2018, ജൂലൈ 30, തിങ്കളാഴ്‌ച

29 -7 -2018 ധ്യായതേ

ചായം പൂശിയ വീട്  ഇന്ത്യയിൽ പ്രദർശനാനുമതി കിട്ടാതെ പോയ ഒരു മലയാള ചിത്രമാണ് .സതീഷ് ,സന്തോഷ് ബാബുസേനൻമാർ എഴുതി സംവിധാനം ചെയ്ത ചിത്രം ഞാൻ നെറ്ഫ്ലിക്സിൽ കണ്ടു .ഇതിനു അമേരിക്കയിൽ വിലക്കില്ലെന്നു തോന്നുന്നു .
   ഏകാകിയും വൃദ്ധനുമാ യ എഴുത്തുകാരൻ ഗൗതം തന്റെ വീടിന്റെ നടുത്തളത്തിൽ കുഴഞ്ഞു വീഴുന്നു .കാളിങ് ബെൽ ;ഗൗതം ഒന്നും സംഭവിക്കാത്തതു പോലെ വാതിൽ തുറക്കുന്നു .രണ്ടോ മൂന്നോ ദിവസത്തേക്ക് താമസിക്കൻ അനുവാദം ആവശ്യപ്പെട്ട് സുന്ദരിയായ ഒരു യുവതി കടന്നു വരുന്നു .സംസാരത്തിനിടയിൽ ഗൗതം അവളുടെ പേരു പറയുന്നുണ്ട് :വിഷയ .അപ്പോൾ പ്രേക്ഷകനു കാര്യങ്ങൾ മനസ്സിലാവുന്നു ,ഇത് ഗൗതമിന്റെ ഉള്ളിൽ നടക്കുന്ന കഥയാണ് .ഏറെക്കാലമായി ഗൗതമൻ അടക്കി നിർത്തിയിരിക്കുന്ന വിഷയാസക്തിയാണ് വിഷയ എന്ന പേരിൽ എത്തിയിരിക്കുന്നത് ."ധ്യായതേ വിഷയാൻ പുംസ ...." ഗീതയിലെ ആ പ്രസക്ത ശ്ലോകങ്ങൾ പ്രേക്ഷകനോർമ്മ വരും :വിഷയങ്ങളെ ധ്യാനിച്ചിരിക്കുന്ന പുരുഷന് ആസക്തിയുണ്ടാവുന്നു ,ആസക്തിയിൽ നിന്ന് കാമം ,കാമത്തിൽ നിന്ന് ക്രോധം ,ക്രോധത്തിൽ നിന്ന് മോഹം .മോഹത്തിൽ നിന്ന് സ്മൃതി നാശം ,അതിൽ നിന്ന് ബുദ്ധി നാശം ,"ബുദ്ധി നാശാത് പ്രണശ്യതി ".
   വിഷയാസക്തിയേയും കാമത്തേയും പ്രതിനിധാനം ചെയ്യുന്ന അവളുടെ പ്രലോഭനങ്ങൾക്കിടയിൽ ,യാദൃശ്ചികമെന്നോണം തന്റെ നഗ്‌ന മേനി ഗൗതമിന്റെ ശ്രദ്ധയിൽ പെടുത്തുന്നുമുണ്ട് അവൾ ,എത്തിച്ചേരുന്ന രാഹുൽ എന്ന ചെറുപ്പക്കാരൻ ഗൗതമനെ  തന്റെ വീട്ടിലേക്ക് പിടിച്ചുകെട്ടിക്കൊണ്ടു പോകുന്നു .അവിടെ അയാളെ രാഹുൽ പലവിധ പീഡനങ്ങൾക്കും വിധേയനാക്കുന്നു വിഷയ അയാളെ ഉപദ്രവിക്കുന്നില്ല പക്ഷെ അവൾ രാഹുലിന്റെ പങ്കാളിയാണ് കിടപ്പറയിലും കൂടിയെന്ന് ഗൗതം മനസ്സിലാക്കുന്നു ..പീഡനങ്ങൾക്കിടയിലെ പ്രലോഭനങ്ങളുടെ ഭാഗമായി വീണ്ടും നഗ്നതാ പ്രദർശനങ്ങളുണ്ടാവുന്നു .അവയൊന്നും അശ്ലീലമായി അനുഭവപ്പെടുകയില്ല ;കഥാഗതിക്ക് ആവശ്യമെന്നല്ല അനിവാര്യമാണ് ആ രംഗങ്ങൾ എന്നാണു പ്രേക്ഷകനു തോന്നുക .
     എന്തായാലും പീഡനങ്ങൾ സഹിക്കാതെ രാഹുലിനെ ,അയാൾ ഉറങ്ങിക്കിടക്കുമ്പോൾ ഇരുമ്പു വടികൊണ്ട് അടിച്ചുകൊല്ലാനൊരുങ്ങുന്ന ഗൗതമനെ  വിഷയ പേർ വിളിച്ചു തടയുന്നു .ആ നിമിഷം രാഹുലും അയാൾ കിടന്ന കട്ടിലും വിഷയയും അപ്രത്യക്ഷമാവുന്നു .മുമ്പിലുള്ള കണ്ണാടിയിൽ വടിയോങ്ങി നിൽക്കുന്ന തന്നെത്തന്നെ ഗൗതമിനു കാണാം .തന്റെ മിത്രവും ശത്രുവും താൻ തന്നെ ! തന്റെ നോവലിലെ നായകനായ നചികേതസ്സിനെ പ്പോലെ ഗൗതം കടപ്പുറത്ത് തനിച്ചിരിക്കാറുണ്ടായിരുന്ന കസേര ഒഴിഞ്ഞിരിക്കുന്നതായി കാണിച്ചു കൊണ്ട് ചിത്രം അവസാനിക്കുന്നു.
      സംസാരിയുടെ ,ക്ഷര പുരുഷന്റെ ക്ലേശങ്ങൾ ആഖ്യാനം ചെയ്യുന്ന ഈ ചിത്രത്തിൽ മൂന്നേ മൂന്നു കഥാപാത്രങ്ങളേയുള്ളു :ഗൗതമൻ (കലാധരൻ )വിഷയ (നേഹ മഹാജൻ )  രാഹുൽ (അക്രം മുഹമ്മദ്).നേഹ നന്നായി അഭിനയിച്ചു .മറ്റു രണ്ടു പേരും മോശമായിട്ടില്ല .
       ഒരു ആശയത്തിന്റെ ആവിഷ്കാരമെന്ന നിലയിൽ ഈ ചിത്രം പരാജയപ്പെട്ടിട്ടില്ല .പക്ഷെ ദൃഷ്ടാന്തകഥകൾക്ക് അവയിലൂടെ സൂചിതമാവുന്ന ആശയങ്ങൾക്കപ്പുറം സ്വതന്ത്രമായ നിലനിൽപ്പുണ്ടാവണം .നള ദമയന്തി കഥ പോലെ .ചായം പൂശിയ വീട് ഒരു കാഫ്കയിറ്റ് ദുസ്വപ്നമായി ആഖ്യാനം ചെയ്യാൻ   സംവിധായകർ ശ്രമിച്ചിട്ടുണ്ട് .അത് പക്ഷേ പൂർണമായി ഫലവത്തായിട്ടില്ല എന്നു  പറയേണ്ടിയിരിക്കുന്നു .അതെന്തായാലും മലയാളികൾ കാണേണ്ടഒരു ചിത്രം തന്നെയാണിത് .അതിനുള്ള അവസരം നിഷേധിക്കപ്പെട്ടത് ഖേദകരമാണ് .











അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ