2018 ജൂലൈ 8, ഞായറാഴ്‌ച

7-7-2018
  കഴിഞ്ഞ ചില വർഷങ്ങളിൽ  വിട്ടുപോയ    ചില മലയാള ചിത്രങ്ങൾ ഈയിടെ കാണാൻ ഇടയായി .അവയിൽ ചിലത് നല്ലനിലവാരം പുലർത്തുന്നു .അക്കൂട്ടത്തിൽ ഒന്നാണ് ബിനു ഉലഹന്നാന്റെ ''മെല്ലെ '.
      ഒരു പ്രണയകഥയുടെ ഋജുവായ ,മന്ദ്ര സ്ഥായിയിലുള്ള ആഖ്യാനം ;ഒപ്പം ഒരു വലിയ സാമൂഹ്യ വിപത്ത് ആയ ഒരു പ്രശ്‍നം പോർവിളികളും പ്രഭാഷണങ്ങളും ഒഴിവാക്കിക്കൊണ്ട് എന്നാൽ ഫലപ്രദമായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു .പശ്ചാത്തലമായി കൊൽക്കൊത്ത നഗരവും കേരളത്തിലെ ഒരു ഉൾനാടൻ ഗ്രാമവും .പ്രധാന വേഷങ്ങൾ ചെയ്തവർ ,അമലും തനുജയും പുതുമുഖങ്ങളാണെന്നു തോന്നുന്നു .രണ്ടു പേ
 രും നന്നായി .അതിലും അല്പം കൂടി നന്നായിട്ടുണ്ട് ഉപകാരിയായ നാട്ടിൻപുറത്തുകാരൻ അച്ചായനെ അവതരിപ്പിച്ച ജോജു .
   എല്ലാ ഘടകങ്ങളും ചേരുംപടി ചേർത്ത് നല്ലൊരു ദൃശ്യാനുഭവം ആസ്വാദകർക്ക് സമ്മാനിക്കുന്നതിൽ സംവിധായകൻ ഏറെക്കുറെ വിജയിച്ചിരിക്കുന്നു

      

2018 ജൂലൈ 3, ചൊവ്വാഴ്ച

2-7-2018

എനിക്കിതു സഹിക്കാൻ കഴിയുന്നില്ല .
ലോകത്തിന്റെ മറ്റേ അറ്റത്ത് മലയാളവാർത്തകൾ തമാശയോടെ കേട്ടിരിക്കുമ്പോഴാണ് പൊടുന്നനെ ഈ വാർത്ത ദൃഷ്ടിയിൽ പെട്ടത് .തുടർന്ന് അവർ പറയുകയും ചെയ്തു ഒരു ജീവൻ പൊലിഞ്ഞിരിക്കുന്നു ,ഒരു പത്തൊമ്പതുകാരൻ വിദ്യാർത്ഥി  പൈശാചികമായി കൊല ചെയ്യപ്പെട്ടിരിക്കുന്നു .നാലു പതിറ്റാണ്ടിനു ശേഷം  മഹാരാജാസിലെ മണ്ണിൽ ചോര വീണിരിക്കുന്നു .
   കരച്ചിലടക്കാൻ പാടു പെടുന്ന ആ അച്ഛനേയുംനൊന്തു പെറ്റ മകനെ വിളിച്ചു കരയുന്ന ആ അമ്മയേയും മനസ്സിലെങ്കിലും എന്തു പറഞ്ഞാണ് സമാധാനിപ്പിക്കുക ?
  കലാലയ അതിക്രമത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായ ബ്രിട്ടോയേയും ഞാൻ ടി വി യിൽ കണ്ടു .ബ്രിട്ടോ കുടുംബത്തിന്റെ സുഹൃത്തായിരുന്നു കൊല്ലപ്പെട്ട അഭിമന്യു .ചക്ര വ്യൂഹത്തിനുള്ളിൽ കടക്കാനല്ലാതെ പുറത്തിറങ്ങാൻ പുരാണത്തിലെ അഭിമന്യു പഠിച്ചിരുന്നില്ല എന്ന് ബ്രിട്ടോ കളിയായി പറയാറുണ്ടായിരുന്നു അഭിമന്യുവിനോട് .ചക്രവ്യൂഹം ചമയ്ക്കുന്നവർ ധർമ്മയുദ്ധമുറകളൊന്നും പാലിക്കാറില്ല പണ്ടും എന്ന് ബ്രിട്ടോയ്ക്കറിയുമായിരിക്കും ;അഭിമന്യു അത്രയ്ക്കൊന്നും അനുഭവ സമ്പത്തുള്ള ആളല്ലല്ലോ .
    ഭീകരവാദത്തിന് കേരളത്തിൽ വേരോട്ടമുണ്ടായിക്കഴിഞ്ഞിരിക്കുന്നു എന്ന് വേണം വിചാരിക്കാൻ .അതിനിയും വളരാൻ അനുവദിച്ചുകൂടാ .എന്നല്ല അതിനെ വേരോടെ നശിപ്പിക്കുക തന്നെ വേണം .ഭരണ കൂട ശക്തി ഉപയോഗിച്ചു തന്നെ ഭീകരവാദത്തെ ഉന്മൂലനം ചെയ്യണം .
    അതാണ് പോംവഴി ;അതു മാത്രമാണ് പോംവഴി .കണ്ണിനു പകരം കണ്ണ് എന്ന നിയമം ഒരു കാരണവശാലും നടപ്പാക്കപ്പെട്ടുകൂടാ .

2018 ഏപ്രിൽ 16, തിങ്കളാഴ്‌ച

ബുദ്ധ മതവും ഇന്ത്യൻ ജാതി വ്യവസ്ഥയും
    പി കെ ബാലകൃഷ്ണൻ
ബുദ്ധ മതം പ്രവൃദ്ധമായിരുന്ന കാലത്തും ജാതി സമൂഹം ജാതി സമൂഹമായി തന്നെ നിലനിന്നു .*
*ഇന്ത്യയിൽ ബുദ്ധ മതം പ്രവൃദ്ധമായിരുന്ന കാലത്ത് ബുദ്ധ ഭിക്ഷുക്കളല്ലാത്ത ബുദ്ധ മതാനുയായികൾ ഇതര സാമാന്യ ജനങ്ങളിൽ നിന്നും ക്രിസ്തുമതാനുയായികളെ പോലെയും ഇസ്ലാം മതാനുയായികൾ പോലെയും വേർതിരിഞ്ഞു വർത്തിച്ച ഒരു ഒരു പ്രത്യേക ജന വിഭാഗമായിരുന്നില്ല എന്നാണു നാനാ സാഹചര്യങ്ങൾ കൊണ്ടും മനസ്സിലാക്കേണ്ടി വരുന്നത് .പ്രത്യേകമായ അനുഷ്ഠാനങ്ങളും ആചാരക്രമങ്ങളും അവർക്കില്ലായിരുന്നുവെന്നും അവനവന്റെ ആത്മജാതി വൃത്തത്തിൽ ജാത്യാചാരമനുസരിച്ചു ജീവിക്കുകഎന്നതു തന്നെയായിരുന്നു അവർക്കു കരണീയമായ നടപടി എന്നും സാഹചര്യങ്ങൾ ആകെ കണക്കിലെടുത്താൽ കാണാം .ഇക്കാര്യത്തിൽ ഏറെ വെളിച്ചം വീശുന്ന ഒന്നാണ് -The social organization in northeast India in Budhist  Time -എന്ന Richard Tick ന്റെ ഗ്രന്ഥം .ജാതി സമൂഹത്തിന്റെ ലംഘനമില്ലാത്ത നിലനിൽപിലേക്കു തന്നെയാണ് ആർ  എസ ശർമ്മയുടെ Aspects of Political Ideas and Institutions   in Ancient India എന്ന ഗ്രന്ഥത്തിലെ ജാതിയെ സ്പർശിക്കുന്ന അദ്ധ്യായങ്ങൾ .സാമാന്യ ജനതയുടെ സമുദായ ബദ്ധമായ നിത്യ ജീവിത ക്രമത്തിൽ ജാതിവ്യവസ്ഥക്കെതിരായി ബുദ്ധമതം നില സ്വീകരിച്ചതായി കാണുന്നില്ല എന്ന അഭിപ്രായം തന്നെയാണ് Ancient Indian Social History എന്ന ഗ്രന്ഥത്തിൽ ശ്രീമതി റൊമീളാ ഥാപ്പറും പ്രകടിപ്പിച്ചു കാണുന്നത് .(ജാതി വ്യവസ്ഥിതിയും കേരളചരിത്രവും )

2018 മാർച്ച് 14, ബുധനാഴ്‌ച

യൂപി  ബീഹാർ  ഉപ തെരഞ്ഞെടുപ്പുകൾ
        ഈ ഉപതെരഞ്ഞെടുപ്പുകളിൽ എനിക്ക് ഏറ്റവും സന്തോഷമുണ്ടാക്കിയ ഘടകം അവിടങ്ങളിലെ കോൺഗ്രസ്സിന്റെ ദയനീയമായ പരാജയമാണ് .ഇന്ത്യയുടെ ഹൃദയ ഭാഗത്തു കോൺഗ്രസ്സ് അപ്രസക്തമായിരിക്കുന്നു .ബി ജെ പി ഇതര കോൺഗ്രസിതര മുന്നണി സാദ്ധ്യമാണെന്നു തെളിയിക്കപ്പെട്ടിരിക്കുന്നു .അതിനപ്പുറം ഈ തെരഞ്ഞെടുപ്പിൽ അട്ടിമറിയും നോക്കുകൂലിയുമൊന്നുമില്ല .ഉദാഹരണത്തിന് എസ്  പി യും ബി എസ്  പി യും സംയുക്തമായി ബി ജെ പി യെക്കാൾ കൂടുതൽ വോട്ട് നേടിയിരുന്നു 2014 ലും 2017 ലും .ബിഹാറിലേത് ആർ ജെ ഡി യുടെ സിറ്റിംഗ് സീറ്റായിരുന്നു.
   മഹനീയമായ ജനാധിപത്യ തത്വങ്ങളും ഇവിടെ അന്തര്ഭവിച്ചിട്ടില്ല ;മതരാഷ്ട്രീയം ജാതി രാഷ്ട്രീയത്തിന് വഴി മാറിയെന്നു മാത്രം

2018 മാർച്ച് 10, ശനിയാഴ്‌ച

വരിക ഗന്ധർവ ഗായകാ വീണ്ടും 
   യാദൃശ്ചികമായാണ് കൈരളി പീപ്പിളിൽ എത്തിപ്പെട്ടത് .ദയാ വധത്തെ പറ്റി കേട്ടപ്പോളുണ്ടായ അസ്വസ്ഥതയിൽ ചാനൽ മാറ്റുകയായിരുന്നു .പീപ്പിളിൽ അപ്പോൾ 'മധുരിക്കും ഓർമ്മകളെ 'എന്നപേരിൽ ഓ എൻ വി യുടെ നാടകഗാനങ്ങളുടെ പുനരാവിഷ്കാരം ആണ് നടന്നു കൊണ്ടിരുന്നത് .യു റ്യുബിലില്ലാത്ത പഴയ ഓ എൻ വി നാടക ഗാനങ്ങൾ കേൾക്കാനൊരു സുവർണ്ണാവസരം .
      തങ്കകാൽത്തളയും ,എന്തിനു പാഴ്ശ്രുതിയും അത്തി കായ്കളും ,നേരം മങ്ങിയ നേരവും ഒക്കെഅവിടെ കേട്ടു  കല്ലറ ഗോപനും ശ്രീറാമും രാജീവും രാജലക്ഷ്മിയും അപർണ്ണയും മറ്റും  മാറി മാറി പാടി. ഭാഗ്യം .ഇറങ്ങിയ കാലത്തിനു ശേഷം കേട്ടിട്ടേയില്ലാത്ത 'മണ്ണിൽ പിറന്ന ദേവകന്യ'യും 'ജനനി ജന്മഭൂമിയും' കേൾക്കാൻ കഴിഞ്ഞത് മഹാഭാഗ്യം
  പാട്ടുകാർ ആരും ഈ പാട്ടുകൾ ഇറങ്ങിയ കാലത്തു കേട്ടിട്ടുള്ളവരല്ല .ഈ പാട്ടുകളുള്ള നാടകങ്ങളും കണ്ടിരിക്കാൻ വഴിയില്ല .എങ്കിലും ഭാവം നഷ്ടപ്പെടുത്താതെ പാടാൻ അവർക്കു കഴിഞ്ഞു .ഒരു തെറ്റു പക്ഷെ എടുത്തു പറയാതിരിക്കാൻ കഴിയുന്നില്ല .കാക്കപ്പൊന്നിലെ 'മാനത്തെ മഴവില്ലിനേഴു നിറം 'എന്ന് തുടങ്ങുന്ന പാട്ടിലെ ആദ്യ  ചരണം 'ആയിരത്തിരി മാല ചാർത്തിയ ദീപ ഗോപുര നടയിൽ /അമ്പിളി മോതിരം അഴകിൽ നീട്ടി കാത്തു നിൽക്കുവതാരോ 'എന്നാണ് .'ആയിരത്തിരമാല 'എന്നാണ് രാജലക്ഷ്മി പാടിയത് .നക്ഷത്രങ്ങൾ കൊണ്ട് ആയിരത്തിരി ചാർത്തി അമ്പിളി മോതിരം നീട്ടി നിൽക്കുന്ന പ്രപഞ്ചം ആയിത്തീരുന്നു പാട്ടിലെ കാമുകൻ .ആ ബിംബ കല്പന അ ലംകോലമാക്കിക്കളയുന്നു രാജലക്ഷ്മിയുടെ സ്ഖലിതം .തിരമാലയ്ക് അവിടെ യാതൊരു പ്രസക്തിയുമില്ല 'മലർവാക കൊമ്പത് 'ഭാവഗായകനു സമാസമം  നിന്ന് പാടി ഗംഭീരമാക്കിയ ഗായികയോട് അനാദരവ് പ്രകടിപ്പിക്കുകയല്ല 55 കൊല്ലം മുമ്പ് വി ജെ ടി ഹാളിൽ ഏറ്റവും പിൻ നിരയിലിരുന്നു ആ പാട്ട് കേട്ടിട്ടുള്ള ഒരാളിന് തോന്നിയ രസഭംഗം സൂചിപ്പിച്ചു എന്നു മാത്രം .ഇതു വായിക്കുന്നവരിലാർക്കെങ്കിലും അവരെ പരിചയമുണ്ടെങ്കിൽ ശ്രദ്ധയിൽ പെടുത്തിയാൽ നന്ന് .
    നന്ദി കൈരളി പീപ്പിളിന്‌ സംഗീത സാന്ദ്രമായ ഒരു രാത്രിക്ക് അദ്ധ്യാപകൻ കൂടിയായിരുന്ന ഗന്ധർവ ഗായകനെ ഓർമ്മിപ്പിച്ചതിനും
   ഗന്ധർവ ഗായകാ   വരിക കാതോർത്തു നിൽക്കുന്നു കാലം
    


    

2018 ജനുവരി 20, ശനിയാഴ്‌ച

സംശയമില്ല ജനാധിപത്യത്തെ ക്കുറിച്ച് അങ്കലാപ്പോടെ ആലോചിച്ചുപോകുന്ന  ചില സംഭവങ്ങൾ ഇപ്പോഴുണ്ടാകുന്നുണ്ട് .പക്ഷെ എഴുപതുകളുടെ തുടക്കത്തിലേ പോലെ ഒരു കാഫ്കയിറ്റ് ദുസ്വപ്നമായി അത് മാറിക്കഴിഞ്ഞിട്ടില്ല .നാം കരുതിയിരിക്കുക തന്നെ വേണം
    പക്ഷെ പരിഹാരം തെളിയിക്കപ്പെട്ട ഏകാധിപത്യ പ്രവണതകളുള്ള വംശ കുടുംബാധിപത്യത്തിൽ വിശ്വസിക്കുന്ന ഉള്ളിൽ ഒരു ജനാധിപത്യവുമില്ലാത്ത ശക്തികളുമായി കൈകോർക്കുന്നതാണോ ?.രോഗത്തെക്കാൾ അപകടകരമായ ചികിത്സ ആയിരിക്കുമത് ,ആത്മഹത്യാപരവും .
  38 ശതമാനത്തോളം വോട്ടാണ് ഇപ്പോഴത്തെ ഭരണ കക്ഷിക്കും കൂട്ടാളികൾക്കും കൂടി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കിട്ടിയത് .മുഖ്യ പ്രതിപക്ഷ കക്ഷിക്കും കൂട്ടുകാർക്കും കൂടി 24  ശതമാനവും .ഏതാണ്ട് നാൽപ്പതു ശതമാനത്തോളം പേർ രണ്ടിലും പെടാത്തവരായി ഉണ്ട് .അവരെ വേണ്ട വിധത്തിൽ സംഘടിക്കാൻ നമുക്ക് കഴിയുകയില്ലേ ?കഴിയും എന്നാണ് എന്റെ വിശ്വാസം .
   എന്തായാലും എന്തിന്റെ പേരിലായാലും അടിയന്തിരാവസ്ഥയുടെ ഇരുട്ടിനെ ശക്തികളുമായി കൂട്ട് കൂടുന്നതിന് ഞാൻ എതിരാണ്
പോകുന്ന

2018 ജനുവരി 3, ബുധനാഴ്‌ച

3-1-2018

അങ്ങിനെ മായാ നദി കണ്ടു ഒരുപാടു പ്രതീക്ഷിച്ചതു കൊണ്ടാവാം എനിക്ക് തൃപ്തികരമായി തോന്നിയില്ല .ഉദ്ദേശ ശുദ്ധിയും കാഴ്ചപ്പാടുകളുടെ കൃത്യതയും മാത്രം പോരാ ഒരു സൃഷ്ടി കലാപരമായി മികച്ചതാകുവാൻ ;ആസ്വാദകന് അതിൽ നിന്ന് ഒരു ഏസ്തെറ്റിക് ഓബ്ജക്ട് രൂപപ്പെടുത്തിയെടുക്കാൻ കഴിയണം .എനിക്കതിനു കഴിഞ്ഞില്ല ;കുറ്റം എന്റെ സിനിമാ ബോധത്തിന്റേതാവാം .
      കാഴ്ചക്കാരിൽ ഇന്ന് ശ്രീധറിൽ മാറ്റിനിക്ക് തലനരച്ചവരായി ഞങൾ രണ്ടു പേരെ ഉണ്ടായിരുന്നുള്ളു .ബാക്കിയുള്ളവരെല്ലാം ചെറുപ്പക്കാരായിരുന്നു ,IFFK ടച്ചുള്ള യുവതീയുവാക്കൾ .അവർക്ക് സിനിമ ഇഷ്ടപ്പെട്ടുവെന്നു തോന്നി തീയേറ്ററിലെ പ്രതികരണങ്ങളിൽ നിന്ന് .
           വളരെ ഭാവിയുണ്ടെന്നു പ്രവചിക്കപ്പെട്ട സമീറ എന്ന യുവനടി സഹോദരനിൽ നിന്നടിവാങ്ങി അഭിനയം നിർത്തി പോകുന്ന ഹൃദയ സ്പര്ശിയായി ;സിനിമയുടെ അവസാന രംഗവും .
      രൂഢമായ പല വിശ്വാസങ്ങളെയും ചിരപ്രതിഷ്ഠിതമായ ചില വിഗ്രഹങ്ങളേയും ചോദ്യം ചെയ്യാനുള്ള ഒരു ശ്രമം ഈ ചിത്രത്തിലുണ്ട് ;ഫെമിനിസ്റ്റുകളുടെ ചില മൂഢവിശ്വാസങ്ങളുൾപ്പെടെ ..അതിൽ ഈ ചിത്രത്തിന്റെ ശിൽപികൾ ,മുഖ്യ ശില്പിയായ ആഷിക് അബു വിശേഷിച്ചും അഭിനന്ദനം അർഹിക്കുന്നു