ്ങളുണ്ടാവാം .പക്ഷെ മതേതര റിപ്പബ്ലിക്കൻ ഗവൺമെന്റ് എന്ന ആശയംആദ്യം  പ്രാവർത്തികമാക്കിയത് അമേരിക്കൻ വിപ്ലവം നടത്തിയവരായിരുന്നു ;മനുഷ്യന്റെ തുല്യതയെ ക്കുറിച്ച് ആദ്യ പ്രഖ്യാപനം നടത്തിയതും .അതിന്റെ 240 ആം വാർഷികം ഒരു  ജനത ആഘോഷ പൂർവം കൊണ്ടാടുകയാണ് .ആഹ്ലാദത്തിന്റെ പൂത്തിരികൾ എനിക്കു ജനാലയിലൂടെ കാണാം .ഞാൻ അവരുടെ സന്തോഷത്തിൽ പങ്കു ചേരുന്നു




2016 ജൂലൈ 4, തിങ്കളാഴ്‌ച

അങ്ങിനെ അശ്വതിക്ക് 2 ലക്ഷം രൂപാ കിട്ടി .മാത്രമോ പ ഠി ത്തത്തിനുള്ള ചെലവ് അതു കഴിഞ്ഞുദ്യോഗം അങ്ങിനെ അങ്ങിനെ അങ്ങിനെ .ജിഷയുടെ അമ്മക്കും കിട്ടി സാമ്പത്തിക സഹായവും മറ്റും .ബസ്സിൽ പ്രസവിക്കേണ്ടി  ആദിവാസി സഹോദരിമാർക്കും കിട്ടിയിട്ടുണ്ടാവണം എന്തെങ്കിലും ഒക്കെ .
     ഇതൊക്കെ കാണുമ്പോൾ എനിക്ക് ചെറുപ്പത്തിൽ കേട്ട ചില അനുഭവ കഥ കളാണ് ഓർമ്മ വരുന്നത് .തമ്പുരാന് അടി യാനെ  കെട്ടിയിട്ടു തല്ലാൻ അധികാരമുണ്ടായിരുന്ന കാലം .ചില തമ്പുരാക്കന്മാരെങ്കിലും ആ അവകാശം വിനിയോഗിക്കാറുണ്ടായിരുന്നത്രെ .പക്ഷെ അങ്ങിനെ തല്ലിയാൽ തല്ലു കൊള്ളുന്ന ആളിന് നെല്ലും തേങ്ങയും വെളിച്ചെണ്ണയും ഒരു പുതിയ മുണ്ടും കൊടുക്കുമായിരുന്നു  .രണ്ടുമാസത്തെ കൂലി  ഒറ്റ ദിവസം കൊണ്ട് .പക്ഷെ പൂർവികർ അതു വേണ്ടാ സ്വാതന്ത്ര്യം മതി എന്നാണ് തീരുമാനിച്ചത് .ഗാന്ധിയൻ അയിത്തോച്ചാടനം അംബേദ്കർ പ്രസ്ഥാനം സവർണ്ണ ഹിന്ദുക്കളിലെ വിശാല മനസ്കരുടെ പ്രായോഗികവും ആശയ പരവുമായ പ്രവർത്തനങ്ങൾ  കമ്യുണിസ്റ്റു പ്രസ്ഥാനത്തിന്റെ സക്രിയമായ ഇടപെടൽ  ഇതെല്ലാം കൂടിച്ചേർന്നു ണ്ടാക്കിയ സമ്മർദ്ദത്തിന്റെ ഫലമായി ആ കാലം എന്നേക്കുമായി പോയ്മറഞ്ഞു .അഥവാ അങ്ങിനെ നമ്മൾ കരുതി .പക്ഷെ അക്കാലം മടങ്ങി വരുന്നുണ്ടോ എന്നു സംശയം തോന്നിത്തുടങ്ങിയിരിക്കുന്നു ഇവിടെ  പക്ഷെ തല്ലുന്നത്  സഹപാഠികളും  അയൽക്കാരും മറ്റുമാണെങ്കിൽ നെല്ലളക്കുന്നത് സർക്കാരാണ് .
   ഇതല്ല വേണ്ടത് .ഇങ്ങിനെയുള്ള സംഭവങ്ങൾ ഉണ്ടാവരുത് .ഉണ്ടായാൽ ചോദിക്കാനാളുണ്ടാവും എന്ന അവസ്ഥ നിലവിൽ വരണം  .അതുണ്ടാക്കാൻ പഴയ പോലെ ഏതെങ്കിലും പ്രസ്ഥാനം സഹായിക്കുമെന്നു കരുതേണ്ട .ദളിതരും ആദിവാസികളും അവരുടെ പ്രതിരോധം സ്വയം തീർക്കേണ്ടിയിരിക്കുന്നു .
       സായുധ കലാപമോ  സുവിശേകരുടെ മാർഗമോ പരിഹാര മാർഗ്ഗങ്ങളല്ല എന്നു ബോദ്ധ്യമായി ക്കഴിഞ്ഞതാണല്ലോ ..പിന്നെ അവശേഷിക്കുന്നത് ഗാന്ധിയൻ സമര മാർഗ്ഗമാണ് .ലോകത്തെവിടെയും അടിച്ചമർത്തപ്പെട്ടവർ സ്വീകരിക്കുന്നത് അതാണ് ..അഹിംസ നല്ലൊരു ആക്രമണായുധമാണ് എന്നു തെളിയിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു .നമ്മുടെ ദളിത് ആദിവാസി സമൂഹത്തിനും ആ മാർഗ്ഗം Militant nonviolence  സ്വീകരിക്കാവുന്നതേയുള്ളു .കമ്യുണൽ അവാർഡ് കാര്യത്തിൽ മഹാത്മജി എടുത്ത നിലപാട് അതിനു തടസ്സമാവേണ്ടതില്ല .
      എവിടെയെങ്കിലും വംശീയമായ പീഡനമുണ്ടായാൽ പരാതി പറയാനും അതു കേൾക്കാനും ആളുണ്ടായാൽ കുട്ടികൾ കടും കൈക്കൊന്നും തയാറാവുകയില്ല ..അങ്ങിനെയുള്ള സന്ദര്ഭഭങ്ങളിൽ ഫോണിൽ ബന്ധപ്പെടാൻ കഴിയുന്ന ഒരു ഹെൽപ് ലൈൻ രൂപീകരിക്കുകയാവട്ടെ ആദ്യ പടി .തുടർന്നിവയൊക്കെ നിയമത്തിന്റെയും പൊതു സമൂഹത്തിന്റെയും ശ്രദ്ധയിൽ കൊണ്ട് വരാനുള്ള സംവിധാനം ;.മാസങ്ങൾ കഴിഞ്ഞല്ല  അടിയന്തിരമായി .വിശദാമ് ശങ്ങൾ    ആലോചിച്ച് തീരുമാനിക്കേണ്ടവയാണ് ..
   രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുന്ന ദളിത് നേതാക്കൾ ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിക്കേണ്ട .അവർക്കത്തിന് കഴിയുകയില്ല .വ്യവസ്ഥാപിത ദളിത് നേതൃത്വത്തിന്റെ കാര്യം പരിതാപകരമാണു താനും
         ഇക്കാര്യത്തിൽ മുന്നിട്ടിറങ്ങാൻ കഴിയുന്ന സ്വതന്ത്ര ദളിത് പ്രവർത്തകരുണ്ട് .കോമൺ സിവിൽകോഡിനെക്കുറിച്ചുള്ള ഉത്കണ്ഠകൾ മാറ്റിവെച്ച് അവർ ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിക്കാം 

2016 ജൂലൈ 1, വെള്ളിയാഴ്‌ച


ചിത്രം വിചിത്രം
അവതാരകർ, അവർ നിർമ്മാതാക്കളുമാണ് ,പൂമാലയിട്ട് സ്വീകരിക്കപ്പെടുന്ന രീതിയിൽ നിൽക്കുന്നതായിരുന്നു ഇന്നത്തെ ചിത്രം വിചിത്രം (ഏഷ്യാ നെറ്റ് ന്യുസ് )പരിപാടിയുടെ വിചിത്രമായ മുഖചിത്രം .പരിപാടി തുടങ്ങിയപ്പോഴാണ് മനസ്സിലായത് ഇന്നത്തേത് അറ നൂറാം എപ്പിസോഡാണ് .മാല സഹ പ്രവർത്തകർ അണിയിച്ചതായിരിക്കണം .സ്വയം അണിഞ്ഞതാവാൻ വഴിയില്ല .കാരണം അവതാരകർ  ഞാനെന്ന ഭാവം പ്രകടിപ്പിക്കുകയില്ല എന്നതാണ് ചിത്രം വിചിത്രത്തെ മറ്റു വിമർശ ഹാസ്യ പരിപാടികളിൽ നിന്നും തീർത്തും വ്യത്യസ്തമാക്കുന്നത് . സാധാരണ  ഹാസ്യ പരിപാടി കളിൽ  അവതാരകൻ ഉയർന്ന തലത്തിൽ നിന്ന് എല്ലാം നോക്കി കാണുന്ന ന്യായാധിപന്റെ ഭാഗമാണ ഭിനയിക്കുക  ,(അവയിൽ ചിലത് വളരെ നല്ല നിലവാരം പുലർത്തുന്നതാണെന്ന വസ്തുത ഞാൻ അംഗീകരിക്കുന്നു ) ,ഗോപീകൃഷ്ണനും ലല്ലുവും പക്ഷെ സാധാരണക്കാരിൽ സാധാരണ കാരായി നിന്നു കൊണ്ടാണ് സംഭവങ്ങളെയും വ്യക്തികളെയും നോക്കിക്കാണുന്നത് .അവർ ആരെയും വിധിക്കുന്നില്ല ;വസ്തുതകൾ ഹാസ്യാത്മകമായി വിവരിച്ചു  തരുന്നതേയുള്ളു.
   എന്നെ ഈ പരിപാടിയുടെ അഡിക്ടാക്കി മാറ്റിയ മറ്റു ചില സവിശേഷതകൾ കുടി പറയാം .അവയിൽ ഒന്നാമത്തേത് ഇതിൽ പ്രകടമാവുന്ന ശുദ്ധ നർമ്മമാണ് .ഒരാളിനെ ആധാരമാക്കി ഹാസ്യം സൃഷ്ടിക്കുമ്പോൾ അത് ആ ആളിനു കൂടി രസിക്കുന്നതാവണം .എങ്കിലേ അത് യഥാർത്ഥ ഹാസ്യമാവു .കുട്ടികൃ ഷ്ണ മാരാർ പറഞ്ഞതാണ് .മാരാരുടെ നിർവചനത്തോട് ഏറ്റവും അടുത്തുനിൽക്കുന്ന ടി വി ഹാസ്യ വിമർശ പരിപാടി ചിത്രം വിചിത്രമാണ് .
  അവതാരകരുടെ നിക്ഷ്പക്ഷതയാണ് ചിത്രം വിചിത്രത്തിന്റെ മറ്റൊരു സവിശേഷത .ലല്ലുവോ ഗോപീകൃഷ്ണനോ ആരുടെയെങ്കിലും പക്ഷം പിടിക്കുന്നതായി തോന്നാറേയില്ല .അവർക്ക് പക്ഷ പാതങ്ങൾ ഉണ്ടാകാമെങ്കിലും .
       സിനിമാഗാന ങ്ങളും ഡയലോഗുകളും തെരഞ്ഞെടുക്കുന്നതിൽ കാണിക്കുന്ന  ഔ ചിത്യവും പ്രശംസനീയമാണ് .കൂടുതൽ മെച്ചപ്പെട്ടവ ആകാമായിരുന്നു എന്നു തോന്നിയ സന്ദർഭങ്ങളുണ്ട്, അപൂർവമായി .ഒരുദാഹരണം : പ്രശസ്തരായ അതികായന്മാരെ മുഖാമുഖം അവതരിപ്പിക്കുന്നിടത്ത് 'ഏകാന്ത പ ഥ്കനും ''ഞാൻ ഞാൻ എന്ന ഭാവങ്ങളെ'യും ഉപയോഗപ്പെടുത്താമായിരുന്നു .സംഭവങ്ങൾ അതാതു ദിവസം വൈകുന്നേരം സംപ്രേക്ഷണം ചെയ്യത്തക്കവണ്ണം ഒരുക്കി എടുക്കുന്നതിലെ ബുദ്ധി മുട്ടോർക്കുമ്പോൾ ഇതൊക്കെ എത്ര നിസ്സാരം .
     മുഴുവൻ സമയം ടി വി ക്കു മുമ്പിൽ ഇരിക്കുന്ന കുട്ടത്തിലല്ല ഞാൻ .പക്ഷെ കഴിഞ്ഞ രണ്ടു വർഷമായി ഇന്ത്യൻ സമയം രാത്രി 9 .30 നും 10 നും ഇടയിൽ ഞാൻ വല്ല നിവൃത്തിയുമുണ്ടെങ്കിൽ ടി വിക്കു മുമ്പിലുണ്ടാവും ചിത്രം വിചിത്രം കാണാൻ .
     600 ആം ദിനത്തിൽ എന്റെ ആശംസകൾ അഭിനന്ദങ്ങളും .