2019 ജൂലൈ 22, തിങ്കളാഴ്‌ച

18-7-2019 ഇന്ന് ജൂലൈ 18 ;അമ്പതു വര്ഷം മുമ്പ് 1969 ജൂലൈ 18 നാണ് ഞാൻ തിരുവനതപുരം ഏ ജീ സോഫീസിൽ ജോലിയിൽ പ്രവേശിച്ചത് ;ഇന്ത്യൻ ഭരണഘടനയും അനുബന്ധനിയമാവലികളും അനുസരിച്ച് ജോലിചെയ്തുകൊള്ളാമെന്നു ദൃഢ പ്രതിജ്ഞ ചെയ്തുകൊണ്ട് .പിന്നീടുള്ള മുപ്പത്തേഴു വർഷവും ഞാനാ പ്രതിജ്ഞ അക്ഷരം പ്രതി പാലിച്ചു ,കൃത്യമായും സത്യസന്ധമായും എന്റെ ജോലിചെയ്തു ;ഓഫീസിലും എന്റെ സേവനം കടം വാങ്ങിയ മൂന്നു പൊതുമേഖലാ സ്ഥാപനങ്ങളിലും .
പക്ഷെ ഞാൻ ഭരണഘടനയുടെ വകുപ്പകൾക്കെതിരെയുള്ളവ ഉൾപ്പെടെയുള്ള സമരങ്ങളിലും പങ്കെടുത്തു .ലോക ചരിത്രത്തിലെ ഏറ്റവും ക്രൂരവും ഹീനവുമായ ഏകാധിപത്യങ്ങളിലൊന്നിന്റെ ഡ്രസ്സ് റിഹേഴ്സൽ നടന്നത് കേരള ഏ ജീസിലാണ് അവിടത്തെ സംഘടനയുടെ ജനറൽ സെക്രട്ടറിയെ ഇന്ത്യൻ പ്രസിഡന്റ് നേരിട്ട് പിരിച്ചു വിട്ടുകൊണ്ട് .അതിനെതിരായ ചെറുത്തുനില്പിന്റെ ഭാഗമായതാണ് എന്റെ ജീവിതത്തിലെ ഏറ്റവും സാർത്ഥകമായ സംഭവം എന്ന് ഞാൻ കരുതുന്നു .വിക്രമൻ തിരിച്ചു വന്നില്ല .പക്ഷെ 1960 ഇൽ 80 രൂപ കുറഞ്ഞ വേതനം നിശ്ചയിക്കപ്പെട്ടിരുന്നുവെങ്കിൽ ഇന്നത് ൨൦൦൦൦ ത്തിൽ അധികമായിരിക്കുന്നു . .വിലസൂചിക അന്നത്തെ കണക്കുവെച്ച് 100 ആയിരുന്നത് ഇന്ന് 8000 ത്തിൽ എത്തിയിട്ടില്ല .യാഥാർത്ഥവേതനം പല മടങ്ങു വർദ്ധിച്ചുവെന്നർത്ഥം .തോറ്റ ചരിത്രം കേട്ടിട്ടില്ല എന്ന മുദ്രാവാക്യം അന്വർത്ഥമാണ് അതിനെ പരിഹസിക്കുന്നത് ശരിയല്ല എന്നൊക്കെ മനസ്സിലായല്ലോ .ജീവനും ജോലിയും ഇൻക്രെമെന്റും ഒക്കെ നഷ്ടപ്പെടുത്തിയഒരുപാട് മനുഷ്യരുടെ ,ലോക ദൃഷ്ടിയിൽ തോറ്റ മനുഷ്യരുടെ ചോരയും കണ്ണീരും വിയർപ്പുമാണ് ഈ സുസ്ഥിതി സാദ്ധ്യമാക്കിയത് .തോറ്റ മനുഷ്യരാണ് ചരിത്രം സൃഷ്ടിക്കുന്നത് .അക്കൂട്ടത്തിൽ ഏറ്റവും പിൻനിരയിലാണെങ്കിലും ഒരു സ്ഥാനം അവകാശപ്പെടാനുണ്ടെന്നതിൽ ഞാൻ അഭിമാനിക്കുന്നു .
ഇപ്പോൾ മഹാത്മാക്കളല്ലാത്തവർക്കും ആത്മകഥയെഴുതാമല്ലോ .ഞാനും എഴുതുന്നുണ്ട് എന്റെ എഫ് ബി വായനക്കാർക്കു വേണ്ടി .അപ്പോൾ എല്ലാം വിശദമായി പറയാം .
ഇപ്പോൾ ആ കടലാസ്സു കുന്നുകൾക്കിടയിൽ ഇണങ്ങിയും പിണങ്ങിയും പ്രണയിച്ചും കലഹിച്ചും ഫലിതം പറഞ്ഞും ശകാരിച്ചും എനിക്കൊപ്പം ജീവിച്ചവരെ ഓർമ്മിക്കുക മാത്രം ചെയ്യട്ടെ




2019 ജൂലൈ 7, ഞായറാഴ്‌ച

May7,2019
സമുദ്ര ശില
---------------------
ഒറ്റയിരിപ്പിനു വായിച്ചു തീർത്ത പുസ്തകങ്ങളിലൊന്നാണിത് .ഉറക്കം വായനയെ തടസ്സപ്പെടുത്തിയെങ്കിലോ എന്നു കരുതി രാത്രിയിലെ ഗുളികകൾ  ഏതാനും മണിക്കൂർ മാറ്റിവെച്ചു .പൈങ്കിളിക്കഥകളും ഡിറ്റക്റ്റീവ് നോവലുകളും മറ്റുമല്ലേ അങ്ങിനെ വായിക്കുന്നത് എന്നു ചോദിക്കുന്നവരോട് 'അല്ല ഞാൻ പല ക്ലാസിക്കുകളും ഒറ്റയരിപ്പിനു വായിച്ചു തീർത്തിട്ടുണ്ട് എന്നാണു പറയാനുള്ളത് ;അന്നാ കരിനീന,മാർത്താണ്ഡവർമ്മ ,ഭ്രാന്താലയം ,ചെമ്മീൻ ,സുന്ദരികളും സുന്ദരന്മാരും , നാലുകെട്ട് ,പ്ലേഗ് ,ട്രയൽ .....അങ്ങിനെ പലതും .ധർമ്മരാജായും,കയറും ,തെരുവിന്റെകഥയും ,അരനാഴിക നേരവും താളവും  കുറ്റവും ശിക്ഷയുമെല്ലാം സമയമെടുത്താണ് വായിച്ചത് .അതിന്റെ പേരിൽ ഇതിൽ ഒരു വിഭാഗത്തിൽ പെട്ട കൃതികൾ മറ്റുവിഭാഗത്തിൽ പെട്ട കൃതികളെക്കാൾ മഹത്തരങ്ങളെന്നു പറയാൻ കഴിയുകയില്ലല്ലോ ..സമുദ്രശിലയെക്കുറിച് ഗൗരവപൂർവ്വമായ ഒരു രണ്ടാം വായനയ്ക്കു ശേഷം അഭിപ്രായം പറയുന്നതായിരിക്കും ഉചിതമെന്നു ഞാൻ വിചാരിക്കുന്നു, യഥാർത്ഥ വ്യക്തികളും സാങ്കല്പിക കഥാപാത്രങ്ങളും വാസ്തവത്തിൽ സംഭവിച്ചവയും ഭാവനാസൃഷ്ടമായവയും  ഭ്രമകല്പനകളും എല്ലാം കൂടിക്കലർന്നു സങ്കീർണമായിത്തീർന്ന രൂപശില്പം വിശദമായ പഠനം ആവശ്യപ്പെടുന്നതു കൊണ്ട്
      ഒരുകാര്യം മാത്രം ഇപ്പോൾ പറയട്ടെ :സ്വന്തം മകന്റെ ഭാര്യയായിത്തീരേണ്ടിവന്ന ഈഡിപ്പസ്സിലെ ജാക്കോസ്റ്റയുടെ ഭാവം കൈക്കൊള്ളുന്നുണ്ട് സമുദ്രശിലയിലെ മുഖ്യകഥാപാത്രം .ഈഡിപ്പസ് നാടകം ശ്രദ്ധിച്ചു വായിച്ചാലറിയാം ജാക്കോസ്റ്റ സത്യം ഈഡിപ്പസ് അറിയുന്നതിന് മുമ്പ് തന്നെ മനസ്സിലാക്കുന്നുണ്ട് ;പക്ഷെ ആ സത്യം ഈഡിപ്പസ് അറിയരുതെന്ന് അവരാഗ്രഹിക്കുന്നു ,അന്വേഷണങ്ങളിൽ നിന്ന് ഈഡിപ്പസ്സിനെ പിന്തിരിപ്പിക്കാൻ അവർ ശ്രമിക്കുന്നു .ആ ശ്രമം പരാജയപ്പെടുമ്പോഴാണ് സത്യം അറിയുന്ന നിമിഷത്തിലല്ല അവർ ആത്മഹത്യ ചെയ്യുന്നത് .ചുരുക്കിപ്പറഞ്ഞാൽ ഈഡിപ്പസ് തുടർന്ന് ജീവിക്കണമെന്ന് അവർ ആഗ്രഹിച്ചു .അതിനുവേണ്ടി സ്വന്തം മകന്റെ ഭാര്യയായി തുടരാൻ അവർക്കു വിസ്സമ്മതം ഉണ്ടായിരുന്നില്ല .എന്തായാലും ജക്കോസ്റ്റയെ ഈ നിലയിൽ ഉൾക്കൊള്ളാൻ മലയാളി മനസ്സ് തയാറായിരുന്നില്ല ഇതുവരെ.എന്നാൽ ഈ യഥാർത്ഥ ജാക്കോസ്റ്റയുടെ ഭാവത്തിലേക്കാണ് സുഭാഷ്‌ചന്ദ്രന്റെ കഥാപാത്രം എത്തിച്ചേരുന്നത് ,ആസ്വാദനത്തിലെ കാപട്യങ്ങളെ വെല്ലുവിളിച്ചുകൊണ്ട് .അഭിനന്ദനങ്ങൾ സുഭാഷ് സർഗ്ഗശക്തിയുടെ അനിവാര്യമായ ധീരതക്ക്



















2019 ജൂൺ 21, വെള്ളിയാഴ്‌ച

20-6-2019

സംഗീതമേ ജീവിതം -----
------------------------------------
  വളരെക്കാലം മുമ്പാണ്, ഞങ്ങൾ കുറച്ചു സുഹൃത്തുക്കൾ ഒരു വൈ കുന്നേരം മ്യുസിയം പാർക്കിൽ റേഡിയോയിലെ ചലച്ചിത്രഗാനങ്ങൾ കേൾക്കുകയായിരുന്നു .'കായാമ്പൂവിനും ' 'പൂർണേന്ദുമുഖിക്കും''പൊട്ടാത്ത പൊന്നിൻ കിനാവിനും 'മറ്റും ശേഷം പഴയ ഒരു പാട്ടിന്റെ അനൗൺസ്‌മെന്റ് വന്നു .അതു കേട്ടപ്പോൾ ഞങ്ങളുടെ സമീപത്തിരുന്നു   പാട്ടു കേൾക്കുകയായിരുന്ന അപരിചിതനായ മദ്ധ്യവയസ്കൻ --ഞങ്ങൾ ഇരുപത്തഞ്ചിൽ താഴെയുള്ളവരായിരുന്നു ---പോകാൻ എഴുനേറ്റു .എന്റെ സുഹൃത്ത് രാജന് സഹിച്ചില്ല .അയാൾ ആ അപരിചിതനോടു ഗൗരവത്തിൽ പറഞ്ഞു" സാറിന് അടുത്ത ജന്മത്തിൽ പോലും കലാബോധമെന്ന ഒന്ന് ഉണ്ടാവുകയില്ല" എന്ന് .മദ്ധ്യവയസ്കൻ മാന്യനായതു കൊണ്ട് മറുപടി ചിരിയിൽ ഒതുക്കി തന്റെ വഴിക്കു പോയി .പെരുമാറ്റം മോശമായി എന്നു പറഞ്ഞ ഞങ്ങളോട് രാജൻ പറഞ്ഞത് "പാട്ടു കേൾക്കാൻ വന്ന ഒരാൾ ഈ പാട്ടു കേൾക്കാൻ അവസരമുണ്ടായിട്ടും  അതുപേക്ഷിച്ചു പോയാൽ പ്രതിഷേധിക്കുക തന്നെ വേണ"മെന്നാണ് .."ഇതു പോലൊരു പാട്ടുണ്ടോ "രാജൻ ചോദിച്ചു .
    ഏതാണ് ആ പാട്ട് എന്നല്ലേ ;ഹരിശ്ചന്ദ്ര എന്ന ചിത്രത്തിൽ കമുകറ പുരുഷോത്തമൻ  പാടിയ ആത്മ വിദ്യാലയമേ ..രചന തിരുനയിനാർകുറിച്ചി ,സംഗീതം ബ്രദർ ലക്ഷ്മണൻ ആകാശവാണിയിൽ  അപ്പോൾ കേട്ട സ്ത്രീശബ്ദത്തിലെ അനൗൺസ്‌മെന്റ് പോലും ഞാൻ ഇപ്പോഴും ഓർക്കുന്നു .രാജൻ പറഞ്ഞത് ശരിയാണ് .അതു പോലെ വളരെ കുറച്ചു പാട്ടുകളേ മലയാളത്തിലുണ്ടായിട്ടുള്ളു .ഇന്നും ,ആറരപതിറ്റാണ്ടിനു ശേഷവും ആ പാട്ട് നമ്മുടെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നായി നിത്യനൂതനമായി   നിലനിൽക്കുന്നു .
   ഏഷ്യാനെറ്റ്ന്യൂസിലെ 'ഡാനിയേലിന്റെ മക്കൾ'എന്ന സീരിസിൽ ഇന്നത്തെ എപ്പിസോഡ് കാമുകറയെക്കുറിച്ചായിരുന്നു .ആത്‌മവിദ്യാലയം മാത്രമല്ല പാടിയ പാട്ടുകൾ ഏതാണ്ടെല്ലാം തന്നെ കാലാതിവർത്തികളാക്കാൻ കഴിഞ്ഞ മഹാപ്രതിഭയാണ് കമുകറ .പാടാനേറെ പ്രയാസമുള്ള 'ഏകാന്തതയുടെ അപാരതീരം 'അതിന്റെ ഭാവഗാംഭീര്യമോ പ്രൗഢിയോ ഒട്ടും ചോർന്നു പോകാതെ അദ്ദേഹം പാടിയത് കേട്ടപ്പോൾ മറ്റാർക്കും അതിനു കഴിയുമായിരുന്നില്ല എന്ന് തോന്നിയതിൽ അദ്‌ഭുതത്തിനവകാശമില്ല .
   ക്‌ളാസിക്കൽ ടച്ചുള്ള ഗാനങ്ങൾ മാത്രമല്ല കമുകറ പാടിയിട്ടുള്ളത് .സംഗീതമേ ജീവിതം ,മിണ്ടാത്തതെന്താണ് തത്തേ എന്നിങ്ങനെയുള്ള മധുരമുള്ള പ്രണയ ഗാനങ്ങൾ എന്നും ഓർത്തിരിക്കാനായി അദ്ദേഹം മലയാളിക്കു സമ്മാനിച്ചിട്ടുണ്ട് .'തുമ്പപ്പൂ പെയ്യണ പൂനിലാവ് 'ഒരുകാര്യം വ്യക്തമാക്കുന്നു .കാർഷികരംഗത്തെ നാടൻ പാട്ടുകളുടെ ശൈലി ഏതെങ്കിലും ഒരു കലാസമിതിയുടെ കുത്തകയല്ല .ആ ജനുസ്സിൽപ്പെട്ട ഏറ്റവും ശ്രദ്ധേയമായ   ഗാനങ്ങളിൽ ഒന്നാണല്ലോ അത് .
    അധികം ശ്രദ്ധിക്കപ്പെടാതെ  പോവുന്ന മറ്റൊരുകാര്യം കമുകറ ഹാസ്യഗാനങ്ങളും നന്നായി പാടുമായിരുന്നു എന്നുള്ളതാണ് .പ്രശസ്തമായ ഒരുദാഹരണം :'അന്തപ്പന് നിധികിട്ടുന്നതിനെക്കുറിച്ചുള്ള മൈനത്തരുവിയിലെ ,അടൂർഭാസി അവതരിപ്പിക്കുന്ന ഗാനം .
      തന്റെ യുവത്വത്തിൽ തന്നെ കമുകറ പിന്നണിഗാനആലാപനം മതിയാക്കി .വ്യക്തിപരമായ അസൗകര്യങ്ങൾ കൊണ്ടാവാം .സിനിമയല്ലേ  വേറെ കാരണങ്ങളുമുണ്ടാവാം .അതിനെക്കുറിച്ചാലോചിട്ട് ഇപ്പോൾ കാര്യമൊന്നുമില്ല .65 ആം വയസ്സിൽ അദ്ദേഹം വിടപറയുകയും ചെയ്തു .പാടിയ  പാട്ടുകൾ കൊണ്ട് പിൻതലമുറകളെ നമ്രശിരസ്കരയാക്കിയ മഹാകായകന് ആദരവ് സ്നേഹം .ഏഷ്യാനെറ്റ് ന്യൂസിന് നന്ദിയും 




























2019 ജൂൺ 10, തിങ്കളാഴ്‌ച

10-6-2019
---------------

       വിനായകൻ ഇരുത്തം വന്ന നടനായിരിക്കുന്നു .കാലത്തിന്റെ പ്രയാണത്തിനനുസരിച് കഥാപാത്രത്തിന്റെ സ്വഭാവത്തിലും ചേഷ്ടകളിലും വരുന്ന മാറ്റങ്ങൾ അയത്ന ലളിതമായി ആവിഷ്കരിക്കപ്പെട്ടിരിക്കുന്നത്   അഭിനയത്തിലെ പക്വതയുടെ  സൂചനയാണ് .ശരീര ഭാഷയിൽ സ്വാഭാവികമെന്നോണം വരുന്ന മാറ്റങ്ങൾ ഏതഭിനേതാവിനെയും അസൂയപ്പെടുത്തും (After watching Thottappan on 8-6-2019)

2019 ജൂൺ 7, വെള്ളിയാഴ്‌ച

6-6-2019
------------
എങ്ങിനെ നീ മറക്കും
----------------------------------
മറക്കാൻ പ്രയാസമാണ് ഹരിശ്ചന്ദ്രയിലെ ചന്ദ്രമതിയെ ,നീലക്കുയിലിലെ നീലിയെ ,,പാടാത്തപൈങ്കിളിയിലെ ചിന്നമ്മയെ ,രണ്ടിടങ്ങഴിയിലെ ചിരുതയെ, മുടിയനായപുത്രനിലെ (ഇപ്പോൾ പേരോർമ്മയില്ലാത്ത )കർഷകത്തൊഴിലാളി യുവതിയെ ,ഭക്തകുചേലയിലെ സുശീലയെ ,ശ്രീരാമപട്ടാഭിഷേകത്തിലെ കൈകേയിയെ ,അമ്പതുകളിലെ ഒട്ടനവധി ജനപ്രിയനായികമാരെ ,കേട്ടറിവു മാത്രമുള്ള നല്ലതങ്കയെ ഇവരെയൊക്കെ വെള്ളിത്തിരയിലവതരിപ്പിച്ച മിസ്‌കുമാരി എന്ന ത്രേസ്യാമ്മയെ .
     ഏഷ്യാനെറ്റ് ന്യൂസിന്റെ 'ഡാനിയേലിന്റെ മക്കൾ' എന്ന പരമ്പ രയിലെ ഇന്നത്തെ എപ്പിസോഡ് മിസ്‌കുമാരിയെ കുറിച്ചായിരുന്നു .യശശ്ശരീരയായ അഭിനേത്രിയുടെ യുവാക്കളായ രണ്ടുമക്കളും ശ്രീകുമാരൻതമ്പിയുമാണ് നടി യെക്കുറിച്ച് പറയാൻ സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത് .കുമാരിയുടെ അടുത്ത സഹപ്രവർത്തകർ ഒട്ടുമിക്കവരും ഇന്നു ജീവിച്ചിരിക്കുന്നില്ലല്ലോ .
      അന്നു നിലവിലിരുന്ന  തമിഴ് മാതൃകയിലുള്ള അതിനാടകീയ ഭാവപ്രകടനങ്ങളും സംസാരരീതിയും ഒഴിവാക്കി മലയാള സിനിമയിൽ സ്വാഭാവികതയുള്ള അഭിനയ സംഭാഷണ ശൈലി കൊണ്ടുവന്നത് മിസ്‌കുമാരിയാണെന്നു തമ്പിസാർ പറഞ്ഞു .നൂറുശതമാനം സത്യമാണ് ആ പ്രസ്താവന .അവരെ തുടർന്നു വന്ന പ്രമുഖ അഭിനേതാക്കൾ ,നസീർ ,സത്യൻ തുടങ്ങിയ നായക നടന്മാർ ,രാഗിണി അംബിക മുതലായ മുഖ്യ നടികൾ ഇവരെല്ലാം കുമാരിയുടെ രീതി പിന്തുടർന്നു .നേരത്തെ രംഗത്തുണ്ടായിരുന്ന തിക്കുറിശ്ശി ,കൊട്ടാരക്കര ,ആറന്മുളപൊന്നമ്മ തുടങ്ങിയവർ അവരുടെ രീതി മാറ്റാൻ തയാറായി .അങ്ങിനെ മലയാളസിനിമക്ക്  സ്വന്തമായി ഒരഭിനയ ശൈലിയുണ്ടായി ,അതിഭാവുകത്വത്തിൽ നിന്നു മുക്തമായ യഥാതഥമെന്നു വിളിക്കാവുന്ന ഒരു ശൈലി ..നിരന്തരമായി പരിഷ്കരിക്കപ്പെട്ട ഇന്നത്തെ 'പെരുമാറ്റ '(Behave )രീതിയിൽ അതെത്തി നിൽക്കുമ്പോൾ കുമാരിയിൽ തുടങ്ങുന്ന ആ തലമുറയെ നമ്മൾ ഓർക്കാറില്ല .ഓർമ്മിപ്പിക്കാൻ ഇത്തരം എപ്പിസോഡുകൾ സഹായിക്കും .ഏഷ്യാനെറ്റ് ന്യൂസിനു നന്ദി .
     തമ്പിസാർ ഒരു കാര്യം കൂടി പറഞ്ഞു .അന്നു സംസ്ഥാന / ദേശീയ അവാർഡുകൾ നിലവിലുണ്ടായിരുന്നെങ്കിൽ കുമാരിക്ക് തീർച്ചയായും കിട്ടുമായിരുന്നുവെന്ന് .ഞാൻ യോജിക്കുന്നു .പ്രസ്ഥാനങ്ങൾക്ക് അടിത്തറയിടുന്നവർക്ക് പ്രതിഫലം കുറവായിരിക്കും ;പാരിതോഷികങ്ങൾ കിട്ടുകയില്ല .പക്ഷേ അവരുടെ സംഭാവനകളുടെ മഹത്വവും വൈശിഷ്ട്യവും അതിന്റെ പേരിൽ അൽപ്പം പോലും ചെറുതാവുന്നില്ല .
          ശാരദയും ശോഭനയും ഉർവ്വശിയും മഞ്ജുവാരിയരുംപാർവതിയും  മറ്റും അടങ്ങുന്ന പ്രഗദ്ഭരായ അഭിനേത്രികളുടെ പരമ്പരയിലെ പ്രഥമഗണനീയയ്ക്ക് ,അവരുടെ അഭിനയവും മുഖശ്രീയും ഏറ്റവും മുമ്പിൽ വെറും നിലത്തിരുന്നു കണ്ട് കോരിത്തരിച്ചിട്ടുള്ള ,ഞങ്ങൾ കണ്ടതിനുശേഷമാണല്ലോ പിന്നിലിരിക്കുന്ന പ്രമാണിമാർ കാണുന്നതെന്നഹങ്കരിച്ചിട്ടുള്ള ,ആ ആ അഹങ്കാരത്തിൽ ഒരല്പം ആറു പതിറ്റാണ്ടിനു ശേഷം ഇന്നും മനസ്സിൽ സൂക്ഷിക്കുന്ന ഒരു പഴയ സിനിമാ ഭ്രാന്തന്റെ ആദരവിന്റെ ആരാധനയുടെ സ്നേഹത്തിന്റെ പൂക്കൾ .













.














         

2019 ജൂൺ 4, ചൊവ്വാഴ്ച

3-6-2019

സീത, ഇളയിടം ,നവോത്ഥാനം
--------------------------------------------------
(ചിന്താവിഷ്ടയായ സീതയുടെ രചനയെ  കേരളീയ നവോത്ഥാനവുമായി ബന്ധപ്പെടുത്തിക്കൊണ്ട് ഡോ സുനിൽ പി ഇളയിടം നടത്തിയ പ്രഭാഷണത്തോടുള്ള പ്രതികരണം .പ്രഭാഷണം യൂ ട്യൂബിൽ ലഭ്യമാണ് .ഈ കുറിപ്പ് സാഹിത്യവിമർശം ദ്വൈമാസികം ജൂലൈ 2019 ലക്കത്തിൽ ലേഖന രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് )

"നമ്മുടെ നവോത്ഥാനത്തിന്റെ അതിപ്രധാനമായ ഒരു പാരമ്പര്യത്തെ നാമിവിടെ വീണ്ടും ഓർക്കേണ്ടതുണ്ട് .അത് സ്ത്രീയുടെ നീതിക്കുവേണ്ടിയുള്ള ,സ്വാധികാരത്തിനു വേണ്ടിയുള്ള ഒരു വലിയ മുന്നേറ്റമായിരുന്നു "സുനിൽ പി ഇളയിടം ആവേശ ഭരിതനായി തുടരുന്നു ."അടുത്ത വർഷം 2019  കുമാരനാശാന്റെ മഹത്തായ കവിതകളിലൊന്നിന്റെ   ശതാബ്ദിയാണ്, ചിന്താവിഷ്ടയായ സീത.ചിന്താവിഷ്ടയായ സീതയിൽ സീത രാമനോടു പറയുന്ന ഒരു വാക്യം ഏതാണ്ടിങ്ങനെയാണ് .രാമൻ അവസാനത്തെ രാജസൂയത്തിന്റെ സന്ദർഭത്തിൽ പട്ടമഹിഷിയായി കാഞ്ചനസീതയെ പ്രതിഷ്ഠിച്ച് സീതയെ വിളിച്ചുവരുത്താൻ വാല്മീകിയെ അയക്കുന്ന സന്ദർഭത്തിൽ സീത മനസ്സിലോർക്കുന്ന ഒരു വാക്യമായിട്ട് ആശാൻ ഇങ്ങിനെ എഴുതിയിട്ടുണ്ട്
     അരുതെന്തയി വീണ്ടുമെത്തി "നിൻ "
    തിരുമുമ്പിൽ തെളിവേകി "ദീനയായ് "
    മരുവീടണമെന്നു മന്നവൻ
    കരുതുന്നോ ശരി പാവയോയിവൾ "..."
ഉദ്ധരണികൾക്കകത്തുള്ള വാക്കുകൾ ആശാന്റേതല്ല ഇളയിടത്തിന്റെയാണ് .ആശാന്റെ ശ്ലോകം ഇങ്ങിനെയാണ്‌ ;അതു വരെയുള്ള വിചാരധാരയിൽ നിന്നു വ്യത്യസ്തമായിസീത ശബ്ദ വിചാരമിശ്രമായ്  അരുളിച്ചെയ്യുന്നു
   അരുതെന്തയി വീണ്ടുമെത്തി ഞാൻ
   തിരുമുമ്പിൽ തെളിവേകി ദേവിയായ്
   മരുവീടണമെന്നു എന്നു മന്നവൻ
   കരുതുന്നോ ശരി പാവയോയിവൾ (187 )
ഇളയിടത്തിന്റെ പാഠഭേദം നിർദ്ദോഷമല്ല എന്ന് പ്രഭാഷണത്തിന്റെ തുടർന്നു വരുന്ന ഭാഗങ്ങൾ നമുക്ക് വ്യക്തമാക്കിത്തരുന്നു .കേൾക്കുക:
"ഇനിയും ഞാൻ വന്നു നിന്റെ മുമ്പിൽ നിന്റെ പട്ടമഹിഷിയായി നിനക്കൊരലങ്കാരമായി ഞാനിരിക്കുമെന്നു, രാമാ,നീ കരുതുന്നുണ്ടോ ?ഞാനൊരു പാവയാണോ ?ഒരു നൂറ്റാണ്ടു മുമ്പു മുഴങ്ങിയ ചോദ്യമാണു കേട്ടോ !ആ പാവയാക്കി മാറ്റാനാണ് ഇന്നീ ജാതിബ്രാഹ്‌മണ്യം ശ്രമിച്ചുകൊണ്ടിരിക്കുന്നത് !ആശാനെഴുതിയ കാലത്തൊന്നും ഞാൻ നേരത്തേ പറഞ്ഞതു പോലെ ഇങ്ങിനെ ഒരർത്ഥമൊന്നും ഇതിനു വരുമെന്ന് സ്വപ്നം കണ്ടിട്ടുണ്ടാവില്ല ......."
    ആരു സ്വപ്നം  കണ്ടിട്ടുണ്ടാവില്ല ?കുമാരനാശാനോ ?സ്ത്രീ പാവയല്ല എന്നദ്ദേഹം തറപ്പിച്ചു തന്നെ പറയുന്നുണ്ടല്ലോ .അദ്ദേഹം തന്റെ നായികയായി തിരഞ്ഞെടുത്തത് വാല്മീകിയുടെ സീതയെ തന്നെയാണ് . സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിക്കാൻ വേണ്ടി അഗ്നിയിൽ പ്രവേശിക്കാൻ സന്നദ്ധയായവൾ ,ഭൂഗർഭത്തിൽ അന്തർദ്ധാനം ചെയ്തവൾ . ആ
  സീത പക്ഷെ ആശാന്റെ കാവ്യത്തിൽ ഒരിടത്തുംരാമനെ സംബോധന ചെയ്യാൻ  മദ്ധ്യമപുരുഷ ഏകവചനം'നീ ' ഉപയോഗിക്കുന്നില്ല .ഉപയോഗിക്കുന്നത്  'ഭവാൻ 'എന്ന പദമാണ് .ലക്ഷ്മണനെ അനുസ്മരിക്കുന്നിടത്ത് നീ ,നിൻ തുടങ്ങിയ പദങ്ങൾ സുലഭമാണു താനും .തുടർന്നു വരുന്ന ഇളയിടം ഉദ്ധരിക്കാതെ വിട്ടിരിക്കുന്ന ശ്ലോകം കൂടി നോക്കുക
അനഘാശയ !ഹാ ക്ഷമിക്കയെൻ
മനവും ചേതനയും വഴങ്ങിടാ
നിനയായ്കമറിച്ച്  പോന്നിടാം
വിനയത്തിന്നു വിധേയമാമൂടൽ .(188 ).സീത വിനയവതിയായിരിക്കുംരാമസന്നിധിയിൽ എന്നകാര്യത്തിൽ സീതയ്ക്കും  സീതാകാവ്യകർത്താവിനും തീർച്ചയുണ്ട് .                                                                         അതുപോലെ   "ദേവിയായ് " എന്നത് "ദീനയായ് "എന്നു മാറ്റിയിരിക്കുന്നു പണ്ഡിതനായ പ്രൊഫസർ .സീത തന്നോടൊപ്പമുള്ളപ്പോഴും ഇല്ലാത്ത
പ്പോഴും രാമന് സംശയമേതുമില്ലാതിരുന്ന രണ്ടുകാര്യങ്ങളുണ്ട് .ഒന്ന് സീത സുചരിതയാണെന്ന കാര്യം .രണ്ടാമത്തേത് സീതയാണ് തന്റെ  ദേവി -പട്ടമഹിഷി -എന്നത് .അതിൽ സീതയ്ക്കും സംശയമുണ്ടായിരുന്നില്ല .
അതിനില്ല വികല്പമിപ്പോഴും
ക്ഷിതിപൻ മൽപ്രണയയ്ക നിഷ്ഠനാം
പതിയാ വിരഹം മഥിക്കിലും
രതിയും രാഘവനോർക്കിലന്യയിൽ (144 )
അഹഹ സ്വയമിന്നു പാർക്കിലുൾ
 സ്പൃഹായാൽ  കാഞ്ചനസീതയാണു പോൽ 
സഹധർമ്മിണി യജ്ഞ ശാലയിൽ 
ഗഹനം സജ്ജനചര്യയോർക്കുകിൽ (147 ) ഇങ്ങിനെ സീതാകാവ്യത്തിൽ നിന്ന് എത്രയോ ശ്ലോകങ്ങങ്ങൾ ഉദ്ധരിക്കാം."യജ്ഞേ യജ്ഞേ ച പത്ന്യർത്ഥം ജാനകീ കാഞ്ചനീ  ഭവേത് "എന്ന് വാല്മീകിരാമായണം ഉത്തരകാണ്ഡം 99 - 6 അപ്പോൾ ദേവി എന്ന പദത്തിന് മാറ്റമൊന്നും വരുത്തേണ്ട തില്ല .രാമസഹവാസത്തിൽ ദേവി ഒരിക്കലും ദീനയായിരുന്നിട്ടുമില്ല .പിന്നെയെന്തിനാണാ തിരുത്ത് .വിശദമായി പരിശോധിക്കേണ്ടിയിരിക്കുന്നു.
          രണ്ടു കാര്യങ്ങൾ ഇവിടെ പരിഗണിക്കപ്പെടേണ്ടതുണ്ട് .ഒന്ന് കേരളീയമനസ്സ് ഒരു വിചാരവിപ്ലവത്തിലൂടെ ഊർജ്ജിതാശയമായിക്കൊണ്ടിരുന്ന കാലഘട്ടത്തിലാണ് ചിന്താവിഷ്ടയായ സീത എഴുതപ്പെടുന്നത് .രണ്ട് ആശാൻ പ്രക്ഷുബ്ധമായ ആ കാലത്തിന്റെ പ്രതിനിധിയായ നായികയായി തെരഞ്ഞെടുത്തത് വാല്മീകിയുടെ സീതയെയാണ് . അക്കാലത്തെ പ്രമുഖ   നിരൂപകർ അടിവരയിട്ടു പറഞ്ഞതുപോലെ   ചിന്താവിഷ്ടയായ സീതയാണ്ചിന്താവിഷ്ടയായ തങ്കമ്മയല്ല  ആശാന്റെ നായിക .
     നിർവാസാനന്തരം വാല്മീകിയോടൊപ്പം ആശ്രമപ്രാന്തത്തിലെ താപസീമന്ദിരത്തിലെത്തുന്ന സീതയെ നാം വീണ്ടും കാണുന്നത് പതിനഞ്ചു വര്ഷങ്ങള്ക്കു ശേഷം അശ്വമേധയാഗഭൂമിയിലേക്ക് ആ മഹർഷിയുടെ പിന്നിൽ അധോമുഖിയായി നടന്നുവരുന്നതായാണ് .അതിനിടയിൽ സീത പരാമര്ശിക്കപ്പെടുന്നില്ല  .അതിനർത്ഥം സീത സ്വന്തം ജീവിതത്തെക്കുറിച്ച് ആലോചിച്ചിട്ടില്ല എന്നല്ലല്ലോ.സ്വാഭാവികമായും സീത പലകുറി തന്നെക്കുറിച്ചും തന്റെജീവിതത്തെക്കുറിച്ചും ആലോചിച്ചിട്ടുണ്ടാവണം .  വാ ല്‌മീകിയുടെ സീത  ചിന്തിച്ചിരിക്കാൻ സാധ്യതയുള്ള കാര്യങ്ങൾ മാത്രമേ ആശാൻ തന്റെ കാവ്യത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളു .പൂർവ നിരൂപകരുടെ അനുശാസനം വീണ്ടും ഓർമ്മിക്കുക :ചിന്താവിഷ്ടയായ സീതയാണ് ,ചിന്താവിഷ്ടയായ തങ്കമ്മയല്ല ആശാൻ കാവ്യം .അതു കൊണ്ട് "ശരി പാവയോയിവൾ "എന്ന പ്രയോഗത്തിന്റെ അർത്ഥാന്തരങ്ങൾ തേടി നമുക്ക് വാല്മീകി രാമായണത്തിലേക്കു തന്നെ പോകേണ്ടിയിരിക്കുന്നു .
       വാല്മീകി രാമായണത്തിൽ സീത ആദ്യം പ്രത്യക്ഷീഭവിക്കുന്നത് വിവാഹ സന്ദർഭത്തിലാണ്  "പതിവ്രതാ മഹാഭാഗാ ഛായേവാനുഗതാ സദാ "(പതിവ്രതയും മഹാഭാഗയുമായ ഇവൾ നിഴലെന്നപോലെ താങ്കളെ അനുഗമിക്കും )എന്നാശംസിച്ചുകൊണ്ടാണ് ജനകൻ സീതയെ  രാമനു കന്യാദാനം ചെയ്യുന്നത് .ഇവിടെ നിഴൽ എന്നതിന്  നിരന്തരം സന്നിഹിതമാവുന്നത് എന്നു മാത്രമാണ് അർത്ഥം .വ്യക്തിത്വമില്ലാത്തവൾ ,പാവ എന്നൊന്നും ഉദ്ദേശിക്കപ്പെട്ടിട്ടില്ല .കാരണം ആദികവി ആദ്യം തന്നെ തന്റെ നായികയെ പതിവ്രതയെന്നും മഹാഭാഗയെന്നും വിശേഷിപ്പിക്കുന്നുണ്ട് .മഹാഭാഗയായ ഒരുവൾ പാവയാവുകയില്ലല്ലോ .പിന്നീടുള്ള സീതാവാക്യങ്ങളും പ്രവൃത്തികളുമെല്ലാം ഈ വസ്തുത സംശയലേശമില്ലാതെ വ്യക്തമാക്കുന്നു .
      വനവാസത്തിനായി യാത്രക്കൊരുങ്ങുന്ന രാമനെ അനുഗമിക്കാനുള്ള തന്റെ നിശ്ചയം അറിയിച്ചുകൊണ്ട് സീത രാമനോടു പറയുന്ന വാക്യങ്ങൾ കേൾക്കു :"ആര്യപുത്ര !പിതാവും മാതാവും സഹോദരനും പുത്രനും അതേപോലെ പുത്രഭാര്യയും അവനവൻ ചെയ്തപുണ്യഫലങ്ങൾ അനുഭവിച്ചുകൊണ്ട് അവനവന്റെ കർമ്മഫലങ്ങൾ നേടുന്നു .അല്ലയോ പരുഷ ശ്രെഷ്ഠ സ്ത്രീ ഒരുത്തി മാത്രമാണ് ഭർത്താവിന്റെ ഭാഗ്യത്തിൽപങ്കാളിയായി തീരുന്നത് .അതിനാൽ ഞാനും വനത്തിൽ വസിക്കണമെന്നു നിശ്ചയിച്ചിരിക്കുന്നു .ഇഹത്തിലും പരത്തിലും സ്ത്രീക്ക് പിതാവോ പുത്രനോ മാതാവോതാൻ തന്നെയോ  സഖിയോ തുണയായി തീരുന്നില്ല .ഭർത്താവു മാത്രമാണ് അവൾക്ക് എന്നുമുള്ള ഒരേ ഒരു ഗതി .അല്ലയോ രാഘവ അങ്ങ് സഞ്ചരിക്കാൻ പ്രയാസമുള്ള കാട്ടിലേക്ക് പോകുന്നുവെങ്കിൽ ഞാൻ കാട്ടിലുള്ള കുശകളും മുള്ളുകളും മൃദുവാക്കി കൊണ്ട് മുൻപേ നടക്കും.(അയോദ്ധ്യാ കാണ്ഡം-27- 4,5,6,7) ..,
                                 
സീതയുടെ വ്യക്തിത്വത്തെയും നിശ്ചയദാർഢ്യത്തെയും മാത്രമല്ല ദേവിയുടെ വേദോപനിഷത്തുകളിലുള്ള ജ്ഞാനത്തെക്കൂടി  വെളിപ്പെടുത്തുന്നു ഈ വാക്യങ്ങൾ .വിവാഹം,അതിപാവനമെന്നും ശ്രുതിമന്ദാരമനോജ്ഞപുഷ്പമെന്നും സീതാകാവ്യത്തിൽ വാഴ്ത്തപ്പെടുന്ന വിവാഹം ഇഹലോകത്തെ അതിവർത്തിക്കുന്നു എന്ന സീതയുടെ അഭിപ്രായം ഇളയിടത്തിന്റെ പ്രഭാഷണത്തിന്റെ ഉത്തരഭാഗനിരൂപണത്തിൽ കൂടി പ്രസക്തമാണ്.നമുക്ക് സീതയെ പിന്തുടരാം .തന്റെ അഭ്യർത്ഥന നിരസിക്കപ്പെട്ടപ്പോൾ ,"അത്യന്തം സംവിഗ്നയായ സീത വിപുല വക്ഷസ്സായ രാമനെ പ്രണയത്തോടെയും അഭിമാനത്തോടെയും കുറ്റപ്പെടുത്തിക്കൊണ്ട് പറഞ്ഞു :അല്ലയോ രാമ! വൈദേഹ്യനും മിഥിലാധിപനുമായ എന്റെ  പിതാവ് പുരുഷന്റെ ആകൃതിയിലുള്ള സ്ത്രീയായ അങ്ങയെ തന്റെ മകളുടെ ഭർത്താവായി നേടിയിട്ട് എന്താണ് വിചാരിച്ചത് ?രാമനുള്ള അത്ര തേജസ്സ് ചുട്ടെരിയുന്ന സൂര്യനുമില്ല എന്നിങ്ങനെ ജനങ്ങൾ പറയുന്നത് അറിവില്ലായ്മ മൂലമുള്ള തെറ്റിദ്ധാരണ കൊണ്ടാണ് ".
     അതെ സീത ആദികവിയുടെ മാനസപുത്രി ജനക രാജർഷിയുടെ മകൾ രാമനോടു പറയുന്നതാണ് .സീത പാവയായിരുന്നില്ല തന്റെ ഇച്ഛക്കനുസരിച്ച് പ്രവർത്തിക്കുന്നവളായിരുന്നു എന്നു വ്യക്തമാക്കുന്നു മുകളിലുദ്ധരിച്ച വരികൾ .പുതിയ ശൈലിയിൽ പറഞ്ഞാൽ സീത കര്തൃത്വവതിയായിരുന്നു.സീതയുടെ കർതൃത്വം ആശാന്റെ സൃഷ്ടിയല്ല .ഇളയിടം പറയുന്നപോലെ ചിന്താവിഷ്ട സീതയുടെ രചനക്കു ശേഷം ഒരു ശതാബ്ദം കഴിഞ്ഞ് നവോത്ഥാന മതിലിലൂടെ സൃഷ്ടിക്കപ്പെട്ടതുമല്ല .
       വാല്മീകി ,ആശാനും ഉദീരണം ചെയ്തിട്ടുള്ള അത്യന്തം പുരോഗാമിയായ ഈ ആശയം വിശദമായ പരിഗണന അർഹിക്കുന്നു .ആണധികാരത്തിന്റെ (Patria protestas  ),കുടുംബത്തിലെ ഏറ്റവും മുതിർന്ന  പുരുഷൻ ഇളയപുരുഷന്മാരുടെയും ,ജോലിക്കാരുടെയും ഉടമസ്ഥനാവുന്ന അവസ്ഥയുടെ ആവിഷ്കാരം തന്നെയാണ് മറ്റെല്ലാ പ്രാചീന കാവ്യങ്ങളെ പ്പോലെ രാമായണവും .ഈ വ്യവസ്ഥിതിയിൽ അച്ഛൻ ,അ ദ്ദേഹത്തിന്റെ അഭാവത്തിൽ മൂത്ത ജ്യേഷ്ഠൻ സർവാധികാരിയായി കണക്കാക്കപ്പെടുന്നു .ആണധികാരവ്യവസ്ഥയിൽ ഉടമസ്ഥനായ അധികാരിക്ക് മാത്രമാണ് കർതൃത്വം അവകാശപ്പെടാവുന്നത് .പ്രവർത്തിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും മാത്രം കൊണ്ട്  കർതൃത്വം പൂർണ്ണമാവുന്നില്ല .എന്ത് എപ്പോൾ എങ്ങിനെ  പ്രവർത്തിക്കണമെന്ന് നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യമാണ് കർതൃത്വത്തിന്റെ അവശ്യസ്വഭാവം .പിതൃമേധാവിത്തവ്യവസ്ഥയിൽ അത് ആണധികാരിക്ക് മാത്രമേയുള്ളു .എന്നാൽ സീതയാവട്ടെ പൂർണ്ണമായും തന്റെ ഇച്‌ഛാനുസാരിയായി പ്രവർത്തിച്ചവളും സമ്പൂർണമായ കർതൃത്വത്തിനുടമയുമാണ് .വനയാത്രക്ക് കൂടെക്കൊണ്ടുപോകാൻ രാമനെ നിര്ബന്ധിതനാക്കുന്നത് ഒരുദാഹരണം മാത്രമാണ് .ദണ്ഡകാരണ്യത്തിൽ രാക്ഷസ വധ പ്രതിജ്ഞ ചെയ്ത രാമനോട് വിരോധമില്ലാത്തവരെ വധിക്കരുതെന്നാവശ്യപ്പെടുന്നത്,മായാമൃഗത്തിനുവേണ്ടിയുള്ള ,രാമന് അനുസരിക്കാതിരിക്കാൻ കഴിയാത്ത രീതിയിലുള്ള നിർബന്ധം പിടിക്കൽ ,ലക്ഷമണനോടുള്ള പരുഷഭാഷണം ,അപഹരണസമയത്തും ലങ്കയിൽ വെച്ചും രാക്ഷസ രാജാവിനെ നേരിടുന്ന രീതി, യുദ്ധാനന്തരം രാമാനുമായുള്ള സംവാദവും അഗ്നിപ്രവേശവും ,ഇവിടെ ഒരു വിശദീകരണം :അഗ്നിപരീക്ഷ രാമൻ വിധിക്കുന്നതല്ല രാമന്റെ ശകാര വചസ്സുകൾ കേട്ട് തനിക്കൊരു ചിതയൊരുക്കാൻ ലക്ഷ്മണനോട് സീത ആജ്ഞാപിക്കുകയാണ് .അഗ്നിപ്രവേശത്തിനുമുമ്പുള്ള പ്രതിജ്ഞ സീത സ്വയം നിർമ്മിച്ച് ചൊല്ലുന്നതാണ് .സീതയുടെ വാക്കും പ്രവൃത്തിയും സ്വേഛാ പ്രകാരമാണെന്നതിനു നിദർശനങ്ങളാണ് ഇവയെല്ലാം ."ശരി പാവയോയിവൾ "എന്നു ചോദിക്കുന്ന സീത ആശാന്റെയോ ഇളയിടം പറയുന്ന 2019 ലെ "നവോഥാന"ത്തിന്റെയോ സൃഷ്ടിയല്ല എന്നര്ഥം .
     കടന്നു കാണുന്നവൻ ,ക്രാന്തദർശി,ആണ് ഋഷിയായ കവി .വാല്മീകി കടന്നു കണ്ടിരിക്കുന്നു സീതാരാമ ബന്ധത്തിന്റെ കാര്യത്തിൽ .ആണധികാര വ്യവസ്ഥയിൽ സ്വപ്നം കാണാൻ പോലും കഴിയാത്ത തരത്തിലുള്ളതാണ് സീതാരാമ ബന്ധം.വളരെക്കാലത്തിനു ശേഷം Angels ഏകദാമ്പത്യം എന്നു പേരിട്ടു വിളിച്ച ഒരു പുരുഷൻ ഒരു സ്ത്രീ എന്ന കുടുംബ ബന്ധം .പക്ഷേ മുതലാളിത്ത വ്യവസ്ഥയിൽ കൂടി ഏകദാമ്പത്യം ആണധികാരത്തിന്റെ മറ്റൊരു പ്രകടിതരൂപം മാത്രമായിരുന്നു എൻഗൽ സിന്റെ ദൃഷ്ടിയിൽ ;കാരണം ആണധികാരത്തിൽ സ്ത്രീയുടെ കർതൃത്തതിന്റെ സമ്പൂർണ്ണമായ അഭാവം തന്നെ .പക്ഷേ വാല്മീകിയുടെ ഏക ദാമ്പത്യകുടുംബത്തിലെ സ്ത്രീ പൂർണമായും കർത്തൃത്വവതിയാണ്‌ എന്നു നാം കണ്ടുവല്ലോ .രാമായണത്തിൽ ആശാനെ ആകർഷിച്ച പ്രധാന ഘടകവും അതുതന്നെയാണ് .
    വിശുദ്ധമായ സീതാരാമദാമ്പത്യത്തിന്റെ മാഹാത്മ്യം ഇത്രയും കൊണ്ടവസാനിക്കുന്നില്ല .നമുക്ക് ഇളയിടത്തിന്റെ പ്രഭാഷണത്തിന്റെ ഉത്തരഭാഗത്തേക്കു കടക്കാം ."ആശാൻ അങ്ങിനെയിരുന്നെഴുതുകയാണ്
 അയി രാഘവ വന്ദനം ഭവാ
നുയരുന്നുഭുജശാഘ വിട്ടു ഞാൻ
ഭയമറ്റു പറന്നു പോയിടാം
സ്വയമിദ്യോവിലൊരാശ്രയം വിനാ "ഇവിടെയും ഇളയിടം ഒരു തിരുത്തൽ വരുത്തിയിട്ടുണ്ട് .സീതാകാവ്യത്തിലെ 183 ആം ശ്ലോകത്തിന്റെ തുടക്കം 'പ്രിയരാഘവ'എന്നാണ് അത് അദ്ദേഹം 'അയിരാഘവ 'എന്നാക്കിയിരിക്കുന്നു .വളരെ  അർത്ഥഗര്ഭമാണ് ഈ തിരുത്ത് .ലോകത്തിൽ തനിക്കേറ്റവും പ്രിയങ്കരമായത് രാമനാണെന്നു സീത കരുതുന്നു എന്ന ബോദ്ധ്യത്തിലാണ് ആശാൻ ആ 'പ്രിയ 'പദം അവിടെ പ്രയോഗിച്ചത് .ഇളയിടത്തിന്റെ തിരുത്തലിനു കാരണം അദ്ദേഹത്തിന്റെ  തുടർന്നു വരുന്ന വാക്കുകളിൽ നിന്ന് കണ്ടെത്താം .പ്രൊഫെസ്സർ പറയുന്നു ;നിന്റെ തുണയില്ലാതെ ഈ ആകാശപ്പരപ്പിലേക്ക് ഞാനൊറ്റക്ക് പറക്കുന്നു .നിനക്കു വിട .ഭയമറ്റു പറന്നു പോയിടാം ..മനുസ്മൃതി അങ്ങിനെയല്ല കേട്ടോ പെണ്ണിനോടു പറഞ്ഞിരിക്കുന്നത് .പിതാരക്ഷതി ..............എന്ന ആചാരത്തിന്റെ പ്രമാണ വാക്യം അപ്പുറം നിൽക്കുമ്പോഴാണ് ആശാന്റെ സീത പറഞ്ഞത്  ഭയമറ്റു പറന്നു പോയിടാം ..നിന്റെ തുണ വേണ്ട ...ഇതിന്റെ പേരാണ് നവോത്‌ഥാനം "..അല്ല മാഷേ ഇതിന്റെ പേര് ദുർവ്യാഖ്യാനം എന്നാണ് ."പ്രിയ" ഉപേക്ഷിച്ച് അയി കൂട്ടിച്ചേർത്തതുപോലെ തുടർന്നുവരുന്ന ഒരു പ്രധാന ശ്ലോകം ഉദ്ധരിക്കാതെ വിട്ടിരിക്കുകയും ചെയ്തിരിക്കുന്നു ഇളയിടം .
രുജയാൽ പരി പക്വ സത്വനായ്
നിജഭാരങ്ങളൊഴിഞ്ഞു ധന്യനായ്
അജപൗത്ര !ഭാവാനുമെത്തുമേ
ഭജമാനൈക വിഭാവ്യമിപ്പദം ...(185 )
ഞാൻ നേരത്തേ പോകുന്നു ;തന്റെ ഭൂലോകദൗത്യങ്ങളൊക്കെ നിർവഹിച്ച് വ്യക്തിത്വ പൂർണ്ണത പ്രാപിച്ച അങ്ങും  ,ദിവംഗതയായ ഭാര്യയെ പിന്തുടർന്ന് സ്വർഗ്ഗത്തിലെത്തിയ അജമഹാരാജാവിന്റെ പൗത്രനായ അങ്ങും ഇവിടെയെത്തും .നമ്മൾ ഒരുമിച്ചു ചേരും എന്ന് വിവക്ഷ '.ആദിധാമമായ അനഘസ്ഥാനത്ത് 'രണ്ടാത്മാക്കൾക്ക് ഒരുമിക്കാമോ എന്ന ചോദ്യം സംഗതമാണ് .ആ ഒരുമിക്കലിനപ്പുറം ഒരു മോക്ഷത്തെക്കുറിച്ച് സീത ആലോച്ചിട്ടേയില്ല .രാമായണത്തിലെ ആദ്യത്തെ സീതാവാക്യം തന്നെ ,അന്യത്ര ഉദ്ധരിച്ചിട്ടുള്ളത് നോക്കുക :അച്ഛൻ 'അമ്മ ,മറ്റുബന്ധുക്കൾ  ഇവർക്കൊക്കെ അവരവരുടെ ഗതി ഭാര്യാഭർത്താക്കന്മാർക്കൊരു ഗതി ഇഹലോകത്തിലും പരലോകത്തിലും എന്നായിരുന്നു സീതയുടെ അഭിപ്രായം .അവിടെത്തന്നെ 'ഉദകപൂർവം പിതാക്കൾ ആചാരമനുസരിച് ഒരുസ്ത്രീയെ ഏതൊരാൾക്ക് ദാനം ചെയ്യുന്നുവോ അവൾ തന്റെ ധർമ്മം കൊണ്ട് മരണത്തിനു ശേഷവും അയാളുടെ തന്നെ ആയിരിക്കും "(അയോദ്ധ്യാകാണ്ഡം 29 -18 ) എന്ന്പ്രസ്താവിക്കുന്നുണ്ട് സീത .ഭൂമിയിലായാലും സ്വർഗ്ഗത്തിലായാലും താൻ രാമനോടൊപ്പം ജീവിക്കും ,രാമനോടൊപ്പമേ ജീവിക്കു എന്ന് അശോകവനികയിൽ വെച്ച് രാവണനോട്  ഉറപ്പിച്ചു പറയുന്നുണ്ട് സീത.അന്തർദ്ധാനത്തിനു തൊട്ടുമുമ്പുള്ളസീതയുടെ  മൂന്നാമത്തെയും അവസാനത്തെയും പ്രതിജ്ഞാവാക്യം ഇങ്ങിനെ ആയിരുന്നു "യഥയ്തത് സത്യമുക്തം മേ വേദ്‌മി രാമാത് പരം ച ന
                            തഥാ മേ മാധവി ദേവി വിവരം ദാതുമർഹതി "(ഉത്തരകാണ്ഡം 97 -16 ) രാമനിൽ നിന്നപ്പുറമായി താൻ ഒന്നും അറിയുന്നില്ല എന്നത് സത്യമാണെങ്കിൽ .....അത് സത്യമാണെന്നു ഭൂമിദേവി സാക്ഷ്യപ്പെടുത്തുകയും ചെയ്തല്ലോ .അതായത് സീതയുടെ ആത്യന്തികമായ ലക്ഷ്യവും ആശ്രയവും രാമൻ ആയിരുന്നു .രാമനോ ?.സീത കൂടെ ഉണ്ടാവട്ടെ ഇല്ലാതിരിക്കട്ടെസീതയുടെ അന്തർദ്ധാനത്തിനു മുമ്പും പിമ്പും താൻ ഭൂമിയിൽ കഴിഞ്ഞ ദശവർഷ സഹസ്രങ്ങളിലും  ജാനകി തന്നെയായിരുന്നു അദ്ദേഹത്തിന്റെ പത്നി .ഓരോ യാഗത്തിലും കാഞ്ചനിയായ ജാനകിയാണ് പത്നിയായി ഭവിച്ചത് (ഉത്തരകാണ്ഡം 99 -6 ) രുജയാൽ എന്നുതുടങ്ങുന്ന ശ്ലോകത്തിലൂടെ ആത്യന്തികമായ അവരുടെ സംഗമം ആശാൻ ദീർഘദർശനം ചെയ്യുന്നുവെന്ന് നമ്മൾ കണ്ടു കഴിഞ്ഞു .
   അപ്പോൾ 'നിന്റെ തുണ വേണ്ട "എന്നൊക്കെ സീത പറഞ്ഞതായി ഇളയിടം പറയുന്ന വാക്കുകൾ ,ആപ്രഭാഷണമാകെത്തന്നെ   വാല്മീകി രാമായണത്തിന്റെയും ആശാന്റെ സീതാകാവ്യത്തിന്റെയും ആത്മാവിനെ നിഷേധിക്കുന്നതും അപഹസിക്കുന്നതുമാണ് .
      സമ്പൂർണ്ണമായ സ്ത്രീപുരുഷ തുല്യത നിലനിൽക്കുന്ന ,സ്ത്രീ പുരുഷനൊപ്പം കർതൃത്വം കയ്യാളുന്ന ഏകദാ മ്പത്യ കുടുംബമാണ് ലോക കമ്മ്യുണിസ്റ് വ്യവസ്ഥയുടെ ആവിർഭാവം വരെനിലനിൽക്കേണ്ട  ആദർശ കുടുംബ സമ്പ്രദായമെന്ന് Angels പ്രസ്താവിച്ചിട്ടുണ്ട് .ഈ ആശയം ത്രേതായുഗത്തിൽ തന്നെ ഭാവനചെയ്യാനും കാവ്യാവിഷ്കാരം നൽകാനും കഴിഞ്ഞ നിഷാദന്റെ ഉത്പതിഷ്ണുത്വം പണ്ഡിതനായ പ്രൊഫെസ്സർക്ക് മനസ്സിലാവാതെ പോയത് നിഷാദ രചന ശ്രദ്ധാപൂർവം വായിക്കാത്തതു കൊണ്ടാകുമോ ? ആ കാവ്യത്തിലെ നായികയുടെ ചിന്താധാരയ്ക്ക് കേരളീയ വിചാരവിപ്ലവത്തിന്റെ ഉദ്ഗാതാവായ കവി നൽകിയ ഉത്കൃഷ്ടമായ കാവ്യരൂപത്തിൽ  തിരുത്തലുകൾ വേണമെന്നു തോന്നിയത്നവോഥാനത്തെ  കുറിച്ചുള്ളവികല ധാരണകൾ കൊണ്ടാവാം .














































































           









.












         








        
















































2019 ജൂൺ 2, ഞായറാഴ്‌ച

1-6-2019
എന്തു കൊണ്ടു തോറ്റു
-----------------------------------
ഉത്തമാ ലളിതമാണ് ഉത്തരം .നമ്മൾ ജയിക്കുകയല്ല മറ്റാരെയോ ജയിപ്പിക്കുകയാണ് അതിനു വേണ്ടി  വേറെ മറ്റാരെയോ തോൽപ്പിക്കുകയാണ് ലക്ഷ്യമെന്ന പ്രസ്താവനയുടേയും അതിന്റെ പിന്നിലെ മനോഭാവത്തിന്റെയും പ്രത്യാഘാതമാണ് തോൽവി . സമ്മതിദാനപൂർവ ഇന്ദ്രപ്രസ്ഥ ദൃശ്യങ്ങൾ ഓർത്തു നോക്കു .പ്രധാനി സ്ഥാനാഭിലാഷിയായ യുവാവിനു ചുറ്റും യാദവരും നായിഡുമാരും മറ്റും കൂടി നിന്ന് കൈകോർക്കൽ ,ആലിംഗനം ,ആഹ്ളാദപ്രകടനം .കൊച്ചുതിരുമേനി സർവോൽക്കർഷേണ വർത്തിക്കട്ടെ എന്ന അനുക്ത ആശംസാവചനം .അവിടെ നമ്മുടെ പ്രമുഖനുമുണ്ടായിരുന്നു .അതിൽ നിന്നൂറിയ സന്ദേശം ഇങ്ങിനെയൊരു പരാജയം സൃഷ്ടിച്ചുവെന്നതിൽപഠന ക്‌ളാസ്സുകളിൽ പങ്കെടുക്കാത്ത നിനക്കു പോലും  അദ്‌ഭുതമില്ലല്ലോ ഉത്തമ .
      ഇടതുപക്ഷത്തിന്റെ ബഹുവിധ രാഷ്ട്രീയ കർത്തവ്യങ്ങളിൽ  ഒന്നുമാത്രമാണ് പാർലമെന്ററി പ്രവർത്തനം .അതു കൊണ്ട് തന്നെ നിയമനിർമ്മാണ സഭകളിലെ നമ്മുടെ അംഗസംഖ്യ ശക്തി ദൗർബല്യങ്ങളുടെ സൂചകമായി നമ്മൾ കണക്കാക്കുന്നില്ല .നിയമസഭയിലേക്ക് ഒരംഗത്തെപ്പോലും അയക്കാൻ കഴിയാത്ത സംസ്ഥാനങ്ങളിലും തൊഴിലാളി കർഷക പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാൻ നമുക്കു കഴിയുന്നുണ്ടല്ലോ .അതാണ് ഉത്തമാ പ്രധാനം .
          1947 ൽ പി സി ജോഷി പുറത്തു പോകേണ്ടിവന്നതും 64 ൽ പിളർപ്പുണ്ടായതും കോൺഗ്രസ്സിനോടുള്ള സമീപനത്തെ ചൊല്ലിയായിരുന്നു .വിദേശനയത്തിൽ പഴയ സോവിയറ്റ് ബ്ലോക്കിനോടുണ്ടായിരുന്ന ആഭിമുഖ്യം ,ആഭ്യന്തരമായി ഇപ്പോഴും സ്വീകരിക്കുന്ന മതേതരസമീപനം ഇവയൊക്കെ സ്വാഗതാർഹമെങ്കിലും കോൺഗ്രസിന്റെ വർഗ്ഗപരമായ ഉള്ളടക്കം ബൂർഷ്വാസിയുടേതാണ് .ഒരു പ്രോലിറ്റേറിയൻ പാർട്ടിക്ക് ,എന്നു പറഞ്ഞാൽ ഉത്തമ തൊഴിലാളിവർഗ്ഗ പാർട്ടിക്ക് കോൺഗ്രസിനെ എതിർക്കാതിരിക്കാൻ കഴിയുകയില്ല ഈ 2019 ലും .കേരള ഘടകത്തിന്റെ സമീപനമായിരുന്നു ശരി .കോൺഗ്രസിനെയും ബി ജെ പി യെയും എതിർക്കുക ,ഒരു തൂക്കു സഭയുണ്ടായാൽ മതേതരത്വം ഉയർത്തിപ്പിടിക്കാൻ വേണ്ടി മതേതരപാർട്ടികൾക്ക് പ്രശ്നാധിഷ്ഠിത പിന്തുണ നൽകുക .പക്ഷെ ജനങ്ങൾക്ക് കേരളത്തിലെ വോട്ടര്മാരുള്പ്പെടെയുള്ളവർ അങ്ങിനെയല്ല മനസ്സിലാക്കിയത് .
      തെറ്റുകളിൽനിന്ന് ,പരാജയങ്ങളിൽ നിന്നു പാഠം പഠിച്ചാണ് തൊഴിലാളിവർഗ്ഗ രാഷ്ട്രീയപ്രസ്ഥാനം എന്നും മുന്നേറിയിട്ടുള്ളത് .അന്തിമ വിജയം നമ്മുടേതാണെന്നതിൽ നിനക്കു സംശയമില്ലല്ലോ ഉത്തമാ .
       പിന്നെ ഉത്തമാ ഒരു കാര്യം കൂടി .പാർട്ടിയുടെ ശബരിമല നയം പൂർണ്ണമായും ശരിയായിരുന്നു .സമ്പൂർണമായ സ്ത്രീപുരുഷസമത്വത്തിൽ വിശ്വസിക്കുന്ന നമുക്ക് അങ്ങനെയല്ലാതെ ഒരു നയം സ്വീകരിക്കാൻ  കഴിയുകയില്ല .പരമോന്നത നീതിപീഠത്തിന്റെ വിധി നടപ്പാക്കാനുള്ള ഭരണഘടനാപരമായ ബാദ്ധ്യത പുറമെ.പത്ത് വോട്ടിനുവേണ്ടി നമ്മൾ ശരിയെന്നു ബോദ്ധ്യമുള്ള നയം മാറ്റുകയില്ല .
      വിശ്വാസികളല്ലാത്ത ,അല്ലെന്നു സ്വയം പ്രഖ്യാപിച്ച ചിലസ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കുന്നതിൽ ചിലർ കാണിച്ച അമിത താല്പര്യം പാർട്ടിക്ക്ഒരല്പം  പ്രതികൂലമായി ഭവിച്ചിട്ടുണ്ട്. ഉത്തമാ അത്  ശരിയാ ക്കാവുന്നതല്ലേയുള്ളു .
        ഉറച്ചകാൽവെപ്പുകളോടെ  ധീരമായി മുന്നോട്ടു നടക്കു സഖാവേ ഒരു ചുവന്നപ്രഭാതത്തിലേക്ക് . .