2018, ജൂലൈ 24, ചൊവ്വാഴ്ച

24 -7 -2018   ഒഴിവു ദിവസത്തെ കളി ഇന്നാണ് കാണാൻ കഴിഞ്ഞത് ;നെറ്ഫ്ലിക്സിൽ .കാണാതിരുന്നെങ്കിൽഅത്  വലിയ നഷ്ടമാകുമായിരുന്നു .
        ഉപതെരഞ്ഞെടുപ്പിന്റെ പേരിൽ കിട്ടിയ ഒരു അവധി. അഞ്ചു സുഹൃത്തുക്കൾ ഒത്തു കൂടുന്നു മദ്യക്കുപ്പികളുമായി ഒരു കാട്ടാറിന്റെ തീരത്തുള്ള ഒറ്റപ്പെട്ട ഒരു കെട്ടിടത്തിൽ .കാവൽക്കാരൻ കൂടിയായ ഒരു ജോലിക്കാരനും ഭക്ഷണം വെക്കാനും മറ്റും വന്ന ഒരു വേലക്കാരിയും മാത്രമേ സംഘത്തിലുള്ളവരെ കൂടാതെ അവിടെയുള്ളു .പരിസരത്തൊന്നും മറ്റു മനുഷ്യരില്ല.സുഹൃത്തുക്കളിൽ ഒരാൾ ബ്രാഹ്മണനാണ് ;ഒരാൾ കറുത്ത നിറമുള്ളയാളും .അതൊന്നും അവരുടെ സൗഹൃദത്തിനു തടസ്സമല്ല.പക്ഷേ പാർട്ടി പുരോഗമിക്കുംതോറും ഓരോരുത്തരുടെയും ഉള്ളിലിരുപ്പ് കുറേശ്ശേയായി പുറത്തു വന്നു തുടങ്ങുന്നു ,യുങ് ഷാഡോ എന്നു പേർ നൽകിയ യഥാർത്ഥ വ്യക്തിത്വം .വാദ പ്രതിവാദങ്ങൾ തർക്കങ്ങളായി കയ്യാങ്കളിയോളം എത്തുന്നു .അതൊക്കെ പറഞ്ഞൊതുക്കി വീണ്ടും പഴയപടിയായി. അവർ നേരം പോക്കാൻ കള്ളനും പോലീസും കളിക്കാൻ തീരുമാനിക്കുന്നു .അതിന്നിടയിൽ അവരിൽ രണ്ടു പേർ വേറെ വേറെയായി ജോലിക്കാരി ഗീതയോട് ചില സമീപനങ്ങൾ നടത്തിയിരുന്നു .അതിൽ ഒരാൾ അവളുടെ വിസ്സമ്മതം മനസ്സിലാക്കി പിന്തിരിയുന്നു .മറ്റേയാളാകട്ടെ -അയാളാണ് പരിപാടിക്ക് പണം മുടക്കുന്നത് ,അതയാൾ പറയുന്നുമുണ്ട് -അവളുടെ എതിർപ്പവഗണിച്ച് ചില ചുവടുവെപ്പുകൾ നടത്തുകയും അവളുടെ കയ്യുടെ ചൂടറിയുകയും ചെയ്തു .അവളുടെ വെട്ടു കത്തിക്കു മുന്നിൽ അയാൾ പത്തി മടക്കി തിരിച്ചോടി .സുഹൃത്തുക്കൾ ഇതൊക്കെ മനസ്സിലാക്കുന്നുണ്ട് ,നേരിട്ട് പറയുന്നില്ലെങ്കിലും .
     കള്ളനും പോലീസും കളിക്കാൻ നാലുപേർ മതിയല്ലോ .അതുകൊണ്ട് അഞ്ചാമൻ ,നമ്മുടെ തിരുമേനി, ജഡ്ജി ആവുന്നു .പോലീസുകാരന്റെ നറുക്കു കിട്ടിയ ആൾ ആദ്യം രാജാവിനെയും പിന്നെ മന്ത്രിയെയും കള്ളനെന്നു കരുതി പിടിച്ചു . അതിനുള്ള ശിക്ഷ കൈക്കൂലി നൽകി ഒഴിവാക്കി .കള്ളന്റെ നറുക്കു വീണത് കറുത്തയാൾക്കാണ് .ന്യായാധിപനും രാജാവും മന്ത്രിയും പോലീസുകാരനും കാരനും കൂടി അയാളെ അയാളുടെ തന്നെ ഉടുമുണ്ടഴിച് അതുകൊണ്ടു തൂക്കിക്കൊല്ലുന്നു .പശ്ചാത്തലത്തിൽ ഉടനീളം ഉപതെരഞ്ഞെടുപ്പിന്റെ തത്സമയ വാർത്തകൾ.
    യഥാർത്ഥ രാഷ്ട്രീയം ഓരങ്ങളിലാണ് മാർജിനിലാണ് സംഭവിക്കുന്നത് .കാമറ അവിടേക്ക് ഫോക്കസ് ചെയ്യുമ്പോൾ മുഖ്യധാരയിലെ  രാഷ്ട്രീയ നാടകം പശ്ചാത്തലത്തിലെ അപ്രസക്ത പ്രലപനങ്ങൾ മാത്രമാവുന്നു .കറുത്തവനെ ഉടുമുണ്ടഴിച് വധിക്കുന്ന യഥാർത്ഥ സംഭവം നടക്കുന്നതിനു രണ്ടു മൂന്നു കൊല്ലം മുൻപാണ് ഈ സിനിമ ഇറങ്ങുന്നത് .കല പ്രവചനം കൂടിയാണ് .
     പീഡന ശ്രമങ്ങളെ സ്ത്രീ പ്രതിരോധിക്കുന്നു ,കറുത്തവൻ ബലിയർപ്പിക്കപ്പെടുന്നു .ഭരണകൂട രാഷ്ട്രീയം പശ്ചാത്തലത്തിൽ സ്വന്തം നാടകങ്ങൾ അരങ്ങേറുന്നു .നിർദോഷമായ ഒരൊഴിവ് ദിന വിനോദമായി തുടങ്ങുന്ന കളി കാര്യമാവുന്നത് ഒരു പക്ഷെ നമ്മുടെ കാലത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാവുന്നത് അന്യാദൃശമായ ധ്വനിഭംഗിയോടെ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നു ഈ ചിത്രത്തിൽ .
       
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ