2018, ജൂലൈ 16, തിങ്കളാഴ്‌ച

14-7-2018
കേശഭാരം കബരിയിലണിയും .........
-----------------------------------------------------------

'നല്ല പാട്ട് ' എന്നാണ്‌തോന്നിയത്, നാലര പതിറ്റാണ്ടു മുമ്പ് ആദ്യം കേട്ടപ്പോൾ തന്നെ  .പാടിയിരിക്കുന്നത് യേശുദാസോ ജയചന്ദ്രനോ അല്ല .ബ്രഹ്മാനന്ദനുമല്ല .ആൻറ്റോ ,ശ്രീകാന്ത് ഇവരാരുമല്ല .പി കെ മനോഹരൻ എന്നൊരു ഗായകനാണ് .
     മലയാളത്തിന് ഒരു പുതിയ ഗായകൻ കൂടി എന്ന് ഞങ്ങൾ, അന്നത്തെ സിനിമാപ്രേമികൾ മനസ്സിൽ ഉറപ്പിച്ചു .ഒന്നുമുണ്ടായില്ല.ചില യുഗ്മഗാനങ്ങളിലൊക്കെ ആ ശബ്ദം പിന്നീട് കേട്ടു ;അതും ക്രമേണ ഇല്ലാതായി .യു ട്യൂബിൽ ക്ലിക്ക് ചെയ്യുമ്പോൾ ഉടനടി പ്രത്യക്ഷപ്പെടാത്ത ചില ഇഷ്ടഗാനങ്ങൾ ഈയിടെ തേടിപ്പിടിച്ചതിൽ ഈ പാട്ടിനൊപ്പം ഗായകനെക്കുറിച്ചുള്ള ഒരു വീഡിയോയും കിട്ടി ഏഷ്യാനെറ്ന്യൂസിനു നന്ദി .
     മനോഹരന് അവസരങ്ങൾ കുറഞ്ഞു ;തീരെ ഇല്ലാതായി.ജീവിക്കാൻ വേണ്ടി പല തൊഴിലും നോക്കി .ഇപ്പോൾ ഒരു സെക്യൂരിറ്റി ജീവനക്കാരനായി കഴിയുന്നു .കുട്ടികളുടെ പഠിത്തം വിവാഹം ഇവയ്ക്കൊക്കെ വേണ്ടി  കടം വാങ്ങേണ്ടി വന്നിട്ടുണ്ട് ;വീട് ജപ്തി ഭീഷണിയിലാണ് .കേശഭാരം വീണ്ടും കേൾക്കുമ്പോഴുള്ള അസ്വസ്ഥത വേറെ .നേടിയതിനെക്കുറിച്ചും നഷ്ടപ്പെട്ടതിനെ കുറിച്ചും അനുശോചിക്കരുതെന്നു വേദാന്തികൾ പറയും .തൂവിപ്പോയ ജീവിതം പക്ഷെ സാധാരണ മനുഷ്യനെ ഹോണ്ട് ചെയ്തു കൊണ്ടിരിക്കും ,വാർദ്ധക്യത്തിൽ വിശേഷിച്ചും ."സ്വരയൗവ്വനങ്ങളിൽ കാമകല ഉണർത്തി "കൊണ്ടു മാത്രമല്ല കാലം തിരനോട്ടം നടത്തുന്നത് ,പലപ്പോഴും വലിയ അലർച്ചകളോടു കൂടിയാണ്.
     മനോഹരനെ സിനിമാ രംഗത്തെ  സഹപ്രവർത്തകർ സഹായിച്ചില്ലേ ? ഇല്ല എന്നു വേണം അനുമാനിക്കാൻ .ഇവിടെ ഇതോടൊപ്പം കണ്ട മറ്റൊരു വീഡിയോയെ കുറിച്ചു കൂടി പറയേണ്ടിയിരിക്കുന്നു .എഴുപതുകളിൽ ഉപനായികയായി നിരവധി സിനിമകളിൽ അഭിനയിച്ചിരുന്ന ഒരു നടിയുടെ ദുഃഖ കഥ പറയുന്ന ഒരു വീഡിയോ .സിനിമ വിട്ട ശേഷം അവർ ചെന്നൈയിൽ നിന്ന് അകലെയുള്ള ഒരു ഗ്രാമത്തിൽ ഒരു ഒറ്റ മുറി വീട്ടിൽ കഴിയുകയായിരുന്നു ഡ്രൈവർ ആയ ഭർത്താവുമൊത്ത് .ജീവിതം ദുരിത പൂർണമായിരുന്നു .
    അവരുടെ പിൽക്കാലത്തെക്കുറിച്ച് ചില റിപ്പോർട്ടുകൾ കണ്ടു യു ട്യൂബിൽ തന്നെ .അവരെ കാണാതാവുകയായിരുന്നു.അവർക്കു പക്ഷേ എല്ലാമാസവും കൃത്യമായി 5000 രൂപ ബാങ്കിൽ എത്തുമായിരുന്നുവത്രേ .അവരെ കാണാതായതിനു ശേഷം ആറുമാസം കൂടി ആ പണം എത്തിയിരുന്നു .ആ അൺ ക്ലെയിംഡ് അമൗണ്ടിനെ കുറിച്ചുള്ള അന്വേഷണത്തിലാണ് തങ്ങളുടെ അയല്പക്കത്തു താമസിച്ചിരുന്ന ദരിദ്രയായ വൃദ്ധ ഒരു കാലത്തു മലയാളത്തിലെ പ്രശസ്തയായ നടിയായിരുന്നുവെന്നു നാട്ടുകാർ മനസ്സിലാക്കിയത് .കാരണം ആ പണം അയച്ചു കൊണ്ടിരുന്നത് മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യായിരുന്നു.
       'അമ്മ പതിവു തെറ്റിക്കാതെ അവരുടെ അനാഥ വാർദ്ധക്യങ്ങളെ സഹായിക്കുന്നുണ്ട് ;സഹായം ഇരട്ടിയാക്കാൻ ഉദ്ദേശിക്കുന്നു ,വീടില്ലാത്തവർക്കു വീടു വെച്ചു കൊടുക്കാനും ;അവരുടെ പ്രസിഡന്റ് മോഹൻലാൽ പത്രസമ്മേളനത്തിൽ പറയുന്നത് ടി വി യിൽ കേട്ടതാണ് .വാർദ്ധക്യത്തിൽ ഉപേക്ഷിക്കപ്പെടുക ഹ്രുദയഭേദകമാണെന്നിരിക്കെ '
അമ്മ'യുടെ ഈ ദൃശ പ്രവവൃത്തികൾ  ശ്ളാഘനീയമാണെന്നു സമ്മതിച്ചല്ലേ മതിയാവു .ഏതു സംഘടനയിലും ഉള്ളതു പോലെ അഭിപ്രായ വ്യത്യാസങ്ങൾ  'അമ്മ'യിലും ഉണ്ടാവും .അതൊക്കെ അവർക്കു തന്നെ പറഞ്ഞു തീർക്കാൻ കഴിയുമെന്നാണ് എനിക്കു തോന്നുന്നത് .അവരുടെ പ്രസിഡന്റിന്റെ പത്രസമ്മേളനത്തിലും എതിർഭാഗത്തുനിൽക്കുന്നവരുടെ പ്രതിനിധിയായ യുവനടിയുടെ ടി വി അഭിമുഖത്തിലുംഒരേ പോലെ കണ്ട ഉത്തരവാദിത്തബോധവും വിദ്വേഷമില്ലായ്മയും അനുരഞ്ജനാത്മകതയും  അതിലേക്ക് വിരൽ  ചൂണ്ടുന്നു .
     എനിക്കിതിലൊക്കെ എന്തു കാര്യം എന്ന ചോദ്യമുണ്ടാവാം .ജീവിതനൗക തൊട്ടിങ്ങോട്ട് മലയാളത്തിലിറങ്ങിയ ഒട്ടുമിക്ക ചിത്രങ്ങളും ,പലതും പലപ്രാവശ്യം, കണ്ടിട്ടുള്ള എനിക്ക് ഇവരൊക്കെ എന്റെ സ്വന്തം ആളുകളാണെന്നാണ് തോന്നാറുള്ളത് .'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി'യുടെ സെറ്റിൽ വെച്ച് കഷകത്തൊഴിലാളി വൃദ്ധ പ്രേംനസീറിനെ കുറിച്ച് അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിൽ പറഞ്ഞതോർമ്മയില്ലേ 'ഞങ്ങൾ തമ്മിൽ നല്ല പരിചയമാ ,ഞാൻ കൊട്ടകയിലും ഇദ്യം സ്‌ക്രീനിലുമായി നമ്മൾ എത്രയോ വട്ടം കണ്ടിരിക്കുന്നു '.അതു തന്നെയാണ് എനിക്കും പറയാനുള്ളത് .               അപ്പോഴും മനോഹരനെപ്പോലെയുള്ളവരുടെ പ്രശനം അവശേഷിക്കുന്നു .'അമ്മ'യുടെ .മാതൃക സിനിമാ രംഗത്തുള്ള മറ്റു  സംഘടനകൾക്കും പിന്തുടരാവുന്നതല്ലേ ?


     
             

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ