2018, ജൂലൈ 3, ചൊവ്വാഴ്ച

2-7-2018

എനിക്കിതു സഹിക്കാൻ കഴിയുന്നില്ല .
ലോകത്തിന്റെ മറ്റേ അറ്റത്ത് മലയാളവാർത്തകൾ തമാശയോടെ കേട്ടിരിക്കുമ്പോഴാണ് പൊടുന്നനെ ഈ വാർത്ത ദൃഷ്ടിയിൽ പെട്ടത് .തുടർന്ന് അവർ പറയുകയും ചെയ്തു ഒരു ജീവൻ പൊലിഞ്ഞിരിക്കുന്നു ,ഒരു പത്തൊമ്പതുകാരൻ വിദ്യാർത്ഥി  പൈശാചികമായി കൊല ചെയ്യപ്പെട്ടിരിക്കുന്നു .നാലു പതിറ്റാണ്ടിനു ശേഷം  മഹാരാജാസിലെ മണ്ണിൽ ചോര വീണിരിക്കുന്നു .
   കരച്ചിലടക്കാൻ പാടു പെടുന്ന ആ അച്ഛനേയുംനൊന്തു പെറ്റ മകനെ വിളിച്ചു കരയുന്ന ആ അമ്മയേയും മനസ്സിലെങ്കിലും എന്തു പറഞ്ഞാണ് സമാധാനിപ്പിക്കുക ?
  കലാലയ അതിക്രമത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായ ബ്രിട്ടോയേയും ഞാൻ ടി വി യിൽ കണ്ടു .ബ്രിട്ടോ കുടുംബത്തിന്റെ സുഹൃത്തായിരുന്നു കൊല്ലപ്പെട്ട അഭിമന്യു .ചക്ര വ്യൂഹത്തിനുള്ളിൽ കടക്കാനല്ലാതെ പുറത്തിറങ്ങാൻ പുരാണത്തിലെ അഭിമന്യു പഠിച്ചിരുന്നില്ല എന്ന് ബ്രിട്ടോ കളിയായി പറയാറുണ്ടായിരുന്നു അഭിമന്യുവിനോട് .ചക്രവ്യൂഹം ചമയ്ക്കുന്നവർ ധർമ്മയുദ്ധമുറകളൊന്നും പാലിക്കാറില്ല പണ്ടും എന്ന് ബ്രിട്ടോയ്ക്കറിയുമായിരിക്കും ;അഭിമന്യു അത്രയ്ക്കൊന്നും അനുഭവ സമ്പത്തുള്ള ആളല്ലല്ലോ .
    ഭീകരവാദത്തിന് കേരളത്തിൽ വേരോട്ടമുണ്ടായിക്കഴിഞ്ഞിരിക്കുന്നു എന്ന് വേണം വിചാരിക്കാൻ .അതിനിയും വളരാൻ അനുവദിച്ചുകൂടാ .എന്നല്ല അതിനെ വേരോടെ നശിപ്പിക്കുക തന്നെ വേണം .ഭരണ കൂട ശക്തി ഉപയോഗിച്ചു തന്നെ ഭീകരവാദത്തെ ഉന്മൂലനം ചെയ്യണം .
    അതാണ് പോംവഴി ;അതു മാത്രമാണ് പോംവഴി .കണ്ണിനു പകരം കണ്ണ് എന്ന നിയമം ഒരു കാരണവശാലും നടപ്പാക്കപ്പെട്ടുകൂടാ .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ